മിലന്‍ കുന്ദേരയുടെ നിലനില്‍പ്പ്
1985 തൊട്ട് മൂന്നുനാലു കൊല്ലം കരിവെള്ളൂരില്‍ പഠിപ്പിച്ചിരുന്നു. അദ്ധ്യാപകര്‍ എല്ലാവരും ചെറുപ്പക്കാര്‍. അനുവദനീയമായ അളവില്‍പ്പോലും പൈങ്കിളിത്തം ഇല്ല. തമാശയുണ്ട്. പ്രതീക്ഷയുണ്ട്. വിമര്‍ശനവും ഉണ്ട്. പലതരം ആള്‍ക്കാരാണ്. സൗഹൃദമായിരുന്നു ഞങ്ങളുടെ പ്രിന്‍സിപ്പാള്‍. കൂട്ടത്തില്‍ നന്നേ ഉത്സാഹികളായിരുന്ന മൂന്നുനാലു പേര്‍ നക്‌സലൈറ്റ് പ്രസ്ഥാനത്തിന്റെ അനുകൂലികളായിരുന്നു. കെ.വേണുവിനെ ആദ്യമായി കണ്ടത് അവരുടെ ഒപ്പമാണ്. കെ.വി. എന്നാണ് പറയാറ്. പി.ടി. എന്നാല്‍ പി.ടി. തോമസ്. മുണ്ടൂര്‍ രാവുണ്ണി ഒരിക്കല്‍ ട്യൂട്ടോറിയലില്‍ വന്നിരുന്നു. അധികാരവിമര്‍ശനം അവര്‍ക്ക് സംസ്‌കാരത്തിന്റെ ഭാഗമായിരുന്നു. സോവിയറ്റ് യൂണിയന്‍ അവര്‍ക്ക് വിമര്‍ശനത്തിന്റെ വിഷയമാണ്. സോഷ്യല്‍ ഇംപീരിയലിസം എന്ന് സോവിയറ്റ് കമ്യൂണിസത്തെ പറയാറുണ്ട്. മുഖ്യധാരയിലെ ഇടതു പാര്‍ട്ടികളെ വിമര്‍ശിക്കാന്‍ അവര്‍ക്ക് വിവേകമുള്ള വാദങ്ങള്‍ ഉണ്ടായിരുന്നു. സംവാദശീലക്കാരായിരുന്നു പൊതുവെ.
സി.എം.രാജന്‍ അന്ന് അവിടെ ഇംഗ്ലീഷ് പഠിപ്പിക്കുന്ന ഒരാള്‍. കൗമാരത്തിലേ കവിതകള്‍ മുതിര്‍ന്ന പ്രസിദ്ധീകരണങ്ങളില്‍ വന്നിട്ടുണ്ട്. ഉണര്‍ന്ന വായനക്കാരന്‍. സമര്‍ത്ഥനായ വിവര്‍ത്തകന്‍.
എവിടുന്നൊക്കെയോ ആയി പുതിയ പുതിയ പുസ്തകങ്ങള്‍ രാജന്റെ കൈയ്യില്‍ വന്നുചേരാറുണ്ട്. കസന്‍ദ്‌സാകീസിന്റെ നോവലുകള്‍ രാജന്‍ വഴിയാണ് കിട്ടിക്കൊണ്ടിരുന്നത്. ' ദ ഫ്രാട്രിസൈഡ്‌സ് '
വായിച്ചതിന് തൊട്ടുപിറകേയാണ് രാജന്‍ The Unbearable Lightness of Being തരുന്നത്. 1987 ലാവണം. മിലന്‍ കുന്ദേര എന്ന് മുന്‍പ് വായിച്ചിട്ടില്ല. കേട്ടിട്ടില്ല. മുന്‍ധാരണകളൊന്നുമില്ലാതെ, അതിന്റെ 'അസഹനീയമായ ലാഘവ' ത്തോടെ അത് വായിക്കുന്നു.
സോവിയറ്റ് യൂണിയനെപ്പറ്റിയുള്ള ട്യൂട്ടോറിയല്‍ ചങ്ങാതിമാരുടെ വിശകലനത്തിന്റെ കൂടി തുണയിലാണ് വായന നടന്നത്. ചെക്കോസ്‌ളാവാക്യയുടെ നേര്‍ക്കുളള സോവിയറ്റ് ആക്രമണം ഒരു ഫിക്ഷനില്‍ കലാഖ്യാനമായിത്തീരുന്നതിന്റെ വായനാനുഭവം ഉള്ളുണര്‍ത്തുന്ന ഒന്നായിരുന്നു. ചരിത്രവും വൈയക്തികതയും വിചാരവും വികാരവും വിചിത്രസംവാദത്തിലേര്‍പ്പെടുന്നതിന്റെ കലാ രേഖയായി The Unbearable Lightness of Being വായനയില്‍ തെളിഞ്ഞു. അസാധാരണമായ സ്വാതന്ത്ര്യം അതിന്റെ നിര്‍വഹണത്തില്‍ കണ്ടറിയാനായി. വൈകാരികതയുടെ ചൂടുള്ള ധൈഷണികത ആ ആഖ്യാനത്തെ വിശേഷാല്‍പ്രതിയാക്കി.
ഒരു സന്ദര്‍ഭം അക്കാലത്ത് ഏതാണ്ട് മന:പാഠം പോലെയായിരുന്നു. സബിനയുടെ തൊപ്പിയെ പ്പറ്റിയുള്ള ഭാഗമായിരുന്നു അത്: ' The bowler hat was a motif in the musical composition that was Sabina's life. It returned again and again, each time with a different meaning, and all the meanings flowed through the bowler hat like water through a riverbed. I might call it Heraclitus' (''You can't step twice into the same river') riverbed; the bowler hat was a bed through which each time Sabina saw another river flow, anothersemantic river: each time the same object would give rise to a new meaning, though all former meanings would resonate (like an echo, like a parade of echoes) together with the new one. Each new experience would resound, each time enriching the harmony. The reason why Tomas and Sabina were touched by the sight of the bowler hat in a Zurich hotel and made love almost in tears was that its black presence was not merely a reminder of their love games but also a memento of Sabina's father and of her grandfather, who lived in a century without airplanes and cars. ' ഒരു കൃതിയ്ക്ക് തന്നെ പല അര്‍ത്ഥങ്ങള്‍ എന്ന വാസ്തവത്തെയും സാധ്യതയെയും (അനിവാര്യതയെയും) പറ്റി സംശയമില്ലാതെ അറിയാനായത് ഈ വാക്യങ്ങളിലൂടെയാണ്. അര്‍ത്ഥനദി എന്ന് ഇതിലെ semantic river നെ മനസ്സില്‍ വിവര്‍ത്തനം ചെയ്തു. സ്വന്തമായ ഒരു പുസ്തകം ആ പേരില്‍ വരണമെന്ന് ആശിച്ചു. ക്ലാസില്‍ സന്ദര്‍ഭം വരുമ്പോള്‍, ചിലപ്പോള്‍ സന്ദര്‍ഭമുണ്ടാക്കി, semantic river എന്ന് പറഞ്ഞു വിശദീകരിച്ചു. അതിലെ താത്ത്വികസൗന്ദര്യവും ചരിത്രപരതയും ഒപ്പം ജൈവികമായ ആര്‍ദ്രതയും ഇത്ര കൊല്ലം കഴിഞ്ഞിട്ടും ഒട്ടും കുറയാതെ കൂടെയുണ്ട്.
1950 ല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ നിന്ന് ബഹിഷ്‌കൃതനാക്കപ്പെട്ടയാളാണ് കുന്ദേര എന്ന് അറിയുന്നതോടെ നോവലിന് പുതിയ മാനം വന്നുചേര്‍ന്നു. അധികാരത്തിന്റെ അമിതത്വം ജനവിരുദ്ധമാണ് എന്നും ലാഘവം എന്നത് ജനാധിപത്യപരമായ ജീവിതത്തിന്റെ ഉള്ളടക്കമാണ് എന്നുമുള്ള ആശയത്തിന്റെ ഒച്ച ഈ നോവലില്‍ നിന്ന് കേള്‍ക്കാന്‍ തുടങ്ങി. 1975 ല്‍ നാട് വിട്ട് പാരീസില്‍ ചെന്ന് പാര്‍പ്പായി.
2019 ല്‍ ഫ്രാന്‍സില്‍ നിന്ന് മാതൃരാജ്യത്തേക്ക് തിരികെ വരാനുളള സമ്മതം നിരസിച്ചവനാണ് കുന്ദേര. ബഹിഷ്‌കൃതനാക്കപ്പെടതിന്റെ അനുഭവം എത്ര ആഴത്തിലുള്ളതാണെന്ന് അങ്ങനെയും അറിഞ്ഞു.
'ദ ഫെസ്റ്റിവല്‍ ഓഫ് ഇന്‍സിഗ്‌നിഫിക്കന്‍സ്' അടക്കമുള്ള നാല് നോവലുകള്‍ മാതൃഭാഷയിലല്ല, വിദേശഭാഷയായ ഫ്രഞ്ചിലാണ് കുന്ദേര എഴുതിയത് എന്ന കാര്യം അസ്വാസ്ഥ്യമുണ്ടാക്കുന്ന ഒരു ചോദ്യമായി വളര്‍ന്നു. ഈ എഴുത്തുകാരന്റെ ചിന്തയുടെ ഭാഷ എന്തായിരിക്കും? മാതൃഭാഷയില്‍ നിന്ന് സ്വയം പുറത്തുചാടിയതില്‍ ആത്മസംഘര്‍ഷത്തിന്റെ വിഷയം ഉണ്ടാവില്ലേ? 'The condemnation of totalitarianism doens't deserve a novel' എന്ന് എഴുതിയെങ്കിലും കുന്ദേരയുടെ മൗലികമായ വിഷയം സമഗ്രാധിപത്യത്തിന്റെവിശകലനം എന്നതു തന്നെയല്ലേ? മറവിക്കെതിരെ ഓര്‍മ്മ എന്ന, അഥവാ ഓര്‍മ്മയുടെ വിപ്ലവപരത എന്ന കുന്ദേരിയന്‍ മന്ത്രത്തിന്റെ ഉറവ ഇതല്ലാതെ മറ്റെന്താണ്?
മിലന്‍ കുന്ദേര | PHOTO: WIKI COMMONS
എനിക്ക് ദൗത്യമൊന്നുമില്ല, ആര്‍ക്കും ഇല്ല എന്ന് കുന്ദേര എഴുതി. പീഠവത്ക്കരിക്കപ്പെടുന്നതിനെതിരെയുള്ള നിലപാടായിരുന്നു ആ വെളിപാട്. പൂര്‍ണ്ണതയില്ല, സാക്ഷാത്ക്കാരമില്ല; ഉള്ളത് ജീവിതം മാത്രം എന്നതിലെ സരളശക്തമായ യാഥാര്‍ത്ഥ്യ ബോധം ഇതിന്റെ ഭാഗമാണ്. തന്നെ ബിംബവത്ക്കരിക്കുന്നതിന് എതിരായിരുന്നു കുന്ദേര. The reign of imagology begins where histroy ends എന്ന മൂര്‍ച്ചയുള്ള വെളിവാക്കലിന്റെ പേരില്‍ കുന്ദേരയോട് ജനാധിപത്യവാദികള്‍ എക്കാലവും നന്ദിയുള്ളവരാകേണ്ടതുണ്ട്.
ആഖ്യാനരൂപത്തെ പല തരത്തില്‍ സ്വതന്ത്ര ദേശമാക്കിത്തീര്‍ത്തയാളാണ് കുന്ദേര. പ്രശ്‌നങ്ങളുടെ ഗൗരവത്തെ രൂപത്തിന്റെ ലാഘവത്തോട് ചേര്‍ക്കുകയാണ് തന്റെ മട്ട് എന്ന് തുറന്നുപറഞ്ഞിട്ടുണ്ട്. സോഷ്യലിസ്റ്റ് റിയലിസം എന്ന ഔപചാരികതയെ സര്‍ഗ്ഗാത്മകമായി നിരസിക്കുകയായിരുന്നു. എഴുത്തില്‍ സ്വാതന്ത്ര്യമില്ലെങ്കില്‍ മറ്റെവിടെ സ്വാതന്ത്ര്യം എന്ന് ആലോചിച്ച ഒരാള്‍. The Book of Laughter and Forgetting ല്‍ ഏഴ് കഥകള്‍, ആത്മകഥ, തത്ത്വവിചാരങ്ങള്‍..... എന്നിട്ടും അത് നോവലാണ് എന്ന് കുന്ദേര പറഞ്ഞപ്പോള്‍ സ്വാതന്ത്ര്യത്തിന് ഒരു പുസ്തകം ഉണ്ടാവുകയായിരുന്നു.
സി.എം.രാജന്റെയും എന്റെയും നാടിന്റെ പേര് ചന്തേര എന്നാണ്. The Unbearable Lightness of Being നെപ്പറ്റി പറഞ്ഞു നടന്ന കാലത്ത് ഞങ്ങള്‍ രണ്ടാളേയും മിലന്‍ ചന്തേര എന്ന് കരിവെള്ളൂര്‍ ചങ്ങാതിമാര്‍ കളിയാക്കിയിരുന്നു. കുന്ദേരയില്‍ തമാശയുണ്ട് എന്നതിനാലും അതില്‍ ഞങ്ങളും രസിച്ചിരുന്നു. ആദര്‍ശവത്ക്കരിക്കാതിരിക്കലാണ് കുന്ദേരയുടെ ഹാസ്യത്തിന്റെ സത്യം. The Unbearable Lightness of Being ലെ, സര്‍ജ്ജനായ റ്റോമസ് അധികാരത്തെ ചോദ്യം ചെയ്യുന്നു. പിന്നെ താന്‍ ജീവിക്കുന്നത് ജനാല കഴുകുന്ന പണിയെടുത്തിട്ടാണ്. എന്നാല്‍ ഈയവസ്ഥയെ ആദര്‍ശവത്ക്കരിക്കുന്നില്ല. ജനല്‍ച്ചില്ല് തുടക്കുന്ന റ്റോമസിന് ചില രതിസൗകര്യങ്ങള്‍ തരമാവുന്നുണ്ട്. മറ്റുള്ളവരിലേക്ക് നീളാനും, സ്വയം പടരാനും, സ്വത്വത്തില്‍ നിന്ന് പുറത്തിറങ്ങാനും മറ്റുള്ളവരില്‍, അവര്‍ക്ക് വേണ്ടി നിലനില്‍ക്കാനുമുള്ള കഴിവിലാണ് മനുഷ്യരുടെ മൂല്യം അടങ്ങിയിരിക്കുന്നത് എന്ന് കുന്ദേര എഴുതി. കുന്ദേര തുടര്‍ന്നും അങ്ങനെ നിലനില്‍ക്കും.