മുണ്ടക്കൈ; 350 ജീവനുകളുടെ വിലയുള്ള മുന്നറിയിപ്പ്
വയനാട് മുണ്ടക്കൈയ്യിലും ചൂരല്‍മലയിലും ഉണ്ടായ ഉരുള്‍പൊട്ടലിന്റെ നടുക്കുന്ന ദൃശ്യങ്ങള്‍ക്ക് നടുവിലൂടെയാണ് കേരളമിന്ന് കടന്നുപോകുന്നത്. ആയിരകണക്കിന് മനുഷ്യരുടെ നിസ്സഹായതയുടെ ഇടയിലൂടെ വിശ്രമമില്ലാത്ത രക്ഷാപ്രവര്‍ത്തനം ഇടതടവില്ലാതെ നടന്നുകൊണ്ടിരിക്കുന്നു. മുന്നൂറിലധികം മനുഷ്യര്‍ക്കാണ് ഇതിനോടകം ജീവന്‍ നഷ്ടമായത്. ഇരുനൂറിലധികം മനുഷ്യരെ കണ്ടെത്താനാകാത്ത അവസ്ഥ. നിലവില്‍ ഒന്‍പതിനായിരത്തോളം മനുഷ്യരാണ് സ്വന്തം വീടും നാടും നഷ്ടപ്പെട്ട് ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നത്. മുണ്ടക്കൈയ്യും കടന്ന് നിലമ്പൂര്‍ പോത്തുകല്ലില്‍ ചാലിയാറില്‍ എത്തുന്ന മൃതദേഹങ്ങള്‍. കേരളത്തിന്റെ പല ഭാഗങ്ങളിലായി ഉരുള്‍പൊട്ടല്‍ ദുരന്തങ്ങള്‍ ഭീതി വിതച്ചിട്ടുണ്ടെങ്കിലും ഇത്രയധികം വ്യാപ്തി കൂടിയ, ഇത്രയധികം മനുഷ്യരുടെ ജീവന്‍ അപഹരിച്ച ഒരു ഉരുള്‍പൊട്ടല്‍ ഇതാദ്യമായിട്ടായിരുന്നു.
ദുരന്തത്തിന് മുന്നില്‍ പകച്ചുനില്‍ക്കുന്നതിനേക്കാള്‍ ദുരന്തത്തെ മുന്‍കൂട്ടി കണ്ട് ചെറുത്ത് നില്‍ക്കേണ്ട ആവശ്യകതയെ ഇനിയും നമ്മള്‍ ഗൗരവത്തോടെ കാണുന്നുണ്ടോ എന്നത് സംശയകരമാണ്. കാലാവസ്ഥ വ്യതിയാനത്തെയാണ് നിലവിലെ അപകടത്തിന്റെ പ്രധാന കാരണമായി സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍ സമീപകാലങ്ങളില്‍ നടന്നിട്ടുള്ള മനുഷ്യ കയ്യേറ്റങ്ങള്‍ പ്രകൃതിയെ ദുര്‍ബലപ്പെടുത്തിയെന്ന വസ്തുതയെ ഈ അവസരത്തില്‍ പാടെ നിരാകരിക്കാനാവില്ല.
ദുരന്തത്തെ മുന്നില്‍കാണുമ്പോള്‍ ഒറ്റക്കെട്ടായി അതിനെ നേരിടുന്ന കേരളമെന്ന് പലയാവര്‍ത്തി അഭിമാനിക്കുമ്പോള്‍ തന്നെ ദുരന്തത്തിന് മുന്നേ ദുരന്തനിവാരണത്തിന് മുന്‍തൂക്കം കൊടുക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും നാം കാര്യമായി ചിന്തിക്കേണ്ടതുണ്ട്. പ്രകൃതി ദുരന്തത്തിന്റെ മനുഷ്യ നിര്‍മ്മിത കാരണങ്ങളെ കൂടി കൃത്യമായും പരിഗണിക്കേണ്ടതുണ്ട്. കേരളത്തില്‍ ഉരുള്‍പൊട്ടലുകള്‍ ഉള്‍പ്പെടെയുള്ള പ്രകൃതി ദുരന്തങ്ങള്‍ എന്തുകൊണ്ട് ആവര്‍ത്തിക്കുന്നു എന്ന പരിശോധനകള്‍ക്ക് ഊന്നല്‍ നല്‍കേണ്ടതുമുണ്ട്.
MUNDAKKAI LANDSLIDE | PHOTO : WIKI COMMONS
ഈ അവസരത്തിലാണ് കേരള സര്‍വകലാശാലയുടെ പരിസ്ഥിതി ശാസ്ത്ര വകുപ്പ് കേരളത്തിലെ ഉരുള്‍പൊട്ടലിനെക്കുറിച്ചും മണ്ണിടിച്ചിലിനെക്കുറിച്ചും അതിന്റെ വിവിധങ്ങളായ കാരണങ്ങളെക്കുറിച്ചും നടത്തിയ പഠന റിപ്പോര്‍ട്ട് ചര്‍ച്ചയാകുന്നത്. ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍കൊണ്ട് പ്രകൃതി ദുരന്തങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുള്ള പ്രദേശമായി കേരളത്തെ വിലയിരുത്തികൊണ്ട് തന്നെ അശാസ്ത്രീയമായ നിര്‍മ്മാണങ്ങളും പ്രകൃതി വിഭവങ്ങളുടെ ചൂഷണവും കേരളത്തിലെ പ്രകൃതി ദുരന്തങ്ങളുടെ വ്യാപ്തിയും ആഘാതവും വര്‍ദ്ധിപ്പിക്കുന്നുണ്ടെന്ന നിരീക്ഷണം റിപ്പോര്‍ട്ട് ഉയര്‍ത്തികാണിക്കുന്നുണ്ട്. ഉരുള്‍പൊട്ടല്‍ പോലുള്ള പ്രകൃതി ദുരന്തങ്ങള്‍ക്ക് പ്രകൃതിയുമായി തന്നെ ചേര്‍ന്ന് നില്‍ക്കുന്ന നിരവധി സ്വാഭാവിക കാരണങ്ങളുണ്ട്. ഈ സ്വാഭാവിക കാരണങ്ങള്‍ക്ക് ആക്കം കൂട്ടുന്ന മനുഷ്യ ഇടപെടലുകളും അത് ഏത് രീതിയില്‍ പ്രകൃതിയെ ദുര്‍ബലപ്പെടുത്തുമെന്നും ഇവിടെ സൂചിപ്പിക്കുന്നുണ്ട്. കേരളത്തെ സംബന്ധിച്ച് അത് എത്രത്തോളം സംഭവിച്ച് കഴിഞ്ഞുവെന്ന് തിരിച്ചറിയേണ്ട സമയം അതിക്രമിച്ചു.
ദുര്‍ബലമാകുന്ന കേരളത്തിന്റെ ഭൂസ്ഥിതി
2001 ല്‍ അമ്പൂരിയിലുണ്ടായ ഉരുള്‍പൊട്ടല്‍, പുത്തുമല, കവളപ്പാറ, പെട്ടിമുടി, കൂട്ടിക്കല്‍, കാപ്പിക്കളം മുതല്‍ ഇപ്പോള്‍ മുണ്ടക്കൈ, ചൂരല്‍മല ദുരന്തം വരെ നിരവധിയായ ഉരുള്‍പൊട്ടലുകള്‍ക്കാണ് കേരളം സാക്ഷ്യം വഹിച്ചത്. പ്രളയക്കെടുതി നേരിട്ട 2018 ല്‍ 10 ജില്ലകളിലായി 341 മണ്ണിടിച്ചിലുകളാണ് ഉണ്ടായിട്ടുള്ളത്. നൂറിലധികം പേര്‍ ഉരുള്‍പൊട്ടലിലും മണ്ണിടിച്ചിലിലും പെട്ട് ആ വര്‍ഷം മരിച്ചിട്ടുണ്ട്. അമ്പൂരിയിലുണ്ടായ ദുരന്തത്തിന് ശേഷം കേരളത്തെ ഞെട്ടിച്ചത് 2019 ലെ കവളപ്പാറ, പുത്തുമല ദുരന്തങ്ങളാണ്. ആ വര്‍ഷം 477 പേരാണ് ഉരുള്‍പൊട്ടലില്‍ മരിച്ചത്. 2018-2021 കാലയളവില്‍ സംസ്ഥാനത്ത് അനുഭവപ്പെട്ട കനത്ത മഴയില്‍ ഏറ്റവും കൂടുതല്‍ നാശനഷ്ടങ്ങള്‍ ഉണ്ടായിരിക്കുന്നത് പശ്ചിമഘട്ടനിരകളിലാണ്. ദുരന്തനിവാരണ അതോറിറ്റിയുടെ കണക്കുകള്‍ പ്രകാരം 2018 ല്‍ മാത്രം 331 വലിയ ഉരുള്‍പൊട്ടലുകളും 2019 ല്‍ 69 ഉരുള്‍പൊട്ടലുകളുമാണ് കേരളത്തിലുണ്ടായിരിക്കുന്നത്. ദുര്‍ബലമായ കാരണങ്ങളെ മുന്‍നിര്‍ത്തി മാത്രം ഈ വര്‍ദ്ധിച്ച് വരുന്ന കണക്കിനെ നോക്കികാണാന്‍ സാധിക്കില്ല.
റിപ്പോര്‍ട്ട് അനുസരിച്ച് 1984 ല്‍ ഇപ്പോള്‍ ദുരന്തമുണ്ടായിരിക്കുന്ന മുണ്ടക്കൈയ്യില്‍ 14 പേരുടെ ജീവനെടുത്ത ഉരുള്‍പൊട്ടല്‍ ഉണ്ടായിട്ടുണ്ട്. മനുഷ്യ ഇടപെടലുകള്‍ കാര്യമായി ഇല്ലാതിരുന്നിട്ടും ചരിവ് കൂടിയ, ആഴം കൂടിയ മേല്‍മണ്ണുള്ള മേഖലകളില്‍ പെയ്യുന്ന അതി ശക്തമായ മഴ മണ്ണിടിയാന്‍ കാരണമാകുന്നതായി അന്ന് വിലയിരുത്തപ്പെട്ടു. എന്നാല്‍ 38 പേരുടെ ജീവനെടുത്ത 2001 ലെ അമ്പൂരി ദുരന്തത്തില്‍ അതിശക്തമായ മഴയ്‌ക്കൊപ്പം തന്നെ അശാസ്ത്രീയമായ ഭൂവിനിയോഗവും, കൃഷിരീതിയും ഉരുള്‍പൊട്ടലിന്റെ പ്രധാന കാരണമായി കണ്ടെത്തി. റിപ്പോര്‍ട്ട് അനുസരിച്ച് 33 സ്ഥലങ്ങളില്‍ നടത്തിയ പഠനം സൂചിപ്പിക്കുന്നത് അശാസ്ത്രീയമായ ഭൂവിനിയോഗവും പാറപൊട്ടിക്കലും ഉരുള്‍പൊട്ടലിന്റ സാധ്യത വര്‍ദ്ധിപ്പിക്കുന്നുണ്ടെന്നാണ്.
QUARRIES | PHOTO: WIKI COMMONS
ഉരുള്‍പൊട്ടലുണ്ടാകുന്നതിന് പ്രകൃത്യാ സംഭവിക്കുന്ന നിരവധി കാരണങ്ങളുണ്ട്. എന്നാല്‍ ഈ സ്വാഭാവിക കാരണങ്ങള്‍ മനുഷ്യ ഇടപെടലുകള്‍ മൂലം ശക്തിയാര്‍ജിച്ച്, വേഗതയാര്‍ജ്ജിച്ച് ഏറ്റവും കൂടിയ വ്യാപ്തിയില്‍ ദുരന്തമായി മാറുകയാണ് ചെയ്യുന്നത്. ഓരോ പ്രദേശത്തും ലഭിക്കുന്ന മഴയുടെ അളവ് പ്രധാനപ്പെട്ട ഘടകമാണ്. ദുരന്ത ദിവസം എത്ര മഴ പെയ്യുന്നു എന്നല്ല, മറിച്ച് തുടര്‍ച്ചയായി രണ്ടോ മൂന്നോ ദിവസങ്ങളിലായി പെയ്യുന്ന അതി തീവ്ര മഴ ഉരുള്‍പൊട്ടലിലേക്ക് നയിക്കും. 24 മണിക്കൂറിനുള്ളില്‍ 200 സെ.മീ അല്ലെങ്കില്‍ അതില്‍ കൂടുതലോ മഴ ലഭിക്കുന്നത് അപകടകരമാണ്. കാലാവസ്ഥ വ്യതിയാനത്തിനും മഴയുടെ തീവ്രതയ്ക്കുമെല്ലാം പ്രകൃതിയില്‍ മനുഷ്യന്‍ നടത്തുന്ന ഇടപെടലുകളുമായി ബന്ധമുണ്ട്. ഒരു പരിധി വരെ ഇതിനെ സ്വാഭാവിക കാരണമായി കണ്ടാല്‍ തന്നെ, അത് മൂലമുള്ള അപകടത്തിന്റെ വ്യാപ്തി മനുഷ്യ ഇടപെടലിലേക്ക് തന്നെയാണ് തിരിച്ചെത്തുന്നത്. ഭൂചലനം മറ്റൊരു കാരണമായി ചൂണ്ടിക്കാട്ടുന്നുണ്ട്. എന്നാല്‍ ഭൂചലനം കാരണം കേരളത്തില്‍ മണ്ണിടിച്ചില്‍ ഉണ്ടായിട്ടില്ലെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. 20 ഡിഗ്രിക്ക് മുകളില്‍ ചെരിവുള്ള ഉയര്‍ന്ന പ്രദേശങ്ങളിലാണ് ഉരുള്‍പൊട്ടലുകള്‍ പൊതുവെ കണ്ട് വരുന്നതെന്ന് പഠനം കണ്ടെത്തിയിട്ടുണ്ട്. ഇത്തരത്തില്‍ പ്രദേശത്തിന്റെ സ്വഭാവം, ഘടന, ദ്രവിച്ച പാറയും മേല്‍മണ്ണും ചേര്‍ന്ന മേഖലയുടെ കനം തുടങ്ങിയ ഭൗമശാസ്ത്രഘടകങ്ങള്‍ സാഭാവിക കാരണങ്ങളായി കണക്കാക്കുന്നുണ്ട്. ഭൂമിയുടെ ചരിവ്, മണ്ണിന്റെ ആഴം, ഘടന, നീര്‍ച്ചാലുകളുടെ വിന്യാസം, ഭൂഗര്‍ഭജലത്തിന്റെ ഒഴുക്കിനെ നിയന്ത്രിക്കുന്ന ഘടകങ്ങള്‍ തുടങ്ങി സ്വാഭാവിക കാരണങ്ങള്‍ ഉണ്ടെന്നിരിക്കെ തന്നെ ഇതിന്റെ ആക്കം കൂട്ടുന്ന മറ്റ് ഘടകങ്ങളുമുണ്ട്.
കേരളത്തില്‍ കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകള്‍ക്കിടയില്‍ സ്വാഭാവിക വന മേഖലയെ റബ്ബര്‍ തോട്ടങ്ങളും മറ്റ് പ്ലാന്റേഷനുകളും കവര്‍ന്നെടുത്തു എന്ന് കേരള സര്‍വകലാശാല റിപ്പോര്‍ട്ട് സാക്ഷ്യപ്പെടുത്തുന്നുണ്ട്. ഇവിടെ തിരിച്ചറിയേണ്ട പ്രധാനപ്പെട്ട കാര്യം കേരളത്തില്‍ ഉണ്ടായിരിക്കുന്ന ഉരുള്‍പൊട്ടലിന്റെ 59 ശതമാനവും തോട്ടം മേഖലയിലാണെന്നതാണ്. 2021 ല്‍ പ്രസിദ്ധീകരിച്ച സ്പ്രിങര്‍ റിപ്പോര്‍ട്ട് ഇത് വ്യക്തമാക്കുന്നുണ്ട്.
വയനാട് ജില്ലയില്‍ 1950 ല്‍ 1811.35 ചതുരശ്ര കിലോമീറ്ററാണ് വന മേഖലയെങ്കില്‍ 2018 ആയപ്പോഴേക്കും ഇത് 672 ചതുരശ്രകിലോമീറ്ററായി കുറഞ്ഞു. അതേസമയം ജില്ലയിലെ പ്ലാന്റേഷന്‍ മേഖല 63.93 ചതുരശ്രകിലോമീറ്ററില്‍ നിന്ന് 2018 ലേക്കെത്തുമ്പോള്‍ 1215.15 ചതുരശ്രകിലോമീറ്ററായി ഉയര്‍ന്നു. 1950-2012 കാലഘട്ടത്തില്‍ 51 ശതമാനം വനമേഖലയാണ് വയനാടിന് നഷ്ടപ്പെട്ടതെങ്കില്‍ ഇതേ കാലയളവില്‍ പ്ലാന്റേഷന്‍ മേഖലയുടെ വര്‍ദ്ധനവ് 1329 ശതമാനമാണ്. 1950-2018 കാലയളവില്‍ 62 ശതമാനം വനമേഖല നഷ്ടമായപ്പോള്‍ പ്ലാന്റേഷന്‍ മേഖല 1,800 ശതമാനമായി വീണ്ടും ഉയര്‍ന്നു. ദുരന്തങ്ങള്‍ പലയാവര്‍ത്തികണ്ട വയനാടിന്റെ മാത്രം കണക്കുകളാണിത്.
PLANTATION | PHOTO : WIKI COMMONS
മലഞ്ചെരുവുകളുടെ സ്ഥിരത വര്‍ദ്ധിപ്പിക്കുന്നതാണ് ആഴത്തില്‍ വേരോട്ടമുള്ള വന്‍വൃക്ഷങ്ങള്‍. താഴ് വേരുകളുള്ള ആ വനവൃക്ഷങ്ങള്‍ വെട്ടിമാറ്റുന്നതും, മണ്ണിനെ ദൃഢപ്പെടുത്തി നിര്‍ത്തുന്ന വേരുകളുടെ ഘടനാനാശവും, ക്രമാതീതമായി വേരുകള്‍ ശോഷിച്ചുപോകുന്നതും മലയോരമേഖലയുടെ സ്ഥിരതയ്ക്കും ദൃഢതയ്ക്കും കോട്ടം തട്ടിക്കുന്നുണ്ടെന്ന് സര്‍വകലാശാല റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. വ്യാപകമായ വനനശീകരണം മണ്ണിനെ ദുര്‍ബലമാക്കുമെന്ന വസ്തുതയെ മുകളില്‍ സൂചിപ്പിച്ച കണക്കുകളുമായി ചേര്‍ത്ത് വായിക്കുമ്പോള്‍ കേരളത്തിന്റെ പശ്ചിമഘട്ട മലനിരകളില്‍ സംഭവിക്കുന്നത് എന്താണെന്ന് മനസ്സിലാക്കാം.
ഉപരിതലത്തോട് ചേര്‍ന്ന് വളരുന്ന സസ്യങ്ങള്‍ ഉപരിതല മണ്ണൊലിപ്പ് തടയുന്ന ആവരണമായി പ്രവര്‍ത്തിക്കുന്നുണ്ട്. മഴയുടെ ആഘാതം മണ്ണിനേല്‍ക്കുന്നത് കുറയ്ക്കുന്നതിനും ഈര്‍പ്പം നിയന്ത്രിക്കുന്നതിനും ഇത് വലിയ പങ്കു വഹിക്കുന്നു. വ്യാപകമായ വന നശീകരണവും അശാസ്ത്രീയമായ നിര്‍മ്മിതികളും, റോഡ് നിര്‍മ്മാണവും, കരിങ്കല്‍ ഖനനങ്ങളും, സ്വാഭാവിക നീര്‍ച്ചാലുകളെ ഇല്ലാതാക്കികൊണ്ടുള്ള നിര്‍മ്മിതികളും ഇടപെടലുകളുമെല്ലാം ഉരുള്‍പൊട്ടലെന്ന അപകടത്തെ വിളിച്ചുവരുത്തുന്നുണ്ട്. സ്വാഭാവിക വനവൃക്ഷങ്ങള്‍ക്ക് പകരമായി വളരുന്ന വേരോട്ടമില്ലാത്ത മരങ്ങള്‍ ഉരുള്‍പൊട്ടല്‍ സാധ്യത വര്‍ദ്ധിപ്പിക്കുന്നുണ്ടെന്നും പഠനം സൂചിപ്പിക്കുന്നു.
സോയില്‍ പൈപ്പിങ് എന്ന പ്രതിഭാസമാണ് പ്രധാനമായും ഉരുള്‍പൊട്ടലുകളിലേക്ക് നയിച്ചിട്ടുള്ളതെന്ന് കണ്ടെത്തിയിട്ടുണ്ട്. ഭൂമിക്കടിയില്‍ മണ്ണൊലിപ്പുണ്ടാക്കുന്ന പ്രതിഭാസമാണ് സോയില്‍ പൈപ്പിങ്. ഭൗമാന്തര്‍ ഭാഗത്ത് തുരങ്കങ്ങള്‍ കണക്ക് രൂപപ്പെട്ട്, ഉറപ്പ് കുറഞ്ഞ ഭാഗത്ത് ശക്തമായി പെയ്യുന്ന മഴ ഭൂമിക്കടിയിലേക്ക് ഇറങ്ങി ഈ കൈവഴികള്‍ വഴി നദി പോലെ രൂപാന്തരപ്പെട്ട് ഒഴുകുന്ന പ്രതിഭാസമാണിത്. വെട്ടിമാറ്റുന്ന മരങ്ങളുടെ വേരുകള്‍ ദ്രവിച്ച് ഇത്തരത്തില്‍ തുരങ്കങ്ങളായി രൂപപ്പെടുന്നുണ്ട്. സംസ്ഥാനത്ത് ആകെ ശരാശരി 300 സെ.മീ മഴ ലഭിക്കുമ്പോള്‍ പശ്ചിമഘട്ട മേഖലകള്‍ ഉള്‍പ്പെടുന്ന കേരളത്തിലെ മലയോരമേഖലകളില്‍ ലഭിക്കുന്നത് 500 സെ.മീ മഴയാണ്. തുടര്‍ച്ചയായി രണ്ടോ മുന്നോ ദിവസം 200 മുതല്‍ 300 വരെ മഴ ലഭിക്കുമ്പോള്‍ മലഞ്ചെരുവുകള്‍ക്ക് സ്ഥിരത നഷ്ടപ്പെടുന്ന അവസ്ഥയാണ് നിലവിലുള്ളത്. ഈ മേഖലകളില്‍ മഴ വെള്ളം ചെറിയ നീര്‍ച്ചാലുകളിലൂടെ വലിയ നദികളായി രൂപാന്തരം പ്രാപിക്കുന്നുണ്ട്. ഇവയല്ലാതെയുള്ള ചെറിയ ചാലുകളും മലയോര മേഖലകളിലുണ്ട്. മനുഷ്യ ഇടപെടലുകള്‍ മൂലം അടഞ്ഞുപോകുന്ന ഇവ മഴ പെയ്യുന്ന സമയത്ത് വെള്ളം സംഭരിക്കുകയും ചെയ്യുന്നുണ്ട്. ഈര്‍പ്പം വര്‍ദ്ധിക്കുന്ന ഈ സാഹചര്യത്തില്‍ 20 ഡിഗ്രിയില്‍ കൂടുതല്‍ ചെരിവുള്ള മേഖലകള്‍ മഴക്കാലത്ത് ദൃഢത നഷ്ടപ്പെട്ട് താഴേക്ക് ഒഴുകുകയാണ് ചെയ്യുന്നത്. കേരളത്തില്‍ സംഭവിക്കുന്ന ഉരുള്‍പൊട്ടലുകള്‍ മിക്കതും ഇത്തരം മേഖലകളിലാണെന്ന് പഠനം കണ്ടെത്തിയിട്ടുണ്ട്. ദൃഢത കുറയുന്നതോടെ ദ്രവീകരണം സംഭവിച്ച പാറയും മേല്‍ മണ്ണും കനത്ത മഴയില്‍ ഒലിച്ചിറങ്ങുകയാണ് ഉരുള്‍പൊട്ടല്‍ സംഭവിക്കുമ്പോള്‍ ഉണ്ടാകുന്നത്.
SOIL PIPING | IMAGE: WIKI COMMONS
മുണ്ടക്കൈ, ചൂരല്‍മല ദുരന്തത്തിന് പിന്നാലെ തന്നെ 13 വര്‍ഷം പഴക്കമുള്ള മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ട് വീണ്ടും ചര്‍ച്ചയാവുകയാണ്. എല്ലാ കാലത്തും സര്‍ക്കാര്‍ റിപ്പോര്‍ട്ടിനെ എങ്ങനെ തള്ളികളഞ്ഞോ അതില്‍ നിന്നും വ്യത്യസ്തമല്ല ഇപ്പോഴുള്ള നിലപാടും. 2011 ഓഗസ്റ്റില്‍ കേന്ദ്രത്തിന് സമര്‍പ്പിച്ച ഈ റിപ്പോര്‍ട്ടില്‍ മേപ്പാടിയിലെ പരിസ്ഥിതി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ കൃത്യമായി മുന്നറിയിപ്പ് നല്‍കുന്നുണ്ട്. മുണ്ടക്കൈ, ചൂരല്‍മല, അട്ടമല, നൂല്‍പ്പുഴ വില്ലേജുകള്‍ ഉള്‍പ്പെടുന്ന മേപ്പാടിയെ സംസ്ഥാനത്തെ പരിസ്ഥിതി ലോലമേഖലകളില്‍ ഒന്നായി മാധവ് ഗാഡ്ഗില്‍ നേതൃത്വത്തിലുള്ള വെസ്റ്റേണ്‍ ഗട്ട്‌സ് എക്കോളജി എക്‌സ്‌പേര്‍ട്ട് പാനല്‍ രേഖപ്പെടുത്തിയിട്ടുണ്ട്. പശ്ചിമഘട്ട നിരകളെ മുഴുവന്‍ എക്കോളജിക്കലി സെന്‍സിറ്റീവ് ഏരിയയായി വിജ്ഞാപനം ചെയ്യാനായിരുന്നു ഗാഡ്ഗില്‍ ശുപാര്‍ശ. എന്നാല്‍ കസ്തൂരിരംഗന്‍ കമ്മിറ്റി ഇഎസ്എ വ്യാപ്തി പശ്ചിമഘട്ടത്തിന്റെ 37 ശതമാനമായി കുറച്ചു.
റിപ്പോര്‍ട്ട് പ്രകാരം തിരുവനന്തപുരത്തെ അമ്പൂരി, വാഴിച്ചാല്‍, ഇടുക്കിയിലെ കണ്ണന്‍ ദേവന്‍ ഹില്‍സ്, പള്ളി വസല്‍, വട്ടവട, എറണാകുളം ജില്ലയിലെ മലയാറ്റൂര്‍, തൃശൂര്‍ പീച്ചി, പാണച്ചേരി തുടങ്ങി കേരളത്തിലെ പതിമൂന്ന് ജില്ലകളിലായി 160 ലധികം മേഖലകളെ ഹൈ ഹസാര്‍ഡ് സോണായി രേഖപ്പെടുത്തിയിട്ടുണ്ടെന്ന് സര്‍വകലാശാല പഠന റിപ്പോര്‍ട്ട് സാക്ഷ്യപ്പെടുത്തുന്നു. എന്നാല്‍ വയനാട് ജില്ലയിലെ ഹൈ ഹസാര്‍ഡ് സോണില്‍ ഇപ്പോള്‍ അപകടമുണ്ടായിരിക്കുന്ന മുണ്ടക്കൈ, ചൂരല്‍ മല മേഖലകള്‍ അടങ്ങുന്ന മേപ്പാടി ഉള്‍പ്പെട്ടിട്ടില്ല എന്നത് ശ്രദ്ധേയമാണ്. എന്നാല്‍, മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ടില്‍ ഈ മേഖല പ്രധാന്യത്തോടെ പരാമര്‍ശിക്കുന്നുമുണ്ട്.
പഠനങ്ങള്‍ മുന്നോട്ട് വച്ച അപകട സൂചനകളെയും പശ്ചിമഘട്ട മലനിരകളുടെ സംരക്ഷണമെന്ന ആവശ്യകതകളുമെല്ലാം ഏത് രീതിയില്‍ പരിഗണിക്കപ്പെട്ടോ അതിന്റെ പരിണിത ഫലങ്ങള്‍ തന്നെയാണ് നിലവില്‍ കണ്ടുകൊണ്ടിരിക്കുന്നത്. ഭൂമിക്ക് മേലുള്ള അശാസ്ത്രീയമായ ഇടപെടലുകള്‍ കാരണം കാലക്രമേണ സംഭവിച്ച കേടുപാടുകള്‍, അതിന്റെ പാര്‍ശ്വഫലങ്ങള്‍ ഈ വിധം ഇനിയും നേരിടേണ്ടി വരും. മലഞ്ചെരുവകളെ അസ്ഥിരപ്പെടുത്തുന്ന മേല്‍ സൂചിപ്പിച്ച ഘടകങ്ങളെ പരിഗണിക്കാതെ ഉരുള്‍പൊട്ടല്‍ പോലുള്ള ദുരന്തത്തെ അഭിമുഖീകരിക്കുക സാധ്യമല്ല.