TMJ
searchnav-menu
post-thumbnail

Outlook

മോഡിയുടെ അമൃതകാലം ഇന്ത്യന്‍ യുവതയോട് ചെയ്യുന്നത്

13 Jan 2024   |   6 min Read
വി കെ സനോജ്

രേന്ദ്ര മോഡിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി ഭരണം പത്താണ്ട് പൂര്‍ത്തിയാക്കുമ്പോള്‍ എല്ലാ അര്‍ത്ഥത്തിലും ഇന്ത്യന്‍ റിപ്പബ്ലിക്ക് അതിന്റെ ചരിത്രത്തിലെത്തന്നെ ഏറ്റവുംവലിയ പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നത്. ഒരുഭാഗത്ത്, ഇന്ത്യയില്‍ തുല്യാവകാശമുള്ള മനുഷ്യരായി ജീവിക്കാന്‍ ന്യൂനപക്ഷ സമുദായങ്ങളെ അനുവദിക്കില്ല എന്ന ഹിന്ദുരാഷ്ട്രവാദികളുടെ പ്രഖ്യാപിത നയം കേന്ദ്ര സര്‍ക്കാര്‍ അതുപോലെ പിന്തുടരുമ്പോള്‍, മറുഭാഗത്ത് വന്‍കിട മൂലധനത്തിന്റെ ഒക്കെച്ചങ്ങാതിമാരായി യുവാക്കളും സ്ത്രീകളും അടങ്ങുന്ന സാധാരണ മനുഷ്യരുടെ ജീവിതം ദുരിത പൂര്‍ണ്ണമാക്കുന്ന സാമ്പത്തിക നയങ്ങളാണ് നടപ്പിലാക്കുന്നത്. ഇതിനെല്ലാം പുറമേയാണ് എല്ലാ ഫെഡറല്‍ മൂല്യങ്ങളും അട്ടിമറിച്ച് കേരളത്തിനെതിരായ സാമ്പത്തിക ഉപരോധവും അരങ്ങേറുന്നത്. ഈയൊരു പശ്ചാത്തലത്തിലാണ് 'ഇനിയും സഹിക്കണോ ഈ കേന്ദ്ര അവഗണന 'എന്ന മുദ്രാവാക്യമുയര്‍ത്തി ഡി.വൈ.എഫ്.ഐ സംസ്ഥാനകമ്മറ്റിയുടെ നേതൃത്വത്തില്‍ 2024 ജനുവരി 20 ന് കാസര്‍ഗോഡ്  മുതല്‍ തിരുവനന്തപുരം വരെ മനുഷ്യച്ചങ്ങല തീര്‍ക്കുന്നത്. റെയില്‍വേ യാത്രാദുരിതത്തിനും, കേന്ദ്രനിയമന നിരോധനത്തിനും തൊഴില്‍ നാശത്തിനും, നമ്മുടെ നാടിനോടുള്ള സാമ്പത്തിക ഉപരോധത്തിനുമെതിരെ നടക്കുന്ന ആത്മാഭിമാനമുള്ള മലയാളി യുവതയുടെ ഏറ്റവും വലിയ പ്രതിഷേധമാകും ഈ മനുഷ്യ ചങ്ങല. ഈ സമരം മുന്നോട്ട് വെക്കുന്ന ഏറ്റവും പ്രധാന മുദ്രാവാക്യമായ രാജ്യത്തെ യുവാക്കള്‍ നേരിടുന്ന തൊഴില്‍ പ്രതിസന്ധി വിശദീകരിക്കാനാണ് ഈ ലേഖനത്തില്‍ ശ്രമിക്കുന്നത്.

നമുക്കെല്ലാമറിയുന്ന പോലെ നരേന്ദ്രമോഡിയുടെ നേതൃത്വത്തിലുള്ള എന്‍.ഡി.എ 2014 ല്‍ അധികാരത്തില്‍ എത്തുന്നതിനുമുമ്പ് രാജ്യത്തെ യുവാക്കള്‍ക്ക് നല്‍കിയ ഏറ്റവും പ്രധാനപ്പെട്ട വാഗ്ദാനം തങ്ങള്‍ അധികാരത്തിലെത്തിയാല്‍ വര്‍ഷാവര്‍ഷം രണ്ടുകോടി തൊഴിലുകള്‍ പുതുതായി സൃഷ്ടിക്കും എന്നതായിരുന്നു. എന്നാല്‍ മോഡി ഭരണത്തിന് കീഴിലെ ഇക്കഴിഞ്ഞ 10 വര്‍ഷക്കാലം തൊഴിലില്ലായ്മ ഒരു പകര്‍ച്ചവ്യാധികണക്കെ രാജ്യത്ത് വര്‍ഷാവര്‍ഷം രൂക്ഷമാകുന്ന സ്ഥിതിക്കാണ് നാം സാക്ഷ്യം വഹിച്ചത്. 65 കോടിയോളം മനുഷ്യര്‍ തൊഴില്‍രഹിതരായി ജീവിക്കുന്ന ഒരു രാജ്യമായി നമ്മുടെ ഇന്ത്യ മാറി. നവ ഉദാരീകരണ നയം നടപ്പിലാക്കിയ 90 കള്‍ മുതലേ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ കൊട്ടിഘോഷിക്കപ്പെട്ട വളര്‍ച്ചയില്‍ തൊഴില്‍ നാശം പ്രകടമായിരുന്നെങ്കിലും അതൊരു രോഗം കണക്കെ യുവജനതയെ ആക്രമിക്കുന്ന ഒരു പ്രതിസന്ധിഘട്ടമാണ് ഇന്നത്തേത്.

കേന്ദ്രസര്‍ക്കാരിന്റെ തന്നെ പീരിയോഡിക് ലേബര്‍ സര്‍വ്വേ അനുസരിച്ച് ഏറ്റവും ഒടുവില്‍ 2022 ല്‍ ഗ്രാമീണ മേഖലയില്‍ 6% വും നഗരമേഖലയില്‍ 8.3 ശതമാനവും ആണ് തൊഴിലില്ലായ്മ നിരക്ക് എന്നാണ് കേന്ദ്ര തൊഴില്‍ മന്ത്രാലയം പുറത്ത് വിട്ടിരിക്കുന്ന കണക്ക്. ഇതില്‍ കൗതുകരമായ ഒരു കാര്യം ഗ്രാമീണ മേഖലയില്‍ വര്‍ഷത്തില്‍ 30 ദിവസമെങ്കിലും കാര്‍ഷിക മേഖലയിലോ മറ്റോ ഒരാള്‍ കൂലിപ്പണി ചെയ്താല്‍പോലും അയാളെ തൊഴിലുള്ള ഒരാളായാണ് പീരിയോഡിക് ലേബര്‍ ഫോഴ്സ് സര്‍വ്വേ അടയാളപ്പെടുത്തുന്നത്. പ്രഭാത് പട്‌നായിക്കിനെ പോലുള്ള സാമ്പത്തിക ശാസ്ത്രജ്ഞന്‍മാരുടെ അഭിപ്രായത്തില്‍അതുകൊണ്ട് തന്നെ രാജ്യത്തെ ജനങ്ങളുടെ പ്രതിശീര്‍ഷഭക്ഷ്യധാന്യ ഉപഭോഗത്തിന്റെ കണക്കാണ് തൊഴിലില്ലായ്മയുമായി ബന്ധപ്പെട്ട കൃത്യമായ സൂചനകള്‍ നല്‍കുവാന്‍ കുറേക്കൂടി ഉപകാരപ്പെടുക. രാജ്യത്ത് ഭക്ഷ്യ ധാന്യങ്ങളുടെ ഉല്‍പ്പാദനം കുറയുന്ന സ്ഥിതി ഇല്ലാത്തതിനാല്‍ പ്രതിശീര്‍ഷ ഭക്ഷ്യ ധാന്യ ഉപഭോഗം കുറയുന്നു എന്നത് സാധാരണ ജനങ്ങളുടെ വാങ്ങല്‍ ശേഷി കുറയുന്നതിന്റെ അടയാളമാണ്. രാജ്യത്ത് നവ ലിബറല്‍ സാമ്പത്തിക നയങ്ങള്‍ ആരംഭിക്കുന്നതിനു തൊട്ട് മുന്‍പുള്ള 1989-91 കാലത്തെ ശരാശരി വാര്‍ഷിക പ്രതിശീര്‍ഷഭക്ഷ്യ ധാന്യ ഉപഭോഗം എന്നത് 180.2 കിലോഗ്രാം ആയിരുന്നു. എന്നാല്‍ മഹാമാരിക്ക് തൊട്ടു മുന്‍പുള്ള 2016-18 കാലത്ത് ഇത് 178.7 കിലോഗ്രാമായി കുറഞ്ഞു. നേരത്തെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സും ഇപ്പോള്‍ ബി.ജെ.പി യും തുടരുന്ന സാമ്പത്തിക നയങ്ങള്‍ ഈ രാജ്യത്തെ സാധാരണ ജനങ്ങളുടെ ജീവിതത്തെ എങ്ങനെയാണ് പ്രതികൂലമായി ബാധികുന്നത് എന്നതിന്റെ തെളിവുകളാണിത്.

REPRESENTATIONAL IMAGE: PTI
പീരിയോഡിക് ലേബര്‍ സര്‍വ്വേയില്‍ ഉള്‍പ്പെടെ തങ്ങള്‍ക്ക് അനുകൂലമായ നിലക്ക് ലഭ്യമായ വിവരങ്ങളില്‍ കൃത്രിമത്വം ( Data Manipulation) നടത്തിയിട്ട് പോലും മൂടിവെക്കാന്‍ കഴിയാത്ത തൊഴിലില്ലായ്മ രാജ്യത്തുണ്ട് എന്നതാണ് വസ്തുത. ഇക്കഴിഞ്ഞ സെപ്റ്റംബര്‍ മാസം അസിം പ്രേംജി യൂണിവേഴ്സിറ്റിയുടെ സെന്റര്‍ ഫോര്‍ സസ്റ്റൈനബിള്‍ എംപ്ലോയ്‌മെന്റ് പുറത്തിറക്കിയ 'സ്റ്റേറ്റ് ഓഫ് വര്‍ക്കിംഗ് ഇന്ത്യ 2023' റിപ്പോര്‍ട്ട് ഇക്കാര്യം അടിവരയിട്ട് പറയുന്നുണ്ട്. 2021-22 ല്‍ ഇന്ത്യയിലെ 25 വയസ്സിന് താഴെയുള്ള ബിരുദധാരികളില്‍ 42 ശതമാനത്തിലധികം പേരും തൊഴിലില്ലാത്തവരായിരുന്നു എന്നാണ് ആ റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നത്. തൊഴില്‍ സേനയിലെ സ്ത്രീകളുടെ പങ്കാളിത്തം സംബന്ധിച്ച്, കൊറോണ വൈറസ് പാന്‍ഡമിക്കിന് ശേഷം, 60 ശതമാനം സ്ത്രീകളും സ്വയം തൊഴില്‍ ചെയ്യുന്നവരായിരുന്നുവെന്ന് റിപ്പോര്‍ട്ട് കണ്ടെത്തുന്നു. കൊറോണയ്ക്ക് മുമ്പ് ഇത് 50 ശതമാനമായിരുന്നു. സ്ത്രീകളുടെ തൊഴില്‍ സേനയിലെ പങ്കാളിത്തം കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി കുത്തനെ കുറഞ്ഞു വരുന്നതാണ് കാണുന്നത്. ഇനി ഇതേ റിപ്പോര്‍ട്ട് അനുസരിച്ച് ഹയര്‍സെക്കന്‍ഡറി അല്ലെങ്കില്‍ പന്ത്രണ്ടാം ക്ലാസ് വിദ്യാഭ്യാസം കഴിഞ്ഞവരില്‍ 22% പേരാണ് തികച്ചും തൊഴില്‍ രഹിതര്‍. ഇതില്‍ നിന്നും വളരെ പെട്ടെന്ന് മനസ്സിലാക്കാവുന്ന ഒരു കാര്യം കേവലം ബിരുദ വിദ്യാഭ്യാസമുള്ള ഒരാള്‍ക്ക് പോലും യോജിച്ചത് എന്ന് പറയാവുന്ന സാലറീഡ് തൊഴിലുകള്‍ രാജ്യത്ത് സൃഷ്ടിക്കപ്പെടുന്നേയില്ല എന്നതാണ്. നഗരങ്ങളില്‍ ഭക്ഷണ വിതരണം പോലുള്ള ജോലികള്‍ ഓണ്‍ലൈന്‍/പ്ലാറ്റ്ഫോം മേഖലയിലും, ഗ്രാമങ്ങളില്‍ കാര്‍ഷിക അനുബന്ധ മേഖലകളിലും മറ്റുമുണ്ടാകുന്ന യാതൊരു സാമൂഹ്യ സുരക്ഷയും ഇല്ലാത്ത, കുറഞ്ഞ വരുമാനം മാത്രം ലഭ്യമാകുന്ന ശകലീകൃത ജോലികള്‍ മാത്രമാണ് രാജ്യത്തെ യുവജനങ്ങള്‍ക്ക് നിലവില്‍ ലഭ്യമാകുന്നത്. തൊഴിലുമായി ബന്ധപ്പെട്ട' 'അപ്വാര്‍ഡ് മൊബിലിറ്റി' എന്ന പുതിയ തലമുറ എങ്കിലും കൂടുതല്‍ മെച്ചപ്പെട്ട ജീവിത നിലവാരത്തിലോട്ട് മാറുന്ന രീതി ഏറെക്കുറെ അതി സങ്കീര്‍ണ്ണമായിരിക്കുന്നു എന്ന് കൂടി വേണം കാണാന്‍. സ്റ്റേറ്റ് ഓഫ് ഇന്ത്യ വര്‍ക്കിംഗ് റിപ്പോര്‍ട്ട് ഇതുമായി  ബന്ധപ്പെട്ട് നല്‍കുന്ന കണക്കുകള്‍ നമ്മുടെ കണ്ണ് തുറപ്പിക്കേണ്ടതാണ്. ഉദാഹരണത്തിന് സാധാരണ കൂലിവേല ചെയ്ത് ജീവിക്കുന്ന ആളുകളുടെ അടുത്ത തലമുറയില്‍ ഏതാണ്ട് 72% പേരും ഇതേപോലെയുള്ള താല്‍ക്കാലിക, അനൗപചാരിക കൂലിത്തൊഴിലുകള്‍ ചെയ്യുന്നവരായി തന്നെയാണ് മാറുന്നത്. ദളിത്, ന്യൂനപക്ഷ വിഭാഗങ്ങളില്‍ രക്ഷിതാക്കളെപ്പോലെ കൂലിത്തൊഴില്‍ തന്നെ ചെയ്യുന്ന രണ്ടാം തലമുറയുടെ നിരക്ക് ഇതിനേക്കാള്‍ കൂടുതല്‍ ആണെന്നും കാണാം. ചുരുക്കിപ്പറഞ്ഞാല്‍ വിദ്യാഭ്യാസം വഴിയും മറ്റും മെച്ചപ്പെട്ട തൊഴില്‍ മേഖലകളിലേക്ക് ചേക്കേറി തങ്ങളുടെ ജീവിതനിലവാരം ഉയര്‍ത്താം എന്നത് കഠിനമായ പ്രയത്നം കൊണ്ടുപോലും സാധ്യമല്ല എന്ന നിലയ്ക്കാണ് പുതിയ ഇന്ത്യയുടെ പോക്ക്.

15 നും 40 നും ഇടയില്‍ പ്രായമുള്ള സ്ത്രീകളുടെ തൊഴില്‍ പങ്കാളിത്ത നിരക്ക് 2011-12 നും 2017-18 നും ഇടയില്‍ ഗ്രാമീണ മേഖലയില്‍ 34 ശതമാനത്തില്‍ നിന്ന് 22 ശതമാനമായും നഗരമേഖലയില്‍ 20 ശതമാനത്തില്‍ നിന്ന് 18 ശതമാനമായും കുറഞ്ഞു. ലോകത്ത് ഏറ്റവും കുറഞ്ഞ സ്ത്രീകളുടെ തൊഴില്‍ പങ്കാളിത്തമുള്ള രാജ്യങ്ങളില്‍ ഒന്നാണ് ഇന്ന് ഇന്ത്യ. സ്ത്രീകള്‍ തൊഴില്‍ സേനയില്‍ നിന്ന് പിന്മാറുന്ന പ്രവണത വര്‍ധിച്ചുവരുന്നത് ആശങ്കാജനകമാണ്. 15 മുതല്‍ 40 വയസ്സ് വരെ പ്രായമുള്ള സ്ത്രീകളില്‍ 51 ശതമാനം പേരും ഉല്‍പ്പാദനക്ഷമമായ ജോലിക്ക് പുറത്തുള്ളവരും വീട്ടുജോലികളില്‍ ഏര്‍പ്പെട്ടിരിക്കുന്നവരുമാണ്. കൃഷിയിലും അനുബന്ധ പ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെട്ടിരിക്കുന്ന ഗ്രാമീണ സ്ത്രീത്തൊഴിലാളികളുടെ എണ്ണവും കുറഞ്ഞുവരികയാണ്. എന്നാല്‍ ഇപ്പോഴും, ഗ്രാമീണ സ്ത്രീകളില്‍ 70 ശതമാനവും കൃഷിയെ ആശ്രയിക്കുന്നവരാണ്. തുടരുന്ന കാര്‍ഷിക ദുരിതം ഈ സ്ത്രീകളുടെ തൊഴിലവസരങ്ങളെ ഏറെ പ്രതികൂലമായി ബാധിച്ചതായി കാണാം.

REPRESENTATIONAL IMAGE: WIKI COMMONS
ഈ ഘട്ടത്തിലാണ് മാതൃകാ തൊഴില്‍ ദാതാവ് എന്ന നിലയ്ക്ക് കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്ന നിയമന നിരോധന നടപടികളുടെ ദ്രോഹം വിലയിരുത്തേണ്ടത്. റെയില്‍വേ അടക്കം ഒട്ടുമിക്ക കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളിലും ലക്ഷക്കണക്കിന് ഒഴിവാണ് നിയമനം നടത്താതെ മാറ്റിവെച്ചിരിക്കുന്നത്. അഗ്നി വീര്‍ പദ്ധതി കൊണ്ടുവന്ന് സൈനിക മേഖലയില്‍ അടക്കം തൊഴിലുകള്‍ കരാര്‍വല്‍ക്കരിച്ചു. 2021-22-ല്‍ രാജ്യത്തെ സൈന്യത്തിന്റെ മൂന്ന് വിഭാഗങ്ങളിലേക്കും ഒറ്റ നിയമനം പോലും നടത്തിയില്ല. ഇന്ത്യയുടെ സ്വാതന്ത്ര്യാനന്തര ചരിത്രത്തില്‍ ആദ്യമായാണ് ഒറ്റ ഒഴിവിലേക്ക് പോലും ഒരു സാമ്പത്തിക വര്‍ഷം രാജ്യത്തെ സൈന്യത്തിലേക്ക് പുതുതായി ആളെ എടുക്കാതെ പോയത്. കോവിഡ് കാരണമാണെന്ന് ഇക്കാര്യത്തില്‍ വിശദീകരണം നടത്തിയ സര്‍ക്കാര്‍ കോവിഡിന് ശേഷം ഒരു ലക്ഷം പേര്‍ക്ക് ഒറ്റയടിക്ക് സൈന്യത്തിലേക്ക് നിയമനം നല്‍കുമെന്ന് പിന്നീട് പ്രഖ്യാപിച്ചെങ്കിലും അതും പാഴ്‌വാക്കായി. 2022 ഡിസംബര്‍ 15 വരെയുള്ള കണക്കനുസരിച്ച് കരസേനയിലെ സര്‍വീസ് പേഴ്സണല്‍ വിഭാഗത്തില്‍ 126359 പേരുടെയും സിവിലിയന്‍സ് വിഭാഗത്തില്‍ 38169 പേരുടെയും ഒഴിവുള്ളതായി പ്രതിരോധ സഹമന്ത്രി അജയ്ഭട്ട് തന്നെ വ്യക്തമാക്കിയിരുന്നു. പൊതുമണ്ഡലത്തില്‍ ലഭ്യമായ വിവരങ്ങള്‍ വെച്ച് കരസേനയില്‍ നിലവിലുള്ളത് 164528 പേരുടെ ഒഴിവാണ്. നാവികസേനയില്‍ 22927 പേരുടെ ഒഴിവുകളുണ്ട്. 2022 ഡിസംബര്‍ മാസത്തെ കണക്കനുസരിച്ച് വ്യോമസേനയില്‍ 9684 പേരുടെ ഒഴിവുണ്ട്. അതായത് മന്ത്രി തന്നെ വ്യക്തമാക്കിയ കണക്കനുസരിച്ച് സേനകളിലെല്ലാം കൂടി 197139 തസ്തികകള്‍ ഒഴിഞ്ഞുകിടക്കുകയാണ്. ഇത്തരത്തില്‍ ഒരു സാഹചര്യം മുമ്പ് കേള്‍ക്കാത്തതാണ്. സൈന്യം  കഴിഞ്ഞാല്‍ യുവാക്കള്‍ പ്രതീക്ഷ പുലര്‍ത്തു മറ്റൊന്നാണ് അര്‍ദ്ധ സൈനിക വിഭാഗങ്ങള്‍. നിയമനത്തിന്റെ കാര്യത്തില്‍ അവിടെയും സ്ഥിതി വ്യത്യസ്തമല്ല. 2023 ഏപ്രില്‍ അഞ്ച് വരെയുള്ള കണക്കനുസരിച്ച് 85292 ഒഴിവുകളാണ് അര്‍ദ്ധ സൈനിക വിഭാഗങ്ങളിലുള്ളത്. സെന്‍ട്രല്‍ റിസര്‍വ് പോലീസ് ഫോഴ്സിലാണ് (സി.ആര്‍.പി.എഫ്.) ഏറ്റവും കൂടുതല്‍ - 29756. ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്സില്‍ (ബി.എസ്.എഫ്.) 20963 ഒഴിവാണുള്ളത്. മറ്റ് വിഭാഗങ്ങളിലെ ഒഴിവുകള്‍: അസം റൈഫിള്‍സ് - 4393, സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്സ് (സി.ഐ.എസ്.എഫ്.) 16370, ഇന്‍ഡോ ടിബറ്റന്‍ ബോര്‍ഡര്‍ പോലീസ് (ഐ.ടി.ബി.പി.) 5400, സശസ്ത്ര സീമാബല്‍ (എസ്.എസ്.ബി.) 8410.എളമനം കരീം എംപിയുടെ പാര്‍ലമെന്റിലെ ചോദ്യത്തിന് 2022 ജനുവരി മാസത്തെ കണക്കനുസരിച്ച് അര്‍ദ്ധ സൈനിക വിഭാഗങ്ങളിലാകെ 85650 ഒഴിവുകളുണ്ടെന്നാണ് ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് രാജ്യസഭയില്‍ പറഞ്ഞത്. കേന്ദ്രസര്‍ക്കാരിന്റെ തന്നെ മറ്റൊരു വിഭാഗമായ ഡല്‍ഹി പോലീസിലും പതിനായിരത്തിലധികമാണ് നിലവിലുള്ള ഒഴിവുകള്‍. 

കേന്ദ്രസര്‍ക്കാറിന്റെ മറ്റ് പൊതുവകുപ്പുകളിലെ ഒഴിവുകളുടെ എണ്ണം ഞെട്ടിക്കുന്നതാണ്. പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തില്‍ കേന്ദ്ര സഹമന്ത്രി ജിതേന്ദ്ര സിങ് അറിയിച്ചത്, 2018 മാര്‍ച്ച് ഒന്നിലെ കണക്കുപ്രകാരം 6.83 ലക്ഷം ഒഴിവുണ്ടെന്നാണ്.നിലവിലെ ഒഴിവുകള്‍ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. 2019, 2020 വര്‍ഷങ്ങളില്‍ ലക്ഷത്തിലേറെ പേര്‍ വിരമിച്ചിട്ടുണ്ട്. ഇതിലൊന്നും നിയമനം നടത്തിയിട്ടില്ല. റവന്യൂവകുപ്പില്‍ പകുതിയോളം തസ്തിക ഒഴിഞ്ഞുകിടക്കുന്നു. പ്രതിരോധ (സിവില്‍), ആരോഗ്യ വകുപ്പുകളില്‍ 30 ശതമാനം വീതവും തപാല്‍ വകുപ്പില്‍ 25 ശതമാനവും റെയില്‍വേയില്‍ 20 ശതമാനവും ആഭ്യന്തരവകുപ്പില്‍ 10 ശതമാനവും ഒഴിവുണ്ട്. മൂന്നരലക്ഷം തസ്തിക ഒഴിഞ്ഞുകിടക്കുന്ന റെയില്‍വേയില്‍ നിയമനം പൂര്‍ണമായും നിരോധിച്ച് അടുത്തിടെ ഉത്തരവിറക്കി.ഇതര വകുപ്പുകളില്‍ ശരാശരി 25 ശതമാനം തസ്തികകളില്‍ നിയമനമില്ല. രാജ്യത്തെ എല്ലാ ഡിപ്പാര്‍ട്ട്‌മെന്റുകളിലും കുറഞ്ഞത് അഞ്ചില്‍ ഒന്നുവീതം തസ്തിക ഒഴിഞ്ഞുകിടക്കുക തന്നെയൊണ്. ഇതിനിടെ കേന്ദ്ര പേഴ്‌സണല്‍ മന്ത്രാലയം ഇറക്കിയ ഒരു ഉത്തരവില്‍ പറയുന്നത് ഒരു വര്‍ഷത്തില്‍ കൂടുതല്‍ ഒരു തസ്തിക ഒഴിഞ്ഞ് കിടന്നാല്‍ ആ തസ്തിക തന്നെ നിലവിലില്ലാത്തതായി കണക്കാക്കാം എന്നാണ്. ഇങ്ങനെ പന്ത്രണ്ട് ലക്ഷത്തിലേറെയുള്ള നിലവിലെ വിവിധ വകുപ്പുകളിലെ കേന്ദ്ര സര്‍ക്കാര്‍ ഒഴിവുകള്‍ കേന്ദ്ര പൊതുമേഖല സ്ഥാപനങ്ങളെ കണക്കിലെടുക്കാതെയാണ് എന്നുകൂടി നാം മനസ്സിലാക്കേണ്ടതുണ്ട്. കേന്ദ്ര ഗവണ്‍മെന്റ്ആവേശത്തോടെ നടപ്പിലാക്കുന്നപൊതുമേഖലാ സ്ഥാപനങ്ങള്‍ കൂട്ടത്തോടെ സ്വകാര്യവല്‍ക്കരിക്കാനുള്ള തീരുമാനം തൊഴിലവസരം ഇനിയും വന്‍തോതില്‍ ഇല്ലാതാക്കും. പൊതുമേഖലാസ്ഥാപനങ്ങളില്‍ തൊഴിലാളികള്‍ അധികമാണെന്നാണ് മോഡിസര്‍ക്കാരിന്റെ 'കണ്ടെത്തല്‍'. സ്വകാര്യമേഖലയില്‍ നടക്കുന്ന നിയമനങ്ങളില്‍ സംവരണം ഉള്‍പ്പെടെ ബാധകമാകില്ല എന്നത് കൊണ്ട് തന്നെ പൊതുമേഖലാ സ്ഥാപനങ്ങളിലെ നിയമന നിരോധനം രാജ്യത്തെ സാമൂഹ്യനീതിയെ കൂടിയാണ് അട്ടിമറിക്കുന്നത്. സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍, യു.പി.എസ്.സി എന്നീ റിക്രൂട്ട്‌മെന്റ് ഏജന്‍സികളെ അപ്രസക്തമാക്കുന്ന സാഹചര്യമാണ് രൂപംകൊള്ളുന്നത്. ഈ നിയമന ഏജന്‍സികളിലെ ഒഴിവുകളും നികത്തുന്നില്ല.

PHOTO: PTI
രാജ്യത്തെ യുവജനങ്ങള്‍ അകപ്പെട്ട ഈ ദേശീയ പ്രതിസന്ധിക്കെതിരായി മുമ്പൊരിക്കലും ഇല്ലാത്ത വിധം ദേശവ്യാപകമായ സമരങ്ങള്‍ ശക്തിപ്പെടുന്ന കാഴ്ചയും ഇക്കാലയളവിലുണ്ടായി. കേന്ദ്ര സര്‍ക്കാര്‍ കൊണ്ടു വന്നവ അഗ്‌നിപഥ് സ്‌കീമിന്റെ പശ്ചാത്തലത്തില്‍ വലിയ പ്രതിഷേധങ്ങളാണ് ബിജെപിയുടെ ശക്തികേന്ദ്രങ്ങളില്‍ അടക്കം നടന്നത്. ഈ യുവജന പ്രതിഷേധം കേവലം സേനയിലെ റിക്രൂട്ട് മെന്റിനെ കരാര്‍ അടിസ്ഥാനത്തിലെക്ക് തള്ളിവിടുന്ന അഗ്‌നിപഥ് സ്‌കീമിനെതിരെയുള്ള രോഷം മാത്രമാണെന്ന് പറയാന്‍ ആകില്ല.

കഴിഞ്ഞ റിപ്പബ്ലിക് ദിനത്തില്‍ RRB-NTPC (Railway Recruitment Board's Non-Technical Popular Categories) പരീക്ഷയുമായി ബന്ധപ്പെട്ട് ഉദ്യോഗാര്‍ത്ഥികളുടെ നേതൃത്വത്തില്‍ ഉത്തരേന്ത്യയില്‍ ആളിപ്പടര്‍ന്ന സമരം നാം കണ്ടതാണ്. ഏറ്റവും ഞെട്ടിക്കുന്ന വസ്തുത ലെവല്‍ 2 മുതല്‍ ലെവല്‍ 6 വരെയുള്ള തസ്തികകളിലെ 35000 ഒഴിവുകളിലേക്കായി റെയില്‍വേ ബോര്‍ഡ് 2020-21 വര്‍ഷങ്ങളിലായി  ക്ഷണിച്ച പരീക്ഷയ്ക്ക് അപേക്ഷിച്ചത് 1.25 കോടി ചെറുപ്പക്കാരാണ് എന്നതാണ്. റെയില്‍വേ മന്ത്രിയായിരുന്ന പിയൂഷ് ഗോയല്‍ കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പിന് തൊട്ട് മുമ്പായി റെയില്‍വേയില്‍ നാല് ലക്ഷം ഒഴിവുകള്‍ രണ്ട് വര്‍ഷം കൊണ്ട് നികത്തുമെന്ന് പറഞ്ഞിരുന്നു. ഇതിനായി അപേക്ഷിച്ച 2.42 കോടി അപേക്ഷകരില്‍ നിന്നായി പരീക്ഷാ ഫീസായി ഏതാണ്ട് 1200 കോടി രൂപയോളം സമാഹരിച്ചിരുന്നു. എന്നാല്‍ കാര്യമായ യാതൊരുവിധ നിയമനവും നടത്താതെ ഉദ്യോഗാര്‍ഥികളെ കബളിപ്പിക്കുന്ന സ്ഥിതിയാണ് ഉണ്ടായത്.

2018 നും 2022 നുമിടയില്‍ രാജ്യത്ത് തൊഴിലില്ലായ്മ കാരണം 25231 യുവജനങ്ങള്‍ ആത്മഹത്യ ചെയ്തു എന്നാണ് നാഷണല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ കണക്കുകള്‍ വ്യക്തമാക്കുന്നത്. 'തൊഴില്‍ രഹിതര്‍' സ്ഥിരമായി ഒരു തൊഴില്‍ ഇല്ല എന്നതിന്റെ പേരില്‍ നടത്തിയ ഈ ആത്മഹത്യാക്കണക്ക് മോഡി സര്‍ക്കാരിനോട് ഗൗരവമായ ചില ചോദ്യങ്ങള്‍ ചോദിക്കുന്നുണ്ട്. യുവാക്കളുടെ തൊഴില്‍പ്രശ്‌നം ഇത്ര സങ്കീര്‍ണമായിരിക്കേ, രാജ്യം നേരിടുന്ന ഈ ഗുരുതര പ്രതിസന്ധി പരിഹരിക്കാന്‍ പദ്ധതികളൊന്നും ആവിഷ്‌കരിച്ച് നടപ്പിലാക്കുന്നില്ല എന്ന് മാത്രമല്ല, സൈന്യത്തെയടക്കം സ്വകാര്യവല്‍ക്കരിച്ചുകൊണ്ട് തൊഴില്‍നാശം സൃഷ്ടിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്യുന്നത്. ചുരുക്കത്തില്‍ തൊഴിലില്ലായ്മ ഉയര്‍ത്തുന്ന ദേശീയ പ്രതിസന്ധിക്കെതിരായ സമരം നമ്മുടെയെല്ലാം ഏറ്റവും പ്രധാനപ്പെട്ട ഉത്തരവാദിത്തമായി മാറിക്കഴിഞ്ഞിരിക്കുകയാണ്.

#outlook
Leave a comment