TMJ
searchnav-menu
post-thumbnail

Outlook

പ്രചാരണത്തിനിറങ്ങി മോദി, ബിജെപിക്ക് കൈ കൊടുക്കുമോ പത്തനംതിട്ട

15 Mar 2024   |   4 min Read
മിസ്‌രിയ ചന്ദ്രോത്ത്

(ഭാഗം 8) 

നാനൂറ് സീറ്റ് നേടി രാജ്യത്ത് ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറുമെന്നുള്ള പ്രഖ്യാപനത്തോടെയാണ് എന്‍ഡിഎ മുന്നണി ഇപ്രാവശ്യം തെരഞ്ഞെടുപ്പിനെ നേരിടുന്നത്. അതിന്റെ ഭാഗമായി രാജ്യത്ത് ബിജെപിക്ക് കിട്ടാക്കനിയായി കിടക്കുന്ന തെക്കേ ഇന്ത്യയിലെ സീറ്റുകള്‍ പിടിക്കുക എന്നതാണ് പ്രധാന ലക്ഷ്യം. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ അതിനുവേണ്ടി നേരിട്ടിറങ്ങിയിരിക്കുകയാണ്. പത്തനംതിട്ട ലോക്‌സഭ മണ്ഡലമാണ് തെക്കേ ഇന്ത്യയില്‍ മോദി ആദ്യം പ്രചരണത്തിനിറങ്ങിയ മണ്ഡലം. എന്തുകൊണ്ട് പത്തനംതിട്ട ? കാരണം മറ്റൊന്നുമല്ല കോണ്‍ഗ്രസിന്റെ തലമുതിര്‍ന്ന നേതാവും പ്രവര്‍ത്തക സമിതി അംഗവും രാജ്യത്ത് ഏറ്റവും കൂടുതല്‍ കാലം പ്രതിരോധ മന്ത്രിയുമായിരുന്ന എ കെ ആന്റണിയുടെ മകന്‍ അനില്‍ ആന്റണി ബിജെപിക്കായി രംഗത്തിറങ്ങുന്നു എന്നുള്ളതാണ്. പ്രധാനമന്ത്രിയുടെ വരവോടെ
മധ്യ തിരുവിതാംകൂറിലെ ഈ മണ്ഡലം ദേശീയ ശ്രദ്ധനേടി. നാലാംവട്ടം പോരാട്ടത്തിനിറങ്ങുന്ന യുഡിഫ് സ്ഥാനാര്‍ത്ഥി ആന്റോ ആന്റണിയും LDF സ്ഥാനാര്‍ത്ഥിയായി മുന്‍ ധനമന്ത്രിയും CPM കേന്ദ്ര കമ്മിറ്റി അംഗവുമായ തോമസ് ഐസക്കുമാണ് മത്സരരംഗത്തുള്ള മറ്റ് സ്ഥാനാര്‍ത്ഥികള്‍.

2019 ലും കേരളത്തില്‍ പത്തനംതിട്ട മണ്ഡലം രാഷ്ട്രീയശ്രദ്ധ നേടിയിരുന്നു. അന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനാണ് ബിജെപി ക്ക് വേണ്ടി രംഗത്തിറങ്ങിയത്. ശബരിമല സ്ഥിതിചെയ്യുന്ന മണ്ഡലമെന്ന നിലയില്‍, ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട കോടതി വിധിയും അതുമായി ബന്ധപ്പെട്ട പ്രതിഷേധ പരമ്പരകളും സൃഷ്ടിച്ച അനുകൂല നിലപാട് ആയുധമാക്കിയാണ് ബിജെപി അന്ന് തെരഞ്ഞെടുപ്പിനെ നേരിട്ടത്. അതേത്തുടര്‍ന്ന് മണ്ഡലത്തില്‍ 13% ത്തോളം വോട്ട് വിഹിതം വര്‍ധിപ്പിക്കാന്‍ ബിജെപിക്ക് കഴിഞ്ഞുവെങ്കിലും മൂന്നാംസ്ഥാനം മാത്രമേ ലഭിച്ചുള്ളൂ. സംസ്ഥാനത്തുടനീളം ആഞ്ഞുവീശിയ യുഡിഎഫ് തരംഗം പത്തനംതിട്ടയില്‍ ആന്റോ ആന്റണിക്ക് ഹാട്രിക് വിജയം സമ്മാനിച്ചു.

അനില്‍ ആന്റണി | PHOTO: PTI
ഇത്തവണ ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്‍പായി ബിജെപി രാജ്യവ്യാപകമായി സഖ്യപരീക്ഷണങ്ങള്‍ നടത്തുന്നുണ്ട്. അതിന്റെ ഭാഗമായി കേരളത്തില്‍ ബിജെപിക്ക് ആദ്യഘട്ടത്തില്‍ ഏര്‍പ്പെടാനായത് പിസി ജോര്‍ജിന്റെ ജനപക്ഷം എന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ ലയനം ആയിരുന്നു. പിസി ജോര്‍ജിന്റെ സ്വാധീന മേഖലകളായി കരുതുന്ന പൂഞ്ഞാറും കാഞ്ഞിരപ്പള്ളിയും പത്തനംതിട്ട മണ്ഡലത്തിന്റെ ഭാഗമാണ്. ലയനംവഴി പത്തനംതിട്ടയിലെ സ്ഥാനാര്‍ത്ഥിയാകാം എന്ന ജോര്‍ജിന്റെ പദ്ധതി പരസ്യമായ രഹസ്യമായിരുന്നു,  ക്രിസ്ത്യന്‍ സഭാ നേതൃത്വങ്ങളുമായുള്ള ബന്ധം ജോര്‍ജിന് അനുകൂല ഘടകമായാണ് വിലയിരുത്തപ്പെട്ടത്. മുഖ്യമന്ത്രിയുടെ മകള്‍ക്കെതിരായി ആരോപണങ്ങളുന്നയിച്ചുകൊണ്ട് ഷോണ്‍ ജോര്‍ജും മാധ്യമങ്ങളില്‍ സജീവമായി നിന്നത് പത്തനംതിട്ട മുന്നില്‍കണ്ടുകൊണ്ടായിരുന്നു. എന്നാല്‍ കോണ്‍ഗ്രസിന്റെ സോഷ്യല്‍ മീഡിയ കോര്‍ഡിനേറ്ററായിരുന്ന എകെ ആന്റണിയുടെ മകനെയാണ് ബിജെപി പത്തനംതിട്ടയില്‍ ഇത്തവണ മത്സരത്തിനിറക്കിയത്. 2019 ല്‍  കെ സുരേന്ദ്രന്‍ ലോക്സഭയിലേക്ക് മത്സരിക്കുമ്പോഴും ജോര്‍ജിന്റെ ജനപക്ഷം പാര്‍ട്ടി ബിജെപിക്ക് എല്ലാ പിന്തുണയും നല്‍കിയിരുന്നു. എന്നാല്‍ അദ്ദേഹത്തിന് സ്വാധീനമുണ്ടായിരുന്ന പൂഞ്ഞാറില്‍ പോലും കെ സുരേന്ദ്രന് വേണ്ടത്ര വോട്ടുകള്‍ സമാഹരിക്കാനായില്ല.

തെക്കന്‍ കേരളത്തില്‍ ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ വോട്ടിങ് പാറ്റേണ്‍ പരിശോധിച്ചാല്‍ അത് പൊതുവെ യുഡിഎഫിന് അനുകൂലമായാണ് വിലയിരുത്തപ്പെടുന്നത്. മണ്ഡലപുനര്‍നിര്‍ണയം കഴിഞ്ഞശേഷം തിരുവനന്തപുരം, കൊല്ലം, മാവേലിക്കര, പത്തനംതിട്ട എന്നീ നാല് മണ്ഡലങ്ങളിലും യുഡിഎഫ് പ്രതിനിധികള്‍ തുടര്‍ച്ചയായി നാലാം അങ്കത്തിനാണ് ഇത്തവണയിറങ്ങുന്നത്. അതില്‍ത്തന്നെ മാവേലിക്കരയ്ക്ക് പുറമെ പത്തനംതിട്ടയിലും നിലവിലെ എംപിക്കെതിരെ കടുത്ത ഭരണവിരുദ്ധ തരംഗം ഉണ്ടെന്ന സൂചനകള്‍ ശക്തമാണ്.

ഈ മണ്ഡലങ്ങളിലെ എംപിമാര്‍ സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മടങ്ങാന്‍ താല്പര്യപ്പെട്ടെങ്കിലും സിറ്റിംഗ് എംപിമാരെ മത്സരിപ്പിക്കുക എന്ന സമവാക്യം നടപ്പിലാക്കുവാന്‍ പോലും ബുദ്ധിമുട്ടുന്ന കോണ്‍ഗ്രസ് നേതൃത്വത്തിന്റെ തീരുമാനങ്ങള്‍ക്കൊപ്പം നില്‍ക്കുക മാത്രമായിരുന്നു തല്‍ക്കാലം അവരുടെ മുന്നിലെ പോംവഴി.

ആന്റോ ആന്റണി | PHOTO: FACEBOOK
2008 ല്‍ മണ്ഡലപുനര്‍നിര്‍ണയം നടത്തിയപ്പോള്‍ പത്തനംതിട്ട, കോട്ടയം ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന പത്തനംതിട്ട ലോക്സഭ മണ്ഡലത്തിന്റെ പരിധിയില്‍ ഏഴ് നിയമസഭ മണ്ഡലങ്ങളാണ് ഉള്ളത്. കാഞ്ഞിരപ്പള്ളി, പൂഞ്ഞാര്‍, തിരുവല്ല, റാന്നി, ആറന്മുള, കോന്നി, അടൂര്‍ എന്നിവ.  കോട്ടയം ജില്ലാപരിധിക്കുള്ളിലാണ് കാഞ്ഞിരപ്പള്ളി, പൂഞ്ഞാര്‍ എന്നീ നിയമസഭ മണ്ഡലങ്ങള്‍ സ്ഥിതിചെയ്യുന്നത്. ന്യൂനപക്ഷ വോട്ടുകള്‍ക്ക് നിര്‍ണായക സ്വാധീനമുള്ള, കേരള കോണ്‍ഗ്രസ് പ്രസ്ഥാനങ്ങളും, കര്‍ഷകരും, പ്രവാസികളും, വന്യജീവി പ്രശ്‌നങ്ങളും, കാസയുടെ രാഷ്ട്രീയവും, ഏറ്റവും ഒടുവിലായി പൂഞ്ഞാറില്‍ വൈദികര്‍ക്ക് നേരെ നടന്ന അക്രമങ്ങളും എല്ലാം ചേര്‍ന്ന് സങ്കീര്‍ണമായ ഒരു രാഷ്ട്രീയ ഇക്കോ സിസ്റ്റം നിലനില്‍ക്കുന്ന മണ്ഡലമാണ് പത്തനംതിട്ട. നിലവില്‍ ഏഴ് നിയമസഭ മണ്ഡലങ്ങളും  എല്‍ഡിഎഫിനൊപ്പമാണ്. പത്തനംതിട്ട ജില്ലയില്‍ യുഡിഎഫിന് ഒരൊറ്റ സ്ഥാനാര്‍ത്ഥിയെ പോലും കഴിഞ്ഞതവണ ജയിപ്പിക്കാനായിട്ടില്ല.

മണ്ഡലപുനര്‍നിര്‍ണയത്തിന് ശേഷം നടന്ന 2009 ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ 51.21 ശതമാനം വോട്ട് നേടിയാണ് ആന്റോ ആന്റണി ലോക്സഭയിലെത്തിയത്. എതിര്‍ സ്ഥാനാര്‍ത്ഥിയായിരുന്ന എല്‍ഡിഎഫിന്റെ അഡ്വ. കെ അനന്തഗോപന്‍ അന്ന് നേടിയത് 37.26 ശതമാനം വോട്ടുകള്‍ മാത്രമാണ്. ബിജെപിക്ക് വേണ്ടി മത്സരിച്ച ബി രാധാകൃഷ്ണ മേനോന്‍ 13.26 ശതമാനം വോട്ടുകള്‍ 2009 ല്‍ നേടി. 2014 ലും 2019 ലും ആന്റോ ആന്റണി തന്നെയാണ് യുഡിഎഫിന് വേണ്ടി പത്തനംതിട്ടയില്‍ ജനവിധി തേടിയത്. രണ്ടുതവണയും അദ്ദേഹം വിജയിച്ചു. എന്നാല്‍ വോട്ട് വിഹിതത്തില്‍ കുറവ് സംഭവിച്ചിട്ടുണ്ട്. 2014 ല്‍ നേടിയത് 41.19 ശതമാനവും 2019 ല്‍ നേടിയത് 37.11 ശതമാനവും. 2014 ലും 2019 ലും എല്‍ഡിഎഫിലും വോട്ട് വിഹിതത്തില്‍ കുറവുണ്ടായി. 2014 ല്‍ കോണ്‍ഗ്രസ് നേതാവായിരുന്ന പീലിപോസ് തോമസാണ് അപ്രതീക്ഷിതമായി ഇടത് സ്വതന്ത്രനായി മത്സരിച്ചത്. അന്ന് അദ്ദേഹം നേടിയത് 34.75 ശതമാനം വോട്ടുകളാണ്.

2019 ല്‍ വീണാ ജോര്‍ജ് എല്‍ഡിഎഫിന് വേണ്ടി പത്തനംതിട്ടയില്‍ മത്സരിച്ചു. ശബരിമല വിഷയം പ്രതികൂല സാഹചര്യം സൃഷ്ടിച്ച വേളയില്‍ വീണ നേടിയത് 32. 80 ശതമാനം വോട്ടുകളാണ്. 2014 ല്‍ ബിജെപിക്ക് വേണ്ടി കളത്തിലിറങ്ങിയത് എംടി രമേശാണ്. എംടി രമേശ് അന്ന് നേടിയ 15.95 ശതമാനം വോട്ടുകള്‍ 2019 ല്‍ കെ സുരേന്ദ്രന്‍ 28.97 ശതമാനമാക്കി ഉയര്‍ത്തി. അതായത് 2,97,396 വോട്ടുകള്‍ സുരേന്ദ്രന്‍ നേടി. ശബരിമല വിഷയം ഉണ്ടാക്കിയ രാഷ്ട്രീയ പ്രതിസന്ധി തങ്ങള്‍ക്കനുകൂലമാക്കാനുള്ള എല്ലാ നീക്കങ്ങളും ബിജെപി നടത്തിയിട്ടുണ്ട്. എന്നാല്‍ പത്തനംതിട്ടയുള്‍പ്പെടെയുള്ള മണ്ഡലങ്ങളില്‍ വോട്ടുശതമാനം ഉയര്‍ത്താന്‍ സാധിച്ചെങ്കിലും കേരളമൊട്ടാകെ ശബരിമല വിഷയം തുണയായത് കോണ്‍ഗ്രസിനാണ്.

ഡോ. തോമസ് ഐസക്ക് | PHOTO: FACEBOOK
പത്തനംതിട്ടയില്‍ നാലാം അങ്കത്തിനിറങ്ങുന്ന സിറ്റിങ് എംപിയായ യുഡിഎഫിന്റെ ആന്റോ ആന്റണിയെ നേരിടാന്‍ ഇത്തവണ എല്‍ഡിഎഫ് രംഗത്തിറക്കിയിരിക്കുന്നത് സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട നേതാക്കളില്‍ ഒരാളുമായ തോമസ് ഐസക്കിനെയാണ്. ലോക്സഭയിലേക്കുള്ള കന്നിമത്സരമാണ് ഐസക്കിന്റേത്. പത്തനംതിട്ട ജില്ലയില്‍ രൂപപ്പെട്ടുവന്നിട്ടുള്ള പുതിയ ഇടതുപക്ഷ അനുകൂല സാഹചര്യത്തെ മുതലെടുക്കുന്നതിനെയാണ് മുതിര്‍ന്ന നേതാവായ തോമസ് ഐസക്കിനെ തന്നെ സിപിഐഎം രംഗത്ത് ഇറക്കിയത്. തെരഞ്ഞെടുപ്പിന്് വളരെ മുന്‍പേ തന്നെ പത്തനംതിട്ട കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാന്‍ ഐസക്കിന് നിര്‍ദേശം ഉണ്ടായിരുന്നു. പത്തനംതിട്ടയിലെ സംഘടനാ ഘടനയിലും അദ്ദേഹത്തിന് നിര്‍ണായക സ്വാധീനം ഉണ്ട്. ഇലക്ഷന്റെ മുന്നൊരുക്കങ്ങളുടെ ഭാഗമായി അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ നടന്ന മൈഗ്രേഷന്‍ കോണ്‍ക്ലേവ് എന്ന പരിപാടി ജില്ല കണ്ട ഏറ്റവും മികച്ച സംഘാടന മികവ് കൊണ്ടും ഉള്ളടക്കം കൊണ്ടും ശ്രദ്ധേയമായിരുന്നു. പത്തനംതിട്ടയിലെ നിര്‍ണായക അദൃശ്യ സാന്നിധ്യമായ പ്രവാസികളെ അഭിസംബോധന ചെയ്ത ഒരു കോണ്‍ക്ലേവ് ആയിരുന്നു അത്. ലോകത്താകമാനമായി പടര്‍ന്നുകിടക്കുന്ന ഒരു 'പത്തനംതിട്ട ഡയസ്‌പോറ' എന്ന് വിശേഷിപ്പിക്കാവുന്ന തലത്തിലേക്ക് വളര്‍ന്ന ഒരിടത്തിലേക്കുള്ള കടന്നുകയറ്റം ആയിരുന്നു അത്. ഒരുപക്ഷേ, പത്തനംതിട്ടയില്‍ മാത്രം സംഘടിപ്പിക്കാവുന്ന ഒരു പരിപാടി കൂടിയായി അത് മാറി.

ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര ഗവണ്മെന്റിനെ ഫലപ്രദമായി ചെറുക്കുവാന്‍ പ്രാപ്തിയുള്ള രാഷ്ട്രീയകക്ഷി ആരെന്നുള്ള ചോദ്യത്തിന് കേരളത്തിന്റെ ഉത്തരം ആയിരിക്കും ഇത്തവണത്തെ ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ വിധി നിര്‍ണയിക്കുക. അത്തരത്തിലുള്ള പ്രചാരണതന്ത്രം തന്നെയാണ് ഇരു മുന്നണികളും പരീക്ഷിക്കുന്നത്. ഡോ. തോമസ് ഐസക്ക് ഇടതുപക്ഷ സാമ്പത്തിക വിദഗ്ധന്‍ എന്ന നിലയില്‍ ലോക്സഭയില്‍ തങ്ങളുടെ നിലപാട് ഉയര്‍ത്താന്‍ തക്ക ശേഷിയുള്ള നേതാവാണെന്ന കാര്യത്തില്‍ ഇടതുപക്ഷത്തിന് സംശയങ്ങളൊന്നുമില്ല. ഫെഡറല്‍ സംവിധാനങ്ങള്‍ക്ക് മേലുള്ള കേന്ദ്ര ഗവണ്മെന്റിന്റെ നയങ്ങള്‍ക്കെതിരെ പോരാടുവാന്‍ തോമസ് ഐസക്കിനെ പോലുള്ളവര്‍ സഭയില്‍ വേണമെന്നും ഇടതുപക്ഷം ഉന്നയിക്കുന്നു. ആരോഗ്യമന്ത്രി വീണാ ജോര്‍ജ് തന്നെയാണ് ഈ പ്രചാരണങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്നത്. 2019 ലോക്‌സഭ തെരഞ്ഞെടുപ്പിലെ പ്രതികൂല സാഹചര്യത്തിലും ഇടതുപക്ഷത്തിനായി രംഗത്തിറങ്ങിയ വീണാ ജോര്‍ജ് ശക്തമായ പ്രകടനമായിരുന്നു  നടത്തിയത്. ആ പ്രവര്‍ത്തന പരിചയവും മന്ത്രി എന്ന നിലയില്‍ ജില്ലയില്‍ സജീവ സാന്നിധ്യമായ വീണാ ജോര്‍ജിന്റെ സഭാ നേതൃത്വവുമായുള്ള ബന്ധങ്ങളും ഇത്തവണ കാര്യങ്ങള്‍ എളുപ്പമാക്കും എന്നാണ് ഇടതുപക്ഷം പ്രതീക്ഷിക്കുന്നത്.

ബിജെപിയെ സംബന്ധിച്ച് അവരുടെ A ക്ലാസ്സ് മണ്ഡലമാണെന്ന് മാത്രമല്ല ബിജെപിയുടെ ഏറ്റവും മുതിര്‍ന്ന നേതാക്കള്‍ മത്സരിക്കുന്ന മണ്ഡലം എന്ന നിലയിലും പത്തനംതിട്ട ശ്രദ്ധേയമാണ്. എംടി രമേശ്, കെ സുരേന്ദ്രന്‍, കുമ്മനം രാജശേഖരന്‍ തുടങ്ങിയ നേതാക്കള്‍ മത്സരിച്ച ശബരിമല ഉള്‍ക്കൊള്ളുന്ന മണ്ഡലത്തിലാണ് ദേശീയ നേതൃത്വത്തിന്റെ പിന്തുണയോട് കൂടി അനില്‍ ആന്റണി ഇപ്രാവശ്യം രംഗത്തിറങ്ങിയിരിക്കുന്നത്. രാജ്യത്തെ ഏറ്റവും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ എ കെ ആന്റണി ഇത്തവണ ആന്റോ അന്റണിക്കായി പത്തനംതിട്ടയില്‍ തന്റെ മകനെതിരെ പ്രവര്‍ത്തനത്തിന് ഉണ്ടാവുമോ എന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്. പത്തനംതിട്ടയില്‍ എകെ ആന്റണിയുടെ ലെഗസി അനില്‍ ആന്റണിക്ക് ഗുണകരമാകുമോ, കഴിഞ്ഞതവണ നേടിയ 28 % വോട്ട് വിഹിതം നിലനിര്‍ത്താന്‍ സാധിക്കുമോ എന്നെല്ലാം ഇനിയും കണ്ടറിയണം. അനില്‍ ആന്റണിയുടെ സ്ഥാനാര്‍ത്ഥിത്വം ഏത് മുന്നണിക്ക് അനുകൂലമാകുമെന്നും ഇപ്പോള്‍ പ്രവചിക്കാനാവാത്തവിധം സങ്കീര്‍ണം തന്നെയാണ് പത്തനംതിട്ടയിലെ സാമൂഹിക രാഷ്ട്രീയ കാലാവസ്ഥ.


#outlook
Leave a comment