നാടുവിടുന്ന യുവത്വം
കുടിയേറ്റം മനുഷ്യ ചരിത്രത്തിന്റെ സ്വാഭാവിക ഭാഗമാണ്. സാമ്പത്തിക അവസരങ്ങളുടെ നിര്‍മ്മിതി, കുടുംബ പുനരേകീകരണം, സംഘര്‍ഷങ്ങളില്‍ നിന്ന് രക്ഷപ്പെടല്‍, അല്ലെങ്കില്‍ പുതിയ അനുഭവങ്ങള്‍ തേടിയുള്ള യാത്ര എന്നീ വിവിധ ഘടകങ്ങളില്‍ അധിഷ്ഠിതമായിരുന്നു ഒരുകാലത്ത് കുടിയേറ്റം. ചരിത്രപരമായി, മനുഷ്യര്‍ നാടോടികളായിരുന്നു, വിഭവങ്ങള്‍ അല്ലെങ്കില്‍ മെച്ചപ്പെട്ട ജീവിതസാഹചര്യങ്ങള്‍ കണ്ടെത്താന്‍ നിരന്തരം ഒരു സ്ഥലത്തുനിന്നും മറ്റൊരു സ്ഥലത്തേക്ക് നീങ്ങിക്കൊണ്ടിരുന്നവര്‍. വിഭവങ്ങളും പ്രദേശങ്ങളും നിയന്ത്രിക്കേണ്ടതിന്റെ ആവശ്യകതയാണ് രാഷ്ട്രങ്ങളുടെയും രാജത്വങ്ങളുടെയും ഉയര്‍ച്ചയ്ക്ക് പലപ്പോഴും ആക്കംകൂട്ടിയത്. കൊളോണിയലിസം കുടിയേറ്റ രീതികളെ കൂടുതല്‍ വഷളാക്കുകയും പല പ്രദേശങ്ങളിലും സമ്പത്തിന്റെ അസമത്വത്തിലേക്കും അസ്ഥിരതയിലേക്കും നയിച്ചു. കേരളത്തിനും കുടിയേറ്റത്തിന്റെ ഗണ്യമായ ചരിത്രമുണ്ട്, ജനസംഖ്യയുടെ വലിയൊരുഭാഗം വിദേശത്ത് താമസിക്കുന്നു. മറ്റ് രാജ്യങ്ങളിലേക്ക്, പ്രത്യേകിച്ച് മിഡില്‍ ഈസ്റ്റിലേക്ക് മലയാളികളുടെ കുടിയേറ്റം കേരള വികസനത്തിന്റെ മൂലക്കല്ലായിരുന്നു. 1970-കളുടെ തുടക്കത്തില്‍ ആരംഭിച്ച 'ഗള്‍ഫ് ബൂം' (gulf boom) തൊഴിലവസരങ്ങള്‍ തേടി നിരവധി മലയാളികള്‍ അറേബ്യന്‍ രാജ്യങ്ങളിലേക്ക് കുടിയേറുന്നത് കണ്ടു. മിഡില്‍ ഈസ്റ്റില്‍ ക്രൂഡ് ഓയില്‍ കണ്ടെത്തിയതിനെ തുടര്‍ന്നുണ്ടായ സാമ്പത്തിക മാറ്റങ്ങള്‍ കേരളത്തിന്റെ സമ്പദ് വ്യവസ്ഥയെയും സ്വാധീനിച്ചിട്ടുണ്ട്. പ്രവാസി ഇന്ത്യക്കാരില്‍ നിന്നുള്ള പണമയയ്ക്കല്‍ (എന്‍ആര്‍ഐ) കേരളത്തിന്റെ സമ്പദ്വ്യവസ്ഥയുടെ നിര്‍ണായക ഘടകമാണ്, ഈ കുടിയേറ്റം കേരളത്തിന്റെ സാമൂഹിക സാമ്പത്തിക ഘടനയില്‍ വിവിധ മാറ്റങ്ങള്‍ക്ക് കാരണമായി, സംസ്ഥാനത്തിന്റെ വികസനം രൂപപ്പെടുത്തുന്നതില്‍ ഗള്‍ഫ് കുടിയേറ്റം വഹിച്ച പങ്ക് വളരെ വലുതായിരുന്നു. പരിമിതമായ വ്യാവസായിക-കാര്‍ഷിക മേഖലകള്‍ക്കിടയിലും കുടിയേറ്റം കേരളത്തിന്റെ സമ്പദ്വ്യവസ്ഥയ്ക്ക് കാര്യമായ സംഭാവന നല്‍കിയിട്ടുണ്ട്.
എന്നാല്‍ ഇന്നത്തെ കേരളത്തില്‍, പ്രത്യേകിച്ച് യുവാക്കള്‍ക്കിടയില്‍ കുടിയേറ്റ പ്രവണതകളില്‍ പ്രകടമായ മാറ്റമുണ്ട്. ഒരുകാലത്ത് മിഡില്‍ ഈസ്റ്റില്‍ ഒതുങ്ങിക്കൂടാന്‍ ആഗ്രഹിച്ചവര്‍, ഇന്ന് കൂടുതല്‍ വിദ്യാര്‍ത്ഥികളും വിദേശത്ത്, പ്രത്യേകിച്ച് യൂറോപ്പ്, കാനഡ, ഓസ്ട്രേലിയ, മറ്റ് രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ ഉന്നത വിദ്യാഭ്യാസം തേടാന്‍ തിരഞ്ഞെടുക്കുന്നു, പലരും അവിടെ സ്ഥിരതാമസമാക്കാന്‍ തീരുമാനിക്കുന്നു. വിദേശത്ത് ജോലിനോക്കുന്ന പതിവ് സമ്പ്രദായത്തില്‍ (മിഡില്‍ ഈസ്റ്റില്‍) നിന്നുള്ള മാറ്റം കേരളത്തിന്റെ കുടിയേറ്റ രീതികളില്‍ ശ്രദ്ധേയമായ പരിവര്‍ത്തനത്തെ പ്രതിനിധീകരിക്കുന്നു. വിദേശത്ത് പഠിക്കാന്‍ തിരഞ്ഞെടുക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ ശ്രദ്ധേയമായ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്. വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം വിദേശത്തുള്ള ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ 2012-ല്‍ 40 ലക്ഷം ആയിരുന്നത് 2024-ല്‍ 75 ലക്ഷമായി 68% വര്‍ധിച്ചു. ഉപരിപഠനത്തിനായി വിദേശത്തേക്ക് പോകുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണം 2021 ല്‍ 4,44,553 ആയിരുന്നത് 2022 ല്‍ 7,50,365 ആയി ഉയര്‍ന്നു. കേരളത്തിലും ഇതേ വര്‍ധനയുണ്ട്. ഇത് വര്‍ദ്ധിച്ച അന്താരാഷ്ട്ര വിദ്യാഭ്യാസ അവസരങ്ങളുടെ വിശാലമായ പ്രവണതയെ പ്രതിഫലിപ്പിക്കുന്നു. വിദ്യാഭ്യാസപരമായ കാരണങ്ങളാല്‍ സംസ്ഥാനം വിടുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ദ്ധനവ് കാണിക്കുന്ന കണക്കുകളോടെ, വിദേശത്ത് ഉന്നതപഠനം നടത്തുന്ന വിദ്യാര്‍ത്ഥികളുടെ വര്‍ദ്ധനവിന് കേരളവും സാക്ഷ്യംവഹിച്ചു. ഈ മാറ്റം കേരളത്തില്‍ നിന്നുള്ള കുടിയേറ്റം എങ്ങനെ വികസിക്കുന്നുവെന്നും സംസ്ഥാനത്തിന്റെ ജനസംഖ്യാപരമായും സാമ്പത്തികമായും ഉള്ള ഭൂപ്രകൃതിയില്‍ അതിന്റെ സ്വാധീനം എടുത്തുകാണിക്കുന്നു. ഗള്‍ഫ് കുടിയേറ്റം ഒരുതരത്തില്‍ അല്ലേല്‍ മറ്റൊരുതരത്തില്‍ കേരളജനതയുടെ Distress Migration (നിവൃത്തികേടുകൊണ്ടുള്ള) ആയിരുന്നുവെങ്കില്‍ ഇന്നത്തെ യുവതലമുറയുടെ കുടിയേറ്റകാരണങ്ങള്‍ മറ്റ് പലതുമാണ്.
REPRESENTATIONAL IMAGE: WIKI COMMONS
മലയാളി കുടിയേറ്റക്കാരെ അവരുടെ മൈഗ്രേഷന്‍ പാറ്റേണുകളും ലക്ഷ്യസ്ഥാനങ്ങളും അടിസ്ഥാനമാക്കി രണ്ട് പ്രധാന ഗ്രൂപ്പുകളായി തിരിക്കാം:
1. ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള താത്കാലിക കുടിയേറ്റക്കാര്‍:
പ്രധാനമായും തൊഴിലവസരങ്ങള്‍ക്കായി സൗദി അറേബ്യ, യുഎഇ, ഖത്തര്‍, കുവൈറ്റ് തുടങ്ങിയ ഗള്‍ഫ് രാജ്യങ്ങളിലേക്ക് കുടിയേറുന്ന മലയാളികള്‍ ഈ ഗ്രൂപ്പില്‍ ഉള്‍പ്പെടുന്നു. അവര്‍ പലപ്പോഴും നിര്‍മ്മാണം, ഹോസ്പിറ്റാലിറ്റി, ആരോഗ്യ സംരക്ഷണം, ഐടി തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നു. അവരില്‍ പലരും ഒരു നിശ്ചിത കാലയളവിനുശേഷം കേരളത്തിലേക്ക് മടങ്ങിവരുന്നു, അനുഭവങ്ങളും സമ്പാദ്യങ്ങളും ചിലപ്പോള്‍ നിക്ഷേപങ്ങളും തിരികെ കൊണ്ടുവരുന്നു.
2. വികസിത രാജ്യങ്ങളിലേക്കുള്ള സ്ഥിര കുടിയേറ്റക്കാര്‍:
മെച്ചപ്പെട്ട ജീവിതനിലവാരം, വിദ്യാഭ്യാസ അവസരങ്ങള്‍, തൊഴില്‍ സാധ്യതകള്‍ തുടങ്ങിയ കാരണങ്ങളാല്‍ വടക്കേ അമേരിക്ക, യൂറോപ്പ്, മറ്റ് വികസിത രാജ്യങ്ങള്‍ എന്നിവിടങ്ങളിലേക്ക് സ്ഥിരമായി കുടിയേറുന്ന മലയാളികള്‍ രണ്ടാമത്തെ ഗ്രൂപ്പില്‍ ഉള്‍പ്പെടുന്നു. യുണൈറ്റഡ് സ്റ്റേറ്റ്സ്, കാനഡ, യൂറോപ്യന്‍ രാജ്യങ്ങള്‍, ഓസ്ട്രേലിയ, ന്യൂസിലാന്‍ഡ് തുടങ്ങിയ സ്ഥലങ്ങളാണ് അവര്‍ ഇഷ്ടപ്പെടുന്നത്. ഈ കുടിയേറ്റക്കാര്‍ പലപ്പോഴും ഈ രാജ്യങ്ങളില്‍ കുടുംബത്തോടൊപ്പം സ്ഥിരതാമസമാക്കുകയും ആതിഥേയ സമൂഹവുമായി ദീര്‍ഘകാല സ്ഥിരതയും സമന്വയവും തേടുകയും ചെയ്യുന്നു. അവര്‍ തങ്ങളുടെ ദത്തെടുത്ത രാജ്യങ്ങളിലെ മള്‍ട്ടി കള്‍ച്ചറല്‍ ഫാബ്രിക്കിലും തൊഴില്‍ ശക്തിയിലും സംഭാവന ചെയ്യുന്നു. അവര്‍ അവിടെത്തന്നെ സ്ഥിരതാമസം ആകുന്നതുകൊണ്ട് കേരള സമ്പത്ത് വ്യവസ്ഥയ്ക്ക് കാര്യമായ സംഭാവനകള്‍ നല്‍കുന്നുമില്ല.
വിദേശത്തേക്ക് കുടിയേറാനുള്ള യുവാക്കളുടെ തീരുമാനത്തിന് പിന്നിലെ പ്രാഥമിക പ്രചോദനം ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിനായുള്ള ആഗ്രഹവും, മെച്ചപ്പെട്ട ജീവിതനിലവാരം പടുത്തുയര്‍ത്താനുള്ള ത്വരയുമാണ്. പരിമിതമായ അവസരങ്ങള്‍, സദാചാര പോലീസിംഗ്, വ്യക്തിജീവിതത്തിലേക്കുള്ള കടന്നുകയറ്റം, രാഷ്ട്രീയവും മതപരവുമായ ചുറ്റുപാടുകള്‍ ഏര്‍പ്പെടുത്തുന്ന നിയന്ത്രണങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള വിവിധ സാമൂഹിക പരിമിതികളും കാരണം സ്വന്തം നാട്ടില്‍ ഉയര്‍ന്ന ജീവിതനിലവാരം കൈവരിക്കുന്നത് വെല്ലുവിളിയാണെന്ന് ഇന്നത്തെ യുവതലമുറ പറയും. വിദ്യാര്‍ത്ഥി കുടിയേറ്റക്കാരില്‍ 45% പേരും വിദ്യാഭ്യാസത്തെ (education) ഒരു പ്രധാന കുടിയേറ്റ ഘടകമായി കാണുന്നു, സാമൂഹിക മുന്‍വിധികളും സ്റ്റീരിയോടൈപ്പ് ജീവിതവും ഇന്നത്തെ യുവത ആഗ്രഹിക്കുന്നില്ല. സമത്വവും അവസരങ്ങളും വാഗ്ദാനം ചെയ്യുന്ന വ്യക്തിത്വ വികസനത്തിനും കൂടുതല്‍ പുരോഗമന ചിന്താപരിതസ്ഥിതികളിലേക്കുള്ള പ്രവേശനത്തിനുമുള്ള പാതയായാണ് യുവാക്കള്‍ കുടിയേറ്റത്തെ കാണുന്നത്. സാമൂഹിക പ്രതീക്ഷകളാല്‍ നയിക്കപ്പെടുന്ന ജീവിതമല്ല അവര്‍ക്ക് വേണ്ടത്, മറിച്ച്, അവരുടെ സ്വപ്നങ്ങളെ പിന്തുടരാന്‍ സഹായിക്കുന്ന, അവരുടെ സ്വത്വങ്ങളെ (based on their sexuality) അതുപോലെ അംഗീകരിക്കുന്ന (accepting), അവരുടെ ജീവിതം അവരാഗ്രഹിക്കുന്നപോലെ ജീവിച്ചുതീര്‍ക്കാന്‍ സഹായിക്കുന്ന, കൂടുതല്‍ തുറന്ന മനസ്സുള്ള സമൂഹങ്ങള്‍ (open-minded societies) ആണ് യുവാക്കള്‍ പര്യവേക്ഷണം ചെയ്യുന്നത്. കൂടുതല്‍ സ്വാതന്ത്ര്യവും സ്വയംഭരണവും (freedom and autonomy) ഉള്ള ഒരു ജീവിതശൈലിക്കുള്ള ആഗ്രഹം കുടിയേറ്റ തീരുമാനങ്ങളില്‍ യുവാക്കളില്‍ പ്രചോദന ശക്തിയാകാറുണ്ട്.
സമപ്രായക്കാരുടെ സമ്മര്‍ദ്ദം (peer group pressure) രക്ഷാകര്‍ത്തൃ പ്രതീക്ഷകള്‍, വിദേശ പ്രവേശന ഏജന്‍സികളുടെ സഹായം, വിദ്യാഭ്യാസ വായ്പകളുടെ ലഭ്യത, മാറിക്കൊണ്ടിരിക്കുന്ന സാമൂഹിക ചലനാത്മകത, മെച്ചപ്പെട്ട എയര്‍-ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി തുടങ്ങിയ ഘടകങ്ങളാണ് വിദ്യാര്‍ത്ഥികളുടെ കുടിയേറ്റ പ്രവണതകള്‍ വര്‍ധിക്കാന്‍ കാരണമെന്ന് കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍.ബിന്ദു പറയുന്നു.
ആര്‍.ബിന്ദു| PHOTO: FACEBOOK
സെന്റര്‍ ഫോര്‍ മൈഗ്രേഷന്‍ ആന്‍ഡ് ഇന്‍ക്ലൂസീവ് ഡെവലപ്മെന്റ് (സിഎംഐഡി) യുടെ സഹസ്ഥാപകനും എക്സിക്യൂട്ടീവ് ഡയറക്ടറുമായ ബിനോയ് പീറ്റര്‍ മൈഗ്രേഷന്‍ ട്രെന്‍ഡുകളിലെ ഏറ്റവും പ്രധാനപ്പെട്ട കാരണമായി 'അയല്‍പക്ക സ്വാധീനം' (neighbourhood effect) മായി കണക്കാക്കുന്നു. ഒരു കമ്മ്യൂണിറ്റിയിലെയോ പിയര്‍ ഗ്രൂപ്പിലെയോ വ്യക്തികള്‍ അവരുടെ ചുറ്റുമുള്ള മറ്റുള്ളവരുടെ മൈഗ്രേഷന്‍ തീരുമാനങ്ങളാല്‍ എങ്ങനെ സ്വാധീനിക്കപ്പെടുന്നുവെന്ന് ഈ പ്രഭാവം വിവരിക്കുന്നു. അയല്‍പക്കത്തുള്ള അല്ലെങ്കില്‍ പിയര്‍ ഗ്രൂപ്പിലെ ആരെങ്കിലും ഉന്നത വിദ്യാഭ്യാസമോ ജോലി അവസരങ്ങളോ പോലുള്ള കാരണങ്ങളാല്‍ വിദേശത്തേക്ക് കുടിയേറുമ്പോള്‍, അത് ഒരു ശൃംഖല പ്രതികരണത്തിന് (ripple effect) കാരണമാകും. ചെലവുകള്‍, ലഭ്യമായ കോഴ്സുകള്‍, ധനസഹായ ഓപ്ഷനുകള്‍ എന്നിവയെക്കുറിച്ചുള്ള വിവരങ്ങള്‍ പിയര്‍ ഗ്രൂപ്പുകള്‍ക്കിടയില്‍ വ്യാപിക്കുകയും മറ്റുള്ളവരെ ഇത് പിന്തുടരാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്നു. ബാങ്ക് വായ്പകള്‍ ഇന്ന് പഠനത്തിനായി എളുപ്പത്തില്‍ ലഭ്യമാണെന്ന വസ്തുതയുമുണ്ട്. പ്രത്യേകിച്ച് ഇടത്തരക്കാര്‍ക്ക് (Middle Class), തവണകളായുള്ള തിരിച്ചടവ് മാനേജ് ചെയ്യാന്‍ കഴിയും. മൈഗ്രേഷനിലെ അയല്‍പക്കപ്രഭാവം, സമൂഹത്തിലെ മറ്റുള്ളവരെ പ്രേരിപ്പിക്കുന്നു, ഇത് കുടിയേറ്റത്തിന്റെ കാസ്‌കേഡിലേക്ക് നയിക്കുന്നു. അത്തരം ഒരു പ്രഭാവം സാധാരണയായി വിവരങ്ങളുടെ കൈമാറ്റം, സാമൂഹിക ബന്ധങ്ങള്‍, സമപ്രായക്കാര്‍ക്കിടയില്‍ സാക്ഷ്യംവഹിക്കുന്ന കുടിയേറ്റത്തിന്റെ പ്രയോജനങ്ങള്‍ എന്നിവ പോലുള്ള ഘടകങ്ങളാല്‍ പ്രേരിപ്പിക്കപ്പെടുന്നു. അവരുപോകുന്നുണ്ടല്ലോ അതുകൊണ്ട് എനിക്കും പോയാല്‍ എന്താ എന്ന ചിന്ത യുവാക്കളില്‍ അതുവഴി സൃഷ്ടിക്കപ്പെടുന്നു.
കുടിയേറ്റത്തിന്റെ വര്‍ദ്ധിച്ചുവരുന്ന പ്രവണതയെ മസ്തിഷ്‌ക ചോര്‍ച്ചയായി (brain drain) ചിലര്‍ കാണുമ്പോള്‍, തിരുവനന്തപുരത്തെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് എജ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ചിന് (IISER) കീഴിലുള്ള സ്‌കൂള്‍ ഓഫ് ഹ്യുമാനിറ്റീസിലെ ഫാക്കല്‍റ്റി അംഗമായ ഹരിലാല്‍ മാധവന്‍ ഇതിനെ മസ്തിഷ്‌ക ചംക്രമണം (brain circulation) എന്ന് വിശേഷിപ്പിക്കുന്നു. വിദ്യാഭ്യാസത്തിലെ മസ്തിഷ്‌ക ചോര്‍ച്ച (brain drain) എന്നത് ഉയര്‍ന്ന വിദ്യാഭ്യാസമുള്ള വ്യക്തികള്‍ അവരുടെ മാതൃരാജ്യത്ത് നിന്ന് വിദ്യാഭ്യാസ അവസരങ്ങള്‍ക്കോ ജോലികള്‍ക്കോ വേണ്ടിയുള്ള കുടിയേറ്റത്തെയാണ് സൂചിപ്പിക്കുന്നത്. വ്യക്തികള്‍ മറ്റ് രാജ്യങ്ങളില്‍ മെച്ചപ്പെട്ട വിദ്യാഭ്യാസ വിഭവങ്ങള്‍, ഗവേഷണ സൗകര്യങ്ങള്‍ അല്ലെങ്കില്‍ തൊഴില്‍ സാധ്യതകള്‍ എന്നിവ തേടുമ്പോള്‍ ഈ പ്രതിഭാസം പലപ്പോഴും സംഭവിക്കാറുണ്ട്. നമ്മുടെ നാട്ടില്‍നിന്നും വിദേശത്തേക്ക് ഇച്ഛാശക്തികൂടിയ കാര്യപ്രാപ്തിയുള്ള യുവാക്കള്‍ കുടിയേറുമ്പോള്‍ നൈപുണ്യമുള്ള മനുഷ്യ മൂലധനത്ത്തിന്റെ നഷ്ടം നമ്മുടെ നാട് അനുഭവിക്കുന്നു, അത് നമ്മുടെ നാടിന്റെ വിദ്യാഭ്യാസ വികസനത്തിനും മൊത്തത്തിലുള്ള സാമ്പത്തിക പുരോഗതിക്കും തടസ്സമാകും, കാരണം വിദേശത്തേക്ക് വിദ്യാഭാസത്തിനായി പോകുന്ന 90% യുവാക്കളും നാട്ടിലേക്ക് തിരികെ എത്താറില്ല. മസ്തിഷ്‌ക ചംക്രമണം മറ്റൊരു രാജ്യത്ത് കുടിയേറ്റക്കാരുടെ കഴിവുകളും അനുഭവപരിചയവും പ്രയോജനപ്പെടുത്തുന്നതില്‍ ഉള്‍പ്പെടുന്നു, അവര്‍ മടങ്ങിവരുന്നുണ്ടോ ഇല്ലയോ എന്നത് പരിഗണിക്കാതെ തന്നെ. ഈ വൈദഗ്ധ്യമുള്ള കുടിയേറ്റക്കാര്‍ക്ക് സാമൂഹികവും പ്രൊഫഷണലുമായ നെറ്റ്വര്‍ക്കുകള്‍ സ്ഥാപിക്കാനും മനുഷ്യ-സാമ്പത്തിക മൂലധനം സമാഹരിക്കാനും സാങ്കേതിക കൈമാറ്റം സുഗമമാക്കാനും സ്റ്റാര്‍ട്ടപ്പ് ആശയങ്ങളും ബിസിനസ് പ്ലാനുകളും സംഭാവന ചെയ്യാനും കഴിയും. അത്തരം കുടിയേറ്റങ്ങള്‍ക്ക് ആഗോള തൊഴില്‍ വിപണിയില്‍ സംരംഭകത്വവും നിക്ഷേപവും ആശയ വിനിമയവും പ്രോത്സാഹിപ്പിക്കാനാകും. എന്നിരുന്നാലും, മസ്തിഷ്‌ക ചംക്രമണത്തിന്റെ പ്രയോജനങ്ങള്‍ പൂര്‍ണ്ണമായി മനസ്സിലാക്കുന്നതിന് തൊഴില്‍, സാങ്കേതിക നയങ്ങള്‍ ക്രമീകരിക്കേണ്ടത് അത്യാവശ്യമാണ്. വിദേശ സര്‍വകലാശാലകള്‍ കേരളത്തില്‍ വന്നാല്‍ കേരളാ കാമ്പസുകളില്‍ നിന്നു വിദേശത്തേക്കുള്ള ഒഴുക്ക് തടയുമെന്ന ധാരണയ്ക്ക് ഒരു പിന്തുണയില്ല. വിദ്യാര്‍ത്ഥികള്‍ വിവിധ കാരണങ്ങളാല്‍ വിദേശത്തേക്ക് കുടിയേറുന്നു, വിശാലമായ എക്‌സ്‌പോഷര്‍, വിപുലമായ ഗവേഷണ അവസരങ്ങള്‍, ശമ്പളം അല്ലെങ്കില്‍ ഫെലോഷിപ്പ് അസമത്വങ്ങള്‍ പരിഹരിക്കല്‍ എന്നിവ ഉള്‍പ്പെടെ, വിദേശ സര്‍വകലാശാലകളില്‍ ചേരുന്നതിനുള്ള പ്രധാന പ്രോത്സാഹനങ്ങള്‍ തന്നെയാണ്.
REPRESENTATIONAL IMAGE: WIKI COMMONS
എല്ലാരും പോകുവാ എന്നാല്‍ ഞാനും പോയേക്കാം, പഠിക്കുന്ന പല മേഖലകളിലും എക്‌സ്‌പോഷര്‍ കുറവാണ്, All pass system വന്നതോടുകൂടി plus two വരെ എങ്ങനെ എങ്കിലും എത്തും അവസാനം എവിടേലും cash കൊടുത്തു പ്രൊഫഷണല്‍ കോഴ്‌സിനു സീറ്റ് വാങ്ങും അവസാനം skilled അല്ലാത്ത മിടുക്കു കുറഞ്ഞ കുറേപ്പേര്‍ പുറത്തേക്ക് വരും, വിദ്യാസമ്പന്നരായ തൊഴില്‍രഹിതര്‍ നാട്ടില്‍ കൂടാന്‍ ഇതൊരു കാരണമാണ്. ഈ കാരണങ്ങള്‍ കൊണ്ടുതന്നെ നാട്ടില്‍ നിന്നാല്‍ ഞങ്ങള്‍ക്ക് ഇനി രക്ഷയില്ല എന്ന ചിന്തയായിരിക്കുന്നു ഇന്നത്തെ യുവാക്കള്‍ക്ക്. എന്നാല്‍, യുവാക്കളുടെ മനസ്സില്‍ നമ്മുടെ കേരളം സാധ്യതകള്‍ ഇല്ലാത്ത നാടായി മാറിയിരിക്കുന്നു. കേരളത്തെ സംബന്ധിച്ച വലിയ പ്രതിസന്ധി ഇവിടത്തെ ഏറ്റവും കുറഞ്ഞ ജോലി സാധ്യതയാണ്. ഉള്ള അവസരങ്ങള്‍ തന്നെ ഓരോ വര്‍ഷവും ഇല്ലാതാവുന്നു. വ്യവസായ യൂണിറ്റുകള്‍, സ്റ്റാര്‍ട്ടപ്പുകള്‍ ഒക്കെയും പലവിധ കുരുക്കുകളില്‍പ്പെട്ട് നിലച്ചുപോകുന്നു. അതിന് ആക്കംകൂട്ടുന്ന രാഷ്ട്രീയ കാലാവസ്ഥയും പുതുതലമുറയെ ആശങ്കപ്പെടുത്തുന്നു. ഒരുപറ്റം യുവാക്കളുടെ മനസ്സില്‍ നമ്മുടെ കേരളം, മികച്ച ജീവിതനിലവാരമില്ലാത്തത്, കോഴ കൊടുക്കാതെ സര്‍ക്കാര്‍ ജോലി പോലും കിട്ടാത്ത സാഹചര്യം, സമൂഹത്തില്‍ നിയമം കയ്യിലെടുക്കുന്ന തരത്തിലുള്ള കുറ്റകൃത്യങ്ങള്‍, ഒരു കാര്യവും സമയബന്ധിതമായി നടക്കാത്ത സര്‍ക്കാര്‍ ഓഫീസുകള്‍, നിയമപാലകരില്‍ നിന്നുള്ള അനാവശ്യ ഇടപെടലുകള്‍, യുവതലമുറയ്‌ക്കെതിരെ നിരന്തരം നടക്കുന്ന അധിക്ഷേപങ്ങള്‍, ആക്രമണങ്ങള്‍, അങ്ങേയറ്റം പരിതാപകരമായ അവസ്ഥയിലുള്ള പൊതുസംവിധാനങ്ങള്‍, കട്ട പണിയെടുത്താലും മാന്യമായി ശമ്പളം കിട്ടാത്ത നാട് - ഞങ്ങളെ (യുവാക്കളെ ) പരിഗണിക്കാത്ത നാടായി അവര്‍ കാണുന്നു (neglect of youth concerns). തങ്ങളുടെ അഭിപ്രായങ്ങള്‍ തുറന്നുപറയാനുള്ള സ്‌പേസ്, തങ്ങളുടെ അഭിരുചികളില്‍ കോണ്‍ഫിഡന്‍സോടുകൂടെ സ്വന്തം കാലില്‍ നില്‍ക്കാനുള്ള ചങ്കൂറ്റം, തനിക്ക് വേണ്ടാത്ത ബന്ധങ്ങളില്‍ നിന്നും ഇറങ്ങിപ്പോകാനുള്ള സ്വാതന്ത്ര്യം ഇതൊന്നും സമൂഹം അനുവദിച്ച് കൊടുക്കുന്നില്ല, സോഷ്യല്‍ മീഡിയകളില്‍ എന്തേലും പോസ്റ്റിയാല്‍ സദാചാരം തിരയുന്ന നാടും കുടുംബക്കാരും, കഴുകന്‍ കണ്ണുള്ള സമൂഹം അവരെ (യുവാക്കളെ) നോക്കിനിപ്പാണ്, യുവാക്കള്‍ ആഗ്രഹിക്കുന്നത് സ്വാതന്ത്ര്യം ആണ്, അത് തേടിത്തന്നെയാണ് നാടുവിടുന്നതും. ഇന്ന് ലോകം മുഴുവന്‍ വിരല്‍ത്തുമ്പിലുണ്ട്, മീഡിയയില്‍ കൂടി മാത്രം കണ്ടും കേട്ടതുമായ ഉയര്‍ന്ന ജീവിത ചുറ്റുപാടുകളുള്ള നാടുകളെ സ്വന്തം ജീവിതത്തില്‍ അനുഭവിച്ചറിയാന്‍ യുവജനത ചോരതിളയ്ക്കുന്ന പ്രായത്തില്‍ ഇറങ്ങിപ്പുറപ്പെട്ടില്ലെങ്കിലെ അത്ഭുതമുള്ളൂ.
വിദ്യാര്‍ത്ഥി കുടിയേറ്റക്കാരെ രണ്ട് ഗ്രൂപ്പുകളായി തിരിക്കാം. ആദ്യ ഗ്രൂപ്പില്‍ സാമ്പത്തികമോ അക്കാദമികമോ ആയ മെച്ചപ്പെട്ട അവസ്ഥയിലുള്ളവര്‍ ഉള്‍പ്പെടുന്നു. സാമ്പത്തികമുള്ളവര്‍ക്കു അവരുടെ വിദേശ വിദ്യാഭ്യാസത്തിനും ജീവിതച്ചെലവിനും എളുപ്പത്തില്‍ പണം കണ്ടെത്താനാകും. മറുവശത്ത്, മികച്ച ഗ്രേഡുകളോ അഭിമാനകരമായ യോഗ്യതകളോ ഉള്ള, അക്കാദമിക് നേട്ടങ്ങളുള്ള വ്യക്തികള്‍ക്ക് ഉയര്‍ന്ന തലത്തിലുള്ള സര്‍വകലാശാലകളില്‍ പ്രവേശനം നേടാനും അതുവഴി അവരുടെ അവസരങ്ങള്‍ വര്‍ദ്ധിപ്പിക്കാനും കഴിയും. ഇതിനു വിപരീതമായി, രണ്ടാമത്തെ ഗ്രൂപ്പിനെ പലപ്പോഴും കുടുംബ പ്രതീക്ഷകള്‍, സമപ്രായക്കാരുടെ അനുഭവങ്ങള്‍, സോഷ്യല്‍ മീഡിയ അപ്ഡേറ്റുകള്‍ എന്നിവ സ്വാധീനിക്കുന്നു, ഇത് അവരുടെ നിലവിലെ സാഹചര്യം മെച്ചപ്പെടുത്തുമെന്ന പ്രതീക്ഷയില്‍ കുടിയേറാന്‍ അവരെ പ്രേരിപ്പിക്കുന്നു. ഇങ്ങനെ കുടിയേറുന്നവരുടെ ബുദ്ധിമുട്ടുകളും ചര്‍ച്ചചെയ്യപ്പെടേണ്ടതുണ്ട്. കുടിയേറ്റ വിദ്യാര്‍ത്ഥികള്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ ഇവയൊക്കെയാണ്.
1. സാംസ്‌കാരിക ക്രമീകരണം (Cultural adjustment):
ഒരു പുതിയ സംസ്‌കാരം, ഭാഷ, സാമൂഹിക മാനദണ്ഡങ്ങള്‍ എന്നിവയുമായി പൊരുത്തപ്പെടുന്നത് ഒരു വിദേശ രാജ്യത്തേക്ക് മാറുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വെല്ലുവിളിയാകാം.
2. അക്കാദമിക് വെല്ലുവിളികള്‍ (Academic Challenges):
അക്കാദമിക് സംവിധാനങ്ങള്‍, അധ്യാപന ശൈലികള്‍, പാഠ്യപദ്ധതി എന്നിവയിലെ വ്യത്യാസങ്ങള്‍ കുടിയേറ്റ വിദ്യാര്‍ത്ഥികള്‍ക്ക്, പ്രത്യേകിച്ച് അവരുടെ പഠനത്തിന്റെ പ്രാരംഭ ഘട്ടത്തില്‍ ബുദ്ധിമുട്ടുകള്‍ സൃഷ്ടിച്ചേക്കാം.
3. സാമ്പത്തിക പരിമിതികള്‍ (Financial Constraints):
ഒരു വിദേശ രാജ്യത്ത് ജീവിതച്ചെലവുകള്‍, ട്യൂഷന്‍ ഫീസ്, മറ്റ് സാമ്പത്തിക ബാധ്യതകള്‍ എന്നിവ കൈകാര്യം ചെയ്യുന്നത് ഒരു പ്രധാന വെല്ലുവിളിയാണ്, പ്രത്യേകിച്ച് താഴ്ന്ന വരുമാനമുള്ള പശ്ചാത്തലത്തിലുള്ള വിദ്യാര്‍ത്ഥികള്‍ക്ക്.
4. ഗൃഹാതുരത്വം (homesickness):
കുടുംബത്തില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും അകന്നിരിക്കുന്നത് ഏകാന്തതയുടെയും ഗൃഹാതുരത്വത്തിന്റെയും വികാരങ്ങള്‍ക്ക് ഇടയാക്കും, ഇത് കുടിയേറ്റ വിദ്യാര്‍ത്ഥികളുടെ മാനസിക ക്ഷേമത്തെ ബാധിക്കും.
5. വിസ, ഇമിഗ്രേഷന്‍ പ്രശ്‌നങ്ങള്‍:
വിസ ആവശ്യകതകള്‍, പുതുക്കലുകള്‍, മറ്റ് ഇമിഗ്രേഷന്‍ സംബന്ധിയായ പ്രക്രിയകള്‍ എന്നിവ നാവിഗേറ്റുചെയ്യുന്നത് കുടിയേറ്റ വിദ്യാര്‍ത്ഥികള്‍ക്ക് സങ്കീര്‍ണ്ണവും സമ്മര്‍ദമുണ്ടാക്കുന്നതുമാണ്.
6. നിയമപരവും തൊഴില്‍പരവുമായ വെല്ലുവിളികള്‍: പ്രാദേശിക നിയമങ്ങള്‍, ചട്ടങ്ങള്‍, തൊഴില്‍ അവസരങ്ങള്‍ എന്നിവ മനസ്സിലാക്കിയെടുക്കാന്‍, പാര്‍ട്ട് ടൈം ജോലികളോ ഇന്റേണ്‍ഷിപ്പുകളോ തേടുന്ന കുടിയേറ്റ വിദ്യാര്‍ത്ഥികള്‍ക്ക് ബുദ്ധിമുട്ട് തന്നെയാണ്.
7. സാമൂഹിക ഒറ്റപ്പെടല്‍:
കുടിയേറ്റ വിദ്യാര്‍ത്ഥികള്‍ക്ക് പ്രാദേശിക സമൂഹവുമായി സമന്വയിക്കാനും അര്‍ത്ഥവത്തായ സാമൂഹിക ബന്ധങ്ങള്‍ രൂപീകരിക്കാനും പാടുപെടാം, ഇത് ഒറ്റപ്പെടലിനും അന്യവല്‍ക്കരണത്തിനും വഴിതെളിക്കുന്നു, പലരും മെന്റല്‍ സ്ട്രസ്സിലേക്കും ഡിപ്രഷനിലേക്കും വഴുതിവീഴുന്നു.
8. ആരോഗ്യവും ക്ഷേമവും:
ഒരു പുതിയ പരിതസ്ഥിതിയില്‍ ആരോഗ്യ സേവനങ്ങള്‍ ലഭ്യമാക്കുന്നതും ശാരീരികവും മാനസികവുമായ ക്ഷേമം നിലനിര്‍ത്തുന്നതും കുടിയേറ്റ വിദ്യാര്‍ത്ഥികള്‍ക്ക് വെല്ലുവിളികള്‍ തന്നെയാണ്, പ്രത്യേകിച്ചും അവര്‍ ഭാഷാ തടസ്സങ്ങളോ പരിചിതമല്ലാത്ത ആരോഗ്യ പരിരക്ഷാ സംവിധാനങ്ങളോ നേരിടുകയാണെങ്കില്‍. ഈ വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിന് തയ്യാറായേ പറ്റൂ കുടിയേറ്റ യുവാക്കള്‍.
REPRESENTATIONAL IMAGE: WIKI COMMONS
വിദേശത്തേക്കുള്ള യുവാക്കളുടെ കുത്തൊഴുക്ക് നിയന്ത്രിക്കണമെങ്കില്‍ മാറണം നമ്മുടെ നാട് ഇനിയും ഒത്തിരി. ഈ പ്രശ്‌നം പരിഹരിക്കുന്നതിന്, 2023 ലെ ബജറ്റില്‍, കേരള സംസ്ഥാന ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കേണ്ടതിന്റെയും കേരളത്തില്‍ തുടരാന്‍ യുവാക്കളെ പ്രോത്സാഹിപ്പിക്കുന്നതിന് സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കേണ്ടതിന്റെയും പ്രാധാന്യത്തിന് ഊന്നല്‍ നല്‍കി സംസാരിക്കുന്നത് നമ്മള്‍ കേട്ടിരുന്നു. കൂടാതെ, സംസ്ഥാനത്തെ നഗരങ്ങളിലെ അപര്യാപ്തമായ അടിസ്ഥാന സൗകര്യങ്ങളും സൗന്ദര്യാത്മക ആകര്‍ഷണത്തിന്റെ അഭാവവും ഈ പ്രവണതയ്ക്ക് കാരണമാകുന്ന ഘടകങ്ങളാണെന്ന് കേരള ഹൈക്കോടതി ചൂണ്ടിക്കാട്ടുകയും ചെയ്തിട്ടുണ്ട്. ഇവിടെ മികച്ച വിദ്യാഭ്യാസ സൗകര്യവും ജോലി സാധ്യതയും ഉണ്ടായാല്‍ നാട് കടക്കുന്ന യുവാക്കളുടെ എണ്ണം കുറയും. നല്ല വിദ്യാഭ്യാസമുണ്ടായാലും ഇവിടെ തുച്ഛമായ ശമ്പളമാണ് ലഭിക്കുന്നത്. പഠനത്തോടൊപ്പം ജോലി ചെയ്യാനുള്ള അവസരങ്ങള്‍ ഉണ്ടാവണം. മികച്ച ജീവിതനിലവാരം വളര്‍ത്തിയെടുക്കാനുള്ള സ്‌പേസ് ജനറേറ്റ് ചെയ്യണം. ക്രെഡിബിലിറ്റി ഉള്ള രാഷ്ട്രീയം വളര്‍ത്തിയെടുത്ത് രാഷ്ട്രീയ വിരക്തിയില്‍ നിന്നും യുവാക്കളെ മോചിപ്പിക്കണം. മതമല്ല മനുഷ്യത്വം ആണ് വലുതെന്ന് നാട്ടില്‍ വിളിച്ചോതപ്പെടണം. ചിന്തകളുടെ സ്വാതന്ത്ര്യത്തെ പ്രോത്സാഹിപ്പിക്കുക. ഇതോടൊപ്പം കൂട്ടിച്ചേര്‍ക്കേണ്ട ചില കാര്യങ്ങള്‍:
1. കൂടുതല്‍ തൊഴിലവസരങ്ങള്‍ നല്ല മാന്യമായ ശമ്പളത്തോടുകൂടി:
യുവാക്കള്‍ക്ക് ഗുണമേന്മയുള്ള തൊഴിലവസരങ്ങള്‍ നല്‍കാന്‍ കഴിയുന്ന വ്യവസായങ്ങളും മേഖലകളും വികസിപ്പിക്കുന്നതില്‍ കേരളം ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്. സംരംഭകത്വം പ്രോത്സാഹിപ്പിക്കുക, നിക്ഷേപം ആകര്‍ഷിക്കുക, സാങ്കേതികവിദ്യ, ആരോഗ്യ സംരക്ഷണം, ടൂറിസം, പുനരുപയോഗ ഊര്‍ജം തുടങ്ങിയ മേഖലകളുടെ വളര്‍ച്ചയെ പിന്തുണയ്ക്കുന്നത് ഇതില്‍ ഉള്‍പ്പെട്ടേക്കാം.
2. വിദ്യാഭ്യാസ സമ്പ്രദായം മെച്ചപ്പെടുത്തുക:
വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം വര്‍ധിപ്പിക്കുകയും തൊഴില്‍ വിപണിയുടെ ആവശ്യങ്ങളുമായി അതിനെ യോജിപ്പിക്കുകയും ചെയ്യുന്നത് കേരളത്തിനകത്ത് അവരുടെ തൊഴില്‍ അഭിലാഷങ്ങള്‍ പിന്തുടരാന്‍ യുവാക്കളെ പ്രാപ്തരാക്കും. പാഠ്യപദ്ധതി പരിഷ്‌കരിക്കുക, തൊഴില്‍ പരിശീലന പരിപാടികളില്‍ നിക്ഷേപം നടത്തുക, നൈപുണ്യ വികസന സംരംഭങ്ങള്‍ പ്രോത്സാഹിപ്പിക്കുക എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.
3. അടിസ്ഥാന സൗകര്യ വികസനം:
ഗതാഗത ശൃംഖലകള്‍, ഐടി പാര്‍ക്കുകള്‍, വ്യാവസായിക മേഖലകള്‍ തുടങ്ങിയ അടിസ്ഥാന സൗകര്യ പദ്ധതികളില്‍ നിക്ഷേപിക്കുന്നത് സാമ്പത്തിക വളര്‍ച്ചയെ ഉത്തേജിപ്പിക്കുകയും സംസ്ഥാനത്തിനുള്ളില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യും.
4. നവീകരണവും ഗവേഷണവും പ്രോത്സാഹിപ്പിക്കുക:
ഗവേഷണ സ്ഥാപനങ്ങള്‍, ഇന്നൊവേഷന്‍ ഹബുകള്‍, ഇന്‍കുബേറ്ററുകള്‍ എന്നിവ സ്ഥാപിക്കുന്നത് യുവാക്കളെ അത്യാധുനിക ഗവേഷണം, സാങ്കേതിക വികസനം, സംരംഭകത്വം എന്നിവയില്‍ ഏര്‍പ്പെടാന്‍ പ്രോത്സാഹിപ്പിക്കുകയും അതുവഴി നവീകരണത്തിന്റെയും സര്‍ഗ്ഗാത്മകതയുടെയും സംസ്‌കാരം വളര്‍ത്തിയെടുക്കുകയും ചെയ്യും.
5. സാമൂഹിക-സാംസ്‌കാരിക പ്രശ്നങ്ങളെ അഭിസംബോധന ചെയ്യുക:
ലിംഗ അസമത്വം, ജാതി വിവേചനം, മതപരമായ അസഹിഷ്ണുത തുടങ്ങിയ സാമൂഹിക പ്രശ്നങ്ങളെ അഭിസംബോധന ചെയ്യുന്നത് യുവാക്കള്‍ക്ക് കേരളത്തില്‍ അഭിവൃദ്ധി പ്രാപിക്കാന്‍ കൂടുതല്‍ ഉള്‍ക്കൊള്ളുന്നതും പിന്തുണ നല്‍കുന്നതുമായ അന്തരീക്ഷം സൃഷ്ടിക്കും.
REPRESENTATIONAL IMAGE: WIKI COMMONS
6. റിട്ടേണ്‍ മൈഗ്രേഷന്‍ പ്രോത്സാഹിപ്പിക്കുക:
നൈപുണ്യമുള്ള കുടിയേറ്റക്കാരെ കേരളത്തിലേക്ക് മടങ്ങാന്‍ പ്രേരിപ്പിക്കുന്ന നയങ്ങളും പരിപാടികളും നടപ്പിലാക്കുന്നത് അവരുടെ വൈദഗ്ധ്യം പ്രയോജനപ്പെടുത്താനും സംസ്ഥാനത്തിന്റെ വികസനത്തിന് സംഭാവന നല്‍കാനും സഹായിക്കും. നികുതി ആനുകൂല്യങ്ങള്‍, കരിയര്‍ മുന്നേറ്റ അവസരങ്ങള്‍, പുനഃസംയോജനത്തിനുള്ള പിന്തുണ എന്നിവ ഇതില്‍ ഉള്‍പ്പെടാം.
7. ആരോഗ്യ സംരക്ഷണത്തിലും ക്ഷേമത്തിലും നിക്ഷേപം നടത്തുക:
ആരോഗ്യ സേവനങ്ങള്‍, മാനസികാരോഗ്യ പിന്തുണ, വിനോദ സൗകര്യങ്ങള്‍ എന്നിവയിലേക്കുള്ള പ്രവേശനം മെച്ചപ്പെടുത്തുന്നത് കേരളത്തിലെ യുവാക്കളുടെ മൊത്തത്തിലുള്ള ക്ഷേമം വര്‍ദ്ധിപ്പിക്കും, ഇത് താമസിക്കാനും ജോലി ചെയ്യാനും കൂടുതല്‍ ആകര്‍ഷകമായ സ്ഥലമാക്കി മാറ്റും.
8. പൗര ഇടപെടല്‍ പ്രോത്സാഹിപ്പിക്കുക:
പൗര പ്രവര്‍ത്തനങ്ങള്‍, ഭരണം, കമ്മ്യൂണിറ്റി വികസന സംരംഭങ്ങള്‍ എന്നിവയില്‍ യുവജന പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിലൂടെ കേരളത്തിന്റെ ഭാവി രൂപപ്പെടുത്താനും അവരുടെ മാതൃരാജ്യത്തില്‍ സ്വന്തമായതും അഭിമാനവും വളര്‍ത്താനും അവരെ പ്രാപ്തരാക്കും. ഈ തന്ത്രങ്ങള്‍ നടപ്പിലാക്കുന്നതിലൂടെയും വ്യക്തിപരവും തൊഴില്‍പരവുമായ വളര്‍ച്ചയ്ക്ക് അനുകൂലമായ അന്തരീക്ഷം വളര്‍ത്തിയെടുക്കുന്നതിലൂടെ കേരളത്തിന് യുവപ്രതിഭകളെ നിലനിര്‍ത്താനും സംസ്ഥാനത്തിന് ഊര്‍ജ്ജസ്വലവും സുസ്ഥിരവുമായ ഭാവി സൃഷ്ടിക്കാനും കഴിയും.
യുവാക്കള്‍ സമൂഹത്തിന്റെ ചലനാത്മക ശക്തിയാണ്, അതിരുകളില്ലാത്ത ഊര്‍ജ്ജം, ഉപയോഗിക്കപ്പെടാത്ത സാധ്യതകള്‍, നിരന്തരമായ ശുഭാപ്തിവിശ്വാസം എന്നിവ ഉള്‍ക്കൊള്ളുന്നു. സ്വപ്നങ്ങള്‍, അഭിലാഷങ്ങള്‍, സ്വന്തം വിധി രൂപപ്പെടുത്താനുള്ള തീവ്രമായ ആഗ്രഹം എന്നിവയാല്‍ നയിക്കപ്പെടുന്ന നാളത്തെ ശില്പികളാണിവര്‍. അവരുടെ അടങ്ങാത്ത ജിജ്ഞാസ, സാഹസിക മനോഭാവം, അചഞ്ചലമായ നിശ്ചയദാര്‍ഢ്യം എന്നിവയാല്‍ യുവാക്കള്‍ പുരോഗതിയെ മുന്നോട്ടുനയിക്കുന്നു, നിലവിലുള്ള അവസ്ഥയെ വെല്ലുവിളിക്കുന്നു, പരിവര്‍ത്തനാത്മകമായ മാറ്റത്തിന് ജ്വലിക്കുന്നു. അവര്‍ പ്രത്യാശയുടെ വിളക്കുകള്‍, നവീകരണത്തിന്റെ ഉത്തേജകങ്ങള്‍, നീതിയുടെയും സമത്വത്തിന്റെയും സംരക്ഷകരാണ്. ശോഭനമായ ഒരു ഭാവി സങ്കല്‍പ്പിക്കാനും പ്രതികൂല സാഹചര്യങ്ങളെ സഹിഷ്ണുതയോടെ നേരിടാനും സംസ്‌കാരങ്ങള്‍ക്കും തലമുറകള്‍ക്കും കുറുകെ ധാരണയുടെ പാലങ്ങള്‍ കെട്ടിപ്പടുക്കാനുമുള്ള ശക്തി അവരുടെ കൈകളിലുണ്ട്. യുവാക്കള്‍ നാളത്തെ നേതാക്കള്‍ മാത്രമല്ല; അവര്‍ ഇന്നത്തെ ഏജന്റുമാരാണ്, അവര്‍ക്ക് ചുറ്റുമുള്ള ലോകത്തെ പ്രചോദിപ്പിക്കാനും ശാക്തീകരിക്കാനും വിപ്ലവം സൃഷ്ടിക്കാനും അവരുടെ സ്വാധീനം ഉപയോഗിക്കുന്നു. യുവാക്കളാല്‍ സമ്പന്നമായ നമ്മുടെ നാട് കുടിയേറ്റത്തിന്റെ അതിപ്രസരത്തം നിമിത്തം പ്രായമായവര്‍ മാത്രം താമസിക്കുന്ന മണിമാളികകളുടെ ഒരു സംസ്ഥാനം (an old age state )മാത്രമായി മാറാതിരിക്കട്ടെ. യുവത്വമാണ് നമ്മുടെ നാടിന്റെ ശക്തി, യുവത്വം വിജയിക്കട്ടെ.