
ഞങ്ങളിലൊരാളായി മാറിയ "ആരാധനാമൂർത്തി"
ആരാധനാ മൂർത്തിയെ ഒരുനോക്ക് കാണാൻ കഴിയുക, ഒന്നടുത്തെത്തി ചൂടും ചൂരും അനുഭവിക്കാനാകുക എന്നതൊക്കെ ഏതൊരാൾക്കും നിർവൃതിയേകുന്ന അനുഭവമാണ്. അൽപ്പസമയം അവരോടൊപ്പം ഇടപഴകാൻ , അനുഭവം പങ്കിടാൻ, സമയം ചെലവഴിക്കാൻ അതുമല്ലെങ്കിൽ ഒരുമിച്ചിരുന്ന് തമാശയൊക്കെപ്പറഞ്ഞ് ഭക്ഷണം കഴിക്കാൻ ആരാണാഗ്രഹിക്കാത്തത്?
ആ ഒരാൾ എം.ടി. വാസുദേവൻ നായരാണെങ്കിലോ? അതും രണ്ടു പകലുകളിലായി മുന്നു നേരത്തെ ഭക്ഷണവും ഇടവേളകളിലെ ചായ കടികൾ സംഭാരം ഇത്യാദി വിഭവങ്ങളോടെയായാലോ?
അങ്ങിനെ ഒരനുഭവം ലഭിച്ചവർ വിരളമായിരിക്കും. ചുരുക്കം ചിലരൊഴിച്ച് ബാക്കിയെല്ലാവരും പരമാവധി പത്തുമിനിറ്റിലൊതുങ്ങും. അപ്പോഴാണ് രണ്ട് പകലുകൾ മുഴുവനായും ഇടക്ക് ആരും കയറി വരാതെ "സിത്താര "യിൽ ഭാഷാപോഷിണിയുടെ എഡിറ്ററായിരുന്ന കെ.സി. നാരായണനൊപ്പം ഞാനും, മലയാള മനോരമയിലെ മുൻ ഡിസൈൻ എഡിറ്ററായിരുന്ന അനൂപ് രാമകൃഷ്ണനും തുടർച്ചയായ രണ്ടു പകലുകൾ ചെലവഴിച്ചത്.എം.ടി. വാസുദേവൻ നായർ | PHOTO : WIKI COMMONS
മലയാള മനോരമ പ്രസിദ്ധീകരിച്ച എം.ടി യുടെ സമഗ്ര ജീവിതരേഖ രണ്ട് ഡി.വി.ഡികളിലായി പുറത്തിറക്കാനുള്ള വിഭവസമാഹരണത്തിനാണ് ഞങ്ങൾ "സിത്താര "യിൽ രണ്ടു പകൽ ചെലവിട്ടത്.
എം.ടി.യിൽ നിന്നും കിട്ടാവുന്നതെല്ലാം ഊറ്റിയെടുക്കാനായിരുന്നു അന്നത്തെ വരവ്. യാത്രക്കു മുൻപ് തന്നെ കെ.സി. നാരായണൻ ഗംഭീര ക്ളാസ് തന്നിരുന്നു. ഒരിക്കലും സംഭാഷണത്തിൻ്റെ ഗതി മാറിപ്പോകാതിരിക്കാൻ ശ്രദ്ധിക്കണം, അദ്ദേഹത്തിന് മുഷിപ്പുളവാക്കാനിടയുള്ളതൊന്നും ചോദിക്കരുത് തുടങ്ങി സംഭാഷണം പൂർത്തിയാകുന്നതിന് മുൻപ് ഞങ്ങളെ പുറത്താക്കി വാതിലടക്കാതിരിക്കാനുള്ള എല്ലാ കാര്യങ്ങളും കെ.സി. ഞങ്ങൾക്ക് പറഞ്ഞു തന്നു.
ഇൻ്റർവ്യൂവിന് തലേ ദിവസം തന്നെ ഞങ്ങൾ കോഴിക്കോട്ടെത്തി. കെ.സി.കുറേ നോട്ട് പാഡുകളും പേനകളും കരുതി. അനൂപ് അത്യാവശ്യം സ്കെച്ച് തയാറാക്കാനുള്ള പേപ്പറുകളും ഇന്ത്യൻ ഇങ്കും സഞ്ചിയിലൊതുക്കി. ഞാനും ക്യാമറയിലുള്ളതു കൂടാതെ മറ്റു രണ്ട് ബാറ്ററികൾ കൂടി ചാർജ് ചെയ്തുവച്ചു.എം.ടി. വാസുദേവൻ നായർ | PHOTO : WIKI COMMONS
സകല തയ്യാറെടുപ്പുകളോടെ കാലത്ത് ഒൻപത് മണിക്കു മുൻപ് സിത്താരയിലെത്തി. സരസ്വതി ടീച്ചർ ഉമ്മറവാതിൽ തുറന്ന് അകത്തേക്കു ക്ഷണിക്കുമ്പോൾ കുളിച്ച്, അലക്കിത്തേച്ച വസ്ത്രവുമണിഞ്ഞ് സുസ്മേരവദനനായി എംടി സ്വീകരണമുറിയിൽ കാത്തിരിപ്പുണ്ടായിരുന്നു. മുൻകൂട്ടി തയ്യാറാക്കിയ പരിപാടിയായതിനാൽ ആമുഖത്തിൻ്റെയൊന്നും ആവശ്യമില്ലായിരുന്നു. കെ.സി.യാണെങ്കിൽ പഴയ സഹപ്രവർത്തകനും. അദ്ദേഹം അനൂപിനെയും എന്നെയും എം.ടിക്കു പരിചയപ്പെടുത്തി. ഇരുവരും കോഴിക്കോട്ടുകാരാണെന്നറിഞ്ഞപ്പോൾ കണ്ണടയുടെ മുകളിലൂടെ ഞങ്ങളെ ഒന്ന് നോക്കി ചെറുതായൊന്ന് പുഞ്ചിരിച്ചു, ഞങ്ങൾ കൈകൂപ്പി. ഞങ്ങൾ ചോദിക്കുക എന്നതിലുപരി എം.ടി.യെക്കൊണ്ട് പറയിക്കുക എന്നതായിരുന്നു ഞങ്ങളുടെ നയം. ഞങ്ങൾക്ക് അധികം ചോദിക്കേണ്ടിവന്നില്ല എന്നതായിരുന്നു സത്യം.
ഓർമ്മ വച്ചനാൾ തുടങ്ങി അന്നേവരെയുള്ള സകല പ്രധാന കാര്യങ്ങളും കാലക്രമത്തിൽ അടുക്കും ചിട്ടയോടും, അതേസമയം ലാളിത്യത്തോടെയും പറഞ്ഞു തുടങ്ങി. അൽപം കഴിഞ്ഞ് ഞാൻ ചിത്രമെടുത്തു തുടങ്ങി. പത്തിരുപത് പടമെടുത്തപ്പോഴേക്കും നിർത്തി. കാരണം പടങ്ങൾ ആവർത്തനമാവുന്നു. പടമെടുത്തു തുടങ്ങിയപ്പോഴും നിർത്തിയപ്പോഴും എം.ടി.ക്ക് ഭാവഭേദമൊന്നും ഉണ്ടായിരുന്നില്ല. എം ടി യാകട്ടെ അദ്ദേഹത്തിൻ്റെ ഇമ്പമാർന്ന പക്ഷേ പിശുക്കേറിയ സംസാരം തുടരുകയാണ്. ഞാൻ കേൾവിക്കാരനായി
ഞങ്ങൾ പത്രഫൊട്ടോഗ്രഫർമാരുടെ ഒരു ശാപം ഏറ്റവും മികച്ച പ്രസംഗമായാലും കച്ചേരിയായാലും, മറ്റെന്ത് പരിപാടിയാണെങ്കിലും അവതരിപ്പിക്കുന്നവരുടെ തൊട്ടടുത്ത് ഞങ്ങളുണ്ടാകുമെങ്കിൽ പോലും ശ്രദ്ധ അവരുടെ പ്രസംഗത്തിലോ പ്രവൃത്തിയിലോ ആകില്ല, മറിച്ച് ഏറ്റവും നല്ല ചിത്രമുഹൂർത്തത്തിലാകും. ഇഷ്ടത്തോടെ കേൾക്കാൻ പോയതുപോലും എലി കടിച്ച പപ്പടം പോലെ ചില ഭാഗങ്ങൾ മാത്രമേ കാണാനോ കേൾക്കാനോ കഴിയൂ.എം.ടി. വാസുദേവൻ നായർ | PHOTO : WIKI COMMONS
ഒന്നാം ദിവസം കഴിഞ്ഞപ്പോഴേക്കും ഞങ്ങൾ എം ടി യുടെ ബാല്യകാല സുഹൃത്തുക്കളായി കഴിഞ്ഞിരുന്നു. എം.ടി യുടെ അനുഭവങ്ങളെല്ലാം ഞങ്ങളിലേക്ക് എം.ടി. സന്നിവേശിപ്പിച്ചു. എം.ടിയുടെ ബാല്യകാലാനുഭവങ്ങളും ദാരിദ്രവും ചിലതെല്ലാം ഗ്രാമീണരായ ഞങ്ങളും അനുഭവിച്ചിരുന്നെന്ന തിരിച്ചറിവ് ഞങ്ങളിൽ എന്തെന്നില്ലാത്ത ആഹ്ളാദമുണ്ടാക്കി. ഞങ്ങളിലൊരുവനായി എം.ടി. മാറി.
ആദ്യകാല സംഭവങ്ങളുടെ ചിത്രങ്ങളുടെ ഒരു മഹാശേഖരം തന്നെ എം.ടിക്ക് ഉണ്ടായിരുന്നു. അവയുടെ റീ കോപ്പി എടുക്കുന്നതിനൊന്നും അദ്ദേഹം തടസ്സം നിന്നില്ല. മറ്റൊരു കോപ്പി തരാനില്ലാതിരുന്നതിനാൽ എല്ലാം പകർത്തുക മാത്രമായിരുന്നു എനിക്ക് ചെയ്യാനുള്ളത്. സ്ഥലം മാറിയിരിക്കുമ്പോഴോ കണ്ണട മാറ്റുമ്പോഴോ മാത്രമെ അദ്ദേഹത്തെ എനിക്ക് പടമെടുക്കേണ്ടി വന്നിട്ടുള്ളൂ. ആദ്യ ദിവസം സന്ധ്യയായതോടെ ഞങ്ങളിറങ്ങി. എം.ടി. ഗെയ്റ്റ് വരെ ഞങ്ങളോടൊപ്പമുണ്ടായിരുന്നു ദൂരെ നിന്നും ഓട്ടോ വരുന്നത് കണ്ടപ്പോൾ എം.ടി. ഞങ്ങളോട് പറഞ്ഞു: നാളെ രാവിലെ നേരത്തെ ഇങ്ങ് പോരൂ, കാപ്പി ഇവിടന്നാവാം.
ഒരേ ഒരു തവണ ഒഴിച്ച് ഞാൻ അദ്ദേഹത്തെ പോസ് ചെയ്യിച്ചിട്ടില്ല. അവിടെയും അദ്ദേഹത്തെ ഫ്രീയായി വിടുകയായിരുന്നു. അദ്ദേഹത്തിന് കിട്ടിയ ജ്ഞാനപീഠമടക്കമുള്ള പുരസ്കാരങ്ങൾ കൊണ്ട് സകല മുറികളും നിറഞ്ഞിരുന്നു. പുരസ്കാരമെല്ലാം കൂട്ടിച്ചേർത്ത് ഒരു പടമെടുക്കാൻ എന്തു വഴിയെന്നായി എൻ്റെ ആലോചന. ഒടുവിൽ അദ്ദേഹത്തിൻ്റെ സമ്മതത്തോടെ, കുടുംബത്തിൻ്റെ സഹകരണത്തോടെ ഷെൽഫുകളിൽ നിന്ന് ജ്ഞാനപീഠമൊഴികെ പുരസ്കാരങ്ങൾ എടുത്ത് ഗോവണിപ്പടവുകളിൽ കുത്തിനിറച്ചു. ഏറ്റവും താഴെയുള്ള പടിയിൽ ഒരു വലിയ തൂവാല വിരിച്ചു. പിന്നെ ഒരൊഴിവ് നോക്കി എംടിയെ "സെറ്റിലേക്ക് " ക്ഷണിച്ചു. എം.ടി.യെ താഴെ തൂവാല വിരിച്ച പടിയിലിരുത്തി. ഷെൽഫിൽ മാറ്റി വച്ച ജ്ഞാന പീഠപുരസ്കാര ശിൽപം അദ്ദേഹത്തിൻ്റെ മടിയിൽ വച്ചു കൊടുത്തു. അത് കൈയിൽ വന്നപ്പോൾ അദ്ദേഹം അൽപം വികാരാധീനനായോ എന്ന് എനിക്ക് തോന്നിയതാകാം. കാരണം ശിൽപം കൈയിൽ വച്ച് എം.ടി. പറഞ്ഞതെല്ലാം പുരസ്കാരചടങ്ങിനെപ്പറ്റിയായിരുന്നു. എന്താണ് പറഞ്ഞതെന്ന് ഞാൻ കേട്ടില്ല. ഞാൻ ചിത്രമെടുപ്പിൽ മുഴുകിപ്പോയി. കുറെയേറെ പടമെടുത്തു. ഒന്നെങ്കിലും ശരിയാകണേ എന്നായിരുന്നു എൻ്റെ പ്രാർത്ഥന. കാരണം പുരസ്കാരങ്ങളുടെ എണ്ണവും അവയുടെ ഗൗരവങ്ങളും കണ്ട് എൻ്റെ കൈ വിറച്ചു തുടങ്ങിയിരുന്നു.