TMJ
searchnav-menu
post-thumbnail

Outlook

ഇകഴ്ത്തി ഇകഴ്ത്തി നിറംകെടുന്ന മനുഷ്യര്‍; ഒരു സത്യഭാമ മോഡല്‍

22 Mar 2024   |   4 min Read
എം കെ ഷഹസാദ്

ഭിമാനിക്കാന്‍ സവിശേഷമായ യാതൊന്നുമില്ലാത്ത മനുഷ്യര്‍ എന്തുചെയ്യും? അഭിമാനിക്കാന്‍ യോഗ്യമായ ആശയങ്ങള്‍ക്കായി ചുറ്റുപാടും പരതും. കൈയില്‍ കിട്ടുന്ന, യോജ്യമായതെന്ന് തോന്നുന്ന ഒന്നെടുത്ത് അണിയും. നിര്‍ഭാഗ്യമെന്ന് പറയട്ടെ, വിശേഷമായി അഭിമാനിക്കാന്‍ യാതൊന്നുമില്ലാത്ത മനുഷ്യര്‍ എടുത്തണിയുന്ന ആടയാഭരണങ്ങളായി ഇന്ന് മതവും ജാതിയും മാറിയിരിക്കുന്നു. ജനാധിപത്യമൊന്നും പറയാനില്ലാത്തതിനാലാവാം രാഷ്ട്രീയക്കാരും പല പക്ഷങ്ങള്‍ തിരിഞ്ഞ് ഇതൊക്കെത്തന്നെ പറഞ്ഞുതുടങ്ങിയത് ഇത്തരക്കാര്‍ക്ക് ഒരു പിന്തുണയും പ്രചോദനവുമായിത്തീര്‍ന്നിട്ടുമുണ്ട്. അത്തരമൊരു ആത്മാഭിമാന പ്രകടനമായിരുന്നു കലാമണ്ഡലം സത്യഭാമയുടെ നിറത്തെ അടിസ്ഥാനപ്പെടുത്തിയുള്ള അധിക്ഷേപത്തിന്റെ കാതല്‍.

സത്യഭാമ പറയുന്ന പ്രധാന പോയിന്റുകള്‍, ഒന്ന്, മോഹിനിയാട്ടം മോഹിനിമാര്‍ അവതരിപ്പിക്കണം, രണ്ട്, അഥവാ പുരുഷന്‍ ആണെങ്കില്‍ കാണാന്‍ സൗന്ദര്യമുള്ളയാളായിരിക്കണം, മൂന്ന്, വെളുത്ത നിറമുള്ളയാളായിരിക്കണം ആട്ടക്കാരന്‍. ഈ മൂന്ന് മാനദണ്ഡങ്ങള്‍ മോഹിനിയാട്ടം എന്ന കലാരൂപം എല്ലാവരേയും ഉള്‍ക്കൊള്ളുന്ന ഒന്നല്ലെന്ന പ്രഖ്യാപനത്തിന് തുല്യമാണ്. അത്തരമൊരു പ്രഖ്യാപനത്തില്‍ മതബോധം, ജാത്യാഭിമാനം, വര്‍ണാശ്രമധര്‍മ്മ ബോധ്യം, കൊളോണിയല്‍ മനോഘടന, കണ്‍സ്യൂമറിസ്റ്റ് മനോഘടന എന്നിവ മറഞ്ഞിരിപ്പുണ്ട്. വൈദിക ആധിപത്യം പരിപൂര്‍ണമായും ഇന്ത്യന്‍ സാമൂഹ്യ ജീവിതത്തെ വിഴുങ്ങുവോളം കറുപ്പ് സൗന്ദര്യത്തിന്റേയും അഴകിന്റേയും മാനദണ്ഡമായി കരുതപ്പെട്ടിരുന്നു. ജീവിച്ചിരുന്നകാലത്ത് സൗന്ദര്യത്തെവെല്ലാന്‍ ഒരു സ്ത്രീയും ഇല്ലാതിരുന്ന ദ്രൗപദിയുടെ നിറം കറുപ്പായാണ് അവതരിപ്പിക്കപ്പെടുന്നത്. മധ്യകാലഘട്ടത്തില്‍ ഇന്ത്യ സന്ദര്‍ശിച്ച മാര്‍ക്കോപോളോ ഇന്ത്യയില്‍ കറുത്ത മനുഷ്യരാണ് അല്ലാത്തവരേക്കാള്‍ ബഹുമാനിക്കപ്പെടുന്നതെന്ന് തന്റെ യാത്രാവിവരണത്തില്‍ കുറിച്ചിട്ടുണ്ട്. മാത്രമല്ല ഈ മനുഷ്യര്‍ അവരുടെ ദൈവങ്ങള്‍ക്ക് കറുപ്പ് നിറമായിരുന്നു നല്‍കിയിരുന്നതെന്നും പിശാചിനെയാണ് വെള്ളകൊണ്ട് സൂചിപ്പിച്ചിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. 

എന്നാല്‍ വൈദിക മതത്തിന്റെ വ്യാപനം, സംസ്‌കൃതവല്‍ക്കരണം, പിന്നീടുണ്ടായ യൂറോപ്യന്‍ അധിനിവേശം സമീപഭൂതകാലത്ത് ഫെയര്‍ ആന്റ് ലവ്ലി പോലുള്ള സൗന്ദര്യവര്‍ധക വസ്തുക്കളുടെ വില്‍പ്പനയ്ക്കായി ടെലിവിഷനിലൂടേയും മറ്റും നടത്തിയ പരസ്യപ്രചാരണങ്ങള്‍ ഇവയെല്ലാം വെളുപ്പിന് ആധിപത്യം നല്‍കുന്ന പ്രക്രിയകളായിരുന്നു. ഈ കാഴ്ചപ്പാടുകളുടെയെല്ലാം വാങ്ങലുകള്‍ കറുപ്പിനെ 'പെറ്റ തള്ള സഹിക്കില്ല ' എന്ന് പറഞ്ഞധിക്ഷേപിക്കുന്ന ഒരാളിലുണ്ടെന്ന് തീര്‍ച്ച.

കലാമണ്ഡലം സത്യഭാമ | PHOTO: WIKI COMMONS
ജാതി സമൂഹവും ജന്മിത്വ ഭരണവും നിലനിന്നിരുന്ന കാലത്ത് രൂപപ്പെട്ട നൃത്തരൂപമാണ് മോഹിനിയാട്ടം. ദേവദാസി നൃത്തത്തില്‍ നിന്നും പരിണമിച്ചതാണ് മോഹിനിയാട്ടം എന്നും വാദമുണ്ട്. ജാത്യാധിപത്യമുള്ള സമൂഹത്തില്‍ ദേവദാസി നൃത്തമോ മോഹിനിയാട്ടമോ എല്ലാവരുടേതുമായിരുന്നില്ല. അത് എല്ലാവരും ആടിയിരുന്നുമില്ല, എല്ലാവര്‍ക്കും വേണ്ടിയായിരുന്നുമില്ല ആട്ടം. ജാതിയില്‍ ഉയര്‍ന്ന, മതത്തിലും രാഷ്ട്രീയത്തിലും അധികാരങ്ങളുണ്ടായിരുന്ന പുരുഷനുവേണ്ടി ശ്യംഗാര രസപ്രധാനത്തോടെ ആടപ്പെട്ടവയായിരുന്നു ഈ നൃത്തരൂപങ്ങള്‍. അന്ന് പുരുഷനെ ഈ നൃത്തരൂപങ്ങള്‍ക്ക് വേണ്ടായിരുന്നു. മേല്‍ജാതി സ്ത്രീകളല്ല, ക്ഷൂദ്രജാതിയില്‍പ്പെട്ട നായര്‍ സ്ത്രീകളായിരുന്നു മോഹിനിയാട്ടം അവതരിപ്പിച്ചിരുന്നത്. ഇതില്‍നിന്നെല്ലാം ജാത്യാതിഷ്ഠിത - ജന്മിത്വ ഭരണകാലത്ത് മോഹിനിയാട്ടത്തിന്റെ ലക്ഷ്യവും ആട്ടമാടുന്ന സ്ത്രീയുടെ സാമൂഹ്യസ്ഥാനവും ഊഹിക്കാവുന്നതേയുള്ളൂ. എന്നാല്‍ ഇന്ന് കാലം മാറി, ആധുനികതയും ജനാധിപത്യവും വന്നു. കല, ജാതിയില്‍ നിന്നും മതത്തില്‍ നിന്നും വിമോചിപ്പിക്കപ്പെടുകയും ഭേദങ്ങള്‍ യാതൊന്നുമില്ലാതെ മനുഷ്യര്‍ ഈ കലാരൂപങ്ങളിലേക്ക് പ്രവേശിക്കുകയും ചെയ്തു. ജനാധിപത്യം വന്നെത്തിയതോടെ കലയുടെ എല്ലാ പരിമിതികളും ഇല്ലാതായെന്നല്ല, നൃത്തത്തിന്റെ ഉള്ളടക്കം ഇപ്പോഴും മതത്തിന്റെ പ്രത്യയശാസ്ത്രത്തില്‍ നിന്നും പൂര്‍ണമായും അടര്‍ത്തിമാറ്റി ജനാധിപത്യവല്‍ക്കരിക്കാനോ ശ്യംഗാരഭാവപ്രധാനമല്ലാതാക്കി മാറ്റാനോ നമ്മുടെ ജനാധിപത്യത്തിന് ഇതുവരെ സാധിച്ചിട്ടില്ല. ഇത് ഒരു കലാരൂപത്തെ സംബന്ധിച്ചിടത്തോളം ഗുരുതരമായൊരു പ്രതിസന്ധിതന്നെയാണ്. 

ഉള്ളടക്കം ഒരു പ്രത്യയശാസ്ത്രം മുന്നോട്ടുവെക്കുന്നുണ്ട്. കാലികമായ ഉള്ളടക്കം ആധുനിക പ്രത്യയശാസ്ത്രത്തിന്റെ സൃഷ്ടിയും ആ ഉള്ളടക്കം പേറുന്ന കലയും കലാകാരനും ആധുനികതയുടെ പ്രക്ഷേപകനുമാണ്. പ്രസിദ്ധ കര്‍ണാടിക് സംഗീതജ്ഞനായ ടി.എം.കൃഷ്ണ ചിട്ടപ്പെടുത്തിയ 'പുറമ്പോക്ക് പാടല്‍',  പാട്ടിലെ ഉള്ളടക്കത്തെ നവീകരിക്കാനും കാലത്തോടൊപ്പം നില്‍ക്കാനുമുള്ള ഒരു കലാകാരന്റെ പരിശ്രമമായിരുന്നു. അത്തരം ധാരാളം ശ്രമങ്ങള്‍ കൃഷ്ണയുടെ നേതൃത്വത്തില്‍ നടക്കുന്നുണ്ട്. അങ്ങനെ മാത്രമേ കലയെ കൂടുതല്‍ ഇന്‍ക്ലൂസീവും സെക്യുലറും ആക്കി മാറ്റാന്‍ സാധിക്കുകയുള്ളൂ. ഉള്ളടക്കം ആധുനികവല്‍ക്കരിക്കപ്പെടാത്തിടത്തോളം ഇന്ന് എല്ലാവരേയും പുല്‍കുന്ന കല, സാഹചര്യം ഒത്തുവന്നാല്‍ ജാതിയുടെയും മതത്തിന്റേയും സമ്പൂര്‍ണ നിയന്ത്രണത്തില്‍ അമരുകയും ചെയ്യും. അതിന്റെ സൂചനകളാണ് സത്യഭാമയുടെ പ്രകടനങ്ങളില്‍ നിന്നും വായിച്ചെടുക്കാന്‍ സാധിക്കുന്നത്.

ടി.എം.കൃഷ്ണ | PHOTO: YOUTUBE
അഭിമുഖം വിവാദമായതോടെ തന്നെ കാണാന്‍ വീട്ടിലെത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ അവര്‍ തൊടുത്തുവിട്ട ചോദ്യങ്ങള്‍ മറ്റുചില വശങ്ങളെക്കുറിച്ച് ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നതാണ്. അവിടെ അവര്‍ പറയുന്ന പ്രധാന പോയിന്റുകള്‍, ഒന്ന്, അവാര്‍ഡുകളും പുരസ്‌കാരങ്ങളും നിര്‍ണയിക്കപ്പെടുന്നതും നല്‍കപ്പെടുന്നതും രാഷ്ട്രീയമുള്‍പ്പെടെ പലവിധ സ്വാധീനങ്ങളുടെ ഫലമായാണ്, രണ്ട്,സമൂഹമോ ഭരണകൂടമോ മാധ്യമങ്ങളോ കലാകാരന് അര്‍ഹിക്കുന്ന അംഗീകാരമോ അവസരങ്ങളോ നല്‍കുന്നില്ല, മൂന്ന്, കലാകാരന്‍ തൊഴിലില്ലായ്മ പ്രതിസന്ധി അനുഭവിക്കുന്നുണ്ട്, നാല്, നൃത്തമത്സരം വിലയിരുത്തുമ്പോള്‍ സൗന്ദര്യവും വിലയിരുത്തപ്പെടുന്നുണ്ട്. അതൊരു മാനദണ്ഡമാണ്. ഇതില്‍ അവസാനം പറഞ്ഞ കാര്യമൊഴികെ മറ്റൊന്നിനും വിവാദവുമായി നേരിട്ട് ബന്ധമൊന്നുമില്ല. എന്നാല്‍, അങ്ങനെ ഒരു വിവാദ പരാമര്‍ശത്തിലേക്ക് സത്യഭാമയെകൊണ്ടെത്തിക്കുന്നതില്‍ ഉറപ്പായും ആദ്യ മൂന്നിനും പങ്കുണ്ട് താനും.

മനുഷ്യന് ആധുനികമായ ധാര്‍മ്മിക - നൈതിക ധാരണകള്‍ നല്‍കേണ്ട വളരെ പ്രധാനപ്പെട്ട ഒരു മണ്ഡലം രാഷ്ട്രീയമാണ്. വിദ്യാഭ്യാസ പ്രക്രിയയിലൂടെയും നിയമനിര്‍മാണത്തിലൂടെയുമാണ് സാധാരണ ഗതിയില്‍ രാഷ്ട്രീയം ഈ ഉത്തരവാദിത്തം നിര്‍വഹിക്കുന്നത്. എന്നാല്‍ ഇതിലുപരി ജനങ്ങളെ സ്വാധീനിക്കാന്‍ ശേഷിയുള്ളവരാണ് രാഷ്ട്രീയ വ്യക്തിത്വങ്ങള്‍. എന്നാല്‍ രാഷ്ട്രീയത്തെപ്പറ്റിയുള്ള സത്യഭാമയുടെ നിരീക്ഷണങ്ങള്‍ ശ്രദ്ധിക്കൂ. മാതൃകായോഗ്യരായ രാഷ്ട്രീയക്കാരെ കാണാന്‍ അവര്‍ക്ക് ഇടവന്നിട്ടേയില്ല, തങ്ങള്‍ക്ക് താല്‍പര്യമുള്ളവര്‍ക്ക് സ്ഥാനമാനങ്ങളും പാരിതോഷികങ്ങളും സംഘടിപ്പിച്ചുകൊടുക്കാന്‍ ശ്രമിക്കുന്ന നെറികെട്ടവരേയേ അവര്‍ രാഷ്ട്രീയക്കാരുടെ വേഷത്തില്‍ കണ്ടിട്ടുള്ളൂ. തങ്ങളുമായി സംസര്‍ഗത്തില്‍ വരുന്നവര്‍ക്കിടയില്‍ ഇതാണ് ജനാധിപത്യ രാഷ്ട്രീയം എന്ന തെറ്റിദ്ധാരണ ജനിപ്പിക്കാനെ ഇത്തരം രാഷ്ട്രീയക്കാര്‍ക്ക് സാധിക്കൂ. ആഴത്തില്‍ ചിന്തിക്കുകയോ വിശകലനം ചെയ്യുകയോ ചെയ്യാത്ത ഒരാള്‍ ജനാധിപത്യവിരുദ്ധനാവാന്‍ ഇതില്‍പ്പരം എന്ത് സാഹചര്യമാണ് വേണ്ടത്? ഈ പ്രക്രിയ സത്യഭാമയിലും സംഭവിച്ചിരിക്കാം.

രണ്ടാമതായി, സമൂഹമോ, ഭരണകര്‍ത്താക്കളോ മാധ്യമങ്ങളോ കലാകാരന്‍മാരെ ബഹുമാനിക്കുന്നില്ലെന്ന് അവര്‍ക്ക് സ്ഥിരമായ ഒരു തൊഴിലില്ലെന്നും താന്‍ കുട്ടികളെ നൃത്തം പഠിപ്പിച്ചാണ് ഇത്രയുംകാലം ജീവിച്ചതെന്നുമുള്ള സത്യഭാമയുടെ വാദമെടുക്കാം. കലാകാരിയെന്ന നിലയിലും വ്യക്തിയെന്ന നിലയിലുമുള്ള തന്റെ നിലനില്‍പ്പിന് താനല്ലാതെ മറ്റാരും കൂടെയുണ്ടായിരുന്നില്ല എന്ന തോന്നലാണ് സത്യഭാമയെ നയിക്കുന്നതെന്നര്‍ത്ഥം. നമ്മുടെ സമൂഹത്തില്‍ വളരെ സജീവമായ ചിന്താധാരയാണിത്. വാസ്തവത്തില്‍, രാഷ്ട്രീയമായ കാരണത്താലാണ് ഒരു മനുഷ്യന്‍ ഇങ്ങനെ ചിന്തിച്ച് തുടങ്ങുന്നതുതന്നെ. കലാകാരന്‍മാര്‍ക്ക് ഇവിടെ തൊഴിലില്ലെന്ന സത്യഭാമയുടെ വാദം അത്തരമൊരു രാഷ്ട്രീയ കാരണമാണ്. അനിശ്ചിതത്വങ്ങളില്ലാത്തതും ആസ്വാദകരവുമായ തൊഴില്‍ ഒരു വ്യക്തിക്ക് നല്‍കുന്നത് സാമൂഹ്യ പിന്തുണയാണ്. അത് ഒരാള്‍ക്ക് ആത്മാഭിമാനമുള്ള ജീവിതവും സാമൂഹ്യ അംഗീകാരവും ഉറപ്പാക്കും. ഒരു കലാകാരന് കലാ മേഖലയില്‍ തന്നെ തൊഴില്‍ ഉറപ്പാക്കുന്നതിലൂടെ കലയെ കൂടുതല്‍ മെച്ചപ്പെടുത്താനുള്ള സാഹചര്യവും ഉരുത്തിരിയും. ഇത്തരം നടപടികള്‍ സ്വീകരിക്കേണ്ടത് ഭരണകര്‍ത്താക്കളാണ്. എന്നാല്‍ അവര്‍ അത് ചെയ്യാതെ പക്ഷപാതിത്വത്തോടെ പ്രവര്‍ത്തിക്കുന്നതാണ് സത്യഭാമയുള്‍പ്പെടെ എല്ലാവരും കാണുന്നത്. ഇത് വ്യക്തിയില്‍ സമൂഹത്തോടും രാഷ്ട്രീയത്തോടും വെറുപ്പ് സൃഷ്ടിക്കാന്‍ കാരണമാകും. ആ വെറുപ്പ് പലവിധം, താന്താങ്ങളുടെ പ്രത്യയശാസ്ത്രങ്ങളുടെ പിന്‍ബലത്തില്‍ പ്രകടമാക്കപ്പെടുകയും ചെയ്യും.

മോഹിനിയാട്ടം | PHOTO: WIKI COMMONS
അവസാനമായി, നൃത്തമത്സരങ്ങളില്‍ സൗന്ദര്യം ഒരു മാനദണ്ഡമാണെന്നും തന്റെയടുത്ത് പഠിക്കുന്ന വിദ്യാര്‍ത്ഥികളെ മികച്ച മേക്കപ്പ് കലാകാരന്‍മാരുടെയടുത്ത് വിടാറുണ്ട് എന്നുമുള്ള സത്യഭാമയുടെ വാദം പൊതുബോധത്തില്‍ മാത്രമല്ല, കലാ മേഖലയിലും സൗന്ദര്യത്തെ അളക്കുന്നത് തൊലിയുടെ നിറം നോക്കിയാണെന്ന് ആരോപിക്കുന്നതിന് തുല്യമാണ്. കലാ മേഖലയേയും മത - ജാതി - വര്‍ണ - കൊളോണിയല്‍ - കണ്‍സ്യൂമറിസ്റ്റ് സ്വാധീനം വാഴുന്നതിലാണ് ഇന്‍ക്ലൂസീവ് അല്ലാത്ത സങ്കല്‍പ്പങ്ങള്‍ ഇന്നും നിലനില്‍ക്കുന്നത്. നവോത്ഥാനകാലത്ത് ജീവിച്ചിരുന്ന മൈക്കലാഞ്ചലോയുടെ ചിത്രങ്ങള്‍ പരിശോധിച്ചാല്‍ കലയില്‍ നിന്ന് പഴഞ്ചനായതെല്ലാം ഇല്ലാതാക്കാനുള്ള ശ്രമങ്ങള്‍ ഒരുകാലത്ത് എത്രത്തോളം സജീവമായിരുന്നു എന്ന് മനസ്സിലാക്കാവുന്നതാണ്. അദ്ദേഹം ലാവണ്യമായി അവതരിപ്പിച്ചത് മനുഷ്യന്റെ - അത് സ്ത്രീയാണെങ്കിലും പുരുഷനാണെങ്കിലും - കായികക്ഷമത പ്രകടമാക്കുന്ന പേശീ സൗന്ദര്യമായിരുന്നു. ദ സിസ്‌റ്റൈന്‍ ചാപ്പല്‍ എന്ന പെയിന്റിങ്ങില്‍ വേദഗ്രന്ഥങ്ങളിലെ കഥാപാത്രങ്ങളെയാണ് മൈക്കലാഞ്ചലോ വരയ്ക്കുന്നതെങ്കിലും ജന്മിത്വ സൗന്ദര്യ സങ്കല്‍പ്പങ്ങളില്‍ നിന്ന് വിമോചിപ്പിച്ച് തുല്യകായിക ക്ഷമതയുള്ള രണ്ട് വ്യക്തിത്വങ്ങളായാണ് സ്ത്രീയേയും പുരുഷനേയും മൈക്കലാഞ്ചലോ അവതരിപ്പിക്കുന്നതെന്ന് കാണാം. മൈക്കലാഞ്ചലോയുടെ സ്ഥല - കാലങ്ങളില്‍ അജ്ഞാതമായിരുന്ന ചില ഘടകങ്ങള്‍ ഇന്നത്തെ ഇന്ത്യന്‍ പശ്ചാത്തലത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അതിലൊന്ന് കൊളോണിയല്‍ ബോധവും മറ്റൊന്ന് കണ്‍സ്യൂമറിസവുമാണ്. ഇവ രണ്ടിനുമൊപ്പം ജന്മിത്വത്തിന്റെ വാങ്ങലുകളായ മതവും, വൈദികമതത്തിന്റെ സവിശേഷ സൃഷ്ടിയായ ജാതിയും ചേരുന്ന നിലവിലെ ഇന്ത്യന്‍ സാഹചര്യം കൂടുതല്‍ സങ്കീര്‍ണമാണ്. 

ആധുനികവല്‍ക്കരിക്കപ്പെടാത്ത ഉള്ളടക്കം, ജന്മിത്വ - കൊളോണിയല്‍ പ്രത്യയശാസ്ത്രങ്ങളുടെ സ്വാധീനം, കണ്‍സ്യൂമറിസം ഇത് മൂന്ന് ഘടകങ്ങളാലാണ് സബോധതയില്ലാത്ത ഒരാളുടെ ചിന്ത നിയന്ത്രിക്കപ്പെടുന്നത്. ഈ ബോധം നിലനില്‍ക്കുമ്പോഴും പരസ്യമായ ഇത്തരം അഭിപ്രായപ്രകടനങ്ങള്‍ നടത്താന്‍ ഈയടുത്ത കാലംവരെ കേരളത്തിലെങ്കിലും അധികമാരും മുതിരാറില്ലായിരുന്നു. കേരളത്തില്‍ നടന്ന നവോത്ഥാന മുന്നേറ്റങ്ങളുടെ സ്വാധീനഫലമായിരുന്നു അത്തരമൊരു സ്വയം നിയന്ത്രണം. ജാതിയും മതവും പറയുന്ന രാഷ്ട്രീയ നേതൃത്വവും സാമൂഹ്യ സംഘടനകളും ഇന്ന് മനുഷ്യരില്‍ കൂടുതല്‍ സ്വാധീനം ചെലുത്തിത്തുടങ്ങിയിരിക്കുന്നു. തങ്ങള്‍ വീര്‍പ്പുമുട്ടലോടെ അമര്‍ത്തിവെച്ച പ്രത്യയശാസ്ത്ര ധാരണകള്‍ യാതൊരു സാമൂഹ്യ നിയന്ത്രണങ്ങളുമില്ലാതെ പുലമ്പാന്‍ കലാമണ്ഡലം സത്യഭാമയെപ്പോലുള്ളവര്‍ക്ക് സ്വാതന്ത്ര്യം ലഭിച്ചിരിക്കുന്നു!  

സത്യഭാമയുടെ പ്രകടനം വലിയ പ്രതിഷേധങ്ങള്‍ക്ക് വഴിവെച്ചിട്ടുണ്ടെങ്കിലും അതൊരു വ്യക്തിയുടെ മാത്രം ച്യുതിയായി മുദ്രചാര്‍ത്തി അവരെ അരികുവല്‍കരിക്കുന്നതിലൂടെ പ്രതിഷേധങ്ങള്‍ അവസാനിച്ചുകൂടാ. അത്തരം പ്രതിഷേധങ്ങള്‍ വൈകാരികമായ പൊട്ടിത്തെറികള്‍ക്കപ്പുറം മറ്റൊന്നുമല്ല. സത്യഭാമമാരെ സൃഷ്ടിക്കുന്ന മലീമസവും മനുഷ്യവിരുദ്ധവുമായ രാഷ്ട്രീയ പരിസരത്തിനെതിരെ കൂടിയായിരിക്കണം നമ്മുടെ പ്രതിഷേധങ്ങള്‍. ഇല്ലെങ്കില്‍, ഇനിയുമേറെ സത്യഭാമമാരുണ്ടാവും. പൊട്ടിത്തെറിച്ച് പൊട്ടിത്തെറിച്ച് നമ്മുടെ ഊര്‍ജം ദുര്‍വ്യയം ചെയ്യപ്പെടുകയും സ്വയം അരികുവല്‍കരിക്കുകയും ചെയ്യുമെന്നല്ലാതെ മറ്റൊരു മാറ്റവും ഉണ്ടാവുകയുമില്ല.


#outlook
Leave a comment