TMJ
searchnav-menu
post-thumbnail

Outlook

ഇളയരാജയുടെ മൂന്നാര്‍ കാലം

02 Jun 2023   |   4 min Read
അമല്‍ ബി

മിഴ്‌നാട് തേനിയില്‍ പണ്ണൈപുരം ഗ്രാമത്തിലെ ദളിത് കര്‍ഷകനായ രാമസ്വാമിക്കും ചിന്നത്തായമ്മാള്‍ക്കും 1943 ലെ വൈകാശി മാസത്തിലാണ് രണ്ടാമത്തെ മകന്‍ പിറക്കുന്നത്. അച്ഛനും അമ്മയും അവനെ ജ്ഞാനദേശികന്‍ എന്ന് പേര് ചൊല്ലി വിളിച്ചു. സ്‌കൂളില്‍ ചേര്‍ത്തപ്പോള്‍ പേര് രാജയ്യ എന്നാക്കി. കൂട്ടുകാരും നാട്ടുകാരും അവനെ സ്‌നേഹത്തോടെ രാസയ്യ എന്ന് വിളിച്ചു. ആ രാസയ്യയാണ് പില്‍ക്കാലത്ത് മനോഹരമായ ഈണങ്ങള്‍കൊണ്ട് ഇന്ത്യന്‍ സംഗീത ലോകത്തെ പകരംവയ്ക്കാനില്ലാത്ത സംഗീത സംവിധായകനായി മാറിയത്. 

80ന്റെ നിറവിൽ നിൽക്കുന്ന ഇളയരാജയെക്കുറിച്ചാണ് പറഞ്ഞുവരുന്നത്. എണ്ണൂറിലധികം ചിത്രങ്ങള്‍. അയ്യായിരത്തിനടുത്ത് ഗാനങ്ങള്‍. അഞ്ചു ദേശീയ അവാര്‍ഡുകള്‍. വിവിധ സംസ്ഥാന സര്‍ക്കാരുകളുടെ അവാര്‍ഡുകള്‍. ഇത്രയും ജനകീയനായ മറ്റൊരു സംഗീത സംവിധായകന്‍ ഇന്ത്യയിലുണ്ടോ എന്ന് സംശയം. ഗാനമേളകളില്‍, വീട്ടുമുറ്റത്തെ വേപ്പുമരച്ചില്ലയില്‍ തൂക്കിയിട്ട റേഡിയോയില്‍, സര്‍ക്കാര്‍ ബസില്‍, ചന്തയില്‍, കല്യാണ വീടുകളില്‍, അങ്ങനെ മദ്രാസിയുടെ ഹൃദയതാളത്തിന് തന്നെ ഇളയരാജാ സംഗീതത്തിന്റെ താളമാണ്. കോടിക്കണക്കിന് ആരാധകരുള്ള ആ അതുല്യ പ്രതിഭയുടെ സംഗീത ജീവിതത്തിന്റെ തുടക്കം നമ്മുടെ മൂന്നാറിലായിരുന്നെന്നത് അധികമാര്‍ക്കുമറിയാത്ത കഥയാണ്. അതും തെരുവുഗായക സംഘത്തിലെ ഒരു ഹാര്‍മോണിയം വായനക്കാരനായി. 

കൊടിയ ദാരിദ്ര്യം പേറിയിരുന്ന കുടുംബത്തില്‍ ജനിച്ച രാസയ്യക്ക് എട്ടാം ക്ലാസില്‍ പഠനം താത്കാലികമായി നിര്‍ത്തേണ്ടി വന്നു. പഠനം തുടരാനുള്ള പണമുണ്ടാക്കാന്‍ വൈഗൈ ഡാമില്‍ തോട്ടക്കാരനായി ജോലിക്ക് ചേര്‍ന്നു. ഒരുരൂപ മാസശമ്പളം. ഈ പണമുപയോഗിച്ച് പഠനം പുനഃരാരംഭിച്ചെങ്കിലും വീട്ടിലെ കഷ്ടപ്പാടുകള്‍ ആ പതിനാലുകാരനെ തളര്‍ത്തി. രാസയ്യയുടെ മൂത്ത സഹോദരന്‍ പാവലര്‍ വരദരാജന്‍ അക്കാലത്ത് തേനിയിലെ പേരെടുത്ത തെരുവുഗായകനും വിപ്ലവകവിയും വാഗ്മിയുമായിരുന്നു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകന്‍ കൂടിയായിരുന്ന വരദരാജന്‍ തേനിയിലും സമീപപ്രദേശങ്ങളിലുമുള്ള പാര്‍ട്ടി യോഗങ്ങളില്‍ പതിവായി സംഗീതക്കച്ചേരികള്‍ നടത്തുമായിരുന്നു. 


ഇളയരാജ | Photo: Wiki Commons

ദാരിദ്ര്യവും കടബാധ്യതകളുമേറി വന്ന സമയത്താണ് വരദരാജനും സഹോദരങ്ങളും തേനിയില്‍ നിന്ന് മൂന്നാറിന് വണ്ടി കയറുന്നത്. തേയില മൂന്നാറിനെ സമ്പന്നമാക്കിയ കാലമാണല്ലോ. മെച്ചപ്പെട്ട എന്തെങ്കിലും തൊഴില്‍ ലഭിക്കുമെന്നായിരുന്നു പ്രതീക്ഷ. മൂന്നാറിലെത്തിയ അവര്‍ ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടരായി. മൂന്നാറിലന്ന് ഇടത് തൊഴിലാളി പ്രസ്ഥാനം ശൈശവ ദശയിലാണ്. തോട്ടമുടമകള്‍ പലമാര്‍ഗങ്ങളിലൂടെ സംഘടനാ പ്രവര്‍ത്തനങ്ങളെ നിര്‍വീര്യമാക്കാന്‍ ശ്രമിക്കുന്ന കാലം. ഇടത് സംഘടനയുടെ മുന്നേറ്റത്തിന് തടയിടാന്‍ കോണ്‍ഗ്രസിന്റെ തൊഴിലാളി സംഘടനയായ ഐഎന്‍ടിയുസിയും രംഗത്തുണ്ടായിരുന്നു. തൊഴിലാളികളില്‍ നല്ലൊരു വിഭാഗവും ഇടത് യൂണിയനില്‍ ചേരാതെ ഭയന്ന് മാറിനില്‍ക്കുന്ന സ്ഥിതി. തൊഴിലാളികളില്‍ ഭൂരിപക്ഷവും തമിഴ് വംശജരാണല്ലോ. പ്രസംഗിക്കാന്‍ തമിഴ്‌നാട്ടില്‍ നിന്ന് കമ്മ്യൂണിസ്റ്റ് നേതാക്കളെത്തി. പക്ഷേ, പ്രസംഗം കേള്‍ക്കാന്‍ ആളുണ്ടായില്ല. അങ്ങനെയാണ് നേതാക്കള്‍ പാവലര്‍ വരദരാജനെ ആശ്രയിക്കുന്നത്. തമിഴ്‌നാട്ടിലേതുപോലെ മൂന്നാറിലും പാര്‍ട്ടി പരിപാടികളില്‍ വരദരാജന്റെ സംഗീതക്കച്ചേരികള്‍ ആരംഭിച്ചു. ഇന്നത്തേതുപോലെ പാട്ടുകേള്‍ക്കാന്‍ റേഡിയോയോ ടിവിയോ ടേപ്പ് റിക്കാര്‍ഡറോ ഇല്ലാത്ത കാലം. വരദരാജന്റെ പാട്ട് കേള്‍ക്കാന്‍ തൊഴിലാളികള്‍ ഇരച്ചെത്തി. പാര്‍ട്ടി യോഗങ്ങളില്‍ പതിയെ ആളുകൂടി. ജ്യേഷ്ഠനില്‍ നിന്നും പഠിച്ചെടുത്ത സംഗീതത്തിന്റെ ബാലപാഠങ്ങള്‍ രാസയ്യക്കും വേദികളില്‍ കയറാന്‍ കരുത്തു നല്‍കി. അങ്ങനെ വരദരാജനൊപ്പം അനുജനും മൂന്നാറിലെ പാര്‍ട്ടി യോഗങ്ങളില്‍ പാടിത്തുടങ്ങി. പെണ്‍ ശബ്ദത്തില്‍ പാടാനുള്ള കഴിവ് രാസയ്യക്കുണ്ടായിരുന്നു. ജ്യേഷ്ഠന്റെ പുരുഷ ശബ്ദത്തിനൊപ്പം പെണ്‍ ശബ്ദത്തില്‍ യുഗ്മ ഗാനങ്ങള്‍ പാടി അനുജന്‍ തൊഴിലാളികളുടെ കയ്യടി നേടി. ഹാര്‍മോണിയം വായിച്ചുകൊണ്ട് പാട്ടുപാടുന്ന ആ കൗമാരക്കാരന് മൂന്നാറിലെ തോട്ടം തൊഴിലാളികള്‍ക്കിടയില്‍ ആരാധകരേറി. ഹാര്‍മോണിയമൊഴികെ കാര്യമായ സംഗീതോപകരണങ്ങള്‍ ഒന്നുമില്ല. ചുടുകട്ടയില്‍ മരക്കമ്പുകൊണ്ടടിച്ച് താളമിട്ടുവരെ അവര്‍ പാടി. ഓരോ പാട്ട് കഴിയുമ്പോഴും ഇനിയുമൊരു പാട്ടുകൂടി എന്ന് ജനം ബഹളം കൂട്ടും.

പാര്‍ട്ടി യോഗങ്ങള്‍ തുടങ്ങുന്നതിന് മുന്‍പാണ് പാവലര്‍ സംഘത്തിന്റെ പാട്ടുകച്ചേരി. പാട്ട് കേള്‍ക്കാന്‍ ആളുകൂടും. കച്ചേരി കഴിഞ്ഞാലുടന്‍ യോഗം ആരംഭിക്കും. രാസയ്യയുടെ സഹോദരന്മാരായ ഭാസ്‌കറും അമര്‍സിംഗും പാവലര്‍ സംഘത്തിന്റെ ഭാഗമായിരുന്നു. അമര്‍സിംഗ് പില്‍ക്കാലത്ത് ഗംഗൈയമരന്‍ എന്ന പേരില്‍ സംഗീത സംവിധായകനായി മാറി. മൂന്നാറില്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ ശക്തിപ്പെടുത്തുന്നതില്‍ യൂണിയന്‍ പ്രവര്‍ത്തകരേക്കാള്‍ ആവേശമായിരുന്നു പാവലര്‍ സഹോദരന്മാര്‍ക്ക്. ആദ്യമൊക്കെ സിനിമാഗാനങ്ങള്‍ പാടിയിരുന്ന അവര്‍ പിന്നീട് തൊഴിലാളികള്‍ നേരിടുന്ന ചൂഷണങ്ങളെ ചോദ്യം ചെയ്തുകൊണ്ട് സ്വയം വരികള്‍ എഴുതി ഈണമിട്ട് പാടാന്‍ തുടങ്ങി. അക്കാലത്താണ് പഴയ മൂന്നാര്‍ ടൗണിലെ സിനിമ തീയേറ്ററിന് സമീപമുണ്ടായിരുന്ന പെട്ടിക്കടകള്‍ കോണ്‍ഗ്രസ് നേതാക്കളുടെ നേതൃത്വത്തില്‍ പൊളിച്ചുനീക്കുന്നത്. ഐക്യകേരളം നിലവില്‍ വരുന്നതിനു മുന്‍പ് കോണ്‍ഗ്രസിന് സര്‍വാധികാരമുണ്ടായിരുന്ന സമയമായിരുന്നു അത്. കയ്യേറ്റമെന്ന് ആരോപിച്ചാണ് പാവപ്പെട്ട കുറച്ചു മനുഷ്യരുടെ ഉപജീവനമാര്‍ഗമായിരുന്ന കടകള്‍ പൊളിച്ചുമാറ്റിയത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഉടന്‍തന്നെ അവിടെ പ്രതിഷേധയോഗം വിളിച്ചു. ആ യോഗത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയെ വിമര്‍ശിച്ച് രാസയ്യ ഇങ്ങനെ പാടി.

'സിനിമാ സെറ്റ് ഓരത്തിലെ സെന്തമിഴന്‍ നടത്തിവന്ത...
ചിന്നഞ്ചെറു കടൈകളെയ് എന്‍ കണ്ണമ്മ...
അതെയ് ചിന്നഭിന്നമാക്കിറ കാളയെന്‍ പൊന്നമ്മ...' 


ഇളയരാജ | Photo: Wiki Commons

1952 മുതല്‍ 1969 വരെ കാളയായിരുന്നല്ലോ കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് ചിഹ്നം. വ്യംഗ്യമായി കോണ്‍ഗ്രസിനെ പരിഹസിക്കുകയായിരുന്നു ആ കൗമാരക്കാരന്‍. 1958 ലെ ദേവികുളം ഉപതിരഞ്ഞെടുപ്പിലും രാസയ്യയുടെയും വരദരാജന്റെയും പാട്ടുകള്‍ തൊഴിലാളികള്‍ ഏറ്റെടുത്തു. റോസമ്മ പുന്നൂസായിരുന്നു കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥി. കുന്നുകളും മലകളും താണ്ടി ഓരോ എസ്റ്റേറ്റുകളിലും പാര്‍ട്ടി യോഗങ്ങള്‍ സംഘടിപ്പിക്കും. യോഗം തുടങ്ങും മുന്‍പ് പാട്ടുകച്ചേരി നടത്തി ആളെക്കൂട്ടും. 'മാട്ടുവണ്ടി പോകാത്ത ഇടങ്ങളിലും ഞങ്ങളുടെ പാട്ടുവണ്ടി പോയിരുന്നു' എന്ന് പില്‍ക്കാലത്ത് ഒരു അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞിട്ടുണ്ട്.

അങ്ങനെയിരിക്കെ നിശ്ചയിച്ച പ്രകാരമുളെളാരു യോഗത്തില്‍ പാവലര്‍ സഹോദരന്മാര്‍ എത്തിയില്ല. നേതാക്കളും കുറച്ച് പ്രവര്‍ത്തകരും അവരെ തിരക്കിയിറങ്ങി. കമ്മ്യൂണിസ്റ്റ് അനുഭാവി കൂടിയായിരുന്ന ഡി എം സാമുവല്‍ നാടാരെന്ന കച്ചവടക്കാരന്റെ ചെറിയ വീട്ടിലായിരുന്നു അവര്‍ താമസിച്ചിരുന്നത്. പാര്‍ട്ടി പ്രവര്‍ത്തകര്‍ അവിടെ എത്തിയെങ്കിലും ആരെയും കണ്ടെത്താനായില്ല. കൂടുതല്‍ പേര്‍ അന്വേഷിച്ചിറങ്ങി. ഒടുവില്‍ പഴയ മൂന്നാറിന് സമീപത്തുള്ള ആളൊഴിഞ്ഞ ലയത്തില്‍ മൂവരെയും പൂട്ടിയിട്ടിരിക്കുന്നതായി കണ്ടു. യോഗത്തിലെത്താതിരിക്കാന്‍ കോണ്‍ഗ്രസുകാരായിരുന്നു അത് ചെയ്തത്. പാര്‍ട്ടി പ്രവര്‍ത്തകര്‍ പൂട്ട് തല്ലിപ്പൊളിച്ച് രാസയ്യയെയും സഹോദരന്മാരെയും പുറത്തിറക്കി. അന്നത്തെ യോഗത്തില്‍ തങ്ങളെ പൂട്ടിയിട്ടതടക്കം രാസയ്യ തൊഴിലാളികളെ പാടിക്കേള്‍പ്പിച്ചു. തിരഞ്ഞെടുപ്പില്‍ പണം കൊടുത്ത് വോട്ടര്‍മാരെ സ്വാധീനിക്കാന്‍ കോണ്‍ഗ്രസ് പാര്‍ട്ടി ശ്രമിക്കുന്നതായി അന്ന് ആക്ഷേപമുയര്‍ന്നിരുന്നു. അപ്പോള്‍ വേദികളില്‍ വരദരാജന്‍ പുരുഷ ശബ്ദത്തില്‍ ഇങ്ങനെ പാടി

'ഒരു രൂപാ താറേന്‍ 
നാന്‍ ഉപ്പുമക്കാപ്പി താറേന്‍... 
ഓട്ട് പോട്‌റ പെണ്ണേ നീ കാളയന്മേലെ കുത്ത് '

പെണ്‍ ശബ്ദത്തില്‍ രാസയ്യയുടെ മറുപടി.

'ഒരു രൂപ വേണാ
ഉന്‍ ഉപ്പുമകാപ്പിയും വേണാ 
നീ നാട്ടെയ് കെടുത്ത കൂട്ടം 
ഉന്നെ തല്ലിഒട്ടിക്ക പോറെന്‍... '


ഇളയരാജ | Photo: PTI
കോണ്‍ഗ്രസിന്റെ ഭൂവുടമകളോടും മുതലാളിമാരോടുമുള്ള വിധേയത്വത്തെയും തൊഴിലാളി വിരുദ്ധ നയങ്ങളെയും പാവലര്‍ സഹോദരന്മാര്‍ പാട്ടുകളിലൂടെ തുറന്നുകാണിച്ചു. പാട്ട് തീരുമ്പോള്‍ കേള്‍വിക്കാരോട് അവരിങ്ങനെ ചോദിക്കും.

'അപ്പടിപ്പട്ട കാങ്ക്രസ് കച്ചിക്ക് നീങ്ക ഓട്ട് പോടുവീങ്കളാ?'

തൊഴിലാളികള്‍ ഒരേ സ്വരത്തില്‍ മറുപടി പറയും

'ഉസിരിരുന്താ സെയ്യമാട്ടേ... '

തിരഞ്ഞെടുപ്പില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ റോസമ്മ പുന്നൂസ് വിജയിച്ചു. ആ വിജയത്തില്‍ പാവലര്‍ സഹോദരന്മാരുടെ പാട്ടുകള്‍ നിര്‍ണായകമായെന്ന് പാര്‍ട്ടിയും വിലയിരുത്തി. വിജയാഘോഷത്തില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രി ഇഎംഎസ് മൂന്നാറിലെത്തി. പാവലര്‍ സഹോദരങ്ങളെ വേദിയില്‍ വിളിച്ച് ഇഎംഎസ് അഭിനന്ദിച്ചു. ഇത് തമിഴ്‌നാട്ടിലും വലിയ വാര്‍ത്തയായി. തമിഴ്നാട്ടിലെ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്ഥാപകരിലൊരാളായ മായാണ്ടി ഭാരതി പാവലര്‍ സഹോദരന്മാരെ തമിഴ്‌നാട്ടിലേക്ക് മടക്കിവിളിച്ചു. പാവലര്‍ ബ്രദേഴ്സ് എന്ന ട്രൂപ്പ് രൂപീകരിക്കാന്‍ എല്ലാ സഹായവും ചെയ്തു നല്‍കി. 1961 നും 1968 നുമിടയില്‍ ഇരുപതിനായിരത്തിലേറെ വേദികളില്‍ അവര്‍ പാടി. മൂന്നാറില്‍ നിന്ന് മടങ്ങിയ പതിനഞ്ചുകാരന്‍ പയ്യന്റെ ജീവിതം അക്കാലത്താണ് മാറിമറിഞ്ഞത്. 1968 ല്‍ തമിഴിലെ അറിയപ്പെടുന്ന സംഗീതജ്ഞനായിരുന്ന മാസ്റ്റര്‍ ധനരാജ് രാസയ്യയെ ഒപ്പം കൂട്ടി. സിനിമാ സംഗീത ലോകത്തേക്കുള്ള തുടക്കം അവിടെയായിരുന്നു. തെരുവുഗായകന്‍ രാസയ്യ അങ്ങനെ നാം കാണുന്ന ഇളയരാജയായി മാറി, ' ഇസൈജ്ഞാനി'യായി വളര്‍ന്നു.


#outlook
Leave a comment