
ആനന്ദമേളയോർമ്മകൾ
ഞാൻ റീൽസ് കാണുകയാണ്. റീൽസ് സ്ക്രോൾ ചെയ്ത് വിടുമ്പോൾ അധികം ശ്രദ്ധയൊന്നും കൊടുക്കാറില്ല. അടുത്ത റീലിലെത്തിയപ്പോൾ സംസ്‌ഥാന സ്കൂൾ കലോത്സവം. സംഘനൃത്തമാണ്, തലക്കെട്ട് നോക്കിയപ്പോൾ വയനാട് വെള്ളാർമല സ്കൂളിലെ കുട്ടികൾ. മുഴുവൻ കണ്ടേ തീരൂ, ഭാഗ്യത്തിന് യൂട്യൂബിലുണ്ട്. അതിജീവനത്തിന്റെ നൃത്തം എന്നാണ് തലക്കെട്ട്. ഞാൻ പഠിച്ച ഒരേയൊരു കല സംഗീതമാണ്. കലയുടെ ഏറ്റവും വലിയ ധർമം അതിജീവനം (Survival) എന്നാണ് എന്റെ കല എന്നെ പഠിപ്പിച്ചത്, കാലവും. ആ കുട്ടികൾ എന്നെ കരയിപ്പിച്ചു, കരച്ചിൽ ബലഹീനതയല്ല, ബലമാണെന്ന് പഠിപ്പിച്ചതും സംഗീതമാണ്. ഈ കുഞ്ഞുങ്ങളെ പ്രത്യേകം ക്ഷണിച്ച്, നൃത്തം അവതരിപ്പിക്കുവാൻ അവസരം കൊടുത്തതിന് നന്ദി പറയുന്നു, അഭിനന്ദനങ്ങളും.
മൂന്ന് പതിറ്റാണ്ട് മുൻപ് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഞാൻ പങ്കെടുത്തിട്ടുണ്ട്. എനിക്ക് രണ്ട് തവണ ശാസ്ത്രീയ സംഗീതത്തിനും, ഒരു പ്രാവശ്യം ലളിതഗാനത്തിനും ഒന്നാം സ്‌ഥാനം കിട്ടിയിട്ടുണ്ട്. ദൂരദർശൻ മാത്രമുള്ള ടിവിയിൽ ഏഷ്യാനെറ്റ് കൂടി എത്തിയ ഒരു കാലഘട്ടം. റിയാലിറ്റി ഷോ പോലെ യാതൊന്നുമില്ല. ഏറ്റവും വലിയ വേദി ഈ കലോത്സവമാണ്. ഞങ്ങൾക്ക് ഇത് വലിയ ഗ്ലാമർ സ്റ്റേജാണ്. എന്റെ അച്ഛന്റെ അടുത്ത സുഹൃത്ത് പെരുമ്പാവൂർ ജി രവീന്ദ്രനാഥ് 'സപ്ത സ്വരരാഗ സംഗീതമേ ' എന്ന ലളിതഗാനം ചിട്ടപ്പെടുത്തി തന്നു. അതിന്റെ മൂല്യം മനസ്സിലാവാൻ കുറച്ച് പ്രായമാവേണ്ടി വന്നു. കണ്ണൂരിൽ നടന്ന സംസ്ഥാന കലോത്സവത്തിൽ ഈ പാട്ടിന് എനിയ്ക്ക് ഒന്നാം സമ്മാനം. ആ വർഷത്തെ കലാതിലകം മഞ്ജു വാരിയർ (കലോത്സവ mates ആണ് എന്ന് ഞാനൊരു ഇൻസ്റ്റാഗ്രാം മെസ്സേയ്ജ് 2021ൽ മഞ്ജുവിന് അയച്ചു, ഞാൻ ആദ്യമായി compose ചെയ്ത പാട്ടിന്റെ മ്യൂസിക് വീഡിയോ അവർ ഒരു മടിയുമില്ലാതെ ഷെയർ ചെയ്തു).വയനാട് വെള്ളാർമല സ്കൂളിലെ കുട്ടികൾ | PHOTO: FACEBOOK
പത്ത് മിനിറ്റ് മാത്രമാണ് ശാസ്ത്രീയസംഗീതത്തിന്. അത് അഭ്യസിപ്പിച്ച്, തയ്യാറാക്കാൻ എന്റെ ഗുരു ചന്ദ്രമന നാരായണൻ നമ്പൂതിരി സാർ എടുത്ത ബുദ്ധിമുട്ടുകൾ എങ്ങനെ മറക്കും? എന്റെ ഗുരു വർഷങ്ങളോളം എടുത്ത പണിയുടെ പ്രോഡക്റ്റ് ആണ് ഞാൻ. കടപ്പാട് വെയ്ക്കാതെ ജീവിതം മുന്നോട്ട് നീങ്ങില്ല. ശിഷ്യർ പാടുമ്പോൾ സാറിന്റെ പരിഭ്രമവും, ടെൻഷനും ഞാനിപ്പോഴും ഓർക്കും. ആ പത്ത് മിനിറ്റ് ശാസ്ത്രീയ സംഗീത വേദിയിൽ നിന്നുമാണ് മൂന്ന് മണിക്കൂർ കച്ചേരിയിലോട്ടുള്ള യാത്ര ആരംഭിച്ചത്. സംസ്ഥാന കലോത്സവത്തിലെ ഒന്നാം സ്‌ഥാനക്കാരി എന്ന നിലയിലാണ് എനിക്ക് പരിപാടികൾക്ക് ക്ഷണം ലഭിച്ചു തുടങ്ങിയത്.
സ്വീകരണങ്ങൾ, ലോക്കൽ ഉദ്ഘാടനങ്ങളൊക്കെയും ഒരു സ്കൂൾ കുട്ടിക്ക് അന്തം വിട്ടാഹ്ളാദിയ്ക്കാനുള്ള അനുഭവങ്ങളായി. ദൂരദർശനിലെ സൂപ്പർസ്റ്റാർ വാർത്ത വായനക്കാരൻ ശ്രീ ബാലകൃഷ്ണൻ അന്ന് കലോത്സവം കവർ ചെയ്യാനുണ്ടായിരുന്നു, രേണുക പാടിയ പാട്ട് കല്യാണി രാഗഛായ ആണല്ലോ എന്നദ്ദേഹം ചോദിച്ചപ്പോൾ, ദേ ഈ ചേട്ടന് പാട്ടൊക്കെ അറിയാമല്ലോ എന്നായി ഞാൻ. മറ്റൊരു തമാശ പദ്യപാരായണ മത്സരമാണ്. അന്നത്തെ ട്രെൻഡ് പോലെ ഞാനും കവി വി മധുസൂദനൻ നായർ സാറിന്റെ പദ്യമാണ് തിരഞ്ഞെടുത്തത്.' മകനേ ഇത് ഇന്ത്യയുടെ ഭൂപടം ' എന്ന് തുടങ്ങുന്ന കവിത - ഭാരതീയം. ജില്ലയിൽ എനിയ്ക്ക് രണ്ടാം സ്‌ഥാനമേയുള്ളൂ, ഒന്നാം സ്‌ഥാനം ഇതേ കവിതയ്ക്ക് തന്നെയാണ്. വീട്ടിലെത്തിയപ്പോൾ ഞാൻ പരാതി പറഞ്ഞു, അച്ഛാ ആ ഫസ്റ്റ് കിട്ടിയ കുട്ടി ചൊല്ലിയപ്പോ മധ്യമാവതി രാഗം മാറിപ്പോയി, അന്യസ്വരം വന്നു. പദ്യം ചൊല്ലലിൽ രാഗം നോക്കില്ല എന്ന വിദഗ്ധ അഭിപ്രായം എനിക്ക് കലങ്ങിയതുമില്ല.REPRESENTATIVE IMAGE | WIKI COMMONS
ഈയടുത്ത കാലത്ത്, മാതൃഭൂമി പത്രത്തിന്റെ അതിഥി ആയി ഞാൻ കണ്ണൂർ, തൃശൂർ കലോത്സവങ്ങളിൽ പങ്കെടുത്തു. കലോത്സവം എത്രയോ മാറിയെങ്കിലും, ആ സ്കൂൾ കാലത്തെ സന്തോഷവും, അന്തം വിടലുമെല്ലാം വീണ്ടും അനുഭവിച്ചു.
കലോത്സവമാണെങ്കിലും, ടിവി റിയാലിറ്റി ഷോ ആണെങ്കിലും അവതരണത്തിനുള്ള വേദികൾ മാത്രമെന്ന്, ലാഘവത്തോടെ കരുതാൻ കുട്ടികൾക്ക് ആവട്ടെ. അവർക്ക് സ്ട്രസ് കൊടുക്കണ്ടല്ലോ. മത്സരവും, ജയവും, ഒന്നും കലാജീവിതത്തെ ബാധിക്കരുത് എന്ന് ഞാൻ ആശംസിക്കുന്നു. നിങ്ങൾ പൊളിയാണ് പിള്ളേരേ, നിങ്ങളുടെ വൈബ് കുറച്ചെങ്കിലും ഞങ്ങൾക്കും വേണം.