TMJ
searchnav-menu
post-thumbnail

Outlook

സിപിഎമ്മിനെ സംശയത്തിന്റെ നിഴലിലാക്കുന്ന കൂടിക്കാഴ്ചകള്‍

09 Sep 2024   |   3 min Read
കെപി സേതുനാഥ്

കേരളത്തിലെ ഏറ്റവും പ്രബലമായ രാഷ്ട്രീയകക്ഷിയാണ് സിപിഎം. അംഗബലം, സംഘടന ശേഷി, പൊതുപിന്തുണ എന്നിവ മാനദണ്ഡങ്ങളായെടുത്താല്‍ സിപിഎമ്മിന്റെ ശേഷി കേരളത്തിലെ മറ്റുളള പാര്‍ട്ടികള്‍ക്ക് അവകാശപ്പെടാനാവില്ല. അങ്ങനെയുള്ള ഒരു പാര്‍ട്ടി അതിന്റെ ചരിത്രത്തിലെ ഏറ്റവും നിര്‍ണ്ണായകമായ ഒരു സ്ഥിതി നേരിടുന്നതിന്റെ ദൃശ്യങ്ങളാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ലൈവായും അല്ലാതെയും കാണുന്നത്. ഹേമ കമ്മിറ്റിയില്‍ തുടങ്ങി എഡിജിപി-ആര്‍എസ്എസ് കൂടിക്കാഴ്ച്ചയില്‍ വരെ എത്തി നില്‍ക്കുന്ന സംഭവങ്ങളുമായി സിപിഎം-ന് പ്രത്യക്ഷത്തില്‍ ഒരു ബന്ധവുമില്ലെന്ന നിലപാട് സാങ്കേതികമായി ശരിയായിരിക്കും. എന്നാല്‍ രാഷ്ട്രീയവും, ധാര്‍മ്മികവുമായ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ ഈ വിഷയങ്ങളെ വിലയിരുത്തുമ്പോള്‍ ഉയരുന്ന ചോദ്യങ്ങളോട് എന്തു സമീപനമാണ് സ്വീകരിക്കാനാവുകയെന്ന ചോദ്യം സിപിഎം-ന് അവഗണിക്കാനാവില്ല. പ്രത്യേകിച്ചും എഡിജിപി അജിത്കുമാര്‍ ആര്‍എസ്എസിന്റെ നേതാക്കളെ കണ്ട കാര്യം. ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ആരെ കാണുന്നു, കാണുന്നില്ല തുടങ്ങിയ കാര്യങ്ങള്‍ സാധാരണ ഗതിയില്‍ ഒരു രാഷ്ട്രീയ കക്ഷിയുടെ പരിഗണനയില്‍ വരേണ്ട വിഷയമല്ല. സിപിഎം സംസ്ഥാന സെക്രട്ടറിയോറ്റ് യോഗത്തിനു ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ അത്തരമൊരു സമീപനമാണ് കൈക്കൊണ്ടിട്ടുള്ളത്. കഴിഞ്ഞ ദിവസം അദ്ദേഹം അക്കാര്യം ഒന്നുകൂടി ഉറപ്പിച്ചു പറഞ്ഞു. 'എഡിജിപി ആരെ കാണാന്‍ പോകുന്നതും തങ്ങള്‍ക്ക് പ്രശ്നമല്ല. അതിനെ സിപിഎം-മായി കൂട്ടിക്കെട്ടേണ്ട കാര്യമില്ല' കാസര്‍കോട് മാധ്യമ പ്രവര്‍ത്തകരോട് അദ്ദേഹം പറഞ്ഞു. മാത്രമല്ല, മാധ്യമങ്ങള്‍ കാലങ്ങളായി തുടരുന്ന കമ്യൂണിസ്റ്റ് വിരുദ്ധ പ്രചാരവേലയുടെ മറ്റൊരു പതിപ്പാണ് ഇപ്പോഴത്തെ സംഭവവികാസങ്ങളെന്നും അദ്ദേഹം വിലയിരുത്തുന്നു.

എം വി ഗോവിന്ദന്‍ മാസ്റ്റർ  | PHOTO : WIKI COMMONS
സാങ്കേതികമായി ഈ സമീപനം ശരിയായിരിക്കും. എന്നാല്‍ നേരത്തെ സൂചിപ്പിച്ചത് പോലെ ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ ധാര്‍മ്മികതയുടെ അടിസ്ഥാനത്തില്‍ ഈ വിഷയത്തെ എങ്ങനെയാണ് കാണാനാവുക? കേരളത്തിലെ പൊലീസ് സേനയിലെ ഏറ്റവും മുതിര്‍ന്ന ഉദ്യോഗസ്ഥരില്‍ ഒരാള്‍ ആര്‍എസ്എസ്സിന്റെ സമുന്നതരായ രണ്ടു നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തുന്നത് ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ സ്വകാര്യതയായി മാത്രം കാണാനാവുമോ? സിപിഎം-ന്റെ ബഹുമാന്യരായ നേതാക്കള്‍ എന്തൊക്കെ പറഞ്ഞാലും കേരളത്തിലെ പൊതുരാഷ്ട്രീയ ചര്‍ച്ചകളും, വിലയിരുത്തലുകളും ഈ ചോദ്യങ്ങളെ അവഗണിക്കുമെന്നു കരുതാനാവില്ല. പാര്‍ട്ടി കേന്ദ്ര കമ്മിറ്റി അഗംവും എല്‍ഡിഎഫ് കണ്‍വീനറുമായിരുന്ന ഇപി ജയരാജന്‍ ബിജെപി നേതാവ് പ്രകാശ് ജാവദേക്കറുമായി കൂടിക്കാഴ്ച്ച നടത്തിയതിനെക്കുറിച്ചുള്ള സംശയങ്ങള്‍ നിലനില്‍ക്കുമ്പോഴാണ് എഡിജിപിയുടെ കൂടിക്കാഴ്ച്ചയുടെ വിവരങ്ങള്‍ പുറത്തു വരുന്നതെന്ന കാര്യവും മറക്കാവുന്നതല്ല. 1990-കള്‍ മുതലുള്ള ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ ഗതിവിഗതികളെ പിന്തുടരുന്നവരെ സംബന്ധിച്ചിടത്തോളവും അത്രയെളുപ്പം ഒഴിവാക്കാനാവില്ല ഈ ചോദ്യങ്ങള്‍. ഹിന്ദുത്വം എന്ന പേരില്‍ ശക്തി പ്രാപിച്ച ഭൂരിപക്ഷ മതവാദത്തിലൂന്നിയ രാഷ്ട്രീയത്തിനോടുള്ള നിലപാടാണ് 90-കള്‍ക്കു ശേഷം ഇന്ത്യയില്‍ രാഷ്ട്രീയത്തെ നിര്‍ണ്ണയിക്കുന്ന പ്രധാനഘടകം. സിപിഎമ്മിനെ പോലുള്ള ഒരു പാര്‍ട്ടിയെ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ പ്രസക്തമാക്കിയതും അക്കാര്യത്തില്‍ സ്വീകരിച്ച നിലപാടാണ്. സംഘപരിവാരം ഉയര്‍ത്തിപ്പിടിക്കുന്ന രാഷ്ട്രീയ ഹിന്ദുത്വത്തിന് എതിരെ വിട്ടുവീഴ്ച്ചയില്ലാതെ പ്രതിരോധം തീര്‍ക്കുന്ന ഒരു പ്രധാന കക്ഷിയെന്ന പരിവേഷം ദേശീയതലത്തില്‍ സിപിഎമ്മിന് കൈവരുന്നത് ഈ കാലഘട്ടത്തിലാണ്. അതിന്റെ ചരിത്ര പശ്ചാത്തലം കൂടി മനസ്സിലാക്കുമ്പോഴാണ്.

ഇന്ത്യയിലെ കമ്യൂണിസ്റ്റ് പാര്‍ട്ടികളെ സംബന്ധിച്ചിടത്തോളം 1990-കള്‍ വളരെ നിര്‍ണ്ണായകമായിരുന്നു. സോവിയറ്റ് യൂണിയന്റെ തകര്‍ച്ച, നിയോലിബറല്‍ നയങ്ങളുടെ തേരോട്ടം എന്നിവയായിരുന്നു ഇടതുപക്ഷം നേരിട്ട പ്രധാന വെല്ലുവിളികള്‍. സോവിയറ്റ് യൂണിയന്റെ തിരോധാനമായിരുന്നു അതില്‍ പ്രധാനം. സിപിഐ, സിപിഐ-എം എന്നീ വ്യവസ്ഥാപിത പാര്‍ട്ടികള്‍ അതുവരെ അചഞ്ചലമെന്നു കരുതിയിരുന്ന സിദ്ധാന്തങ്ങളും, വീക്ഷണങ്ങളും നിന്നനില്‍പ്പില്‍ ഇല്ലാതായി. 'ഉരുക്കു പോലുറച്ചതെല്ലാം ആവിയായി' പോയെന്ന കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയിലെ ഒരു പരാമര്‍ശത്തെ ഓര്‍മ്മിപ്പിക്കുന്ന ചരിത്ര നിമിഷമായിരുന്നു സോവിയറ്റ് യൂണിയനിലും കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളിലുമുണ്ടായ സംഭവവികാസങ്ങള്‍. സോവിയറ്റ് തകര്‍ച്ചയുടെ തൊട്ടുപിന്നാലെ കടന്നുവന്ന നിയോലിബറല്‍ തേരോട്ടവും വ്യവസ്ഥാപിത ഇടതുപക്ഷത്തിന്റെ മുന്നില്‍ പുതിയ വെല്ലുവിളികള്‍ ഉയര്‍ത്തി. സോഷ്യലിസ്റ്റ് ബദലായി ഉയര്‍ത്തിക്കാട്ടിയിരുന്ന ദേശങ്ങള്‍ അപ്രത്യക്ഷമായതോടെ മുതലാളിത്തം മാത്രമാണ് മോക്ഷ മാര്‍ഗ്ഗമെന്ന തോന്നല്‍ പൊതുമണ്ഡലത്തില്‍ വ്യാപകമായി. ആഗോള മൂലധനത്തെ വരവേല്‍ക്കുവാന്‍ ചൈന സ്വീകരിച്ച നയങ്ങള്‍ അത്തരം തോന്നലുകളെ കൂടുതല്‍ ശക്തിപ്പെടുത്തി. നിയോലിബറലിസമെന്നും ആഗോളീകരണമെന്നുമെല്ലാം അറിയപ്പെടുന്ന രാഷ്ട്രീയ-സാമ്പത്തിക നയങ്ങളുടെ ഏകവിള തോട്ടമായി ലോകം. ഇന്ത്യയിലെ ഭരണവര്‍ഗ്ഗവും അതിന്റെ മുന്‍നിര പോരാളികളായി. അതുവരെ പേരിലെങ്കിലും മധ്യ-ഇടതു നയങ്ങള്‍ പുലര്‍ത്തിയ കോണ്‍ഗ്രസ്സ് പൂര്‍ണ്ണമായും വലതുപക്ഷത്തേക്കു തിരിഞ്ഞു. സംഘപരിവാരവും അതിന്റെ രാഷ്ട്രീയ ആവിഷ്‌ക്കാരമായ ബിജെപിയും ഹിന്ദുത്വത്തെ തങ്ങളുടെ മുഖ്യപ്രമേയമായി കൂടുതല്‍ സംഘടിതവും തീവ്രവുമായ നിലയില്‍ മുന്നോട്ടു വച്ചതോടെ വലതുപക്ഷ രാഷ്ട്രീയത്തിന്റെ മേച്ചില്‍പ്പുറങ്ങള്‍ കൂടുതല്‍ വിശാലമായി.

REPRESENTATIVE IMAGE | PHOTO : WIKI COMMONS
ഉദാരവല്‍ക്കരണമെന്ന വലതുപക്ഷ സാമ്പത്തിക നയങ്ങളുടെ പ്രതിനിധാനം കോണ്‍ഗ്രസ്സ് ഏറ്റെടുത്തു. കോണ്‍ഗ്രസ്സ് വിരുദ്ധരായ പ്രദേശികക്ഷികളും ഇപ്പറഞ്ഞ സാമ്പത്തിക നയങ്ങളുടെ നടത്തിപ്പുകാരായി. എന്നാല്‍ സാമ്പത്തിക ഉദാരവല്‍ക്കരണത്തിന്റെ കഴുത്തറുപ്പന്‍ നയങ്ങള്‍ സ്വാഭാവികമായും സൃഷ്ടിച്ച സാമൂഹ്യ അസ്വസ്ഥതകള്‍ മുതലെടുക്കുന്നതില്‍ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ശക്തികള്‍ ബദ്ധശ്രദ്ധരായി. അക്രമാസക്തമായ ഭൂരിപക്ഷ വര്‍ഗീയത ഉത്തര-പശ്ചമേന്ത്യന്‍ സംസ്ഥാനങ്ങളില്‍ സൃഷ്ടിച്ച ഹിംസയുടെ പരമ്പര അതിന്റെ നല്ലൊരു ദൃഷ്ടാന്തമായിരന്നു. ഹിംസാത്മകമായ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ മുന്നേറ്റത്തിനോട് കോണ്‍ഗ്രസ്സ് പൊതുവെ മൃദുസമീപനം അല്ലെങ്കില്‍ നിഷ്‌ക്രിയത്വം എന്ന നയമാണ് സ്വീകരിച്ചിരുന്നത്. പഴയ സോഷ്യലിസ്റ്റ് കക്ഷിയുടെ ബാക്കിപത്രമായ പാര്‍ട്ടികളിലെ നേതാക്കളില്‍ ഒരു വിഭാഗവും, ചില പ്രമുഖ പ്രദേശിക കക്ഷികളും ഇക്കാലയളവില്‍ ബിജെപിയുമായി ഐക്യപ്പെടുന്നതില്‍ കുഴപ്പമില്ലെന്ന സമീപനത്തില്‍ എത്തിയിരുന്നു. അത്തരമൊരു സാഹചര്യത്തില്‍ സിപിഎം-അടക്കമുള്ള ഇടതു കക്ഷികളാണ് ബിജെപിക്ക് എതിരായി താരതമ്യേന വിട്ടുവീഴ്ച്ചയില്ലാത്ത നിലപാടുകള്‍ മുന്നോട്ടു വയ്ക്കുന്നത്. സിപിഎം-നെ പോലുള്ള കക്ഷികള്‍ ഉയര്‍ത്തി പിടിച്ചിരുന്ന സോഷ്യലിസ്റ്റ് വാചോടപങ്ങള്‍ സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയോടെ എടുക്കാച്ചരക്കുകളായി മാറിയ സാഹചര്യം സൃഷ്ടിച്ച ശൂന്യത മറികടക്കുന്നതിന് വര്‍ഗീയ വിരുദ്ധ നിലപാട് ഏറെ സഹായകമായി. ഹിംസാത്മകമായ ഭൂരിപക്ഷ വര്‍ഗീയതയുടെ മുന്നേറ്റത്തിന് എതിരെ പ്രതീകാത്മകമായ നിലയിലെങ്കിലുമുള്ള ചെറുത്തുനില്‍പ്പുകള്‍ ദേശീയതലത്തില്‍ രൂപപ്പെടുത്തുന്നതില്‍ ഇടതു പാര്‍ട്ടികളുടെ പങ്ക് വലുതായിരുന്നു. കേരളത്തില്‍ കോണ്‍ഗ്രസ്സിനെ പ്രതിരോധത്തിലാക്കുന്ന തരത്തിലുള്ള ആശയപ്രചാരണം അഴിച്ചുവിടുകയും കേരളത്തിലെങ്കിലും ബിജെപിയെ ചെറുക്കുന്ന പ്രധാന പാര്‍ട്ടി സിപിഎം ആണെന്ന പ്രതീതി സൃഷ്ടിക്കപ്പെടുകയും ചെയ്തു. ബിജെപി-സംഘപരിവാര്‍ വിരുദ്ധതയുടെ കാര്യത്തില്‍ കേരളത്തിലെങ്കിലും ഏറ്റവും കുറഞ്ഞത് രണ്ടു പതിറ്റാണ്ടുകളായി സിപിഎം നേടിയെടുത്ത പ്രതിച്ഛായയാണ് ആര്‍എസ്എസ് നേതാക്കളുമായി എഡിജിപി നടത്തിയ കൂടിക്കാഴ്ച്ചയുടെ പേരില്‍ സംശയത്തിന്റെ നിഴലില്‍ വരുന്നത്. അത് സിപിഎമ്മിനെ ബാധിക്കുന്ന വിഷയമല്ലെന്ന വാദങ്ങള്‍ കണ്ണടച്ച് ഇരുട്ടാക്കലാണ്. ആര്‍എസ്എസ്സുകാര്‍ കൊലപ്പെടുത്തിയ പാര്‍ട്ടി സഖാക്കളുടെ പട്ടിക നിരത്തുന്നതുകൊണ്ടും ഈ കൂടിക്കാഴ്ച്ചയുടെ പിന്നിലുള്ള പ്രേരണ എന്താണെന്ന ചോദ്യത്തെ അവഗണക്കിനാവില്ല. സംഘപരിവാറിനെ പ്രതിരോധിക്കുന്നതില്‍ സിപിഎം പ്രകടിപ്പിച്ചിരുന്ന ദൃഢതയല്ല സംശയ നിഴലില്‍. വിട്ടുവീഴ്ച്ചയില്ലാതിരുന്ന പഴയ ദൃഢത ഒത്തുതീര്‍പ്പുകള്‍ക്ക് വഴി മാറുന്നോ എന്നതാണ് സംശയം. അതൊരു രാഷ്ട്രീയമായ സംശയമാണ്. കേരളത്തിലെ രാഷ്ട്രീയ സമവാക്യങ്ങളില്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ വരുത്താന്‍ കഴിയുന്ന രാഷ്ട്രീയമായ സംശയം. പൊലീസ് അന്വേഷണത്തിലൂടെ അത് പരിഹരിക്കാനാവില്ല.




#outlook
Leave a comment