TMJ
searchnav-menu
post-thumbnail

Outlook

മമ്മൂട്ടി: അക്ഷരവിധേയന്‍

07 Sep 2023   |   8 min Read
നൗഫല്‍ മറിയം ബ്ലാത്തൂര്

സാഹിത്യത്തെ ഉപജീവിച്ച സിനിമകളും എഴുത്തുകാരന്റെ റോളുകളും മമ്മൂട്ടിയുടെ അഭിനയചരിത്രത്തില്‍ നിര്‍ണ്ണായക പങ്കുവഹിച്ചതായി കാണാം. ബഷീറായും ബാബ അംബേദ്കറായും നേരിട്ടും ഒരു വടക്കന്‍വീരഗാഥ, വിധേയന്‍, പൊന്തന്മാട തുടങ്ങി പല ചിത്രങ്ങളിലും കഥാപാത്രങ്ങളായും മമ്മൂട്ടി സാഹിത്യം പോലെ കണിശമായ മറ്റൊരു നിര്‍മ്മിതിയായി പരിണമിക്കുന്നു. മമ്മൂട്ടി ബഷീറിനെ വായിക്കുന്നത് യൂട്യൂബില്‍ തരംഗമാകുന്നുണ്ട്. ആ വായനയില്‍ അദ്ദേഹം മിമിക്രിയല്ലാതെ വിവിധ കഥാപാത്രങ്ങളെ തന്റെ ശബ്ദക്രമീകരണം കൊണ്ട് കേള്‍വിക്കാര്‍ക്ക് വ്യത്യസ്ത കഥാപാത്രങ്ങളായി അനുഭവപ്പെടുത്തുന്നുണ്ട്. ഇങ്ങനെ സാഹിത്യകാരനും സാഹിത്യപാഠവും ഒരു പോലെ പ്രതിഫലിക്കുന്ന കണ്ണാടി പോലെ മമ്മൂട്ടിയുടെ കല്ലുവഴിചിട്ട പ്രവര്‍ത്തിക്കുന്നുണ്ട്. എഴുത്ത് എന്ന പ്രക്രിയ ശരീരത്തില്‍ ഇങ്ങനെ ആവാഹിച്ചഭിനയിച്ച നടന്‍ മലയാളത്തില്‍ ഉണ്ടെന്ന് തോന്നുന്നില്ല. വായനയെ അയാള്‍ ഉള്ളില്‍ വേവിക്കുന്നുണ്ട്. വായിച്ചതിന്റെ അനുഭവങ്ങള്‍ പല ഇന്റര്‍വ്യൂകളില്‍ അദ്ദേഹം ആവര്‍ത്തിക്കുന്നുണ്ട്.

ആധികാരികമായി പറയുക, ഒരു നിശ്ചിത ഘടനയില്‍ അവതരിപ്പിക്കുക, തുടങ്ങി എഴുത്തിന്റെ സവിശേഷതകള്‍ ആംഗികത്തിലൂടെയും വാചികത്തിലൂടെയും ഒതുക്കി പ്രയോഗിക്കുന്ന എഴുത്തിന്റെ സിന്റാക്‌സിന് (syntax) തുല്യമായ ഒരു അഭിനയ രീതി മലയാളത്തിലെ ചലച്ചിത്രകാരന്മാര്‍ മമ്മൂട്ടിയില്‍ കണ്ടെടുക്കുന്നുണ്ട്. എന്നാല്‍ അതൊരു കോപ്പി ബുക്ക്‌ശൈലി അല്ല, എഴുതി തെളിഞ്ഞു വരും പോലെ നടിച്ചു പാകം ചെയ്‌തെടുക്കുന്ന ഒന്നാണ്. 'ഞാന്‍ എന്റെ ചെറുപ്പത്തില്‍ മമ്മൂട്ടിയെപോലെ സുന്ദരനായിരുന്നു' എന്ന് ബഷീര്‍ പറയുന്നത് ബഷീറിന്റെ തന്നെ ഉള്ളിലെ ബഷീറിനെ കുറിച്ചാണ്. 'വില്‍ക്കാനുണ്ട് സ്വപ്നങ്ങള്‍' എന്ന ആദ്യ സിനിമയില്‍ തന്നെ അഭിനയത്തില്‍ ആരെയും അനുകരിക്കാന്‍ അയാള്‍ മുതിരുന്നില്ല. പരിശീലകനും വിദ്യാര്‍ത്ഥിയും താന്‍ തന്നെയായ ഒരു ഒറ്റവഴി, അതിനെ നിരന്തരം മെച്ചപ്പെടുത്തികൊണ്ട് മലയാള ചലച്ചിത്രത്തില്‍ ആര്‍ക്കും അനുകരിക്കാന്‍ പറ്റാത്ത ഒരു സ്‌ക്രീന്‍ ആക്ടിങ് ശൈലി മമ്മൂട്ടി കൊണ്ടുവരുന്നു. ഈ ശൈലി എഴുത്ത് എന്ന ക്രിയ ചലച്ചിത്രരൂപത്തിലേക്ക് മാറ്റിയെടുക്കുന്ന ആംഗികവും വാചികവുമായി പരുവപ്പെടുത്തുന്നു. വടക്കന്‍ വീരഗാഥയിലെ ചന്തു ഒരു അമര്‍ചിത്രകഥാപാത്രം എന്ന പോലെ എം.ടിയുടെ ചമല്‍ക്കാര ഭാഷയില്‍ അംഗവിക്ഷേപം നടത്തുന്നതായിട്ടേ കാണിയ്ക്ക് തോന്നൂ. മമ്മൂട്ടി ചെയ്ത സിബിഐ സീരീസ് സിനിമകളിലെ കുറ്റാന്വേഷകന് നമ്മള്‍ വായിച്ച അഗതാക്രിസ്റ്റിയുടെയും ഷെര്‍ലക് ഹോംസിന്റെയും കുറ്റാന്വേഷണ പുസ്തകങ്ങളുടെ അച്ചടിമണമുണ്ട്. അങ്ങനെ പുസ്തകമായും എഴുത്തുകാരനായും വായനക്കാരനായും മമ്മൂട്ടി ഇടപെടുന്നു.

മമ്മൂട്ടി - സാഹിത്യദൃശ്യപാഠം

ജൂലിയസ് ഫാസ്റ്റ് 1971 ല്‍ Body Language എന്ന പുസ്തകത്തിലൂടെ നമ്മുടെ ശരീരവിനിമയത്തിനെ ഒരു അടയാള വാക്യമെന്ന രീതിയില്‍ പരിഗണിക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നുണ്ട്. നമ്മുടെ ശരീര
വിനിമയങ്ങളില്‍ വാക്കുകള്‍ക്ക് ഇരുപത് ശതമാനത്തില്‍ താഴെ മാത്രമേ സ്ഥാനമുള്ളു എന്ന് ആല്‍ബര്‍ട്‌മോഹര്‍ബിയര്‍ എന്ന ഭാഷാശാസ്ത്രജ്ഞന്‍ പറയുന്നു. ബാക്കി എണ്‍പത് ശതമാനം വിനിമയവും ശബ്ദത്തിന്റെ ആരോഹണാവരോഹണത്തിനും ശരീരചേഷ്ടകള്‍ക്കും വേണ്ടി നീക്കി വെച്ചിരിക്കുന്നു. ഈ ശാസ്ത്രീയതയെ പിന്‍പറ്റിക്കൊണ്ട് ലോക നാടകവേദിയില്‍ സംഭാഷണമില്ലാതെ വേഷഭൂഷാദികള്‍, ശബ്ദസൂചനകള്‍, പശ്ചാത്തലം തുടങ്ങിയവയുടെ സഹായത്താല്‍ ശരീരംകൊണ്ട് മാത്രം ആശയവിനിമയം സാധ്യമാകുന്ന കൈനസിസ് (kinesics) എന്ന അഭിനയ രീതി ഉടലെടുക്കുന്നുണ്ട്. ഇങ്ങനെ രൂപപ്പെടുന്ന ഭാഷ ചിന്തയുടെയും നിതാന്തമായ പരിസരനിരീക്ഷണത്തിന്റെതുമാണ്. മമ്മൂട്ടി എന്ന നടന്റെ അഭിനയത്തിന്റെ സവിശേഷതയും ഈ ശരീരവും ശാരീരവും തന്നെയാണെന്ന് പറയാം. അത് ജീവിത സന്ദര്‍ഭത്തില്‍ നിന്ന് മാത്രമല്ല പുസ്തക സന്ദര്‍ഭത്തില്‍ നിന്ന് കൂടിയാണ് ഉടലെടുക്കുന്നത്. നടന്‍ കഥാപാത്രമാകുമ്പോള്‍ പാഠ (text)ത്തിന്റെ ഒരു മാതൃക കൂടിയാണ് സൃഷ്ടിക്കുന്നത്. സാഹിത്യപ്രേമിയായ ഒരാള്‍ സിനിമ കാണുമ്പോള്‍ അയാളുടെ മുന്‍വിധികളുടെ സൂചകങ്ങള്‍ (complex indicator ) മമ്മൂട്ടി എന്ന നടനില്‍ തൃപ്തിപ്പെടുന്നു. വൈക്കം മുഹമ്മദ് ബഷീറിന്റെ എഴുത്തിന് അടൂര്‍ ദൃശ്യസാക്ഷാത്കാരം നല്‍കിയ മതിലുകള്‍ നോക്കുക. തടവിലും വാതിലും ജനലും ലോകത്തേയ്ക്ക് തുറന്നിടുന്ന ബഷീറിയന്‍ പ്രസന്നതയാണ് 'മതിലുകളിലെ' ആദ്യരംഗത്തില്‍
തന്നെ കണ്ടുമുട്ടന്നത്. എഴുത്തും ജീവിതവും ഇവിടെ വേറിടുന്നില്ല. കഥാപാത്രം എഴുത്തുകാരനായ ബഷീര്‍ തന്നെയാണ്. പുരുഷാധികാരം വെടിഞ്ഞു തന്റെ തന്നെ ഉള്ളിലെ സ്ത്രീത്വത്തെ (anima) തേടുന്ന ബഷീറിന്റെ വിചാരഭാഷയ്ക്ക് തന്റെ ശരീര ഭാഷയിലൂടെ നടന്‍ അര്‍ത്ഥം കൊടുക്കാന്‍ ശ്രമിക്കുന്നു. മമ്മൂട്ടി എന്ന സഹൃദയനായ എഴുത്തുകാരന്റെ അനുഭാവം പ്രേക്ഷകന് കാണിച്ചുകൊടുക്കുന്നു. ഇത് എഴുത്തുകാരന്‍ എന്ന മലയാളഭാവനയെ കീഴ്‌മേല്‍ മറിക്കുന്ന വിനീതമായ അഭിനയപാഠമായി തീരുന്നു. ജയിലില്‍ അയാള്‍ നിത്യേനെ വ്യായാമം ചെയ്യുന്നുണ്ട്. അയാളുടെ ശരീരം ചിന്തയില്‍ നിന്നും മുക്തമല്ല എന്ന് ഈ ക്രിയ വിളിച്ചുപറയുന്നു. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ നാരായണിയുടെ ശബ്ദം കൂട്ടിനു വന്നു ചേരുന്നതോടെ അയാളുടെ ക്ലോസപ്പ് അഴകുകളില്‍ സംവിധായകന്‍ കൂടുതല്‍ സമയം ചിലവഴിക്കുന്നു. അതിന് ചുണ്ടിലെ ബീഡിയെക്കാളും പ്രകാശം ഏറിവരുന്നു. ജയിലര്‍മാര്‍ റേഷനായി കൊടുക്കുന്ന കടലാസും മഷിയുമാണ് അയാളുടെ ആകെയുള്ള ഭൗതിക സമ്പാദ്യം. ബീഡിയും കട്ടന്‍ചായയും കൊടുത്ത് അയാള്‍ പേരറിയാത്ത, പിറ്റേന്ന് തൂക്കികൊല്ലാന്‍ വിധിക്കപെട്ടയാള്‍ക്ക് വിരുന്നൊരുക്കുന്നു.

 'ഒരു വടക്കന്‍വീരഗാഥ' | PHOTO: TWITTER
അയാളുടെ സംഭാഷണങ്ങള്‍ ജയിലധികൃതരെക്കാളും
സുഹൃത്തുക്കളെക്കാളും മനസ്സിലാകുന്നത് ചെടികള്‍ക്കും പൂക്കള്‍ക്കും പക്ഷികള്‍ക്കുമാണ്. അത്രയും ചെറിയ ഒച്ചകള്‍ കേള്‍ക്കാനും കേള്‍പ്പിക്കാനും ഭൂമിയെ വേദനിപ്പിക്കാതെ നടക്കാനും ഉള്ള പരിശീലനം അയാള്‍ മുന്നേ ജീവിതത്തില്‍ നിന്നും ആര്‍ജിച്ചതുപോലെ തോന്നും നടത്തം കണ്ടാല്‍. ഈ സൂക്ഷ്മതകള്‍ പ്രതിഫലിപ്പിക്കുന്ന ഒരഭിനയം സാധ്യമാകുമോ എന്ന് വായനക്കാര്‍ ആലോചിക്കുമ്പോഴേക്കും ഇവിടെയൊരു നടന്‍ അത് സ്വായത്തമാക്കുന്നതില്‍ വിജയിക്കുന്നു. ബഷീറാവാന്‍ അയാള്‍ കണ്ണടയോ കഷണ്ടിയോ ബഷീറിന്റെ അംഗവിക്ഷേപങ്ങളോ എടുത്തണിയുന്നില്ല, തൊണ്ടകീറിയലറി ഡയലോഗുകള്‍ പറയുന്നില്ല, ചിറികോട്ടിപിടിച്ചു കൃത്രിമഭാവങ്ങള്‍ വിതറുന്നില്ല. അയാളുടെ പതിവ്‌നോട്ടവും ജയില്‍ വരാന്തയിലൂടെയുള്ള നടത്തവും കൊണ്ട് ബഷീര്‍ എന്ന ആകാരത്തെക്കാളും ബഷീര്‍ എന്ന പാഠത്തെ (text ) ഉള്‍കൊണ്ട് അയാള്‍ അഭിനയിക്കുന്നു. കാണി ഇത് ബഷീര്‍ അല്ല എന്ന് പറയുന്നില്ല. തന്റെ താരബോധത്തെ നിരസിച്ചുകൊണ്ടുള്ള അഭിനയം കൂടിയാണ് ഇത് സാധ്യമാക്കിയത്. കുട്ടിക്കാലം മുതലേയുള്ള ബഷീര്‍ വായനയെ അയാള്‍ തന്റെ ശരീരം കൊണ്ട് വിവര്‍ത്തനം നടത്തുകയാവാം. 'മതിലുകള്‍' കണ്ടിറങ്ങിയ ബഷീര്‍ 'ഞാന്‍ എന്റെ ചെറുപ്പത്തില്‍ മമ്മൂട്ടിയെ പോലെ സുന്ദരനായിരുന്നു എന്ന് പറയുന്നുണ്ട്'. ഇത് വെറുമൊരു ബഷീറിയന്‍ തമാശയല്ല, മമ്മൂട്ടി എന്ന നടന് നല്‍കിയ അനുമതിയും തീര്‍പ്പുമാണ്. സ്‌ക്രിപ്റ്റ് മുഴുവന്‍ വായിക്കാന്‍ വിസമ്മതിയുള്ള സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ മമ്മൂട്ടി എന്ന അക്ഷരവിധേയന് തന്റെ സ്‌ക്രിപ്റ്റ് പൂര്‍ണ്ണമായി വായിക്കാന്‍ കൊടുത്ത് മമ്മൂട്ടി എന്ന വായനക്കാരന്റെ മികവിനെ ഇവിടെ ചൂഷണം ചെയ്യുന്നു. ജയിലില്‍ നിന്നും വിടുതി നല്‍കുന്ന ഓര്‍ഡര്‍ വന്നിട്ടുണ്ടെന്ന് ജയിലര്‍ അറിയിക്കുമ്പോള്‍ '' സ്വതന്ത്രന്‍, സ്വതന്ത്ര ലോകം, ഏത് സ്വതന്ത്രലോകം. ഇവിടുന്നു വലിയൊരു ജയിലിലേക്ക് വേണമല്ലോ പോവാന്‍, ആര്‍ക്കു വേണമീ സ്വാതന്ത്ര്യം ...!'' എന്ന് വിലപിക്കുന്ന മുഖം ബഷീറിന്റേത് തന്നെയാണ്. മതിലിനപ്പുറത്തു നാരായണി എറിയാന്‍ പോകുന്ന അവസാന ചുള്ളിക്കമ്പിനെയും പ്രതീക്ഷിച്ചു അയാള്‍ നടന്നു നീങ്ങുന്നു. ജീവിതമാകുന്ന ആ വലിയ ജയിലാണ് എം.ടി വിഭാവനം ചെയ്ത എഴുത്തുകാരന്‍ മമ്മൂട്ടിയെ കാത്തിരുന്നത്.

'മതിലുകൾ' | PHOTO: WIKI COMMONS
എം.ടി വാസുദേവന്‍ നായര്‍ രചന നിര്‍വ്വഹിച്ചു ഐ.വി.ശശി സംവിധാനം ചെയ്ത 'അക്ഷരങ്ങള്‍' എന്ന സിനിമ 'എഴുത്തുകാരന്‍' എന്ന പൊതുഭാവനയെ ഇണക്കി സ്ഥാനപ്രതിഷ്ഠ നേടുന്നുണ്ട്. പദ്മശ്രീ ജയദേവന്‍ എന്ന മമ്മൂട്ടി കഥാപാത്രം എഴുത്തുകാരന്റെ എല്ലാ സാംസ്‌കാരിക മൂലധനങ്ങളുടെയും ഉച്ചസ്ഥായിയില്‍ നില്‍ക്കുമ്പോള്‍ പൊലിഞ്ഞുപോകുന്ന ഒരാളാണ്. 'ഒരു മഞ്ഞു തുള്ളിയില്‍ നീലവാനം..' എന്നൊക്കെ എഴുതി സൗമ്യനായി സാഹിത്യലോകത്തേക്ക് ജയദേവന്‍ വരുന്നു. എം.ടിയും കവിതയിലാണ് ആദ്യം ശ്രമിച്ചുനോക്കിയത്. ''ചങ്ങമ്പുഴക്ക് ശേഷം മലയാളത്തില്‍ ഒരു സ്റ്റാര്‍ ഉണ്ടാകാന്‍ പോകുകയാണ്...''തുടങ്ങിയ അതിശയോക്തികളിലാണ് ജയദേവന്റെ പ്രതിഭ കാണിയെ അറിയിക്കുന്നത്. വായനക്കാരുടെ ലാളനമേറ്റ് വളര്‍ന്ന ജയദേവന്‍ പിന്നീട് ധാര്‍ഷ്ട്യക്കാരനും അഹങ്കാരിയുമായി മാറുന്നു. എഴുത്തുകാരന് വന്നു ചേരാവുന്ന അതിര്‍ത്തികള്‍ നിശ്ചയിക്കാന്‍ പറ്റാത്ത മനോനിലകളെ മമ്മൂട്ടി ഒരു കാലിഡോസ്‌കോപ്പിന്റെ നിറപ്പകര്‍ച്ച പോലെ വാരിവിതറുന്നു. കാമുകി, ഭാര്യ, ഗുരു ഇവരുടെ കണ്ണിലൂടെയുള്ള ഒരു കൂട്ടിതുന്നിയെടുപ്പാണ് ചിത്രത്തില്‍ ജയദേവന്റെ ജീവിതകഥ. നോവലിസ്റ്റും കഥാകൃത്തും പത്രപ്രവര്‍ത്തകനുമായ എം.ടിയുടെ കര്‍മ്മമണ്ഡലം ജയദേവനിലും നിഴല്‍ വിരിച്ചുകിടക്കുന്നു. സാഹിത്യകാരന്റെ പുറജീവിതവും അകജീവിതവും അതിന്റെ കയറ്റിറക്കങ്ങളും ദൃശ്യപ്പെടുത്തുക വഴി സാഹിത്യകാരന്റെ ഒരു പ്രോട്ടോടൈപ്പിനെ പെരുമാറ്റത്തിലും ശീലങ്ങളിലും 'അക്ഷരങ്ങള്‍' കാഴ്ചപ്പെടുത്തുന്നു. മദ്യപാനിയും ക്ഷിപ്രകോപിയും കാലില്‍ വീണ് കരയുന്നവനുമായ ഈ എഴുത്തുകാരന്റെ പല ഷേഡുകള്‍ ഉപയോഗിച്ച് വളര്‍ന്നതാണ് പില്‍ക്കാല മലയാള സാഹിത്യനായകമാതൃക. ഇതിനിടയില്‍ എം.ടി എന്ന പരുക്കനെഴുത്തു മമ്മൂട്ടി എന്ന നടനശരീരത്തിലൂടെ ചില ആര്‍ദ്രലോകങ്ങള്‍ തുറന്നിടുന്നു. ''പ്രേമം പോലെത്തന്നെയാണ് കവിതയും സാഹിത്യവുമൊക്കെ. പലശബ്ദങ്ങളില്‍ നിന്നു വേറിട്ടെന്റെ ശബ്ദം കേട്ടുവോ എന്ന പരിശോധനയാണ്...''ഇങ്ങനെ കാമുകിയോട് പറയുന്ന ഫിലോസഫി കലുഷിതമായ അയാളുടെ ജീവിതത്തിന്റെ നടുക്കടലില്‍ വെച്ച് ആര്‍ദ്രതയില്‍ നങ്കൂരമിടുന്നു. ഇനിയും മുതിരാത്ത വളര്‍ന്നു വലിയ ആളാവാന്‍ കൊതിക്കുന്ന ഒരു വ്യക്തിയെ ആത്മാഭിമാനവും ആധുനികതയുടെ മൂല്യവും ചേര്‍ത്ത് കരുത്തനാക്കുന്ന എം.ടി സാഹിത്യ തുടര്‍ച്ച തന്നെയാണ് 'അക്ഷരങ്ങളിലെ' ജയദേവന്‍. ആ കഥാപാത്ര വളര്‍ച്ചയോടൊപ്പം മമ്മൂട്ടി എന്ന നടനും ബലവാനായി പ്രേക്ഷര്‍ക്ക് മുന്നില്‍ അവതരിക്കുന്ന ഒരു സമാന്തര പ്രക്രിയ കൂടി സംഭവിക്കുന്നുണ്ട്. പില്‍ക്കാലത്തു മലയാള ചലച്ചിത്രം മാതൃകയാക്കിയത് 'അക്ഷരങ്ങളി'ല്‍ കാഴ്ചപ്പെട്ട കുളിക്കാത്ത, മദ്യപാനിയായ, താടിയും മുടിയും വളര്‍ത്തിയ, ക്ഷിപ്രകോപിയായ, ജയദേവന്മാരെയായിരുന്നു. ഈ എഴുത്തുകാരന്റെ പ്രോട്ടോടൈപ്പ് ആയിരുന്നു രൂപത്തിലും ഭാവത്തിലും അനുകരിക്കാന്‍ എളുപ്പം.

'അക്ഷരങ്ങള്‍' | PHOTO: WIKI COMMONS
പില്‍ക്കാല തുടര്‍ച്ചകളില്ലാതെ മതിലുകളിലെ ബഷീറിന്റെ ശരീരാഖ്യാനം എഴുത്തുകാരന്റെ ആന്തരികതയെ ജൈവികതയില്‍ അടയാളപ്പെടുത്തുന്ന അനന്യമായ മനോധര്‍മ്മമായി നിലനിന്നു. മമ്മൂട്ടി ചെയ്ത എഴുത്തുകാരുടെ വേഷപ്പകര്‍ച്ചകള്‍ 'അക്ഷരങ്ങ'ളിലെ കഥാഘടനയും ശരീരാഖ്യാനവുമായി നിരന്തര ബന്ധം പുലര്‍ത്തുന്നവയോ അതുമായി ആഭിമുഖ്യം നിലനിര്‍ത്തുവയോ ആയിരുന്നു.'സുകൃതം' സിനിമയില്‍ സ്വയം ഉള്ളിലടക്കി എഴുത്തുമായി നില്‍ക്കുന്ന ഒരാളെ കാണാം. 'അക്ഷരങ്ങളില്‍' എന്നത് പോലെ വളര്‍ച്ചയുള്ള കഥാപാത്രമല്ല ഇവിടെ. രോഗം കൊണ്ട് വളര്‍ച്ച തളംകെട്ടി നിര്‍ത്തപെട്ടയാളാണ് രവിശങ്കര്‍. കവിതയെഴുത്തില്‍ തുടങ്ങി നോവലിസ്റ്റും കഥാകൃത്തും നിരൂപകനുമായി പരിണമിക്കുന്ന ഒരാള്‍. മുതിരുമ്പോള്‍ കവിതയെഴുത്തിനെ വെറുമൊരു ബാലാരിഷ്ടതയായി മാത്രം കാണുന്ന ഒരാള്‍. 'അക്ഷരങ്ങളിലെ'ത് പോലെ പങ്കാളിക്ക് പുറമെ സീമയോ ശാന്തികൃഷ്ണയോ അഭിനയിച്ച കാമുകീ സേഫ്റ്റിവാല്‍വുകള്‍ ഇവിടെയും തുടരുന്നു. ജീവിച്ചിരിക്കുന്ന എഴുത്തുകാരന് മരിച്ച എഴുത്തുകാരന്റെയത്ര വിലയില്ല എന്ന് ഈ സിനിമകള്‍ സാമാന്യമായി പറഞ്ഞുവയ്ക്കുന്നുണ്ട്. 'ശിശിരത്തില്‍ ഒരു പ്രഭാതം' എന്ന സുധാകര്‍മംഗളോദയത്തിന്റെ റേഡിയോ നാടകം അധികരിച്ച് പത്മരാജന്‍ രചനയും സംവിധാനവും നിര്‍വഹിച്ച 'കരിയില കാറ്റുപോലെ' എന്ന ചിത്രത്തില്‍ ഹരികൃഷ്ണന്‍ എന്ന എഴുത്തുകാരനും സംവിധായകനുമായ കഥാപാത്രത്തിന് മമ്മൂട്ടി ജീവന്‍ നല്‍കുന്നു. എഴുത്തിന്റെയും സിനിമയുടെയും ലോകത്തെ തുല്യ അളവില്‍ കാണിക്കുന്ന ഈ കഥാപാത്രം പത്മമരാജന്‍ എന്ന കലാജീവിതത്തോട് ചേര്‍ന്നു നില്‍ക്കുന്നു. സുമുഖമായ കലാശരീരത്തിന്റെ അസുന്ദരമായ മനസ്സിനെ മമ്മൂട്ടി ഇവിടെ അവതരിപ്പിക്കുന്നു. വിജയിക്കാന്‍ വേണ്ടി പ്രതിയോഗിയെ ബലാത്സംഗം ചെയ്യാന്‍ മുതിരുന്ന ഒരു പ്രതിലോമ
കഥാപാത്രമായി ഹരികൃഷ്ണന്‍ ഇവിടെ കാഴ്ച്ചപ്പെടുന്നു. എഴുത്തും എഴുത്തിലെ പ്രതിസന്ധിയും ഇവിടെ വിഷയമാകുന്നില്ല. 'അക്ഷരങ്ങളിലെ' അന്തര്‍മുഖത്വവും സുകൃതത്തിലെ ഉള്ള് നീറിപ്പിടുത്തവും 'കരിയില കാറ്റുപോലെ' എന്ന ചിത്രത്തിന്റെ കഥാപാത്രങ്ങള്‍ തമ്മിലുള്ള ബന്ധങ്ങളുടെ സാദൃശ്യങ്ങളും വളരെ സുബദ്ധമായി കൂട്ടിച്ചേര്‍ത്ത ഒരു കഥാപാത്രമാണ് 'പാഥേയത്തിലെ ' ചന്ദ്രദാസ് എന്ന കവി. താടിയും ജുബ്ബയ്ക്കും പുറമെ ജീന്‍സും കൂടി ആവുന്നതോടെ ഒരു ഇന്ത്യന്‍ പനോരമിക് എഴുത്തുകാരന്റെ മുഖമാണ് ലോഹിതദാസ് മമ്മൂട്ടിയെ അണിയിക്കുന്നത്. മസ്‌കുലാനിറ്റിയും പൊതുപരിപാടികളോടുള്ള വിമുഖതയും ഇവിടെയും പ്രകടമാണ്. എഴുത്തുകാരന്‍ എന്ന നിലയില്‍ പ്രശസ്തനാകുന്നതിന് മുമ്പ് അയാള്‍ സൂക്ഷിച്ചിരുന്ന തീവ്ര ഇടതുബന്ധം ഇപ്പോള്‍ ഒരു ഗൃഹാതുരതയാണ്. അയാള്‍ ഇന്ന് എത്തിയിരിക്കുന്ന ദുരവസ്ഥയ്ക്കും അത് ഒരു കാരണമായി പ്രതിപാദിക്കുന്നു. ഇത് മലയാള സന്ദര്‍ഭത്തിലെ പല എഴുത്തുകാരുടെയും പൂര്‍വാശ്രമത്തിലെ എഴുത്തു ജീവിതത്തെ ഓര്‍മ്മിപ്പിക്കുന്നുണ്ട്. ശ്യാമപ്രസാദിന്റെ 'ഒരേ കടല്‍ ' എന്ന സിനിമയിലെ നാഥന്‍ സോഷ്യല്‍ സയന്റിസ്റ്റും ഇന്ത്യന്‍ സമ്പത് വ്യവസ്ഥയുടെ വിടവുകളെ സംബന്ധിച്ച പുസ്തകത്തിന്റെ രചയിതാവുമാണ്. സുനില്‍ ഗംഗോപാധ്യയുടെ കഥയാണ് 'ഒരേകടലിന്റെ' സത്ത. മമ്മൂട്ടിയുടെ സ്‌കോളറായ കഥാപാത്രം വിദേശ സര്‍വ്വകലാശാലയിലടക്കം വിസിറ്റിംഗ് പ്രൊഫസ്സറാണ്. മണ്ണില്‍ ചവിട്ടിനില്‍ക്കാത്ത സോഫിസ്റ്റിക്കേറ്റഡ് പെരുമാറ്റത്തിന്റെയും സംസാരത്തിന്റെയും ശകലീകൃതമായ ശരീരഭാഷയും വസ്ത്രധാരണവുമാണ് ചലച്ചിത്രത്തിലുടനീളം മമ്മൂട്ടി എന്ന നടന ശരീരം പാലിക്കുന്നത്.

'കരിയില കാറ്റുപോലെ' | PHOTO: WIKI COMMONS
എഴുത്തുകാരന് ഇവിടെ മലയാളി ഛായയില്ല. മിനിമലിസ്റ്റിക്കായിട്ടുള്ള നോട്ടങ്ങളിലൂടെയും ശരീരചലനങ്ങളിലൂടെയും കഥാപാത്രത്തെ ഇവിടെ അവതരിപ്പിക്കുന്നു. പുറമെ ശക്തനെന്നു തോന്നുമെങ്കിലും അകമേ വൈകാരികമായി പൊട്ടിപോകുന്ന ഒരു കഥാപാത്രം. എം.ടിയുടെയും പത്മരാജന്റെയും കഥാപാത്രങ്ങളില്‍ തുടരുന്ന അകമേയുള്ള ഹിംസ നാഥനിലും കാണാം. മാധുരികളില്‍ വഴങ്ങാത്ത മമ്മൂട്ടിയുടെ മോഡുലേഷന്‍ 'നഗരം വിധുരം ..''എന്ന പാട്ടില്‍ താളാത്മകമാക്കി മമ്മൂട്ടിയുടെ ശബ്ദത്തിന്റെ സാഹിത്യപരത സംവിധായകന്‍ ഒരേകടലില്‍ ഉപയോഗിക്കുന്നു. പഴയ ഭാവുകത്വ നിര്‍മ്മിതിയുടെ വാര്‍പ്പുമാതൃകയിലാണ് രഞ്ജിത്ത് രചനയും സംവിധാനവും നിര്‍വ്വഹിച്ച 'കയ്യൊപ്പി'ലെ എഴുത്തുകാരന്‍ നില്‍ക്കുന്നത്. 'ഒരേകടലി'ലെ നാഥന്റെ നേര്‍വിപരീതദിശയിലാണ് ബാലചന്ദ്രന്‍ എന്ന എഴുത്തുകാരന്റെ സഞ്ചാരം. എഴുത്തെന്ന നിലവിട്ട് പ്രസാധകന്റെയും സൗഹൃദങ്ങളുടെയും അപരസ്‌നേഹത്തിന്റെയും ലൗഡ് ആയിട്ടുള്ള വഴികളില്‍ ഈ കഥാപാത്രം വളരുന്നു. രഞ്ജിത്തിന്റെ 'പാലേരിമാണിക്യം ഒരു പാതിരാകൊലപാതക'ത്തില്‍ ഹരിദാസ് എന്ന എഴുത്തുകാരന്‍ പ്രേക്ഷകന്റെ കണ്ണായി മഹാഭാരതത്തിലെ സഞ്ജയന്റെ നില്പ്പിനു സമമായി അദൃശ്യനായി മാറി നില്‍ക്കുന്നു. മുരിക്കുംകുന്നത്ത് അഹമ്മദ്ഹാജി എന്ന ജന്മിയായ കേന്ദ്ര കഥാപാത്രത്തെ തലമുറകളോളം തുടരുന്ന അയാളുടെ ദുര്‍വൃത്തികളെ കണ്ടെടുക്കലാണ് ഒരുതരം കുറ്റാന്വേഷണ ബുദ്ധിയില്‍ ഹരിദാസിന്റെ ഉദ്യമം. സി.വി.ബാലകൃഷ്ണന്റെ കഥയില്‍ കെ.ജി.ജോര്‍ജ്ജ് സംവിധാനം നിര്‍വ്വഹിച്ച 'മറ്റൊരാള്‍' എന്ന സിനിമയില്‍ വിവര്‍ത്തകനും പത്രപ്രവര്‍ത്തകനുമായ ബാലന്‍ സുഹൃത്തിന്റെ കുടുംബ പ്രശ്‌നങ്ങളില്‍ ഒരു സഹായിയായി നില്‍ക്കുന്നു. റുഷ്ദിയുടെ പുതിയ പുസ്തകം വായിച്ചതിനെക്കുറിച്ചു ചര്‍ച്ച ചെയ്തുകൊണ്ടാണ് അവരുടെ സമാഗമം തുടങ്ങുന്നത്. 'other people are hell ' എന്ന സാര്‍ത്രിന്റെ വാക്യം അവരുടെ സംസാരങ്ങള്‍ക്കിടയില്‍ കയറിവരുന്നുണ്ട്. ബാലന്‍ വിവര്‍ത്തനം ചെയ്യാന്‍പോകുന്ന സോയിങ്കയുടെ നോവലിനെ ചിത്രത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. കരമന കൈകാര്യം ചെയ്ത കൈമള്‍ എന്ന കഥാപാത്രത്തിന്റെ കുടുംബപ്രശ്‌നം തന്നെയാണ് മുഖ്യപ്രമേയം. പുറമെ വ്യവസ്ഥിതിയെ ലംഘിക്കുവാന്‍ ആഹ്വാനം ചെയ്യുന്ന ഈ എഴുത്തുകാരന്‍ ഇറങ്ങിപ്പോയ സുഹൃത്തിന്റെ ഭാര്യയെ തിരിച്ചുകൊണ്ടുവന്നു കുടുംബത്തെ വ്യവസ്ഥാപിതമാക്കുവാന്‍ വളരെയധികം യത്‌നിക്കുന്ന ഒരാളുമാണ്. എം.ടിയുടെ എഴുത്തിന് പവിത്രന്‍ സാക്ഷാത്കാരം നല്‍കിയ ചിത്രമാണ് 'ഉത്തരം'. ഇംഗ്ലീഷ്‌സാഹിത്യകാരി 'ഡാഫ്‌നെ ഡൂ മോറിയറിന്റെ' 'നോ മോട്ടിഫ്' എന്ന ചെറുകഥയാണ് ഈ സിനിമയുടെ മൂലാധാരം. ഇവിടെ ബാലു എന്ന മമ്മൂട്ടിയുടെ കഥാപാത്രം പത്രപ്രവര്‍ത്തകനും നല്ല വായനക്കാരനും കേള്‍വിക്കാരനുമാണ്. സുഹൃത്ത് മാത്യുജോസഫിന്റെ ഭാര്യ സലീനയുടെ ആത്മഹത്യയുടെ കാരണങ്ങള്‍ അയാള്‍ തേടിപിടിക്കുന്നു. ഇവിടെ എഴുത്തുകാരി സലീനയുടെ കര്‍തൃത്വം ബാലു സ്ഥാപിച്ചെടുക്കാന്‍ ശ്രമിക്കുന്നു. പാര്‍വതി അവതരിപ്പിച്ച ശ്യാമളമേനോന്‍ എന്ന സുഹൃത്തിനോട് സംസാരിക്കുമ്പോള്‍ സലീന മൂന്നാംലോകരാജ്യത്ത്
ചെറിയൊരു ഭാഷയില്‍ എഴുതി എന്നതു മാത്രമാണ് ഒരു കുഴപ്പം എന്ന് പറയുന്നുണ്ട്. എഴുത്തുകാരി അനുഭവിക്കുന്ന ഏകാന്തതയുടെ ബാഹ്യവും ആന്തരികവുമായ കാരണങ്ങള്‍ വിനിമയം ചെയ്യാന്‍ ശ്രമിക്കുന്ന ഒരു വായനക്കാരനെ ബാലുവില്‍ കാണാം. സലീനയുടെ വിചാരലോകങ്ങള്‍ വായനക്കാരനായ ബാലു ഏറ്റെടുക്കുന്നു. ഇങ്ങനെ വായനയെ കേള്‍വിയായി പരിണമിപ്പിക്കുന്ന ബാലുവിന്റെ സത്യാന്വേഷണമായി സിനിമ പരിണമിക്കുന്നു. ഇത് മറ്റൊരു തരത്തില്‍ സലീനയുടെ എഴുത്തുജീവിതം പൂര്‍ത്തീകരിക്കല്‍ കൂടിയാണ്.

'പാലേരിമാണിക്യം ഒരു പാതിരാകൊലപാതകം' | PHOTO: WIKI COMMONS
മലയാള സാഹിത്യരംഗത്ത് ഭാവുകത്വവിച്ഛേദം നടത്തിയ അനുഭവമെഴുത്തിന്റെ ലോകത്ത് നിന്ന് വരുന്ന ഒരു എഴുത്താളനാണ് വേണു സംവിധാനം ചെയ്ത 'മുന്നറിയിപ്പ്' എന്ന സിനിമയിലെ രാഘവന്‍ എന്ന കഥാപാത്രം. അയാള്‍ക്ക് ഒരു എഴുത്തുകാരന്റെ സാംസ്‌കാരിക പരിവേഷം ലഭ്യമാകുന്നില്ല. ദീര്‍ഘമായ തടവ് ജീവിതത്തിന്റെ അനുസ്മൃതി എന്നോണം അയാള്‍ വളരെ ഫിലോസഫിക്കലായിട്ടാണ് സംസാരിക്കുന്നത്. റിപ്പര്‍ മോഡല്‍ കൊലപാതക പരമ്പരയില്‍ ശിക്ഷിക്കപ്പെട്ട് വര്‍ഷങ്ങളോളം ജയിലില്‍ കിടന്ന രാഘവന്‍ എഴുത്തുകാരന്റെ ധാര്‍മ്മികതയ്ക്ക് എതിരെ നില്‍ക്കുന്ന ഒരാളാണ്. അങ്ങനെയുള്ള ഒരാളുടെ ആത്മകഥയ്ക്ക് ഉണ്ടായിവരുന്ന പുസ്തകവിപണി മുന്നില്‍കണ്ടാണ് എഴുത്തിന്റെ ദൗത്യം അയാളില്‍ ഏല്‍പ്പിക്കപ്പെടുന്നത്. പുറം ജീവിതം മറ്റൊരു തടവാണ് എന്നോണം അയാളനുഭവിക്കുന്ന ആത്മസംഘര്‍ഷം ശരീരത്തില്‍ ആഴത്തില്‍ അനുഭവപ്പെടുത്തുന്നുണ്ട് മമ്മൂട്ടിയുടെ രാഘവന്‍ എന്ന കഥാപാത്രം. അപ്രതീക്ഷിതമായ ഒരു ഭൂകമ്പത്തിന്റെ മുറുക്കം അയാളില്‍ ഉണ്ട്. എഴുത്തില്‍ പൂര്‍വ്വ പരിചയമൊന്നും ഇല്ലാത്ത ജീവിതവും അനുഭവവും തന്നെ എഴുത്താവുന്ന ഒരു എഴുത്തുകാരനാണ് അയാള്‍. അതുകൊണ്ട് തന്നെ എഴുത്തുകാരന്റെ വ്യവസ്ഥാപിത ശരീരഭാഷ ഇവിടെ കാണുന്നില്ല. ദീര്‍ഘകാലം ജയിലില്‍ കിടന്നയാളുടെ അടക്കം ചെയ്ത ശരീരഭാഷയാണ് മമ്മൂട്ടി പിന്തുടരുന്നത്. ഇവിടെയാണ് മമ്മൂട്ടി എന്ന നടന്റെ ഇന്റലിജന്റ്‌സ് തെളിയുന്നത്. ജയിലില്‍ ചെറിയ സെല്ലില്‍ അനുവദിക്കപ്പെട്ട ചെറിയ സ്റ്റെപ്പുകളിലാണ് ജയിലിന് പുറത്തിറങ്ങിയിട്ടും അയാള്‍ നടക്കുന്നത്. ദീര്‍ഘസഞ്ചാരങ്ങളൊന്നും സാധ്യമാകാത്ത അധികം വെളിച്ചമൊന്നും കടക്കാത്ത കുടുസ്സ് മുറിയാണ് അയാള്‍ക്കിഷ്ടം. കൈകാലുകള്‍ ചലിപ്പിക്കുമ്പോള്‍ ശരീരത്തില്‍ നിന്നും അധികം ദൂരെപോകാതെ തന്നിലേക്ക് അടക്കിപ്പിടിച്ച പ്രവര്‍ത്തികളാണ് അയാളില്‍ കൂടുതലും പുലരുന്നത്. വാക്കുകളേക്കാള്‍ വാക്കിന്റെ മോഡുലേഷനില്‍ കൊടുക്കുന്ന പ്രാധാന്യം സാഹിത്യവായനയും അതുവഴി ആര്‍ജ്ജിച്ച ആന്തര ഗൗരവവും ഉള്ളൊരാള്‍ അന്തര്‍മുഖനും ഏകാകിയുമായ എഴുത്തുകാരന്റെ കഥാപാത്രങ്ങള്‍ ചെയ്യുമ്പോള്‍ അത് ഏറെ ഫലപ്രദമായിമാറുന്നു. 

ശബ്ദവും അഭിനയവും തമ്മില്‍ പരസ്പരം ബന്ധപെട്ടു കിടക്കുന്ന ഒരു നടന്‍ എഴുത്തിലെ ശബ്ദത്തിനെ ശരീരം കൊണ്ട് സിനിമയിലേക്ക് വിവര്‍ത്തനം നടത്തുകയാണ് ചെയ്യുന്നത്. ഇത് പെര്‍ഫോമിംഗ് ആര്‍ട്‌സിലെ പരകായപ്രവേശം പോലെ അത്ര പ്രത്യക്ഷീകൃതമല്ല. സൂക്ഷ്മവും നിശബ്ദദവും ആയ ആഴപെട്ട നടനത്തിന്റെ നാനാര്‍ത്ഥത്തെയാണ് ഇത് പുറപ്പെടുവിക്കുന്നത്. ഇങ്ങനെ സ്വയം പഠിച്ചും പ്രയോഗിച്ചും തന്റേതായ ഒരഭിനയപാഠത്തെ അവതരിപ്പിക്കുന്നു. അഭിനയത്തിന്റെ ഈ ഭൂതക്കണ്ണാടി അതിസൂക്ഷ്മമായി ജീവിതത്തെ വെളിപ്പെടുത്തുന്നു. സ്‌ക്രീനിന്റെ വെളിച്ചം പ്രതിഫലിക്കുന്നിടത്തല്ല പ്രേക്ഷകര്‍ സൂക്ഷിച്ചു കണ്ണു കൂര്‍പ്പിച്ചു നോക്കിയാല്‍ മാത്രം കാണുന്ന സ്‌ക്രീനിന്റെ ഇരുള്‍ മൂലകളിലാണ് ഇത് ദൃശ്യപ്പെട്ടത്. ജീവിതം കൊത്താനുള്ള ഒരു ഉപകരണമായി വാക്ക് എന്ന പോലെ തന്റെ ശരീരത്തെ തുറന്നിട്ടുകൊണ്ടാണ് മമ്മൂട്ടി എഴുത്താളരുടെ പ്രിയപാഠമായി തീരുന്നത്.


#outlook
Leave a comment