TMJ
searchnav-menu
post-thumbnail

Outlook

മമ്മൂട്ടി: വിജയത്തിന്റെ നാള്‍വഴിപ്പുസ്തകം

07 Sep 2023   |   8 min Read
അന്‍വര്‍ അബ്ദുള്ള

1971
മലയാളസിനിമ കറുപ്പിലും വെളുപ്പിലും കളിക്കുന്ന കാലം. സത്യന്‍മാഷും നസീറും മധുവും സൂപ്പര്‍താരങ്ങളായി അരങ്ങുവാഴുന്നു. ഷീലയും ജയഭാരതിയും ശാരദയും താരറാണിമാര്‍. സേതുമാധവന്‍ എന്ന സൂപ്പര്‍ഹിറ്റ്മേക്കര്‍ തകഴി ശിവശങ്കരപ്പിള്ളയുടെ അനുഭവങ്ങള്‍ പാളിച്ചകള്‍ എന്ന പ്രശസ്തനോവല്‍ അഭ്രപാളികളിലേക്ക് ആവാഹിക്കുകയാണ്. നസീറും സത്യനും അടൂര്‍ ഭാസിയും ബഹദൂറും ഷീലയും ഒക്കെയടങ്ങുന്ന വലിയൊരു താരനിര ചിത്രത്തിലുണ്ട്. ആ ചിത്രത്തിലെ ഒരു രംഗത്ത് ബഹദൂറിന്റെ കഥാപാത്രം നടത്തുന്ന പെട്ടിക്കട ഗുണ്ടകള്‍ തല്ലിത്തകര്‍ക്കുന്നു. ഈ വിവരം അറിഞ്ഞ് രണ്ടുമൂന്നാളുകള്‍ ഓടിവരണം. ആ രംഗത്ത് ഓടിവരാന്‍ വേണ്ടി സിനിമാഭ്രമം തലയ്ക്കു പിടിച്ചുനടക്കുന്ന ഏതാനും ആളുകളെ പ്രൊഡക്ഷന്‍ ആളുകള്‍ സംഘടിപ്പിച്ചു നിര്‍ത്തിയിട്ടുണ്ട്. ഷോട്ട് എടുത്തു തുടങ്ങി. ആക്ഷന്‍ പറഞ്ഞതും, ആ എക്സ്ട്രാനടന്മാര്‍ ഓടിവന്നു. സേതുമാധവന്‍ കട്ടു പറയുന്നു. കൂട്ടത്തിലോടുന്നവരിലൊരാള്‍ എന്തോ പിശകു കാണിച്ചിട്ടുണ്ട്. റീട്ടേക്ക് പോയിട്ടും കാര്യം ശരിയാകുന്നില്ല. താനാണ് പ്രതിയെന്ന് ചെറുപ്പക്കാരനും അറിയാം. ഷൂട്ടിംഗ് ലൈറ്റുകളുടെ വെളിച്ചം കാരണം, ഓടിയടുത്തുവരുമ്പോള്‍ കക്ഷിയുടെ വായ തുറന്നുപോകുന്നു. അതാണ് പ്രശ്നം. ഏതായാലും ഒരു ടേക്ക് കൂടി എടുക്കാന്‍ സംവിധായകന്‍ തയ്യാറായി. ഒരുവിധം വായടച്ചുപിടിച്ച് ഓടി ആ ചെറുപ്പക്കാരന്‍ ഒരുവിധം ആ സിനിമയില്‍ കടന്നുകൂടി. ഒരിക്കലും മായാത്ത വിധം, മലയാളസിനിമയില്‍ ആ ചെറുപ്പക്കാരന്റെ മെലിഞ്ഞുനീണ്ട രൂപം എന്നെന്നേക്കുമായി പതിയുകയും ചെയ്തു.

1973
കാലചക്രം എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ്. പ്രേംനസീറാണ് നായകന്‍. നസീര്‍ കടത്തുകാരനായ വള്ളത്തിന്റെ മുതലാളി പകരം ഒരു കടത്തുകാരനെ വയ്ക്കുന്നു. ഒരു സീന്‍. അതിന് ആരെങ്കിലും ഒരാളെ വേണം. മഹാരാജാസ് കോളജില്‍ പഠിക്കുന്ന ഒരു ചെറുപ്പക്കാരനെയാണ് അതിന് നിശ്ചയിച്ചിരിക്കുന്നത്. ജയഭാരതിയെ കയറ്റിയ കാറില്‍ തന്നെയാണ് ആ ചെറുപ്പക്കാരനെയും ലൊക്കേഷനിലേക്കയച്ചത്. കാറിലിരുന്ന് ജയഭാരതി ആരോടോ പറയുന്നത് അയാള്‍ കേട്ടു: മഹാരാജാസില്‍ നിന്ന് അഭിനയിക്കാന്‍ ആരാണ്ടൊക്കെ നടന്മാരു വരുന്നെന്നു കേട്ടല്ലോ... ചെറുപ്പക്കാരന്‍ മിണ്ടിയില്ല. പരിഹാസം തന്നെക്കുറിച്ചല്ല എന്ന മട്ടില്‍ പുറംകാഴ്ചകളിലേക്ക് കണ്ണുനട്ടു. ലൊക്കേഷനിലെത്തി നസീറിനും ആ ചെറുപ്പക്കാരനും സീന്‍ വിവരിച്ചുകിട്ടുമ്പോള്‍ നസീര്‍ ആ ചെറുപ്പക്കാരനെ നോക്കി സ്നേഹപൂര്‍വം ചോദിച്ചു: എനിക്ക് പകരം വരുന്ന ആളാണല്ലേ...അങ്ങനെ നസീറിനു പകരമായി, ഒരു കടത്തുവള്ളത്തില്‍ കടിച്ചുപിടിച്ച ഒരു ബീഡിത്തുണ്ടുമായി ആ ചെറുപ്പക്കാരന്‍ ഒരിക്കല്‍ക്കൂടി മലയാളസിനിമയില്‍ പതിഞ്ഞു.

'കാലചക്രം' | PHOTO: FACEBOOK
1979
പിന്നെ, അഞ്ചു വര്‍ഷക്കാലത്തേക്ക് ക്യാമറയില്‍ ആ ചെറുപ്പക്കാരന്റെ മുഖം പതിഞ്ഞതേയില്ല. 1979 ല്‍ എംടി വാസുദേവന്‍നായര്‍ തിരക്കഥയെഴുതിയ ദേവലോകം എന്ന ചിത്രത്തില്‍ പേരും മേല്‍വിലാസവുമുള്ള ഒരു വേഷം ആ ചെറുപ്പക്കാരന് കിട്ടി. പക്ഷേ, ആരുടെ ഭാഗ്യദോഷമെന്നറിഞ്ഞില്ല, ആ ചിത്രം പൂര്‍ത്തിയായില്ല.

1980
പിറ്റേവര്‍ഷം, അതായത് 1980 ല്‍ എം.ടി. തന്നെ ആ ചെറുപ്പക്കാരനെ മറ്റൊരു ചിത്രത്തിലേക്ക് വിളിച്ചു. താന്‍ തിരക്കഥയെഴുതി, ആസാദ് സംവിധാനം ചെയ്യുന്ന വില്‍ക്കാനുണ്ട് സ്വപ്നങ്ങള്‍ എന്ന ചിത്രത്തിലേക്കാണ് ആ മഹാനായ എഴുത്തുകാരന്‍ വിളിച്ചത്. സ്വപ്നം വാങ്ങാന്‍ ആ ചെറുപ്പക്കാരന്‍ പറന്നുവന്നു. സുകുമാരനായിരുന്നു, ആ ചിത്രത്തില്‍ നായകന്‍. ഒരു കോംബിനേഷന്‍ സീന്‍ ആ ചെറുപ്പക്കാരനോടൊപ്പം അഭിനയിച്ചിട്ട്, മറ്റൊരു ചിത്രത്തിന്റെ ലൊക്കേഷനിലെത്തിയ സുകുമാരന്‍ ചലച്ചിത്രസുഹൃത്തുക്കളോട് പറഞ്ഞു: ഞാനിപ്പോള്‍ വരുന്നത് എം.ടി.യുടെ സെറ്റില്‍ നിന്നാണ്... എന്റെയൊപ്പം ഒരു പുതിയ കക്ഷി അതില്‍ അഭിനയിക്കുന്നുണ്ട്... അവന്‍ ചില്ലറക്കാരനല്ല, അവനീ മലയാളസിനിമയില്‍ ഒരു കലക്കു കലക്കും... സുകുമാരന്‍ അത്രയും മനസ്സുതുറന്ന് പുകഴ്ത്തുന്നത് കേട്ട എല്ലാവര്‍ക്കും ആകാംക്ഷയായി. എല്ലാവരുംചോദിച്ചു: ആരാണ്? ആരാണാ കക്ഷി?... സുകുമാരന്‍ പറഞ്ഞു: മമ്മൂട്ടി...

ആ വര്‍ഷം തന്നെ മമ്മൂട്ടി എന്ന ആ ചെറുപ്പക്കാരന് ചലച്ചിത്രവേദിയില്‍ ഒരു കൂട്ടുകാരനെ കിട്ടി. ആളുടെ പേര് ശ്രീനിവാസനെന്നാണ്. അടുപ്പക്കാര്‍ ശ്രീനിയെന്ന് വിളിക്കും. അഡയാര്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് പഠിച്ചിറങ്ങിയ ആളാണ്. ആളിന് മമ്മൂട്ടിയെ ഒരു സുഹൃത്തെന്ന നിലയില്‍ വളരെ ബോധിച്ചു. ശ്രീനിവാസന്‍ അക്കാലത്ത്, പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് പാസായ കെ.ജി.ജോര്‍ജിന്റെ പുതിയ ചിത്രമായ മേളയുമായി സഹകരിച്ചു പ്രവര്‍ത്തിക്കുകയാണ്. ശ്രീനി തന്റെ പുതിയ സുഹൃത്തിനെ മേളയിലേക്ക് സജസ്റ്റു ചെയ്തു. ആളെക്കണ്ടു ബോധ്യപ്പെട്ട കെ.ജി.ജോര്‍ജ് മേളയിലെ ഉപനായകവേഷം തന്നെ മമ്മൂട്ടിക്ക് നല്കി. ജീപ്പ്ജംപര്‍ വിജയന്റെ വേഷം. ആ ചിത്രത്തില്‍ ആദ്യമായി യേശുദാസിന്റെ ശബ്ദത്തില്‍ പാടി അഭിനയിക്കാനും മമ്മൂട്ടിക്ക് കഴിഞ്ഞു. മനസ്സൊരു മാന്ത്രികക്കുതിരയായ് പായുന്നു എന്ന ഗാനം...

ഇതിനിടെയാണ് മമ്മൂട്ടി പി.ജി.വിശ്വംഭരന്‍ എന്ന ട്രെന്‍ഡ്സെറ്ററെ പരിചയപ്പെടുന്നത്. അദ്ദേഹം തന്റെ അടുത്ത സിനിമയില്‍ മമ്മൂട്ടിയെ ഉപനായകനാക്കി. പക്ഷേ, മമ്മൂട്ടി എന്ന പേര് അദ്ദേഹത്തിന് പിടിച്ചില്ല. ഞങ്ങളവതരിപ്പിക്കുന്ന പുതുമുഖം സജിന്‍ എന്ന് ടൈറ്റില്‍ കാര്‍ഡുമിട്ട് അദ്ദേഹം മമ്മൂട്ടിയെ വച്ച് സ്ഫോടനം എന്ന ചിത്രം പുറത്തിറക്കി. മമ്മൂട്ടിയെക്കൊണ്ട് ഡബ്ബ് ചെയ്യിക്കാനും അദ്ദേഹം തയ്യാറായില്ല.

എം.ടി. എന്ന കുലപതിയുമായുള്ള ബന്ധം മമ്മൂട്ടിയെ പിന്നീടെത്തിച്ചത് ഐ.വി.ശശിയെന്ന മാസ്റ്റര്‍ ക്രാഫ്റ്റ്മാന്റെ പാളയത്തിലാണ്. മമ്മൂട്ടിയുടെ ആദ്യനായകവേഷം, തൃഷ്ണ എന്ന ചിത്രം. 1981 ലാണ് ഈ ചിത്രം വന്നത്. ഈ ചിത്രത്തിലെ മമ്മൂട്ടിയുടെ അഭിനയം ശശിയെ ശരിക്കും സംപ്രീതനാക്കി. മലയാളസിനിമയെന്നതു പോലെ ശശിയും നോക്കിയിരിക്കുകയായിരുന്നു, ഒരു പുതിയ നടന്റെ ആര്‍ഭാടപൂര്‍ണ്ണമായ ആവിര്‍ഭാവത്തിന്. അതേവര്‍ഷം തന്നെ ശശിയുടെ അഹിംസ എന്ന ചിത്രത്തില്‍ വാസു എന്ന കഥാപാത്രത്തെയും അവതരിപ്പിക്കാന്‍ മമ്മൂട്ടിക്ക് കഴിഞ്ഞു. അത് മമ്മൂട്ടിയുടെ അഭിനയജീവിതത്തിലെ ആദ്യത്തെ നാഴികക്കല്ലായിരുന്നു. ആ ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടനുള്ള സംസ്ഥാനഅവാര്‍ഡ് ആ നവനടനെ തേടിച്ചെന്നു. ഒരു പക്ഷേ, മലയാളസിനിമാചരിത്രത്തില്‍ത്തന്നെ ഒരു താരനടനെ ഇത്രവേഗം ഒരവാര്‍ഡ് തേടിച്ചെന്നിട്ടുണ്ടാവില്ല. തൊട്ടടുത്ത വര്‍ഷം അതായത്, 1982 ല്‍ കെ.ജി.ജോര്‍ജിന്റെ അടുത്ത ചിത്രവും മമ്മൂട്ടിയുടെ സാന്നിധ്യവുമായി പുറത്തുവന്നു. യവനിക. ഈ ചിത്രത്തിലെ അന്വേഷണോദ്യോഗസ്ഥനായ ജേക്കബ് ഈരാളിയാണ് മമ്മൂട്ടി എന്ന നടനെ, താരത്തെ പ്രേക്ഷകരുടെ ശ്രദ്ധയില്‍ ആദ്യമായി ആഴത്തില്‍ പതിപ്പിച്ചത്. അഭിനയത്തിന്റെയും താരപരിവേഷത്തിന്റേയും കാര്യത്തില്‍ മമ്മൂട്ടിയെ സംബന്ധിച്ചിടത്തോളം ഒരു വലിയ കാല്‍വയ്പായിരുന്നു, യവനിക. ആ വര്‍ഷം 23 ചിത്രങ്ങളിലഭിനയിച്ച മമ്മൂട്ടിയെ ജോണ്‍ ജാഫര്‍ ജനാര്‍ദനന്‍ എന്ന ചിത്രത്തിലെ തുല്യനായകവേഷവും ഈ നാടിലെ സലീം എന്ന സ്വഭാവകഥാപാത്രവും വിജയത്തിന്റെ കൂടുതല്‍ തെളിഞ്ഞ വഴികളിലേക്ക് നയിച്ചു.

'ജോണ്‍ ജാഫര്‍ ജനാര്‍ദനന്‍' | PHOTO: FACEBOOK
1983 ല്‍ നായകനെന്ന നിലയില്‍ ആദ്യത്തെ സൂപ്പര്‍ഹിറ്റ് സമ്മാനിക്കാന്‍ മമ്മൂട്ടിക്ക് കഴിഞ്ഞു. സന്ധ്യക്കു വിരിഞ്ഞ പൂവായിരുന്നു ചിത്രം. 36 സിനിമകളിലാണ് മമ്മൂട്ടി ആ വര്‍ഷം പ്രത്യക്ഷപ്പെട്ടത്. അതിനേക്കാള്‍ പ്രധാനം ആ വര്‍ഷം മമ്മൂട്ടി എന്ന നടന്‍ ഒരേസമയം കച്ചവടമൂല്യമുള്ള ചിത്രങ്ങളിലും കലാമേന്മയുള്ള ചിത്രങ്ങളിലും ഒരേപോലെ പ്രത്യക്ഷപ്പെട്ടുകൊണ്ട്, മലയാളത്തില്‍ വേരുപിടിച്ചു തുടങ്ങിയ സമാന്തരചലച്ചിത്രപ്രസ്ഥാനത്തിന് വമ്പിച്ച പിന്തുണയേകി എന്നതാണ്. രചന (മോഹന്‍), പ്രേംനസീറിനെ കാണ്മാനില്ല (ലെനിന്‍ രാജേന്ദ്രന്‍), ഒരു സ്വകാര്യം (ഹരികുമാര്‍), ലേഖയുടെ മരണം ഒരു ഫ്ളാഷ്ബാക്ക്, ആദാമിന്റെ വാരിയെല്ല് (കെ.ജി.ജോര്‍ജ്), കിന്നാരം (സത്യന്‍ അന്തിക്കാട്), കൂടെവിടെ (പത്മരാജന്‍), വികടകവി (ഹരിഹരന്‍), ലക്ഷ്മണരേഖ (ഐ.വി.ശശി) ഇത്തിരിപ്പൂവേ ചുവന്നപൂവേ (ഭരതന്‍) എന്നിങ്ങനെ സമാന്തരസിനിമാക്കാരുടെ ഇഷ്ടതാരമായി മമ്മൂട്ടി മാറുന്ന കാഴ്ചയാണ് ആ രണ്ടുവര്‍ഷം കണ്ടത്.

സമാന്തരസിനിമാപ്രസ്ഥാനത്തിന്റെ വിജയഹേതുക്കളെപ്പറ്റി പറയുമ്പോള്‍ മമ്മൂട്ടി, മോഹന്‍ലാല്‍, ഭരത്ഗോപി, നെടുമുടി വേണു, തിലകന്‍ എന്നീ അഞ്ച് മഹാനടന്മാര്‍ ആ പ്രസ്ഥാനത്തിന് നല്കിയ പിന്തുണയും പങ്കാളിത്തവും ആര്‍ക്കും വിസ്മരിക്കാവുന്നതല്ല.
മേല്‍പ്പറഞ്ഞ സിനിമകളില്‍ ഏറ്റവും പ്രധാനം പത്മരാജന്റെ കൂടെവിടെയും അതിലെ ക്യാപ്റ്റന്‍ തോമസ് എന്ന കഥാപാത്രവുമാണ്. പൂര്‍ണ്ണമായും വേറിട്ട പന്ഥാവ് പറ്റില്ലെന്നു മനസ്സിലാക്കി മുഖ്യധാരാനടന്മാരെ ഉപയോഗപ്പെടുത്താന്‍ പത്മരാജന്‍ തീരുമാനിച്ച ആദ്യസന്ദര്‍ഭത്തില്‍ അദ്ദേഹം തീരുമനിച്ചത് മമ്മൂട്ടിയെയാണ്. കൂടെവിടെയുടെ വിജയമാണ് പത്മരാജനെ അനുഗ്രഹീതകലാകാരന് മുന്നോട്ട് പോകാന്‍ വഴികാട്ടിയത്.

സമാന്തസിനിമകള്‍ക്കൊപ്പം വമ്പന്‍ഹിറ്റുകളും സമ്മാനിച്ചുകൊണ്ട് മലയാളവാണിജ്യസിനിമയില്‍ ഒരു സൂപ്പര്‍താരമായി ഈ കാലത്ത് മമ്മൂട്ടി വളരുകയായിരുന്നു. 1983ല്‍ പിന്‍നിലാവ് (പി.ജി.വിശ്വംഭരന്‍), നാണയം (ഐ.വി.ശശി), ആ രാത്രി (ജോഷി) എന്നിവയും 1984ല്‍ സന്ദര്‍ഭം (ജോഷി), കാണാമറയത്ത്, അക്ഷരങ്ങള്‍, അടിയൊഴുക്കുകള്‍, ആള്‍ക്കൂട്ടത്തില്‍ തനിയെ, അതിരാത്രം (ഐ.വി.ശശി) എന്റെ ഉപാസന (ഭരതന്‍) എന്നീ ചിത്രങ്ങളും ഗംഭീരവിജയങ്ങള്‍ കരസ്ഥമാക്കി. 1984ന്റെ പ്രത്യേകത എംടി-ഐ.വി.ശശി കൂട്ടുകെട്ടിലെ സുപ്രധാനസാന്നിധ്യമാകാന്‍ മമ്മൂട്ടിക്ക് കഴിഞ്ഞു എന്നതാണ്. ഇവരുടെ മൂന്നു ചിത്രങ്ങളിലാണ് മമ്മൂട്ടി അഭിനയിച്ചത്. അതിന്റെ മഹത്തായ ഫലം അടിയൊഴുക്കുകളിലെ കരുണന്‍ എന്ന കഥാപാത്രത്തിലൂടെ ആദ്യമായി മികച്ച നടനുള്ള സംസ്ഥാനഅവാര്‍ഡ് മമ്മൂട്ടിയെ തേടിയെത്തുക എന്നതായിരുന്നു.

1985 ല്‍ 34 ചിത്രങ്ങളിലഭിനയിച്ച മമ്മൂട്ടിക്ക് പത്മരാജന്റെ തിങ്കളാഴ്ച നല്ല ദിവസം എംടി-ശശി ടീമിന്റെ അനുബന്ധം, ഇടനിലങ്ങള്‍, ഹരികുമാറിന്റെ അയനം, ബാലു മഹേന്ദ്രയുടെ യാത്ര, പത്മരാജന്‍-ശശി ടീമിന്റെ കരിമ്പിന്‍ പൂവിനക്കരെ, ഭരതന്റെ കാതോടുകാതോരം തുടങ്ങിയ മികച്ച ചിത്രങ്ങളില്‍ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ കഴിഞ്ഞു. ഇവയില്‍ മിക്ക സിനിമയും ഗണ്യമായ വാണിജ്യവിജയവും നേടിയതിനു പുറമേ, മുഹൂര്‍ത്തം 11.30ന്, ഇനിയും കഥ തുടരും, നിറക്കൂട്ട് (ജോഷി), ഈറന്‍സന്ധ്യ (ജേസി), ഈ ശബ്ദം ഇന്നത്തെ ശബ്ദം, ഈ ലോകം ഇവിടെ കുറേ മനുഷ്യര്‍ (പി.ജി.വിശ്വംഭരന്‍), കണ്ടു കണ്ടറിഞ്ഞു, ഒരുനോക്കുകാണാന്‍ (സാജന്‍) തുടങ്ങിയ ഹിറ്റുകള്‍ സൃഷ്ടിക്കാനും മമ്മൂട്ടിക്ക് കഴിഞ്ഞു.

'നിറക്കൂട്ട്' | PHOTO: WIKI COMMONS
ഏതാണ്ട് ഈ കാലത്തോടടുപ്പിച്ച് തന്നെ മമ്മൂട്ടി എന്ന നടന്റെ കരിയറില്‍ മോശമായ ഒരു അന്തരീക്ഷവും അരങ്ങേറി. 1985നും 1987നും ഇടയ്ക്കുള്ള കുറച്ചുകാലം മങ്ങിയ ഒരു വിജയറെക്കോഡാണ് മമ്മൂട്ടിയുടെ കരിയറില്‍ അരങ്ങേറിയത്. ഇന്നിപ്പോള്‍ തിരിഞ്ഞുനിന്ന് ചിത്രങ്ങളുടെ കണക്കെടുക്കുമ്പോള്‍ ആ തിരിച്ചടി പെട്ടെന്ന് മനസ്സിലാകില്ലെങ്കിലും ആ കാലത്ത് തുടര്‍ച്ചയായി ചില ചിത്രങ്ങള്‍ പരാജയത്തിന്റെ കയ്പുനീര്‍ കുടിച്ചു. കുടുംബചിത്രങ്ങളിലെ സ്ഥിരം നായകനെന്ന നിലയില്‍ മമ്മൂട്ടി ടൈപ്പു ചെയ്യപ്പെടുകയും മമ്മൂട്ടിയുടെ നടനസാമര്‍ഥ്യം പ്രകടിപ്പിക്കാന്‍ കഴിയാതെ മുരടിച്ച ഒരവസ്ഥയിലേക്ക് ആ നടന്‍ വീണുപോയതായും ആ കാലത്തെപ്പറ്റി പലരും പില്‍ക്കാലത്ത് വിലയിരുത്തിയിട്ടുണ്ട്. പക്ഷേ, കൃത്യമായി പറഞ്ഞാല്‍ അങ്ങനെയായിരുന്നില്ല കാര്യങ്ങള്‍. താരമെന്ന നിലയ്ക്ക് ഒരേ അച്ചിലിട്ടുവാര്‍ത്ത കഥാപാത്രങ്ങളുമായി പുറത്തിറങ്ങിയ ചിത്രങ്ങള്‍ മമ്മൂട്ടിയെ ചതിച്ചിട്ടുണ്ട് എന്നത് മറക്കുന്നില്ല, പക്ഷേ, വളരെ മികച്ച ചില ചിത്രങ്ങളും ആ കാലയളവില്‍ മമ്മൂട്ടിയുടേതായി വന്നിട്ടുണ്ട്. എന്നാല്‍, മികച്ച ചില ചിത്രങ്ങളും പരാജയത്തിന്റെ കയ്പുനീര്‍ കുടിച്ചതാണ് അത്തരമൊരു പ്രതിസന്ധി സൃഷ്ടിചച്ചതെന്നു വേണം പറയാന്‍. അതിന് മികച്ച ഒരു ഉദാഹരണമാണ് പത്മരാജന്റെ അരപ്പട്ട കെട്ടിയ ഗ്രാമത്തില്‍ എന്ന ചിത്രത്തിന്റെ പരാജയം. മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നായിരുന്നു ആ ചിത്രത്തിലെ സഖറിയാസ്. പക്ഷേ, ചിത്രം ദയനീയമായി പരാജയപ്പെട്ടു. ആയിരം കണ്ണുകള്‍, വീണ്ടും, ന്യായവിധി (ജോഷി), വിളിച്ചു വിളികേട്ടു (ശ്രീകുമാരന്‍ തമ്പി) അടുക്കാന്‍ എന്തെളുപ്പം (ജേസി), കാലം മാറി കഥ മാറി (മൊയ്തു പടിയത്ത്), അവള്‍ കാത്തിരുന്നു അവനും (ചെല്ലപ്പന്‍) തുടങ്ങിയ നിലവാരം കുറഞ്ഞ ചിത്രങ്ങള്‍ പരാജയപ്പെട്ടതിനൊപ്പം കൊച്ചുതെമ്മാടി (എംടി-വിന്‍സെന്റ്), കാതോടുകാതോരം (ഭരതന്‍) തുടങ്ങിയ ഉജ്വലചിത്രങ്ങളും അര്‍ഹിച്ച വിജയം നേടിയില്ല.

ഇതിനിടെ, ആവനാഴിയുടെ വിജയം മമ്മൂട്ടിയെ എഴുതിത്തള്ളിയവര്‍ക്ക് ഒരു കനത്ത മറുപടിയായിരുന്നെങ്കിലും ആ ചിത്രവും മമ്മൂട്ടി ടൈപ്പ് ചെയ്യപ്പെടുന്നതിന് ഒരന്ത്യം കുറിച്ചുവെന്ന് പറയാനാവില്ല. ഗീതം, പടയണി, ഈ കൈകളില്‍, രാരീരം, എന്ന് നാഥന്റെ നിമ്മി, കൊട്ടും കുരവയും, കഥയ്ക്കു പിന്നില്‍, ഒരു സിന്ദൂരപ്പൊട്ടിന്റെ ഓര്‍മയ്ക്ക്, ഇത്രയും കാലം, ശ്രീധരന്റെ ഒന്നാംതിരുമുറിവ്, നാല്‍ക്കവല, അതിനുമപ്പുറം, ആണ്‍കിളിയുടെ താരാട്ട് തുടങ്ങിയ ചിത്രങ്ങളുടെ വിശദാംശങ്ങള്‍ പരിശോധിച്ചാലറിയാം, അറിയപ്പെടുന്നവരും അല്ലാത്തവരുമായ സംവിധായകരെല്ലാം മാറിമാറി ശ്രമിച്ചിട്ടും മമ്മൂട്ടിയിലെ നടനെയും മമ്മൂട്ടിയെ സ്നേഹിക്കുന്ന പ്രേക്ഷകരെയും സംതൃപ്തിപ്പെടുത്താനാവാത്ത സ്ഥിതി തുടര്‍ന്നു. ആ അന്തരാളഘട്ടത്തിലാണ് ഒരു പുതിയ സംസ്‌കാരം തന്നെ വാണിജ്യസിനിമയ്ക്ക് പകര്‍ന്നുകൊണ്ട് ജോഷി-ഡെന്നിസ് ജോസഫ് ടീമിന്റെ ന്യൂഡല്‍ഹി എന്ന ചിത്രം പുറത്തുവരുന്നത്. ചാരത്തില്‍ നിന്നുയര്‍ന്നുപറക്കുന്ന പക്ഷിയെപ്പോലെ മമ്മൂട്ടിയെ ആ ചിത്രം പുതിയൊരു നിലവാരത്തിലേക്കുയര്‍ത്തി. ഏതാണ്ടതേ കാലത്തു തന്നെ പുറത്തുവന്ന തനിയാവര്‍ത്തവനവും മമ്മൂട്ടിയുടെ ഒരു പുതിയ മുഖം അനാവരണം ചെയ്തതോടെ മമ്മൂട്ടി തന്റെ കരിയറിലെ പുതിയൊരു ദശാപരിണാമത്തിന് താനറിയാതെ വശഗനാകുകയായിരുന്നു.

അതേവര്‍ഷം തന്നെ അടൂരിന്റെ അനന്തരത്തിലും അഭിനയിച്ചുകൊണ്ട് മമ്മൂട്ടി പുതിയ ഉയരങ്ങള്‍ തേടുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. ന്യൂഡല്‍ഹി ഒരു ബ്രേക്ക് പോയിന്റായിരുന്നു. അതിനു ശേഷം ഇന്നുവരെ, ഇടയ്ക്കെന്തെങ്കിലും തളര്‍ച്ചകളുണ്ടായാല്‍പ്പോലും അതിനെ അതിവേഗം അതിജീവിക്കാന്‍ മമ്മൂട്ടിക്ക് കഴിഞ്ഞിട്ടുണ്ട്. 1987 ല്‍ മമ്മൂട്ടിയുടെ ഏറ്റവും ജനകീയകഥാപാത്രമായ സേതുരാമയ്യരുമായി ഒരു സിബിഐ ഡയറിക്കുറിപ്പും 88ല്‍ സംഘവും ആഗസ്ത് ഒന്നും മുക്തിയും വിജയം നേടി. 1989-ല്‍ മമ്മൂട്ടി ആദ്യമായി ഒരു തമിഴ്ചിത്രത്തില്‍ അഭിനയിച്ചു. കെ.മധുവും എസ്എന്‍സ്വാമിയും ചേര്‍ന്നൊരുക്കിയ മൗനം സമ്മതമായിരുന്നു. ആ വര്‍ഷം തന്നെയാണ് ഒരു വടക്കന്‍ വീരഗാഥ എന്ന ക്ലാസിക് ചിത്രവും അതിലെ ചന്തു എന്ന കഥാപാത്രവും പിറവിയെടുത്തത്. മഹായാനം, മൃഗയ, വടക്കന്‍ വീരഗാഥ എന്നീ ചിത്രങ്ങള്‍ മമ്മൂട്ടിക്ക് മികച്ച നടനുള്ള സംസ്ഥാനഅവാര്‍ഡും, വീരഗാഥയും ആ വര്‍ഷം സെന്‍സര്‍ ചെയ്ത മതിലുകളും ആദ്യത്തെ ദേശീയഅവാര്‍ഡും നേടിക്കൊടുത്തു. പാര്‍വതീ മേനോന്‍ സംവിധാനം ചെയ്ത ത്രിയാത്രി എന്ന ഹിന്ദിച്ചിത്രത്തിലും ആ കാലത്ത് മമ്മൂട്ടി അഭിനയിച്ചു. മൃഗയ, നായര്‍സാബ്, കോട്ടയം കുഞ്ഞച്ചന്‍, കളിക്കളം, സാമ്രാജ്യം അര്‍ഥം തുടങ്ങിയ വമ്പന്‍ഹിറ്റുകള്‍ നല്കാനും മമ്മൂട്ടിക്കു സാധിച്ചു.

ജനകീയകഥാപാത്രമായ സേതുരാമയ്യർ | PHOTO: WIKI COMMONS
ഇങ്ങനെ അവാര്‍ഡിന്റേയും ആരാധനയുടേയും രംഗങ്ങളില്‍ ഒരേപോലെ തിളങ്ങാന്‍ മമ്മൂട്ടിക്ക് കഴിഞ്ഞു. തുടര്‍ന്നുള്ള വര്‍ഷങ്ങളിലായി മമ്മൂട്ടി രണ്ട് രണ്ടാംഭാഗചിത്രങ്ങളിലും (ജാഗ്രത-89, ഇന്‍സ്പെക്ടര്‍ ബല്‍റാം-91) മാസ്റ്റര്‍ ഡയറക്ടര്‍മാരായ മണിരത്നത്തിന്റേയും (ദളപതി-91) കെ.ബാലചന്ദ്രന്റേയും (അഴകന്‍-91) തമിഴ്ചിത്രങ്ങളിലും കെ.വിശ്വനാഥിന്റെ തെലുഗുചിത്രത്തിലും (സ്വാതികിരണം-92), ആദ്യവാണിജ്യഹിന്ദിചിത്രത്തിലും (ധര്‍ത്തീപുത്ര- ഇക്ബാല്‍ ദുറാനി-93), ആദ്യസംസ്‌കൃതചിത്രത്തിലും (സ്വാമി വിവേകാനന്ദ-ജിവി, 1993) അഭിനയിച്ചു. ഒപ്പം തന്നെ, അമരം, കൗരവര്‍, പപ്പയുടെ സ്വന്തം അപ്പൂസ്, ധ്രുവം, ജാക്ക്പോട്ട്, സൈന്യം തുടങ്ങിയ വിജയചിത്രങ്ങളിലൂടെ മലയാളത്തിലെ സൂപ്പര്‍താരപദവി നിലനിര്‍ത്തുകയും ചെയ്തു. 1987 മുതല്‍ വര്‍ഷാവര്‍ഷം അഭിനയിക്കുന്ന ചിത്രങ്ങളുടെ എണ്ണം കുറച്ചുകൊണ്ടുവന്ന് കൂടുതല്‍ സെലക്ടീവാകുന്നതും കാണാം. എത്ര സെലക്ടീവായിരുന്നിട്ടും പാളിച്ചകള്‍ പറ്റിയിട്ടില്ലെന്നല്ല. നീലഗിരിയും മഹാനഗരവും കിഴക്കന്‍ പത്രോസും സരോവരവും അടയാളവും വിഷ്ണുവും സിദ്ധാര്‍ഥയും കളിയൂഞ്ഞാല്‍, ഇലവങ്കോടു ദേശം, സ്റ്റാലിന്‍ ശിവദാസ്, ഗോഡ്മാന്‍, ഏഴുപുന്നത്തരകന്‍ പോലെയുള്ള ചിത്രങ്ങള്‍ ഇടയ്ക്കെല്ലാം മമ്മൂട്ടി എന്ന മികച്ച സമയം പാഴാക്കിയിട്ടില്ലേ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

1994-95 കാലത്ത് അടൂരിന്റെ വിധേയന്‍, ടി.വി.ചന്ദ്രന്റെ പൊന്തന്‍മാട എന്നീ ചിത്രങ്ങളിലെ ഉജ്വലപ്രകടനത്തിന് രണ്ടാംതവണയും മമ്മൂട്ടിയെ തേടി അഭിനയത്തിനുള്ള പരമോന്നതദേശീയപുരസ്‌കാരം എത്തി. സുകൃതം, ഓര്‍മകളുണ്ടായിരിക്കണം, ഉദ്യാനപാലകന്‍, ഭൂതക്കണ്ണാടി എന്നിവ പോലുള്ള മികച്ച സിനിമകളിലും കിംഗ്, മഴയെത്തും മുന്‍പേ, ഹിറ്റ്ലര്‍, ഒരു മറവത്തൂര്‍ കനവ്, വല്യേട്ടന്‍ പോലെയുള്ള ഹിറ്റുകളിലും കൂടി മമ്മൂട്ടിയുടെ കരിയര്‍ ദോഷരഹിതമായി മുന്നോട്ട് നീങ്ങി. മക്കള്‍ ആട്ചി (ആര്‍.കെ.ശെല്‍വമണി) എന്ന ചിത്രം തമിഴിലെ അക്കാലത്തെ മികച്ച വിജയമായി മാറിയതോടെ മലയാളത്തില്‍ നിന്നൊരു നടന്‍ തമിഴ്ചിത്രം ഹിറ്റാക്കുന്നതിന്റെ കീര്‍ത്തിനേടി. 2000ല്‍ ദാദാ സാഹിബ് അംബേദ്കര്‍ എന്ന ഇംഗ്ലീഷ് ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള ദേശീയപുരസ്‌കാരം മൂന്നാമതും നേടിക്കൊണ്ട് മമ്മൂട്ടി ഇന്ത്യന്‍ നടന്മാരില്‍ ഏറ്റവും തലപ്പൊക്കത്തിലെത്തി. ഒരു ചിത്രത്തിന് മൂന്നും നാലും ഭാഗങ്ങളിലും (സേതുരാമയ്യര്‍ സിബിഐ, നേരറിയാന്‍ സിബിഐ) രണ്ടു ചിത്രങ്ങളുടെ തുടര്‍ച്ചിത്രമായ ഒറ്റചിത്രത്തിലും (ബല്‍റാം വേഴ്സസ് താരാദാസ്) അഭിനയിക്കാനും മമ്മൂട്ടിക്കായി. തുടര്‍ച്ചായി ഒരു ഡസനോളം ചിത്രങ്ങള്‍ വിജയിപ്പിച്ചുകൊണ്ട് ഒരു വിസ്മയാവഹമായ കരിയര്‍ഗ്രാഫ് വളര്‍ച്ച കൈവരിക്കാനും മമ്മൂട്ടിക്കു സാധിച്ചു.

1995 നുശേഷം മമ്മൂട്ടി മധ്യവര്‍ത്തി സിനിമയോട് വേണ്ടത്ര ആഭിമുഖ്യം പുലര്‍ത്തുന്നില്ല എന്നു വേണമെങ്കില്‍ ആരോപിക്കാവുന്നതാണ്. 1995 നു ശേഷമുള്ള ഒരു ദശകത്തിനിടയ്ക്ക് മമ്മൂട്ടി അഭിനയിച്ച മധ്യവര്‍ത്തിയോ കലാസിനിമകളോ വരെ അതിനു മുന്‍പത്തെ കണക്കു വച്ചുനോക്കുമ്പോള്‍ അത്ര വലുതല്ല. ഡാനി, കാഴ്ച, ഭൂതക്കണ്ണാടി, സൗ ഛൂഠ് ഏക് സഛ് എന്നിങ്ങനെ ഏതാനും ചിത്രങ്ങള്‍ മാത്രമേ ആ ജനുസ്സില്‍ പെട്ടവയായുള്ളൂ. അതേ സമയം വിജയത്തിന്റെ അനുപാതം ഈ ദശകത്തില്‍ പഴയതിലും വളരെവളരെ ഉയരത്തിലാണെന്നും കാണാം. ഏതായാലും അരനൂറ്റാണ്ടിലധികമായി ദീര്‍ഘിക്കുന്ന മമ്മൂട്ടിയുടെ കരിയര്‍ വിജയത്തിന്റെ അനിഷേധ്യമായ ഒരു ഗമനമാണെന്നു കാണാം. മുഖംകാട്ടിയ കണക്കുപ്രകാരമാണ് അരനൂറ്റാണ്ട്. സിനിമാപ്രവേശത്തെ 1980 മുതല്‍ കണക്കാക്കിയാല്‍ ഇത് നാല്പത്തിമൂന്നാംവര്‍ഷം.
 
2005 ലെ രാജമാണിക്യത്തോടെ അപാരമായ ഒരു വിജയകാലം മമ്മൂട്ടിയെന്ന ജനപ്രിയതാരത്തെ ചൂഴ്ന്നുനിന്നു. തുറുപ്പുഗുലാന്‍, തൊമ്മനും മക്കളും, നേരറിയാന്‍ സി.ബി.ഐ., ബിഗ്ബി എന്നിങ്ങനെ വന്‍കിടവിജയങ്ങള്‍. വജ്രവും തസ്‌കരവീരനും പോലുള്ള സാധാരണപടങ്ങള്‍ പോലും മമ്മൂട്ടിയുടെ പ്രഭാവത്തില്‍ വന്‍വിജയങ്ങളായി. എന്നാല്‍ ബെസ്റ്റ് ആക്ടറിന്റെ വിജയത്തിനുശേഷം വീണ്ടും ഒരു മങ്ങല്‍ ജനപ്രിയതാരമെന്ന നിലയില്‍ ഉണ്ടായെങ്കിലും ഇടയ്ക്കിടെ വിജയങ്ങളും വന്നുകൊണ്ടിരുന്നു. ഈയടുത്തകാലത്ത് വീണ്ടും മമ്മൂട്ടി നടനെന്ന നിലയിലും താരമെന്ന നിലയിലും അപാരമായ വിജയങ്ങള്‍ കൈവരിച്ചുകൊണ്ടിരിക്കുന്നു. പേരന്‍പ് എന്ന ചിത്രത്തിലെ പ്രകടനം അവിസ്മരണീയമായി. ഭീഷ്മപര്‍വ്വത്തില്‍ താരപാരമ്യമാണ് അദ്ദേഹം കൈവരിച്ചത്. സത്യത്തില്‍ തെന്നിന്ത്യന്‍ സിനിമയ്ക്ക് സീനിയര്‍ താരങ്ങളെ വച്ച് മഹാഹിറ്റുകള്‍ ഉണ്ടാക്കുവാനുള്ള മാതൃക അതില്‍ അദ്ദേഹം ചെയ്തുവച്ചു. അതിനുശേഷമാണ് വിക്രത്തിലൂടെ കമലും ജയിലറിലൂടെ രജനിയും ആ വഴി പിന്തുടര്‍ന്നതായി കാണാനാകുന്നത്. റോഷാക്കിലെ പ്രകടനവും പ്രായത്തെ വെല്ലുന്ന വിസ്മയമായി. അതിനിടെ, നന്‍പകല്‍നേരത്തു മയക്കത്തിലൂടെ ആ നടനവൈഭവത്തിന്റെ വേറിട്ട മുഖം കാണാനുമായി. ഇപ്പോള്‍, പല ജനുസ്സുകളില്‍പ്പെട്ട സിനിമകളുമായി മമ്മൂട്ടി വിജയയാത്ര തുടരുകയാണ്.


#outlook
Leave a comment