മണിപ്പൂര്‍ കലാപവും ക്രിസ്തീയ സഭകളും
അന്തമില്ലാതെ നീളുന്ന മണിപ്പൂര്‍ കലാപം ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്റെ ഹൃദയത്തിലെ നീറിപ്പടരുന്ന നോവായ് മാറുകയാണ്. കലാപം നിയന്ത്രിക്കാനുള്ള കാര്യമായ ശ്രമങ്ങള്‍ എന്തുകൊണ്ടോ ഉണ്ടാകുന്നില്ല. പോലീസിനു പിന്നാലെ ഇറങ്ങിയ പട്ടാളത്തിനുപോലും സ്ഥിതിഗതികള്‍ നിയന്ത്രിക്കാനാവാത്ത അവസ്ഥയാണെന്നത് തീര്‍ത്തും സംശയാസ്പദമാണ്. മരണസംഖ്യ നൂറ്റിമുപ്പതു കടന്നുവെന്നതാണ് ഔദ്യോഗികമായ കണക്കെങ്കിലും അതിലുമെത്രയോ വലുതാണെന്ന് സംഭവസ്ഥലങ്ങള്‍ സന്ദര്‍ശിച്ചവര്‍ പറയുന്നു. വീടും വസ്തുവകകളുമെല്ലാമുപേക്ഷിച്ചു കൊണ്ടുള്ള പലായനം ഇപ്പോഴും തുടരുകയാണ്.
ഇന്ത്യയിലെ ഒരു സംസ്ഥാനത്ത് നടക്കുന്ന ഈ കലാപം അന്താരാഷ്ട്ര തലത്തില്‍ പോലും ശ്രദ്ധ നേടിക്കഴിഞ്ഞു. കുക്കികളും മെയ്തി വംശജരും തമ്മില്‍ വര്‍ഷങ്ങളായി നിലനില്‍ക്കുന്ന പരമ്പരാഗത വൈരമാണ് ഈ കലാപത്തിനു പിന്നിലെന്നായിരുന്നു ആദ്യകാല പ്രചാരണങ്ങള്‍. എന്നാല്‍ ഇരുപക്ഷത്തുമുള്ള ക്രിസ്ത്യാനികള്‍ കൂടുതലായി ആക്രമിക്കപ്പെടുന്നതും അവരുടെ വീടുകളും ദേവാലയങ്ങളും തീയിട്ടു നശിപ്പിക്കപ്പെടുന്നതുമെല്ലാം ക്രിസ്ത്യന്‍ ഉന്മൂലനമാണ് ലക്ഷ്യമെന്ന കാര്യം വ്യക്തമാക്കുകയാണ്. ഇതുമൂലം സ്വാഭാവികമായും വെട്ടിലായതും വലിയ വില കൊടുക്കേണ്ടി വരുന്നതും മൃദുഹിന്ദുത്വ സമീപനം സ്വീകരിച്ചുപോന്ന ക്രിസ്തീയ സഭകള്‍ തന്നെയാണ്.
ഹിന്ദുരാഷ്ട്രം സ്വപ്നം കാണുന്ന ബി.ജെ.പിയുടെ ന്യൂനപക്ഷങ്ങളോടുള്ള പ്രഖ്യാപിത വൈരവും അസഹിഷ്ണുതാപരമായ സമീപനവുമൊന്നും പുതിയ കാര്യമല്ല. എന്നാല്‍ കേവല രാഷ്ട്രീയ നേട്ടത്തിനായി അവര്‍ സ്വീകരിച്ച അടവുനയത്തില്‍ സഭാ മേലധ്യക്ഷന്മാര്‍ വീണുപോയത് മടിയില്‍ കനമുള്ളവന്റെ അധികാര സ്ഥാനങ്ങളോടുള്ള ഭയം കൊണ്ടു കൂടിയാകാം. പക്ഷേ, വിശ്വാസികളില്‍ നല്ലൊരു പങ്കും അത്തരമൊരു മൃദു സമീപനത്തോട് മനസ്സുകൊണ്ട് യോജിച്ചിരുന്നില്ലെന്നുള്ളതാണ് സത്യം. സൗഹൃദത്തിന്റെ പൊയ്മുഖമണിഞ്ഞ് മണിമേടകളിലെത്തിയവരെ ചുവപ്പുപരവതാനി വിരിച്ചു സ്വീകരിച്ച സഭാനേതാക്കള്‍ സ്വപ്നത്തില്‍ പോലും കരുതിയിട്ടുണ്ടാവില്ല, അവരുടെ തനിനിറം ഇത്രവേഗം വെളിച്ചത്തു വരുമെന്ന്! വിശ്വാസികളുടെ മുന്നില്‍ നേരത്തേതന്നെ അവിശ്വാസത്തിന്റെ നിഴലിലായ മതമേലധ്യക്ഷന്മാരെ സംബന്ധിച്ചിടത്തോളം ഇത് ഇരട്ട പ്രഹരമായിത്തീര്‍ന്നു.
PHOTO: TWITTER
ഇതര രാഷ്ട്രീയ പാര്‍ട്ടി നേതാക്കന്മാരെ മാത്രമല്ല മത നേതൃത്വത്തേയും അധികാരമുപയോഗിച്ച് സമ്മര്‍ദതന്ത്രത്തിലൂടെ വിശ്വസ്ത വിധേയരും നിഷ്‌ക്രിയരുമാക്കുകയെന്നത് ബി.ജെ.പി നേരത്തേ മുതല്‍ പയറ്റുന്ന അഭ്യാസമുറയാണ്. സമവായത്തിന്റെയും അനുരഞ്ജനത്തിന്റെയും ഇടവേളകള്‍ സൃഷ്ടിച്ചു വിശ്വാസം വീണ്ടെടുത്തശേഷം അനുകൂല സാഹചര്യമൊരുക്കി നിര്‍ദയം ആക്രമണമഴിച്ചുവിടുന്ന യുദ്ധതന്ത്രമാണ് ഹിന്ദുത്വ സംഘടനകള്‍ കാലങ്ങളായി സ്വീകരിച്ചിരിക്കുന്നത്. കാണ്ഡമാലിലും അസ്സാമിലും മറ്റും അരങ്ങേറിയ ന്യൂനപക്ഷ വേട്ടയ്ക്കു കുറച്ചൊന്നു വിരാമമായതോടെ ഇവര്‍ക്ക് മനംമാറ്റം സംഭവിച്ചെന്നാണ് പലരും തെറ്റിദ്ധരിച്ചത്. വിദേശ ഫണ്ടു തടയല്‍, ചര്‍ച്ച് ആക്ട് ഭീഷണി തുടങ്ങി അക്കൗണ്ട് മരവിപ്പിക്കലുള്‍പ്പെടെയുള്ള വിഷയങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന സഭാ നേതൃത്വത്തിന് മുന്‍പറഞ്ഞ അനുരഞ്ജനത്തിന്റെ ഇടവേളകള്‍ കിട്ടാക്കനിപോലെ മധുരതരമായി. ഇതല്ലാതെ അവര്‍ക്കു മുന്നില്‍ മറ്റൊരു വഴിയുമില്ലായിരുന്നുവെന്നത് വേറെ കാര്യം.
മനുഷ്യരെ ജാതീയമായി വേര്‍തിരിച്ച് വോട്ടു തട്ടാനുള്ള ശ്രമങ്ങളാണ് മണിപ്പൂരില്‍ ഇത്രയും വലിയൊരു കലാപത്തിന് വഴിമരുന്നിട്ടത്. പോലീസ് സ്റ്റേഷന്‍ പോലുമാക്രമിച്ച് അക്രമികള്‍ ആയുധം കവരുകയും അതു ന്യൂനപക്ഷങ്ങള്‍ക്കു നേരെ പ്രയോഗിക്കുകയും ചെയ്യുകയെന്ന അതീവ ഭീഷണമായ സാഹചര്യമുണ്ടാകുന്നത് ഒരു പരമാധികാര രാഷ്ട്രത്തെ സംബന്ധിച്ചിടത്തോളം തീര്‍ത്തും അപമാനകരമാണ്. ബി.ജെ.പി ഭരിക്കുന്ന ഒരു സംസ്ഥാനത്ത് ഇതൊക്കെ നടക്കുമ്പോഴാണ് കര്‍ണാടകയില്‍ തിരഞ്ഞെടുപ്പു പ്രചാരണത്തിനും അമേരിക്കന്‍ സന്ദര്‍ശനത്തിനും പ്രധാനമന്ത്രി പോയത്. ഭരണാധികാരികള്‍ ഇതൊന്നുമറിഞ്ഞില്ലെന്ന ഭാവത്തില്‍ മിണ്ടാതിരിക്കുകയും കലാപം നിര്‍ബാധം തുടരുകയും ചെയ്യുന്നത് എന്തു സന്ദേശമാണ് ലോകത്തിനു നല്‍കുന്നത്? സുരക്ഷയുടെ പേരിലാണെങ്കില്‍ പോലും രാഹുല്‍ ഗാന്ധിയെപ്പോലൊരു നേതാവിനെ നടുറോഡില്‍ തടയുന്നതില്‍നിന്നും കാര്യമായി എന്തോ ഒളിപ്പിക്കാനുണ്ടെന്നല്ലേ കരുതേണ്ടത്?
പ്രാദേശിക വികാരത്തില്‍നിന്ന് വംശീയതയിലേക്ക് കൂടുമാറിയ കലാപത്തിന് ഇപ്പോള്‍ കടുത്ത വര്‍ഗീയനിറം കൂടി കൈവന്നിരിക്കുകയാണ്. ബിജെപി സര്‍ക്കാരിന്റെ വിവേചനപരമായ ചില സമീപനങ്ങളാണ് സംഘര്‍ഷത്തിനുള്ള പ്രത്യക്ഷ കാരണമായത്. പക്ഷപാതപരമായി മെയ്തികളെ പിന്തുണയ്ക്കുകയും ഏറെയും ക്രിസ്തുമത വിശ്വാസികളായ കുക്കികളെ എല്ലാ അര്‍ത്ഥത്തിലും തഴയുകയുമാണ് പ്രാദേശിക ബിജെപി സര്‍ക്കാര്‍ ചെയ്തത്. സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലത്തിന്റെ അടിസ്ഥാനത്തില്‍, മെയ്തി വിഭാഗത്തെ പട്ടിക വര്‍ഗമായി പ്രഖ്യാപിക്കാനുള്ള ഹൈക്കോടതി നിര്‍ദേശം ജനങ്ങളെ രണ്ടു തട്ടിലാക്കുകയും പ്രശ്‌നങ്ങള്‍ക്കു തുടക്കം കുറിക്കുകയും ചെയ്തു. ജനങ്ങള്‍ രണ്ടുതട്ടിലാകുമെന്നറിഞ്ഞിട്ടും സര്‍ക്കാര്‍ നിര്‍ബന്ധപൂര്‍വം വിധി നടപ്പിലാക്കാന്‍ ഇറങ്ങിത്തിരിച്ചതാണ് ഇത്രയും വലിയൊരു കലാപത്തിലേക്കും അസമാധാനത്തിലേക്കും മണിപ്പൂര്‍ സംസ്ഥാനം നീങ്ങിയത്.
PHOTO: PTI
കലാപം അവസാനിപ്പിക്കാനുളള കാര്യമായ ശ്രമങ്ങളൊന്നും ഉത്തരവാദപ്പെട്ടവരുടെ ഭാഗത്തു നിന്നും ഉണ്ടാകാത്ത സ്ഥിതിക്ക് കലാപം ഇനിയും നീണ്ടുപോകാനാണ് സാധ്യത. ജനങ്ങളെ ജാതീയമായി വിഭജിച്ച് അവര്‍ തമ്മിലുള്ള കുടിപ്പക എങ്ങനെ തങ്ങള്‍ക്കനുകൂലമാക്കി മാറ്റാമെന്നാണ് അധികാരത്തിലിരിക്കുന്നവര്‍ ചിന്തിക്കുന്നത്. ആദ്യമൊന്നു പകച്ചെങ്കിലും കാര്യങ്ങള്‍ക്കു വ്യക്തത കൈവരാന്‍ തുടങ്ങിയതോടെ ക്രിസ്തീയ സഭകള്‍ സട കുടഞ്ഞെണീല്‍ക്കുന്നതാണ് പിന്നെ കണ്ടത്. തങ്ങള്‍ ചതിക്കപ്പെട്ടിരിക്കുകയാണെന്ന വേദനാജനകമായ സത്യം ഒടുവില്‍ മനസ്സില്ലാമനസ്സോടെയെങ്കിലും അവര്‍ക്കു അംഗീകരിക്കേണ്ടി വന്നു. വാര്‍ത്തകളിലൂടെ അറിയുന്നതിനും അപ്പുറമാണ് കാര്യങ്ങള്‍ എന്നറിയുമ്പോള്‍, വിശ്വാസത്തിന്റെ പേരില്‍ യാതനയനുഭവിക്കുന്ന സ്വന്തം സഹോദരങ്ങളെ എങ്ങനെ അവഗണിക്കാനാവും?
രാജ്യത്തിന്റെ പല ഭാഗങ്ങളിലും പ്രതിഷേധ കൂട്ടായ്മകളും റാലികളും ക്രൈസ്തവ ഐക്യ പ്രാര്‍ത്ഥനകളും അരങ്ങേറുകയാണ്. സഭാ മേലധ്യക്ഷന്മാര്‍ പ്രസ്താവനകളിറക്കി കേന്ദ്ര ഭരണകൂടത്തെ തങ്ങളുടെ ശക്തമായ പ്രതിഷേധമറിയിക്കുന്നു. കഴിഞ്ഞ ഈസ്റ്റര്‍ ദിനത്തില്‍ പ്രധാനമന്ത്രി മോദി സന്ദര്‍ശിച്ച ദില്ലിയിലെ സേക്രഡ് ഹാര്‍ട്ട് ചര്‍ച്ചിനു മുന്നില്‍ നേരത്തേ തന്നെ വന്‍ പ്രതിഷേധ കൂട്ടായ്മ നടന്നിരുന്നു. ഇതേ ഈസ്റ്റര്‍ ദിനത്തില്‍ തന്നെ മലയാളിയായ കേന്ദ്രമന്ത്രിയുള്‍പ്പെടെ തിരുവനന്തപുരം അതിരൂപത ആസ്ഥാനം സന്ദര്‍ശിച്ചിരുന്നു. അന്നു അവര്‍ക്കു ഹൃദ്യമായ വരവേല്പ് നല്‍കിയവരുള്‍പ്പെടെ കെ.ആര്‍.എല്‍.സി.സി യുടെ ആഭിമുഖ്യത്തില്‍ കഴിഞ്ഞ ദിവസം തിരുവനന്തപുരത്തെ പാളയം രക്തസാക്ഷി മണ്ഡപത്തില്‍ ഏകദിന ഉപവാസവും സംഘടിപ്പിച്ചിരുന്നു.
വ്യക്തികള്‍പോലും മാറ്റങ്ങള്‍ക്കു വിധേയമാകുമ്പോള്‍ രാജ്യത്തിന്റെ അധികാരം കൈയ്യാളുന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ നയങ്ങളിലും സമീപനങ്ങളിലും മാറ്റങ്ങളുണ്ടാവുക സ്വാഭാവികം. എന്നാലിത് തങ്ങളെ മനഃപൂര്‍വം കുടുക്കിയതായിരുന്നോ എന്ന ശങ്ക ക്രിസ്ത്യന്‍ ആത്മീയ നേതൃത്വത്തിന് ഉണ്ടായെങ്കില്‍ അവരെ കുറ്റം പറയാനാവില്ല. ഒരു വിഭാഗം വിശ്വാസികളുടെ എതിര്‍പ്പു പോലും വകവയ്ക്കാതെയാണ് (സ്വന്തം കാര്യം കൂടിയുണ്ടെന്നു വെച്ചോളു) ബി.ജെ.പിയോട് അടുപ്പംകാട്ടിയത്. പക്ഷേ, ഇത്ര നിഷ്‌കരുണം തങ്ങളെ വഴിയാധാരമാക്കിയതിന്റെ ജാള്യം മറയ്ക്കുവാനോ മായ്ക്കുവാനോ നന്നായി പണിപ്പെട്ടിട്ടുണ്ടാവുമെങ്കിലും ജീവിതത്തിലെ ഏറ്റവും വലിയൊരു പാഠമാണ് ഇതിലൂടെ തങ്ങള്‍ പഠിച്ചിരിക്കുന്നതെന്നു ഇവര്‍ക്കു സമാധാനിക്കാം. ഒപ്പം ചതിക്കുന്നതിനേക്കാള്‍ ക്രൂരവും കഠിനവുമല്ലല്ലോ ചതിയ്ക്കപ്പെടുന്നതെന്നോര്‍ത്ത് സ്വയം ആശ്വസിക്കുകയും ചെയ്യാം.