ഏകാന്തതയുടെ തൊണ്ണൂറുവര്‍ഷങ്ങള്‍
എം.ടി.യുമായി അന്‍വര്‍ അബ്ദുള്ള 2017 ൽ നടത്തിയ അഭിമുഖത്തെ ആധാരമാക്കി എം.ടി.യുടെ വാക്കുകളിലൂടെ...
കോളറാകാലത്തെ ബാല്യം
കുട്ടിയായതുകൊണ്ടും പിന്നെ, എന്റെ ഗ്രാമം അങ്ങനെ പത്രമാസികകളോ രാഷ്ടീയചലനങ്ങളോ ഒന്നും ഇല്ലാത്ത ഗ്രാമമായിരുന്നു. പുഴവക്കത്തുള്ള ഗ്രാമത്തില്‍നിന്ന് ഞങ്ങളുടെ സ്‌കൂള്‍ ആറുനാഴിക ദൂരെയാണ്. റെയില്‍വേ സ്റ്റേഷന്‍ ആറ് നാഴിക ദൂരെയാണ്. ബസ്റ്റാന്‍ഡ്.....ബസ്റ്റാന്‍ഡ് നാല് നാഴിക ദൂരെയാണ്. ബസ്റ്റാന്‍ഡ് അല്ല, ആ വഴിക്കൊരു ബസ് പോകുന്നുണ്ട്. കുന്നംകുളം - ഗുരുവായൂര്‍ക്കു പോകുന്നത്. രണ്ട് ബസ്സോ മറ്റോ ആയിരുന്നു. ബസ് പോകുന്ന റോഡില്‍ എത്തണമെങ്കില്‍ നാല് നാഴിക വേണം.... അങ്ങനെ ഒരു വളരെ ഒറ്റപ്പെട്ടിട്ടുള്ള ഗ്രാമപ്രദേശമാണ്. ആ ഗ്രാമപ്രദേശത്തിലാണ് ഞാന്‍ വളര്‍ന്നത്. അതുകൊണ്ട് പുസ്തകങ്ങള്‍, മാസികകള്‍ ഇതൊന്നും ഞാന്‍ കാണുകയേയുണ്ടായില്ല. പക്ഷേ, ചിലതൊക്കെ ഉണ്ടായിരുന്നു....
42ലെ കോളറ, ഞാന്‍ കുട്ടിയായിരിക്കുമ്പോള്‍ റോട്ടിലൂടെ മൃതദേഹങ്ങള്‍ പള്ളിപ്പറമ്പിലേക്ക് കൊണ്ടുപോകുന്നത് ദൂരെനിന്ന് കാണാം. അതിന്റെ കൂട്ടത്തിലുള്ള പ്രാര്‍ത്ഥനകളും. അതൊക്കെ മനസ്സില്‍ ഞാന്‍ സൂക്ഷിച്ചുവയ്ക്കുന്നു. കുറച്ചൊരു രാഷ്ട്രീയപ്രബുദ്ധതയുള്ള ഒന്നുരണ്ട് ആളുകള്‍ ഈ കോളറ ബാധിച്ച ഗ്രാമത്തിലേക്ക് പോയി കോളറക്കെതിരായ കുത്തിവെപ്പ് നടത്തിയിട്ടുണ്ട്. പൊന്നാനിയിലേക്ക് ആളെ അയച്ച്, അതിന്റെ സാധനങ്ങളൊക്കെ കൊണ്ടുവന്നിട്ടാണ് ഈ കുത്തിവെപ്പ് നടത്തിയത്.
കവിതയുടെ താളം
ഞാന്‍ കവിതയാണ് ആദ്യമൊക്കെ വായിച്ചിരുന്നത്. പഠിക്കാന്‍ ഒക്കെ ഉണ്ടാവും, ഞങ്ങളുടെ കുട്ടിക്കാലത്തൊക്കെ പ്രധാനവിനോദം എന്നുപറഞ്ഞാല്‍ അക്ഷരശ്ലോകം ചൊല്ലലാണ്. ഞാന്‍, എന്റെ ജേഷ്ഠന്‍, അച്ഛന്റെ രണ്ടു മരുമക്കള്‍. ഞങ്ങള്‍ അന്ന് ചെറിയൊരു വാടകവീട്ടിലാണ് താമസിച്ചിരുന്നത്. കുമാരനെല്ലൂര്‍ ഹൈസ്‌കൂളിനടുത്ത്. ഇതിനുപറ്റിയ അക്ഷരശ്ലോകങ്ങള്‍ കണ്ടുപിടിക്കുക, അത് പഠിക്കുക എന്നത് ഞങ്ങള്‍ തമ്മിലുള്ള ഒരു മത്സരമായിരുന്നു. പിന്നെ സ്‌കൂളില്‍ എത്തുമ്പോഴും മത്സരം ഉണ്ടാവും. അങ്ങനെയാണ് തുടക്കം. അതുകൊണ്ടാണ് ആദ്യം കവിതകള്‍ എഴുതണം എന്ന് തോന്നിയത്. എന്താ എഴുതേണ്ടത് എന്നൊന്നുംഅറിയില്ല. അങ്ങനെ അധികം വായിച്ചിട്ടുള്ള പരിചയമില്ല. വായിക്കാനുള്ള സൗകര്യവും ഇല്ല. പിന്നെ ഒരു പരീക്ഷണമായിരുന്നു.
PHOTO: WIKI COMMONS
ഒറ്റയ്ക്കു കളിക്കാവുന്ന കളി
ഞാന്‍ എവിടെയോ പറഞ്ഞതുപോലെ ഒറ്റയ്ക്ക്നിന്ന് കളിക്കാവുന്ന ഒരു കളിയായിരുന്നു എന്നെ സംബന്ധിച്ചിടത്തോളം അന്നത്തെ ഈ എഴുത്ത്. എന്ന് പറഞ്ഞാല്‍ മൂന്നാല് കുട്ടികള്‍ ഉണ്ടെങ്കില്‍ കളി വേറെ. ഇത് വേറെ ആരും ഇല്ല എനിക്ക് കൂട്ടിന് കളിക്കാന്‍.... അപ്പോള്‍ ഈ കുന്നുംപുറത്തും ഒക്കെ അലഞ്ഞുനടക്കുമ്പോള്‍ എനിക്കൊരു വിനോദം; ഒറ്റയ്ക്ക്കളിക്കാവുന്നത്. ഞാന്‍ മനസ്സില്‍ ചില വരികള്‍ ഉണ്ടാക്കും. ആ വരികള്‍ മനസ്സില്‍ ഉരുവിട്ടുനോക്കും. പിന്നെ, തിരിച്ചുവന്ന് ഏതെങ്കിലും ഒരു മൂലയില്‍ മറന്നുപോകാതിരിക്കാന്‍ വേണ്ടി കുറിച്ചുവെക്കും. ഇതൊരു വിനോദമായിരുന്നു. അക്ഷരങ്ങളെകൊണ്ടുള്ള ഒരുവിനോദം. അവനവനു വേണ്ടി. വേറെ ആരും അതില്‍ പങ്കാളിയല്ല, അതൊരു തുടക്കമാണ്. എഴുത്തിന്റെയൊക്കെ തുടക്കം എന്നുപറഞ്ഞാല്‍ അതാണ്....
വിഷം തീണ്ടിയ കാള
ഒരു നാലുവയസ്സു മുതല്‍ക്കുള്ള എല്ലാ സംഭവങ്ങളും.... എല്ലാമല്ലാ, അതിലോര്‍മിക്കേണ്ടതെന്ന് തോന്നുന്ന പല സംഭവങ്ങളും വളരെ കൃത്യമായിട്ട് ഇന്നലെ നടന്നതുപോലെ എന്റെ മനസ്സിലുണ്ട്. അത് എന്തോ ഒരു ഭാഗ്യം... ആ ഓര്‍മ എന്നുള്ളത്, മനസ്സിനങ്ങനെ ഒന്ന് സാധിക്കുന്നുണ്ട്. ഞാന്‍ ഈ ബാല്യത്തെക്കുറിച്ചൊക്കെ കുറെ കഥകളില്‍ എഴുതിയിട്ടുണ്ട്. ലേഖനങ്ങളും കുറച്ചൊക്കെ എഴുതിയിട്ടുണ്ട്. ആത്മകഥാരൂപത്തിലല്ല. ഞാന്‍വീട്ടീന്ന് മാറിപ്പോയിട്ട് പലവീടുകളിലും താമസിച്ചിട്ടുണ്ട്. തൊട്ടപ്പുറത്ത് ഒരുവീട്ടില്‍ ഒരുകാളയെ വിഷമിളകിയിട്ടുള്ള ഒരു കുറുക്കന്‍ കടിച്ചു. വിഷംഇളകിയിട്ടുണ്ട് എന്നവര്‍ക്ക് മനസ്സിലായിരുന്നു. അതിനെ കെട്ടിയിട്ടിട്ടുണ്ട്. ഒരുനാലോ അഞ്ചോദിവസം കുറ്റിയില്‍കിടന്ന് അതിന്റെ പരാക്രമം. അങ്ങനെയാണ് അത് ചത്തത്. ഇത് ഞാന്‍ ഇന്ന് ചിലരോട് പറഞ്ഞപ്പോള്‍ ആ കാലത്ത് ഉണ്ടായിരുന്നവര്‍ക്കും ആ വീട്ടുകാര്‍ക്ക് പോലും ആ സംഭവം ഓര്‍മ്മയില്ല. പക്ഷേ ഞാനന്നൊരു നാലഞ്ചുവയസ്സുള്ള കുട്ടിയാണ്. തൊട്ടടുത്തുള്ള ചെറിയവീട്ടിലെ എനിക്ക് അസ്സലായിട്ട് ഈ കാളയുടെ പരാക്രമം ഓര്‍മ്മയുണ്ട്.
അവനവന്റെ മുറ്റം
ഞങ്ങളുടെ വീട് ഭാഗംകഴിഞ്ഞു. രണ്ടു വീടുകളായി. ഈവീടും ആവീടും. ഈ വീട് എടുത്ത കൂട്ടരില്‍ മുതിര്‍ന്ന ആണുങ്ങളുണ്ട് 18-19 വയസ്സായിട്ടുള്ളവര്‍. ഞാനിപ്പുറത്തെ വീട്ടിലെ ചെറിയ കുട്ടിയാണ്. എന്നെ ഇവരുടെ ഇടയിലേക്ക് കളിക്കാന്‍ സന്ധ്യയ്ക്കു വിട്ടപ്പോള്‍ ഈ ആണ്‍കുട്ടികള്‍ തമ്മിലുള്ള മത്സരത്തില്‍, ഒരു ുട്ടിക്ക് ഒരു നിക്ക് നെയിം ഉണ്ട്. ആ പേര് പറഞ്ഞ് എന്നെക്കൊണ്ട് ആ കുട്ടിയെ അതു വിളിപ്പിച്ചു. എനിക്കൊന്നുമറിയില്ല... എന്തിന് വിളിച്ചതെന്നൊന്നും. ആ മുതിര്‍ന്ന കുട്ടി വന്ന് എന്റെ തലയ്ക്ക് ഒരൊറ്റയിടി ഇടിച്ചു. ഇത് ഞാന്‍ പറഞ്ഞപ്പോള്‍ എന്റെ ഇപ്പോള്‍ ജീവിച്ചിരിക്കുന്ന ജ്യേഷ്ഠന്‍ പറഞ്ഞു, അങ്ങനെ ഉണ്ടായിട്ടില്ലല്ലോ എന്ന്. പക്ഷേ, ഞാന്‍ പറഞ്ഞു, അങ്ങനെ ഉണ്ടായിട്ടുണ്ട്. നമ്മുടെ വല്യേട്ടന്‍ ഞാന്‍ നിലവിളിച്ചപ്പോള്‍ അവനവന്റെ മുറ്റത്തിരുന്നു കളിച്ചാല്‍ പോരെ എന്നു ശാസിച്ചത് എനിക്ക് ഇപ്പോഴും ഓര്‍മയുണ്ട്. അപ്പോള്‍ ഈ ഓര്‍മ്മകള്‍ വലിയൊരു സമ്പാദ്യമാണ്. ബാല്യത്തിലെയും... കൗമാര്യത്തിലെയും... ഓരോകാലത്തെയും... അത് എന്റെ എഴുത്തിന് ഉപകരിച്ചു.
PHOTO: FACEBOOK
റിജക്ട്... നമുക്കിതുവേണ്ട
എന്റെ സീനിയര്‍ ആയിട്ടുള്ള എഴുത്തുകാരുടെ കൃതികള്‍, തകഴിയുടേയും പൊറ്റെക്കാട്ടിന്റെയും ഒക്കെ വായിച്ചാല്‍ രസം തോന്നും. എനിക്കൊരത്ഭുതം തോന്നും. അപ്പോള്‍ എന്റെ ഉള്ളിന്റെയുള്ളില്‍ ഇവരെപ്പോലെ എഴുതണം എന്നല്ല ഇവരൊക്കെ ചെയ്യുന്ന മാതിരി എന്തെങ്കിലും ചെയ്യാന്‍പറ്റുമോ എന്നെക്കൊണ്ട് എന്ന് പരീക്ഷിക്കേണ്ടതാണെന്ന് ഞാന്‍ സ്വയം എന്നോട് പറയുന്നു. 'നീയും ഒന്ന്ശ്രമിക്ക്' വേറാരോടും അല്ല - സ്വയം; നീയും ഒന്ന് ശ്രമിച്ചുനോക്ക്.
ഞാന്‍ ചിലത് ചെയ്യുന്നു. എനിക്കുതന്നെ തോന്നുന്നു, അത്ശരിയായില്ല, കളയുന്നു... ആ കളയുന്ന സ്റ്റേജ് വളരെ പ്രധാനപ്പെട്ടതാണ്. റിജക്ട്... ശരിയായില്ല അതില്‍ യാതൊരു കരുണയും ഇല്ലാതെ തിരസ്‌കരിക്കാന്‍ സാധിക്കണം. ഇനിയും നമുക്ക് നോക്കാം. അതോടുകൂടി നിരാശനാവുകയല്ല. നമുക്ക് ഇനിയും നോക്കാന്നേ... അത് പോട്ടെ... ആ ഒരു സ്റ്റേജ് ഒരു പ്രധാനഘട്ടമാണ് എഴുത്തിന്റെ. നമ്മള്‍ നിഷേധിക്കുന്നു. വേണ്ട... റിജക്ട്....നമുക്കിനിയിത് നോക്കാം.
എവിടെനിന്നോ ആരോ ശ്രദ്ധിക്കുന്നു
എത്ര വായനക്കാരുണ്ട് എന്നത് എനിക്കറിയില്ല. പക്ഷേ ആദ്യകാലത്തായാലും ഞാന്‍ എഴുതിക്കഴിഞ്ഞാല്‍ അച്ചടിച്ച അല്ലെങ്കില്‍ പുറത്തുവന്ന ഒരു കൃതിയെപ്പറ്റി അജ്ഞാതനായ അല്ലെങ്കില്‍ അജ്ഞാതയായ ഒരു വായനക്കാരനോ വായനക്കാരിയോ എനിക്ക് ചിലപ്പോള്‍ എഴുതും. ഒരു കത്തെഴുതിയേക്കാം... അപ്പോള്‍ എനിക്കൊരു അത്ഭുതം തോന്നും. എവിടെയോ ഉള്ള ഒരാള്‍ എന്റെ ഈ അക്ഷരങ്ങളെ വച്ചുകൊണ്ട്...അതില്‍ ചിലപ്പോള്‍ ചില നിര്‍ദ്ദേശങ്ങള്‍ കൂടി തന്നേക്കാം, അതില്‍ അലോഗ്യം ഒന്നുമില്ല. പക്ഷേ എവിടെനിന്നോ ആരോ ശ്രദ്ധിക്കുന്നു. കുന്നുംപുറത്ത് ഞാന്‍ ഇങ്ങനെ ചുറ്റി നടന്നപ്പോള്‍ മനസ്സില്‍വന്ന ചിലവരികള്‍ ഞാന്‍ എഴുതി ഉണ്ടാക്കിയത് എവിടെയോ അച്ചടിച്ചുവന്നു. എവിടെയോ അത് കണ്ട് ഒരാളില്‍ ഒരു പ്രതികരണം ഉണ്ടാകുന്നു. ഒരാളിലാവാം അല്ലെങ്കില്‍ പത്തുപേരിലാവാം. അതൊരു വലിയകാര്യമാണ്. ഒരുത്തരവാദിത്തമാണ് എന്ന് തോന്നിപ്പോകും. അതൊരു സ്റ്റേജ് ആണ്. എഴുത്തിന്റെ ഒരു സ്റ്റേജ്. വായനക്കാരില്‍ എത്തുന്നു... അവരത് ശ്രദ്ധിക്കുന്നുണ്ട് എന്നുള്ളത് കൊണ്ട് നമ്മള്‍ എഴുതുന്നത് ശ്രദ്ധിക്കണം. എന്തിനാവരി... അതാവശ്യമില്ലല്ലോ എന്ന് നമുക്ക് തന്നെ നമ്മോട് പറയാന്‍ പറ്റണം. അതെഴുത്തിന്റെ ഒരു ഘട്ടമാണ്. നമുക്കൊരുത്തരവാദിത്തമുണ്ട്. പബ്ലിഷറോടല്ല. പൈസ കിട്ടുമോ എന്നുള്ളതല്ല എവിടെയോ ഇരിക്കുന്ന ചില ആളുകള്‍ ഇത് ശ്രദ്ധിക്കുന്നു. എന്തിനീ വാക്ക്... അവരുടെ മുമ്പില്‍ എത്തിയാല്‍ അവര്‍ക്ക് എന്തുതോന്നും. വെട്ടിക്കളയാം. ആ വരി വെട്ടിക്കളയാം എന്നുതോന്നും.
തീവണ്ടിയിലെ പോലീസുകാരന്‍
ഞാനൊരിക്കല്‍ തീവണ്ടിയില്‍ യാത്രചെയ്യുമ്പോള്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന പോലീസുകാരന്‍ എന്റെ അടുത്തുവന്ന് സാറിന് ബര്‍ത്തൊക്കെ കിട്ടിയില്ലേ എന്നന്വേഷിച്ചു. പിന്നീടു വീണ്ടും ഡ്യൂട്ടിക്കിടയില്‍വന്ന് സാര്‍ അവസാനം ആ 'മുത്തശ്ശിമാരുടെ രാത്രി' അല്ലേ വന്നത്. അതിനുശേഷം പുസ്തകം ഒന്നും വന്നിട്ടില്ലല്ലോ എന്ന് ചോദിച്ചു. പോലീസുകാരനാണ്, അയാള്‍ ഡ്യൂട്ടിക്കിടയിലാണ്, പക്ഷേ, അയാള്‍ എന്റെ അവസാനത്തെ പുസ്തകം ഏതെന്ന് അന്വേഷിച്ചു. അതൊരു മാസ് കള്‍ട്ട് ഉണ്ടായിട്ടല്ല. എവിടെയൊക്കെയോ എന്റെ തെറ്റുകള്‍കൂടി ക്ഷമിക്കുകയും ഈ തെറ്റുകള്‍ തിരുത്തി അദ്ദേഹം വീണ്ടുംവരുമല്ലോ എന്ന് പ്രതീക്ഷിക്കുകയും ചെയ്യുന്ന ചിലരുണ്ട്. അവരാണ് എന്നെ നിലനിര്‍ത്തുന്നത്.
REPRESENTATIONAL IMAGE: WIKI COMMONS
എനിക്കല്ലേ അറിയുള്ളൂ, ഞാന്‍ വിശന്നുകിടന്നത്
മരുമക്കത്തായവ്യവസ്ഥയിലാണ് ഈ അധികാരത്തിന്റെ പ്രശ്നങ്ങള്‍ വന്നിട്ടുള്ളത്. അത് നേരിട്ട് ഞാന്‍ അനുഭവിച്ചതല്ല, എന്റെ അമ്മ പറഞ്ഞിട്ടുള്ളതാണ്. അമ്മ ഞങ്ങളോട് പറഞ്ഞിട്ടുള്ളതല്ല. മറ്റു സ്ത്രീകളോട് കൂട്ടംകൂടലുകളുടെ ഭാഗമായിട്ടു പറഞ്ഞുകേട്ടിട്ടുള്ളതാണ്. അധികാരപ്രമാണിമാരെ ഭയന്നിട്ടാണ് എന്റെ അമ്മയും ചെറിയമ്മയും ഒക്കെ വളര്‍ന്നത്. അത് പലപ്പോഴും തീമായി വന്നിട്ടുണ്ട്. സത്യത്തില്‍ ഇതിലൊന്നും അതിശയോക്തിയില്ല. എന്റെ ജ്യേഷ്ഠന്മാര്‍ കൂടി അവസാനം എന്നോടു തര്‍ക്കിക്കാന്‍ വന്നു 'അവനത്ര ബുദ്ധിമുട്ടൊന്നും ഉണ്ടായിട്ടില്ല'! എനിക്കല്ലേ അറിയുള്ളൂ, ഞാന്‍ വിശന്നുകിടന്നത്... എനിക്കല്ലേ അറിയുള്ളൂ, എനിക്ക്പിറന്നാള്‍ ഉണ്ടായിട്ടില്ല.... പരമസത്യമാണത്. അവസാനം ഏട്ടന്മാരും സമ്മതിക്കാന്‍തുടങ്ങി. കര്‍ക്കിടകത്തില്‍ എനിക്കൊരു പിറന്നാളുണ്ടാവില്ല, സദ്യയുണ്ടാവില്ല, അന്ന് ഭരിക്കുന്നവര്‍- കാരണവന്മാര്‍ അരിയോ നെല്ലോ അളന്നിട്ടുണ്ടാവില്ല. ഇതൊക്കെ പരമസത്യങ്ങളാണ്. ഫിക്ഷനല്ല. വായിക്കുമ്പോള്‍ ചിലപ്പോള്‍ അത്ഭുതംതോന്നും. പക്ഷേ, അങ്ങനെയൊക്കെ ഉണ്ടായിരുന്നു. അങ്ങനത്തെ ഒരു സാമൂഹികവ്യവസ്ഥ ഉണ്ടായിരുന്നു. വലിയമ്മാവന്‍ ഭരിക്കുക... വലിയമ്മാവന്റെ ഭാര്യയ്ക്ക് അടുക്കളയില്‍ വേറെ ശാപ്പാട് ഉണ്ടായിരിക്കുക... ഇതൊക്കെ ഉണ്ടായിരുന്നു. അമ്മ പറഞ്ഞുകേട്ടിട്ടുള്ളതാണ്. അമ്മ ചെറുപ്പമായിരുന്ന കാലത്ത് അവരിതൊക്കെ അനുഭവിച്ചിട്ടുണ്ട്.
എനിക്ക് നിങ്ങളോട് ചിലത് പറയാനുണ്ട്...
എനിക്കൊരു പ്രമേയംകിട്ടുന്നു. അത് എഴുതേണ്ടതാണെന്ന് തോന്നുന്നു. അതിനെപ്പറ്റി ഒരു രൂപമുണ്ടാക്കാന്‍ ഞാന്‍ ശ്രമിക്കുന്നു. അതിന് പറ്റിയരീതിയില്‍ അതെങ്ങനെ അവതരിപ്പിക്കണം എന്ന് എന്റെ മനസ്സില്‍തന്നെ വാദപ്രതിവാദങ്ങള്‍ നടന്നിട്ടാണ് അതിന് ഞാനൊരു രൂപം കൊടുക്കുന്നത്. അത് ഏതില്‍പെട്ടതായാലും ശരി. എനിക്കൊരു കഥപറയാനുണ്ട്.... എനിക്ക് നിങ്ങളോട് ചിലത് പറയാനുണ്ട്... ഇതാനോക്കൂ, എന്റെ ഗ്രാമത്തില്‍ ഇങ്ങനെ ചിലതു സംഭവിച്ചിരുന്നു, അതിനെപ്പറ്റി ഒന്ന് ആലോചിക്കു... മഴ വരുന്നതിനു മുന്‍പ് ആത്മഹത്യ ചെയ്ത പെണ്‍കുട്ടിയുടെ ശരീരം ഒരുക്കണം... ആ കുട്ടി മരിക്കാന്‍ കിടക്കുമ്പോള്‍ ആരും പോയിട്ടില്ല. എല്ലാവരും കണ്ടില്ല കേട്ടില്ല എന്നുള്ള മട്ടില്‍നിന്നു. മരിച്ചുകഴിഞ്ഞപ്പോള്‍ ആശ്വാസം! മഴവരുന്നതിനുമുമ്പ് തീര്‍ക്കാലോ... ഇതൊക്കെ ചില സത്യങ്ങളാണ്. ഞാന്‍ കാണുകയും കേള്‍ക്കുകയും അനുഭവിക്കുകയും ചെയ്ത സത്യങ്ങള്‍. എന്റേതായ രീതിയില്‍ ഞാന്‍ അവതരിപ്പിക്കുന്നു. അത് ശരിയോ തെറ്റോ എന്നല്ല എനിക്ക് തോന്നുന്ന ഒരു രീതിയില്‍ ഒരു രൂപത്തില്‍ ഒരു ഭാഷയില്‍ ഞാന്‍ അവതരിപ്പിക്കാന്‍ ശ്രമിക്കുന്നു. അതേതു കള്ളിയില്‍ പെടുത്തിയാലും വേണ്ടില്ല... പ്രധാനം ഞാന്‍ അവിടെ കൊടുത്ത വിഷയമാണ്. അതിനുപറ്റിയ ഒരു ഭാഷ കണ്ടെത്തുക... എഴുത്തുകാരന്റെ ഏറ്റവും വലിയ ബാധ്യതയാണത്. ഒരു വിഷയം തിരഞ്ഞെടുക്കാന്‍ മാത്രമല്ല, വിഷയം തീരുമാനിച്ചുകഴിഞ്ഞാല്‍ അത് എങ്ങനെ അവതരിപ്പിക്കുന്നു എന്നതിന് പറ്റിയ ഒരുഭാഷ കണ്ടെത്തുക. അത് തുടക്കത്തിലല്ല... തുടക്കത്തില്‍ എനിക്കൊന്നിനെയും പറ്റിയും വലിയ ധാരണകളില്ല.
പ്രസിദ്ധീകരണത്തിന്റെ ദിനങ്ങള്‍
അന്ന് സാമാന്യം ഭേദപ്പെട്ട പത്രമായിരുന്നു ജയകേരളം. ജയകേരളത്തിന് അയച്ചു. ജയകേരളത്തില്‍ അത് പ്രസിദ്ധീകരിച്ചു. പിന്നെ ജയകേരളത്തില്‍ സ്ഥിരമായിട്ട് ഞാന്‍ കഥകള്‍ അയയ്ക്കും. അവര് പ്രസിദ്ധീകരിക്കും. കുറേ കഥകള്‍ എഴുതിയിട്ടുണ്ട്. മാത്രമല്ല ചെറിയ പ്രതിഫലവും തന്നിരുന്നു. പത്തുറുപ്യ ഒരു കഥയ്ക്ക്. വലിയ സംഭവമാണ്. ഒരു സ്റ്റുഡന്റ്ന് എക്സ്ട്രാ പത്തു റുപ്യ കിട്ടുക എന്നുപറഞ്ഞാല്‍. ഒരു കഥ കുറച്ച് നീണ്ടതായിരുന്നു. അതു രണ്ടു ലക്കത്തില്‍ ആയിട്ട് പ്രസിദ്ധീകരിച്ചു. അതിന് 12 ഉറുപ്യ അയച്ചു.
PHOTO: FACEBOOK
അദ്ധ്യാപകനായിരുന്നെങ്കില്‍
എന്റെ ആഗ്രഹം, അത് ഞാനെവിടെയോ എഴുതിയിട്ടുണ്ട്. അദ്ധ്യാപകന്‍ ആവുക എന്നതായിരുന്നു. അതും കോളേജദ്ധ്യാപകന്‍. ഈ കോളേജദ്ധ്യാപകന്‍ എന്ന് പറഞ്ഞാല്‍, ഞാനന്ന് കോളേജില്‍ പഠിക്കുമ്പോള്‍ കണ്ടതാണ്, മൈക്കിള്‍സ് ഡേ എന്ന് പറഞ്ഞ ഒരു വെക്കേഷന്‍ ഉണ്ട്, 12 ദിവസം. ക്രിസ്മസ് വെക്കേഷന്‍ 15 ദിവസം. പിന്നെ സമ്മര്‍ വെക്കേഷന്‍ മൂന്നരമാസം. ഇത്രയും സമയം പുസ്തകം വായിക്കാം. അതായിരുന്നു ഉള്ളിന്റെയുള്ളിലുള്ള ഒരാഗ്രഹം. മാസ്റ്റര്‍ ഡിഗ്രി കിട്ടിക്കഴിഞ്ഞാല്‍ കോളേജില്‍ ഒരദ്ധ്യാപകനായിക്കിട്ടിയാല്‍, ഒന്നുകില്‍ ഡെമോണ്‍സ്ട്രേറ്റര്‍ ആയിട്ട് അല്ലെങ്കില്‍ ട്യൂട്ടര്‍ ആയിട്ടെങ്കിലും കിട്ടിയാല്‍ നന്നെന്ന് തോന്നിയിരുന്നു. പക്ഷേ, എല്ലാ ജോലിയിലും പരീക്ഷണം നടത്തിയിട്ടുണ്ട്. ഒന്നും ശരിയായില്ല. ഒരു ദിവസം രണ്ടു ദിവസം മൂന്നു ദിവസംവരെ നിന്ന ജോലികള്‍ ഉണ്ടായിട്ടുണ്ട്.
പത്രപ്രവര്‍ത്തനത്തിന്റെ രസങ്ങള്‍
എനിക്കന്ന് തോന്നിയത് പത്രമോഫീസില്‍ ധാരാളം പുസ്തകങ്ങള്‍ വരും, മാസികകള്‍വരും, അക്കാലത്ത് ടൈംസ് ലിറ്റററി സപ്ലിമെന്റ്, ന്യൂസ് വീക്ക്, ടൈം ഇതൊക്കെവരും. ഒരു കോപ്പിയെ വരുള്ളൂ. അത് പലരും വായിച്ച് നമ്മുടെ അടുത്തും എത്തും. നമുക്കു വേണമെങ്കില്‍ പ്രാപ്യമാണ്. ഇതൊക്കെ കാണുക, വായിക്കുക, അതൊരു വലിയ കാര്യമാണ്. പിന്നെ പുസ്തകങ്ങളും ഇതുപോലെ തന്നെവരും. അതിനോടുള്ള ഒരു ആഭിമുഖ്യം ഈ ലോകത്ത ്ഏതൊക്കെ ഭാഗങ്ങളില്‍ എന്തൊക്കെ നടക്കുന്നുണ്ട്.... എഴുത്തിന്റെ ലോകത്തില്‍ എന്തൊക്കെ നടക്കുന്നുണ്ട് എന്നറിയാനുള്ള ഒരുത്ക്കണ്ഠ അതാണ്. പത്രപ്രവര്‍ത്തനത്തിന്റെ ഒരു ഭാഗമായിട്ടു വായന. എല്ലാ തൊഴിലും പോലെ അതിന് അതിന്റെതായ പരാധീനതകള്‍ ഉണ്ട്, ശല്യങ്ങളുണ്ട്, ഇന്ന് കുറേക്കൂടിയൊക്കെ സൗകര്യങ്ങള്‍ ഉണ്ടായിട്ടുണ്ടാവും. അന്ന് ഇതൊന്നുമില്ലാത്ത കാലത്ത്, നമുക്ക് ഇന്റര്‍നെറ്റൊന്നും ഇല്ലാത്ത കാലത്ത് പെട്ടെന്ന് നാളെ അദ്ദേഹം വരുന്നുണ്ട്... ഇന്നയാള്‍ വരുന്നുണ്ട് പോയി ഒരു ഇന്റര്‍വ്യൂ ചെയ്തിട്ടു വരൂ എന്ന് പറഞ്ഞാല്‍ അത് ചെയ്യണം. ഒരിക്കല്‍ കെ.പി. കേശവമേനോന്‍ എന്നോടു പറഞ്ഞു, കെ.പി.എസ്. മേനോന്‍ നാളെ വരുന്നുണ്ട് കേട്ടോ, അദ്ദേഹത്തോട് സംസാരിക്കണം, അപ്പോള്‍ ഞാന്‍ കെ.പി.എസ്. മേനോന്റെ കൃതികള്‍ അത്രയും വായിച്ചിട്ടില്ല, വലിയ ആളാണെന്ന് അറിയാം... പിന്നെ അന്നത്തെ വൈകുന്നേരവും അന്നത്തെ രാത്രിയിലും അദ്ദേഹത്തിന്റെ കൃതികളെപ്പറ്റി അറിയാവുന്നവരോടു വിളിക്കുക.. ചോദിക്കുക... എന്നിട്ട് ഒരു തയ്യാറെടുപ്പായിട്ടു വേണം പോകാന്‍. അതിന്റെ ഉത്തരവാദിത്വം... ആ ഉത്തരവാദിത്വത്തില്‍ ബുദ്ധിമുട്ടുണ്ടെങ്കിലും ഇടയ്ക്കു രസമുണ്ട്. ഞാന്‍ കെ.പി.എസ്. മേനോനെപ്പറ്റി എന്തോ എഴുതിയതും അദ്ദേഹത്തിന്റെ ചെറിയ ഒരു പീസ് ഞാന്‍ തര്‍ജ്ജമ ചെയ്തതും ഓര്‍ക്കുന്നു. അദ്ദേഹം പിന്നീടു കേശവമേനോനെ കണ്ടപ്പോള്‍ പറഞ്ഞു. ആ യങ്ങ്സ്റ്റര്‍ എന്നെ ഇന്റര്‍വ്യൂ ചെയ്തത് നന്നായിരുന്നു. ഹിസ് ട്രാന്‍സ്ലേഷന്‍ ഈസ് എക്സലന്റ് എന്ന്. കേശവമേനോന്‍ എന്നോടു വന്നുപറഞ്ഞു, കെ.പി.എസ്. മേനോനു വളരെ ഇഷ്ടമായി കേട്ടോ, തന്റെ തര്‍ജ്ജമയൊക്കെ. ഇത് ഞാന്‍ മനസ്സില്‍ സൂക്ഷിക്കുന്നു... എനിക്ക് സ്വകാര്യമായി കിട്ടിയ ഒരു സര്‍ട്ടിഫിക്കറ്റ് പോലെ ഞാന്‍ ഇത് കരുതിവയ്ക്കുന്നു. പത്രപ്രവര്‍ത്തനത്തിന് അതിന്റേതായ രസങ്ങളുണ്ട്.
ആയുധശേഖരത്തില്‍ അറിവ്
ഞാന്‍ പിന്നെ കൂടുതലായിട്ട് ലിറ്റററി ജേര്‍ണലിസത്തിലാണ് ചെയ്തത്. ഡെയ്ലി ജേര്‍ണലിസത്തിലേക്ക് എന്നെ ക്ഷണിച്ചിരുന്നു. വേണമെങ്കില്‍ അതിലേക്ക് മാറാം, കുറച്ചുകൂടി ശമ്പളത്തില്‍ മെച്ചമുണ്ടാകും ഇങ്ങനെ ആലോചിച്ചപ്പോള്‍ ആ ലോകത്തിനേക്കാളും നല്ലത് ഞാന്‍ ഇരിക്കുന്ന ഇടം. മാസികകള്‍ വരുന്നു, പുസ്തകങ്ങള്‍ വരുന്നു, ഇതായിരിക്കും ഭേദം. കുറച്ചധികം പൈസ അതില്‍ കിട്ടുമെങ്കിലും ഇതാണ് നല്ലത് എന്നെനിക്ക് തോന്നി. ഞാന്‍ അതില്‍തന്നെ നിന്നതാണ്. ഒരുവശത്ത് ഞാന്‍ ലിറ്റററി ലോകത്തിന്റെ വക്കിലെ വരമ്പിലൂടെയാണ് നടക്കുന്നത്. അപ്പുറത്തും ഇപ്പുറത്തും ഉള്ളത് കാണാം ഒന്ന് ശ്രദ്ധിക്കാം, നമ്മുടെ മനസ്സിന്റെ ലോകങ്ങള്‍ വികസിക്കുന്നു നമ്മുടെ മെന്റല്‍ വേള്‍ഡ് വികസിക്കുന്നു. അത് എഴുത്തിനു നേരിട്ട് പ്രയോജനപ്പെട്ടിട്ടല്ല. പക്ഷേ, അതുകൊണ്ട് മാനസികമായി വളരുന്നു എന്നുള്ളതാണ്. ലോകത്തിനെ നേരിടാന്‍ നമ്മുടെ കൈവശമുള്ള കരുത്തുകളില്‍ ഒന്നാണീ അറിവ്. ആ കരുത്ത് കുറേശ്ശെയായായി നമുക്ക് അവിടുന്നും ഇവിടുന്നും കിട്ടുന്നു. ആരെയും അറിയിക്കാതെ നമ്മുടെ ശേഖരത്തില്‍.... ആയുധശേഖരത്തില്‍ ഇതൊക്കെ വന്നുചേരുന്നു.
PHOTO: FACEBOOK
കേവലം നിമിത്തം
പത്രമോഫീസില്‍ എനിക്കൊരു സ്ഥാനം, ഒരു സ്ഥലം തന്നത് കിട്ടുന്ന നൂറുകണക്കിന് സാധനങ്ങളില്‍നിന്നും നല്ലത് നോക്കി വായനക്കാര്‍ക്ക് എത്തിക്കുന്നതിനാണ്, അതാണ് എന്റെ ബാധ്യത. അത് ചെയ്യാന്‍ കഴിയണം. അറിയപ്പെടുന്നവരും അറിയപ്പെടാത്തവരും ഒക്കെ ഉണ്ടാവും. തീരെ അറിയാത്ത പലരുടെയും ഞാന്‍ പബ്ലിഷ് ചെയ്യുന്നു. എനിക്കൊരു സന്തോഷം. ഒരു വിരസമായ ദിവസത്തിന്റെ അവസാനത്തില്‍ ലഭിക്കുന്നു. ഞാന്‍ തിരിഞ്ഞുനോക്കുമ്പോള്‍ പല ശാപവചനങ്ങളും കേട്ടിട്ടുണ്ടാവും, കിട്ടിയിട്ടുണ്ടാവും. പക്ഷേ, അതിന്റെ ഇടയില്‍ ചിലപ്പോള്‍ ഒരു നല്ല മാനുസ്‌ക്രിപ്റ്റു വായിക്കാന്‍ കിട്ടിയിട്ടുണ്ടാവും. ആ ഒരു സന്തോഷംകൊണ്ടാണ് ഞാന്‍ പടിയിറങ്ങുന്നതു. വളരെ അടുത്ത സുഹൃത്തുക്കളോടു മാത്രം ഇന്നൊരു സാധനം... നന്നായിരുന്നു... വായിച്ചു... എന്നവരോടു മാത്രം പറയുന്നു. എനിക്ക് അന്നത്തെ കൂലി കിട്ടി. ഒരുദിവസത്തെ അധ്വാനത്തിനുള്ള കൂലി കിട്ടി എന്ന മട്ടിലാണ് ഞാന്‍ ഒരു നല്ല മാനുസ്‌ക്രിപ്റ്റ് കിട്ടിയാല്‍... വായിക്കാന്‍ കഴിഞ്ഞാലും. അങ്ങനെ പലരുടെയും വന്നു. അതിന് ഞാനൊരു നിമിത്തമായി. ഞാനല്ലെങ്കില്‍ വേറൊരാള്‍ അത് പബ്ലിഷ് ചെയ്യും.
ഇതത്യന്താധുനികമാണ് കേട്ടോ
നമ്മള്‍ വായനക്കാരെ അകറ്റാന്‍ പാടില്ല. വായനക്കാര്‍ അഞ്ചുപേരോ അറുപതുപേരോ എത്രയായിരങ്ങളോ ആയിക്കോട്ടെ... കുറച്ചു വായനക്കാരില്ലെങ്കില്‍ നമ്മള്‍ ചെയ്യുന്നത് ഒരു പാഴ്വേലയാണ്. എഴുത്ത് എന്നുപറയുന്നത് ഒരു പാഴ്വേലയായി മാറും. അതല്ലാതിരിക്കണമെങ്കില്‍ കുറെ പേരുടെ മനസ്സില്‍ സെറ്റില്‍ ചെയ്യണം. കുറച്ചുപേരുടെയെങ്കിലും മനസ്സിലേക്ക് കടന്നുചെല്ലണം, എത്തണം. അപ്പോഴേ നമ്മള്‍ ചെയ്യുന്ന തൊഴിലിന് ഒരര്‍ത്ഥമുണ്ട് എന്നര്‍ത്ഥമുള്ളൂ. നമ്മളൊരു ലേബല്‍ ഇട്ടിട്ട് കാര്യമില്ല. ഇതത്യന്താധുനികമാണ് കേട്ടോ എന്ന് നമ്മള്‍ പറഞ്ഞിട്ട് കാര്യമില്ല. ഈ ആധുനികത എന്നൊക്കെ പറയുന്നത് ഒരു സ്പിരിറ്റാണ്. ഒരുലേബലല്ല. അപ്പോള്‍ അതിന്പറ്റുന്ന ചട്ടക്കൂടുകള്‍, വാക്കുകള്‍, ശൈലികള്‍ ഒക്കെ നമ്മള്‍ കൊണ്ടുവരുന്നു. ആ ഒരു ബ്രാന്‍ഡില്‍ എത്തിക്കാന്‍ വേണ്ടിയിട്ടല്ല. ഓരോകാലത്തും മാറ്റങ്ങള്‍ വരും. ഭാഷയില്‍ മാറ്റം വരും,ആ മാറ്റങ്ങള്‍ എഴുത്തിലും വരും, മാറ്റങ്ങള്‍ സ്വാഭാവികമായിട്ടും വരുന്നതാണ്.
മന്ത്രവാദി മുതല്‍
എന്റെ നാട്ടില്‍ മന്ത്രവാദം ധാരാളമുണ്ട്. ഞാനീ മന്ത്രവാദം കണ്ടിട്ടുണ്ട്, എന്റെ കുടുംബത്തില്‍തന്നെ ഒരു താവഴിയില്‍ ഒരു മന്ത്രവാദിയുണ്ടായിരുന്നു. എന്റെ ഒരു അമ്മാവനായിട്ട്വരും. അദ്ദേഹം മന്ത്രവാദം ചെയ്യുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. അപ്പോള്‍ മന്ത്രവാദം അറിയുന്ന ഒരു വിഷയമാണ് ഞങ്ങളുടെ നാട്ടുമ്പുറത്ത്. ആ കഥകള്‍ എഴുതിയപ്പോള്‍ എനിക്കൊരു തൃപ്തി തോന്നിയിരുന്നു. അത് അന്ന് മാതൃഭൂമിക്കയച്ചു. എന്‍.പി. ദാമോദരന്റെ വലിയ കയ്യക്ഷരത്തില്‍ 'കഥ കിട്ടി, പ്രസിദ്ധീകരിക്കുന്നു 'എന്ന് പറഞ്ഞ് ഒരു കാര്‍ഡ്കിട്ടി. കാത്തിരുന്നു..... വന്നില്ല. പിന്നെയും ഇടയ്ക്കിടെ, എനിക്കറിയാവുന്ന ഈ കുടുംബങ്ങളുടെ ലോകം, നഗരലോകം അതില്‍നിന്ന് കിട്ടിയ വിഭവങ്ങളൊക്കെ സൂക്ഷിച്ചുവച്ച്, പിന്നെയും ബാക്കി അവശേഷിച്ചതൊക്കെ ഉണ്ടോയെന്ന് നോക്കി... ഉണ്ട് ഇതെടുക്കാം എന്ന് തോന്നി. അങ്ങനെ വീണ്ടും എഴുതുന്നു.
പൊട്ടിച്ചിരിയുടെ ഭാഗമല്ലെങ്കിലും
നര്‍മ്മം ഇല്ലാഞ്ഞിട്ടൊന്നും അല്ല. ഞാന്‍ നര്‍മ്മം വായിക്കുകയും രസിക്കുകയും ഒക്കെ ചെയ്തിട്ടുണ്ട്. ഓരോരുത്തരുടെയും പ്രകൃതി അനുസരിച്ചിരിക്കും അത്. പൊട്ടിച്ചിരിക്കുന്ന ഒരു സദസിന്റെ കൂട്ടത്തിലിരുന്ന് ആ പൊട്ടിച്ചിരിയില്‍ ഒരുഭാഗമാകാന്‍ ഒരുകാലത്തും എനിക്കൊരു താല്പര്യം തോന്നിയില്ല. ഞാന്‍ വേണമെങ്കില്‍ മാറിനിന്ന് അവരുടെ വിഡ്ഢിത്തങ്ങള്‍ കേള്‍ക്കാം എന്നല്ലാതെ എനിക്ക് അങ്ങനെ തോന്നിയിട്ടില്ല. നമ്മുടെ പ്രകൃതി അനുസരിച്ചിരിക്കും നമ്മുടെ നിരീക്ഷണം അനുസരിച്ചിരിക്കും, ഇപ്പോള്‍ ഞാന്‍ ചെയ്യുന്നത് ശരി എന്നല്ല. ചിലരുടെ ഹ്യൂമര്‍ വായിക്കുമ്പോള്‍ തോന്നും എനിക്ക് ഇതുപോലെ എഴുതാന്‍ പറ്റുന്നില്ലല്ലോയെന്ന്.
PHOTO: WIKI COMMONS
നിള കടന്ന് നഗരങ്ങളിലേക്ക്
ഞങ്ങള്‍ക്ക് പുറത്തേക്ക് പോകണമെങ്കില്‍ ഈ പുഴ കടക്കണം. റെയില്‍വേ സ്റ്റേഷനിലേക്ക് പോകണമെങ്കില്‍ ഈ പുഴ കടക്കണം. ഈ കടവുതോണി കടന്നിട്ടാണ് സ്റ്റേഷനിലെത്തുന്നത്. അപ്പോള്‍ പല കഥകളിലും നിള വരും. പക്ഷേ, പുറത്തു പോകുമ്പോള്‍ ഞാന്‍ കാണുന്ന വലിയ ഒരു ലോകമുണ്ട്. ബോംബെ ബാക് ഗ്രൗണ്ട് അല്ലെങ്കില്‍ വേറൊരു സ്ഥലത്തിന്റെ ബാക് ഗ്രൗണ്ട് എന്ന് പറയുമ്പോള്‍ സംഗതി വളരെ മാറി.... നിളയുണ്ട്, നിളയില്ല എന്നല്ല. ബാല്യകാലത്ത് ഞാന്‍ കണ്ട നിളയല്ല. പക്ഷേ, മറ്റ് സ്ഥലങ്ങളില്‍ എത്തുമ്പോള്‍ നമുക്കൊരു ലോകമുണ്ട്, ഇപ്പോള്‍ പെരുമഴയുടെ പിറ്റേന്ന് ബോംബെയിലെ വല്യ റെയിനുണ്ടായ ആ കാലത്തെ ബാക് ഗ്രൗണ്ടാണ്. ഞാനവിടെ പെട്ടിട്ടുണ്ട് അഞ്ചാറുദിവസം. ഏതാണ് ബാക്ര് ഗൗണ്ട് എന്നുള്ളത് ഒരു വിഷയം തിരഞ്ഞെടുക്കുമ്പഴേ തിരഞ്ഞെടുക്കുന്നതാണ്.
ലാന്‍ഡ് സ്‌കേപ്പുകള്‍
ലാന്‍ഡ്സ്‌കേപ്പ് എപ്പോഴും എന്നെ ബാധിക്കുന്നുണ്ട്. എഴുത്തുകാരനെ.... ആദ്യം ഗ്രാമം ആയിരുന്നു, പല കഥകളിലും ഗ്രാമത്തിന്റെ ബാഗ്രൗണ്ടുകളുണ്ട്. പിന്നെ നഗരത്തിന്റെ ബാക് ഗ്രൗണ്ടില്‍ എഴുതിയിട്ടുണ്ട്, കുറേ... മഞ്ഞിലൊക്കെ എത്തുമ്പോള്‍ ലാന്‍ഡ് സ്‌കേപ്പിനേക്കാളധികം ചില ഒറ്റപ്പെട്ട കഥാപാത്രങ്ങളാണ്. തോണി തുഴയുന്ന ചെറുക്കന്‍, ലീവ് കാലത്തു വീട്ടില്‍പോകാതെ കാത്തിരിക്കുന്ന ടീച്ചര്‍, അവരെ കണ്ടിട്ടില്ലെങ്കിലും സമാനനമായ കഥാപാത്രങ്ങളെ ഞാന്‍ കണ്ടിട്ടുണ്ട്. അവിടെയൊക്കെ ചുറ്റിനടന്നിട്ടുണ്ട് പലപ്പോഴും. കുമയൂണ്‍ കാടുകളിലൊക്കെ ചുറ്റിനടന്നിട്ടുണ്ട്. ഞാന്‍ കണ്ട പലതും ഞാന്‍ സൂക്ഷിച്ചുവയ്ക്കുന്നു, മനസ്സില്‍... ആ സൂക്ഷിച്ചുവയ്ക്കുന്നത് ചിലപ്പോള്‍ ആവശ്യം വരുന്നു എന്ന് തോന്നിയാല്‍ എടുക്കുന്നു. എട്ടോ ഒന്‍പതോ തവണ അമേരിക്കയില്‍ പോയവനാണ് ഞാന്‍ പക്ഷേ ഏഴുകൊല്ലം കഴിഞ്ഞിട്ടാണ് ഞാന്‍ അമേരിക്കന്‍ ബാക് ഗ്രൗണ്ടില്‍ ഒരു കഥ എഴുതുന്നത്. അതിനുമുമ്പേ ഈ പൂച്ചയെ ഞാന്‍ കണ്ടതാ ഒരുവീട്ടില്‍. അല്ലെങ്കില്‍ വേറൊരു വീട്ടില്‍. കഥയില്‍തന്നെ പറയുന്നുണ്ട്. ജീവനുള്ള വസ്തു അകത്തു നടക്കുന്നത് കാണാന്‍ ഒരു സുഖല്ലേ...എന്ന്. എല്ലാ വീടുകളിലുമുണ്ട്, ഒരിക്കല്‍ പോയപ്പോഴാണ് നഖം ഓപ്പറേറ്റ് ചെയ്ത ഒന്നിനെ കണ്ടത്. അപ്പോഴാണ് അവന്‍ ഒരു കഥാപാത്രം ആവാം എന്ന് തോന്നിയത്.
അസ്വസ്ഥം രചനാമനസ്സ്
എഴുത്തിന്റെ കാര്യത്തില്‍ മനസ്സിന് ഒരു നല്ല അസ്വാസ്ഥ്യംവേണം. അതേസമയത്ത് ഒരു സ്വാസ്ഥ്യവും വേണം. അപ്പോഴേ എഴുത്തു നടക്കു. ഞാനൊക്കെ ധാരാളം മണിക്കൂറുകള്‍ എഴുതിയിരുന്നു, രാവിലെ എഴുന്നേറ്റ് ബ്രേക്ക്ഫാസ്റ്റ് കഴിയുന്നതു വരെയുള്ള ഒരു മൂന്നുമണിക്കൂര്‍, അതുകഴിഞ്ഞ് പിന്നെയും എഴുതിയിരുന്നു... ഉച്ചയ്ക്ക് ശേഷവും എഴുതും. ഒരു ചെറിയ വിശ്രമത്തിനുശേഷം പിന്നെയും സന്ധ്യവരെയൊക്കെ ഇരുന്നിരുന്നു. രാത്രി ഇതൊന്നും പോരാതെ ഒന്നോ രണ്ടോ മൂന്നോ മണിക്കൂര്‍ വര്‍ക്ക് ചെയ്യും. അങ്ങനെ ഒരു കാലമുണ്ടായിരുന്നു.... ഇന്നിപ്പോള്‍ അതിനുള്ള ഹെല്‍ത്ത് ഒന്നുമില്ല, അതുകൊണ്ടാണ്.
ഒന്നും ആസൂത്രിതമല്ല
ശരിക്ക് പറഞ്ഞാല്‍ ഇതൊന്നും വളരെ കാല്‍ക്കുലേറ്റഡ് അല്ല. ഈ ക്രിയേറ്റീവ് വര്‍ക്ക് എന്ന് പറഞ്ഞാല്‍ കാല്‍ക്കുലേറ്റഡ് അല്ല. അത് സ്വാഭാവികമായിട്ടുണര്‍ന്ന്, ഉയര്‍ന്നുവരുന്ന ഒരു രൂപഘടനയാണ്. നമ്മുടെ പിടിയിലും അപ്പുറത്താണെന്ന് എനിക്ക് തോന്നിപ്പോകാറുണ്ട്. എഴുതിവരുമ്പോള്‍ ആദ്യം ഉദ്ദേശിച്ചതല്ല ഇതുകൂടിവന്നാല്‍ നന്നായിരുന്നു എന്നൊക്കെ നമുക്ക് തോന്നിപ്പോകും.... ക്രിയേറ്റിവിറ്റിയുടെ ഒരുരസം എന്നുപറയുന്നത് അതുതന്നെയാണ്. എല്ലാം അളന്നുമുറിച്ചിട്ടല്ല, നമ്മുടെ അളന്നുമുറിക്കലിനെ കടന്നുകൊണ്ട് നമ്മുടെ മനസ്സില്‍ എവിടെയോ എന്തൊക്കെയോ പ്രവര്‍ത്തിക്കുന്നു.
PHOTO: WIKI COMMONS
ചെമ്പഴുക്കാനിറമുള്ള സുന്ദരി
ഞാന്‍ എന്റെ മരണത്തെപ്പറ്റി ആലോചിക്കാറില്ല. ഇന്നല്ലെങ്കില്‍ നാളെ നമ്മള്‍ നേരിടുന്ന ഒരു പ്രകൃതിപ്രതിഭാസമാണത്. തീവണ്ടിക്ക് തലവെച്ച് മരിച്ചുകിടക്കുന്ന ഒരുശവം..... ഞങ്ങളുടെ കുറ്റിപ്പുറത്തിനും പള്ളിപ്പുറത്തിനും ഇടയില്‍ ഒരു സ്ഥലമുണ്ട്. ആളുകളൊക്കെയും വണ്ടിക്ക് തലവയ്ക്കാന്‍ പോകുന്നത് ആ ഒരു പ്രദേശത്താണ്. എന്നും എപ്പോഴും അവിടെ ഒരു ബോഡികാണും. പരിസരത്തിലുള്ള ഏതെങ്കിലും ആളായിരിക്കാം. ചിലപ്പോള്‍ ഞങ്ങളുടെ കുടുംബത്തിലെ..., എന്റെ കുടുംബത്തില്‍നിന്നു തന്നെ പലരും പോയി തലവെച്ചിട്ടുണ്ട്. കാരണം, ഇതു വളരെ വലിയൊരാകര്‍ഷണമാണ്, ഇരമ്പിക്കൊണ്ടത് കടന്നുപോകുമ്പോള്‍ കഴിഞ്ഞു.... ഒന്ന് ചാടിയാല്‍ തീര്‍ന്നു! എന്റെ കുടുംബത്തിലെതന്നെ പലരും.... ഞാന്‍ ഒരിക്കല്‍ പോയി സംസാരിച്ച് തിരിച്ചുവന്നു രണ്ടുമാസം കഴിഞ്ഞുപോകുമ്പോള്‍, 'അല്ല, അറിഞ്ഞില്ലേ?.. നമ്മുടെ ഇന്ന ആള്‍..., എന്താകാരണം?..., ഒരുകാരണവുമില്ല...., വീട്ടില്‍ വല്ല ചെറിയ വഴക്കോ മറ്റോ ഉണ്ടാവും. അയാള്‍ അവിടെപ്പോയി തലവച്ചു. മൃത്യുവിനെപ്പറ്റി ആലോചിക്കാന്‍ ഇങ്ങനെ പല സംഭവങ്ങളും ഉണ്ടാവും. സ്വന്തം കുടുംബത്തിലെ മാത്രമല്ല... ഞാന്‍ എഴുതിയിട്ടുണ്ട്. കോളാമ്പിക്കായ അരച്ചുകഴിച്ചിട്ട് ആത്മഹത്യ ചെയ്യുന്ന പെണ്‍കുട്ടികള്‍. ഞാന്‍ രണ്ടാമൂഴമെഴുതാന്‍ വേണ്ടി ഭാരതം വീണ്ടുംവീണ്ടും തിരിച്ചുംമറിച്ചും വായിച്ചുകൊണ്ടിരുന്നപ്പോള്‍ അതിലൊരു മൃത്യുസങ്കല്പമുണ്ട്, ചെമ്പഴുക്കാനിറമുള്ള സുന്ദരിയായ മൃത്യു. അവളിതിന്റെ ഇടയിലൊക്കെ ചുറ്റിനടക്കുന്നുണ്ടാവും എന്നറിഞ്ഞപ്പോള്‍ എനിക്കും തോന്നി, ഞാനും ഇതിനെ അന്വേഷിക്കാറുണ്ടല്ലോ എന്ന്. ഞാനുപയോഗിച്ചിട്ടുണ്ടത്. ജീവിതത്തിന്റെ മറുകര എന്നുള്ള മട്ടിലാണു മൃത്യുവിനെ കാണുന്നത്. അതിനെ അവോയ്ഡ് ചെയ്തിട്ട് കാര്യമില്ല, അതിനെപ്പറ്റി ദുഃഖിച്ചിട്ടും കാര്യമില്ല. തടയാനും നമുക്ക് പറ്റില്ല... പക്ഷേ, അതൊരു വലിയ ഫാക്ട്ആയിട്ട് നമ്മുടെ മുന്‍പില്‍ നില്‍ക്കുന്നു.
അവസാനമെല്ലാം മരണത്തില്‍ കലാശിക്കുന്നു
ജീവിതം അവസാനമെത്തുന്നത് ദുരന്തത്തില്‍ തന്നെയാണ്. അതിനെപ്പറ്റി സംശയമില്ല. പക്ഷേ, എന്നിട്ടും ജീവിതം എക്കാലവും ആകര്‍ഷകമായിരിക്കുന്നു. നമ്മെ വല്ലാതെ ആകര്‍ഷിക്കുന്നു. ദുരന്തമുണ്ട്, ഏതൊരു കഥയും പറഞ്ഞുകഴിഞ്ഞാല്‍ അവസാനം എത്തുന്നതു മരണത്തിലായിരിക്കും. If it is told to the fullest end, it will end in death എന്ന് ഹെമിങ്വേ പറഞ്ഞു, അത് ശരിയാണ്.... ദുരന്തത്തിലാണെത്തുക. അദ്ദേഹം അന്ത്യം കുറച്ചുകൂടെ നേരത്തെയാക്കി. സ്വയം ഒരുദിവസം..! ദുരന്തമുണ്ട്; എന്നുവെച്ച് ജീവിതം അനാകര്‍ഷകമാകുന്നില്ല. ജീവിതത്തിനോടുള്ള ഒരു ആസക്തി മനുഷ്യനെന്നും ഉണ്ടായിട്ടുണ്ട്.
തറവാട്ടുമിത്തുകള്‍
ചില മിത്തുകള്‍ ഞാന്‍ കേട്ടുവളര്‍ന്നതാണ്. അത് പിന്നീട് ഞാന്‍ ഉപയോഗിക്കുന്നു. എന്റെ വീട്ടില്‍ തന്നെ നിധിയുണ്ടായിരുന്നു എന്നൊക്കെ.... അതാണു മീനാക്ഷിയേടത്തി കിളച്ചത്. മീനാക്ഷിയേടത്തിയൊക്കെ ശരിക്കുള്ള കഥാപാത്രങ്ങളാണ്. ഇന്നാണെങ്കില്‍ ഞാന്‍ മീനാക്ഷിയേടത്തി എന്നെഴുതില്ല. അവരുടെ പേര് മീനാക്ഷി എന്ന് തന്നെയാണ്. ഞാന്‍ ഒരുവൈകുന്നേരം വീട്ടിലുള്ള ഏതോ ഒരു ചെറിയകുട്ടിക്ക് ചോറ് കൊടുക്കുകയാണ്. അവന്‍ ചോറ് കഴിക്കില്ല, ഞാനൊക്കെ കൊടുത്താല്‍കഴിക്കും. ഇങ്ങനെ.... കൊണ്ടുനടന്ന്. അങ്ങനെ നില്‍ക്കുമ്പോഴാണ് കുന്നുമ്പുറത്തുനിന്ന് ഒരാള്‍ ഓടിവന്ന് മീനാക്ഷിയേടത്തി തൂങ്ങിമരിച്ചു എന്ന വാര്‍ത്ത പറയുന്നത്. ഞങ്ങളുടെ വീട്ടില്‍നിന്നും മാറി അവര് മുകളിലുള്ള ഒരു സ്ഥലത്താണ്. അവരൊക്കെ നമ്മള്‍ കണ്ട കഥാപാത്രങ്ങളാണ്. കാതില്‍ ചെറിയൊരു മണി ഉണ്ടായിരുന്നു. മണി എന്നാണ് ഞങ്ങള്‍ പറഞ്ഞിരുന്നത്. ഒരു ദശയാണ്. അതവര് കറിക്കത്തി കൊണ്ട് അറുത്തു. ഞങ്ങള്‍ അവിടെ ഉള്ളപ്പോള്‍തന്നെയാണത്. ഞങ്ങള്‍ അപ്പുറവും ഇപ്പുറവുമായി താമസിക്കുമ്പോള്‍. പല കഥാപാത്രങ്ങളും ഞാന്‍ നേരിട്ട് കണ്ടവരാണ്. വേലായുധേട്ടനെ ഞാന്‍കണ്ടിട്ടുണ്ട്. ഭ്രാന്തുള്ള വേലായുധേട്ടന്‍. ഗോപിമാമ, രണ്ടുമല്ലാതെ നടക്കുന്ന സമയത്തും ഞാന്‍ കണ്ടിട്ടുണ്ട്. എന്നെ വിളിച്ചു.. 'നീ അമ്മോട് പറ രണ്ട് മുണ്ടും അഞ്ചുറുപ്യേം വേണം, ഞാന്‍ പറഞ്ഞൂന്ന് പറ' ഇവരൊക്കെ കഥാപാത്രങ്ങളല്ല. ജീവിതവുമായി അത്രയും ബന്ധപ്പെട്ടവര്‍ ആയിരുന്നു. എഴുത്തുകാര്‍ചെയ്യുന്ന ചിലസൂത്രങ്ങള്‍ പോലെ അവരില്‍ പലരുടെയും പേരുകള്‍ മാറ്റാമായിരുന്നു. പക്ഷേ, ഞാനത് ചെയ്തിട്ടില്ല. അതൊക്കെകൊണ്ട് എനിക്ക് ചില വിഷമങ്ങള്‍ ഉണ്ടായിട്ടുണ്ട്. എഴുതിവരുമ്പോള്‍ ആ പേരൊക്കെത്തന്നെ ഉപയോഗിച്ചു.
PHOTO: FACEBOOK
ബഷീറിന്റേതുപോലെയല്ല
ബഷീറിന് അത്രയുമധികം അനുഭവങ്ങളുണ്ടായിരുന്നു. എനിക്കത്രയുമനുഭവങ്ങള്‍ ഇല്ല. ബഷീര്‍ ഇന്ത്യയുടെ പല ഭാഗങ്ങളിലും സഞ്ചരിച്ചു. നാടോടിക്കപ്പലില്‍ സഞ്ചരിച്ചു. ബഷീറിന് അങ്ങനെ സ്വാനുഭവങ്ങളെമാത്രം അവലംബിക്കാം. എന്നെ സംബന്ധിച്ചിടത്തോളം അത്രയ്ക്ക് ഇല്ല, പക്ഷേ, ഉണ്ട്... ഉണ്ണി അപ്പുറത്തുണ്ട്, വാസു അപ്പുറത്തുണ്ട്, അപ്പോള്‍ അയാളെ വിട്ടുകളയാന്‍ എനിക്കിഷ്ടമില്ല. അയാളെപ്പറ്റി എന്തെങ്കിലും ഒന്നുവരും. അയാളുണ്ട്, അവിടെ അതുണ്ട്. ബാല്യകാലസഖിയൊക്കെ വായിക്കുന്നതിനുമുന്‍പ് ഞാന്‍ അനര്‍ഘനിമിഷമാണു വായിച്ചിട്ടുള്ളത്; ഗദ്യകവിതയാണ്. അത് ബൈഹാര്‍ട്ട് പഠിക്കാന്‍ ഒരു കൊതി. ഇതേപോലെ എഴുതണം എന്നൊക്കെ ഒരുതോന്നല്‍. അതു മാറിമാറി കുറേക്കഴിഞ്ഞപ്പോള്‍ ലാളിത്യത്തിലാണ് ഞാനൂന്നേണ്ടത് എന്ന് എനിക്കുതന്നെ തോന്നി. വളരെ ലാളിത്യത്തില്‍, ഇനി ഇതിലും ലളിതമായി ഇത് പറയാന്‍ പറ്റില്ല എന്ന നിലയില്‍ എത്തണമെന്നു തോന്നി. അതാണ് ആദ്യകാലത്തെയും പിന്നീടുള്ള എഴുത്തിലും വന്ന ഒരു സവിശേഷമായ മാറ്റം. ഞാന്‍ അറിയാതെതന്നെ വന്നുപോയതാണ്. എന്റെ എഴുത്തില്‍ എന്റെ വാചകങ്ങളില്‍ ഞാന്‍ തിരഞ്ഞെടുക്കുന്ന വാക്കുകളില്‍ അതിനൊരു ലാളിത്യം, അതിനു വേറെയൊരു വ്യാഖ്യാനം വേണ്ട. വായനക്കാര്‍ ആയിട്ട് ഞാന്‍ നേരിട്ട് സംവദിക്കുന്നതാണ്.
വൈല്‍ഡ് വൈല്‍ഡ് വെസ്റ്റ്
ഈ കൃതികളും എഴുത്തുകാരുമായിട്ടുമൊക്കെ വലിയൊരു ആത്മൈക്യമുണ്ട്. ആദ്യകാലം മുതല്‍ക്കുള്ള വൈല്‍ഡ് വെസ്റ്റ് അടക്കമുള്ളവരോട്. വൈല്‍ഡ് വെസ്റ്റ് എനിക്ക് ഉപകരിച്ചിട്ടുമുണ്ട്. പാടേ വൈല്‍ഡ് വെസ്റ്റിന്റെ രീതിയിലാണ് ഞാന്‍ താഴ്വാരം എഴുതിയിട്ടുള്ളത്. പഴയ ടിപ്പിക്കല്‍ വൈല്‍ഡ് ആണ്, അന്ന് ഞാന്‍ വൈല്‍ഡ് വെസ്റ്റിനെ വായിച്ചിരുന്നു.... സയന്‍സ് ഫിക്ഷന്‍ വായിച്ചിട്ടില്ല, ബഷീര്‍ വായിച്ചിരുന്നു. ബഷീറിന് കമ്പമായിരുന്നു. എന്നോട് നിര്‍ബന്ധിക്കും. എനിക്കതില്‍ കമ്പമില്ലെന്നുപറയും. ഈ വായനയൊക്കെ നമുക്ക് ഉപകരിക്കുന്നു. ഈ എഴുത്തുകാര്‍ എങ്ങനെ ചില വിഷയങ്ങളെ കൈകാര്യംചെയ്യുന്നു എന്നറിയുന്നു. ഓരോ കളിക്കാരനും മറ്റൊരു കളിക്കാരന്റെ രീതി നോക്കുമല്ലോ, പ്ലേ ഗ്രൗണ്ടില്‍ അവരുടെ ശൈലി എന്താണെന്ന്...ഇപ്പൊ ആദ്യമായി ഫുട്ബോളില്‍ സിസര്‍കട്ട് കൊണ്ടുവന്നത് ഇന്നയാളാണ് എന്നൊക്കെ പറയുന്നതുപോലെ. അപ്പോള്‍ ഇവരുടെയൊക്കെ രീതികള്‍കണ്ട്, അത്ഭുതത്തോടുകൂടി, ആദരവോടുകൂടി, രസത്തോടുകൂടി നോക്കുക. അതാണു വായനകൊണ്ട് ഓരോകാലത്തും ഉണ്ടായിട്ടുള്ളത്.
വാസുണ്ണിനമ്പീശന്‍ മാഷ്
വാസുണ്ണിനമ്പീശന്‍ മാഷ് സാഹിത്യകാരനൊന്നുമല്ല. ഞങ്ങള്‍ വഴിനടന്നുപോകുമ്പോള്‍ അദ്ദേഹം വായിച്ചിട്ടുള്ള അന്നത്തെ പ്രധാനമായിട്ടുള്ള ചില കഥകള്‍ പറഞ്ഞുതരും. ഒരു ദിവസം കൊണ്ടല്ല, പല ദിവസം കൊണ്ട്. ത്രീ മസ്‌കറ്റിയേഴ്സും മോണ്ടിക്രിസ്റ്റോവുമൊക്കെ പലപ്പോഴായിട്ട് പറഞ്ഞുതന്നു. 800 പേജുള്ള മോണ്ടിക്രിസ്റ്റോ പിന്നീട് ഞാന്‍ കണ്ടെത്തിവായിച്ചു. മുതിര്‍ന്നപ്പോള്‍. എഴുത്തുകാര്‍ അദ്ധ്യാപകരായാല്‍ വേറെ കുറെ കാര്യങ്ങളുണ്ട്. ഈ പാഠപുസ്തകത്തിന് അപ്പുറത്തേക്കും ഇപ്പുറത്തേക്കും കുട്ടികളുടെ ശ്രദ്ധതിരിക്കാനൊക്കെ സഹായിക്കും.
പുഴയുടെ ഭാഷ
പുഴയ്ക്കൊരു ഭാഷയുണ്ടായിരുന്നു. അതിലെ അലകള്‍ കണ്ടാല്‍ ഇവിടെ നിന്നിട്ടുള്ള ബീരാനും കൂട്ടരുമൊക്കെ പറയും, വാളകേറണുണ്ടെന്ന് തോന്നണ്ണൂന്ന്. വാളയാണ്..., ഞാനാ പറയണെ, വാളയാണ്... നോക്ക്... അത് കുറച്ചൂടെ അടുത്തെത്തുമ്പോള്‍ മീനിനെ കാണില്ല. പക്ഷേ, ഈ അല അടുത്തെത്തുമ്പോള്‍ കണ്ടവര്‍ പറയും, ശരിയാ... വാളയാ... ഇറങ്ങ്. ഈ അലകള്‍ വായിച്ചിട്ട്, പുഴയുടെ അനക്കം കണ്ടിട്ട്, ഇതു വായിച്ചെടുത്തിരുന്ന ഒരു കാലമുണ്ടായിരുന്നു. അതാണ്, കാര്‍ഷികസംസ്‌കാരം എന്നൊക്കെ പറയുന്നത്; അതില്ലാതെയായി.
നിഗൂഢമായ പ്രാര്‍ത്ഥന
ചില കാര്യങ്ങള്‍ കഥയിലൂടെ പറയാന്‍പറ്റും. ആരും ശ്രദ്ധിക്കാതെ കിടക്കുന്ന ചില ജീവിതദൃശ്യങ്ങളെ ശ്രദ്ധിക്കേണ്ടതായിരുന്നുവല്ലോ എന്നുള്ള മട്ടില്‍ അവരുടെ മുമ്പിലേക്ക് ആനയിക്കാന്‍ എനിക്ക് സാധിക്കും എന്നൊരു തോന്നല്‍. അതുകൊണ്ടൊക്കെയാണ് ഞാന്‍ എഴുതിക്കൊണ്ടിരുന്നത്. ലോകത്തെ നന്നാക്കാന്‍വേണ്ടി എഴുതുന്നോ...? ഇല്ല! തെറ്റുകള്‍ തിരുത്താന്‍ വേണ്ടിയെഴുതുന്നോ...? ഇല്ല! എനിക്ക് ചിലത് നിങ്ങളോട് പറയാനുണ്ട്, നിങ്ങളോട് ചൂണ്ടിക്കാണിക്കാനുണ്ട്.... കുന്നുംചെരുവില്‍ കോളാമ്പിക്കായ കഴിച്ച് ഒരു പെണ്‍കുട്ടി മരിക്കാന്‍ പോകുന്നു, രക്ഷിക്കാന്‍ ആരുമുണ്ടായില്ല. ഗ്രാമത്തില്‍ റിസര്‍ച്ച് ചെയ്യുന്ന ആര്‍ക്കിയോളജിസ്റ്റായ അച്ഛനോട് കൂടെവന്ന കുട്ടി ചോദിക്കുന്നുണ്ട് അച്ഛനു രക്ഷിക്കാന്‍ പോകാമായിരുന്നില്ലേ എന്ന്. നടന്നതാണ് ഇതൊക്കെ... നടന്ന സംഭവങ്ങള്‍ രേഖപ്പെടുത്തലാണ്. ഇങ്ങനെയും ജീവിതങ്ങളുണ്ട്. ജീവിതത്തില്‍ ഇങ്ങനെ ചിലര്‍ പരമസത്യങ്ങളും ദുഷ്ടസത്യങ്ങളുമുണ്ട്. അതും നിങ്ങള്‍ അറിയണേ എന്നുള്ള ഒരു നിഗൂഢമായ പ്രാര്‍ത്ഥനയോടുകൂടിയാണ് ഞാന്‍ എഴുതുന്നത്.
PHOTO: FACEBOOK
സിനിമ - ആരാധനയും സ്വാധീനവും
സിനിമയോട് ആരാധനയൊക്കെ ആയിരുന്നെങ്കിലും സിനിമയുടെ ഇന്‍ഫ്ളുവെന്‍സ് എന്റെ എഴുത്തില്‍ ഉണ്ടായിട്ടില്ല. അതിനെ ഞാന്‍ ഉപയോഗപ്പെടുത്തി. എന്റെ എഴുത്തിനെ ഞാന്‍ സിനിമയ്ക്കുവേണ്ടി ഉപയോഗപ്പെടുത്തി എന്നേയുള്ളൂ. അതില്‍നിന്ന് എനിക്ക് ഉപകരിച്ചത് എന്തൊക്കെയാണെന്നു വെച്ചാല്‍ എന്റെ നിരീക്ഷണങ്ങള്‍തന്നെ. എന്റെ നിരീക്ഷണങ്ങള്‍ എന്റെ എഴുത്തിലുണ്ട്. അതെന്റെ കഥാപാത്രങ്ങളും കാണുന്നുണ്ട്, അത് എഴുത്തില്‍ ഉള്ളതാണ് അത് സിനിമയില്‍ വരുമ്പോള്‍ ചിലപ്പോള്‍ പ്രയോജനം ഉണ്ടാകും.
ആത്മകഥയുടെ അംശങ്ങള്‍
ഞാനതിനെപ്പറ്റി പലപ്പോഴും ആലോചിച്ചിട്ടുണ്ട്. നമ്മുടെ ആചാരപ്രകാരം ഉള്ള പലതും എഴുതേണ്ടിവരും. അതില്‍ ചിലതൊക്കെ ഫിക്ഷനില്‍ വന്നതുമായിരിക്കും. അത്പിന്നെ ആളുകള്‍ക്ക് ഒരു റിപ്പീറ്റേഷനായി തോന്നരുത്. തോന്നുമല്ലോ എന്നുള്ള ഒരുഭയം... അതുകൊണ്ടാണ് അതിലൊന്നും പെടാതെകിടക്കുന്ന പൊട്ടുംപൊടിയും ആയിട്ടുള്ള ചില ചെറിയ സംഭവങ്ങള്‍ അവിടെയുംഇവിടെയും ഒക്കെ എഴുതുന്നത്. അത് ആത്മകഥയിലും പെടും, പലതും ഞാന്‍ പല ഫിക്ഷനും ഉപയോഗിച്ചു.
കള്‍ട്ട് ഫിഗര്‍ ആയിട്ടല്ല
വഴിയില്‍ക്കൂടി പോകുന്ന പോലീസുകാരന്‍ ഈ പുസ്തകം അല്ലേ സാര്‍ ലാസ്റ്റ് വന്നത് അതിനുശേഷം വല്ലതും വന്നിട്ടുണ്ടോ എന്ന് എന്നോടു ചോദിക്കുന്നു, അപ്പോള്‍ എനിക്ക് അവരോടുള്ള ഒരു കടപ്പാട്ചെറുതല്ല. മാനസികമായിട്ട് ഒരു കടപ്പാടുണ്ട്. അതൊക്കെ കള്‍ട്ട്ഫിഗര്‍ ആയിട്ടൊന്നുമല്ല. ഇതുതന്നെയാണ് ഞാന്‍ ആദ്യം ആഗ്രഹിച്ചത്. എവിടെയോ ഉള്ള ചില വായനക്കാരുടെ അടുത്ത് ഞാന്‍ എഴുതുന്ന, ഈ കുന്നുംചെരുവില്‍ ഞാനാലോചിച്ചുണ്ടാക്കുന്ന വാക്കുകള്‍... പിന്നെ ഞാന്‍ സ്വകാര്യമായി എന്റെ കീശയില്‍ ഇട്ടുനടക്കുന്ന അക്ഷരങ്ങള്‍ അവരുടെ അടുത്തെത്തണമേ... അതെത്തുന്നു എന്ന് നമുക്ക് അനുഭവപ്പെടുമ്പോള്‍ വലിയൊരു സന്തോഷം.
നമുക്ക് എല്ലാത്തിനും നന്ദി പറയേണ്ടിവരുന്നു
നമുക്ക് ജീവിതത്തോട് പലതിനും നന്ദി പറയേണ്ടിവരുന്നു....തന്ന പല അവസരങ്ങള്‍ക്ക്, പല ചെറിയ സിദ്ധികള്‍ക്ക്, ചെറിയ നേട്ടങ്ങള്‍ക്ക്, ചെറിയ അനുഗ്രഹങ്ങള്‍ക്ക്, ചെറിയശാപങ്ങള്‍ക്ക്, ചെറിയ സ്നേഹങ്ങള്‍ക്ക്. എല്ലാറ്റിനും നമ്മള്‍ നന്ദിപറയണം. അവസാനം ഒരു കണക്കുതീര്‍ക്കാന്‍ അവിടെ ഉണ്ടെന്ന് അറിയാം! എങ്കിലും ഞാന്‍ ഇതിനോടൊക്കെ നന്ദി പറഞ്ഞുകൊണ്ട് മുന്നോട്ടുപോകുന്നു.