TMJ
searchnav-menu
post-thumbnail

Outlook

കടൽ ഖനനത്തിലെ അനങ്ങാപ്പാറകൾ 

27 Feb 2025   |   7 min Read
സിന്ധു നെപ്പോളിയന്‍

കേരളത്തിലെ തീരദേശം ഒരിക്കൽക്കൂടി പൊതുശ്രദ്ധയിലേക്ക് കടന്നുവന്നിരിക്കുകയാണ്. എല്ലായ്‌പ്പോഴുമെന്ന പോലെ ഇത്തവണയും കടൽ പരിസ്ഥിതിയെയും തങ്ങളുടെ ഉപജീവനത്തെയും അടിസ്ഥാനപരമായ നിലനില്പിനെയും ബാധിക്കുന്നൊരു പ്രശ്നം ഉയർത്തിക്കൊണ്ടു തന്നെയാണ് കേരളത്തിലെ മത്സ്യത്തൊഴിലാളികൾ സമരമുഖത്തേക്ക് തിരിഞ്ഞിരിക്കുന്നത്. ഇതിനു മുൻപ് ഇതുപോലൊരു മത്സ്യമേഖലാ സമരം കേരളം കണ്ടത് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിനെതിരെയായിരുന്നു. അന്നത്തെ സ്ഥിതിയിൽ നിന്ന് വ്യത്യസ്തമായി ഇടതു- വലതു പാർട്ടികൾ ഇത്തവണത്തെ സമരത്തിന് മത്സ്യത്തൊഴിലാളികൾക്കൊപ്പം അണിനിരക്കുന്നുണ്ട്; അഥവാ അവർ ഒപ്പമുണ്ടെന്നുള്ളൊരു പ്രതീതിയെങ്കിലും സൃഷ്ടിക്കുന്നുണ്ട്. കെട്ടിട നിർമാണ ആവശ്യങ്ങൾക്ക് ഉപയോഗിക്കാനാവുന്നതെന്ന് അവകാശപ്പെടുന്ന 300 ദശലക്ഷം ടൺ മണൽ കേരളത്തിലെ തീരത്തു നിന്ന് ഖനനം ചെയ്ത് അരിച്ചെടുത്ത് വില്പന നടത്താൻ കേന്ദ്ര സർക്കാർ പദ്ധതിയിടുന്നതിന് എതിരെയാണ് നിലവിൽ മത്സ്യത്തൊഴിലാളികൾ പ്രതിഷേധിക്കുന്നത്. യുഡിഎഫ്, എൽഡിഎഫ് മുന്നണികളിലെ മത്സ്യത്തൊഴിലാളി സംഘടനകളും സ്വതന്ത്ര മത്സ്യത്തൊഴിലാളി സംഘടനകളുമടങ്ങിയ കേരള ഫിഷറീസ് കോർഡിനേഷൻ സമിതി ഇന്ന് (ഫെബ്രുവരി 27) കേന്ദ്ര സർക്കാരിന്റെ കടൽ മണൽ ഖനനത്തിനെതിരെ സംസ്ഥാനവ്യാപകമായി തീരദേശ ഹർത്താൽ നടത്തി.

കേരളത്തിന് സമീപം 74.5 കോടി ടൺ (745 ദശലക്ഷം ടൺ) മണൽശേഖരമുണ്ടെന്ന് ജിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ (ജി എസ് ഐ) മറൈൻ ആൻഡ് കോസ്റ്റൽ സർവ്വേ ഡിവിഷൻ നടത്തിയ പഠനത്തിൽ കണ്ടെത്തിയിട്ടുണ്ട്. കടലിൽ കേരളത്തിന്റെ അധികാരപരിധിയായ 12 നോട്ടിക്കൽ മൈൽ വരെയുള്ള, അതായത് തീരത്ത് നിന്ന് 22.22 കിലോമീറ്റർ വരെയുള്ള മേഖലയിലും (തീരക്കടൽ അഥവാ ടെറിട്ടോറിയൽ സീ) 12 നോട്ടിക്കൽ മൈലിനപ്പുറമുള്ള ഇക്കണോമിക് എസ്ക്ലൂസീവ് സോണിലു (പുറംകടൽ) മായി ഈ മണൽശേഖരം വ്യാപിച്ചു കിടക്കുന്നുവെന്നാണ് ജി എസ് ഐയ്ക്ക് വേണ്ടി ഡോ.ശൈലേഷ് നായിക്കിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റി നടത്തിയ പഠനത്തിൽ നിന്നും വ്യക്തമാവുന്നത്. കടൽ മേഖലയെ ബ്ലോക്കുകളായി തിരിച്ചുകൊണ്ട് ഗുജറാത്തിലെ പോർബന്തറിൽ മൂന്നു ബ്ലോക്കുകളിൽ നിന്ന് ചുണ്ണാമ്പും ചെളിയും, കേരളത്തിൽ കൊല്ലത്തെ മൂന്നു ബ്ലോക്കുകളിൽ നിന്നും നിർമ്മാണ ആവശ്യങ്ങൾക്കുള്ള കടൽമണലും, ആന്റമാൻ നിക്കോബാർ ദ്വീപിലെ ഏഴു ബ്ലോക്കുകളിൽ നിന്നും പോളിമെറ്റാലിക് നൊഡ്യൂൾസ് എന്നറിയപ്പെടുന്ന ധാതു വിഭവങ്ങളും, കൊബാൾട്ടും ഖനനം ചെയ്തെടുക്കാനാണ് കേന്ദ്രത്തിന്റെ പദ്ധതി.

REPRESENTATIVE IMAGE | WIKI COMMONS
ബ്ലൂ ഇക്കോണമി നയത്തിന്റെ ഭാഗമായി കേന്ദ്രസർക്കാർ തുടക്കം മുതലേ പ്രോത്സാഹിപ്പിക്കുന്ന ആഴക്കടൽ ഖനനം ഒടുവിൽ പ്രാവർത്തികമാക്കാൻ ഒരുങ്ങുമ്പോൾ അതിന് ആദ്യം വേദിയാവുന്നത് കേരളം ആണെന്ന പ്രത്യേകത കൂടിയുണ്ട്. ജിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ കണ്ടെത്തലനുസരിച്ച് കേരളത്തിലെ അഞ്ച് മേഖലകളിലായാണ് മേൽപ്പറഞ്ഞ 745 ദശലക്ഷം ടൺ മണൽശേഖരമുള്ളത്. പൊന്നാനി, ചാവക്കാട്, ആലപ്പുഴ, കൊല്ലം വടക്ക്, കൊല്ലം തെക്ക് എന്നിവയാണ് അവ. ഇതിൽ കൊല്ലം മേഖലയെ വീണ്ടും മൂന്ന് ബ്ലോക്കുകളായി തിരിച്ചാണ് മണൽ കുഴിച്ചെടുക്കാൻ ഉദ്ധേശിക്കുന്നത്. കേരളത്തിൽ ജി എസ് ഐ ആകെ കണ്ടെത്തിയ വെള്ള മണൽശേഖരത്തിന്റെ പകുതിയിലേറെയും വർക്കല മുതൽ അമ്പലപ്പുഴ വരെ 85 കിലോമീറ്ററിലായും 3,300 ചതുരശ്ര കിലോമീറ്റർ വിസ്​തൃതിയിലും പരന്നുകിടക്കുന്ന കൊല്ലം പരപ്പ് എന്നറിയപ്പെടുന്ന ഈ മേഖലയിലാണുള്ളത്. തീരത്ത് നിന്ന് 33 കിലോമീറ്റർ ഉള്ളിലുള്ള ആദ്യ ബ്ലോക്കിൽ 100.33 ദശലക്ഷം ടൺ മണലും തീരത്ത് നിന്ന് 30 കിലോമീറ്റർ അകലെയുള്ള രണ്ടാം ബ്ലോക്കിൽ 100.64 ദശലക്ഷം ടൺ മണലും തീരത്ത് നിന്ന് 27 കിലോമീറ്റർ അകലെയുള്ള മൂന്നാമത്തെ ബ്ലോക്കിൽ 101. 45 ദശലക്ഷം ടൺ മണലുമാണ് കേന്ദ്രസർക്കാർ ഊറ്റിയെടുക്കാൻ അഥവാ ഖനനം ചെയ്യാൻ തീരുമാനിച്ചിരിക്കുന്നത്.

1960കളിൽ നടന്ന ഇന്തോ - നോർവീജിയൻ പ്രോജക്ടിന്റെ ഭാഗമായി പൊതുശ്രദ്ധ പിടിച്ചുപറ്റുകയും പില്ക്കാലത്ത് ഇന്ത്യയിലെ ഏറ്റവും സജീവവും ആദായകരവുമായ മത്സ്യബന്ധന പ്രദേശമായി മാറുകയും ചെയ്ത കൊല്ലം പരപ്പ് നിരവധി കടൽ ജീവജാലങ്ങളുടെ പ്രധാന ആവാസകേന്ദ്രമാണ്. കണവ, കൊഞ്ച്, ചെമ്മീൻ, കലവ, കിളിമീൻ തുടങ്ങി മലയാളികളുടെ ഇഷ്ട മത്സ്യങ്ങളിൽ പലതിന്റെയും വലിയൊരു ശേഖരം കൊല്ലം പരപ്പിലുണ്ട്. യന്ത്രവൽകൃത യാനങ്ങളിലും ഫൈബർ വള്ളങ്ങളിലും ഇൻ ബോർഡ് വള്ളങ്ങളിലുമൊക്കെയായി ആയിരക്കണക്കിന് മത്സ്യത്തൊഴിലാളികൾ നിത്യവും മീൻ പിടിക്കാൻ പോവുന്ന മേഖലയാണിത്. കേരളത്തിലെ പ്രധാനപ്പെട്ട മത്സ്യബന്ധന ഹാർബറുകളും നിരവധി മത്സ്യത്തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന മത്സ്യബന്ധന ഗ്രാമങ്ങളും ഈ മേഖലയിൽ കാണാനാവും. ഇവരുടെയെല്ലാം ഉപജീവനത്തെ പ്രതികൂലമായി ബാധിക്കുന്നതാണ് കടലിലെ ഖനനം എന്ന ആശങ്കയാണ് മത്സ്യത്തൊഴിലാളികളെ സമരമുഖത്തേക്ക് നയിച്ചതിന് കാരണം. കടലിന്റെ അടിത്തട്ട് ഇളകി മറിയുന്നതോടെ ഭൗമരസതന്ത്രത്തിൽ സാരമായ മാറ്റങ്ങൾ ഉണ്ടായേക്കും. മണൽ കുഴിച്ചെടുക്കുന്നതിനായി കടലിന്റെ അടിത്തട്ടിൽ യന്ത്രമിറക്കുന്നതോടെ കടൽ കലങ്ങി മറിയാനും അതുവഴി മീൻ ഉൾപ്പെടെയുള്ള കടൽ ജൈവവൈവിധ്യത്തിന് പ്രാണവായു ഇല്ലാതാവാനും ഇടയാവും. ചില ജീവിവർഗങ്ങൾ പൂർണമായി നശിപ്പിക്കപ്പെടാനോ അവയുടെ എണ്ണത്തിൽ കാര്യമായ കുറവുണ്ടാക്കാനുമൊക്കെ ഇത്തരം മനുഷ്യ ഇടപെടലുകൾ കാരണമാവും. ഖനനത്തിനുപയോഗിക്കുന്ന കപ്പലുകളിൽ നിന്ന് കടലിന്റെ അടിത്തട്ടിലേക്ക് തള്ളുന്ന മലിനജലം ആ പ്രദേശത്തിന്റെ താപനിലയിൽ സാരമായി മാറ്റമുണ്ടാക്കും. കടൽ ഖനനം വഴി പ്രത്യക്ഷമായി ഉണ്ടാവാനിടയുള്ള ആഘാതങ്ങളാണ് ഇവയെങ്കിൽ, ഖനനത്തിന്റെ ഭാഗമായുള്ള ഉഗ്ര ശബ്ദവും പ്രകമ്പനങ്ങളും ശക്തമായ വെളിച്ചവുമെല്ലാം പരോക്ഷമായി കടൽ ആവാസ വ്യവസ്ഥയെ സാരമായി ബാധിക്കുന്ന പ്രശ്നങ്ങളാണ്.

ആഴക്കടൽ ഖനനം | PHOTO: WIKI COMMONS
ആഗോളതലത്തിൽ ആഴക്കടൽ ഖനനത്തിനെതിരെ ലോകരാജ്യങ്ങൾ എതിർപ്പുമായി രംഗത്ത് വരുന്നതിനിടെയാണ് ഇന്ത്യ ഇതുവരെ ഒപ്പുവച്ച സകല അന്താരാഷ്ട്ര കരാറുകളെയും കാലാവസ്ഥ വ്യതിയാന സംബന്ധിയായ ഉത്തരവാദിത്വങ്ങളെയും കാറ്റിൽപ്പറത്തിക്കൊണ്ട് കടൽ ഖനനത്തിന് കോപ്പു കൂട്ടുന്നത്. 2022 ൽ ലോകരാജ്യങ്ങൾ ഒപ്പു വച്ച കുൻമിങ് - മോൺട്രിയാൽ ആഗോള ജൈവ വൈവിധ്യ മാർഗരേഖ (KMGBF) യുടെ ഭാഗമായി 2030 ഓടെ ലോകത്തെ ജൈവ വൈവിധ്യത്തെ വീണ്ടെടുക്കാനുള്ള 23 ലക്ഷ്യങ്ങൾ നിജപ്പെടുത്തിയിരുന്നു. ഈ ലക്ഷ്യങ്ങൾ പൂർത്തീകരിക്കാനായി പ്രവർത്തിക്കും എന്ന് വാഗ്ദാനം ചെയ്ത രാജ്യങ്ങളുടെ കൂട്ടത്തിൽ ഇന്ത്യയുമുണ്ട്. ഇക്കഴിഞ്ഞ നവംബറിൽ കൊളംബിയയിലെ കാലിയിൽ (Cali) വച്ച് നടന്ന ഐക്യരാഷ്ട്രസഭയുടെ ജൈവ വൈവിധ്യ കൺവെൻഷനിൽ വെച്ച് ഇന്ത്യ തങ്ങളുടെ പുതുക്കിയ ദേശീയ ജൈവ വൈവിധ്യ ലക്ഷ്യങ്ങളുടെ കരട് രേഖ (National Biodiversity Strategy and Action Plan - NBSAP) അവതരിപ്പിക്കുകയും ചെയ്തു. 2030നകം ലോകസമുദ്രങ്ങളുടെ 30 ശതമാനം സംരക്ഷിതമേഖലയായി പ്രഖ്യാപിക്കണമെന്ന യുഎൻ തീരുമാനത്തെ ഈ പുതുക്കിയ മാർഗരേഖയുടെ ഭാഗമായി ഇന്ത്യ പിന്തുണയ്ക്കുകയും ചെയ്തിരുന്നു. 2020 മുതൽ 2030 വരെയുള്ള ഒരു പതിറ്റാണ്ടിനെ സമുദ്ര സംരക്ഷണത്തിന്റെ ദശകമായി ഐക്യരാഷ്ട്ര സഭ പ്രഖ്യാപിക്കുകയും ഈ ദശകം അവസാനിക്കാൻ ഇനി അഞ്ച് വർഷങ്ങൾ മാത്രം അവശേഷിക്കുന്ന സാഹചര്യത്തിൽ ലോകരാജ്യങ്ങൾ സമുദ്ര സംരക്ഷണത്തിന്റെ കാര്യത്തിൽ തങ്ങൾ എവിടെ വരെയെത്തിയെന്ന് ആത്മപരിശോധന നടത്തിക്കൊണ്ടിരിക്കുന്ന സമയവും കൂടിയാണിത്. 2030 നുള്ളിൽ ഇന്ത്യ തങ്ങളുടെ ഭൂമിയുടെയും ജലാശയങ്ങളുടെയും കടലിന്റെയും 30% സംരക്ഷിക്കുമെന്ന് 2022 ൽ പോർച്ചുഗലിലെ ലിസ്ബണിൽ വച്ച് നടന്ന യുഎൻ സമുദ്ര സമ്മേളനത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് സംസാരിച്ച കേന്ദ്ര മന്ത്രി ജിതേന്ദ്ര സിങ് പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തു. ആഴക്കടലിലെ ജൈവ വൈവിധ്യത്തെയും പരിസ്ഥിതിയെയും സംരക്ഷിക്കാനായി രൂപീകരിച്ച ബയോഡൈവേഴ്സിറ്റി ബിയോണ്ട് നാഷണൽ ജൂറിസ്ഡിക്ഷൻ (BBNJ) അഥവാ രാജ്യാതിർത്തികൾക്കപ്പുറത്തുള്ള ആഴക്കടലിലെ ജൈവവൈവിധ്യത്തെ സംരക്ഷിക്കുന്നത് സംബന്ധിച്ച കരാറിൽ ഏതാനും മാസങ്ങൾക്ക് മുൻപ് ഒപ്പു വച്ചതിലൂടെയും ആഴക്കടലിന്റെ 30% എങ്കിലും 2030 നുള്ളിൽ സംരക്ഷിക്കുമെന്ന് ഇന്ത്യ അന്താരാഷ്ട്ര വേദികളിൽ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ കടലിനെയും അതിലെ ജീവജാലങ്ങളെയും സംരക്ഷിക്കുന്നതിന് പകരം ഉന്മൂലനം ചെയ്യുന്ന നയങ്ങളുമായി മുന്നോട്ടു പോവാൻ തന്നെയാണ് ഇന്ത്യ ഉദ്ദേശിക്കുന്നതെന്ന് ഈ സമുദ്ര ഖനന പദ്ധതിയിലൂടെ വ്യക്തമാവുന്നു.

കേരളത്തിൽ ഇപ്പോൾ വെളുത്ത മണൽ ഖനനം മാത്രമാണ് കേന്ദ്രം ലക്ഷ്യം വയ്ക്കുന്നതെങ്കിലും തുടർന്നുള്ള ഘട്ടങ്ങളിൽ ഗുജറാത്തിലും ആന്റമാനിലേക്കും കടക്കുമ്പോൾ കടലിനുള്ളിൽ നിന്നും ധാതുക്കൾ കൂടി ഖനനം ചെയ്യാനാണ് കേന്ദ്രത്തിന്റെ പദ്ധതി. ലോകമെമ്പാടും ഇന്ന് നേരിടുന്ന കാലാവസ്ഥാ പ്രതിസന്ധിയ്ക്കുള്ള ഒരു പ്രധാന കാരണം കാർബൺ ഡൈ ഓക്സൈഡും നൈട്രസ് ഓക്സൈഡും പോലുള്ള ഹരിതഗൃഹ വാതകങ്ങളാണെന്ന് ഇതിനോടകം തന്നെ വ്യക്തമായിട്ടുണ്ടല്ലോ. ഹരിതഗൃഹ വാതകങ്ങളിൽ നിന്ന് രക്ഷപ്പെടാനുള്ള മാർഗമായി ഹരിതോർജ്ജത്തിലേക്ക് തിരിയാനുള്ള ആഹ്വാനവും ലോകമെമ്പാടും നിന്നുണ്ടായി. ഹരിതോർജ്ജത്തിലേക്ക് മാറാനുള്ള ശ്രമങ്ങളുടെ ഭാഗമായി നിരത്തിലേക്കിറങ്ങുന്ന ഇലക്ട്രിക് വാഹനങ്ങളിൽ ഉപയോഗിക്കുന്ന ബാറ്ററിയുടെ നിർമ്മാണത്തിന് അത്യാന്താപേഷിതമായ ചില ധാതുക്കളാണ് ലിഥിയം, കൊബാൾട്ട്, ഗ്രാഫൈറ്റ് എന്നിവ. ഇലക്ട്രിക് ബാറ്ററികളും കാറ്റാടിപ്പാടങ്ങളിലെ ടർബൈനുകളും സോളാർ പാനലുകളും പോലുള്ള കാർബൺ പുറന്തള്ളൽ കുറഞ്ഞ ഊർജ്ജ സ്രോതസ്സുകളുടെ നിർമ്മാണത്തിനായി ഇത്തരം ധാതുക്കളുടെ ആവശ്യം ഏറി വരികയാണ്. കരയിൽ നിന്നും ഈ ധാതുക്കൾ കുഴിച്ചെടുക്കുന്ന പ്രക്രിയ വളരെ സജീവമായി നടക്കുന്നുണ്ടെങ്കിലും ഏതാനും വർഷങ്ങൾക്കുള്ളിൽ മനുഷ്യരുടെ ഊർജ്ജാവശ്യങ്ങൾ സമ്പൂർണമായോ അതിന്റെ മുഖ്യഭാഗമോ ഹരിതോർജ്ജ മാർഗങ്ങളിലേക്ക് തിരിയുന്നതോടെ, അതായത് പെട്രോൾ/ഡീസൽ ഇന്ധനമുപയോഗിക്കുന്ന വാഹനങ്ങളിൽ നിന്നും നാം ഇലക്ട്രിക് വാഹനത്തിലേക്ക് ഏറെക്കുറെ മുഴുവനായി മാറുന്നതോടെ മേൽപറഞ്ഞ ധാതുക്കളുടെ ഭൂമിയിലെ ശേഖരം തികയാതെ വരാനിടയുണ്ട്. ഇതു മുന്നിൽക്കണ്ടാണ് ആഴക്കടലിനുള്ളിലെ ഈ ധാതുക്കളുടെ കമനീയ ശേഖരത്തിൽ കൈവയ്ക്കാനുള്ള പദ്ധതികളുമായി വൻകിട കോർപറേറ്റുകൾ ലോകമെമ്പാടും സജീവമായി രംഗപ്രവേശം ചെയ്തിരിക്കുന്നത്. കടലിലെ പ്രത്യേക സാമ്പത്തിക മേഖലയിലെ (EEZ) മണലിന്റെയും വിവിധ ധാതുക്കളുടെയും ഖനനത്തിനും വിതരണത്തിനും സംസ്ഥാന സർക്കാരുകൾക്കും പൊതുമേഖലയ്ക്കും മാത്രം അനുമതി നൽകിയിരുന്ന 2002–ലെ പുറംകടൽ ധാതുഖനന നിയമത്തിൽ (Offshore Minerals - Development and Regulation- Act, 2002) 2023ൽ കേന്ദ്ര സർക്കാർ ഭേദഗതി വരുത്തിയതോടെ സ്വകാര്യ മേഖലയ്ക്കും കടൽ ഖനനം നടത്താം എന്ന നില വന്നു. അദാനി ഗ്രൂപ്പും വേദാന്ത ഗ്രൂപ്പും പോലുള്ള രാജ്യത്തെ വൻകിട കോർപറേറ്റുകൾക്ക് കടൽ തുരക്കാനായി തുറന്നു കൊടുക്കുന്നതിനാണ് കേന്ദ്രം ഈ ഭേദഗതി നടപ്പാക്കിയതെന്നാണ് പരിസ്ഥിതി പ്രവർത്തകർ ആക്ഷേപിക്കുന്നത്.

REPRESENTATIVE IMAGE | WIKI COMMONS
ആഴക്കടലിലെ ഖനനവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ നയരൂപീകരണം നടത്തുന്നതിനായി ഐക്യരാഷ്ട്രസഭയ്ക്ക് അന്താരാഷ്ട്ര സീബെഡ് അതോറിറ്റി (ISA) എന്നൊരു സംവിധാനമാണുള്ളത്. സ്വയംഭരണാധികാരമുള്ള 169 ലോകരാജ്യങ്ങളും യൂറോപ്യൻ യൂണിയനും ചേർന്ന് ഒപ്പുവച്ച 'യുണൈറ്റഡ് നേഷന്‍സ് കണ്‍വെന്‍ഷന്‍ ഓണ്‍ ദി ലോ ഓഫ് ദി സീസ്' (UNCLOS) എന്ന നിയമാവലി രേഖയെ പ്രമാണമാക്കി എടുത്തുകൊണ്ടാണ് ഐ എസ് എ ഉൾപ്പെടെയുള്ള എല്ലാ സംവിധാനങ്ങളും ആഴക്കടലിലും സമുദ്ര അടിത്തട്ടുമായും ബന്ധപ്പെട്ട വിഷയങ്ങളിൽ നയരൂപീകരണം നടത്തുന്നത്. ഇതുപ്രകാരം, കടല്‍ത്തട്ടും അതിലെ ധാതുനിക്ഷേപങ്ങളും 'മനുഷ്യവംശത്തിന്റെ പൊതുസ്വത്ത്' ആയാണ് പരിഗണിക്കപ്പെടുന്നത്.  ലോക രാഷ്ട്രങ്ങളുടെ അധികാര പരിധിയ്ക്കപ്പുറത്തേക്ക് നീണ്ടു നിവർന്ന് കിടക്കുന്ന ‘ഹൈ സീ’ അഥവാ ആഴക്കടലിനെ കേന്ദ്രീകരിച്ച് വർഷങ്ങളായി വിപുലമായി ഗവേഷണങ്ങൾ നടക്കുന്നുണ്ടെങ്കിലും മനുഷ്യർക്ക് ഇതുവരെ എത്തിപ്പെടുക പോലും അസാധ്യമായ അഗാധ സമുദ്രത്തെപ്പറ്റി നമുക്ക് ഇപ്പോഴും വളരെ പരിമിതമായ അറിവ് മാത്രമേയുള്ളൂ. അതുകൊണ്ടുതന്നെ ഈ മേഖലയിൽ ഖനനം പോലുള്ള പ്രക്രിയയുമായി മുന്നോട്ടു പോവുന്നത് എത്രമാത്രം ദൂഷ്യഫലങ്ങൾ കടൽ പരിസ്ഥിതിക്കും ഭൂമിക്കും ഉണ്ടാക്കുമെന്ന കാര്യത്തിലും ലോകരാജ്യങ്ങളുടെ ധാരണകൾ പരിമിതമാണ്. എങ്കിലും 'ഹരിതവൈദ്യുതി'യിലേക്ക് ലോകത്തെ മാറ്റുന്ന 'ബാറ്ററി'കള്‍ക്ക് വേണ്ട നിക്കല്‍, കോബാള്‍ട്ട് പോലുള്ള ലോഹങ്ങള്‍ ലഭിക്കാന്‍ ആഴക്കടല്‍ ഖനനമാണ് ഏകപരിഹാരമെന്ന് ചൈനയെപ്പോലുള്ള വൻശക്തികൾ ഐ എസ് എ വേദികളിൽ ശക്തിയുക്തം വാദിക്കുന്നുണ്ട്. അതേസമയം ആഴക്കടൽ ഖനനം തടഞ്ഞുകൊണ്ടുള്ള മുൻകരുതൽ നിരോധനം ഏർപ്പെടുത്തണമെന്ന വാദമാണ് ജർമ്മനി, ഫ്രാൻസ്, ചിലി, കോസ്റ്ററിക്ക എന്നിവ പോലുള്ള രാജ്യങ്ങൾ മുന്നോട്ടുവയ്ക്കുന്നത്.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സമുദ്രങ്ങളിൽ നിന്നും നീക്കം ചെയ്യപ്പെടുന്ന മണലിന്റെ സ്ഥിതിവിവര കണക്കുകൾ ആദ്യമായി ഐക്യരാഷ്ട്ര സഭയുടെ പരിസ്ഥിതി വിഭാഗം (UNEP) ക്രോഡീകരിച്ചപ്പോൾ പുറത്തു വന്ന വിവരമനുസരിച്ച്, 600 കോടി ടൺ മണലാണ് പ്രതിവർഷം സമുദ്രങ്ങളിൽ നിന്നും ഡ്രെഡ്ജിങിലൂടെയും മറ്റും നീക്കം ചെയ്യപ്പെടുന്നത്. അനിയന്ത്രിതമായ ഖനനം മൂലം കടൽ, തീര പരിസ്ഥിതിയിൽ സാരമായ ആഘാതങ്ങൾ ഏൽക്കേണ്ടി വന്നതോടെ പല രാജ്യങ്ങളും കടൽ മണൽ ഖനനത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ന്യൂസിലന്റിലെ ക്വീൻസ്ലൻറ്, മൊറോക്കോ, കരീബിയൻ ദ്വീപുകൾ, നെതർലന്റ്സ് എന്നീ രാജ്യങ്ങളിൽ കടൽ ഖനനം വൻതോതിൽ തീരനഷ്ടത്തിന് ഇടയാക്കിയിട്ടുണ്ട്. എന്നാൽ ഒരു കാലത്ത് കടൽ ഖനനത്തിന്റെ രൂക്ഷഫലം നേരിട്ടനുഭവിച്ച ഇന്തോനേഷ്യ ഉൾപ്പെടെയുള്ള ചില രാജ്യങ്ങൾ കടൽ ഖനനത്തിന് അനുകൂലമായ നിലപാടുകളുമായി വീണ്ടും രംഗത്ത് വരുന്ന കാഴ്ചയും അടുത്തിടെ ലോകം കണ്ടു. ഇന്തോനേഷ്യയിലെ സുമാത്ര, ജാവ പ്രവിശ്യകളിൽ കടൽ ഖനനം മൂലം മണൽ ദ്വീപുകൾ പൂർണമായി തകരുകയും രൂക്ഷമായ തീരശോഷണത്തിന് ഇടയാവുയും കടൽപ്പാരുകളും പവിഴപ്പുറ്റുകളും നശിച്ചു പോവുകയും ചെയ്തതോടെയാണ് 20 വർഷം മുൻപ് ഇന്തോനേഷ്യ കടൽ ഖനനത്തിന് ശക്തമായ വിലക്ക് ഏർപ്പെടുത്തിയത്. എന്നാൽ 2023 ൽ ഈ വിലക്ക് ഇന്തോനേഷ്യൻ സർക്കാർ പിൻവലിച്ചുകൊണ്ട് കടൽ ഖനനത്തിനായി വീണ്ടും വാതായനങ്ങൾ തുറന്നു. അതുപോലെ, കടൽ സംബന്ധിയായ ഗവേഷണങ്ങളിലും ഇടപെടലുകളിലും ലോകരാജ്യങ്ങൾക്കിടയിൽ എക്കാലത്തും മാതൃകയായി നിലകൊണ്ട നോർവേ, കഴിഞ്ഞ വർഷം ജനുവരിയിൽ വാണിജ്യാവശ്യങ്ങൾക്കായി ആഴക്കടലിൽ ധാതു ഖനനം നിയമപരമാക്കുന്ന ലോകത്തെ ആദ്യത്തെ രാജ്യമായി മാറിയത് സമുദ്ര പരിസ്ഥിതി സംരക്ഷണ മേഖലയ്ക്ക് ഞെട്ടലുണ്ടാക്കിയിരുന്നു. എന്നാൽ ലോകമെമ്പാടും നിന്നുള്ള പ്രതിഷേധങ്ങളെത്തുടർന്നും നോർവീജിയൻ ഇടതുപക്ഷ പാർട്ടിയുടെ ശക്തമായ വിയോജിപ്പും കാരണം ഇക്കഴിഞ്ഞ ഡിസംബറിൽ ഈ നീക്കം താല്ക്കാലികമായെങ്കിലും ഉപേക്ഷിക്കുകയാണെന്ന് നോർവേ പ്രഖ്യാപിച്ചു. ഇത് ആഗോള രംഗത്ത് ആഴക്കടൽ ഖനനത്തിനെതിരെ ശബ്ദമുയർത്തിയവരിൽ വലിയ പ്രതീക്ഷയാണ് ഉണ്ടാക്കിയത്. നോർവേ സർക്കാരിന് ഖനന തീരുമാനത്തിൽ നിന്ന് പിന്നോട്ടു പോവാൻ സാധിച്ചെങ്കിൽ എന്തുകൊണ്ട് ഇന്ത്യയിൽ അത് സാധിച്ചുകൂടാ എന്ന ചോദ്യമാണ് ഇവിടെ പ്രസക്തമാവേണ്ടത്.

REPRESENTATIVE IMAGE | WIKI COMMONS
സർക്കാരുകൾ മുന്നോട്ടു വയ്ക്കുന്ന ഖനന പദ്ധതികളെ പൊതുജന പ്രക്ഷോഭത്തിലൂടെ വിജയകരമായി തടയാൻ സാധിച്ചതിന്റെ ഉദാഹരണങ്ങൾ തേടി യൂറോപ്പിലേക്കോ നോർവ്വെയിലേക്കോ പോലും പോവേണ്ടതില്ല. തമിഴ്നാട്ടിലെ മധുരൈയിലെ നായക്കർപട്ടി ടങ്സ്റ്റൺ ധാതുശേഖരത്തിൽ ഖനനം നടത്താനുള്ള കേന്ദ്ര സർക്കാരിന്റെ നീക്കത്തെ ആ പ്രദേശത്തെ കർഷകരുടെ ശക്തമായ ചെറുത്തുനിൽപിലൂടെ തടയാൻ സാധിച്ചൊരു ഉദാഹരണം നമ്മുടെ തൊട്ടയൽപ്പക്കത്ത് നിന്നു തന്നെയുണ്ട്. ഖനനം യാഥാർത്ഥ്യമായാൽ അവിടുത്തെ അപൂർവ്വ ജൈവ വൈവിധ്യത്തിന്റെ നാശം സമ്പൂർണമാവും എന്ന ആശങ്ക കേന്ദ്രത്തിന് മുൻപിലെത്തിക്കാൻ പൊതുജന പ്രക്ഷോഭത്തിനും സംസ്ഥാന സർക്കാരിന്റെ കൃത്യമായ ഇടപെടലിനും സാധിച്ചതിലൂടെയാണ് കേന്ദ്രം ടങ്സ്റ്റൺ ഖനനത്തിൽ നിന്ന് പിന്മാറിയത്. ടങ്സ്റ്റൺ ഖനന വിഷയത്തിന് സമാനമായി തെക്കൻ  കന്യാകുമാരി ജില്ലയിലെ കിള്ളിയൂർ താലൂക്കിൽപ്പെടുന്ന മത്സ്യബന്ധന മേഖലയിലെ അപൂർവ്വ ഭൗമ ധാതുക്കൾ ഖനനം ചെയ്യാനുള്ള നീക്കത്തിൽ നിന്ന് പൊതുമേഖലാ സ്ഥാപനമായ ഐ ആർ ഇ എൽ (IREL India) പിന്മാറണമെന്ന് ആവശ്യപ്പെട്ട് അവിടുത്തെ മത്സ്യത്തൊഴിലാളികളും പരിസ്ഥിതി പ്രവർത്തകരും നടത്തിയ സമരങ്ങളെത്തുടർന്ന് ഐ ആർ ഇ എൽ ന്റെ മണവാളക്കുറിച്ചി പ്ലാന്റ് തന്നെ അടച്ചു പൂട്ടാനുള്ള പ്രമേയം തമിഴ്നാട് നിയമസഭ പാസാക്കിയത് ഇക്കഴിഞ്ഞ ഡിസംബറിലാണ്. ഇതേത്തുടർന്ന് പ്രസ്തുത ഖനനം തന്നെ ഏതാണ്ട് നിലച്ച മട്ടാണ്.

ഈ പ്രതിഷേധങ്ങളും ചെറുത്തുനില്പുകളും തമിഴ്നാട്ടിൽ കാര്യമായ സ്വാധീനമുണ്ടാക്കിയത് പോലെ, അവിടുത്തെ കരയിലെയും തീരത്തെയും ഖനന ശ്രമങ്ങൾക്ക് തടയിടാനുള്ള നയരൂപീകരണത്തിലേക്ക് നയിച്ചത് പോലെ കേരളത്തിലും ആവർത്തിക്കേണ്ടതുണ്ട്. ഒരു കാലത്ത് പൗരസമിതികളുടെയും പൊതുജന പ്രക്ഷോഭങ്ങളുടെയും ഈറ്റില്ലമായിരുന്ന, നിരന്തര പ്രതിപക്ഷ സ്വഭാവം കക്ഷിരാഷ്ട്രീയ ചട്ടക്കൂടുകൾക്ക് അപ്പുറത്തേക്കും വ്യാപിച്ചിരുന്ന കേരളത്തിന്റെ പൊതു ഇടങ്ങളുടെ പ്രതികരണ നാവ് ഇന്ന് ഏതാണ്ട് മുറിച്ചു മാറ്റപ്പെട്ട അവസ്ഥയിലാണുള്ളത്. സർക്കാരിനെതിരെ ശബ്ദിക്കുന്നവർ ‘അരാജകശക്തി’ കളും (ആശാ വർക്കർമാരുടെ സമരത്തെ ‘അരാജക ശക്തികൾ’ നയിക്കുന്ന സമരമെന്ന് ഇടതുപക്ഷ നേതാവ് എളമരം കരീം വിശേഷിപ്പിച്ചിട്ട് അധികമായിട്ടില്ല), വികസന പദ്ധതിയ്ക്കെതിരെ ആശങ്ക ഉയർത്തുന്നവർ രാജ്യദ്രോഹികളും സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ മാപ്രകളുമൊക്കെ ആയി കുറേ കൂടുകൾക്കുള്ളിലേക്ക് തളയ്ക്കപ്പെടുന്ന ഈ കെട്ട കാലത്ത് ഏതൊരു വിമത ശബ്ദത്തിനും കേരളത്തിൽ കാര്യമായ ആയുസ്സില്ലെന്ന സ്ഥിതിയാണുള്ളത്. കടൽ ഖനനത്തിനെതിരെ കേന്ദ്രത്തിനൊരു കത്തെഴുതിയതോടെ തങ്ങളുടെ ഉത്തരവാദിത്വം അവസാനിച്ചെന്ന മട്ടാണ് ഇടതുപക്ഷം ഭരിക്കുന്ന കേരളത്തിലെ സർക്കാരിന്റേത്. ചിത്തരഞ്ജന്റെ നേതൃത്വത്തിൽ ഇടതുപക്ഷ മത്സ്യത്തൊഴിലാളി യൂണിയനും ടി എൻ പ്രതാപന്റെ നേതൃത്വത്തിൽ കോൺഗ്രസ് ആഭിമുഖ്യമുള്ള മത്സ്യത്തൊഴിലാളി യൂണിയനും കേരളതീരം സ്തംഭിപ്പിച്ച് 27 ന് തീരദേശ ഹർത്താൽ പ്രഖ്യാപിച്ചിട്ടും, തുടർച്ചയായ സമരങ്ങളുമായി രംഗത്ത് വന്നിട്ടും മുഖ്യമന്ത്രി പിണറായി വിജയൻ കടൽ ഖനന വിഷയത്തിൽ ഇതുവരെയും പ്രതികരിച്ചിട്ടില്ല. മത്സ്യത്തൊഴിലാളി സമൂഹം മാസങ്ങളോളം സമരപ്പന്തലിലിരുന്ന് നയിച്ച വിഴിഞ്ഞം തുറമുഖ പദ്ധതിയ്ക്കെതിരായ സമരത്തെ തോല്പിക്കാൻ ശ്രമിച്ച അതേ സർക്കാർ തന്നെയാണ് ഇപ്പോഴും അധികാരത്തിലുള്ളത് എന്നത്, ഇതേ തീരദേശത്ത് നിന്നു തന്നെയുള്ളൊരു സാമൂഹിക പ്രവർത്തക എന്ന നിലയിൽ എനിക്ക് യാതൊരു ശുഭപ്രതീക്ഷയും നൽകുന്നില്ല. കേന്ദ്ര സർക്കാരിൽ സമ്മർദ്ദം പ്രയോഗിക്കാൻ സ്റ്റാലിൻ സർക്കാരിന് സാധിക്കുന്നെങ്കിൽ പിണറായി സർക്കാരിനും സാധിക്കേണ്ടതു തന്നെയാണ്. അതിന് പൊതുസമൂഹവും കടൽ ഖനനത്തിനെതിരെ സംസാരിച്ചു തുടങ്ങേണ്ടതുണ്ട്.




#outlook
Leave a comment