TMJ
searchnav-menu
post-thumbnail

Outlook

വസ്ത്രസ്വാതന്ത്ര്യത്തിന്റെ അര്‍ത്ഥതലങ്ങള്‍

05 Oct 2023   |   2 min Read
കെ ടി കുഞ്ഞിക്കണ്ണൻ

സ്ത്രസ്വാതന്ത്ര്യത്തിന്റെ ഭരണഘടനാപരമായ അര്‍ത്ഥതലങ്ങള്‍ മനസ്സിലാക്കുകയെന്നത് വര്‍ത്തമാന ഇന്ത്യന്‍ സാഹചര്യത്തില്‍ വളരെ പ്രധാനമാണ്. തട്ടമിടാനും ഇടാതിരിക്കാനുമുള്ള 
ഓരോ വ്യക്തിയുടെയും ഇഷ്ടം ഭരണഘടനാപരമായ അവകാശമാണ്. ഇഷ്ടമുള്ള വസ്ത്രം ധരിക്കുകയെന്നത്, ഇഷ്ടമുള്ള ഭക്ഷണം കഴിക്കുകയെന്നത് ഒരു സ്വതന്ത്രസമൂഹത്തിലെ പൗരന്മാരുടെ ജന്മാവകാശമാണ്. എന്നാല്‍ മതരാഷ്ട്രവാദികളും ഫാസിസ്റ്റുകളും എല്ലാകാലത്തും എല്ലാ സമൂഹങ്ങളിലും വ്യക്തികളുടെ വസ്ത്രധാരണംതൊട്ട് എങ്ങനെ ഭക്ഷണം കഴിക്കണം, എങ്ങനെ വിസര്‍ജ്ജിക്കണം, എങ്ങനെ ഇണചേരണം എന്നൊക്കെ ധര്‍മ്മശാസ്ത്രപരമായി നിബന്ധനകളായി അടിച്ചേല്‍പ്പിക്കുന്നവരാണ്. ഇപ്പോള്‍ ഇങ്ങനെയൊരു കുറിപ്പ് ആവശ്യമായത് അഡ്വ.അനില്‍കുമാറിന്റെ പ്രസംഗത്തിലെ ഒരു പരാമര്‍ശത്തില്‍ പിടിച്ച് സാമൂഹ്യമാധ്യമങ്ങളില്‍ നടക്കുന്ന വിവാദങ്ങളില്‍ ഒരു വ്യക്തതയ്ക്കുവേണ്ടിയാണ്.

സി.പി.ഐ(എം) സംസ്ഥാനസെക്രട്ടറി സ:എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ അര്‍ത്ഥശങ്കക്കിടയില്ലാത്തവിധം വസ്ത്രസ്വാതന്ത്ര്യം ഓരോ വ്യക്തിയുടെയും ജനാധിപത്യ അവകാശമാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇഷ്ടമുള്ള വസ്ത്രം ധരിക്കാനുള്ള വ്യക്തികളുടെ സ്വാതന്ത്ര്യം ഭരണഘടനയിലെ മൗലികാവകാശത്തിന്റെ ഭാഗമാണ്. കര്‍ണാടകയില്‍ ഹിജാബ് വിവാദമുയര്‍ന്നുവന്ന നാളുകളില്‍ ഇക്കാര്യം വിപുലമായ തലങ്ങളില്‍ ചര്‍ച്ചചെയ്യപ്പെട്ടിട്ടുള്ളതാണ്. രാജ്യത്തിന്റെ ബഹുസ്വരതയെയും ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 25 നല്‍കുന്ന മതവിശ്വാസവും അതനുസരിച്ചുള്ള സ്വത്വം സംരക്ഷിക്കാനുള്ള വ്യക്തികളുടെ അവകാശവും പരമപ്രധാനമാണെന്നാണ് സി.പി.ഐ(എം) കാണുന്നത്.

സ:എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ | PHOTO: FACEBOOK
അതായത് വ്യക്തികള്‍ക്കും വ്യത്യസ്ഥ സാമൂഹ്യവിഭാഗങ്ങള്‍ക്കും ഭരണഘടന നല്‍കുന്ന അഭിപ്രായ ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ ഭാഗമാണ് ഇഷ്ടപ്പെട്ട വസ്ത്രം ധരിക്കാനും ഭക്ഷണം കഴിക്കാനുമൊക്കെയുള്ള അവകാശം. മനുഷ്യാന്തസ്സോടുകൂടി സ്വന്തം സംസ്‌കാരവും വിശ്വാസവും സംരക്ഷിച്ചുകൊണ്ട് ജീവിക്കാനുള്ള മൗലികാവകാശത്തിന്റെ പ്രശ്നം കൂടിയാണിത്. 

ഇസ്ലാമോഫോബിയ പടര്‍ത്തുകയെന്ന ഹിന്ദുത്വവാദികളുടെ രാഷ്ട്രീയതന്ത്രത്തിലാണ് ഹിജാബ് വിവാദം ഉയര്‍ന്നുവന്നത്. മുസ്ലീം സമുദായത്തിനകത്തെ പരിഷ്‌കരണത്തിന്റെയും ശാക്തീകരണത്തിന്റെയും ഉത്തരവാദിത്വമേറ്റെടുത്താണ് മോഡിയും അമിത്ഷായുമെല്ലാം അങ്ങേയറ്റം വിവേചനപരമായ മുത്തലാഖ് നിരോധനനിയമം അടിച്ചേല്‍പ്പിച്ചത്. ഇപ്പോള്‍ ഏകീകൃതസിവില്‍കോഡ് കൊണ്ടുവരുമെന്ന ഭീഷണിയുയര്‍ത്തിയിരിക്കുന്നു. ആര്‍.എസ്.എസിന്റെ അജണ്ട ന്യൂനപക്ഷങ്ങളുടെ മതസ്വത്വത്തെയും വിശ്വാസസ്വാതന്ത്ര്യത്തെയും പ്രശ്നവല്‍ക്കരിച്ച് സമൂഹത്തില്‍ വിവാദങ്ങള്‍ ഉയര്‍ത്തുകയെന്നതാണ്. അതുവഴി വിദ്വേഷം പടര്‍ത്തുകയും സമുദായധ്രുവീകരണം ഉണ്ടാക്കുകയെന്നതുമാണ്. 

REPRESENTATIONAL IMAGE: WIKI COMMONS
ഓരോ പൗരനും സാമൂഹ്യവിഭാഗങ്ങള്‍ക്കും അവരുടെ സ്വത്വവും സംസ്‌കാരവും സംരക്ഷിക്കാന്‍ ഭരണഘടന നല്‍കുന്ന അവകാശങ്ങളുടെ സംരക്ഷണം ഇന്ന് ഓരോ ജനാധിപത്യവാദിയുടെയും പരമപ്രധാനമായ ഉത്തരവാദിത്വമാണ്. ഹിന്ദുത്വവാദികളും രാഷ്ട്രീയ ഇസ്ലാമിസ്റ്റുകളുമെല്ലാം വിശ്വാസപരവും സാംസ്‌കാരികവുമായ വൈവിധ്യങ്ങളെയും വ്യക്തികളുടെ ബഹുസ്വഭാവത്തെയും ഉള്‍ക്കൊള്ളാന്‍ വിസമ്മതിക്കുന്നവരാണ്. പക്ഷെ നമ്മുടെ ഭരണഘടന വൈവിധ്യങ്ങളെയാകെ ഉള്‍ക്കൊള്ളുന്നതും വ്യക്തിസ്വാതന്ത്ര്യത്തെ പ്രധാനമായി കാണുന്നതുമായ വ്യവസ്ഥകള്‍ ഉള്ളടങ്ങിയിട്ടുള്ളതാണ്.

ഇസ്ലാമില്‍ ഹിജാബ് നിര്‍ബന്ധമാണോ ഹൈന്ദവദര്‍ശനങ്ങളില്‍ സീമന്തരേഖയില്‍ സിന്ദൂരമിടുന്നത് നിര്‍ബന്ധമാണോ എന്നൊക്കെ അന്വേഷിച്ചുപോകുന്ന വര്‍ഗീയവാദികള്‍ ഇന്ത്യക്ക് ഒരു ഭരണഘടനയുണ്ടെന്ന കാര്യം കാണാത്തവരും അംഗീകരിക്കാത്തവരുമാണ്. മതത്തിന്റെയും ജാതിയുടെയും ലിംഗത്തിന്റെയും പേരില്‍ വിവേചനങ്ങളൊന്നും പാടില്ലെന്ന് അനുശാസിക്കുന്നതാണ് നമ്മുടെ ഭരണഘടന. വ്യത്യസ്ത ജനവിഭാഗങ്ങള്‍ക്കും അവരുടെ മതപരവും വിശ്വാസപരവുമായ സ്വത്വവും സംസ്‌കാരവും സംരക്ഷിക്കാന്‍ അവകാശം നല്‍കുന്നതുമാണ് നമ്മുടെ ഭരണഘടനാവ്യവസ്ഥകള്‍.

#outlook
Leave a comment