TMJ
searchnav-menu
post-thumbnail

PHOTO: PTI

Outlook

രാഹുൽ ഗാന്ധിയെ ശക്തനാക്കുന്ന മോദീസർക്കാർ

25 Mar 2023   |   5 min Read
സനീഷ് ഇളയടത്ത്

നമുക്കറിയാം, രാഹുല്‍ ഗാന്ധിയുടെ അമ്മൂമ്മ ഇന്ദിരാ ഗാന്ധിയാണ് ഇന്ത്യയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച പ്രധാനമന്ത്രി. പക്ഷെ അടിയന്തരാവസ്ഥയില്‍ നിന്ന് വലിയ പാഠങ്ങള്‍ പഠിച്ച രാഷ്ട്രീയ പാര്‍ട്ടി രാഹുലിന്റെയോ ഇന്ദിരയുടെയോ കോണ്‍ഗ്രസ്സല്ല, നരേന്ദ്രമോദിയുടെ ബിജെപിയാണെന്ന് വേണം മനസ്സിലാക്കാന്‍. വിളിച്ച് പറയാതെ വേണം അടിയന്തരാവസ്ഥ നടപ്പാക്കേണ്ടത് എന്ന പാഠമാകണം സംഘപരിവാര നേതാക്കള്‍ അടിയന്തരാവസ്ഥയില്‍ നിന്ന് പ്രധാനമായും പഠിച്ചതെന്ന് തോന്നുന്നു. അടിയന്തരാവസ്ഥയെന്ന് വിളിക്കാതെ, അടിയന്തരാവസ്ഥാ പ്രഖ്യാപനം കൊണ്ട്  ഉണ്ടായേക്കാവുന്ന ചീത്തപ്പേര് പരമാവധി ഒഴിവാക്കാന്‍ ശ്രമിച്ച്, ഒച്ചപ്പാടും ബഹളവുമില്ലാതെ മെദുവായി അടിയന്തരാവസ്ഥാക്കാലത്തെ അതേ ജനാധിപത്യധ്വംസനവും പ്രതിപക്ഷ നേതാക്കളെ നിശബ്ദരാക്കലുമൊക്കെ താരതമ്യേന വൃത്തിയായി നടപ്പാക്കാന്‍ അവര്‍ക്ക് സാധിക്കുന്നുണ്ട്. ഇക്കാര്യത്തിലുള്ള ശേഷി അവര്‍ക്ക്  എത്രത്തോളമുണ്ട് എന്നതിനുള്ള വലിയ തെളിവായിട്ട വേണം ഇപ്പോള്‍ രാഹുല്‍ ഗാന്ധിക്കെതിരായിട്ടുള്ള  നീക്കങ്ങളെയും കാണാന്‍. 

എളുപ്പം മനസ്സിലാക്കാവുന്ന ചില കാര്യങ്ങളുണ്ട് ഇപ്പോഴത്തെ എപ്പിസോഡില്‍. ഒന്ന്, രാഹുലിനെ ശിക്ഷിക്കാന്‍ മാത്രമുള്ളതൊന്നും ആ തെരഞ്ഞെടുപ്പ് പ്രസംഗത്തിലുണ്ടായിരുന്നില്ല എന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നത്. മോദി എന്നത് ഒരു സമുദായമായെടുത്തിട്ട്   , അതില്‍ ഉള്‍പ്പെടുന്ന മനുഷ്യരെയാകെ അപമാനിക്കാനായാണ് രാഹുല്‍ ഗാന്ധി ആ പ്രസ്താവന നടത്തിയത് എന്ന് ആര് പറഞ്ഞാലും അത് തെറ്റാവുകയേ ഉള്ളൂ എന്ന് അരിയോ ഗോതാമ്പോ കഴിക്കുന്നവരാകട്ടെ എല്ലാവര്‍ക്കും മനസ്സിലാക്കാവുന്നതേയുള്ളൂ. നരേന്ദ്ര മോദി എന്ന  എതിര്‍ പാര്‍ട്ടിനേതാവിനെ രാഷ്ട്രീയമായി എതിര്‍ക്കുകയും പരിഹസിക്കുകയും  മാത്രമായിരുന്നു ആ പ്രസംഗത്തില്‍ രാഹുല്‍ ഗാന്ധി. നീരവ് മോദി, ലളിത് മോദി എന്നീ തട്ടിപ്പുകാരുടെ പേരുമായി ചേര്‍ത്ത് വെച്ച് നരേന്ദ്രമോദിക്കെതിരായി തനിക്കും തന്റെ പാര്‍ട്ടിക്കുമുള്ള ആരോപണങ്ങളുടെ വലുപ്പം ബോധ്യപ്പെടുത്തുകയായിരുന്നു രാഹുല്‍. അതില്‍ ഒരര്‍ഥത്തിലും മോദീസമുദായവിദ്വേഷം കാണാനാകില്ല  എന്ന്നി യമവിദഗ്ദരടക്കമുള്ളവര്‍ പറയുന്നുണ്ട്.  എല്ലാ മോദിമാരും കള്ളന്മാരാണ്  എന്ന്  രാഹുല്‍ പറഞ്ഞിരുന്നെങ്കില്‍ അത് സമുദായ വിദ്വേഷം നിറഞ്ഞത് തന്നെ എന്ന് കാണാമായിരുന്നു, പക്ഷെ അങ്ങനെയല്ല അദ്ദേഹം പറഞ്ഞത്.  എന്ത് കൊണ്ടാണ് ഈ മൂന്ന് മോശക്കാരുടെ പേരുകള്‍ മോദി എന്നായത് എന്നായിരുന്നു പ്രസംഗവേദിയിലെ ചോദ്യം.രണ്ടും രണ്ടാണ്,  കൂടിപ്പോയാല്‍ ഇത് കടുപ്പമുള്ള പരിഹാസമാകും. പക്ഷെ സമുദായവിദ്വേഷമാകില്ല. 

നരേന്ദ്ര മോഡി | Image: PTI

രണ്ടാമത്തേത്, കോടതി വിധി വന്നയുടനെ ഒരു നിമിഷം വൈകിക്കാതെ ഉള്ള അയോഗ്യനാക്കല്‍. ആരോപിക്കപ്പെട്ട കുറ്റത്തിന് നല്‍കാവുന്ന പരമാവധി ശിക്ഷയാണ് രണ്ട് വര്‍ഷം തടവ്. രണ്ട വര്‍ഷത്തിന് ഒറ്റ ദിവസം കുറഞ്ഞായിരുന്നു ശിക്ഷയെങ്കില്‍ പോലും രാഹുലിനെ എം പി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കാനാകുമായിരുന്നില്ല. കോണ്‍ഗ്രസ് വാദം ഇങ്ങനെ, ദുര്‍ബ്ബലാരോപണങ്ങളുടെ  പേരില്‍ രണ്ട് വര്‍ഷം തടവ് ശിക്ഷ വരുന്നു, തൊട്ട് പിന്നാലെ അയോഗ്യതയും . രാഹുലിനെ നിശബ്ദനാക്കുകയും പ്രതിപക്ഷത്തെയാകെ ഭയപ്പെടുത്തുകയും ലക്ഷ്യമിട്ടുള്ള വലിയ നീക്കമാണ്  ഇതെന്ന പ്രതിപക്ഷമാകെ പറയുന്നതിന് കാരണങ്ങള്‍ ഇവയാണ്. യഥാര്‍ഥത്തില്‍ രാഷ്ട്രീയമായല്ലാതെ, സമുദായങ്ങളെയോ വ്യക്തികളുടെ കൂട്ടങ്ങളെയോ പരിഹസിക്കുകയോ അപമാനിക്കുകയോ ചെയ്തിട്ടുള്ള രാഷ്ട്രീയനേതാവല്ല രാഹുല്‍ ഗാന്ധി. ഭരണപക്ഷത്തെ നേതാക്കളില്‍ എത്രയോ പേര്‍ അത്തരക്കാരുണ്ടായിരിക്കെയാണ് അവര്‍ക്കാര്‍ക്കും എതിരെ ഉണ്ടാകാത്ത വിധത്തിലുള്ള നടപടി രാഹുല്‍ ഗാന്ധിക്കെതിരെ ഉണ്ടായിരിക്കുന്നത്.

പ്രത്യേകമത വിഭാഗങ്ങള്‍ക്കെതിരായ എതിര്‍പ്പും പരിഹാസവും രാഷ്ട്രീയത്തിന്റെ മുഖ്യധാര തന്നെയായി മാറിയിട്ടുണ്ട് ഇന്ത്യയില്‍ ഇപ്പോള്‍.   ന്യൂനപക്ഷമതത്തിനെതിരായ വിദ്വേഷപ്രസ്താവനകള്‍ പരസ്യമായി ഉറക്കെ നടത്തുന്നത് തെരഞ്ഞെടുപ്പ് വിജയങ്ങളാണ് നേടിത്തരിക എന്ന് വിശ്വസിക്കുന്ന അനേകം വലിയ നേതാക്കളുണ്ട് ഇക്കാലത്ത് നമുക്ക്. രാഹുല്‍ ഗാന്ധി നിശ്ചയമായിട്ടും പക്ഷെ അത്തരത്തിലൊരു നേതാവല്ല തന്നെ. മൃദുവായ ഹിന്ദുത്വത്തിന്റെ പ്രദര്‍ശനം ദോഷമായി കാണാത്ത ഒരു രാഷ്ട്രീയപാര്‍ട്ടിയുടെ നേതാവായിരുന്നിട്ട് കൂടി ഒരിക്കല്‍ പോലും ഇതര മതത്തിനോ സമുദായത്തിനോ വിരുദ്ധമായ വര്‍ത്തമാനം അദ്ദേഹത്തിന്റെ നാവില്‍ നിന്ന് വന്നിട്ടേയില്ല. രാഷ്ട്രീയമായി അദ്ദേഹത്തെ എതിര്‍ക്കുന്നവര്‍ക്ക് പോലും അത്തരമൊരഭിപ്രായം കാണില്ല. ആ രാഹുല്‍ ഗാന്ധിക്കാണ് സമുദായവിരുദ്ധമായ പ്രസ്താവന നടത്തി എന്നതിന്റെ പേരില്‍ തടവ് ശിക്ഷാ വിധി വന്നിരിക്കുന്നത് എന്നത് രാജ്യത്തെ രാഷ്ട്രീയം ഇക്കാലത്ത്  കടന്ന്  പോകുന്ന വിചിത്രസ്ഥിതിയുടെ തെളിവ് കൂടെയാകുന്നുണ്ട്. 

രാഹുല്‍ ഗാന്ധി | Image: PTI

ജര്‍മ്മന്‍ ചാനലായ ഡിഡബ്ല്യു നേരത്തെ ഒരു ഡോക്യുമെന്ററി സംപ്രേഷണം ചെയ്തിരുന്നു.കണ്ടവര്‍ക്ക് ഓര്‍മയുണ്ടാകും. ഉത്തര്‍പ്രദേശില്‍ അയോധ്യയുടെ പരിസരങ്ങളില്‍ ഹിന്ദുത്വ പോപ്  എന്ന പേരില്‍ തീര്‍ത്തും ഇസ്ലാം വിരുദ്ധമായ പാട്ടുകള്‍ പാടുന്ന ചിലരെക്കുറിച്ചായിരുന്നു അത്. ഇസ്ലാം വിശ്വാസികള്‍ക്ക് അത്യധികം ഗുരുതരമായ മനോവിഷമം ഉണ്ടാക്കുന്ന ആ പാട്ടുകാരില്‍ ഒരാള്‍ക്കെതിരെ പോലും കേസോ കോടതി നടപടികളോ ഉണ്ടാകുന്നില്ല എന്ന്  ആ ഡോക്യുമെന്ററിയില്‍ പറയുന്നുണ്ട്. പൊലീസ് സംരക്ഷണയിലാണ് അത്തരം പരിപാടികള്‍ നടക്കുന്നത് എന്നും അതില്‍ ദൃശ്യങ്ങളുടെ തന്നെ തെളിവോടെ കാട്ടിത്തരുന്നുണ്ട്. ഒരു പ്രത്യേക ന്യൂനപക്ഷ മതത്തെയും അതില്‍ പെടുന്നവരെയും എത്ര വേണമെങ്കിലും അപമാനിക്കുകയും പരിഹസിക്കുകയും ചെയ്താല്‍ ഒരു പ്രശ്‌നവുമില്ലെന്ന്  ചിന്തിക്കുന്ന വര്‍ഗീയ മനുഷ്യര്‍ ചുറ്റുപാടുമുണ്ട്. അക്കൂട്ടര്‍ക്ക്  ഊര്‍ജ്ജം പകരുന്ന രാഷ്ട്രീയ സാഹചര്യം നാട്ടിലുണ്ടാക്കിയത് രാഹുല്‍ ഗാന്ധി അല്ല തന്നെ. അദ്ദേഹത്തിനെതിരെ ചൂണ്ടുന്ന വിരലുകളെല്ലാം ചൂണ്ടുന്നവര്‍ക്ക് നേരെ തന്നെയാണ്  ഇക്കാര്യത്തില്‍  തിരിയുക. 

മന്‍മോഹന്‍ സിംഗിനെ പുറത്താക്കൂ, രാജ്യത്തെ രക്ഷിക്കൂ എന്നൊരു മുദ്രാവാക്യം വിളിക്കാനും,പോസ്റ്ററെഴുതാനും പ്രതിപക്ഷ രാഷ്ട്രീയപാര്‍ട്ടികള്‍ക്ക്  ആ കാലത്ത് തടസ്സങ്ങളൊന്നുണ്ടായിരുന്നില്ല. മന്‍മോഹന്‍ സിംഗ് രണ്ട് തവണയായി പത്ത് വര്‍ഷം പ്രധാനമന്ത്രിയായിരുന്നു,  2004 തൊട്ട് 2009 വരെയും , 2009 തൊട്ട് 2014 വരെയും .പത്ത് വര്‍ഷം ഈ വലിയ രാജ്യം ഭരിക്കാന്‍ ശേഷിയുള്ളത്രയ്ക്ക് വലിയ നേതാവ്.  ആ ദീര്‍ഘമായ പത്ത് വര്‍ഷക്കാലത്തും പക്ഷെ പ്രധാനമന്ത്രിയെ രാഷ്ട്രീയമായി ആര്‍ക്കും എതിര്‍ക്കാമായിരുന്നു, കാര്‍ട്ടൂണുകള്‍ വരക്കാമായിരുന്നു. ഭരണത്തിന്റെ അവസാനനാളുകളിലൊക്കെ അതിനിശിതമായ വിമര്‍ശങ്ങളാണ് മന്‍മോഹന്‍ സിംഗിന് നേരെ ഉയര്‍ന്നിരുന്നത് . മൗനിമോഹന്‍ എന്ന പരിഹാസപ്പേര്  അക്കാലത്ത് നിരന്തരം കേള്‍ക്കാമായിരുന്നു.അതില്‍ പക്ഷെ അസാധാരണമായിട്ടൊന്നുമില്ലല്ലോ, ജനാധിപത്യ രാജ്യങ്ങളില്‍ അധികാരത്തിലിരിക്കുന്നവരെ എതിര്‍ക്കലും വിമര്‍ശിക്കലും പൗരരുടെ മൗലികാവകാശമാണ്.ഇക്കഴിഞ്ഞ ദിവസം പക്ഷെ മോദിയെ പുറത്താക്കൂ, രാജ്യത്തെ രക്ഷിക്കൂ എന്നെഴുതിയ പോസ്റ്റര്‍ പതിച്ചതിന് ഡല്‍ഹിയില്‍ ആറ് പേരെ പൊലീസ് അറസ്റ്റ് ചെയ്തത്രേ.. മന്‍മോഹന്‍ സിംഗ് ഭരിച്ച അതേ ജനാധിപത്യ രാജ്യത്തെയാണ് നരേന്ദ്രമോദിയും ഭരിക്കുന്നത്. അതേ പ്രധാനമന്ത്രി പദവിയിലിരുന്നിട്ട്. അതേ ഭരണഘടനയ്ക്ക് കീഴിലാണ് ഇപ്പോഴും രാജ്യം ഭരിക്കപ്പെടുന്നത്. പക്ഷെ ഇങ്ങനൊരു രാഷ്ട്രീയമുദ്രാവാക്യമുയര്‍ത്തിയാല്‍ നിങ്ങള്‍ അറസ്റ്റിലാകും എന്ന സാഹചര്യം ഇപ്പോള്‍ വന്നിരിക്കുന്നു. പ്രധാനമന്ത്രിയെയും അദ്ദേഹത്തിന്റെ രാഷ്ട്രീയത്തെയും എത്രത്തോളം വിമര്‍ശിക്കാം എന്ന പേടിയോടെയല്ലാതെ രാഷ്ട്രീയവര്‍ത്തമാനം പറയാനാകില്ല എന്ന സ്ഥിതിയുള്ള രാജ്യമായിട്ട് നമ്മുടേത് മാറിയിട്ടുണ്ട്.  ഹിന്ദുത്വ കള്ളങ്ങളിലാണ് പടുത്തുയര്‍ത്തപ്പെട്ടിരിക്കുന്നത് എന്ന് ട്വീറ്റ് ചെയ്ത ചേതന്‍ അഹിംസ എന്ന നടന്‍ അറസ്റ്റിലായ വാര്‍ത്തയും ഈ ദിവസങ്ങളില്‍ തന്നെ നമുക്ക് മുന്നിലെത്തിയല്ലോ. ഈ വാര്‍ത്തകളും പശ്ചാത്തലവും ഉദാഹരണങ്ങളും മുന്നിലുള്ളത് കൊണ്ട് കൂടെയാണ് രാഹുല്‍ ഗാന്ധി ഇങ്ങനൊരു കേസില്‍ ശിക്ഷിക്കപ്പെടുന്നതും തൊട്ട് പിന്നാലെ അയോഗ്യനാക്കപ്പെടുന്നതും നമ്മളെ ബുദ്ധിമുട്ടിക്കുന്ന കാര്യമാകുന്നത്, നമ്മളദ്ദേഹത്തെ പിന്തുണയ്‌ക്കേണ്ടതിന് കാരണമാകുന്നത്.

Representaional Image | Source: PTI

മറ്റുള്ളവരെയെല്ലാം പരിഹസിക്കാനും ആക്ഷേപിക്കാനും രാഹുല്‍ ഗാന്ധിക്ക് പൂര്‍ണമായ അധികാരമുണ്ടെന്നാണോ കോണ്‍ഗ്രസ് വിചാരിക്കുന്നത് എന്ന്  ബിജെപി നേതാവ് രവിശങ്കര്‍ പ്രസാദ് വാര്‍ത്താ സമ്മേളനത്തില്‍ ചോദിച്ചു. നല്ല ചോദ്യമാണത്, പ്രസക്തമായത്.  അപരരെ പരിഹസിക്കുക,അവര്‍ക്ക് വേദനയുണ്ടാക്കുന്ന വിധത്തില്‍  അപമാനിക്കുക എന്നത് ചെയ്ത് കൂടാത്തതാണ്.ഏതെങ്കിലും സമുദായത്തെ അപഹസിക്കുന്നത് തെറ്റായ കാര്യമാണ് എന്ന് ബിജെപി നേതൃത്വം മനസ്സിലാക്കുന്നത് വളരെ നല്ലത് തന്നെയാണ്.  വിശ്വാസത്തിന്റെയും മറ്റും അടിസ്ഥാനത്തിലുള്ള കൂട്ടുജീവിതങ്ങളെ അപഹസിച്ചിട്ട് അവയിലെ അംഗങ്ങളെ അപരരായി നിര്‍ത്തി മനോവേദനയിലാക്കുന്നത് തീര്‍ത്തും തെറ്റായ കാര്യമാണ് എന്ന് ബിജെപി തന്നെ നാട്ടുകാരോട് പറയുന്നത് നല്ലത്  . പക്ഷെ അവര്‍ അതേ അളവ് കോല് വെച്ച് തങ്ങളുടെ നേതാക്കളുടെ പ്രസ്താവനകളെയും അളന്ന് നോക്കണം എന്ന് മാത്രം. എണ്‍പത് ശതമാനവും ഇരുപത് ശതമാനവും എന്ന് ജനത്തെ തരം തിരിച്ച് വെച്ചിട്ട്, അതില്‍ 20 ശതമാനത്തിലുള്ളവരെ നിരന്തരം ബുദ്ധിമുട്ടിക്കുന്നത് ശരിയായ കാര്യമാണോ എന്ന് സ്വയം വിമര്‍ശം നടത്തേണ്ടത് ആരാണ്. കോണ്‍ഗ്രസ്സിനോ രാഹുല്‍ ഗാന്ധിക്കോ അല്ല അക്കാര്യത്തിലെ പ്രാഥമികബാധ്യത .

മതേതരത്വത്തിന് ഇപ്പോള്‍ വോട്ട് മൂല്യമില്ല എന്നാണ് വെപ്പ്.പ്രത്യേകിച്ചും രാജ്യത്തിന്റെ ആ ഭാഗങ്ങളിലൊക്കെ .  എന്നിട്ടും ഭാരത് ജോഡോ യാത്രയില്‍ രാഹുല്‍ ഗാന്ധി എല്ലാ മതത്തില്‍ പെട്ടവരെയും ചേര്‍ത്ത് പിടിക്കുന്നത് നമ്മള്‍ കണ്ടതാണ്. അത്തരം പ്രവൃത്തികള്‍ക്ക് ഇത് പോലൊരു കാലത്ത് വലിയ മൂല്യമാണുള്ളത്. അത്തരം പ്രവൃത്തികള്‍ അദ്ദേഹത്തിന് മേല്‍ ഉണ്ടാക്കിയ സവിശേഷമായ ശോഭയെ കെടുത്താന്‍ ഇപ്പോഴത്തെ ഈ കേസും കൂട്ടവും  കൊണ്ടൊന്നും സാധിക്കുകയില്ല തന്നെ. രാഹുല്‍ ഗാന്ധിയുടെ പാര്‍ട്ടിയോട് രാഷ്ട്രീയയോജിപ്പ് ഇല്ലാത്തവര്‍ പോലും അദ്ദേഹത്തെ പിന്തുണക്കേണ്ട വിഷയമാണ് ഇതെന്ന് ഞാന്‍ വിചാരിക്കുന്നു.  

ഇന്നത്തെ വാര്‍ത്താ സമ്മേളനത്തില്‍ ഊര്‍ജ്ജസ്വലനായ രാഹുലിനെയാണ് കണ്ടത്. ഇത്തരം കേസുകള്‍ വ്യക്തിയെന്ന നിലയിലും നേതാവെന്ന നിലയിലും അദ്ദേഹത്തെ കരുത്തനാക്കുമെന്ന് വിചാരിക്കുന്ന നിരവധി അണികള്‍ അദ്ദേഹത്തിനുണ്ട്. പക്ഷെ രാഹുല്‍ ഗാന്ധിയുടെ കോണ്‍ഗ്രസ് ഇന്ദിരാ ഗാന്ധിയുടെ കാലത്തെ കോണ്‍ഗ്രസ്സല്ല. അക്കാലത്തെ രാഷ്ട്രീയശക്തിയുടെ പാതിയെങ്കിലും ഉണ്ടായിരുന്നെങ്കില്‍ രാഹുലിനെതിരായ ഈ നടപടികള്‍ ബിജെപിയുടെ ക്ഷീണകാലത്തിന് തുടക്കം കുറിച്ചേനേ. പക്ഷെ സംഘടന എന്ന നിലയ്ക്ക് കോണ്‍ഗ്രസ്സ് ഒരു കിഴവന്‍ കുതിരയാണ്. അല്ലെങ്കില്‍ എഞ്ചിനണഞ്ഞ് പോയൊരു വൃദ്ധയന്ത്രം. അതിന്മേലിരിക്കുന്ന രാഹുല്‍ ഊര്‍ജ്ജസ്വലനാണെങ്കിലും ആവശ്യമായ വേഗത്തില്‍ അദ്ദേഹത്തെയും കൊണ്ട് ഈ പോരാട്ടക്കളത്തിലൂടെ നീങ്ങാനാകുന്ന ഒന്നല്ല ഇപ്പോഴത് അത്. ഈ വണ്ടിയൊന്ന് ശരിയാക്കി എടുക്കണം, ഇതിന് ഇങ്ങനെ കൊള്ളാവുന്നൊരു ഡ്രൈവറെ ഇപ്പോള്‍ കിട്ടിയിരിക്കുന്നല്ലോ എന്ന് കണ്ട് അധ്വാനിക്കുന്ന തരം കൂട്ട് നേതാക്കളും അധികം അവിടെയില്ല. അത് കൊണ്ട് ബിജെപിക്ക് അവര് വിചാരിക്കുന്നത് പോലെ തന്നെ കുറേ ദിവസങ്ങള്‍ കൂടെ പ്രതിപക്ഷനേതൃത്വത്തിന് മേല്‍ അഹങ്കാര നൃത്തം ചവിട്ടി പോകാനായേക്കും. പക്ഷെ അപ്പോഴും നമ്മളൊരു കാര്യമോര്‍ക്കുന്നത് നന്നാകും. ഇതെക്കാള്‍ വലിയ അധികാരരൂപങ്ങള്‍, ഇതിനേക്കാള്‍ ശക്തരായിരുന്ന നേതാക്കള്‍ അവരുടെ അഹങ്കാരകാലത്തിനൊടുവില്‍ അടപടലെ കുഴഞ്ഞ് താഴേക്കിരുന്നിട്ടുണ്ട് എന്ന കാര്യം. ഈ കുറിപ്പിന്റെ തുടക്കത്തില്‍ സൂചിപ്പിച്ച, രാഹുല്‍ ഗാന്ധിയുടെ അമ്മൂമ്മയായ ഇന്ദിരാ ഗാന്ധിയും അവരുടെ അടിയന്തരാവസ്ഥയും ഒക്കെ തന്നെ രാഷ്ട്രീയജാഗ്രതയോടെ നോക്കുന്നവര്‍ക്ക് മുന്നില്‍ ഇപ്പറഞ്ഞതിനുള്ള തെളിവായാണ് പ്രത്യക്ഷമാവുക. ഒരു ഏകാധിപതിയും ഒരു അമിതാധികാരപ്രകടന കാലവും ചരിത്രത്താല്‍ ചോദ്യം ചെയ്യപ്പെടാതെ പോയിട്ടില്ല. ഒരിടത്തും ഒരു പ്രതിപക്ഷവും എന്നെന്നേക്കുമായി തോറ്റ് പോയിട്ടുമില്ല .

Leave a comment