TMJ
searchnav-menu
post-thumbnail

Outlook

മൂന്നാമൂഴത്തില്‍ ദുര്‍ബ്ബലനായി മോഡി

21 Sep 2024   |   3 min Read
ശ്രീകുമാർ മനയിൽ

'പുതിയ പാര്‍ലമെന്റ് മന്ദിരം മുതല്‍, അയോധ്യയിലെ രാമക്ഷേത്രം വരെ, ഡല്‍ഹി വിമാനത്താവളം മുതല്‍ പതിനെണ്ണായിരം കോടിയുടെ അടല്‍സേതു വരെ മോഡിയുടെ മൂന്നാമൂഴത്തില്‍ ചോര്‍ന്നൊലിക്കാത്തതായി രാജ്യത്തെന്തുണ്ട്' മൂന്നാം നരേന്ദ്രമോഡി സര്‍ക്കാരിന്റെ ആദ്യ 100 ദിവസങ്ങളെ വിശേഷിപ്പിച്ചുകൊണ്ട് കോണ്‍ഗ്രസ് വക്താവ് സുപ്രിയ ശ്രീനേറ്റ് പറഞ്ഞ വാക്കുകളില്‍ ചിത്രം പൂര്‍ണ്ണമാണ്. 2014-നെയും, 2019-നെയും അപേക്ഷിച്ചു നോക്കുമ്പോള്‍ 2024- ലെ നരേന്ദ്രമോഡിക്ക് പഴയ ആത്മവിശ്വാസം ഉണ്ടെന്ന് അദ്ദേഹത്തിന്റെ കടുത്ത അനുയായികള്‍ പോലും കരുതുന്നില്ല. തന്റെ പിന്നിലെ ചാലക ശക്തിയായിരുന്ന മാതൃസംഘടന ആര്‍എസ്എസ് തന്നെ കൈവിടുകയാണെന്ന സൂചന അവഗണിക്കാവുന്നതല്ല. നിശ്ചയദാര്‍ഡ്യത്തിന്റെ ആള്‍രൂപമായി ആരാധകരാല്‍ വാഴ്ത്തപ്പെടുന്ന നരേന്ദ്ര മോഡിയുടെ ദുര്‍ബലമായ നിഴല്‍ മാത്രമാണ് മൂന്നാമൂഴത്തിലെ ആദ്യ 100 ദിവസത്തില്‍ കാണാനാവുന്നത് എന്നാണ് വിലയിരുത്താനാവുക.  

2024 ലെ ലോക്സഭാ തെരെഞ്ഞെടുപ്പ് ചരിത്രപരമായ ചില മാറ്റങ്ങള്‍ രാജ്യത്തുണ്ടാക്കി. 400 സീറ്റുകളോടെ മൂന്നാം തവണയും അധികാരത്തിലെത്തുമെന്ന പ്രവചിക്കപ്പെട്ടിരുന്ന ബിജെപിക്കും നരേന്ദ്ര മോഡിക്കും കേവല ഭൂരിപക്ഷം നഷ്ടപ്പെട്ടുവെന്ന് മാത്രമല്ല, 1952 മുതലിങ്ങോട്ടുള്ള ലോക്സഭയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിപക്ഷത്തെ അവര്‍ക്ക് നേരിടേണ്ടിയും വന്നു. രാഷ്ട്രീയ ജീവിതത്തില്‍ ഒരിക്കലും അതിശക്തമായ പ്രതിപക്ഷത്തെ നരേന്ദ്ര മോഡി നേരിട്ടട്ടില്ല. ഗുജറാത്തിലായാലും ഡല്‍ഹിയിലായാലും. ഒരിക്കലും പ്രതിപക്ഷത്തിരിക്കാതെ മുഖ്യമന്ത്രിയും പ്രധാനമന്ത്രിയുമായ ആളാണ് അദ്ദേഹം. അതുകൊണ്ട് പ്രതിപക്ഷത്തെ അനാവശ്യമായ അസ്വസ്ഥതയായാണ് മോഡി എക്കാലവും വിലയിരുത്തിയിരുന്നത്. കോണ്‍ഗ്രസ് മുക്തഭാരതമെന്ന ആഹ്വാനം തന്നെ യഥാര്‍ത്ഥത്തില്‍ പ്രതിപക്ഷമുക്ത ഭാരതത്തിന് വേണ്ടിയുള്ള ആഹ്വാനമായിരുന്നു.

മെയ് വഴക്കമാണ് കൂട്ടുകക്ഷി മന്ത്രിസഭകളെ നയിക്കാന്‍ വേണ്ടതെന്നിരിക്കെ അത്തരത്തിലൊരു മേന്മ ഒരിക്കലും പ്രദര്‍ശിപ്പിക്കാതിരുന്നയാളാണ് നരേന്ദ്ര മോഡി. കൂട്ടായ ചര്‍ച്ചകളുടെയും, ആശയവിനിമയത്തിന്റെയും പ്രയോക്താവായിരുന്നില്ല അദ്ദേഹം. അങ്ങനെ ഉള്ള പ്രധാനമന്ത്രിക്ക് നീതീഷ്‌കുമാറിനെയും ചന്ദ്രബാബു നായിഡുവിനെയും ആശ്രയിക്കേണ്ടി വന്നു.

NARENDRA MODI | PHOTO: FACEBOOK
മൂന്നാം മന്ത്രിസഭ നൂറു ദിവസം പിന്നിടുമ്പോള്‍ മോഡി നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധികളിലൊന്ന് തൻറെ പാര്‍ട്ടിയിലുള്ള സീനിയര്‍ നേതാക്കളെയും, ഘടക കക്ഷികളുടെ നേതാക്കളെയും വിശ്വാസത്തിലെടുക്കാനും അവരുമായി ആശയവിനിമയം നടത്താനും അദ്ദേഹത്തിന് കഴിയുന്നില്ലയെന്നതാണ്. അതിന്റെ ഏറ്റവും വ്യക്തമായ ഉദാഹരണമാണ് കേന്ദ്ര സര്‍വ്വീസിലേക്ക് ലാറ്ററല്‍ എന്‍ട്രി മാതൃകയില്‍ 45 ഓളം നിയമനങ്ങള്‍ നടത്താനുള്ള നീക്കം സര്‍ക്കാരിന് പിന്‍വലിക്കേണ്ടി വന്നത്. ജോയിന്റ് സെക്രട്ടറി, ഡയറക്ടര്‍, ഡെപ്യൂട്ടി സെക്രട്ടറി തസ്തികകളിലേക്കാണ് ലാറ്ററല്‍ എന്‍ട്രി രീതിയില്‍ യു പിഎസ്‌സി പരീക്ഷ നടത്താതെ നിയമിക്കാന്‍ വേണ്ടി അപേക്ഷകള്‍ ക്ഷണിച്ചത്. സംവരണം അട്ടിമറിക്കാനുള്ള നീക്കമാണിതെന്ന ആരോപണം പ്രതിപക്ഷം ഉയര്‍ത്തിയപ്പോള്‍ സര്‍ക്കാരിനെ പിന്തുണക്കുന്ന നീതീഷ് കുമാറിനെ പോലുള്ളവര്‍ ശക്തമായി ഇടപെട്ടു.

സംവരണത്തില്‍ തൊട്ടുകളിച്ചാല്‍ കൈപൊള്ളുമെന്ന മുന്നറിയിപ്പ് നീതിഷ് കുമാറിനെപ്പോലുളളവര്‍ നല്‍കിയപ്പോഴാണ് ലാറ്ററല്‍ എന്‍ട്രി നിയമനങ്ങളില്‍ നിന്നും പിന്‍മാറാന്‍ സര്‍ക്കാര്‍ തിരുമാനിച്ചത്.
വഖഫ് ബോര്‍ഡ് സ്വത്തുക്കളുമായി ബന്ധപ്പെട്ട നിയമഭേദഗതിക്കെതിരെ സ്വന്തം ഘടകക്ഷികളായ തെലുഗുദേശം, ജനതാദള്‍-യു, ലോക് ജനശക്തിപാര്‍ട്ടി എന്നവരില്‍ നിന്നുയര്‍ന്ന കടുത്ത എതിര്‍പ്പ് ബിജെപിയെയും മോഡിയെയും അമ്പരപ്പിച്ചു. വഖഫ് സ്വത്തുക്കള്‍ പരിപാലിക്കുന്ന സമതിയില്‍ മുസ്ലിങ്ങള്‍ അല്ലാത്തവരെ ഉള്‍പ്പെടുത്താനുളള നീക്കമാണ് എന്‍ഡിഎ ഘടകക്ഷികളുടെ  എതിര്‍പ്പ് വിളിച്ചുവരുത്തിയത്. ഇതോടെ ബില്ല് സംയുക്ത പാര്‍ലമെന്ററി കമ്മിറ്റിക്കയക്കേണ്ടി വന്നു. 

REPRESENTATIVE IMAGE | WIKI COMMONS
ന്യൂസ് പോര്‍ട്ടലുകളെയും യുട്യൂബ് ചാനലുകളെയും നിയന്ത്രിക്കാന്‍ കൊണ്ടുവന്ന ബ്രോഡ്കാസ്റ്റിംഗ് സര്‍വ്വീസ് റെഗുലേഷന്‍ ബില്‍ (2024) പിന്‍വലിക്കേണ്ടിവന്നതും പ്രതിപക്ഷത്തിന്റെയും എന്‍ഡിഎ ഘടക കക്ഷികളുടെയും എതിര്‍പ്പ് ഒരുപോലെ ഉയര്‍ന്നപ്പോഴാണ്. 2014 ലെയും 2019 ലെയും സര്‍ക്കാരുകളുടെ കാലത്തായിരുന്നെങ്കില്‍ ഈ ബില്ലുകള്‍ അവതരിപ്പിക്കുന്ന മാത്രയില്‍ തന്നെ നിയമമാകുമായിരുന്നു. എന്നാല്‍ 2024 ല്‍ എത്തിയപ്പോഴേക്കും നരേന്ദ്ര മോഡിയും ബിജെപിയും എതിര്‍പ്പുകളെ ഭയക്കാനും പരിഗണിക്കാനും തുടങ്ങി. എതിര്‍പ്പുകളെ ഭയക്കുക, പരിഗണിക്കുക എന്നത് മോഡിയുടെ ഇതപര്യന്തമുള്ള രാഷ്ട്രീയ ജീവിതത്തില്‍ കാണാത്ത ഒരു പ്രതിഭാസമായിരുന്നു.

ആര്‍എസ്എസ് തന്നെ കൈവിടുകയാണെന്ന സന്ദേശം നരേന്ദ്ര മോഡിക്ക് ലഭിച്ചതും അദ്ദേഹത്തെ പരിഭ്രാന്തനാക്കിയിട്ടുണ്ട്. അമിത്ഷായെ തന്റെ പിന്‍ഗാമിയാക്കണമെന്ന മോഡിയുടെ ആഗ്രഹം മുളയിലേ നുള്ളാനാണ് ആര്‍എസ്എസ് ശ്രമം.' ചില ആളുകള്‍ ആദ്യം അതിമാനുഷര്‍ ആകാന്‍ ശ്രമിക്കുന്നു, പിന്നെ ദൈവമാകാന്‍ ശ്രമിക്കുന്നു, പിന്നെ വിശ്വരൂപം കാണിക്കാന്‍ ശ്രമിക്കുന്നു' എന്ന ആര്‍എസ്എസ് അധ്യക്ഷന്‍ മോഹന്‍ഭഗവതിന്റെ വാക്കുകള്‍ മോഡിക്കെതിരായ ഒളിയമ്പായി വ്യാഖ്യാനിക്കപ്പെട്ടു . 2024 ലെ തിരഞ്ഞെടുപ്പിന് മുമ്പ് ബിജെപിക്ക് ഇനി ആര്‍എസ്എസിന്റെ പിന്തുണ ആവശ്യമില്ലെന്ന ബിജെപി അധ്യക്ഷന്‍ ജെ പി നദ്ദയുടെ പ്രസ്താവന ആര്‍എസ്എസ് നേതൃത്വത്തെ ചൊടിപ്പിച്ചിരുന്നു. മാത്രമല്ല തിരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ നരേന്ദ്ര മോഡിയെ ഇന്ത്യയുടെ ഏക രക്ഷാപുരുഷന്‍ എന്ന നിലയില്‍ ഉയര്‍ത്തിക്കാട്ടാന്‍ ശ്രമിച്ചതും ആര്‍എസ്എസിന്റെ വിരോധത്തിന് കാരണമായിരുന്നു.

NARENDRA MODI AND AMITH SHA | PHOTO: WIKI COMMONS
മോഹന്‍ഭാഗവതിനെ നിശബ്ദ സാക്ഷിയാക്കിക്കൊണ്ട് അയോധ്യക്ഷേത്ര പ്രതിഷ്ഠയിലെ മുഖ്യപൂജാരിപ്പട്ടം മോഡി തട്ടിയെടുത്തതും ആര്‍എസ്എസ് നേതൃത്വത്തെ പ്രകോപിപ്പിച്ചിരുന്നു. ഇതോടെ ആര്‍എസ്എസ് മോഡിയെ കൈവിടുന്നു എന്ന സന്ദേശം അവര്‍ തന്നെ പുറത്തേക്ക് വിട്ടു.

മൂന്നാം ഭരണത്തിന്റെ നൂറുദിനങ്ങള്‍ പിന്നിടുമ്പോള്‍ ഇടറിപ്പോകുന്ന പ്രധാനമന്ത്രിയെയാണ് രാജ്യം കാണുന്നത്. 70 വയസുകഴിഞ്ഞവര്‍ക്കുള്ള സൗജന്യ ചികിത്സപോലുള്ള ജനപ്രിയ തീരുമാനങ്ങളില്‍ ഊന്നിനിന്ന് പ്രവര്‍ത്തിക്കാനാണ് മോഡി താല്‍പ്പര്യപ്പെടുന്നത് എന്ന സൂചനയും പുറത്തുവരുന്നുണ്ട്. 2024 ലും 2025 ലെ ആദ്യമാസങ്ങളിലുമായി കാശ്മീര്‍, മഹാരാഷ്ട്ര, ജാര്‍ഖണ്ഡ്, ഡല്‍ഹി,ഹരിയാന എന്നിവിടങ്ങളിലേക്കുള്ള നിയമസഭാ തിരഞ്ഞെടുപ്പുകള്‍ നടക്കുകയാണ്. ഇതില്‍ മഹാരാഷ്ടയും, ജാര്‍ഖണ്ഡും,ഹരിയാനയും ബിജെപിക്ക് തലവേദനയാണ്. ഈ തിരഞ്ഞെടുപ്പുകളില്‍ രാഷ്ട്രീയ തിരിച്ചടിയുണ്ടായാല്‍ മോഡിയുടെ നില ഒന്നുകൂടി ദുര്‍ബലമാകും. ഏതായാലും വരാനിരിക്കുന്ന ദിനങ്ങള്‍ രാഷ്ട്രീയമായി പ്രധാനമന്ത്രിയെന്ന മോഡിക്ക് മാത്രമല്ല ബിജെപിക്കും പ്രതിപക്ഷത്തിനും നിര്‍ണ്ണായകമാകും.


#outlook
Leave a comment