മോദിയുടെ ഏകാധിപത്യശ്രമം വിജയിക്കില്ല, പക്ഷെ കോണ്‍ഗ്രസ്സിനും പഠിക്കാനുണ്ട് പാഠങ്ങള്‍
ജനാധിപത്യം അപകടത്തിലാണ്, രാജ്യം അസാധാരണമായ സാഹചര്യങ്ങളിലൂടെ കടന്നുപോവുകയാണ്. എന്തും സംഭവിക്കാം എന്ന അനിശ്ചിതത്വത്തിന്റെ നടുവിലാണ് ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം. കഴിഞ്ഞ മണിക്കൂറുകളിൽ രാജ്യം സാക്ഷ്യം വഹിച്ചത് അനിശ്ചിതത്വങ്ങളുടെ ആഴം കൂടുതൽ വ്യക്തമാക്കുന്ന സംഭവങ്ങളാണ്. സൂറത്ത് കോടതിയുടെ അസാധാരണമായ വിധിക്കു പിന്നാലെ മിന്നൽ വേഗതയിലാണ് രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയത്. ഇത് ഒരു ഒറ്റപ്പെട്ട സംഭവമല്ല എന്നതാണ് യാഥാർത്ഥ്യം.
മുഹമ്മദ് ഫൈസൽ എന്ന ലക്ഷദീപ് എംപി ജനങ്ങൾ തെരഞ്ഞെടുത്ത് ലോക്‌സഭയിലെത്തിയ ആളാണ്. എൻസിപിയുടെ പ്രതിനിധി. അദ്ദേഹമിപ്പോഴും പാർലമെന്റിന്റെ പുറത്ത് ചുറ്റിത്തിരിയുകയാണ്. ഇന്നലെ ഡെമോക്രസി ഇൻ ഡെയ്ൻജർ എന്ന ബാനറുമെടുത്ത് ഞങ്ങൾ പ്രതിപക്ഷ എംപിമാർ വിജയ് ചൗക്കിലേക്ക് പ്രതിഷേധത്തിനു പുറപ്പെടുമ്പോൾ പാർലമെന്റിലെ സെന്റർ ഹാളിൽ ഞാൻ ഫൈസലിനെ കണ്ടു. അസാധാരണമായ വേഗതയിലായിരുന്നു ഫൈസലിനെയും അയോഗ്യനാക്കാനുള്ള നീക്കം നടന്നത്. ഒരു പടി കൂടെ കടന്ന് ലക്ഷദ്വീപിൽ മിന്നൽ വേഗതയിൽ ലക്ഷദ്വീപിൽ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനും മടിച്ചില്ല.
മുഹമ്മദ് ഫൈസല്‍ | Image: Twitter
നമുക്കേവർക്കും അറിയാവുന്നത് പോലെ ലക്ഷദ്വീപ് യാത്രാപ്രശ്‌നങ്ങൾ രൂക്ഷമായ ഭൂപ്രദേശമാണ്. അതീവ ഗുരുതരാവസ്ഥയിലാകുന്ന രോഗിയെ ആശുപത്രിയിൽ എത്തിക്കുവാൻ പോലും നന്നേ കഷ്ടപ്പെടുന്ന, യാത്രാ സൗകര്യങ്ങളിൽ അത്രയേറെ ബുദ്ധിമുട്ടുകൾ ഉള്ള ലക്ഷദ്വീപിൽ മുഹമ്മദ് ഫൈസലിനെ ജയിലിലേക്കയക്കാൻ പ്രത്യേക ഹെലിക്കോപ്റ്റർ പറന്നിറങ്ങി. ശിക്ഷിക്കുക എന്നത് മാത്രമായിരുന്നില്ല അടുത്ത മണിക്കൂറുകളിൽ തന്നെ അദ്ദേഹത്തെ ജയിലിൽ അടക്കണമെന്നും തിരക്കഥയിൽ ഉണ്ടായിരുന്നു. നിമിഷങ്ങൾക്കകം അദ്ദേഹത്തെ അയോഗ്യനാക്കുന്നു. മണിക്കൂറുകൾക്കകം ലക്ഷദ്വീപിൽ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നു. ഫൈസലിന്റെ ശിക്ഷ കോടതി സ്റ്റേ ചെയ്തു, അദ്ദേഹത്തിന് ജയിൽ മോചനം ലഭിച്ചു. പാർലമെന്റിനുള്ളിൽ കയറാനാകാതെ സഭാ നടപടികൾ നടക്കുന്ന ഈ കാലയളവിൽ അദ്ദേഹം സെന്റർ ഹാളിലും പാർലമെൻറ് മന്ദിരത്തിനു പരിസരത്തും അലഞ്ഞുതിരിയുന്ന കാഴ്ച യഥാർത്ഥത്തിൽ ജനാധിപത്യം എത്തിച്ചേർന്നിരിക്കുന്ന അനിശ്ചിതത്വത്തിന്റെ ആഴം വ്യക്തമാക്കുന്നതാണ്.
കഴിഞ്ഞ മണിക്കൂറുകളിൽ ഡൽഹിയിൽ വ്യാപകമായി പ്രത്യക്ഷപ്പെട്ട ഒരു പോസ്റ്റർ ആയിരുന്നു "മോദിയെ പുറത്താക്കൂ ഇന്ത്യയെ രക്ഷിക്കൂ". ഇങ്ങനെയൊരു പോസ്റ്റർ എഴുതി ഒട്ടിച്ചതിന്റെ പേരിൽ നൂറിലധികം കേസുകളാണ് ഡൽഹി പോലീസ് ഒരൊറ്റ ദിവസം കൊണ്ട് രജിസ്റ്റർ ചെയ്തത്. ഇരുപത്തിയഞ്ചിലേറെ പേർ ഈ പോസ്റ്റർ ഒട്ടിച്ചതുമായി ബന്ധപ്പെട്ട് അറസ്റ്റിലായി എന്നതാണ് വാർത്തകൾ. ആം ആദ്മി നാഥനില്ലാത്ത പോസ്റ്റർ ഒട്ടിച്ചു എന്നതാണ് ബിജെപിയുടെ ആരോപണം. പക്ഷേ ഇപ്പോഴും നിങ്ങൾക്ക് ഡൽഹിയിലെ ചുമരുകളിൽ ഇതിനു മറുപടി ആയി ബിജെപി ഒട്ടിച്ച 'നാഥനില്ലാത്ത പോസ്റ്ററുകൾ' കാണാൻ കഴിയും. "കെജരിവാളിനെ പുറത്താക്കൂ ഡൽഹിയെ രക്ഷിക്കൂ". കെജരിവാളിനെതിരായ പോസ്റ്റർ യുദ്ധത്തിൽ ഒരാളെയും ഡൽഹി പോലീസ് അറസ്റ്റ് ചെയ്തിട്ടില്ല. ഒരു കേസും രജിസ്റ്റർ ചെയ്തിട്ടുമില്ല. എന്നാൽ മോദിയെ പുറത്താക്കൂ രാജ്യത്തെ രക്ഷിക്കൂ എന്ന് എഴുതി ഒട്ടിച്ചതിന്റെ പേരിൽ, പോസ്റ്റർ പതിച്ചതിന്റെ പേരിൽ രാജ്യ തലസ്ഥാനത്ത് നൂറുകണക്കിന് കേസുകൾ രജിസ്റ്റർ ചെയ്യപ്പെട്ടു എന്നത് നമ്മുടെ രാജ്യത്തിന്റെ ജനാധിപത്യം എത്തിച്ചേർന്നിരിക്കുന്ന അനിശ്ചിതത്വത്തിന്റെ ആഴം കൂടുതൽ വ്യക്തമാക്കുന്നു.
Representaional Image | Source: Twitter
ഏകാധിപത്യത്തിന്റെ ലക്ഷണങ്ങളാണ് ഇതെല്ലാം. തനിക്കെതിരായ ഒരു പോസ്റ്റർ പോലും അസഹിഷ്‌ണുതയോടെ കാണുന്ന നരേന്ദ്രമോദിയുടെ ഭരണത്തിൻ കീഴിൽ രാജ്യം അത്രമേൽ അത്രമേൽ ആശങ്കയിലൂടെയാണ് കടന്നുപോകുന്നത്. തനിക്കെതിരായ ഒരു പോസ്റ്റർ മോദിയുടെ ഉറക്കം കെടുത്തുന്നു. ഉറക്കച്ചടവില്ലാത്ത മോദിയുടെ ചിത്രങ്ങൾ ഡൽഹിയിലുടനീളം നിങ്ങൾക്ക് കാണാം. ആ ചിത്രങ്ങൾക്കരികിൽ മോദി സ്വയം പ്രഖ്യാപിക്കുന്നുണ്ട്. മദർ ഓഫ് ഡെമോക്രസി. ജനാധിപത്യത്തിന്റെ മാതാവാണ് ഇന്ത്യയെന്ന പരസ്യവാചകത്തിന്റെ ചുവട്ടിൽ ചിരിച്ചു നിൽക്കുന്ന നരേന്ദ്രമോദിയുടെ ചിത്രം. അതേ തെരുവിലാണ് "മോദിയെ പുറത്താക്കൂ ഇന്ത്യയെ രക്ഷിക്കൂ" എന്ന പോസ്റ്റർ പതിച്ചതിന്റെ പേരിൽ പൗരന്മാരെ വേട്ടയാടുന്നത്. മദർ ഓഫ് ഡെമോക്രസി പരസ്യ വാചകങ്ങൾക്ക് ചുവട്ടിലൂടെയാണ് വിജയ് ചൗക്കിൽ സമാധാനപരമായി പ്രതിഷേധിച്ച എംപി മാരെ അറസ്റ്റ് ചെയ്ത വാഹനങ്ങൾ പോലീസ് ക്യാമ്പുകളിലേക്ക് നീങ്ങിയത്.
യഥാർത്ഥത്തിൽ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ റിപ്പബ്ലിക്ക് ലോകത്തിന്റെ മുന്നിൽ നരേന്ദ്രമോദി സർക്കാരിന്റെ സ്വേച്ഛാ പ്രവണതകൾ കാരണം തലകുനിച്ചു നിക്കേണ്ടിവരുന്ന ഗതികെട്ട കാലത്തിനാണ് ഇന്ത്യ ഇന്ന് സാക്ഷ്യം വഹിക്കുന്നത്. കേന്ദ്ര ഏജൻസികളെ തങ്ങളുടെ രാഷ്ട്രീയ ആയുധമായി ബിജെപി ഉപയോഗിക്കുന്നു. ഡൽഹിയിൽ അരവിന്ദ് കെജരിവാൾ മന്ത്രിസഭയിലെ രണ്ടാമൻ മനീഷ് സിസോദിയ ഉൾപ്പെടെയുള്ളവർ ഇപ്പോഴും ജയിലിലാണ്. അഴിമതിയുടെ പേരിലാണ് അവരെയെല്ലാം അറസ്റ്റ് ചെയ്തത് എന്നതാണ് നരേന്ദ്രമോദിയുടെയും ബിജെപിയുടെയും വാദം. എങ്കിൽ എന്തുകൊണ്ട് കർണാടകയിൽ കോടിക്കണക്കിനു രൂപ ഒരു എംൽ എ യുടെയും അദ്ദേഹത്തിന്റെ മകന്റെയും വീട്ടിലും ഓഫീസിലും നിന്ന് ലോകായുക്ത കണ്ടെടുത്തിട്ട് ആ വഴിക്ക് ഇ ഡി പോകാത്തത് എന്ന ലളിതമായ ചോദ്യം അവശേഷിക്കുന്നു.
നരേന്ദ്ര മോഡി | Image: PTI
കഴിഞ്ഞ ദിവസങ്ങളിലാണ് ത്രിപുരയിലെ അശാന്തമായ വഴികളിലേക്ക് ഞങ്ങളുൾപ്പെടുന്ന പ്രതിനിധി സംഘം കടന്നുപോയത്. അന്ന് നേരിട്ട ദുരനുഭവങ്ങളും ഞങ്ങൾ കണ്ട കാഴ്ചകളും ഇതിനുമുമ്പേതന്നെ പറഞ്ഞതാണ്, ഞാൻ കൂടുതൽ വിശദീകരിക്കുന്നില്ല. ഏകപക്ഷീയമായി സിപിഐ എം കോൺഗ്രസ് പ്രവർത്തകരെ വേട്ടയാടുന്ന ബിജെപിയെ നിങ്ങൾക്ക് ത്രിപുരയിൽ കാണാൻകഴിയും. ഇതൊന്നും ഒരൊറ്റപ്പെട്ട സംഭവമേ അല്ല. രാഹുൽഗാന്ധിയുടെ അയോഗ്യതയും രാജ്യത്ത് എന്ന നടന്നുകൊണ്ടിരിക്കുന്ന സ്വേച്ഛാ പ്രവണതകളും എല്ലാം ഒരൊറ്റ ഫ്രെയിമിൽ ചേർത്തുവെച്ച് നാം കാണുകയും വായിക്കുകയും സമഗ്രമായി വിശകലനം ചെയ്യുകയും വേണം.
ഇന്ത്യൻ ജനാധിപത്യത്തിന്റെ ചരിത്രത്തിലെ അപകടകരവുമായ ഏടുകളാണ് നരേന്ദ്ര മോഡി എഴുതിച്ചേർക്കുന്നത്. മോഡി എന്ന വ്യക്തിയിലേക്ക് കേന്ദ്രീകരിച്ച് വിഷയത്തെ ലഘൂകരിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ആർ എസ് എസ് ആണ് എല്ലാറ്റിന്റെയും കേന്ദ്രം. ആർ എസ് എസ് നേതൃത്വം നൽകുന്ന ബിജെപി നയിക്കുന്ന നരേന്ദ്രമോദി സർക്കാർ. ആർ എസ് എസ് രൂപീകരിക്കപ്പെട്ടിട്ട് 2025 ൽ 100 വർഷം പൂർത്തിയാവുകയാണ്. ആർ എസ് എസ് കൃത്യമായ അജണ്ടകളുള്ള ഒരു ഓർഗനൈസഷൻ ആണ്. ആ അജണ്ടകളും ലിഖിതമായ അജണ്ടകളാണ്, പ്രഖ്യാപിതമായ അജണ്ടകളാണ്. അവർ രാജ്യത്തിന്റെ ബഹുസ്വരതയ്ക്ക് എതിരാണ്. ഏകശിലാത്മകമായ ഒരു രാഷ്ട്രത്തെ അവർ നിര്‍മ്മിച്ചെടുക്കാന്‍ ശ്രമിക്കുന്നു. അവിടെ കേന്ദ്ര-സംസ്ഥാന ബന്ധങ്ങളോ ഭരണഘടന ഉറപ്പുതരുന്ന മൗലികാവകാശങ്ങളോ മതസ്വാതന്ത്ര്യമോ വൈവിധ്യങ്ങളോ ഒന്നും ഉണ്ടാകില്ല. ഭരണഘടനാ മൂല്യങ്ങൾ നിലനിർത്താൻ, രാജ്യത്തെ രക്ഷിക്കാൻ എല്ലാ മതനിരപേക്ഷ വിശ്വാസികളും ഒരേ മനസ്സോടെ തെരുവിലേക്കിറങ്ങേണ്ടകാലത്താണ് നമ്മൾ ഇന്ന് ജീവിക്കുന്നത്.
രാഹുല്‍ ഗാന്ധി | Image: PTI
രാഹുൽഗാന്ധി അയോഗ്യനാക്കപ്പെട്ട ഇന്നലത്തെ ദിവസം കോൺഗ്രസ്സിന് ഒരുപാട് പാഠങ്ങൾ പഠിക്കാനുള്ള ദിവസം കൂടിയാണ്. ശ്രീ. രാഹുൽഗാന്ധി അയോഗ്യനാക്കപ്പെടുമ്പോൾ സിപിഐഎം, സിപിഐ ഉൾപ്പെടെയുള്ള പ്രതിപക്ഷ എംപി മാർ കോൺഗ്രസ്സ് എംപിമാർക്കൊപ്പം ഡൽഹിയിലെ പോലീസ് ക്യാമ്പിൽ തടവിലായിരുന്നു. ഡെമോക്രസി ഇന്‍ ഡെയ്ഞ്ചര്‍ എന്ന ബാനറും പിടിച്ച് നടന്നുനീങ്ങുമ്പോഴാണ് ഞങ്ങളെ പോലീസ് അറസ്റ്റ് ചെയ്ത് ബന്ധനസ്ഥരാക്കിയത്. അദാനി വിഷയത്തിൽ അന്വേഷണത്തെ ആവശ്യപ്പെട്ടായിരുന്നു പ്രകടനം. ജനാധിപത്യം അപകടത്തിലാണെന്ന് ആവർത്തിച്ചു പറഞ്ഞകൊണ്ടേയിരുന്നു. നോക്കൂ, രാഹുൽഗാന്ധി തുടർന്നുള്ള നിമിഷങ്ങളിലാണ് അയോഗ്യനാക്കപ്പെട്ടത്. അദ്ദേഹം അയോഗ്യനാക്കപ്പെട്ട് മിനിട്ടുകൾക്കുള്ളിൽ രാഷ്ട്രീയത്തിനതീതമായി ആ സംഭവത്തെ അപലപിക്കുന്ന ശക്തമായ രാഷ്ട്രീയ നിലപാടുകൾ പുറത്തുവന്നു. സിപിഐഎം അഖിലേന്ത്യ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, കേരളത്തിന്റെ പ്രിയങ്കരനായ മുഖ്യമന്ത്രിയും സിപിഐഎം പോളിറ്റ്ബ്യുറോ അംഗവുമായ സഖാവ് പിണറായി വിജയൻ, സിപിഐഎം ന്റെ കേരള സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ, സിപിഐ നേതാക്കൾ, മറ്റിതര രാഷ്ട്രീയ പാർട്ടികളുടെ നേതാക്കൾ എല്ലാവരും രാഹുലിനെ തിടുക്കപ്പെട്ട് അയോഗ്യനാക്കിയ ജനാധിപത്യവിരുദ്ധ നടപടിയെ നിശിതമായി വിമർശിച്ചു. ആം ആദ്‌മി പാർട്ടിയും വിമർശിച്ചു. ഡിഎംകെയും ബിആർഎസ്സും തൃണമൂൽ കോൺഗ്രസ്സും ഉൾപ്പടെ രാഹുൽഗാന്ധിയെ പിന്തുണച്ച് രംഗത്തുവന്നു. രാഹുൽഗാന്ധിയെ പിന്തുണച്ചു എന്നതിനപ്പുറത്ത് ജനാധിപത്യവിരുദ്ധ നടപടിയെ അപലപിക്കാൻ എല്ലാവരും തയ്യാറായി. കോൺഗ്രസ്സിനോടുള്ള രാഷ്ട്രീയ വിയോജിപ്പുകൾ മറന്നുകൊണ്ടായിരുന്നില്ല മറ്റു രാഷ്ട്രീയ പാർട്ടികളെല്ലാം ഇന്നലെ ശബ്ദം ഉയർത്തിയത്. ഈ നിമിഷത്തിന്റെ ആവശ്യം, രാജ്യത്തിന്റെ ആവശ്യം ജനാധിപത്യം അപകടത്തിലാവുന്നത് തടയുക എന്നത് മാത്രമാണ്. ഈ സമഗ്രവും വിശാലവുമായ രാഷ്ട്രീയ ബോധം മറ്റു രാഷ്ട്രീയപാർട്ടികളെയെല്ലാം നന്നായി നയിച്ചത് കോൺഗ്രസ്സ് കൺതുറന്ന് കാണണമെന്ന് വിനീതമായി അഭ്യർത്ഥിക്കുകയാണ്.
രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയതിനെതിരെ ആം ആദ്മി പാർട്ടി രംഗത്തുവന്നു. പക്ഷേ ഈ നിമിഷവും ഡൽഹിയിലെ തെരുവുകളിൽ നിങ്ങൾക്ക് ആം ആദ്മി പാർട്ടിയുടെ നേതാവും മന്ത്രിയുമായ മനീഷ് സിസോദിയ ഉൾപ്പെടെയുള്ളവരെ അറസ്റ്റ് ചെയ്ത കേന്ദ്ര സർക്കാർ നടപടിയെ സ്വാഗതം ചെയ്തുകൊണ്ട് മനീഷ് സിസോദിയയുടെ അറസ്റ്റിനെ ആഘോഷിച്ചുകൊണ്ട് കോൺഗ്രസ്സ് ഒട്ടിച്ച പോസ്റ്ററുകൾ ഇപ്പോഴും നിരന്നിരിപ്പുണ്ട് ഡൽഹിയിലെ തെരുവുകളിൽ. മനീഷ് സിസോദിയയുടെ അറസ്റ്റിനു പിന്നാലെ വ്യത്യസ്ത പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികൾ ഇ ഡി യുടെ ദുരുപയോഗത്തെ ചൂണ്ടിക്കാണിച്ചുകൊണ്ട് സംയുക്ത പ്രസ്താവനയുമായി രംഗത്തുവന്നു. പക്ഷേ അതിൽനിന്നും കോൺഗ്രസ്സ് വിട്ടുനിന്നു. കോൺഗ്രസ്സ് ആ സന്ദര്‍ഭത്തിൽ ആലോചിച്ചത് ഡൽഹിയിലെ സങ്കുചിതമായ രാഷ്ട്രീയ താല്പര്യം മാത്രമാണ്.
മനീഷ് സിസോദിയ | Image: PTI
മുഹമ്മദ് ഫൈസലിന്റെ വിഷയം നോക്കൂ. ഈ നിമിഷം വരെ ജനാധിപത്യവിരുദ്ധമായ നടപടിക്കെതിരെ കോൺഗ്രസ്സ് ഒരക്ഷരം മിണ്ടിയിട്ടില്ല. തന്നെയുമല്ല. ലക്ഷദ്വീപിൽ മുഹമ്മദ് ഫൈസലിനെതിരായ കേസ് കൊടുത്തതും കോൺഗ്രസ് ആണ്. കോൺഗ്രസ്സും എൻ സി പി യും പരസ്പരം ഏറ്റുമുട്ടുന്ന സ്ഥലമാണ് ലക്ഷദ്വീപ്. അത് ലക്ഷദ്വീപിലെ രാഷ്ട്രീയ പ്രത്യേകത. പക്ഷേ ഒരു എംപി യെ തിടുക്കപ്പെട്ട് അയോഗ്യനാക്കിയതിലെ ജനാധിപത്യവിരുദ്ധത ചൂണ്ടിക്കാണിക്കാനുള്ള ഹൃദയ വിശാലത മുഹമ്മദ് ഫൈസലിനെ അയോഗ്യനാക്കിയ സന്ദർഭത്തിൽ കോൺഗ്രസ് എന്ന ദേശീയ രാഷ്ട്രീയ പാർട്ടി കാട്ടിയില്ല എന്നത് മാപ്പർഹിക്കാത്ത അപരാധമായി ചരിത്രത്തിൽ അടയാളപ്പെടുത്തപ്പെടും. ഫൈസലിനെ തിരികെ പാർലമെന്റിൽ പ്രവേശിപ്പിക്കാതെ വട്ടം ചുറ്റിക്കുമ്പോഴും കോൺഗ്രസ്സ് ഈ നിമിഷം വരെയും ഒരക്ഷരം മിണ്ടിയിട്ടില്ല. യഥാർത്ഥത്തിൽ ഫൈസലിനെ കുരുക്കിയ അതേ മാതൃകയിലാണ് രാഹുൽഗാന്ധിക്കും ബിജെപി സർക്കാർ വലയൊരുക്കിയത്.
കേന്ദ്ര ഏജൻസികളെ ശത്രുതാമനോഭാവത്തോടെ രാഷ്ട്രീയ എതിരാളികളെ ഇല്ലാതാക്കുന്നതിന് ബിജെപി ഉപയോഗിക്കുന്നു എന്നത് പകൽപോലെ വ്യക്തമാണ്. കോടതികൾ പോലും അത്തരത്തിലുള്ള പല നിരീക്ഷണവും പല സന്ദർഭങ്ങളിലും നടത്തിയിട്ടുമുണ്ട്. പക്ഷേ എന്നിട്ടുകൂടി കേരളത്തിൽ കൗതുകപരമായ നിലപാടാണ് കോൺഗ്രസ്സ് നേതാക്കൾ പലപ്പോഴും സ്വീകരിക്കുന്നത്. കേരളത്തിലെ ഭരിക്കുന്ന പാർട്ടിയോടും അതിന്റെ മുഖ്യമന്ത്രിയോടും ഒക്കെ കോൺഗ്രസ് നേതാക്കൾക്ക് വിയോജിപ്പുണ്ടാകുക സ്വാഭാവികമാണ്. ശക്തമായ ഭാഷയിൽ വിയോജിപ്പുകൾ അവർ ഉന്നയിക്കുന്നതും മനസ്സിലാക്കാനാകും. പക്ഷേ കേന്ദ്ര ഏജൻസികളുടെ ദുരുപയോഗത്തെ സംബന്ധിച്ച് കോൺഗ്രസ്സിന് പൊതുവിൽ രാജ്യത്തുള്ള നിലപാട് എന്തുകൊണ്ടാണ് കേരളത്തിൽ അവർ സ്വീകരിക്കാതിരിക്കുന്നത്. ഉത്തരം ലളിതമാണ്. ഭരണകൂട ഭീകരതയെ സമഗ്രമായി കാണാൻ ഇന്നത്തെ രാജ്യത്തിന്റെ രാഷ്ട്രീയ ആവശ്യമെന്തെന്ന് മനസ്സിലാക്കി അവസരത്തിനൊത്തുയരാൻ കോൺഗ്രസിന് പലപ്പോഴും സാധിക്കുന്നില്ല എന്നതാണ് യാഥാർത്ഥ്യം.
രാഹുൽ ഗാന്ധി അയോഗ്യനാക്കപ്പെട്ട് മണിക്കൂറുകൾക്കകം അതു തെറ്റാണെന്ന് പറഞ്ഞു തെരുവിലേക്കിറങ്ങാൻ ഡി വൈ എഫ് ഐ ക്ക് ഒരു മടിയും ഉണ്ടായിരുന്നില്ല. കാരണം സ്വേച്ഛാ പ്രവണതകളെ തിരിച്ചറിയാനുള്ള രാഷ്ട്രീയ ഉൾക്കാഴ്ച ആ പ്രസ്ഥാനത്തിന് ഉണ്ടായിരുന്നു എന്നതുകൊണ്ട് മാത്രമാണത്. രാഹുൽ ഗാന്ധിയോട് ശക്തമായി വിയോജിക്കുമ്പോഴും രാജ്യത്തിൻറെ ജനാധിപത്യം അപകടത്തിലാക്കുന്ന നീക്കങ്ങളിതാണെന്നും ആ നീക്കങ്ങളിൽ രാഷ്ട്രീയത്തിന്റെ സങ്കുചിതമായ താല്പര്യങ്ങൾക്കപ്പുറത്ത് രാജ്യത്തിൻറെ വിശാലമായ ഭരണഘടനാ താല്പര്യങ്ങൾ മുൻനിർത്തി പോരാട്ടത്തിനിറങ്ങേണ്ടത് രാജ്യത്തിന്റെ നിലനിൽപ്പിന്റെ തന്നെ ആവശ്യമാണെന്ന വിശാലമായ രാഷ്ട്രീയധാരണ ഉണ്ടായിരുന്നതുകൊണ്ടാണ് ഡി വൈ എഫ് ഐ ക്ക് പ്രതിഷേധിക്കാൻ അമാന്തം ഇല്ലാതിരുന്നത്.
രാഹുല്‍ ഗാന്ധി ഭാരത് ജോഡോ യാത്രക്കിടെ | Image: PTI
വർത്തമാനകാല ഇന്ത്യൻ ജനാധിപത്യത്തിന്റെ ഏറ്റവും അപകടകരമായ കാഴ്ചകൾ നമുക്ക് കാണാൻകഴിയുന്നത് തീർച്ചയായും ത്രിപുരയിൽ നിന്നാണ്. കോൺഗ്രസ്സും സിപിഐഎമ്മും സി പി ഐയും ഉപ്പെടുന്ന എംപി മാരുടെ പ്രതിനിധി സംഘമാണ് ത്രിപുര സന്ദർശിച്ചത്. ഞാൻ നേരത്തെ സൂചിപ്പിച്ചു. ആ ത്രിപുര സന്ദർശനം കഴിഞ്ഞ് തൊട്ടടുത്ത ദിവസത്തെ പാർലമെന്റ് സമ്മേളനത്തിന് ചേരുമ്പോൾ രാജ്യസഭയിൽ കോൺഗ്രസിന്റെ സമുന്നതനായ നേതാവും എ ഐ സി സി ജനറൽ സെക്രട്ടറിയുമായ ശ്രീ. കെ സി വേണുഗോപാൽ കൊടുത്ത 267 നോട്ടീസ് ത്രിപുരയിന്മേൽ ആയിരുന്നില്ല. അദാനി വിഷയവുമായിരുന്നില്ല. മറിച്ച് ബ്രഹ്മപുരം മാലിന്യപ്ലാന്റ് ആയിരുന്നു. കെ സി വേണുഗോപാലിനെ പോലെ രാജ്യത്തെ കോൺഗ്രസ്സിന്റെ മുഖമായ ഒരാളുടെ പാർലമെന്റിലെ പ്രയോറിറ്റി ആയി ത്രിപുര വരാതിരിക്കുകയും ബ്രഹ്മപുരം വരികയും ചെയ്യുന്നതും ഞാൻ നേരത്തെ സൂചിപ്പിച്ച സമഗ്രവും വിശാലവുമായി രാഷ്ട്രീയത്തെ കാണാൻ കഴിയാത്തതിന്റെ കുറവായി മാത്രമേ വിമർശിക്കാൻ കഴിയുകയുള്ളൂ.
ഏകാധിപത്യശ്രമത്തിന് എളുപ്പം വഴങ്ങിത്തരില്ല എന്ന ഉജ്ജ്വലമായ സന്ദേശം ഈ ഘട്ടത്തിലും രാജ്യം സംഘപരിവാരത്തിന് നല്‍കുന്നുണ്ട്.പരസ്പര അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായിരിക്കെ തന്നെ ഇത്തരം ഘട്ടങ്ങളില്‍ ഒന്നിച്ച് നില്‍ക്കുന്നതിന്റെ സന്ദേശം വ്യക്തമാണ്. എന്നാലീ ഒന്നിച്ച് നില്‍പ്പ് ബിജെപിക്ക് മാത്രമായുള്ള സന്ദേശമല്ല, കോണ്‍ഗ്രസ്സിന് കൂടെ ഉള്ളതാണ്.
ജനാധിപത്യം അപകടത്തിലാവുമ്പോൾ മടിച്ചു നിൽക്കാതെ സങ്കുചിതമായ രാഷ്ട്രീയ താല്പര്യങ്ങൾ മാറ്റിനിർത്തി വിശാലാർത്ഥത്തിൽ വളരെ സമഗ്രമായതിനെകണ്ട് ഇടപെടാൻ കഴിയേണ്ടതുണ്ട്. കോൺഗ്രസ്സിന് പല സന്ദർഭങ്ങളിലും അത് സാധിക്കാതെ വരുന്നു. ഈ പ്രതികരണങ്ങളും പ്രതിഷേധങ്ങളും യഥാർത്ഥത്തിൽ, കോൺഗ്രസിന് റഫറൻസ് ചെയ്യാവുന്ന രാഷ്ട്രീയസൂചകങ്ങളാണ് എന്ന് കാണണം.