TMJ
searchnav-menu
post-thumbnail

Outlook

വായനയും പുസ്തകവും

17 Jul 2023   |   3 min Read
ഇ പി രാജഗോപാലൻ

മുപ്പത്തിയഞ്ച് കൊല്ലം മുൻപ് നേരിൽ കേട്ട എം.ടി. വാസുദേവൻ നായരുടെ ഒന്നാമത്തെ പ്രസംഗത്തിൽ തന്നെ ഒരു വലിയ വായനക്കാരനെ കണ്ടുപിടിക്കാൻ കഴിഞ്ഞിരുന്നു. വായനയുടെ കണ്ണിലൂടെ മാത്രമായി ഒരു എഴുത്താളിനെ കാണുന്നത് ശരിയല്ല. എങ്കിലും അങ്ങനെയും എം.ടി. യെ കാണാൻ സ്വയം പ്രേരിതനായിത്തീർന്നിട്ടുണ്ട്. വായനക്കാരൻ (വായനക്കാരി) എന്നത് സർഗ്ഗാത്മകസ്ഥാനമാണ് എന്ന് താനെ തെളിയുകയായിരുന്നു.

വായന എന്നത് / reading എന്നത് മൗലിക പ്രാധാന്യമുള്ള വിഷയമാണ് എന്ന് ബോധ്യപ്പെട്ട 1990 തൊട്ടുള്ള കാലത്ത് എം.ടി.യെ ഒന്നുകൂടി നോക്കാൻ പ്രേരണയുണ്ടായി. 'രണ്ടാമൂഴ'ത്തിന് പിന്നിലെ വായനയുടെ ഊഴങ്ങൾ പ്രത്യേകം ശ്രദ്ധിച്ചു.. 'മഞ്ഞി'ലെ ഭാവാന്തരീക്ഷത്തിന്റെ രൂപീകരണത്തിൽ പുസ്തകസൂചനകൾ വഹിക്കുന്ന പങ്ക് തിരിച്ചറിയാൻ ശ്രമിച്ചു. 'ഇടവഴിയിലെ പൂച്ച, മിണ്ടാപ്പൂച്ച 'കണ്ടപ്പോൾ ഡിക്ഷണറി സീൻ പ്രത്യേകം ശ്രദ്ധിച്ചു. ലേഖനങ്ങളിലൂടെ വെളിപ്പെട്ട വായനയുടെ വേളകൾ തൊട്ട് കോഴിക്കോട്ടെ പഴയ പുസ്തകങ്ങൾ വില്ക്കുന്ന കടയിലെ സന്ദർശകനായ എം.ടി. എന്ന കാര്യം വരെ മനസ്സിൽ നിലനിന്നു പോന്നു. വായനയെക്കുറിച്ച് മാത്രമായുള്ള ഒരു ഇന്റർവ്യൂവിന് 2007 ൽ എം.ടി. സമ്മതിച്ചപ്പോൾ ഒരു വലിയ കാര്യം ചെയ്യുന്നതായിട്ടാണ് സ്വയം തോന്നിയത്. 

ഇപ്പോൾ എം.ടി. എന്ന വായനക്കാരനെക്കുറിച്ച് ഒരു പുസ്തകമെഴുതാൻ കഴിഞ്ഞിരിക്കുന്നു. എഴുത്തുകാരന്റെ വായന എന്ന വിഷയത്തെപ്പറ്റി എഴുതാൻ ഒരു മാതൃക കിട്ടാൻ ശ്രമിച്ചു. കിട്ടിയില്ല. ഒരു അമേച്വർ എഴുത്താണ് സാധ്യമായത്.



വായന ഒരു രഹസ്യമാണ്. ഒരാൾ ഒറ്റയ്ക്ക് ചെയ്യുന്ന പ്രവൃത്തിയാണത്. പൊതുലൈബ്രറിയിൽ ഇരുന്നുകൊണ്ടുള്ള വായനയായാലും അതിന്റെ ഗൂഢഭാവം ഇല്ലാതാവുന്നില്ല. വായിക്കുന്നത് ഏത് പുസ്തകമാണ് എന്ന് അപ്പോൾ അറിയാൻ കഴിഞ്ഞാലും അതിലെ ഏത് ഭാഗം, വാക്യം എന്നത് പരസ്യമാവുന്നില്ല. എന്താണ് ഒരാൾ പുസ്തകത്തിൽ നിന്ന് വായിക്കുന്നത് എന്നത് തികച്ചും രഹസ്യാത്മകം. സ്വന്തം അറിവും ലോകബോധവും വെച്ചാണ് ഒരാൾ വായിക്കുക. അയാൾ വായിക്കുന്ന സാമഗ്രി തന്നെ വേറൊരാൾ വായിക്കുമ്പോൾ കിട്ടുന്ന അർത്ഥവും അനുഭൂതിയും വേറെയായിരിക്കും.

ഒരർത്ഥത്തിൽ വായനയിലെ മൗലികമായ ഊർജ്ജം തന്നെ ഈ രഹസ്യസ്വഭാവമാണ്. രതിയോടാണ് അതിന് ബന്ധം. വായനയെപ്പറ്റി വായിച്ചയാൾ തന്നെ പറയണം. എന്നാലേ മറ്റുള്ളവർക്ക് കാര്യമറിയാനാവൂ. പലരും പറയാറില്ല. ചിലർ എന്തെങ്കിലും കുറച്ച് പറഞ്ഞാലായി. വായനക്കാരൻ (വായനക്കാരി) എന്നത് എഴുത്തുകാരൻ (എഴുത്തുകാരി) എന്നതു പോലെത്തന്നെ പ്രധാനമാണ് എന്ന് ഇന്നും വേണ്ടപോലെ അംഗീകരിച്ചിട്ടില്ല. ഒരാളുടെ ജീവിതം താൻ വായിച്ച പുസ്തകങ്ങൾ കൂടിയാണ് എന്ന് ഉറപ്പായിട്ടില്ല. ആൽബെർട്ടോ മാൻഗ്വെൽ എഴുതിയ A History of Reading എന്ന പുസ്തകം 1996 ലാണ് വന്നത്. എന്നിട്ടും ഇക്കാര്യത്തിൽ തീരുമാനമായിട്ടില്ല. പുസ്തകങ്ങളുടെയും മറ്റും ചരിത്രം മുഴുവനാകണമെങ്കിൽ വായിക്കുന്നവരുടെ ചരിത്രവും ഒപ്പം ഉണ്ടാകണം എന്ന സങ്കല്പനം വേരുറച്ചിട്ടില്ല. എഴുത്തുശീലമുള്ളവർക്ക് തന്നെ വായനാജീവിതം ഒരു വിഷയമാകാറില്ല.

ഇത് നികത്തപ്പെടേണ്ട ശൂന്യതയാണ്. എം.ടി. വാസുദേവൻ നായർ പ്രസക്തി നേടുന്നത് ഈ സന്ദർഭത്തിലാണ്. എം.ടി.യുടെ വായനാജീവിതത്തെപ്പറ്റി കേരളത്തിലെ വലിയൊരു വിഭാഗം ആളുകൾക്ക് അറിയാം. കാലാന്തരത്തിൽ പ്രശസ്തമായിത്തീർന്ന പല പുസ്തകങ്ങളെപ്പറ്റിയും ആദ്യമായി പറഞ്ഞ മലയാളികളിൽ ഒരാൾ എന്ന നിലയിലും അദ്ദേഹത്തെ അറിയുന്നവർ ഉണ്ട്. മുൻപേ പ്രശസ്തമായ കൃതികളുടെ വായനയിൽ ആ കൃതികളെ വേറിട്ട കാഴ്ചപ്പാടിൽ അവതരിപ്പിക്കാനും എം.ടി. ശ്രദ്ധിക്കുന്നു.

വിപുലമായ വായന എം.ടി.യുടെ ജീവിതത്തിന്റെ പ്രധാന വിഷയങ്ങളിൽ ഒന്നാണ്. വായിച്ച പുസ്തകങ്ങളെപ്പറ്റി അദ്ദേഹം പറയാറുണ്ട്; എഴുതാറുണ്ട്. വായന എന്നത് സർഗ്ഗാത്മകമായ ഒരു പ്രവർത്തനമാണ് എന്ന് എം.ടി.യെ നോക്കി പറയാനാവും. ഒരു തരത്തിൽ എം.ടി.യുടെ സമാന്തര ധൈഷണിക ജീവചരിത്രമാണ് വായനയുടെ ആ അനുഭവങ്ങൾ രേഖപ്പെടുത്തുമ്പോൾ രൂപം കൊള്ളുക. അതിനായി ഏറ്റവും ആശ്രയിക്കാവുന്നത് കാലാകാലങ്ങളിൽ അദ്ദേഹം എഴുതുന്ന ലേഖനങ്ങളും നടത്തുന്ന പ്രസംഗങ്ങളും മറ്റുമാണ്. അദ്ദേഹത്തിന്റെ കഥകളിലും നോവലുകളിലും തിരക്കഥകളിലും മറ്റും ഉള്ള പുസ്തകവേളകളും നോക്കി.


ഇ പി രാജഗോപാലൻ

എം.ടി. യുടെ തൊണ്ണൂറാം പിറന്നാൾ വേളയിലാണ് ഈ പുസ്തകം വരുന്നത്. ചുരുങ്ങിയത് എൺപതുകൊല്ലം പുസ്തകങ്ങളുമൊത്ത് ജീവിച്ച ആളാണ്. ആ വായനാവേളകളെക്കുറിച്ചെല്ലാം ഒരു പുസ്തകത്തിൽ പറയുക എന്നത് അസാധ്യമാണ് - അതിന്റെ ആവശ്യവുമില്ല. എം.ടി. പല വേളകളിലായി, പല ആവശ്യങ്ങൾക്കായി വെളിപ്പെടുത്തിയ (ചിലപ്പോൾ തന്റെത് എന്ന മട്ടിലല്ലാതെ സൂചിപ്പിച്ച) സ്വന്തം വായനയുടെ കാര്യങ്ങളാണ് ഇവിടത്തെ ആധാരസാമഗ്രികൾ. അവ വെച്ച് ആ വായനക്കാരന്റെ സ്വരൂപം എഴുതിയുണ്ടാക്കാനാണ് ഒരുമ്പെട്ടത്.

വായനയുടെ ഉറവകളെയും ഒഴുക്കുകളെയും പറ്റിയുണ്ടായ പല സിദ്ധാന്തങ്ങളും സാന്ദർഭികപ്രസ്താവങ്ങളും ഉപകരിച്ചിട്ടുണ്ട്. എന്നാൽ സിദ്ധാന്തവാശി പുലർത്തിയിട്ടില്ല. ഒരു രീതിശാസ്ത്രം പിൻപറ്റിക്കൊണ്ടുള്ള പുസ്തകമെഴുത്ത് നടന്നിട്ടില്ല. അദ്ധ്യായങ്ങൾ തീരുമാനിച്ചതിൽ ഏതെങ്കിലും സിദ്ധാന്തത്തിന്റെയോ 'ആധികാരിക' ഗ്രന്ഥത്തിന്റെയോ സ്വാധീനമോ സഹായമോ ഇല്ല.

'എഴുത്തുകാരനായ വായനക്കാരൻ' എന്നത് മലയാളത്തിൽ പതിവുള്ള പ്രയോഗമല്ല. താൻ ആര് എന്ന ചോദ്യത്തിനുള്ള ഒരു ഉത്തരമെന്ന പോലെ എം.ടി. അങ്ങനെ പ്രയോഗിച്ചിട്ടുണ്ട്. ബർണാഡ് മാലെമൂഡിന്റെ 'ദ ടെനന്റ്‌സ് ' എന്ന നോവലിനെപ്പറ്റി എഴുതുമ്പോഴാണത്. ഒരു എഴുത്തുകാരനെ വായനക്കാരൻ കൂടിയായി പരിഗണിക്കുന്ന ഈ പുസ്തകം മലയാളത്തിലെ 'എം.ടി. വിജ്ഞാനീയ 'ത്തിന്റെ ഭാഗം കൂടിയാണ് എന്ന് വിചാരിക്കുന്നു.


Leave a comment