
മാനസികാരോഗ്യപ്രശ്നങ്ങൾ ചിരിച്ചു തള്ളേണ്ടതല്ല.
ദേഹമാസകലം മുറിവുകളോടുകൂടിയ മനുഷ്യരോട് സഹതപിക്കാനും, അവരെ പരിചരിക്കാനും രണ്ടാമതൊരു ചിന്തയില്ലാതെ സന്നദ്ധരാകുന്നവരാണ് നമ്മളിൽ ഭൂരിഭാഗവും. എന്നാൽ അദൃശ്യമായ മുറിവുകൾ പേറുന്ന മനുഷ്യർക്കരികിൽ എത്തുമ്പോൾ ഇതേ സന്നദ്ധതയുള്ളവരാകാൻ നമുക്ക് കഴിയാറുണ്ടോ? അത്തരം മനുഷ്യരെ തിരിച്ചറിയാൻ നമുക്കാകാറുണ്ടോ? പലരുടെയും മനുഷ്യത്വത്തിന്റെ ഇരട്ടത്താപ്പിനെ പുറത്തുകൊണ്ടുവരുന്ന ചോദ്യമായിരിക്കും ഇത്. ഒരേസമയം ദുരിതമനുഭവിക്കുന്ന ഒരുകൂട്ടം മനുഷ്യരോട് സഹതപിക്കുകയും മറ്റൊരു കൂട്ടത്തോട് മുഖം തിരിക്കുകയും ചെയ്യുന്ന മനുഷ്യത്വമാണ് നമ്മുടേത്. കാലങ്ങളായി മാനസികാരോഗ്യ പ്രശ്നങ്ങൾ നേരിടുന്ന മനുഷ്യരോടുള്ള സമീപനം ഒന്നു മാത്രം മതി ഇതിന് തെളിവായി. ശാരീരികമായ വെല്ലുവിളികളും ബുദ്ധിമുട്ടുകളും നേരിടുന്ന മനുഷ്യരെ ഉൾക്കൊള്ളാനും അവർക്ക് ചികിത്സാ സൗകര്യങ്ങൾ ഒരുക്കാനും സഹാനുഭൂതിയോടെ സമീപിക്കാനും ഒരു പരിധിവരെ സജ്ജമാണ് നമ്മുടെ സമൂഹം. ആശുപത്രികൾ, പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ, പാലിയേറ്റിവ് കെയറുകൾ, ആരോഗ്യ സംഘടനകൾ, കൂട്ടായ്മകൾ എന്നിങ്ങനെ ശാരീരികമായ ബുദ്ധിമുട്ടുകൾ നേരിടുന്നവരെ തിരിച്ചറിയാനും അവർക്ക് ആരോഗ്യകരമായ ഒരു അന്തരീക്ഷം സൃഷ്ടിച്ചെടുക്കാനും ഇവിടെ ഒരുപാട് മനുഷ്യരും ആരോഗ്യ - സാങ്കേതിക സംവിധാനങ്ങളുടെ പിന്തുണയുമുണ്ട്. എന്നാൽ മാനസികാരോഗ്യ പ്രശ്നങ്ങൾ നേരിടുന്ന അഥവാ ചോരയും ചലവും കലരാത്ത മുറിവുകൾ ജീവിതത്തിന്റെ ഭാഗമായ, മനുഷ്യരിലേക്കെത്തുമ്പോൾ അവസ്ഥ തീർത്തും വ്യത്യസ്തമാണ്. ആരോഗ്യരംഗം ആ മേഖലയിൽ പുരോഗമിക്കുന്നുവെങ്കിൽ കൂടി സാമൂഹികമായി വളർച്ച കൈവരിക്കാൻ നമുക്കിന്നും കഴിഞ്ഞിട്ടില്ല.
ദുരിതമനുഭവിക്കുന്നവരെ നമ്മൾ തിരിച്ചറിയുന്നത് എങ്ങനെയാണെന്നത് വളരെ പ്രധാനമാണ്. ആളുകളുടെ സാമ്പത്തികമായ അവസ്ഥ, സാമൂഹിക ജീവിതം, പ്രകടമായ ബുദ്ധിമുട്ടുകൾ, നിസ്സഹായത എന്നിവയാണ് അതിന് നാം പ്രധാനമായും പരിഗണിക്കുക. എന്നാൽ നമുക്ക് ചുറ്റും ജീവിതത്തിൽ വെല്ലുവിളികൾ നേരിടുന്നവരെ തിരിച്ചറിയാൻ ആ മാനദണ്ഡങ്ങൾ തികയാതെ വരും. ശാരീരിക ആരോഗ്യത്തിന് ഉണ്ടാകുന്ന പ്രശ്നങ്ങൾ പോലെ തന്നെ ആളുകളുടെ ജീവിതത്തെ ദുഷ്കരമാക്കാൻ കഴിയുന്ന ഒന്നാണ് മാനസികാരോഗ്യ പ്രശ്നങ്ങൾ. അവയുടെ തോതും സ്വഭാവവും സവിശേഷതകളും അനുസരിച്ച് വ്യത്യസ്ത തലത്തിൽ അവ ആളുകളുടെ ജീവിതത്തെയും അതിന്റെ ഗുണമേന്മയേയും ദോഷകരമായി ബാധിക്കും. ഈ വസ്തുത പോലും അംഗീകരിക്കാനാവാത്ത ആളുകൾ നമുക്കിടയിലുണ്ട്. ഇത്തരം പ്രശ്നങ്ങൾ കേവലം തോന്നലുകളാണെന്ന പ്രസ്താവന ഇപ്പോഴും പൊതുമധ്യത്തിൽ നിരത്തുന്നത് ഇക്കൂട്ടരാണ്.
REPRESENTATIVE IMAGE | WIKI COMMONS
ഈയിടെ നടിയും നർത്തകിയുമായ കൃഷ്ണപ്രഭ ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിനിടയിൽ മാനസികാരോഗ്യ പ്രശ്നങ്ങളെക്കുറിച്ച് പറഞ്ഞ ചില പ്രസ്താവനകളുണ്ട്. "ഇപ്പോൾ ആളുകൾ പറഞ്ഞ് കേൾക്കാം ഓവർതിങ്കിംഗ് ആണ് ഡിപ്രഷൻ ആണ് മൂഡ് സ്വിങ്ങ്സ് ആണ് എന്നെല്ലാം. പണ്ടത്തെ വട്ട് തന്നെ അതിനെയാണ് ഇന്ന് പുതിയ പേരുകൾ നൽകി വിളിക്കുന്നതെന്ന് കൃഷ്ണ പ്രഭ വളരെ ലാഘവത്തോടെ പറഞ്ഞു പോകുന്നുണ്ട്. മാത്രമല്ല, അവ വരാൻ കാരണമാകട്ടെ പണിയൊന്നുമില്ലാത്തതാണെന്നും കൂട്ടിച്ചേർക്കുന്നുണ്ട്. തിരക്കുകളിൽ മുഴുകിയാൽ തന്നെ ഈ പ്രശ്നങ്ങൾ കുറയുമെന്നാണ് അവർ കണ്ടെത്തിയിട്ടുള്ളതും. കൃഷ്ണ പ്രഭയുടെ പ്രസ്താവനകൾ സാമൂഹിക മാധ്യമങ്ങളിൽ ഒരുപാട് വിമർശനങ്ങൾക്കും പ്രതികരണങ്ങൾക്കും കാരണമായിരുന്നു. മാനസികാരോഗ്യ പ്രശ്നങ്ങളെക്കുറിച്ച് തെറ്റിദ്ധാരണകൾ വച്ചുപുലർത്തുന്ന, ആ അറിവില്ലായ്മ പ്രചരിപ്പിക്കാൻ മടിയില്ലാത്ത ഒരു വിഭാഗത്തെയാണ് കൃഷ്ണ പ്രഭയുടെ വാക്കുകൾ സൂചിപ്പിക്കുന്നത്. ഒരു വ്യക്തിയുടെ നിത്യജീവിതത്തെ അനിശ്ചിതത്വത്തിൽ കൊണ്ടു ചെന്നെത്തിക്കാൻ സാധിക്കുന്നവയാണ് 'വെറും വാക്കുകൾ' എന്ന് പറഞ്ഞുപോയ മേൽപ്പറഞ്ഞ മാനസികാരോഗ്യ പ്രശ്നങ്ങളെന്ന ധാരണയില്ലായ്മ ആ വാക്കുകളിൽ വ്യക്തമാണ്. വിദ്യാർത്ഥികളും തൊഴിൽ മേഖലയിലുള്ളവരും അടങ്ങുന്ന വലിയൊരു വിഭാഗം നേരിടുന്ന പ്രശ്നങ്ങൾ അവഗണിക്കുന്നതിനാലാവും മാനസിക പ്രശ്നങ്ങൾ ഉള്ളവരെ പണിയില്ലാത്തവരെന്ന ഒറ്റ വിഭാഗത്തിലേക്ക് ചുരുക്കാൻ കഴിയുന്നതും. ഇക്കൂട്ടരെ സംബന്ധിച്ചിടത്തോളം മാനസികാരോഗ്യങ്ങൾക്ക് പൊതുവായ ഒരൊറ്റ രൂപമാണ്. അവ അനുഭവിക്കുന്നവർക്ക് ലിഖിതമായ പെരുമാറ്റ രീതികളും സ്വഭാവങ്ങളുമാണ്. അവ പ്രകടമാക്കേണ്ടതിനും പരിഹരിക്കേണ്ടതിനും പരിശീലിച്ചു പഴകിയ വഴികളുണ്ട്. വിവിധ ശാഖകളുള്ള വ്യത്യസ്ത തലങ്ങളിൽ വിദഗ്ദർ ഇന്നും പഠനങ്ങൾ തുടരുന്ന ഒരു വിഷയമാണ് ഇത്രയേറെ നിസ്സാരമായ ഒന്നായി ആളുകൾ മാറ്റുന്നത്. ഇങ്ങനെ ഒരു നേർരേഖയിൽ രോഗനിർണയവും, ചികിത്സയും, പ്രതിരോധ മാർഗങ്ങളും പറഞ്ഞു പോകാവുന്നതല്ല മാനസികാരോഗ്യ പ്രശ്നങ്ങൾ.
REPRESENTATIVE IMAGE | PHOTO : WIKI COMMONS
നിലവിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് വിവിധങ്ങളായ ചർച്ചകൾ, അവബോധ പരിപാടികൾ, പഠനങ്ങൾ എന്നിവ സർക്കാരിന്റെ നേതൃത്വത്തിലും അല്ലാതെയും നടക്കുന്നുണ്ട്. എങ്കിലും അടിസ്ഥാനതലത്തിൽ മാനസികാരോഗ്യത്തെ സമീപിക്കുന്ന രീതിയിൽ മാറ്റങ്ങൾ സൃഷ്ടിക്കാൻ ഇവയ്ക്ക് സാധിക്കുന്നില്ല. ആളുകളുടെ മനോഭാവത്തിൽ മാറ്റങ്ങൾ ഇനിയും വരേണ്ടതുണ്ട്. അല്ലാത്തപക്ഷം മാനസികാരോഗ്യ പ്രശ്നങ്ങളെക്കുറിച്ചും അത് അനുഭവിക്കുന്നവരെക്കുറിച്ചും പരിഹസിച്ചും പുച്ഛിച്ചുമുള്ള സംസാരങ്ങൾ സോഷ്യൽ മീഡിയയിലും അല്ലാതെയും തുടർന്നുകൊണ്ടേയിരിക്കും. ഒരു തരത്തിലുമുള്ള അറിവോ അനുഭവങ്ങളോ ഇല്ലാതെ തെറ്റായ ആശയങ്ങൾ പ്രചരിപ്പിക്കുന്നവർ ഇന്ന് ഏറെയാണ്. അത്തരം ആശയങ്ങൾ ആളുകളിലേക്ക് എത്തുന്നത് വളരെ എളുപ്പവുമാണല്ലോ. അതോടൊപ്പം വിദഗ്ദർ എന്ന ടാഗോട് കൂടിയും ആളുകൾക്ക് തെറ്റായ നിർദേശങ്ങൾ നൽകുന്നവരുണ്ട്. മാനസികാരോഗ്യത്തെ സംബന്ധിച്ച് ഒരുപാട് വാക്കുകളും വസ്തുതകളും ആളുകൾക്ക് പരിചയപ്പെടുത്തുന്നതിലും അവബോധം സൃഷ്ട്ടിക്കുന്നതിലും സമൂഹ മാധ്യമങ്ങൾ മുഖ്യമായ പങ്കുവഹിച്ചിട്ടുണ്ട്. എന്നാൽ അതേ മാധ്യങ്ങൾ ഇന്ന് ആധികാരികതയില്ലാത്തതും തെറ്റായതുമായ അറിവുകൾ നൽകുമ്പോൾ ധാരണയില്ലാത്ത ഒരു വിഭാഗം വീണ്ടും ആശയകുഴപ്പങ്ങളിലേക്ക് എത്തിപ്പെടുന്ന സാഹചര്യമാണ്. 'പോസിറ്റിവിറ്റി' പ്രചരിപ്പിക്കുന്നുവെന്ന പേരോടെ ആർക്കും മാനസികാരോഗ്യത്തെക്കുറിച്ച് വാതോരാതെ സംസാരിക്കാം എന്നതാണ് നിലവിലെ ട്രെൻഡ്. എന്നാൽ വ്യക്തിഗതമായ അനുഭവങ്ങളെ മുൻ നിർത്തി ആളുകളെ ബോധവത്കരിക്കാൻ ഇറങ്ങുന്നവർ മറന്നു പോകുന്നത് ഓരോ വ്യക്തിയും വ്യത്യസ്തനാണ് എന്ന അടിസ്ഥാന സത്യമാണ്. ഒരു ചട്ടക്കൂടിനുള്ളിൽ ഒരേ നിയമാവലിക്കു കീഴിൽ വിരസമായി പറഞ്ഞു പോകാവുന്ന ഇടുങ്ങിയ ഒരു വിഷയമല്ല മാനസികാരോഗ്യം എന്നതാണ്. വിദ്യാഭ്യാസപരമായും സാമൂഹികമായും മുൻപന്തിയിൽ നിൽക്കുന്നവരാണ് ഇത്തരം വിഷയങ്ങളിൽ തീർത്തും തെറ്റായ കാര്യങ്ങൾ കൂടുതലും പ്രചരിപ്പിക്കുന്നത്. ഇത്തരം വിഷയങ്ങളെക്കുറിച്ച് അറിയാനും സ്വാവബോധം സൃഷ്ടിക്കാനുമുള്ള അവസരങ്ങൾ ഉണ്ടായിട്ടും ഒരുപാട് ആളുകൾ അതിന് ശ്രമിക്കുന്നില്ല എന്നത് നിരാശാജനകമാണ്.
മാനസികാരോഗ്യ പ്രശ്നങ്ങളെക്കുറിച്ച് തെറ്റിദ്ധാരണകൾ ഉള്ളവരാണ് അധികം ആളുകളും. മാനസികാരോഗ്യത്തിന് പ്രാധാന്യം നൽകുന്നത് തീർത്തും അപ്രസക്തമായ ഒന്നാണ് എന്നതായിരിക്കും അതിൽ ഒന്നാമത്. ശാരീരികമായ പ്രശ്നങ്ങളെപ്പോലെ പലപ്പോഴും രോഗനിർണയവും ചികിത്സയും വിദഗ്ധരുടെ നിർദ്ദേശങ്ങൾ സ്വീകരിക്കലും പരിചരണവും ആവശ്യമായതാണ് മാനസികമായ പ്രശ്നങ്ങളും വൈകല്യങ്ങളും. ഇത് മനസ്സിലാക്കാനോ അംഗീകരിക്കാനോ ഉള്ള വിമുഖത പൊതുവായി കാണുന്ന ഒരു പ്രവണതയാണ്. അതിന്റെ ഫലമായി ഇത്തരം പ്രശ്നങ്ങൾ നേരിടുന്ന വ്യക്തികൾ പരിഹാസവും അവഗണനയും നേരിടേണ്ടിയും വരുന്നു. മാനസികാരോഗ്യ പ്രശ്നങ്ങൾ ഇപ്പോഴും വ്യക്തികൾ സ്വയമേ കൈകാര്യം ചെയ്യേണ്ടതാണെന്ന വലിയ ഭാരം സമൂഹം ചുമത്തുന്നുണ്ട്. അല്ലാത്തപക്ഷം വ്യക്തികൾക്ക് സംഭവിക്കുന്ന വലിയ പരാജയമായും അവയെ ചിത്രീകരിക്കുന്നു. ഈ ബുദ്ധിമുട്ടുകൾ തുറന്നു പറയുന്നത് വളരെയേറെ പ്രയാസമേറിയ ഒന്നാക്കി തീർക്കുക മാത്രമേ ഇവ ചെയ്യുന്നുള്ളൂ. പലപ്പോഴും ഇത്തരം പ്രശ്നങ്ങൾ അഭിമുഖീകരിക്കുന്നുവെന്നത് വ്യക്തികൾ സ്വയം തിരിച്ചറിയുന്നതും അംഗീകരിക്കുന്നതും എളുപ്പല്ല. എന്നാൽ അവ പരിഹരിക്കുന്നതിന്റെ ആദ്യഘട്ടം എന്നത് ഇതുതന്നെയാണ്. സാമൂഹികമായ മേൽപ്പറഞ്ഞ ഘടകങ്ങൾ ആ പ്രക്രിയകൾ കൂടുതൽ ബുദ്ധിമുട്ടേറിയ ഒന്നാക്കുകയാണ്. ചുരുക്കിപ്പറഞ്ഞാൽ മാനസികാരോഗ്യ പ്രശ്നങ്ങൾ നേരിടുന്നവർ അനുഭവിക്കുന്ന ആദ്യത്തെ വെല്ലുവിളി നിരന്തരം ഈ പ്രശ്നത്തെ അഭിമുഖീകരിക്കണം എന്നതാണെങ്കിൽ രണ്ടാമത്തേത് കടന്നുപോകുന്ന അവസ്ഥ സമൂഹത്തിനുമുന്നിൽ ബോധ്യപ്പെടുത്തുക എന്നതാണ്.
REPRESENTATIVE IMAGE | WIKI COMMONS
സ്വയം അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ തിരിച്ചറിഞ്ഞ് സഹായവും ചികിത്സയും തേടാൻ ശ്രമിക്കുന്നവരാകട്ടെ നേരിടേണ്ടി വരുന്നത് ഇതിലേറെ കടമ്പകളാണ്. മാനസികാരോഗ്യ പ്രശ്നങ്ങൾക്ക് ചികിത്സ തേടുക എന്നത് ഇന്നും വലിയ ടാബുവായി നിലനിൽക്കുകയാണ്. പഠനം, വ്യക്തിഗത ബന്ധങ്ങൾ, തൊഴിൽ എന്നിങ്ങനെ ജീവിതത്തിന്റെ പല മേഖലകളെയും ചികിത്സയെച്ചൊല്ലിയുള്ള സ്റ്റിഗ്മ ബാധിക്കുന്ന സംഭവങ്ങൾ ഒരുപാടാണ്. മൂന്നു തരത്തിലാണ് പ്രധാനമായും സ്റ്റിഗ്മ നിലനിൽക്കുന്നത്. മാനസിക രോഗത്തെക്കുറിച്ച് മറ്റുള്ളവർക്ക് ഉണ്ടാകുന്ന നിഷേധാത്മകമോ വിവേചനപരമോ ആയ മനോഭാവങ്ങൾ ഉൾക്കൊള്ളുന്ന പബ്ലിക് സ്റ്റിഗ്മയാണ് ഒന്നാമത്തേത്. മാനസികമായ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവരുടെ ആന്തരികമായ ഭയത്തിൽ നിന്നും നാണക്കേടിൽ നിന്നും ഉണ്ടാകുന്ന നിഷിദ്ധാത്മക മനോഭാവങ്ങൾ ഉൾക്കൊള്ളുന്ന ഇന്റേണലൈസ്ഡ് സ്റ്റിഗ്മയുമുണ്ട്. ഇവയ്ക്ക് പുറമേ വ്യവസ്ഥാപിതമായ ഘടകങ്ങളുടെ സ്വാധീനമുള്ള സ്ട്രക്ചറൽ സ്റ്റിഗ്മയും നമ്മെ സ്വാധീനിക്കുന്നു. മാനസിക വൈകല്യമുള്ളവരുടെ അവസരങ്ങൾ മനപ്പൂർവ്വമോ അല്ലാതെയോ പരിമിതപ്പെടുത്തുന്ന, അപര്യാപ്തമായ സർക്കാർ-സ്വകാര്യ സ്ഥാപനങ്ങളുടെ നയങ്ങൾ ഇതിനുദാഹരണമാണ്. ഇവമൂന്നും പലപ്പോഴും ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന മനുഷ്യരെ മാത്രമല്ല അവർക്ക് ചുറ്റുമുള്ളവരെ കൂടി ദോഷകരമായി ബാധിക്കുന്നതാണ്.
ഇത്രയേറെ പ്രയാസമേറിയ ഒരു സാമൂഹികാന്തരീക്ഷത്തിൽ ചികിത്സ തേടുന്നവരെ ഒറ്റപ്പെടുത്തുകയും കൂടുതൽ സംഘർഷങ്ങളിലേക്ക് തള്ളിവിടുകയുമാണ് അധികമാളുകളും ചെയ്യുന്നത്. ഒരു പനിയോ മറ്റ് ശാരീരിക അസ്വാസ്ഥ്യമോ വന്നാൽ ചികിത്സ തേടുന്ന ലാഘവത്തോടെ ഇതിനെയും സമീപിക്കാൻ നാം ഇനിയും പഠിക്കേണ്ടിയിരിക്കുന്നു. മാനസികാരോഗ്യ പ്രശ്നങ്ങൾ നേരിടുന്ന പകുതിയിലധികം ആളുകൾക്കും പ്രാഥമികമായ ചികിത്സ പോലും ലഭിക്കുന്നില്ല. ചികിത്സ തേടാനുള്ള വിമുഖത, സാമൂഹിക സമ്മർദ്ദങ്ങൾ, സാമ്പത്തികമായ ബുദ്ധിമുട്ടുകൾ, കൃത്യമായ സഹായം ലഭിക്കാത്തത് എന്നിവയൊക്കെയും ഇതിന് കാരണങ്ങളാണ്. ചികിത്സ തേടുന്നവർ പാർശ്വവൽക്കരിക്കപ്പെടുന്നതും അത്തരം ആളുകളുടെ എണ്ണം കുറയാൻ കാരണമാണ്. സമൂഹത്തിൽ മാനസികാരോഗ്യത്തിന് ചികിത്സ നേടുന്നത് തന്നെ ടാബുവായി നിലനിൽക്കെ ജാതി, ജൻഡർ ഐഡന്റിറ്റി, ലൈംഗികത, തൊഴിൽ, സാമ്പത്തികാവസ്ഥ, വിദ്യാഭ്യാസം, വ്യക്തിപരമായ ബുദ്ധിമുട്ടുകൾ മുതലായ ഘടകങ്ങളുടെ സ്വാധീനം കൂടി ഉൾപ്പെടുമ്പോൾ നിലനിൽപ്പ് തന്നെ ദുഷ്കരമാകുന്ന മനുഷ്യരാണ് നമുക്ക് ചുറ്റും അധികവും. അതേ ആളുകൾക്കിടയിലാണ് പൊതുമധ്യത്തിൽ വച്ച് മാനസികാരോഗ്യം എന്ന വിഷയം കേവലം തമാശയായി അവതരിപ്പിക്കപ്പെടുന്നതും. മാനസികാരോഗ്യത്തെ സംബന്ധിക്കുന്ന യഥാർത്ഥമായ കണക്കുകളെ സമൂഹം അവഗണിക്കുന്നത് തന്നെയാണ് ഇതിന് കാരണമാകുന്നത്. ഒറ്റപ്പെട്ടതോ ലളിതമോ ആയ അനുഭവങ്ങളെ മാറ്റി നിർത്തി കണക്കുകളെ മുൻനിർത്തിയാൽ മനസ്സിലാക്കാം ഈ വിഷയത്തിന്റെ ഗൗരവം.
REPRESENTATIVE IMAGE | WIKI COMMONS
2024-25 ലെ സാമ്പത്തിക സർവ്വേയിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യത്തെയും നയശുപാർശകളിൽ അത് ഉൾപ്പെടുത്തേണ്ടതിനെയും കുറിച്ച് സൂചിപ്പിച്ചിട്ടുണ്ട്. മാനസികാരോഗ്യ പ്രശ്നങ്ങൾ രാജ്യത്തിന്റെ മൊത്തം ഉല്പാദനക്ഷമതയെ ബാധിക്കുന്നത് അടിസ്ഥാനപ്പെടുത്തിയാണ് ഇത്തരമൊരു ഉൾചേർക്കൽ. യുവാക്കളാണ് ഒരു രാജ്യത്തിന്റെ പ്രധാന ഊർജസ്രോതസ് എന്നിരിക്കെ, ശാരീരികവും മാനസികവുമായ ആരോഗ്യത്തെ അവഗണിക്കുന്ന ഒരു യുവജനതക്ക് എങ്ങനെയാണ് വികസന പ്രവർത്തനങ്ങളിൽ പങ്കാളികളാവാൻ കഴിയുക എന്നത് പ്രസക്തമായ ആശങ്കയാണ്. 2015-16 ലെ നാഷണൽ മെന്റൽ ഹെൽത്ത് സർവേ പ്രകാരം ഇന്ത്യയിലെ മുതിർന്നവരിൽ 10.6% പേർ മാനസിക വൈകല്യങ്ങൾ അനുഭവിക്കുന്നുണ്ട്. ഇതിൽ 0.8% ആളുകൾ ഗുരുതരമായ മാനസികാരോഗ്യ പ്രശ്നങ്ങളും അനുഭവിക്കുന്നു. ഗ്രാമപ്രദേശങ്ങളെ (9%) അപേക്ഷിച്ച് അർബൻ മെട്രോ പ്രദേശങ്ങളിലാണ് (13.5.%) മാനസികാരോഗ്യസംബന്ധമായ ബുദ്ധിമുട്ടുള്ളവർ ഏറെയുള്ളത്. 40 മുതൽ 49 വയസ്സ് വരെ പ്രായമുള്ളവരാണ് ഇതിൽ ഏറ്റവും കൂടുതൽ ബുദ്ധിമുട്ട് അനുഭവിക്കുന്നതായി കണ്ടെത്തിയത്. ഈ പ്രായപരിധിയിൽ വരുന്ന 14.48% ആളുകൾ മാനസിക സംബന്ധമായ ബുദ്ധിമുട്ട് അനുഭവിക്കുമ്പോൾ 18-29 വയസ്സ് പ്രായം വരുന്നവരിൽ 7.39% ആളുകളാണ് ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവരായി കണ്ടുവരുന്നത്. സ്ത്രീകളെ (7.5%) അപേക്ഷിച്ച് പുരുഷന്മാരിലാണ് (13.9%) ഇതിന്റെ അനുപാതം കൂടുതലായി തിരിച്ചറിഞ്ഞത്. 13 മുതൽ 17 വയസ്സ് വരെയുള്ള കൗമാരക്കാരെ എടുത്താൽ, 7.3% പേർ മാനസിക വൈകല്യമുള്ളവരാണ്. ഇതിൽ ഉയർന്ന ശതമാനം അർബൻ മെട്രോ പ്രദേശങ്ങളിൽ ഉള്ളവരാണ്. ഈ കണക്ക് പ്രകാരം മണിപ്പൂർ (14.1%), മധ്യപ്രദേശ് (13.9%) പഞ്ചാബ് (13.4%) എന്നിവിടങ്ങളിലാണ് ഉയർന്ന നിരക്ക് രേഖപ്പെടുത്തിയിരിക്കുന്നത്. കേരളത്തിൽ ഇത് 11.4% ആണ്. മാനസികാരോഗ്യപരമായ വൈകല്യം ഉള്ളവരിൽ 70% മുതൽ 92% വരെ ചികിത്സ ലഭിക്കുന്നില്ല എന്നതാണ് ഇതിൽ ശ്രദ്ധിക്കേണ്ട മറ്റൊരു വസ്തുത.
ഈ കണക്കുകൾ കൂടാതെ, വിദ്യാഭ്യാസ സ്ഥാപനങ്ങളിലും തൊഴിലിടങ്ങളിലും വർദ്ധിച്ചുവരുന്ന ആത്മഹത്യാ നിരക്കുകൾ ശിഥിലമാകുന്ന മാനസികാരോഗ്യവും അതിന് ശക്തി പകരുന്ന സാമൂഹിക ഘടകങ്ങളും വ്യക്തമാക്കുന്നതാണ്. വർഷങ്ങളായി ഇന്ത്യയിൽ ആത്മഹത്യ നിരക്കുകളുടെ വേഗതയിൽ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്ക് പ്രകാരം വർഷത്തിൽ ഒരു ലക്ഷത്തിലധികം ആളുകൾ നമ്മുടെ രാജ്യത്ത് ആത്മഹത്യ മൂലം മരണപ്പെടുന്നു. ഹെൽത്ത് മാനേജ്മെന്റ് ഇൻഫർമേഷൻ സിസ്റ്റം ഡാറ്റ പ്രകാരം 2010 മുതൽ 2020 വരെയുള്ള കാലയളവിൽ 17,678 നിന്ന് 47,882 വരെ ആത്മഹത്യാ നിരക്ക് ഉയർന്നതായി അടയാളപ്പെടുത്തുന്നു. ശരാശരി ഓരോ 40 സെക്കൻഡിലും ഒരു ആത്മഹത്യയും ഓരോ മൂന്നു സെക്കൻഡിലും ഒരു ആത്മഹത്യാശ്രമവും നമ്മുടെ രാജ്യത്ത് നടക്കുന്നു എന്നതാണ് കണക്ക്. ഇന്ത്യൻ ജനതയുടെ മാനസികാരോഗ്യത്തിന്റെ ദുർബലമായ വശം തുറന്നു കാണിക്കുന്ന കണക്കുകൾ ഈ വിധം മുൻപിലുള്ളപ്പോൾ മാനസികാരോഗ്യം എന്ന വിഷയത്തെ എത്രത്തോളമാണ് നമുക്ക് അവഗണിക്കാൻ സാധിക്കുക? അതിലൂടെ എന്ത് പുരോഗതിയാണ് ഒരു സമൂഹമെന്ന രീതിയിൽ നേടാനാവുക എന്ന് ചിന്തിക്കേണ്ടതുണ്ട്. സാമൂഹികാരോഗ്യത്തിന് വേണ്ടവിധം പ്രാധാന്യം നൽകുന്ന മനോഭാവത്തിലേക്ക് ഈ സമൂഹവും ഓരോ മനുഷ്യരും മാറാതെ ആരോഗ്യകരമായ ജീവിതത്തിലേക്കും ഉയർന്ന ജീവിത നിലവാരത്തിലേക്കും നമുക്ക് വളരാനാവുന്നത് അസാധ്യമാണ്.
REPRESENTATIVE IMAGE | WIKI COMMONS
ഇത്രയേറെ ഞെട്ടിക്കുന്ന കണക്കുകൾ മുമ്പിൽ നിൽക്കുമ്പോൾ മാനസികാരോഗ്യവും അത് സംബന്ധമായ രോഗങ്ങളും ഇനിയും ചിരിച്ച് തള്ളേണ്ടതല്ല. നമുക്ക് ചുറ്റും പലരും നിശബ്ദമായി ചെറുതും വലുതുമായ മാനസികാരോഗ്യ പ്രശ്നങ്ങളും വൈകല്യങ്ങളും നേരിടുന്നുണ്ട്. അവരെ ഉൾചേർത്ത് അവർക്ക് കൂടി നിലനിൽക്കാൻ അനുയോജ്യമായ ഇടമാക്കി ഈ സമൂഹത്തെ മാറ്റേണ്ടതും അതിനായി അന്തരീക്ഷം ഒരുക്കേണ്ടതും പ്രായഭേദമന്യേ മനുഷ്യരിലുണ്ടാകേണ്ട ഗുണമാണ്. അതിന് ഇത്തരം രോഗാവസ്ഥകളെക്കുറിച്ചുള്ള അഗാധമായ അറിവല്ല ആദ്യമാവശ്യം. മറ്റു പ്രശ്നങ്ങളെപ്പോലെ തിരിച്ചറിയപ്പെടേണ്ടതും ഗൗരവമായി സമീപിക്കപ്പെടേണ്ടതുമാണ് ഇവയെന്ന അവബോധമാണ്. സ്വയം സമാധാനപരമായി ജീവിക്കുകയും ചുറ്റുമുള്ളവർക്ക് അതിന് അവസരം ഒരുക്കുകയും ചെയ്യുന്നതാണ് മാനസികാരോഗ്യത്തിന്റെ യഥാർത്ഥ നിർവചനമെന്ന തിരിച്ചറിയലാണ്.


.jpg)