TMJ
searchnav-menu
post-thumbnail

Outlook

ഭാരത മാതാവും ആധുനികതയും അവരുടെ വീര പുത്രന്മാരും

28 Jul 2025   |   9 min Read
അരവിന്ദ് വി എസ്

മേരിക്കയിൽ വളരെ ശക്തമായ ഒരു സാന്നിധ്യമാണ് അബോർഷൻ വിരുദ്ധ സമര മുന്നേറ്റങ്ങൾ. വെള്ളക്കാരായ വരേണ്യകുടുംബങ്ങളുടെയും തീവ്രവാദ ക്രൈസ്തവ ഗ്രൂപ്പുകളുടെയും വലതുപക്ഷ യാഥാസ്ഥിക കൂട്ടായ്മയുടെയും സഹകരണത്തോടെ നടക്കുന്ന ഈ പ്രവർത്തനങ്ങൾ വളരെയധികം ഫണ്ടുകളും, സർക്കാർ ജുഡീഷ്യറി തലത്തിലുള്ള ലോബ്ബിയിങ്ങും, നയപരമായ സ്വാധീനങ്ങളും ഒക്കെ ഉൾച്ചേർന്നതാണ് ഇവരുടെ പ്രവർത്തനങ്ങൾ. ആദ്യകാലങ്ങളിൽ അനേകം ആരോഗ്യ പ്രവർത്തകരെ ഇവർ അബോർഷൻ പ്രവർത്തനങ്ങൾ നടത്തി എന്ന് ആരോപിച്ച് കൊല ചെയ്തിട്ടുണ്ട്. രണ്ടാം ഫെമിനിസ്റ്റ് മുന്നേറ്റത്തോടുള്ള വരേണ്യ യാഥാസ്ഥിതികരുടെയും  വലതുപക്ഷത്തിൻ്റെയും

പ്രതികരണമായിട്ടാണ് ഇത് സംഭവിച്ചതും തുടരുന്നതും. ലോകത്ത് സംഭവിച്ച യാഥാസ്ഥിതിക മുന്നേറ്റങ്ങളെക്കുറിച്ച് പഠിക്കുമ്പോൾ ഇവ വളരെ പ്രധാനമാണ്.

സ്ത്രീ ലൈംഗികതയെ നിയന്ത്രിക്കുക, പാരമ്പര്യ യാഥാസ്ഥിതിക മൂല്യങ്ങൾ നിലനിർത്തുക, എന്നിവയൊക്കെ ആയിരുന്നു ഈ സംഘങ്ങൾ ഉദ്ദേശിച്ചിരുന്നത്. യാഥാസ്ഥികർ ലൈംഗികതയെയും അതിൻ്റെ വൈവിധ്യങ്ങളെയും ചർച്ചകളെയും അതിനനുകൂലമായ നയങ്ങളെയും ഒക്കെ എതിർക്കുന്നതിന് ലോകമൊട്ടാകെ ഇത്തരം സമാന മാതൃകകൾ ഉണ്ടായിരുന്നു. ചൈനയിലും, മധ്യേഷ്യയിലും ജപ്പാനിലും റഷ്യയിലും എല്ലാം ഇത്തരം യാഥാസ്ഥിക വരേണ്യ കൂട്ടായ്മകൾ അബോർഷൻ നയങ്ങൾക്ക് എതിരെ സങ്കടിക്കപ്പെട്ടിട്ടുണ്ട്.

REPRESENTATIVE IMAGE | WIKI COMMONS
എന്നാൽ ഇന്ത്യയിൽ അബോർഷൻ നേരെ തിരിച്ചുള്ള ഫലമാണ് ഉണ്ടാക്കിയത്. അഭ്യസ്ത വിദ്യരും നഗരവാസികളുമായ വരേണ്യർ അബോർഷനെ സ്വീകരിച്ചത് പെൺഭ്രൂണങ്ങളുടെ ദശലക്ഷണക്കിനുവരുന്ന കൂട്ടക്കുരുതിയിൽ ആണ് അവസാനിച്ചത്. ഒടുവിൽ അപകടകരമാം വിധം ലിംഗാനുപാതം ദേശീയ തലത്തിൽ താഴാൻ തുടങ്ങിയപ്പോൾ ഗർഭാവസ്ഥയിലുള്ള ലിംഗനിർണ്ണയ പരിശോധനകൾ ഇന്ത്യയിൽ  1994ൽ നിരോധിക്കുകയാണ് ഉണ്ടായത്. പിന്നീട് ഈ നിയമം 2003ൽ ഭേദഗതി ചെയ്തു. 

ആധുനികതയെയും ശാസ്ത്രീയതയേയും അതിന്റെ ഫലമായ സാങ്കേതിക വിദ്യകളെയും ഇന്ത്യൻ ജനത എങ്ങനെ സ്വീകരിച്ചു എന്നുള്ളതിന്റെ ഒരു മാതൃക ആയിരുന്നു ഇത്. ആധുനികത ഇന്ത്യക്കകത്ത് സ്വീകരിക്കപ്പെട്ടതും പരിണമിക്കപെട്ടതും എപ്പോഴും ഹിന്ദു മൂല്യസങ്കല്പങ്ങൾക്ക് അകത്തായിരുന്നു. അതിൻ്റെ ഉപകരണങ്ങളായ സ്ഥാപനങ്ങളും വ്യവസ്ഥകളും പുനരുല്പാദിപ്പിച്ചത് അതെ സാമൂഹിക ക്രമത്തെ തന്നെ ആയിരുന്നു. ഭാരത മാതാവ് എന്ന സങ്കല്പവും അത്തരമൊരു വ്യവസ്ഥയുടെ പുനരുല്പാദനമാണിപ്പോൾ ലഷ്യമിടുന്നത്. അത് ആധുനികതയുടെയും യാഥാസ്ഥികതയുടെയും സങ്കീർണമായ കൂടിച്ചേരലാണ്.

കേരളത്തിലെ യൂണിവേഴ്സിറ്റികളിൽ ഗവർണറുടെ ഇടപടലുകൾ ഭാരത മാതാവ് എന്ന സങ്കല്പവുമയി ബന്ധപെട്ട പുതിയ ചർച്ചകൾ ശക്തമാക്കിയിരിക്കുകയാണ്. 

രാജേന്ദ്ര അർലേക്കർ | PHOTO : WIKI COMMONS
ചരിത്രം 

ഭാരത മാതാവ് എന്ന സങ്കല്പത്തിൻ്റെ ചരിത്രം എങ്ങനെയുള്ളതാണ്, അതുമായി ബന്ധപ്പെട്ട മറ്റു പഠനങ്ങൾ എന്തൊക്കെയാണ് എന്നീ പരിശോധനകളിലൂടെ മാത്രമേ അത്തരമൊരു അന്വേഷണത്തിന് സാധ്യതയുള്ളൂ. 

ബംഗാളി എഴുത്തുകാരനായ ബങ്കിം ചന്ദ്ര ചാറ്റർജിയുടെ “ആനന്ദമദ്ദ്” എന്ന 1882ലെ നോവലിലാണ് ആദ്യമായി ഭാരത മാതാവ് എന്ന സങ്കൽപം രൂപപ്പെടുന്നത്. അതുകൊണ്ട് തന്നെ ഭാരത മാതാവ് എന്ന സങ്കൽപ്പം ബംഗാളിലെ ദുർഗ ദേവിയുടെ രൂപ ഭാവങ്ങളുമായി ഒത്തുപോകുന്നവയാണ്. ബംഗാളിലെ ഭരണകർത്താക്കൾക്കും ബ്രിട്ടീഷ് കൊളോണിയൽ ശക്തികൾക്കുമെതിരെ രഹസ്യമായി സായുധ സമരം നടത്താൻ ശ്രമിക്കുന്ന ഒരു കൂട്ടം സന്യാസിമാരുടെ ആശ്രമമാണ് ഈ മഠം. പിന്നീട് രവീന്ദ്ര നാഥ ടാഗോറിൻ്റെ മരുമകൻ അബനീന്ദ്ര നാഥ ടാഗോർ ആണ് 1905നോടടുത്ത് കാവി കൊടി കയ്യിലേന്തി നിൽക്കുന്ന ഭാരത മാതാവിന്റെ ചിത്രം രൂപകൽപന ചെയ്തത്.

അത് തീർച്ചയായും വീണ്ടും ഹിന്ദു ചിഹ്നങ്ങളും സ്വത്വ രൂപങ്ങളും കോർത്തിണക്കി രൂപപെടുത്തപ്പെട്ട ഒന്നായിരുന്നു. പിന്നീട് ദേശീയ മുന്നേറ്റത്തിന്റെ പ്രധാന ചിഹ്നമായി അത് മാറുകയാണ് ഉണ്ടായത്.  

അബനീന്ദ്രനാഥ് ടാഗോർ | PHOTO: WIKI COMMONS
ഭാരതമാതാവുമായി ബന്ധപ്പെട്ട ചില പഠനങ്ങൾ

ആദ്യകാലത്ത് തന്നെ ഹൈന്ദവമായ ഒരു അസ്തിത്വം ഈ സങ്കല്പത്തിൽ ഉൾച്ചേർന്നിരുന്നു എന്ന് സൂചിപ്പിച്ചല്ലോ, അത് ദേശീയ വ്യവഹാരങ്ങളിൽ ഹിന്ദുത്വ രാഷ്ട്രീയ ധാരയെ സഹായിക്കുകയാണ് ചെയ്തത്. ഇന്ന് ഇത് പ്രത്യക്ഷത്തിൽ തന്നെ ഹിന്ദുത്വ രാഷ്ട്രീയ ധാരയുടെ ചിഹ്നമായി രൂപപ്പെട്ടിരിക്കുന്നു.

തീർച്ചയായും അതിന് സ്ത്രൈണ ഭാവമുണ്ട്. പ്രത്യക്ഷത്തിൽ അത് സർവ സംഹാരരൂപിയായ വിരാട് പുരുഷനിൽ നിന്നും വ്യത്യസ്തമായ ഒന്നുമാണ്. പക്ഷെ അത് ഉല്പാദിപ്പിക്കുന്ന അർത്ഥതലങ്ങൾ തീർച്ചയായും സംരക്ഷിക്കപ്പെടേണ്ട മാതൃ സങ്കല്പത്തിലും അതിന്റെ വിശുദ്ധിയിലും ഊന്നി നിൽക്കുന്നവയാണ്. 

ഹൈന്ദവതയുടെ കേന്ദ്രമായ ജാതി വ്യവസ്ഥയുടെ പ്രത്യയശാസത്രം നിലനിൽക്കുന്നത് തന്നെ ബ്രാഹ്‌മണ സ്ത്രീയുടെ ചാരിത്ര സംരക്ഷണത്തിൽ ആയിരുന്നു എന്ന് അംബേദ്‌കർ കണ്ടെത്തിയിട്ടുണ്ട്. ജാതി വ്യവസ്ഥയുടെ ഉത്പത്തിയിലും പരിണാമത്തിലും ബ്രാഹ്‌മണ സ്ത്രീയുടെ ഇടകലരൽ തടഞ്ഞുകൊണ്ട് ബ്രാഹ്മണർ നടത്തിയ നിഷ്ടൂരമായ സതി വ്യവസ്ഥയും ബാല വിവാഹവും അടിച്ചേൽപ്പിച്ച ചാരിത്ര്യ ശുദ്ധിയും വളരെ നിർണായകമായിരുന്നു. ഇത് മറ്റ് സമുദായങ്ങൾ അനുകരിക്കാൻ തുടങ്ങിയതാണ് ജാതി വ്യവസ്ഥയുടെ ഘടനാപരമായ രൂപപ്പെടലിന് കാരണമായത് എന്ന് അംബേദ്‌കർ വിശദീകരിച്ചു (Ambedkar, B. R. 1917).

ഭാരത മാതാവ് എന്ന സങ്കൽപം ഇതിന്റെ മൂർത്തി ഭാവമായിട്ടാണ് ഇന്ന് നിലനിൽക്കുന്നതും ശക്തിപ്പെടുന്നതും.

ഡോ. ബി ആർ അംബേദ്കർ | PHOTO: WIKI COMMONS
രാഷ്ട്രത്തെ സ്ത്രൈണ വത്കരിക്കുക എന്ന പ്രവർത്തനം ഇന്ത്യക്കകത്ത് സംഭവിച്ചത് തന്നെ മാതൃ ഭാവത്തിലല്ല. മറിച്ച് ഉല്പാദന ക്ഷമമായിട്ടുകൂടി നിയന്ത്രണ വിധേയയായും സേവന സന്നദ്ധയും ദുർബലയുമായ സവർണ കന്യക ആയിട്ടാണ്. ഇന്ത്യക്കകത്തെ വൈവിധ്യങ്ങളായ സ്ത്രീത്വത്തെ അത് ഉൾക്കൊള്ളുന്നില്ല. 

കീഴാളരിൽ നിന്നും സവർണ പുരുഷന്മാരാൽ സംരക്ഷിക്കപ്പെടേണ്ട സവർണ കന്യകയെ ആണ് അത് കാഴ്ചവെക്കുന്നത്. അവൾ എപ്പോൾ വേണമെങ്കിലും അക്രമിക്കപ്പെടാനും കീഴാള പുരുഷന്മാരാൽ വശംവദ അകപെടുവാനും സാധ്യതയുണ്ടെന്ന മുൻവിധി കൂടി ഇത്തരം ചിഹ്ന വ്യവസ്ഥകളിലുണ്ട്.

 നാല് കൈയ്യുകളിൽ ഓരോന്നിലും അരിയും, വേദങ്ങളും, പട്ടും, രുദ്രാക്ഷവും കാവി കൊടിയും ചേർത്ത് ഉല്പാദിപ്പിക്കുന്ന അർത്ഥതലങ്ങൾ അതാണ് ലക്ഷ്യമാക്കുന്നത്. ജാതി വ്യവസ്ഥയുടെ പ്രത്യയശാസ്ത്ര രൂപങ്ങൾ ഘനീഭവിച്ച ഒന്നാണ് ഭാരതമാതാവിന്റെ യഥാർത്ഥ ചിത്രം. ഉല്പാദിപ്പിച്ചെടുത്ത പുരാവൃത്തമാണ് ( Invented Tradition) അത് എന്നാണ് ശ്രദ്ധ ഝാ സൂചിപ്പിക്കുന്നത്.ഇന്ത്യക്കകത്തെ വൈവിധ്യങ്ങളെ ഹിന്ദുത്വം എന്ന കുടക്കേഴിലേക്കും കൂട്ടായ സ്വത്വത്തിലേക്കും കൂട്ടിച്ചേർക്കാനുള്ള ശ്രമമായിരുന്നു അത്.
 
അബിന്ദ്രനാഥ് ടാഗോറിൻ്റെ ഭാരത് മാതാ ചിത്രം | PHOTO : WIKI COMMONS
ദേശീയ തലത്തിൽ കലകളെയും സിനിമകളെയും അത് സ്വാധീനിക്കുകയും ഈ സങ്കൽപത്തെ ഉപയോഗിക്കുന്നതിലൂടെ അത് ജനങ്ങളിലേക്ക് കൂടുതൽ ഇറങ്ങുകയും ചെയ്തു. “ഭാരത് മാതാ കി ജയ്” എന്നുള്ള മുദ്രാവാക്ക്യം ജനകീയമായതിന് ഇത്തരം കാരണങ്ങൾ പിന്നിൽ പ്രവർത്തിച്ചിട്ടുണ്ട്. അത്തരം മുദ്രവാക്യങ്ങൾ ഇപ്പോൾ ഹിന്ദുത്വ ശക്തികൾ ദേശ സ്നേഹം തെളിയിക്കാൻ ഉപയോഗിച്ച് വരുന്നു എന്ന് ശ്രദ്ധ ഝാ സൂചിപ്പിക്കുന്നു. 

ഭാരത മാതാവിന്റെ ചിത്രം കേവലം ഒരു രൂപകം മാത്രമല്ലെന്നും മറിച്ച് ക്ഷേത്രങ്ങളിലൂടെയും, വന്ദേമാതരം പോലുള്ള ഗാനങ്ങളിലൂടെയും ഘോഷയാത്രകളിലൂടെയും, പ്രാർത്ഥനകളിലൂടെയും മതപരമായി വിശുദ്ധീകരിക്കപ്പെട്ടതാണെന്നും ഝാ സൂചിപ്പിച്ചു. രാഷ്ട്രത്തിനും ഭരണകൂടത്തിനും അംഗീകാരം നല്കാൻ ഹിന്ദുത്വത്തിന്റെ മതാത്മക സ്വഭാവം തന്നെ അനുകരിക്കുകയും ഇടകലർത്തുകയും ചെയ്തുകൊണ്ട് ഒരു പുതിയ ഔദ്യോഗിക മതത്തിനെ തന്നെ  ഇത്തരം പ്രവർത്തനങ്ങൾകൊണ്ട് ദേശീയതക്ക് പകരം വച്ചു എന്ന് അവർ കണ്ടെത്തി (Jha, S. 2004). 

REPRESENTATIVE IMAGE | WIKI COMMONS
ഭാരത മാതാവ്, പ്രത്യയശാസ്ത്രപരവും പുരുഷാധിപത്യ പരവുമായി ഒരു സാമൂഹ്യ നിർമിതിയാണെന്ന് ശില്പ നിഗം വിശദീകരിക്കുന്നു. അവരുടെ അഭിപ്രായത്തിൽ ദേശത്തെ മാതൃത്വവുമായും മാതാവായും സങ്കല്പിക്കുന്നതാണ് അത്. എന്നാൽ സാമൂഹത്തിലെ പ്രത്യുല്പാദനത്തിലും സേവനത്തിനും സ്ത്രീകളുടെ മൂല്യം പരിഗണിച്ചുകൊണ്ട് ഭാരത മാതാവ് എന്ന സങ്കൽപത്തിനകത്തെ സ്ത്രീക്ക് രാഷ്ട്രീയ കർതൃത്വം ഇല്ലെന്നും അവർ വ്യക്തമാക്കി. അത് സ്ത്രീകളോട് ബഹുമാനവും ഭക്തിയും കാണിക്കണമെന്ന് പ്രതീക്ഷിക്കുകയും ചെയ്യുന്നു. ഒരു ഹിന്ദു സാംസ്കാരിക രൂപം എന്നുള്ള നിലക്ക് അത് മുസ്ലിം സ്ത്രീകളെയും അഹിന്ദുക്കളായ സ്ത്രീകളെയും പാർശ്വത്കരിക്കുന്നതാണെന്ന് അവർ കണ്ടെത്തി. അത്തരം ചിഹ്നങ്ങൾ മറ്റു ജാതി വർഗ ലൈംഗിഗ വൈവിധ്യങ്ങളെ കണക്കിലെടുക്കാത്ത ഒരു പൊതു സങ്കൽപം സ്ത്രീത്വത്തിന് മേൽ രൂപപ്പെടുത്തുകയും ചെയ്യും എന്നും അവർ വാദിക്കുന്നു (Nigam, S. 2025). 

ഭാരത മാതാവ് എന്ന മാതൃ സങ്കൽപം പല ഇന്ത്യൻ സിനിമകളിൽ പുനരാവിഷ്കരിക്കുകയും, പല രീതിയിൽ പുനരാഖ്യാനീക്കപ്പെടുകയും ചെയ്തു എന്നാണ് അഭനീന്ദ്ര നാഥ് ടാഗോറിന്റെ ചിത്രത്തെക്കുറിച്ച് പഠിച്ച സഹലി സിൻഹ, ജ്യോതിർമയി ദേബ് എന്നിവർ കണ്ടെത്തിയത്.

ധാർമിക പ്രതിരോധത്തിന്റെയും ത്യാഗപരമായ ദേശീയതയുടെയും മാതൃരൂപമായി മാറിയ 1957ൽ ഇറങ്ങിയ മദർ ഇന്ത്യ. സൈനികവത്കരണത്തിലൂടെയും, പൗരുഷത്തിലൂടെയും മാതൃ രാജ്യത്തെ വീണ്ടെടുക്കുന്ന 1999 മുതൽ 2000 വരെയുള്ള അനേകം സിനിമകൾ. സ്ത്രീകഥാപാത്രങ്ങൾ ഇല്ലാതെയോ അല്ലെങ്കിൽ ഉള്ളവ മുൻപ് സൂചിപ്പിച്ചതുപോലെയുള്ള മാതൃ സങ്കല്പത്തിലോ അത്തരം മാതൃകയിലോ ചിത്രീകരിക്കപ്പെട്ട കേസരി, ഉറി, സാം ബഹദുർ എന്നീ സമകാലീന ദേശ സ്നേഹ സിനിമകൾ എന്നിങ്ങനെ അവർ വലിയൊരു കാലഘട്ടത്തിലെ സിനിമകൾ അത്തരത്തിൽ പരിശോധിക്കുന്നു. ടാഗോറിന്റെ ഭാരത മാതാ ചിത്രം ഇന്ത്യൻ സിനിമകൾ വളരെയധികം ഉപയോഗിച്ചിട്ടുണ്ട്. ത്യാഗവും, ദേശ സ്നേഹവും അതിന്റെ ധാർമികമായ അനിവാര്യതയും സ്ത്രൈണവത്കരിച്ച് പലയാവർത്തി ഉപയോഗിക്കാവുന്ന ഒരു പ്രോപഗണ്ട ഉപകരണമായി അവർ അതിനെ മാറ്റി എന്ന് അവർ അഭിപ്രായപ്പെട്ടു (J. & Sinha, S. 2024).


REPRESENTATIVE IMAGE | WIKI COMMONS
1990കളിൽ സംഘപരിവാറിന്റെ ഉയർച്ചയിലൂടെ ഹിന്ദു ദേശീയതയുടെ പ്രത്യയശാസ്ത്രപരവും പ്രാദേശികവുമായ വിപുലീകരണത്തെ വിമർശനാത്മകമായി പരിശോധിക്കുന്ന സ്റ്റുവർട്ട് കോർബ്രിഡ്ജിന്റെ 1999ലെ ലേഖനം ഭാരത മാതാവ് എന്ന സങ്കല്പത്തെക്കുറിച്ചു മറ്റ് ചില വിവരങ്ങൾ പങ്കുവക്കുന്നു. കോർബ്രിഡ്ജ് പറയുന്നതനുസരിച്ച് ഈ സൈനികവൽക്കരണത്തിലെ ഒരു പ്രധാന ഘടകമാണ് ഭാരത മാതാ. ദേശീയത, മത സ്വത്വം, സൈനികത എന്നിവയെ ബന്ധിപ്പിക്കുന്ന ഒരു കേന്ദ്ര പ്രത്യയശാസ്ത്ര രൂപമായി അത് ഹിന്ദുത്വ ഭാവനക്കുള്ളിൽ മാറി. സൈനികവൽക്കരിക്കപ്പെട്ട ദേശീയ ആഖ്യാനത്തിലേക്ക് ഭാരത മാത പരിണമിച്ചു എന്ന് കോർബ്രിഡ്ജ് കണ്ടെത്തി.

ആത്മീയ സ്വഭാവമുണ്ടായിരുന്ന അബലയായ മാതൃഭാവം പ്രകടിപ്പിച്ചിരുന്ന ഭാരത മാതാ ഇന്ന് പ്രതിരോധം ആവശ്യമായ ഒരു  ബിംബമാണ്. സൈന്യത്തോടുള്ള അന്ധമായ ഭക്തിയും പൗരുഷമായ ഉത്തവാദിത്വങ്ങളും അക്രമണോല്സുകതയും ഉല്പാദിപ്പിക്കുന്ന ഒന്നായി അത് പുതിയ കാലത്ത് മാറി. സൈനികവത്കരണം ദേശ ഭക്തി നിറഞ്ഞ ഒന്നായി മാറ്റിക്കൊണ്ട് 1998ലെ പൊഖ്‌റാൻ അണുവിസ്ഫോടന പരീക്ഷണം ഭാരത മാതാവിന്റെ അഭിമാനം സംരക്ഷിക്കുന്ന ഒരു പ്രവർത്തനമായിട്ടാണ് ചിത്രീകരിക്കപ്പെട്ടത്. എന്ന് കോർബ്രിഡ്ജ് അഭിപ്രായപ്പെട്ടു.

സ്റ്റുവർട്ട് കോർബ്രിഡ്ജ് | PHOTO : WIKI COMMONS
മുസ്ലിങ്ങളെയും മതേതര വാദികളെയും ഇടതുപക്ഷത്തേയും ആഭ്യന്തര ശത്രുക്കളായി അത് ചിത്രീകരിച്ചു. ഹിന്ദുത്വത്തിന്റെ ഏകാത്മക കാഴ്ചപ്പാടിനോട് കൂറ് പുലർത്തുന്ന  ഭാരത മാതാവിനോട് ബഹുമാനമുള്ള സാംസ്കാരിക സഖ്യ കക്ഷികൾ എന്ന പുതിയ വർഗം രൂപം കൊണ്ടു. ഹിന്ദു രാഷ്ട്രത്തിന്റെ പൗരന്മാരെയും ആ പൗരത്വത്തിന് പുറത്തുള്ളവരെയും നിർണയിക്കുന്ന ഒരു അതിർത്തിയായ ഭാരത മാതാവ് പരിണാമം ചെയ്തു എന്ന് കോർബ്രിഡ്ജ് കണ്ടെത്തി. വൈകാരികമായ തീവ്ര ദേശീയതയും ദേശത്തോടുള്ള വിധേയത്വം നിർമിക്കലും അതിനോട് ചേർന്ന ആക്രമണത്തെ ന്യായീകരിക്കലും ഭാരത മാതാവിന്റെ അഭിമാനം സംരക്ഷിക്കുന്ന ഒന്നായി വിവക്ഷിക്കപ്പെട്ടു. റാലികളിലും പാഠ പുസ്തകങ്ങളിലും ജനകീയ മാധ്യമങ്ങളിലും ഈ മാറ്റങ്ങൾ ദൃശ്യമായിരുന്നു. (Corbridge, S. (1999). 

ഇന്ത്യക്കകത്ത് പല ക്ഷേത്രങ്ങളും ഭാരത മാതാവിനെ മൂർത്തി രൂപത്തിൽ ആരാധിക്കുന്നുണ്ട്. സ്വാതന്ത്ര്യ ദിനം, റിപ്പബ്ലിക്ക് ദിനം എന്നീ ദിവസങ്ങളിൽ ഇത്തരം ക്ഷേതങ്ങളിൽ പ്രത്യേക പൂജകളും നടക്കാറുണ്ട്. ഇത്തരം ക്ഷേത്രങ്ങളെക്കുറിച്ച് പഠിച്ച ഇഷ ടിർക്കി സൂചിപ്പിക്കുന്നത് ഈ ക്ഷേത്രങ്ങൾ പലപ്പോഴും ആർഎസ്എസിന്റെ നേതൃത്വത്തിൽ നിർമിക്കപ്പെടുന്നതാണ് എന്നാണ്. അത്തരം ക്ഷേത്രങ്ങൾ സദാചാര സംരക്ഷണത്തിന്റെ കേന്ദ്രങ്ങളാണ് എന്നാണ് അവർ അഭിപ്രായപ്പെടുന്നത്. അലൈംഗികമായ പരിശുദ്ധിയുള്ള ആത്മ ത്യാഗിയായ ഒരു ഭാരത മാതാവിന്റെ ചിത്രം പുനരുല്പാദിപ്പിച്ചുകൊണ്ട് ഹിന്ദു മാതൃത്വത്തിന്റെയും പാതിവ്രത്യത്തിന്റെയും മാതൃകകൾ സമൂഹത്തിലേക്ക് പ്രതിഫലിപ്പിക്കുക, യാഥാസ്ഥിതികമായ ലിംഗപദവികളും കർത്തവ്യങ്ങളും പുനരുല്പാദിപ്പിക്കുക എന്നിവയെല്ലാം ഇത്തരം ക്ഷേത്രങ്ങൾ ചെയ്തുപോരുന്നു എന്ന് അവർ അഭിപ്രായപ്പെട്ടു (Tirkey, I. 2024). 

മാതൃ രാഷ്ട്രത്തെയും മാതൃത്വത്തെതന്നെയും ഏത് വിധേനയും സംരക്ഷിക്കാനുള്ള വിവേചനങ്ങൾക്കും ആക്രമണങ്ങൾക്കും ന്യായീകരണമുള്ള കരുത്തരായ ഹൈന്ദവ പുത്രന്മാരുടെ ഒരു തരത്തിലുള്ള സൈനികവത്കരണവും ഈ ക്ഷേത്രങ്ങൾ സാധ്യമാക്കി.

REPRESENTATIVE IMAGE | WIKI COMMONS
ഭാരത മാതാവ് നിരുപദ്രവകാരിയാണോ?

ഇത്തരം പഠനങ്ങൾ ബഹുഭൂരിപക്ഷവും ഈ സങ്കൽപം രൂപപ്പെടുത്തുന്ന ഘടനപരവും സൂക്ഷ്മവുമായ പലവിധം വയലൻസുകളെക്കുറിച്ച് നിരവധി കണ്ടെത്തലുകൾ നടത്തപ്പെട്ടിട്ടുണ്ടെങ്കിലും ഭാരത മാതാവ് എന്ന സങ്കൽപം നിരുപദ്രവകരമാണ് എന്ന ചിന്ത പൊതുവെ ഭൂരിപക്ഷ ഹിന്ദു ജനങ്ങൾക്കിടയിൽ ഉണ്ട്. രാഷ്ട്രത്തെ ദൈവ സമാനമായ മാതൃ ഭാവത്തിൽ ഉൾകൊള്ളാൻ ശ്രമിക്കുന്നതിന് എന്ത് തരം പ്രശ്നമാണ് ഉണ്ടാകാൻ പോകുന്നത് എന്ന് പൊതുവിൽ മറ്റ് വിശ്വാസി വിഭാഗങ്ങളും ചിന്തിക്കുന്നുണ്ടാവാം. വിശേഷിച്ചും രാഷ്ട്രത്തിന് സ്ത്രൈണമായ ഒരു അസ്തിത്വം കല്പിച്ചു പോരുമ്പോഴും അത് സംഹാര രൂപമായ ഹിന്ദുത്വത്തിന്റെ വിരാട് പുരുഷ രാമ സങ്കല്പത്തിൽ നിന്നും വിഭിന്നമായ ഒന്നായി പ്രത്യക്ഷത്തിൽ കാണപ്പെടുകയും ചെയ്യും. 

ഭാരത മാതാവ് എന്ന സങ്കൽപം അതിന്റെ സ്ത്രൈണ മാതൃ ഭാവങ്ങളിൽ ഉള്ളതാണോ എന്ന ചോദ്യം ഈ അവസരത്തിൽ നിർണായകമാണ്. 

ആ സങ്കൽപത്തിന്റെ സമകാലീനമായ പരിണാമത്തിന്റെ ചരിത്രപരമായ ഉത്തരവാദിത്വം ഹിന്ദു യാഥാസ്ഥിക ധാരയിൽ നിന്ന് ഇപ്പോൾ മാഞ്ഞുപോയിരിക്കുന്നു. അതിനെ ഉൾക്കൊള്ളുകയും നിലനിർത്തുകയും ചെയേണ്ടത് ഇപ്പോൾ വരേണ്യ ഹിന്ദു വിശ്വാസി സമൂഹത്തിന്റെ സാംസ്‌കാരിക മേല്കോയ്മയുടെ അഭിമാന പ്രശ്നം ആയി മാറിക്കഴിഞ്ഞിരിക്കുന്നു.
 
REPRESENTATIVE IMAGE | WIKI COMMONS
അതിന് കാരണം ഭാരത മാതാവ് എന്ന സങ്കൽപം ഇന്ന് ഹിന്ദുത്വ ആശയപ്രപഞ്ചത്തിന്റെ ചിഹ്ന വ്യവസ്ഥയിൽ ഒരു കണ്ണിയായി ഫലപ്രദമായി സ്വരുചേർക്കപ്പെട്ടിട്ടുണ്ട് എന്നുള്ളതാണ്. ആ ചിഹ്ന വ്യവസ്ഥ ഇന്ത്യയിലെ സവർണ യാഥാസ്ഥിതിക സമൂഹത്തിന്റെ ആധുനികവത്കരണമാണ് തെളിയിച്ച് കാട്ടുന്നത്. അത് ഉല്പാദിപ്പിക്കുന്ന അർഥങ്ങൾ പൗരാണികമായ ഭൂതകാലത്തെ ഒരു ഭാരതം എന്ന സങ്കല്പത്തിലേക്ക് ആധുനിക ഇന്ത്യൻ ദേശരാഷ്ട്രത്തിന്റെ സ്വഭാവം കൂടി സന്നിവേശിപ്പിക്കുകയാണ് ചെയുന്നത്. 

ആധുനികതക്ക് എതിരായിട്ടല്ല മറിച്ച് ഹിന്ദുത്വത്തിനകത്തേക്ക് ആധുനികതയെകൂടി ഉൾച്ചേർക്കുകയാണ് പുതിയ ഈ പ്രവർത്തനം ചെയുന്നത്. ആധുനികതയും യാഥാസ്ഥിതികതയും ചേർന്നൊരു സവിശേഷമായ പുതിയ സാമൂഹിക മുന്നേറ്റത്തിന്റെ സഹസ്രശിരസുകളുള്ള സ്ഥൂല ഘടനയുടെ ഒരു ചെറിയ കണ്ണി മാത്രമാണ് ഈ അർത്ഥത്തിൽ ഭാരത മാതാവ്. ഇത്തരമൊരു സവിശേഷ സാഹചര്യം എങ്ങനെ സംഭവിക്കും എന്ന് സ്വാഭാവികമായും സംശയങ്ങളുയരാം. വിശേഷിച്ചും ആധുനികത എന്നത് യൂറോപ്പിന്റെ സവിശേഷ സാഹചര്യത്തിൽ ഉരുത്തിരിഞ്ഞ മെച്ചപ്പെട്ട സാമൂഹിക മാറ്റമായ ഒന്നായും യാഥാസ്ഥിതികത എന്നത് അതിന് എതിർവശത്തുള്ള ഒന്നായും കണക്കാക്കപെടുമ്പോൾ എങ്ങനെയാണ് ഇത് സംഭവിക്കുന്നതെന്ന് വിശദീകരിക്കേണ്ടി വരും. 

പ്രാഥമികമായി ഈ സാമൂഹിക മുന്നേറ്റം അഭ്യസ്ത വിദ്യരായ സവർണരുടെ വിഭവങ്ങളെക്കുറിച്ചുള്ള ഭയങ്ങളെ ഭരണകൂടത്തിന്റെ നയങ്ങളിൽ പ്രതിഫലിപ്പിയ്ക്കാൻ ശ്രമിക്കുന്ന ഒന്നാണ്. അവർ യൂറോപ്പ്യൻ ആധുനിക ദേശരാഷ്ട്ര സങ്കല്പങ്ങളെ ഉൾക്കൊള്ളുകയും അതിനോട് ബഹുമാനം വച്ച് പുലർത്തുകയും ചെയുന്ന ജനവിഭാഗമാണ്. തങ്ങളുടെ കൈവശമുള്ള ഭൗതികവും അല്ലാത്തതുമായ വിഭവങ്ങളുടെ പങ്ക് പുനര്വിതരണം ചെയ്യാതെ സംരക്ഷിച്ച് നിലനിർത്താൻ ഈ ആധുനിക ദേശ രാഷ്ട്രത്തിന്റെ നയങ്ങളിൽ  വിശ്വാസം അർപ്പിക്കുന്നവരാണ് ഇവർ. 

REPRESENTATIVE IMAGE | WIKI COMMONS
ഭാരത മാതാവ് ഒരു ആധുനിക ദേശരാഷ്ട്രത്തെ സമീകരിക്കുന്നതിന് കാരണം ആ ചിഹ്ന വ്യവസ്ഥ മുന്നോട്ട് വച്ചത് അഭ്യസ്ത വിദ്യരായ സവർണരുടെ കൂട്ടായ്മകളാണ് എന്നതിനാലാണ്. ബ്രിട്ടീഷുകാരാൽ ചൂഷണം ചെയ്യപ്പെട്ട് തകർന്ന് പോയ ഒരു സമ്പുഷ്ടമായ പഴയ കാലത്തേക്കുള്ള തിരിച്ചുപോക്കാണ് അത് സൂചിപ്പിക്കുന്നത്. മഹത്വവത്കരിക്കപ്പെടുന്ന ഈ പഴയ കാലതേകുറിച്ചുള്ള ഓർമ്മകൾ ഉൾകൊള്ളുന്ന പ്രത്യശാസ്ത്രത്തിന്റെ സാന്നിധ്യം ഇന്ത്യയിലെ സമകാലീനമായ സവർണ മുന്നേറ്റങ്ങളുടെ ഏറ്റവും വലിയ സവിശേഷതയാണ്.

കൈവശമുള്ള വിഭവങ്ങളുടെ സംരക്ഷണത്തിന്റെ മേലുള്ള ഭയത്തിൽ നിന്നുടലെടുക്കുന്ന ഇവരുടെ കൂട്ടായ പ്രതിരോധമാണ് പോസ്റ്റ് മണ്ഡൽ / പോസ്റ്റ് നവ ലിബറൽ കാലഘട്ടത്തിലെ യാഥാസ്ഥിക സാമൂഹിക മുന്നേറ്റങ്ങളെ മുഴുവൻ നയിച്ചത്. മഹത്വവത്കരിക്കപ്പെട്ട ആ പഴയകാലത്ത് തങ്ങളുടെ കൈവശമുണ്ടായിരുന്ന വിഭവങ്ങൾ ഇപ്പോൾ നഷ്ടപ്പെട്ട് പോയെന്നും അവയെല്ലാം സ്വർണത്തളികയിൽ കൊണ്ടുതരുന്ന ഒരു ഭാരത മാതാവിന് സമാനയായ ആധുനിക ദേശ രാഷ്ട്രമായി ഇന്ത്യയെ മാറ്റണമെന്നുമുള്ള ആഗ്രഹമാണ് ഇപ്പോൾ അവയെ നയിക്കുന്നത്. 

ഇന്ത്യക്കകത്ത് നടന്ന ഭൂപരിഷകരണ വിരുദ്ധ മുന്നേറ്റങ്ങളും, റിസർവേഷൻ വിരുദ്ധ മുന്നേറ്റങ്ങളും ബാബറി മസ്ജിദ് ധ്വംസനവും അടക്കം അനേകം സവർണ യാഥാസ്ഥിക മുന്നേറ്റങ്ങൾ ഈ ഭാരത മാതാവിന്റെ പുത്രന്മാർ ആരാണെന്നും ശത്രുക്കൾ ആരാണെന്നും വിളിച്ചോതുന്നവയായിരുന്നു. ഭാരത മാതാവ് ഹൈന്ദവ മൂർത്തി ഭാവമുള്ള ഒരു ദേശരാഷ്ട്രമായതുകൊണ്ട് തന്നെ അവളുടെ സ്വർണത്തളികയിൽ കൊണ്ടുവരുന്ന വിഭവങ്ങൾ അശുദ്ധരായവരുടെ കൈകളിലേക്ക് പോകരുത് എന്ന വീര പുത്രന്മാരുടെ കാമനകളെയും ഭയങ്ങളെയും ഭരണകൂട രൂപത്തിന്റെ നയങ്ങളിലൂടെ ഉറപ്പാകുകയായിരുന്നു.

REPRESENTATIVE IMAGE | WIKI COMMONS
ഈ ഭയങ്ങളാണ് വിവിധ സർക്കാരുകളുടെ നയങ്ങളിൽ പ്രതിഫലിച്ചതും. ദളിത് ആദിവാസി വിഭാഗങ്ങൾ കോളനിവത്കരിക്കപ്പെട്ട് ഭൂപരിഷകരണം പരാജയപ്പെടുകയും പിന്നീട് വിവിധ സർക്കാറുകൾ ഭൂപരിഷകരണ നയങ്ങളിൽ നിന്ന് പിന്നോട്ട് പോയതും ഇതുകൊണ്ടായിരുന്നു. സർക്കാർ ഉദ്യോഗങ്ങളിൽ സവർണ വിഭാഗങ്ങൾക്ക് ഉയർന്ന പ്രാതിനിധ്യം ഉണ്ടായിട്ടും വീണ്ടും അവർക്ക് സവിശേഷമായ സംവരണം നല്കപ്പെട്ടതും ഇതേ സവർണ ഭയങ്ങളുടെ നയങ്ങളിലെ ഖനീഭവിക്കൽ ആയിരുന്നു. ഇത് തന്നെയാണ് പൗരത്വ നിയമ  ഭേദഗതിയും ചെയ്തത്. 

ഇത്തരത്തിൽ ആധുനികതയുടെയും ഹൈന്ദവതയുടെയും മൂല്യ വ്യവസ്ഥകൾ തമ്മിൽ സങ്കീർണമായി കൂടിച്ചേരുന്ന ഒരു പുതിയ സവർണ മുന്നേറ്റത്തിന്റെ അപകടകരമായ സഹസ്രശിരസുകളുള്ള സ്ഥൂല ഘടനയുടെ ഒരു ചെറിയ ഘടകമാണ് ഭാരത മാതാവ്. 

ഉപസംഹാരം

ഇത്തരത്തിൽ ഇന്ത്യൻ പൗരത്വത്തിന്റെ അർത്ഥാന്തരങ്ങളെ തന്നെ പുതിയ രീതിയിൽ പുതുക്കി പണിയുന്ന ആധുനിക രാഷ്ട്ര സങ്കല്പത്തെയും ഭരണകൂട സങ്കല്പത്തെയും യാഥാസ്ഥികമായി പരിണമിപ്പിക്കാൻ കഴിയുന്ന സംഹാര രൂപിയായ ഒരു സങ്കൽപം തന്നെയാണ് സത്യത്തിൽ ഭാരത മാതാവ്. അത് സത്യത്തിൽ അക്രമണോല്സുകതയുടെ ബിംബമായ വിരാട് പുരുഷനായ രാമ സങ്കല്പത്തിൽ നിന്നുമോ ബജ്രങ്ഗ് ദളിന്റെ ക്രൂരനായ ഹനുമാനിൽ നിന്നോ വ്യത്യസ്തമല്ല.

References

  1. Ambedkar, B. R. (1917). Castes in India: Their Mechanism, Genesis and Development. Indian Antiquary, XLVI. 
  2. Jha, S. (2004). The Life and Times of Bharat Mata: Nationalism as Invented Religion
  3. Nigam, S. (2025). Resisting Gendered Citizenship: The Politics of Colonialism, Nationalism, and Maternalism in India.
  4. J. & Sinha, S. (2024). A Study of the Mother Archetype in Abanindranath Tagore's Bharat Mata Painting and its Influence in Indian Cinema.

 

#outlook
Leave a comment