
ടെക്നോളജി ദുരുപയോഗവും പേജര്‍, വാക്കി-ടോക്കി പൊട്ടിത്തെറികളും
ഈ കാലത്ത് ആരാണ് അല്ലെങ്കിലും ഇലക്ട്രോണിക് പേജറുകള്‍പോലുള്ള ഉപകരണങ്ങള്‍ ഉപയോഗിക്കുന്നത്? ചൊവ്വാഴ്ച ലെബനനില്‍ അരങ്ങേറിയ പേജറുകളുടെ സ്ഫോടനപരമ്പരയെക്കുറിച്ച് ലോകമറിഞ്ഞതിന് ശേഷമുള്ള ആദ്യപ്രതികരണം ഇതായിരിന്നു. ഞാനടക്കമുള്ള പലരുടേയും മനസ്സില്‍ ഉയര്‍ന്നുവന്ന ഈ ചോദ്യത്തിന് മറുപടി ലഭിക്കുന്നതിന് മുമ്പേ വാക്കിടോക്കികള്‍ പൊട്ടിത്തെറിക്കുന്ന മറ്റൊരു ആക്രമണപരമ്പരയേക്കുറിച്ച് വാര്‍ത്തകള്‍ വന്നു. അതും ലെബനനില്‍ നിന്നായിരുന്നു
സോളാര്‍ പാനലുകളും, കാറുകളുമെല്ലാം ചിലയിടങ്ങളില്‍ പൊട്ടിത്തെറിച്ചിട്ടുണ്ടെന്നും അതോടൊപ്പം വന്ന വാര്‍ത്തകളില്‍ കാണുന്നു. ഇലക്ട്രോണിക് ആശയവിനിമയ ഉപകരണങ്ങളെ ലക്ഷ്യംവച്ചുകൊണ്ട് ഇത്രയും വിപുലമായിട്ടുളള ആക്രമണം ലോകത്ത് കേട്ടുകേള്‍വിയില്ലാത്തതാണ്. അതിനാല്‍ തന്നെ ഞെട്ടലോടൊപ്പം ഈ വാര്‍ത്തകളെ ലോകം വളരെ അമ്പരപ്പോടെയും ആശ്ചര്യത്തോടും കൂടെയാണ് കാണുന്നത്.
ആരാണ് ഇക്കാലത്തും പേജര്‍ ഉപയോഗിക്കുകയെന്ന ആദ്യം മനസ്സിലുദിച്ച സംശയം അതോടെ മറ്റൊരു ചോദ്യത്തിന് വഴി മാറി. ആരാവും ഈ കൃത്യത്തിന് പിന്നില്‍. എന്താവും അതിന്റെ ആസൂത്രണപദ്ധതി? ഏതു തരം സാങ്കേതിക വിദ്യയാവും ഇതിനായി ഉപയോഗപ്പെടുത്തിയിട്ടുണ്ടാവുക?PAGER | PHOTO: FACEBOOK
ഇസ്രായേലിന്റെ രഹസ്യാന്വേഷണ ഏജന്‍സിയായ മൊസാദാണ് ആക്രമണങ്ങളുടെ സൂത്രധാരൻ എന്നാണ് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് പറയുന്നത്. പേജറുകളും വാക്കിടോക്കികളും പൊട്ടിത്തെറിച്ചത് എങ്ങനെയാണ് എന്നതിനെക്കുറിച്ച് വിദഗ്ധര്‍ വ്യത്യസ്തങ്ങളായ അഭിപ്രായങ്ങളാണ് പങ്കുവയ്ക്കുന്നത്. ബാറ്ററികള്‍ ചൂടുകൂടി പൊട്ടിത്തെറിച്ചതാവാമെന്നാണ് ഭൂരിഭാഗം വിദഗ്ധരുടെയും അഭിപ്രായം. പേജറുകളില്‍ ഒരു സന്ദേശം ലഭിക്കുന്നതും, ശേഷം അവയില്‍ നിന്നും പുകയുയരുന്നതും, ഉടനെ തന്നെ പൊട്ടിത്തെറിക്കുന്നതുമാണ് ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാവുന്നത്. ചില ദൃശ്യങ്ങളില്‍ പല തവണ സ്ഫോടനം നടക്കുന്നതും കാണാം. ആളിനെ കൊല്ലാന്‍ ശേഷിയുള്ള സ്ഫോടകവസ്തുക്കള്‍ തീര്‍ച്ചയായും ഈ ഉപകരണങ്ങളില്‍ നിറച്ചിട്ടുണ്ടാവണം. അല്ലാതെ പേജറിന്റെ ബാറ്ററി അമിതമായ ചൂടില്‍ പൊട്ടിത്തെറിച്ചാല്‍ മനുഷ്യര്‍ മരിക്കില്ല. ഇത്ര ഗുരുതരമായ പരിക്കുകളും ഉണ്ടാവില്ല.
പേജറുകളുടെ നിര്‍മ്മാണ സമയത്തോ അല്ലെങ്കില്‍ അത് ലെബനനിലേക്ക് കയറ്റുമതി ചെയ്യുന്ന അവസരത്തിലോ ആവാം അവയില്‍ സ്ഫോടക വസ്തുക്കള്‍ നിക്ഷേപിച്ചതെന്നാണ് വിദഗ്ധരുടെ അഭിപ്രായം. വാക്കി ടോക്കികളുടെ കാര്യത്തിലും, സോളാര്‍പാനലുകളുടെ കാര്യത്തിലും ഇത് തന്നെയാവും നടന്നിട്ടുള്ളത്. കാറുകള്‍ പൊട്ടിത്തെറിച്ചത് കാറിനുള്ളില്‍ ഉണ്ടായിരുന്ന ഇത്തരം ഉപകരണങ്ങള്‍ മൂലമാവുമെന്നും കരുതപ്പെടുന്നു. റേഡിയോതരംഗങ്ങള്‍ ഉപയോഗിച്ചാണ് സ്ഫോടനത്തിന് തുടക്കമിട്ടതെന്ന് കരുതപ്പെടുന്നു
തായ്‌വാനിലെ ഒരു കമ്പനിയാണ് പേജറുകളുടെ ബ്രാന്‍ഡ് ഉടമകള്‍. ഹംഗറിയില്‍ നിന്നുള്ള ഒരു കമ്പനിക്ക് തങ്ങളുടെ ബ്രാന്‍ഡ് പേജറുകള്‍ നിര്‍മ്മിക്കാന്‍ അനുവാദം നല്‍കിയിട്ടുണ്ടെന്നും അവരാണ് പൊട്ടിത്തെറിച്ച പേജറുകളുടെ നിര്‍മ്മാതാക്കള്‍ എന്നുമാണ് തായ്‌വാന്‍ കമ്പനിയുടെ പ്രതികരണം.
REPRESENTATIVE IMAGE | WIKI COMMON
ഹിസ്ബുല്ലയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സുരക്ഷാ വീഴ്ചയായാണ് സ്ഫോടന പരമ്പരകളെ വിലയിരുത്തുന്നത്. വളരെ കര്‍ശനമായ സുരക്ഷാ സംവിധാനങ്ങള്‍ പിന്തുടരുന്ന ഹിസ്ബുല്ലയ്ക്കേറ്റ ഏറ്റവും വലിയ തിരിച്ചടിയായി ഇതിനെ വിശേഷിപ്പിക്കുന്നു. ഹിസ്ബുല്ല പ്രവര്‍ത്തകര്‍ മാത്രമല്ല, സാധാരണ പൗരരടക്കമുള്ളവര്‍ക്കു പരിക്കേല്‍ക്കുകയും, അവരില്‍ ചിലര്‍ കൊല്ലപ്പെടുകയും ചെയ്ത ഈ സംഭവം ടെക്നോളജി ഭയാനകമായ നിലയില്‍ ദുരുപയോഗം ചെയ്യുന്നതിന്റെ നല്ല ഉദാഹരണമാണ്.
ലെബനനിന്റെ തലസ്ഥാനമായ ബെയ്റൂട്ട് നഗരത്തെ കേന്ദ്രീകരിച്ചായിരുന്നു മിക്ക ആക്രമണങ്ങളെങ്കിലും, ലെബനനില്‍ പലയിടങ്ങളിലും പേജറുകളും പിന്നീട് വാക്കി ടോക്കികളും പൊട്ടിത്തെറിക്കുകയുണ്ടായി. സ്ഫോടന പരമ്പരയില്‍ രണ്ട് കുട്ടികളടക്കം 32-ഓളം പേര്‍ കൊല്ലപ്പെട്ടു. രണ്ടായിരത്തിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
ഇറാന്റെ പിന്തുണയുള്ള ലെബനനിലെ സായുധ സംഘടനയാണ് ഹിസ്ബുല്ല. ലെബനനിലെ വലിയൊരു രാഷ്ട്രീയ സംഘടനയും കൂടെയാണ് ഹിസ്ബുല്ല. കഴിഞ്ഞ ഒക്ടോബര്‍ മുതല്‍ ഇസ്രായേല്‍-ഗാസ യുദ്ധം രൂക്ഷമായതോടെ ഹിസ്ബുല്ല ഇസ്രായേലിനെതിരെയുള്ള ആക്രമണങ്ങളും വര്‍ദ്ധിപ്പിച്ചു. ഇസ്രായേലിന്റെ പ്രഖ്യാപിത ശത്രുക്കളുടെ പട്ടികയിലാണ് ഇറാനും ഹിസ്ബുല്ലക്കും സ്ഥാനം. ലെബനനും ഇസ്രയേലുമായി ഇപ്പോള്‍ അത്ര നല്ല ബന്ധത്തില്‍ അല്ല. ഇടയ്ക്കിടെ ഇരുകൂട്ടരും പരസ്പരം ആക്രമണങ്ങളില്‍ ഏര്‍പ്പെടുന്നു. രാജ്യാതിര്‍ത്തികളില്‍ തോക്കുകൊണ്ട് ഏറ്റുമുട്ടുന്ന ഇരുരാജ്യങ്ങളും, പരസ്പരം മിസൈല്‍ വര്‍ഷങ്ങളും നടത്താറുണ്ട്.
REPRESENTATIVE IMAGE | WIKI COMMONS
പേജറുകളുടെയും വാക്കി ടോക്കികളുടേയും സ്ഫോടനപരമ്പരയ്ക്കു പുറകെ ഇസ്രായേലാണെന്നാണ് ലെബനനും ഇറാനും ആരോപിക്കുന്നത്. ഇസ്രായേലിന് തക്കതായ ശിക്ഷ നല്കുമെന്നും, അധികം വൈകാതെ തിരിച്ചടിക്കുമെന്നുള്ള സൂചനകളാണ് ലെബനനിന്റെയും ഇറാന്റെയും പ്രതികരണങ്ങളില്‍ നിന്നും വ്യക്തമാകുന്നത്. ബുധനാഴ്ച ഇസ്രായേലി എയര്‍ബേസ് സന്ദര്‍ശിച്ച ഇസ്രായേല്‍ പ്രതിരോധ വകുപ്പ് മന്ത്രി യൊആവ് ഗാലന്റ് യുദ്ധത്തിന്റെ പുതിയ ഘട്ടത്തിലേക്ക് കടക്കുകയാണ് തങ്ങളെന്ന് പ്രഖ്യാപിച്ചിരുന്നു. അതിനോടൊപ്പമാണ് ലെബനണില്‍ സ്ഫോടനപരമ്പരകള്‍ അരങ്ങേറുന്നത്. ആക്രമണത്തെക്കുറിച്ച് പ്രതികരിക്കാന്‍ ഇസ്രായേല്‍ തയ്യാറായില്ല. മാത്രമല്ല അമേരിക്കയുടെ അറിവോടു കൂടെയാണ് ആക്രമണങ്ങളെന്നും ആരോപണമുണ്ട്. ആരോപണങ്ങളെ അമേരിക്കന്‍ പ്രതിരോധമന്ത്രാലയം തള്ളിക്കളഞ്ഞു.