രക്തസാക്ഷിത്വം സ്വാതന്ത്ര്യ സമരമാണ്!
ചരിത്രത്തെ ഫിക്ഷനായി അവതരിപ്പിക്കുമ്പോള്‍ ചരിത്രത്തോടു നീതികാട്ടണോ ഫിക്ഷനോട് നീതികാട്ടണോ എന്ന സന്ദേഹം സ്വാഭാവികമായും സൃഷ്ടാവിന് ഉണ്ടാവാം. ഈ സന്ദേഹത്തെ ക്രിയാത്മകമായി മറികടന്ന നോവലാണ് '9 mm ബെരേറ്റ'. ദേശ ചരിത്രത്തെ ഭാവനയുടെ കുഴലിലൂടെ കടത്തിവിടുമ്പോള്‍ ചരിത്രത്തില്‍ മായം കലരാതെ ഭാവനയെ ജ്വലിപ്പിക്കുന്നു എന്നതാണ് ഈ നോവലിന്റെ സൗന്ദര്യ രഹസ്യം.
ഗാന്ധിവധവും, അതിലേക്കു നയിച്ച കാരണങ്ങളും നിരത്തുന്ന കേവലമായ ഒരു ചരിത്ര വിവരണമല്ല ഈ നോവല്‍. സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ രക്തസാക്ഷിത്വത്തിനു നിദാനമായ കൃത്യത്തിലൂടെ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തെ വിഴുങ്ങിക്കൊണ്ടിരിക്കുന്ന വര്‍ഗീയ രാഷ്ട്രീയത്തെ, വര്‍ത്തമാന ഇന്ത്യന്‍ രാഷ്ട്രീയ കാലാവസ്ഥയുടെ നിയന്ത്രങ്ങളേറ്റെടുക്കാന്‍ തക്കവണ്ണം പ്രാപ്തമാക്കിയ ആശയങ്ങളെയും, പ്രവര്‍ത്തനങ്ങളെയും വിശകലനം ചെയ്യുന്ന മികച്ച രാഷ്ട്രീയ ചരിത്ര നോവലാണ് '9 mm ബെരേറ്റ'.
1948 ല്‍ നിന്ന് 2022 ലേക്കുള്ള ഹിന്ദുത്വ അജണ്ടകളുടെ പ്രസരിപ്പിന് ഉന്മേഷം പകര്‍ന്ന വര്‍ഗവര്‍ണ സങ്കല്പങ്ങളുടെ വളര്‍ച്ചയെ പ്രതിപാദിക്കുമ്പോഴും, ഗാന്ധിവധ ഗൂഢാലോചനകളുടെ കല്‍ക്കരിപ്പുക പടര്‍ന്ന കാലത്തെ വിചാരണ ചെയ്യുമ്പോഴും, വ്യത്യസ്തമായ ആ രണ്ടു കാലങ്ങളെ ഇരട്ടപ്പാതയിലൂടെ സമാന്തരമായി സഞ്ചരിക്കുന്ന തീവണ്ടിയാത്രയിലെന്നപോലെ വായനക്കാര്‍ അനുഭവിക്കുന്നു. ഭാവനയും, ചരിത്രവും ഇഴചേര്‍ന്ന കെട്ടുറപ്പുള്ള ഡോക്യുഫിക്ഷന്‍ ഘടനയുടെ മികച്ച മാതൃകയാണ് ഈ കൃതി. എഴുത്തുകാരന്‍ സൃഷ്ടിച്ചെടുക്കുന്ന ഭാവനാത്മകമായ രാഷ്ട്രീയ പരിസരങ്ങള്‍ നിത്യജീവിതത്തിന്റെ നേര്‍പകര്‍പ്പായി വായനക്കാരന്‍ അനുഭവിക്കുമ്പോള്‍, എഴുത്തുകാരനും വായനക്കാരും കൂടിച്ചേര്‍ന്ന ആ സര്‍ഗാത്മക കലാപ്രവര്‍ത്തനം സാമൂഹിക ഉത്തരവാദിത്തമുള്ള ഒരു രാഷ്ട്രീയ പ്രവര്‍ത്തനമായി ഉയര്‍ത്തപ്പെടുന്നത് അതുകൊണ്ടാണ്.
സവര്‍ണ ഫാസിസ്റ്റ് രാഷ്ട്രീയം ജീവിച്ചിരുന്ന ഗാന്ധിയെക്കാള്‍ മരിച്ച ഗാന്ധിയെ ഭയപ്പെടുന്നുവെന്നതിന്റെ ഏറ്റവും നല്ല തെളിവാണ് ഡല്‍ഹിയിലെ ഗാന്ധി മ്യൂസിയത്തില്‍ നിന്നും അപ്രത്യക്ഷമായ വധത്തിനുപയോഗിച്ച തോക്ക്. സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ തീവ്രവാദി ആക്രമണത്തെ വിശുദ്ധവത്കരിക്കാന്‍ നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുന്ന സവര്‍ണ പ്രത്യയശാസ്ത്രതന്ത്രങ്ങള്‍ ഏറ്റവും കൂടുതല്‍ പ്രചരിക്കുന്നത് സോഷ്യല്‍ മീഡിയകളിലൂടെയാണ്. അവരുടെ ഐടി സെല്ലിന്റെ പ്രവര്‍ത്തനങ്ങള്‍ പ്രധാനമായും ലക്ഷ്യംവയ്ക്കുന്നത് വിദ്വേഷവും അസത്യവും പ്രചരിപ്പിക്കുന്നതിനാണ്. ഹിന്ദു സംസ്‌കാരത്തിനപ്പുറം സഞ്ചരിച്ച മതവര്‍ഗീയ ആശയങ്ങള്‍ നടപ്പില്‍ വരുത്തിയ ആക്രമണങ്ങള്‍ക്കും വംശഹത്യകള്‍ക്കും ഊര്‍ജം പകര്‍ന്ന ഐടി സെല്‍ പ്രവര്‍ത്തനങ്ങളുടെ രഹസ്യ സ്വഭാവങ്ങളെ ഈ നോവല്‍ അനാവരണം ചെയ്യുന്നു.
രാഷ്ട്രപിതാവിന്റെ കൊലയാളി സംഘത്തെ നിയന്ത്രിച്ച സവര്‍ക്കറിന്റെയും, ആയുധ ഇടപാടുകാരുടെയും, സംഘാംഗങ്ങളായ ഗോഡ്‌സെയുടെയും, ആപ്‌തെയുടെയും, കാര്‍ക്കറെയുടെയും സ്വകാര്യ ജീവിതങ്ങളിലൂടെ നോവലിസ്റ്റ് വായനക്കാരനെ കൂട്ടികൊണ്ടുപോകുമ്പോള്‍ കൊലയാളികള്‍ അവരുടെ രാഷ്ട്രസങ്കല്പത്തിനായി സ്വജീവിതത്തെ ബലി കൊടുക്കുന്നത് ഭീതിയോടെ മാത്രമേ ഉള്‍ക്കൊള്ളാനാവുകയുള്ളൂ. മാത്രമല്ല അതൊരു ഭീകരപ്രവര്‍ത്തനവുമാണ്. ജനത നേരിടുന്ന ഈ പ്രതിസന്ധിയെ അഡ്രസ് ചെയ്യുന്ന കൃതി എന്ന നിലയില്‍ വരുംകാലങ്ങളില്‍ രാഷ്ട്രീയ ചരിത്ര പഠിതാക്കള്‍ക്ക് ഒരു പാഠപുസ്തകമായി '9 mm ബെരേറ്റ' മാറുമെന്നതില്‍ തര്‍ക്കമില്ല.
ചരിത്രത്തില്‍ ഇടപെട്ട വ്യക്തികളെയും, അവര്‍ സൃഷ്ടിച്ച ചരിത്രത്തെയും ഒരു പിഴവും കൂടാതെ അവതരിപ്പിക്കുക മാത്രമല്ല, സാമ്പ്രദായിക സാഹിത്യ സൗന്ദര്യസങ്കല്പങ്ങളെ തകിടംമറിച്ച ആഖ്യാന മികവിലൂടെ, വായന പകരുന്ന ഭീതിദമായ കാലാനുഭവത്തിലേക്ക് ജനാധിപത്യ ബോധമുള്ള ഏതൊരു സ്വതന്ത്രമനുഷ്യനെയും തങ്ങളുടെ കാലത്തെ അരക്ഷിതാവസ്ഥയെക്കുറിച്ച് ഓര്‍മപ്പെടുത്തുന്ന ഒരു ദിനാന്ത്യ കുറിപ്പാണ് '9 mm ബെരേറ്റ'. നോവലില്‍ ഒരിടത്ത് ഇങ്ങനെ വായിക്കാം: ''ഘാതകന് ആത്മസംയമനം വേണം. ഇരയുടെ മഹത്വം ഭാരമാകുമ്പോഴാണ് കൊലയാളി പതറുക. ഇയാള്‍ക്ക് മരണം ക്ഷണിക്കാന്‍ പോകുന്നവന്റെ ധ്യാനമില്ല.' ആപ്‌തെ കൂട്ടുകാരന്റെ മനോബലമില്ലായ്മക്ക് മാപ്പുകൊടുത്തു. നാരായണ്‍ ആപ്‌തെയുടെ ഈ കാഴ്ചപ്പാട് തന്നെയാണ് അവരുടെ ജീര്‍ണരാഷ്ട്രീയത്തിന്റെ മാനിഫെസ്റ്റോ. അതിനുള്ളില്‍ തന്നെയുണ്ട് ഇരയുടെ മഹത്വത്തെ അവഗണിക്കുക എന്നുള്ളത്. ഇര ഒരു ജനതയായി മാറുമ്പോള്‍, അവരുടെ സിദ്ധാന്തങ്ങള്‍ എങ്ങനെയാണ് സമൂഹത്തിന് ഭീഷണിയായി തീര്‍ന്നതെന്ന് ഈ കൃതി വളരെ ലളിതമായി നമ്മെ പഠിപ്പിക്കുന്നു.
ജനാധിപത്യ സംവിധാനത്തില്‍ ജനതയ്ക്ക് പ്രസക്തിയുണ്ടാകുന്നത് തിരഞ്ഞെടുപ്പു കാലത്തു മാത്രമാണ്. ഭരണം നിലനിര്‍ത്തുകയോ പിടിച്ചെടുക്കുകയോ ചെയ്യുന്നതിനു വേണ്ടിയുള്ള ഒരു ഫാന്‍സി ഡ്രസ് കോമ്പറ്റീഷനാണ് ഇലക്ഷന്‍ എന്ന് നിര്‍വചിക്കാം. ഭരിക്കപ്പെടുമ്പോള്‍ ഭയവും വിധേയത്വവുമാണ് ഒരു പൗരനു വേണ്ടതെന്ന് തങ്ങളുടെ ഭരണ പരിപാടികളിലൂടെ ഭരണകര്‍ത്താക്കള്‍ ജനങ്ങളെ ബോധ്യപ്പെടുത്തിക്കൊണ്ടിരിക്കുന്നു. അതിനുവേണ്ടി ജനോപകാരപ്രദമെന്ന് പ്രത്യക്ഷത്തില്‍ തോന്നിപ്പിക്കുന്ന നിയമനിര്‍മാണങ്ങളും പോളിസികളും നടപ്പാക്കിക്കൊണ്ടിരിക്കുന്നു. ഭരണകൂടം സ്വന്തം ജനതയെ തന്നെ ശത്രുപക്ഷത്തു പ്രതിഷ്ഠിക്കുന്നതിന് ഭരണഘടനാസ്ഥാപനങ്ങളെ തന്നെ ഉപകരണമാക്കി മാറ്റുന്ന സ്ഥിതിവിശേഷം ഏറ്റവും രൂക്ഷമാകുന്നത് അടിയന്തിരാവസ്ഥാകാലം മുതലാണ്. മനുഷ്യാവകാശ പ്രവര്‍ത്തകരെയും, പ്രതിഷേധിക്കുന്ന ജനങ്ങളെയും രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റു ചെയ്യുമ്പോള്‍ അവര്‍ ചെയ്ത രാജ്യദ്രോഹമെന്തെന്ന് നിര്‍വചിക്കാന്‍ ഭരണകൂടത്തിനോ അവരുടെ ഉപകരണങ്ങള്‍ക്കോ കഴിയുന്നില്ല. ഒരു വശത്ത് ഇത്തരം ഭരണകൂട സമീപനങ്ങളെ വളമാക്കി അവരുടെ ഒത്താശയോടു കൂടി മതതീവ്രവാദ സംഘടനകള്‍ പടര്‍ന്നുപന്തലിക്കുന്നു. കപട ദേശീയതയുടെ മുഖംമൂടിയണിഞ്ഞ തീവ്രവലതുപക്ഷ സഹകരണസംഘങ്ങളുടെ സങ്കീര്‍ണമായ സാഹചര്യങ്ങളെ അവതരിപ്പിക്കുന്ന '9 mm ബെരേറ്റ' ഒരു ഫിക്ഷന്‍ എന്നതിനപ്പുറം ഭരണകൂട ഭീകരതയില്‍ ഇന്ത്യന്‍ ജനത നേരിടുന്ന ചരിത്രപരമായ ദുര്‍വിധികളെ അടയാളപ്പെടുത്തുന്നു.
ഇന്ന് ലോകത്തെല്ലായിടത്തും ജനാധിപത്യമെന്നത് പരിഹാസ്യമായ ഒരു വാക്കായി തീര്‍ന്നിരിക്കുന്നു. വ്യാപാരാധിഷ്ഠിത കോര്‍പ്പറേറ്റ് ആധിപത്യം നിലനിര്‍ത്തേണ്ടത് ഏകാധിപത്യ സ്വഭാവമുള്ള ഏതൊരു ഭരണകൂടത്തിന്റെയും ആത്യന്തിക ലക്ഷ്യമാണ്. രാജ്യത്തെ പൊതുമേഖലയെ സ്വകാര്യവത്കരിക്കുന്നത് അതുകൊണ്ടാണ്. അതിനെതിരെ ഉയരുന്ന എതിര്‍പ്പുകളെയും പ്രതിരോധങ്ങളെയും അടിച്ചമര്‍ത്തുകയല്ലാതെ ഭരണകൂടത്തിന് മറ്റു വഴികളില്ലാതെ വരുന്നു. നിലവില്‍ ജനാധിപത്യ മൂല്യങ്ങള്‍ക്കപ്പുറം മുതലാളിത്ത ഭരണ സംവിധാനങ്ങളിലൂടെ ദേശവിരുദ്ധനയങ്ങള്‍ നടപ്പിലാക്കുമ്പോള്‍ പുണ്യപുരാണ രാമകഥകള്‍ ദേശീയതയായി പരിണമിക്കുന്നു. എതിര്‍പ്പുകളെ തീവ്രവാദ പ്രവര്‍ത്തനമായും രാജ്യദ്രോഹക്കുറ്റമായും നിലനിര്‍ത്തി അടിച്ചമര്‍ത്തുന്നു. അത്തരത്തിലുണ്ടായ കേസുകളുടെ എണ്ണം പരിശോധിച്ചാല്‍ രാജ്യം എത്രമാത്രം അപകടകരമായ അവസ്ഥയിലൂടെയാണ് നീങ്ങികൊണ്ടിരിക്കുന്നതെന്ന് നമുക്ക് ബോധ്യമാകും. ഇതിനെതിരെ സംസാരിക്കുന്ന പ്രസ്ഥാനങ്ങളെയും, എഴുത്തുകാരെയും ഉന്മൂലനത്തിലൂടെ നിശ്ശബ്ദമാക്കുവാനാണ് അവര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. കല്‍ബുര്‍ഗിയുടെയും, പന്‍സാരയുടെയും, ഗൗരി ലങ്കേഷിന്റെയും കൊലപാതകങ്ങളിലൂടെ സമൂഹത്തിന് അവര്‍ നല്‍കുന്ന സന്ദേശങ്ങള്‍ അതാണ്. ഹിറ്റ്‌ലറിന്റെയും, മുസോളിനിയുടെയും ഇരുളടഞ്ഞ കാലത്തിലേക്ക് വലിച്ചിഴയ്ക്കാന്‍ വ്യാജ ദേശീയതയ്ക്ക് കഴിയുന്നത് അതുകൊണ്ടാണ്. ഇങ്ങനെയുള്ള ഇന്ത്യന്‍ അവസ്ഥയുടെ ഭൂപടമാണ് ഈ നോവല്‍. അമേരിക്കന്‍ നോവലിസ്റ്റ്, ജാക്ക് ലണ്ടന്‍ എഴുതിയ അയണ്‍ ഹീല്‍, ഗോട്ടിമാലിയന്‍ എഴുത്തുകാരനും നൊബേല്‍ സമ്മാന ജേതാവുമായ മിഗുല്‍ അഗ്വല്‍ അസ്തുറിയാസ് (Miguel Angel Asturias) എഴുതിയ ദ പ്രസിഡന്റ് എന്ന നോവലിലും ആണ് ദേശരാഷ്ട്രീയ ചരിത്രം സര്‍ഗാത്മക സാഹിത്യമായി ഭരണകൂട ഭീകരതയ്‌ക്കെതിരെ ഇന്നും നിലനില്‍ക്കുന്നത്. ഈ ഗണത്തില്‍ തന്നെയാണ് വിനോദ് കൃഷ്ണയുടെ നോവലിന്റെയും സ്ഥാനം.
വിനോദ് കൃഷ്ണ | Photo: Facebook
ഈ നോവലില്‍ ശ്രദ്ധേയമായ മറ്റൊരു കാര്യം, ഒരു ഡോക്ടര്‍ കഥാപാത്രത്തിന്റെ ആന്തരിക സംഘര്‍ഷങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിലൂടെ വിവരിക്കുന്നതാണ്. പോസ്റ്റുമോര്‍ട്ട നടപടിക്രമങ്ങള്‍ക്കിടയില്‍ ഡോക്ടറുടെ ആത്മസംഘര്‍ഷങ്ങളെ ഭൗതീകമായ ഒരു പ്രക്രിയയ്ക്ക് ഉപരിയായി ഹൃദയം, തലച്ചോര്‍ എന്നിവ എടുത്തുമാറ്റുമ്പോഴുള്ള വിവരണം വായനക്കാരന്റെ പ്രജ്ഞയെ സ്തംഭിപ്പിക്കുന്നതാണ്. മുമ്പ് മലയാളത്തിലെ കഥകളിലോ, നോവലുകളിലോ ഒന്നും തന്നെ ഒരു പോസ്റ്റ്‌മോര്‍ട്ടത്തിന്റെ സമ്പൂര്‍ണ വിവരണം ഇത്രയും ക്രിയാത്മകമായി കഥയോട് ചേര്‍ന്നുപോകുന്ന രീതിയില്‍ സംഭവിച്ചിട്ടില്ല. പോസ്റ്റുമോര്‍ട്ടം നടക്കുന്ന സ്ഥലത്ത് നില്‍ക്കുന്ന പ്രതീതി വായനക്കാര്‍ക്ക് ഉണ്ടാകുന്നു.
അതുപോലെ തന്നെ ജാതിയും പാചകവും തമ്മിലുള്ള ബന്ധത്തെ സൂചിപ്പിക്കുന്ന ഒരു ഭാഗം നോവലിസ്റ്റ് വിവരിക്കുന്നത്, മസാല ബാത്ത് എന്ന റെസിപ്പി പറഞ്ഞുകൊണ്ടാണ്. കഥാപാത്രത്തിന്റെ മാനസിക നിലയും പാചക കലയും അതിമനോഹരമായ സാഹിത്യരൂപമായി ഇഴചേര്‍ന്നു കിടക്കുന്നു. വിമല്‍ വന്‍സാര എന്ന കാമുകന്‍ വീട്ടിലേക്ക് വരുന്ന സന്ദര്‍ഭത്തില്‍ സല്‍ക്കരിക്കാനായി കാമുകി മേധ കോഹ്ലെ മസാല ബാത്ത് ഉണ്ടാക്കുമ്പോള്‍, എങ്ങനെയാണ് ജാതി, വെറുപ്പിന്റെ രാഷ്ട്രീയത്തില്‍ വിവിധ മനുഷ്യര്‍ കഴിക്കുന്ന ഭക്ഷണവുമായി ബന്ധപ്പെട്ട് നില്‍ക്കുന്നതെന്ന് നാം വായിക്കുന്നു. എത്തിക്‌സ് ഓഫ് ഡയറ്റ് എന്ന പുസ്തകം വായിച്ച് ഗാന്ധിജിയില്‍ ഉണ്ടായ മാറ്റംപോലെ, നോവലിലെ മസാല ബാത്ത് പാചക വിവരണം ബീഫ് നിരോധനം എന്തുകൊണ്ട് സംഭവിക്കുന്നു എന്ന ചോദ്യത്തിനുത്തരമായും വര്‍ത്തിക്കുന്നു.
ഭരണാധികാരികള്‍ നീചന്‍മാരായി തീരുന്നത് എന്തുകൊണ്ടാവാം? എന്തുകൊണ്ടാണ് അവരുടെ രാഷ്ട്രത്തെക്കുറിച്ചുള്ള സ്വപ്നങ്ങളെ തിരിച്ചറിയാന്‍ ജനങ്ങള്‍ക്ക് കഴിയാത്തത് ? ഏറ്റവും മാരകമായ വിഷം ഏതെന്നു ചോദിച്ചാല്‍ - ജനാധിപത്യ മൂല്യങ്ങള്‍ക്കും, മതേതര ബോധങ്ങള്‍ക്കും, വിശാലമായ സാമൂഹിക കാഴ്ചപ്പാടുകള്‍ക്കും വിഘാതമായി തീരുന്നതെന്തും വിഷമാണ്. അതു തന്നെയാണ് ഗോള്‍വാള്‍ക്കറിന്റെ 'വിചാരധാരയും. ആ വിചാരത്തിലെ (മാലിന്യത്തിലെ) ധാരയെ കോരിയെടുത്ത് സകലരും കാണെ പുറത്തേക്കെടുത്തിടുന്ന സാഹസമാണ് നോവലിലെ 'വെറുപ്പിന്റെ ഇടനാഴി' എന്ന ഏഴാം അദ്ധ്യായം നിര്‍വഹിക്കുന്നത്. ആ അദ്ധ്യായത്തില്‍ നിന്നുള്ള ചില ഭാഗങ്ങള്‍ നോക്കാം
...മുഖം കഴുകി വന്നിട്ട് ശിവറാം ഗോദ്ര ബാഗ് തുറന്ന് ഒരു പുസ്തകം പുറത്തെടുത്തു.
'വിചാരധാര'
ആദ്യമായി രതി പുസ്തകം വായിക്കുന്ന മധുരപ്പതിനേഴുകാരന്റെ ആനന്ദ ജാഗ്രതയോടെ അയാള്‍ അതു വായിക്കാന്‍ തുടങ്ങി... 'ബ്രാഹ്‌മണന്‍ തലയാണ്, രാജാവ് ബാഹുക്കളും, വൈശ്യന്‍ ഊരുക്കളും, ശൂദ്രന്‍ പാദവുമാണ്. '
ശിവറാം ഗോദ്ര സോഫയില്‍ ചാരിയിരുന്ന് പുസ്തകത്തിലെ നാല്പത്തിനാലാം പേജ് ഒന്നയവിറക്കി.
...നിലം മുഴുവന്‍ തുടച്ചു കഴിഞ്ഞപ്പോള്‍ ലക്ഷ്മണ്‍ ഗാവന്ത് മഴ നനഞ്ഞപോലെ വിയര്‍ത്തു. അയാള്‍ എല്ലാ മുറിയിലും ഫാനിട്ടു. എന്നിട്ട് കുറച്ചുനേരം ഫാനിന്റെ അടിയില്‍ നിന്നു. അപ്പോഴാണ് ചുമരില്‍ തൂക്കിയിട്ട ഗോള്‍വാള്‍ക്കറിന്റെ ചിത്രം ശ്രദ്ധയില്‍പ്പെട്ടത്. ഒന്നു സംശയിച്ചു നിന്നശേഷം അയാള്‍ ആ ഫോട്ടോ നനഞ്ഞ തുണികൊണ്ട് തുടച്ചു വൃത്തിയാക്കി. മരണാനന്തരം ഒരു ദലിതന്‍ തന്നെ തൊട്ടു വൃത്തിയാക്കുന്നത് കണ്ടപ്പോള്‍ ചിത്രത്തിലെ മുനിയുടെ മുഖം ചുളിഞ്ഞു. അതോടെ ലക്ഷ്മണ്‍ ഗാവന്ത് കാലുതെന്നി തറയില്‍ വീണു.
...'നമ്മുടെ സമാജത്തിന്റെ മറ്റൊരു സവിശേഷത വര്‍ണവ്യവസ്ഥയാണ്. എന്നാല്‍ ഇതിനെ, ജാതിവ്യവസ്ഥയെന്ന് മുദ്രകുത്തി പുച്ഛിച്ച് തള്ളുകയാണ്. വര്‍ണവ്യവസ്ഥയെന്ന് പരാമര്‍ശിക്കുന്നതുതന്നെ അപഹസിക്കേണ്ട ഒന്നാണെന്ന് നമ്മുടെ ആളുകള്‍ക്ക് തോന്നിത്തുടങ്ങിയിട്ടുണ്ട്. അതില്‍ അടങ്ങിയിരിക്കുന്ന സാമൂഹിക വ്യവസ്ഥയെ വിവേചനമായി പലപ്പോഴും തെറ്റിദ്ധരിക്കുന്നു.' പുസ്തകം നെഞ്ചില്‍വച്ച് ശിവറാം ഗോദ്ര ഉറങ്ങിപ്പോയി.
വിചാരധാരയെക്കുറിച്ചുള്ള പരാമര്‍ശങ്ങളിലൂടെ മുന്നോട്ടുവയ്ക്കുന്ന ഉത്ക്കണ്ഠകള്‍ സത്യസന്ധമാണെന്ന് ഇപ്പോഴും ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന വംശഹത്യകളുടെ വാര്‍ത്തകള്‍ നമ്മെ ഓര്‍മപ്പിക്കുന്നു. ലോകചരിത്രം ഫാസിസത്തിന്റെ ഭീകരാധിപത്യങ്ങളെക്കുറിച്ച് രേഖപ്പെടുത്തിയതിനപ്പുറമായിരുന്നു സാഹിത്യവും, കലയും, സിനിമയും, നാടകങ്ങളും, ഓര്‍മക്കുറിപ്പുകളും അവയുടെ ദൗത്യം നിര്‍വഹിച്ചത്. ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ഇതിന്റെ രചയിതാക്കളില്‍ ഭൂരിഭാഗവും ഫാസിസത്തിന്റെ ഇരകളായിരുന്നു. അതുകൊണ്ടായിരിക്കാം, തിരുത്തി എഴുതിക്കൊണ്ടിരിക്കുന്ന ചരിത്രത്തെക്കാള്‍ അവരുടെ സൃഷ്ടികള്‍ ലോകത്തിന്റെ ഗതിയെ നിര്‍ണയിക്കുവാന്‍ പര്യാപ്തമായതും, ഭരണകൂടങ്ങളെ പിടിച്ചുകുലുക്കിയതും.
Photo: Wiki Commons
പ്രതിഷേധത്തിന്റെ സ്വരങ്ങളെ ഇല്ലായ്മ ചെയ്തും, പ്രതിരോധത്തിന്റെ വഴികളെ അടച്ചും വ്യാജദേശീയത കരുത്താര്‍ജിക്കുന്നു. ആള്‍ദൈവങ്ങളും, അവരെ സൃഷ്ടിക്കുന്ന കോര്‍പ്പറേറ്റുകളും കപട ദേശീയ വാദികളും പയറ്റുന്ന ഒരു വിദ്യയുണ്ട്. ചാരിറ്റി പ്രവര്‍ത്തനങ്ങളും, ജനോപകാരപ്രദമെന്ന് തോന്നിപ്പിക്കുന്ന പദ്ധതികളും. ഇതിന്റെ മറവിലാണ് മതതീവ്രവാദങ്ങളും ഫാസിസവും കരുത്താര്‍ജിക്കുന്നത്. സര്‍ദാര്‍ പട്ടേലിനെ സംഘപരിവാര്‍ ഹൈജാക്ക് ചെയ്തതും, ഗാന്ധിജിയെ RSS കാരനാക്കുന്നതും, തന്റെ സോഷ്യലിസ്റ്റ് നിലപാടുകളിലൂടെ വികസിത ഭാരതത്തിന്റെ അടിത്തറപ്പണിത പണ്ഡിറ്റ് നെഹ്‌റുവിനെ രാജ്യദ്രോഹിയാക്കുന്നതും, ഗാന്ധിവധത്തിന്റെ സൂത്രധാരനായ സവര്‍ക്കറെ രാഷ്ട്രപിതാവായി അവരോധിക്കാന്‍ ശ്രമിക്കുന്നതും, പുതിയ പാര്‍ലമെന്റ് കെട്ടിടം ത്രികോണ ധ്വജത്തിന്റെ ആകൃതിയില്‍ പണിതതും എന്തിനു വേണ്ടിയായിരിക്കും? ഹിന്ദു മുസ്ലീം സംഘര്‍ഷങ്ങള്‍ക്കു വളമിട്ട് വംശീയ വേര്‍തിരിവുണ്ടാക്കി, ദളിതരെയും പിന്നാക്കക്കാരെയും ദരിദ്രരെയും ഇല്ലായ്മ ചെയ്തും, ഭരിക്കുവാന്‍ വേണ്ടി മാത്രം ഒരു സവര്‍ണ കുലത്തെ ഉയര്‍ത്തിക്കൊണ്ടുവരാനുള്ള ഒരുക്കങ്ങള്‍ ആരംഭിക്കുന്നത് വിചാരധാരയിലൂടെയാണ്.
ഭാരതത്തെ തങ്ങളുടെ ഏകവര്‍ഗ തീവ്രദേശീയതയില്‍ ചുറ്റിക്കെട്ടുവാന്‍, തങ്ങളുടെ മാര്‍ഗത്തിന് വിഘാതമായി നിലകൊണ്ട ഒരു മനുഷ്യന്റെ നെഞ്ചിലേക്ക് നിറയൊഴിക്കാന്‍ '9 mm ബെരേറ്റ' പിസ്റ്റലുമായി ഓള്‍ഡ് ദില്ലിയിലേക്കുള്ള ഘാതകരുടെ യാത്രയെക്കുറിച്ച് നോവലിന്റെ രണ്ടാം അധ്യായത്തില്‍ വിവരിക്കുന്നുണ്ട്. ചരിത്രം അതേപടി പകര്‍ത്തുകയല്ല എഴുത്തുകാരന്‍. ചരിത്രത്തില്‍ നിന്ന് ബോധപൂര്‍വം മുറിച്ചുമാറ്റിയ നീചമനുഷ്യരുടെ സ്വഭാവങ്ങളെയും ചെയ്തികളെയും ആഴത്തില്‍ വിലയിരുത്തുകയാണിവിടെ.
തോക്കുമായുള്ള യാത്രാവേളയില്‍ ബോഗിതെറ്റിക്കേറിയ ഒരു മുസ്ലീം യുവതിയെ ശുചിമുറിയില്‍ കയറ്റി ബലാല്‍സംഗം ചെയ്ത് സ്ഖലിക്കുമ്പോള്‍ നാരായണ്‍ ആപ്‌തെ മനസ്സില്‍ പറയുന്നത് 'ഭാരത് മാതാ കി ജയ് എന്നാണ്...' എത്ര ഭീകരമാണ് ഇവരുടെ ദേശീയത! ഈ ദേശീതയുടെ വക്താക്കള്‍ ഇന്ന് രാജ്യം ഭരിക്കുമ്പോള്‍ ഈ നോവലിന്റെ പ്രസക്തി വര്‍ദ്ധിക്കുന്നു. മതാധിഷ്ഠിത ഫാസിസത്തിന്റെ ഇന്ത്യന്‍ പതിപ്പുകളെ അവലംബിച്ചുകൊണ്ട് സാഹിത്യരചനകള്‍ ഉണ്ടായിട്ടില്ലെന്നു വേണം പറയാന്‍. മലയാള സാഹിത്യത്തില്‍ സാംസ്‌ക്കാരിക, രാഷ്ട്രീയ പ്രതിസന്ധികളെ ഇത്തരത്തില്‍ ആഴത്തില്‍ അവതരിപ്പിക്കുന്ന ഒരു രചന ആദ്യമായിട്ടാണ് വരുന്നത്. ഈവിഷയം കൈകാര്യം ചെയ്യുന്നതില്‍ എഴുത്തുകാര്‍ പൊതുവെ വിമുഖരാണ്. എങ്കിലും ചുരുക്കം ചില കഥാകൃത്തുക്കള്‍ അവരുടെ ചില കഥകളില്‍ ഫാസിസ്റ്റ് ഭീകരതയെ രേഖപ്പെടുത്തുന്നുണ്ടെന്നുള്ളത് വിസ്മരിക്കുന്നില്ല.
വിഭജനത്തിന്റെയും, മതതീവ്രവാദത്തിന്റെയും ഇരകളില്‍ സ്ത്രീകളും ദളിതരും അനുഭവിക്കേണ്ടി വന്ന പീഡനങ്ങളെ ഈ നോവലില്‍ നമുക്ക് വായിക്കാം. രാംചമര്‍ എന്ന ദളിത് കഥാപാത്രം വര്‍ഗീയ രാഷ്ട്രീയത്തിന്റെ ഉപകരണമായിത്തീരുന്ന സന്ദര്‍ഭങ്ങളെ ഒരുള്‍ക്കിടിലത്തോടെ മാത്രമേ നമുക്ക് വായിക്കാനാവുകയുളളൂ. മരണശേഷം രാംചമറിന്റെ ശവശരീരം ആകാശത്തിലൂടെ പറന്നുകൊണ്ടുതന്നെ കൊലചെയ്ത യജമാനന്‍മാരെ തുപ്പുന്നതായി നോവലില്‍ കാണാം. നിസ്സഹായനായ കീഴാളന്റെ മരണാനന്തര പ്രതിഷേധം. ഇരകളാക്കപ്പെടുന്ന പാര്‍ശ്വവത്കൃത ജീവിതങ്ങളുടെ രാഷ്ട്രീയ സാമൂഹിക സാഹചര്യങ്ങളെ അവതരിപ്പിച്ചുകൊണ്ട് ഒരു സബാള്‍ട്ടന്‍ സ്റ്റഡീസിനുള്ള സാധ്യത നോവല്‍ മുന്നോട്ടുവയ്ക്കുന്നുണ്ട്.
നോവല്‍ വായനയ്‌ക്കൊടുവില്‍ വിമല്‍ വന്‍സാരയുടെ ആദ്യ കാമുകി ശിവാനി ഭട്‌നഗര്‍, ലക്ഷ്മണ്‍ ഗാവന്തിന്റെ ഭാര്യ, അബിയ മഖ്ധൂമി, മനോരമ സാല്‍വി, അലിസിയ ഗര്‍സ മുതലായ സ്ത്രീകഥാപാത്രങ്ങള്‍ ഒരു വിങ്ങലായി അവശേഷിക്കുന്നു. കാരണം മറ്റൊന്നുമല്ല. മാനവീകത ഈ വ്യാജദേശീയതയുടെ വിപരീതപദമാകുന്നതുകൊണ്ടാണ്. മുസോളനിയുടെ ഫാസിസ്റ്റ് സൈന്യത്തിനായി 1934 ല്‍ ഇറ്റലിയില്‍ നിര്‍മിക്കപ്പെട്ട '9 mm ബെരേറ്റ' പിസ്റ്റല്‍ ഗോഡ്‌സെയുടെ കൈയ്യിലെത്തുന്നതും രാഷ്ട്രപിതാവിനെ വകവരുത്തുന്ന ഉപകരണമായി തീരുകയും, പിന്നെയും ഈ കാലത്തിലൂടെ ആ തോക്കിന്റെ സഞ്ചാരം നിര്‍ബാധം തുടരുകയും ചെയ്യുന്നു (ഗാന്ധി വധത്തെളിവുകള്‍ അപ്രത്യക്ഷമായതിനെക്കുറിച്ച് ഓര്‍ക്കുക). 9 mm ബെരേറ്റ ഇങ്ങനെ അവസാനിക്കുന്നു;
സമയം 5.13 ശിവറാം ഗോധ്ര പോക്കറ്റില്‍ നിന്ന് '9 mmബെരേറ്റ' കൈയ്യിലെടുത്തു. 'തീവ്രവാദിയെ കൊല്ല്, രാജ്യദ്രോഹിയെ കൊല്ല്...' ജനം ആര്‍ത്തട്ടഹസിച്ചു. വണ്ടികുലുങ്ങി. താന്‍ താഴെ വീഴുമെന്ന് ആബിയയ്ക്ക് തോന്നി. കണ്‍പോളകള്‍ക്ക് കനംവച്ചു. കണ്ണടഞ്ഞുപോകുന്നു. ശിവറാം ഗോധ്ര കാഞ്ചിയില്‍ വിരല്‍തൊട്ടു. നാഥുറാം വിനായക് ഗോഡ്‌സെ ഗാന്ധിയെ കൊല്ലുന്നതിന് തൊട്ടുമുമ്പ് അനുഭവിച്ച അതേ സംഘര്‍ഷം, അതേ ആത്മസുഖം ശിവറാം ഗോധ്രയും അറിഞ്ഞു.
വെടി പൊട്ടി...
''യാ അല്ലാഹ്...'
രക്തസാക്ഷിത്വം സ്വാതന്ത്ര്യ സമരമാണ്!