
ഭൂമിയും പരിസ്ഥിതിയും സംരക്ഷിക്കാനുള്ള ശ്രമത്തില്‍ കൊല്ലപ്പെടുന്നവരുടെ എണ്ണം കൂടുന്നു
സ്വന്തമായ ഭൂമിയും പരിസ്ഥിതിയും സംരക്ഷിക്കുന്നതിനായി ജീവന്‍ ബലി കൊടുക്കേണ്ടി വരുന്നവരുടെ എണ്ണം ആഗോളതലത്തില്‍ വര്‍ദ്ധിക്കുന്നു. ഭൂമി-പരിസ്ഥിതി സംരക്ഷണത്തിനായി ഏറ്റവും കൂടുതല്‍ പേര്‍ കൊല്ലപ്പെടുന്ന ആദ്യത്തെ 10 രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയും ഉള്‍പ്പെടുന്നു. ഗ്ലോബല്‍ വിറ്റ്‌നെസ് എന്ന സംഘടന കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പ്രകാരം ആദ്യത്തെ പത്തില്‍ ഇന്ത്യയുടെ റാങ്ക് 7-ആണ്. തെക്കേ അമേരിക്കന്‍ രാജ്യമായ കൊളംബിയയ്ക്കാണ് ഒന്നാം സ്ഥാനം. 2012 മുതല്‍ 2023 വരെയുള്ള 11 വര്‍ഷത്തെ കണക്കുകള്‍ പ്രകാരം 2,106 പേരാണ് തങ്ങളുടെ വീടും, പറമ്പും, സമുദായം അല്ലെങ്കില്‍ മൊത്തം പരിസ്ഥിതി എന്നിവയുടെ സംരക്ഷണത്തിനായുള്ള സമരങ്ങളിലും പ്രതിരോധ പ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെട്ടതിന്റെ ഭാഗമായി കൊല്ലപ്പെട്ടത്.
2023-ല്‍ ലോകമെമ്പാടുമുള്ള 196 പേരാണ് ഇതിന്റെ പേരില്‍ ജീവന്‍ നഷ്ടമായവര്‍ എന്ന് ഗ്ലോബല്‍ വിറ്റ്നസിന്റെ പുതിയ റിപ്പോര്‍ട്ട് പറയുന്നത്. ഇന്ത്യയില്‍ നിന്നും 5 പേരാണ് ഈ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്.PROTEST AGAINST EXPANSION OF COAL MINES | PHOTO : WIKI COMMONS
ഏറ്റവും കൂടുതല്‍ കൊലപാതങ്ങള്‍ നടന്ന രാജ്യം കൊളംബിയ ആണെന്ന് റിപ്പോര്‍ട്ട് പറയുന്നു. കൊളംബിയയില്‍ 2023ല്‍ 79- ഉം, 2022-ല്‍ 60-ഉം, 2021-ല്‍ 33-ഉം മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. 2012 മുതല്‍ 2023 വരെ വിലയിരുത്തുമ്പോള്‍ 461 കൊലപാതകങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്, അതുകൊണ്ട് തന്നെ ആഗോളതലത്തില്‍ ഏറ്റവും കൂടുതല്‍ പരിസ്ഥിതി സംരക്ഷകരുടെ കൊലപാതകങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്ന രാജ്യമായി കൊളംബിയ മാറി. 25 കൊലപാതകങ്ങള്‍ നടന്ന ബ്രസീലും 18 കൊലപാതകങ്ങള്‍ നടത്തിയ മെക്‌സിക്കോയും ഹോണ്ടുറാസുമാണ് ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ മുന്‍പന്തിയില്‍.
സ്വന്തം മണ്ണും ചുറ്റുപാടുകളും സംരക്ഷിക്കാനായി ശ്രമിക്കുന്നവര്‍ക്ക് ഭീഷണിയായി നിലകൊള്ളുന്ന ലോകത്തിലെ ഏറ്റവും അപകടകരമായ പ്രദേശമായി മധ്യ അമേരിക്ക മാറിയിട്ടുണ്ട്. 18 ഡിഫന്‍ഡര്‍മാര്‍ കൊല്ലപ്പെട്ടതോടെ, 2023-ല്‍ ഏറ്റവും കൂടുതല്‍ ആളോഹരി കൊലപാതകങ്ങള്‍ നടന്ന രാജ്യമായി ഹോണ്ടുറാസ് മാറിക്കഴിഞ്ഞു. കഴിഞ്ഞ വര്‍ഷം നിക്കരാഗ്വയില്‍ 10 ഡിഫന്‍ഡര്‍മാര്‍ കൊല്ലപ്പെട്ടപ്പോള്‍ ഗ്വാട്ടിമാലയിലും പനാമയിലും നാല് പേരാണ് കൊല്ലപ്പെട്ടത്. ലോകമെമ്പാടും, തദ്ദേശീയരെയും ആഫ്രിക്കന്‍ വംശജരുടെ പിന്മുറക്കാരെയും ലക്ഷ്യമിടുന്നത് തുടര്‍ക്കഥയാവുന്നത് കൊണ്ട് ഈ വിഭാഗങ്ങളുടെ കൊലപാതകങ്ങള്‍ 49 ശതമാനം എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.ENVIRONMENTAL PROTEST | PHOTO : WIKI COMMONS
ഒരു ഡിഫന്‍ഡറുടെ കൊലപാതകവും പ്രത്യേക കോര്‍പ്പറേറ്റ് താല്‍പ്പര്യങ്ങളും തമ്മില്‍ നേരിട്ടുള്ള ബന്ധം കണ്ടെത്തുന്നതിനൊപ്പം പുറംലോകത്തെ അറിയിക്കുക എന്നത് വെല്ലുവിളി നേരിടുന്ന കാര്യമാണ്. മരണങ്ങള്‍ക്ക് പ്രേരകമായ ഏറ്റവും വലിയ വ്യവസായം ഖനനമാണെന്ന് ഗ്ലോബല്‍ വിറ്റ്‌നസ് റിപ്പോര്‍ട്ട് പറയുന്നു. 2023-ല്‍ ഖനന പ്രവര്‍ത്തനങ്ങളെ എതിര്‍ത്തത് മൂലം 25 ഡിഫന്‍ഡര്‍മാര്‍ കൊല്ലപ്പെട്ടിരുന്നു. മത്സ്യബന്ധനം (5), മരം മുറിക്കല്‍ (5), അഗ്രിബിസിനസ് (4), റോഡുകളും അടിസ്ഥാന സൗകര്യങ്ങളും (4), ജലവൈദ്യുതി (2) എന്നിങ്ങനെയാണ് മറ്റ് വ്യവസായങ്ങള്‍ അനുസരിച്ചുള്ള കൊലപാതകങ്ങളുടെ കണക്കുകള്‍.
2023-ല്‍ ആഗോളതലത്തില്‍ ഖനനവുമായി ബന്ധപ്പെട്ട 25 കൊലപാതകങ്ങളില്‍ 23- ഉം നടന്നത് ലാറ്റിനമേരിക്കയിലാണ്. എന്നാല്‍ 2012 നും 2023നുമിടയില്‍ ഖനനവുമായി ബന്ധപ്പെട്ട എല്ലാ കൊലപാതകങ്ങളിലും 40 ശതമാനത്തിലധികം സംഭവിച്ചത് ഏഷ്യയിലാണ്.ഊര്‍ജ്ജ സാങ്കേതികവിദ്യകള്‍ക്ക് സുപ്രധാനമായ ധാതുക്കളുടെ ഗണ്യമായ പ്രകൃതിദത്ത ശേഖരം ഏഷ്യയിലുള്ളത് ആണ് ഇതിന് ഒരു കാരണമായി വിലയിരുത്തുന്നത്.
ഗ്ലോബല്‍ വിറ്റ്നസിലെ ലാന്‍ഡ് ആന്‍ഡ് എന്‍വയോണ്‍മെന്റല്‍ ഡിഫന്‍ഡേഴ്സ് കാമ്പെയ്നിന്റെ മുഖ്യ എഴുത്തുകാരിയും മുതിര്‍ന്ന ഉപദേഷ്ടാവുമായ ലോറ ഫ്യൂറോണ്‍സ് പറയുന്നു:'കാലാവസ്ഥാ പ്രതിസന്ധി ത്വരിതഗതിയിലാകുന്നതോടെ, നമ്മുടെ ഗ്രഹത്തെ ധീരമായി പ്രതിരോധിക്കാന്‍ ശബ്ദം ഉപയോഗിക്കുന്നവര്‍ക്ക് അക്രമവും ഭീഷണിയും കൊലപാതകവും നേരിടേണ്ടിവരുന്നു. കൊലപാതകങ്ങളുടെ എണ്ണം ഭയാനകമാം വിധം ഉയര്‍ന്നതായി ഞങ്ങളുടെ ഡാറ്റ വ്യക്തമാക്കുന്നു. സര്‍ക്കാരുകള്‍ക്ക് വെറുതെ നില്‍ക്കാനാവില്ല; സംരക്ഷകരെ സംരക്ഷിക്കുന്നതിനും അവര്‍ക്കെതിരായ അക്രമം അഴിച്ചു വിടുന്നവരെ അഭിസംബോധന ചെയ്യുന്നതിനും അവര്‍ നിര്‍ണായകമായ നടപടി സ്വീകരിക്കണം. കാലാവസ്ഥാ വ്യതിയാനത്തിന് കാരണമാകുന്ന വ്യവസായങ്ങള്‍ മൂലമുണ്ടാകുന്ന ദോഷങ്ങള്‍ തടയുന്നതിനും പരിഹരിക്കുന്നതിനുമുള്ള ശ്രമങ്ങള്‍ക്ക് ആക്ടിവിസ്റ്റുകളും അവരുടെ കമ്മ്യൂണിറ്റികളും അത്യന്താപേക്ഷിതമാണ്. ഇനി ഒരു ജീവന്‍ നഷ്ടപ്പെടുന്നത് ഞങ്ങള്‍ക്ക് താങ്ങാനും സഹിക്കാനും കഴിയില്ല.'CLIMATE JUSTICE PROTEST IN 2022 | PHOTO : WIKI COMMONS
ലോകമെമ്പാടുമുള്ള കൊലപാതകങ്ങളുടെ എണ്ണത്തിലുണ്ടായ വര്‍ധനവ് വ്യക്തമാക്കുന്നതിനൊപ്പം ആഗോളതലത്തില്‍ കമ്മ്യൂണിറ്റികളിലുണ്ടായ അവയുടെ ദോഷകരമായ പ്രത്യാഘാതങ്ങളും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നുണ്ട്. നിര്‍ബന്ധിത തിരോധാനങ്ങളുടെയും തട്ടിക്കൊണ്ടുപോകലുകളുടെയും കേസുകള്‍, ഫിലിപ്പീന്‍സിലും മെക്‌സിക്കോയിലും ഉപയോഗിക്കുന്ന തന്ത്രങ്ങള്‍ , കൂടാതെ ലോകമെമ്പാടുമുള്ള പ്രവര്‍ത്തകരെ നിശബ്ദരാക്കുന്നതിനുള്ള തന്ത്രമായി ക്രിമിനലൈസേഷന്റെ വ്യാപകമായ ഉപയോഗം എന്നിവയും റിപ്പോര്‍ട്ട് എടുത്തുകാണിക്കുന്നു.
യുകെ, യൂറോപ്പ്, യുഎസ് എന്നിവിടങ്ങളിലെ പരിസ്ഥിതി പ്രവര്‍ത്തകര്‍ക്കെതിരെയുള്ള അടിച്ചമര്‍ത്തലുകളും റിപ്പോര്‍ട്ട് വിലയിരുത്തുന്നുണ്ട്. ഇവിടെ പ്രതിരോധക്കാര്‍ക്കെതിരെ നിയമങ്ങള്‍ കൂടുതലായി ആയുധമാക്കപ്പെടുന്നു, കാലാവസ്ഥാ പ്രതിഷേധങ്ങളില്‍ പങ്കുവഹിച്ചവര്‍ക്കെതിരെ കഠിനമായ ശിക്ഷകള്‍ ചുമത്തുന്നതും പതിവാണ്.