TMJ
searchnav-menu
post-thumbnail

Outlook

മുസ്‌ലിംലീഗ്: അനിവാര്യതയുടെ എഴുപത്തിയഞ്ച് രാഷ്ട്രീയ വർഷങ്ങൾ

08 Apr 2023   |   11 min Read
ഷെരീഫ് സാഗർ

''മുസ്‌ലിംകളും പിന്നോക്കാവസ്ഥയിലാണ് കഴിയുന്നത്. ക്രൈസ്തവരുടെ കാര്യവും അങ്ങനെ തന്നെ. പട്ടികവിഭാഗക്കാരെക്കുറിച്ച് പറയുകയും വേണ്ട. ഈ വിഭാഗങ്ങൾക്കെല്ലാം ഉദ്യോഗങ്ങളിൽ മതിയായ പ്രാതിനിധ്യം ഇനിയും ലഭിച്ചിട്ടില്ല. അതുകൊണ്ട് യഥാർത്ഥത്തിൽ പിന്നോക്കാവസ്ഥയിൽ കഴിയുന്ന മുസ്‌ലിം-ക്രൈസ്തവ-പട്ടികജാതിക്കാർക്ക് എല്ലാ മേഖലകളിലും മതിയായ പ്രാതിനിധ്യം ഉറപ്പുവരുത്തുംവിധം ഭരണഘടനയിലെ മൗലിവാകവാശ വകുപ്പുകളിൽതന്നെ വിഷയം ഉൾക്കൊള്ളിക്കേണ്ടതാണ്''.

ഇന്ത്യൻ യൂണിയൻ മുസ്‌ലിംലീഗിന്റെ പ്രഥമ പ്രസിഡന്റ് ഖാഇദെ മില്ലത്ത് മുഹമ്മദ് ഇസ്മാഈൽ സാഹിബ് 1948 നവംബർ 30ന് ഭരണഘടനാ നിർമ്മാണ സഭയിൽ പ്രസംഗിക്കുകയാണ്. പിന്നാക്കത്തിന്റെ നിർവ്വചനത്തിൽ ഹിന്ദു മതത്തിലെ പിന്നാക്ക വിഭാഗങ്ങളെ മാത്രം ഉൾപ്പെടുത്തി ചർച്ചകൾ പുരോഗമിക്കുമ്പോഴാണ് മുസ്‌ലിം, ക്രൈസ്തവ പിന്നോക്കാവസ്ഥ സംബന്ധിച്ച് ഖാഇദെ മില്ലത്ത് ഉറക്കെ ശബ്ദിച്ചത്. സംവരണവും പ്രാതിനിധ്യവും ഉറപ്പാക്കാതെ സംതൃപ്തമായ ഒരു ന്യൂനപക്ഷ പരിഹാരം അസാധ്യമാണെന്ന് ഖാഇദെ മില്ലത്ത് പറഞ്ഞു. രാജ്യം സ്വതന്ത്രമായി പതിറ്റാണ്ടുകൾ പിന്നിട്ട ശേഷമാണ് മുസ്‌ലിംകളുടെ വിദ്യാഭ്യാസ-സാമൂഹികാവസ്ഥ പഠിക്കാൻ നിയോഗിക്കപ്പെട്ട രജീന്ദർ സച്ചാർ ചെയർമാനായ കമ്മിറ്റി ഖാഇദെ മില്ലത്തിന്റെ ഈ പ്രസംഗം വീണ്ടും പരിചയപ്പെടുത്തുന്നത്. പിന്നോക്കക്കാരന്റെ നിർവ്വചനത്തിൽ മുസ്‌ലിംകളെയും ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട ഖാഇദെ മില്ലത്തിന്റെ വാദത്തെ സച്ചാർ കമ്മിറ്റി റിപ്പോർട്ടിൽ പ്രത്യേകം പരാമർശിക്കുന്നു.

രാഷ്ട്രീയ ശാക്തീകരണം

രാജ്യത്തിന്റെ ചരിത്രത്തിൽ വളരെ പ്രാധാന്യമുള്ള ഒരു പ്രസംഗമായിരുന്നു അത്. ഖാഇദെ മില്ലത്ത് പറയുന്നു. ''സംവരണം, പ്രത്യേകാവകാശങ്ങൾ എന്നൊക്കെ പറയുമ്പോൾ തന്നെ അതിനെതിരെ വർഗീയവാദം ആരോപിക്കുന്നു. ജനം അവരുടെ അവകാശങ്ങൾ ചോദിക്കുമ്പോൾ അത് വർഗീയമായി ചിത്രീകരിക്കുന്നത് ശരിയല്ല. ഉദ്യോഗങ്ങളിൽ അവർക്ക് വേണ്ടത്ര പ്രാതിനിധ്യം ലഭിക്കാറില്ല. സാമ്പത്തികമായി പുരോഗതി നേടാൻ അവർക്ക് കഴിഞ്ഞിട്ടില്ല. നിയമസഭകളിൽ പ്രാതിനിധ്യമില്ല. ഇത്തരം ദുരവസ്ഥ നിലനിൽക്കുമ്പോൾ അവർക്കിടയിൽ അസംതൃപ്തി വളരുകയായിരിക്കും ഫലം. അവർ മാനസികമായി തളരുകയും ചെയ്യും''.


'ഖാഇദെ മില്ലത്ത്' മുഹമ്മദ് ഇസ്മാഈൽ സാഹിബ്

ജനം സംതൃപ്തരാകണമെങ്കിൽ, അവർക്ക് മാനസികമായി സ്വസ്ഥത ലഭിക്കണമെങ്കിൽ ഉദ്യോഗങ്ങളിലും നിയമസഭകളിലും ആവശ്യമായ പ്രാതിനിധ്യം അനിവാര്യമാണെന്ന് ഖാഇദെ മില്ലത്ത് ചൂണ്ടിക്കാട്ടുന്നു. പരിഷ്‌കൃതമായ വിവിധ ലോകരാജ്യങ്ങളിൽ ന്യൂനപക്ഷം അനുഭവിക്കുന്ന സൗകര്യങ്ങൾ എടുത്തുപറഞ്ഞാണ് ഭരണഘടനാ അസംബ്ലിയിൽ ഖാഇദെ മില്ലത്ത് അവകാശങ്ങൾക്കായി വാദിച്ചത്. ബി. പോക്കർ സാഹിബ്, കെ.ടി.എം അഹമ്മദ് ഇബ്രാഹിം തുടങ്ങിയ മുസ്‌ലിംലീഗ് അംഗങ്ങളും ഭരണഘടനാ നിർമ്മാണ വേളയിൽ ദീർഘവീക്ഷണത്തോടെ ന്യൂനപക്ഷ പ്രശ്‌നം പരിഹരിക്കാനുള്ള പോംവഴികൾ നിർദ്ദേശിച്ചു. രാജ്യത്തിന്റെ വൈവിധ്യങ്ങൾ നിലനിർത്തുന്നതിനും ഓരോ ജനവിഭാഗത്തെയും അവരുടെ അസ്തിത്വം സംരക്ഷിച്ച് കൊണ്ടുതന്നെ രാഷ്ട്രനിർമ്മാണത്തിൽ പങ്കാളികൾ ആക്കുന്നതിനും അവർ വാദമുഖങ്ങൾ നിരത്തി. ഭരണഘടനാ നിർമ്മാണ സഭയിലെ മുസ്‌ലിംലീഗ് അംഗങ്ങളുടെ ആവശ്യങ്ങൾ എത്രമാത്രം പ്രസക്തമായിരുന്നു എന്ന് തെളിയിക്കപ്പെട്ട വർത്തമാന സാഹചര്യത്തിലൂടെയാണ് രാജ്യം ഇപ്പോൾ കടന്നുപോകുന്നത്.

സംവരണമില്ലെങ്കിൽ പ്രാതിനിധ്യമുണ്ടാകില്ല എന്നായിരുന്നു മുസ്‌ലിംലീഗ് വാദിച്ചത്. ലോക്‌സഭയിൽ ഒരു മുസ്‌ലിം എം.പിയുടെ സഹായം പോലുമില്ലാതെ ബി.ജെ.പി രാജ്യം ഭരിക്കുന്ന കാലത്ത് ആ വാക്കുകൾ പ്രസക്തമായി. ന്യൂനപക്ഷ, ദലിത്, പിന്നാക്ക വിഭാഗങ്ങളുടെ തനത് വ്യക്തിത്വുവും അസ്തിത്വവും സംരക്ഷിക്കാനും അവരുടെ ശബ്ദം രാജ്യത്തിന്റെ ശബ്ദമായി മാറാനും മുസ്‌ലിംലീഗ് ആഗ്രഹിക്കുകയും അതിനായി പോരാടുകയും ചെയ്തു. എന്നാൽ ആർക്കെങ്കിലും അങ്ങനെ പ്രത്യേക പരിഗണനകൾ നൽകുന്നത് ശരിയല്ലെന്ന നിഗമനത്തിലാണ് അസംബ്ലി എത്തിച്ചേർന്നത്. അങ്ങനെ നാമമാത്ര ന്യൂനപക്ഷ അവകാശങ്ങളോടെ ഇന്ത്യൻ ഭരണഘടന പ്രഖ്യാപിക്കപ്പെട്ടു.

ഖാഇദെ മില്ലത്തിന്റെ വാദങ്ങളുടെ പ്രസക്തിയെ സച്ചാർ കമ്മിറ്റി ചൂണ്ടിക്കാട്ടിയ പോലെ ബി. പോക്കർ സാഹിബിന്റെ ഭരണഘടനാ നിർമ്മാണ സഭയിലെ ഇടപെടലുകളും പുതിയ കാലത്ത് ചർച്ചകൾക്ക് വിധേയമായി. ഫെഡറലിസത്തിനെതിരായ കേന്ദ്രത്തിന്റെ നിരന്തര ഇടപെടലുകൾ വിശദീകരിക്കുന്ന ഒരു ലേഖനം 2021 ഡിസംബർ 21ന് ദി ഹിന്ദു പ്രസിദ്ധീകരിച്ചിട്ടുണ്ട്. 1948ൽ പോക്കർ സാഹിബ് പറഞ്ഞു. ''ഇപ്പോൾ നമ്മൾ സ്വാതന്ത്ര്യം നേടിയ ശേഷം, പ്രവിശ്യാ സ്വയംഭരണാധികാരം ഇല്ലാതാക്കി കേന്ദ്രത്തിൽ എല്ലാ അധികാരങ്ങളും കേന്ദ്രീകരിക്കുന്നത് യഥാർത്ഥത്തിൽ സമഗ്രാധിപത്യത്തിന് തുല്യമാണ്. അത് തീർച്ചയായും അപലപിക്കേണ്ടതാണ്''.


ബി.പോക്കർ സാഹിബ് (ഇടത് നിന്ന് ആദ്യത്തെയാള്‍)

അധികാര കേന്ദ്രീകരണത്തിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ചാണ് പോക്കർ സാഹിബ് ഭരണഘടനാ അസംബ്ലിയിൽ മുന്നറിയിപ്പ് നൽകിയത്. കോവിഡിന്റെ മറവിൽ കേന്ദ്ര സർക്കാർ നടത്തിയ ഫെഡറലിസത്തിലേക്കുള്ള കടന്നുകയറ്റങ്ങൾ പരാമർശിക്കുമ്പോഴാണ് പ്രവചന സ്വഭാവമുള്ള ഈ ഇടപെടിലെ ലേഖകൻ ഓർമിക്കുന്നത്. 1947 വരെ സ്വയം നിർണയാവകാശം പ്രവിശ്യാ ഗവൺമെന്റുകൾക്കായിരുന്നുവെങ്കിൽ സ്വാതന്ത്ര്യം കിട്ടിയതിനു ശേഷം അവയെല്ലാം കേന്ദ്ര ഗവൺമെന്റിന് കീഴിലേക്ക് എത്തിച്ചേരുന്നതിനെതിരെയാണ് പോക്കർ സാഹിബ് വാദിച്ചത്.

മിന്റോ മോർലി ഭരണപരിഷ്‌ക്കാരത്തെ തുടർന്നുള്ള പ്രത്യേക നിയോജക മണ്ഡലങ്ങളും വട്ടമേശ സമ്മേളനങ്ങൾക്ക് ശേഷം കമ്യൂണൽ അവാർഡ് പ്രഖ്യാപിച്ചതും പ്രവിശ്യകൾക്ക് സ്വയംനിർണയാധികാരം നൽകിയതുമെല്ലാം ഇന്ത്യയുടെ വൈവിധ്യങ്ങളെ ഉൾക്കൊള്ളുന്ന ബ്രിട്ടീഷ് തീരുമാനങ്ങളായിരുന്നു. എന്നാൽ സ്വതന്ത്ര ഇന്ത്യ ഇതിനെയെല്ലാം ഏകശിലാത്മകമാക്കുന്നതിന് ശ്രമം നടത്തി. നാനാത്വത്തിൽ ഏകത്വം എന്ന് രാജ്യത്തിന്റെ ബഹുസ്വരതയെ കൊട്ടിഘോഷിക്കുമെങ്കിലും ആ നാനാത്വത്തെ ഉൾക്കൊള്ളുന്നതിൽ ഭരണഘടനാ നിർമ്മാണ വേളയിൽതന്നെ വൈമുഖ്യങ്ങളുണ്ടായി. സംവരണ മണ്ഡലങ്ങൾ ഷെഡ്യൂൾഡ് കാസ്റ്റിലേക്ക് ചുരുങ്ങിയതും കേന്ദ്ര ഗവൺമെന്റിലേക്ക് അധികാര കേന്ദ്രീകരണത്തിനുള്ള ശ്രമങ്ങളുണ്ടായതും ഏകസിവിൽകോഡ് കൊണ്ടുവരാനുള്ള ശ്രമങ്ങളും നാനാത്വത്തിന്റെ നിരാകരണം തന്നെയായിരുന്നു. ഭരണഘടനാ നിർമ്മാണ വേളയിൽ സംഭവിച്ച ഇത്തരം സൂചിപ്പഴുതുകളിലൂടെയാണ് ഇപ്പോൾ ബി.ജെ.പി ഒട്ടകത്തെ കയറ്റുന്നത്.

മുസ്‌ലിംലീഗ് അംഗങ്ങൾ ഉന്നയിച്ച കാര്യങ്ങളെല്ലാം ഭാവി ഇന്ത്യയെ മുന്നിൽക്കണ്ടായിരുന്നു. എന്നാൽ, ഭരണഘടനാ ശിൽപികൾക്ക് പോലും അതിനെ ഉൾക്കൊള്ളാൻ കഴിഞ്ഞില്ല. വിഭജനത്തിന്റെ മുറിവുകൾ വേട്ടയാടുന്നത് കൊണ്ടാവാം, മുസ്‌ലിംലീഗ് അംഗങ്ങളുടെ വാദങ്ങളെല്ലാം അവർ നിഷ്‌ക്കരുണം തള്ളിക്കളഞ്ഞു. മുസ്‌ലിംലീഗ് ടിക്കറ്റിൽ ഭരണഘടനാ അസംബ്ലിയിലെത്തിയവർ പോലും ഖാഇദെ മില്ലത്തിനെ എതിർത്ത് രംഗത്തെത്തി. കോൺഗ്രസ് ഭരണത്തിലെ അധികാരക്കസേരകളിലായിരുന്നു അവരുടെ നോട്ടം. അധികം വൈകാതെ അവരെല്ലാം ലീഗ് ബന്ധം ഉപേക്ഷിച്ച് കിട്ടിയ കസേരകളിൽ ഇരിപ്പുറപ്പിച്ചു. എന്നാൽ ഖാഇദെ മില്ലത്തിന് അതിന് കഴിയുമായിരുന്നില്ല. മുസ്‌ലിംകളുടെ പ്രാതിനിധ്യവും പിന്നോക്കാവസ്ഥയും പരിഹരിക്കാൻ രാഷ്ട്രീയ ശാക്തീകരണം തന്നെയാണ് പരിഹാരമെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. ഈ തിരിച്ചറിവാണ് 1948 മാർച്ച് 10ന് ഇന്ത്യൻ യൂണിയൻ മുസ്‌ലിംലീഗ് രൂപീകരിക്കാൻ പ്രധാനമായും പ്രേരകമായത്.


രജീന്ദര്‍ സച്ചാര്‍ 

കടലിലെ ശർക്കര

ഭൂരിപക്ഷത്തെ പ്രതിനിധാനം ചെയ്യുന്ന മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളിൽ ചേരുന്നതാണ് മുസ്‌ലിംകൾക്ക് എന്തുകൊണ്ടും അഭികാമ്യമെന്ന വാദം സ്വാതന്ത്ര്യത്തിന് ശേഷം ശക്തമായിരുന്നു. മുസ്‌ലിംലീഗിന് വേണ്ടി പോരാടിയ നേതാക്കളിൽ ചിലരും ഈ അഭിപ്രായത്തോടൊപ്പമായിരുന്നു. മുസ്‌ലിംലീഗിൽനിന്ന് രാജിവെച്ചാലുള്ള താൽക്കാലിക അധികാര സ്ഥാനങ്ങളിലേക്കായിരുന്നു അവരുടെ നോട്ടം. എന്നാൽ ഖാഇദെ മില്ലത്തും സീതി സാഹിബും നോക്കിയത് സമുദായത്തിന്റെ ഭാവിയിലേക്കാണ്. വ്യക്തിപരമായി നഷ്ടങ്ങൾ ഏറെ സഹിച്ചാണ് അവർ ആ സാഹസത്തെ സ്വീകരിച്ചത്. ഭൂരിപക്ഷ പാർട്ടികളിൽ മുസ്‌ലിംകൾ ചേർന്നാൽ കടലിൽ ശർക്കരയിട്ട അവസ്ഥയാകുമെന്ന് ഖാഇദെ മില്ലത്ത് പറഞ്ഞു. സമുദായത്തിന്റെ ഐഡന്റിറ്റി ഇല്ലാതാകും. ഭൂരിപക്ഷം പറയുന്നത് മാത്രം നിയമമാകും. മുസ്‌ലിംലീഗ് ശക്തമല്ലാത്ത സംസ്ഥാനങ്ങളിലെ സമുദായത്തിന്റെ ഇപ്പോഴത്തെ സ്ഥിതി പരിശോധിച്ചാൽ ഈ വാക്കുകൾ എത്രത്തോളം ശരിയാണെന്ന് ബോധ്യപ്പെടും. യു.പിയിലെ മുസ്‌ലിം സ്ഥലനാമങ്ങൾ പോലും ഇല്ലാതാവുകയാണ്. ഉത്തരേന്ത്യയിലെ പല സംസ്ഥാനങ്ങളിലും മുസ്‌ലിം താമസ കേന്ദ്രങ്ങളിൽ ബുൾഡോസർ രാജ് അരങ്ങു വാഴുന്നു. കർണാടകയിൽ മുസ്‌ലിം സംവരണം എടുത്തുകളഞ്ഞത് തികച്ചും ഏകപക്ഷീയമായിട്ടാണ്. ചോദിക്കാനും പറയാനും ആരുമില്ല. ഭൂരിപക്ഷം നിയമമുണ്ടാക്കുന്നു. അത് നടപ്പാക്കുന്നു. ഗോവധം, ഏകീകൃത സിവിൽ കോഡ്, സംവരണം, ന്യൂനപക്ഷ അവകാശങ്ങൾ തുടങ്ങി ഇന്ന് ചർച്ച ചെയ്യുന്ന പല വിഷയങ്ങളും രാജ്യത്തെ സംബന്ധിച്ചിടത്തോളം പുതുമയുള്ളതല്ല. ഭരണഘടനാ നിർമ്മാണ സഭയിലും പാർലമെന്റിലും നിയമസഭകളിലുമെല്ലാം രാജ്യം സ്വതന്ത്രമാകുന്നതിന് മുമ്പും ശേഷവും നിരന്തരം ചർച്ചകൾക്ക് വിധേയമായ വിഷയങ്ങളാണിതെല്ലാം. ഏതെല്ലാം ഘട്ടത്തിൽ ഈ വിഷയങ്ങൾ ചർച്ച ചെയ്യപ്പെട്ടിട്ടുണ്ടോ അപ്പോഴെല്ലാം മുസ്‌ലിംലീഗ് മുന്നോട്ടുവെച്ചത് പരിഹാരങ്ങളാണ്. പ്രശ്‌നങ്ങൾ അവതരിപ്പിക്കുക എന്നതിനേക്കാൾ പരിഹാരം നിർദ്ദേശിക്കുക എന്നതിനാണ് മുസ്‌ലിംലീഗ് നേതാക്കൾ ഊന്നൽ നൽകിയത്. ഖാഇദെ മില്ലത്തിന്റെ ചില ഇടപെടലുകൾ തന്നെ ഉദാഹരണമായി എടുക്കാം.

1948 നവംബർ 23ന് ഭരണഘടനാ അസംബ്ലിയിൽ ഏകീകൃത സിവിൽകോഡിനെതിരെ അദ്ദേഹം ആഞ്ഞടിച്ചു. ഒരു ജനതയുടെ സ്വകാര്യ ജീവിത വ്യവസ്ഥയിൽ കയ്യേറ്റം നടത്തുന്നത് അനുവദിക്കാനാവില്ലെന്ന് ഖാഇദെ മില്ലത്ത് വ്യക്തമാക്കി. ഡിസംബർ ഒന്നിന് നടന്ന ഡിബേറ്റിലും ഖാഇദെ മില്ലത്ത് ഏകീകൃത സിവിൽകോഡിനെതിരെ നിലയുറപ്പിച്ചു. സ്വകാര്യ വ്യക്തിനിയമങ്ങൾ മുസ്ലിംകളുടെ മാത്രം പ്രശ്‌നമല്ലെന്നും രാജ്യത്തെ ഹിന്ദുക്കൾ ഉൾപ്പെടെ ഓരോ പൗരനും അവന്റെ അവകാശങ്ങൾ പവിത്രമാണെന്നും അദ്ദേഹം പറഞ്ഞു. ആ പോരാട്ടത്തിന്റെ അർത്ഥതലങ്ങളെ അംഗീകരിക്കാൻ പോലും പലരും കൂട്ടാക്കിയില്ല. എങ്കിലും ഏകീകൃത സിവിൽകോഡ് എന്ന ആശയം മാർഗനിർദേശക തത്വങ്ങളിലേക്ക് മാറുന്നത് ഈ ഇടപെടലിന്റെ ഫലമായിട്ടാണ്. മുസ്‌ലിം അവകാശങ്ങൾക്ക് വേണ്ടി വാദിക്കുന്നത് പോലെ ക്ഷേത്രപ്രവേശനം ഉൾപ്പെടെ പിന്നോക്ക വിഭാഗങ്ങൾ അനുഭവിക്കുന്ന വിവേചനങ്ങളിലും മുസ്‌ലിംലീഗ് ശക്തമായി ഇടപെട്ടു. 1952ൽ പ്രത്യേക വിവാഹ ബില്ലിലെ വ്യവസ്ഥകൾക്കെതിരെ ലോക്‌സഭയിൽ പോക്കർ സാഹിബും രാജ്യസഭയിൽ ഖാഇദെ മില്ലത്തും ശബ്ദമുയർത്തി. ബാങ്ക് ദേശസാൽക്കരണം, രാജാക്കന്മാരുടെ പിന്മുറക്കാർക്ക് നൽകിയിരുന്ന പ്രിവി പേഴ്‌സ് നിർത്തലാക്കൽ തുടങ്ങിയ രാജ്യം മുന്നോട്ടുവെച്ച എല്ലാ പുരോഗമന നടപടികൾക്കും മുസ്‌ലിംലീഗ് സമ്പൂർണ്ണ പിന്തുണ നൽകി.

മുഖ്യധാരാ പാർട്ടികളിലെ പ്രതിനിധികൾക്കൊന്നും പാർട്ടി വിപ്പ് ലംഘിച്ച് മിണ്ടാനാകില്ല. മുസ്‌ലിമോ ദലിതനോ ആയാലും പാർട്ടി പറയുന്നത് പോലെ പ്രവർത്തിക്കാനല്ലാതെ മുസ്‌ലിം, ദലിത് പ്രശ്‌നങ്ങളിൽ ഇടപെടുക അസാധ്യമാണ്. 1952ൽ പോക്കർ സാഹിബ് പ്രത്യേക വിവാഹ ബില്ലിനെതിരെ ശബ്ദമുയർത്തുമ്പോൾ അതിനേക്കാൾ ഉച്ചത്തിൽ ഒച്ചയിടാൻ കഴിയുന്ന മൗലാനാ അബുൽകലാം ആസാദും, മൗലാനാ ഹിഫ്‌സുറഹ്മാനുമെല്ലാം സഭയിലുണ്ട്. പക്ഷേ, പാർട്ടി വിപ്പ് ലംഘിച്ച് അവർക്ക് മിണ്ടാൻ കഴിയുമായിരുന്നില്ല. സമുദായത്തിന്റെ പ്രശ്‌നങ്ങൾ ഉന്നയിക്കാൻ ആര് എന്നത് തന്നെയാണ് ചോദ്യം. ആ ചോദ്യത്തിന്റെ ഉത്തരമായിരുന്നു മുസ്‌ലിംലീഗ്.


കെ എം സീതി സാഹിബ്‌

ഒരു ചെറിയ ഉദാഹരണം ചൂണ്ടിക്കാട്ടാം. കേരളത്തിലെ ഇടത് സർക്കാർ യാതൊരു തത്വദീക്ഷയുമില്ലാതെ വഖഫ് ബോർഡിലെ നിയമനങ്ങൾ പി.എസ്.സിക്ക് വിടുന്ന നിയമം പാസ്സാക്കി. ഒരു രാഷ്ട്രീയ പാർട്ടി എന്ന നിലയിൽ മുസ്‌ലിംലീഗ് നിയമസഭക്ക് അകത്തും പുറത്തും നിയമത്തിനെതിരെ പ്രക്ഷോഭം സംഘടിപ്പിച്ചു. കോഴിക്കോട് കടപ്പുറത്ത് വിളിച്ചുകൂട്ടിയ വഖഫ് സംരക്ഷണ സമ്മേളനം ചരിത്ര സംഭവമായി. മുസ്‌ലിം മതസംഘടനകളും പ്രതിഷേധങ്ങളുമായി രംഗത്ത് വന്നു. എന്നാൽ കേരളത്തിലെ മറ്റേതെങ്കിലും രാഷ്ട്രീയ പാർട്ടി ഇതിനെതിരെ ഉറക്കെ ശബ്ദമുയർത്തിയില്ല. മുസ്‌ലിംകളുടെ കാര്യമല്ലേ, പ്രതിഷേധിക്കാൻ മുസ്‌ലിംലീഗ് ഉണ്ടല്ലോ എന്ന മനോഭാവം മാത്രമല്ല ഈ പിന്മാറ്റത്തിന് കാരണം. മുസ്‌ലിംലീഗ് ഇല്ലെങ്കിലും ഇതൊക്കെ തന്നെയാണ് സംഭവിക്കുക. ഇവിടെയാണ് ഈ രാഷ്ട്രീയത്തിന്റെ പ്രസക്തി. ഒരു ഭൂരിപക്ഷ സമൂഹത്തിൽ ന്യൂനപക്ഷത്തിന് വേണ്ടി ശബ്ദിക്കുന്നത് പോലും മുഖ്യധാരാ രാഷ്ട്രീയ പാർട്ടികൾക്ക് വലിയ ബാധ്യതയാണ്. ന്യൂനപക്ഷ പ്രീണനം നടത്തുന്നു എന്ന ആരോപണം നേരിടേണ്ടി വരുന്നത് ഭൂരിപക്ഷ വോട്ട് ബാങ്കിനെ ബാധിക്കും. ജനാധിപത്യത്തിൽ വോട്ടിനാണ് മൂല്യം. അതുകൊണ്ട് ന്യൂനപക്ഷത്തിന് വേണ്ടി ശബ്ദിക്കണമെന്ന് ആഗ്രഹിച്ചാൽ പോലും വോട്ട് ബാങ്കിനെ ഓർത്ത് മുഖ്യധാരാ രാഷ്ട്രീയ പാർട്ടികൾക്ക് നിശ്ശബ്ദരാകേണ്ടി വരും. ഈ നിസ്സഹായാവസ്ഥ ആർക്കും മനസ്സിലാക്കാവുന്ന ഒന്നാണ്. അത് നേരത്തെ മനസ്സിലാക്കിയതാണ് മുസ്‌ലിംലീഗിന്റെ സാധുതയെ ശക്തിപ്പെടുത്തിയത്.

പ്രാതിനിധ്യത്തിന്റെ പ്രശ്‌നം

സ്വാതന്ത്ര്യാനന്തരം രാജ്യത്ത് പ്രത്യേക നിയോജക മണ്ഡല വ്യവസ്ഥ ഇല്ലാതായി. പൊതുമണ്ഡലങ്ങളിൽനിന്ന് മത്സരിച്ച് ജയിക്കുന്ന പ്രതിനിധികള്‍ മാത്രമേ നിയമനിർമാണ സഭകളിൽ എത്തുകയുള്ളൂ. പട്ടികജാതി-പട്ടിക വർഗ വിഭാഗങ്ങൾ ഒഴികെ ഒരു സമുദായത്തിനും പ്രത്യേക പ്രാതിനിധ്യമില്ല. മുഖ്യധാരാ രാഷ്ട്രീയ പാർട്ടികൾ കനിഞ്ഞു നൽകുന്ന സീറ്റുകളിൽ എത്തിയാലായി. നിയമ നിർമ്മാണ സഭകളിലേക്കും ഭരണഘടനാ അസംബ്ലിയിലേക്കുമെല്ലാം സ്വാതന്ത്ര്യത്തിന് മുമ്പ് ജയിച്ചുകയറിയ മുസ്‌ലിംലീഗ് അംഗങ്ങളെല്ലാം പ്രത്യേക നിയോജക മണ്ഡലങ്ങളിൽനിന്ന് എത്തിയവരാണ്. കൂട്ടുനിയോജക മണ്ഡലങ്ങൾ വരുന്നതോടെ മുസ്‌ലിംലീഗിന്റെ കഥ കഴിയുമെന്നാണ് പലരും കണക്കാക്കിയത്. എന്നാൽ പ്രത്യേക ഇലക്ട്രേറ്റുകൾ ഇല്ലാതായതോടെ പ്രാതിനിധ്യത്തിന്റെ പ്രശ്‌നം കനത്തു. ഇന്ത്യയിൽ മുസ്‌ലിംലീഗ് തുടരുന്നതിന് കാരണമായി ഖാഇദെ മില്ലത്ത് ചൂണ്ടിക്കാട്ടിയത് ഈയൊരു കാരണം കൂടിയാണ്.
1952ലെ പൊതുതെരഞ്ഞെടുപ്പിൽ മുസ്‌ലിംലീഗ് സ്വന്തം സ്ഥാനാർത്ഥികളെ മത്സരിപ്പിച്ച് ജയിപ്പിച്ചു. മദിരാശി അസംബ്ലിയിലേക്ക് അഞ്ച് പേരും ലോക്‌സഭയിലേക്ക് ഒരാളും. 1952 മുതൽ തുടർച്ചയായി പാർലമെന്റിൽ മുസ്‌ലിംലീഗ് സാന്നിധ്യം ഉറപ്പാക്കി. ഒരിക്കൽപോലും ലീഗില്ലാത്ത പാർലമെന്റ് ഉണ്ടായിട്ടില്ല. നൈരാശ്യത്തിന്റെ പടുകുഴിയിൽ നിൽക്കുന്ന ഒരു ജനതക്ക് അവരുടെ അസ്തിത്വത്തിലും വ്യക്തിത്വത്തിലും പൗരബോധത്തിലും ആത്മവിശ്വാസം നൽകുകയാണ് മുസ്‌ലിംലീഗ് ചെയ്തത്.

മുസ്‌ലിംലീഗ് ഇനി വേണ്ടെന്നു പറഞ്ഞ അതേ കോൺഗ്രസ് നേതൃത്വം 1952ൽ മദ്രാസ് ഭരിക്കാൻ മുസ്‌ലിംലീഗിന്റെ പിന്തുണ തേടി. 1954ൽ രാജാജിക്ക് ശേഷം കാമരാജിന് മുഖ്യമന്ത്രിയാകണം. ഗുഡിയാത്തം ഉപതെരഞ്ഞെടുപ്പിൽ കാമരാജ നാടാർക്ക് മുസ്‌ലിംലീഗ് നിരുപാധിക പിന്തുണ നൽകി. ആട്ടിയകറ്റിയവർ തന്നെ ആദരിക്കുന്ന അവസ്ഥയുണ്ടായി. 1957ൽ കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് തൊട്ടുകൂടായ്മ പ്രകടിപ്പിച്ചെങ്കിലും 1967നു ശേഷം ചിത്രം മാറി. കമ്യൂണിസ്റ്റ് പാർട്ടിക്കൊപ്പം ചേർന്ന് മന്ത്രിസഭാ പ്രവേശം സാധ്യമാക്കിയ മുസ്‌ലിംലീഗ് കേരള രാഷ്ട്രീയത്തിലെ അനിവാര്യ ഘടകമായി. അരനൂറ്റാണ്ടിലേറെയായി കേരളത്തിൽ മുസ്‌ലിംലീഗ് കോൺഗ്രസ് മുന്നണിയുടെ ഭാഗമാണ്. രാഷ്ട്രീയ ശാക്തീകരണത്തിലൂടെയും മുന്നണി ബന്ധങ്ങളിലൂടെയുമാണ് മുസ്‌ലിംലീഗ് പ്രാതിനിധ്യത്തിന്റെ പ്രശ്‌നം പരിഹരിച്ചത്.


കാമരാജ്

ദേശീയ സംഘടന

സോഷ്യലിസ്റ്റ് ആശയങ്ങളെ ഉൾക്കൊള്ളുന്ന ദേശീയ സംഘടന എന്നാണ് ഖാഇദെ മില്ലത്ത് മുഹമ്മദ് ഇസ്മാഈൽ സാഹിബ് മുസ്‌ലിംലീഗിനെ വിശേഷിപ്പിക്കുന്നത്. പ്രാദേശികമായ സാധ്യതകളെ ഉപയോഗപ്പെടുത്തിയാണ് മുസ്‌ലിംലീഗ് വളർന്നതെങ്കിലും ദേശീയ വീക്ഷണം മുൻനിർത്തിയാണ് പാർട്ടി പ്രവർത്തിച്ചത്. രാജ്യത്തിന്റെ പരമാധികാരം പരമപ്രധാനമാണെന്ന് പാർട്ടി ഊന്നിപ്പറഞ്ഞു. സ്വാതന്ത്ര്യാനന്തരം ഉയർന്നുവന്ന കശ്മീർ പ്രശ്‌നം, ചൈനാ യുദ്ധം, പാക്കിസ്ഥാന്റെ കയ്യേറ്റ ശ്രമങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ രാജ്യത്തിന്റെ നയങ്ങൾക്ക് മുസ്‌ലിംലീഗ് സമ്പൂർണ പിന്തുണ പ്രഖ്യാപിച്ചു. 1962ലെ ചൈനാ യുദ്ധവേളയിൽ ഖാഇദെ മില്ലത്ത് സ്വന്തം മകൻ മിയാഖാനെ രാജ്യത്തിന് വേണ്ടി പുത്രദാനം നടത്തി. മാതൃരാജ്യത്തെ സേവിക്കാൻ ഞാനിതാ തയ്യാറാണെന്ന് പറഞ്ഞ് പിതാവിന്റെ കത്തിന് മറുപടിയെഴുതിയ മിയാ ഖാനെ ധീരനായ പുത്രൻ എന്നാണ് പ്രധാനമന്ത്രി ജവഹർ ലാൽ നെഹ്‌റു വിശേഷിപ്പിച്ചത്. ചൈന ഇന്ത്യക്കെതിരെ ആക്രമണം നടത്തിയ സമയത്ത് രാജ്യരക്ഷാ നിധിയിലേക്ക് സംഭാവന നൽകിയ ആദ്യത്തെ പാർലമെന്റ് അംഗം ഖാഇദെ മില്ലത്തായിരുന്നു.

1962 ആഗസ്ത് 22ന് പ്രധാനമന്ത്രി ജവഹർ ലാൽ നെഹ്‌റുവിന്റെ വസതിയിൽ അശോക് മേത്ത ചെയർമാനായി രൂപീകരിച്ച കമ്മിഷൻ മുമ്പാകെ ദേശീയോദ്ഗ്രഥനവും വർഗ്ഗീയവാദവും സംബന്ധിച്ച തെളിവെടുപ്പിന് ഇസ്മാഈൽ സാഹിബ് ഹാജരായി. മുസ്‌ലിംലീഗ് എന്താണെന്നും വർഗ്ഗീയത എന്താണെന്നും ഖാഇദെ മില്ലത്ത് ഈ കമ്മിഷന് മുമ്പാകെ വിശദമായി വിവരിക്കുന്നുണ്ട്. അശോക് മേത്തയുടെ ഒരു ചോദ്യം ഇങ്ങനെയാണ്: നിങ്ങൾ നിങ്ങൾക്കു വേണ്ടി ഒരു രാഷ്ട്രീയ പാർട്ടി രൂപീകരിച്ചാൽ ഹിന്ദുക്കളും രാഷ്ട്രീയ പാർട്ടിയുണ്ടാക്കും. അതോടെ കോൺഗ്രസ്സിന്റെ ശക്തി ക്ഷയിച്ചേക്കാം. ആ സാഹചര്യത്തിൽ ഹിന്ദു വർഗ്ഗീയ സംഘടനകൾ അധികാരത്തിൽ വരുമെന്ന് കരുതുക. അങ്ങനെയൊരവസ്ഥ നിങ്ങൾ ഇഷ്ടപ്പെടുന്നുണ്ടോ?

ഖാഇദെ മില്ലത്തിന്റെ മറുപടി ഇങ്ങനെ: ഇപ്പോൾത്തന്നെ ഇന്ത്യയിൽ ഒന്നിലേറെ ഹൈന്ദവ പാർട്ടികളുണ്ട്. അതിലൊന്ന് അധികാരമേൽക്കുന്നു എന്ന് കരുതാം. ആ അവസ്ഥയിലും ആ സർക്കാരിന് മുമ്പിൽ ഞങ്ങൾ ഞങ്ങളുടെ പരാതികളും ആവശ്യങ്ങളും ഉന്നയിക്കുക തന്നെ ചെയ്യും. ഞങ്ങളുടെ അടിസ്ഥാനപരമായ ലക്ഷ്യം ഇന്ത്യയിലെ ഭൂരിപക്ഷ സമുദായത്തിന്റെയും സർക്കാരിന്റെയും മുമ്പാകെ ഞങ്ങളുടെ ഉദ്ദേശ്യങ്ങളും അഭിപ്രായങ്ങളും അറിയിക്കുക എന്നതാണ്.


ജവഹര്‍ ലാല്‍ നെഹ്‌റു 

കേരളത്തിന്റെ നന്മ

വിഭജനാനന്തര ഇന്ത്യയിൽ കലാപങ്ങൾ കൊടുമ്പിരിക്കൊണ്ടു. മുസ്‌ലിംലീഗ് ഇല്ലാതായ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലാണ് വലിയ കുഴപ്പങ്ങളുണ്ടായത്. എന്നാൽ മുസ്‌ലിംലീഗിന് വേരോട്ടമുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ ശാന്തമായിരുന്നു. വിഭജനത്തെയും വിധ്വംസക പ്രവർത്തനങ്ങളെയും മുസ്‌ലിംലീഗ് അനുകൂലിക്കുന്നില്ല എന്ന് തെളിയിക്കപ്പെട്ട സംഭവമായിരുന്നു ഇത്. സ്വാതന്ത്ര്യാനന്തരം ഇന്ത്യയിൽ നടന്ന കലാപങ്ങളുടെ ചരിത്രം പരിശോധിച്ചാൽ അവിടെയൊന്നും മുസ്‌ലിംലീഗിന്റെ സാന്നിധ്യമില്ലെന്ന കാര്യം വ്യക്തമാണ്. പയ്യോളി, നടുവട്ടം കലാപങ്ങളിലും മണത്തല പ്രശ്‌നത്തിലും തളി ക്ഷേത്ര വിവാദത്തിലും ബാബരി മസ്ജിദ് ധ്വംസനത്തിന്റെ കാലത്തും മുസ്‌ലിംലീഗ് സമാധാനത്തിനു വേണ്ടി നിലകൊണ്ടത് കേരളത്തിന്റെ സൗഹൃദാന്തരീക്ഷത്തെ സാരമായി സ്വാധീനിച്ചു. സമാധാനമുള്ള അന്തരീക്ഷത്തിൽ മാത്രമേ വളർച്ചയുണ്ടാവുകയുള്ളൂ. ന്യൂനപക്ഷം മാത്രമല്ല, ഭൂരിപക്ഷവും ആ വളർച്ചയുടെ ഗുണഭോക്താക്കളാണ്. കേരളത്തിന്റെ വളർച്ചയുടെയും വികാസത്തിന്റെയും ചരിത്രത്തിൽ മുസ്‌ലിംലീഗിന് വ്യക്തമായ പങ്കാളിത്തമുണ്ട്. ഭൂപരിഷ്‌ക്കരണം, സൗജന്യവും സാർവ്വത്രികവുമായ വിദ്യാഭ്യാസം, ജനകീയാസൂത്രണം, സാക്ഷരതാ യജ്ഞം, ഐ.ടി വിപ്ലവം തുടങ്ങി കേരളത്തിന്റെ രാഷ്ട്രീയ, സാമൂഹിക ജീവിതത്തെ ഏറെ സ്വാധീനിച്ച പുരോഗമനങ്ങളിലെല്ലാം മുസ്‌ലിംലീഗിന്റെ കയ്യൊപ്പ് പതിഞ്ഞിട്ടുണ്ട്.

നേട്ടങ്ങളുടെ പട്ടിക

ഇക്കഴിഞ്ഞ മാർച്ച് 15ന് ജമ്മുവിൽനിന്ന് 45 കിലോമീറ്റർ അകലെയുള്ള സംബാ ടൗണിന്റെ പരിസരത്ത് ഒരു വിവാഹം നടന്നു. കത്വയിൽ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ആസിഫയുടെ സഹോദരി ദർദാന അഖ്തറിന്റെ വിവാഹമായിരുന്നു അത്. ആ ചടങ്ങിലേക്ക് ഇന്ത്യയിലെ ഒരേയൊരു രാഷ്ട്രീയ പാർട്ടി പ്രതിനിധികളെയാണ് ക്ഷണിച്ചത്. മുസ്‌ലിംലീഗ് നേതാക്കളെ. നിയമപരമായും രാഷ്ട്രീയമായും കൂടെനിന്ന നേതാക്കളെ ആസിഫയുടെ കുടുംബം ആദരവോടെ സ്വീകരിക്കുകയും സൽക്കരിക്കുകയും ചെയ്തു. മുസ്ലിംലീഗ് ദേശീയ അസിസ്റ്റന്റ് സെക്രട്ടറി സികെ സുബൈർ, യൂത്ത് ലീഗ് ദേശീയ ജനറൽ സെക്രട്ടറി അഡ്വ. വി.കെ ഫൈസൽ ബാബു, നിയമപോരാട്ടത്തിന് നേതൃത്വം നൽകുന്ന അഡ്വ. മുബീൻ ഫാറൂഖി എന്നിവരാണ് വിവാഹത്തിൽ പങ്കെടുത്തത്. നൂറിൽ താഴെ  മാത്രം ആളുകൾ പങ്കെടുത്ത കല്യാണത്തിനാണ് കുടുംബം ലീഗ് നേതാക്കളെ പ്രത്യേകം ക്ഷണിച്ചത്.

ആസിഫക്കു വേണ്ടി അലമുറയിട്ട ലക്ഷക്കണക്കിന് പേർ ഇന്ത്യയിലുണ്ട്. അവൾക്കായി കവിതയെഴുതിയവരും പ്രസംഗിച്ചവരുമുണ്ട്. എന്നാൽ ആ കുടുംബത്തിന്റെ കൂടെ നീതിക്കുവേണ്ടി ഇടതടവില്ലാതെ ഇടപെട്ടത് മുസ്‌ലിംലീഗ് മാത്രമാണ്. ഇന്ത്യാ രാജ്യത്ത് മുസ്‌ലിംലീഗ് ചെറിയ പാർട്ടിയാണ്. ജമ്മു കശ്മീരിൽ ആ പാർട്ടിക്ക് ഒരു പഞ്ചായത്ത് മെമ്പർ പോലുമില്ല. സമീപഭാവിയിലൊന്നും ഉണ്ടാകാനും പോകുന്നില്ല. അത്തരം കേവലമായ നേട്ടങ്ങളെ മുൻനിർത്തിയല്ല മുസ്‌ലിംലീഗ് അതിന്റെ അജണ്ടകൾ തീരുമാനിക്കുന്നത് എന്നതിന് തെളിവാണ് ഈ സംഭവം.

സ്വതന്ത്ര ഇന്ത്യയിൽ അനിവാര്യതയുടെ 75 രാഷ്ട്രീയ വർഷങ്ങളാണ് മുസ്‌ലിംലീഗ് പിന്നിടുന്നത്. ഒരു സാമുദായിക രാഷ്ട്രീയ പാർട്ടി എന്ന നിലയിൽ നേട്ടങ്ങളുടെ നീണ്ട പട്ടിക തന്നെ മുസ്‌ലിംലീഗിന് അവകാശപ്പെടാനുണ്ട്. സ്വതന്ത്ര ഇന്ത്യയിൽ ഇനി എന്ത് എന്നറിയാതെ പ്രയാസപ്പെട്ട മുസ്‌ലിം സമുദായത്തിന് സുരക്ഷിത ബോധവും ആത്മവിശ്വാസവും പകർന്നു നൽകാൻ സാധിച്ചു എന്നത് തന്നെയാണ് നേട്ടങ്ങളിൽ പ്രധാനം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പൊട്ടിപ്പുറപ്പെട്ട കലാപ നിലങ്ങളിൽ സാന്ത്വനത്തിന്റെ സന്ദേശമെത്തിക്കാൻ മുസ്‌ലിംലീഗിന് സാധിച്ചു. ഇബ്രാഹിം സുലൈമാൻ സേട്ട്, ജി.എം ബനാത് വാല, ഇ. അഹമ്മദ് തുടങ്ങിയ നേതാക്കളിലൂടെ ദേശീയ രാഷ്ട്രീയത്തിൽ പാർട്ടി മേൽവിലാസമുണ്ടാക്കി.


ഇബ്രാഹിം സുലൈമാന്‍ സേട്ട്

ഭരണഘടനയിൽ ഇഷ്ടമുള്ള മതം വിശ്വസിക്കാനും ആചരിക്കാനുമുള്ള അവകാശം എഴുതിച്ചേർത്ത നേരത്ത് മതപ്രചാരണത്തിന് കൂടി അവകാശം വേണമെന്ന ആവശ്യം ഉന്നയിച്ചത് മുസ്‌ലിംലീഗാണ്. രാജ്യത്തെങ്ങും മത, സാമുദായിക സംഘടനകൾ പ്രവർത്തിക്കുന്നത് ഈ അവകാശത്തിന്റെ ബലത്തിലാണ്. അലിഗഡ്, ജാമിഅഃ മില്ലിയ്യ സർവ്വകലാശാലകളുടെ ന്യൂനപക്ഷ പദവി എടുത്തുകളയാനുള്ള നീക്കങ്ങൾക്കെതിരെ മുസ്‌ലിംലീഗ് നടത്തിയ ഇടപെടലുകൾ ശ്രദ്ധേയമായിരുന്നു.

1980ൽ മതസ്ഥാപനങ്ങൾക്ക് നികുതി ഏർപ്പെടുത്താനുള്ള നീക്കത്തിനെതിരെ മുസ്‌ലിംലീഗ് ശക്തമായി പ്രതികരിക്കുകയും സർക്കാർ അതിൽനിന്ന് പിന്തിരിയുകയും ചെയ്തു. 1985 നവംബർ 19ന് ഷാബാനു കേസിനെ തുടർന്നുണ്ടായ ശരീഅത്ത് വിവാദ സമയത്ത് ജി.എം ബനാത് വാല ലോക്‌സഭയിൽ അവതരിപ്പിച്ച സ്വകാര്യ ബില്ല് സർക്കാർ പിന്നീട് നിയമമാക്കി മാറ്റി. 1988ൽ മതസ്ഥാപനങ്ങളുടെ പ്രബോധനത്തിന് തടസ്സമാകുന്ന ബില്ലിനെതിരെ പോരാടിയത് മുസ്‌ലിംലീഗാണ്. പോട്ട, ടാഡ, യു.എ.പി.എ തുടങ്ങിയ കരിനിയമങ്ങളെ മുസ്‌ലിംലീഗ് നഖശിഖാന്തം എതിർത്തു. ആരാധനാലയങ്ങളുട ഉടമസ്ഥാവകാശത്തിനുള്ള കട്ട് ഓഫ് ഡേറ്റ് 1947 ആഗസ്ത് 15 ആയി നിജപ്പെടുത്തിയത് മുസ്‌ലിംലീഗ് ഇടപെടലുകളുടെ ഫലമായിരുന്നു. ബാബരി മസ്ജിദ് വിധിയിൽ ഈ നിയമത്തെ സംബന്ധിച്ച് പ്രത്യേകം പരാമർശിക്കുന്നത് കാണാം. മുത്തലാഖ് ബിൽ, കശ്മീരിന്റെ ന്യൂനപക്ഷ പദവി എടുത്തുകളയൽ തുടങ്ങി ഭരണകൂടത്തിന്റെ അന്യായമായ ഇടപെടലുകൾക്കെതിരെ മുസ്‌ലിംലീഗ് മുന്നിൽനിന്ന് പൊരുതി.

1990 ൽ വി.പി സിങ് മണ്ഡൽ കമ്മീഷൻ റിപ്പോർട്ട് നടപ്പാക്കുമ്പോഴും 2006 ൽ ഉന്നത വിദ്യാഭ്യാസ രംഗത്തും സ്വകാര്യ സ്ഥാപനങ്ങളിലും പിന്നാക്ക സംവരണം ഉറപ്പാക്കുന്ന നിയമം യു.പി.എ സർക്കാർ ആവിഷ്‌കരിക്കുമ്പോഴും മുസ്ലിംലീഗ് നിലപാടുകളുടെ സ്വാധീനം പ്രകടമായിരുന്നു. സാമ്പത്തിക സംവരണത്തിനെതിരെ ഒച്ചയെടുക്കാൻ പാർലമെന്റിൽ മുസ്‌ലിംലീഗ് എം.പിമാർ എഴുന്നേറ്റ് നിന്നു. എഴുന്നേൽക്കണമെന്ന് ആഗ്രഹിച്ചവർ പല പാർട്ടികളിലും ഉണ്ടായിരുന്നു. പക്ഷേ, അവരുടെ പാർട്ടി തീരുമാനം മറ്റൊന്നായിരുന്നു. സാമ്പത്തിക സംവരണത്തിന്റെ വിഷയത്തിൽ മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളെല്ലാം ഭൂരിപക്ഷ വോട്ട് ബാങ്കിന് പിന്നാലെ പോയപ്പോൾ ന്യൂനപക്ഷ, പിന്നോക്ക വിഭാഗങ്ങളുടെ ശബ്ദമാകാൻ വേറിട്ട് സംഘടിച്ച രാഷ്ട്രീയത്തിന് മാത്രമേ സാധിച്ചുള്ളൂ. പി.കെ കുഞ്ഞാലിക്കുട്ടി, ഇ.ടി മുഹമ്മദ് ബഷീർ, പി.വി അബ്ദുൽ വഹാബ്, ഡോ. എം.പി അബ്ദുസ്സമദ് സമദാനി, നവാസ് കനി തുടങ്ങിയ എം.പിമാരും മുൻഗാമികളുടെ പാത പിന്തുടർന്ന് പാർലമെന്റിൽ ന്യൂനപക്ഷത്തിന്റെ ശബ്ദം ഉയർത്തിയവരാണ്.

 
ജി എം ബനാത്ത് വാല 

പൗരത്വ ഭേദഗതി നിയമത്തിനെതിരായ നിയമ പോരാട്ടത്തിലെ ഒന്നാം കക്ഷി മുസ്‌ലിംലീഗാണ്. കേസിൽ മുസ്‌ലിംലീഗിന്റെ ഹർജിയാണ് സുപ്രിംകോടതി പ്രധാന ഹർജിയായി പരിഗണിക്കുന്നത്. പോരാളികൾ ഏറെയുണ്ട്. എന്നാൽ, മലപ്പുറം പാർട്ടി എന്ന് ചിലരൊക്കെ അധിക്ഷേപിക്കുന്ന ഈ പാർട്ടിയാണ് ജീവൽപ്രധാനമായ ഇത്തരം പോരാട്ടങ്ങളുടെ മുൻനിരയിലുള്ളത്. മുസ്‌ലിംലീഗ് അവകാശങ്ങൾക്ക് വേണ്ടി വാദിച്ചു. മറ്റാരുടെയും അവകാശങ്ങളിൽനിന്ന് കടുകുമണി പോലും വേണ്ടെന്ന് സി.എച്ച് പറഞ്ഞു. സ്വന്തം അവകാശങ്ങൾ ആർക്കും വിട്ടുതരില്ലെന്നും. അവകാശങ്ങൾക്കായി കൊല്ലാനും ചാകാനും പറഞ്ഞില്ല. ജനാധിപത്യ മാർഗ്ഗങ്ങളെ ഉപയോഗിച്ചു. അങ്ങനെ അന്യവൽക്കരിക്കപ്പെട്ട ജനത അംഗീകരിക്കപ്പെടുന്ന ജനതയായി. ഒരു പഞ്ചായത്ത് മെമ്പർ പോലുമാകില്ലെന്ന് പ്രവചിച്ചവരെ അമ്പരപ്പിച്ചുകൊണ്ടാണ് സംസ്ഥാന മുഖ്യമന്ത്രി പദവും കേന്ദ്ര മന്ത്രി പദവിയും മുസ്‌ലിംലീഗിനെ തേടിയെത്തിയത്. 1979ൽ കേരള മുഖ്യമന്ത്രിയായി സി.എച്ച് മുഹമ്മദ് കോയ അധികാരമേറ്റതും 2004ൽ കേന്ദ്ര സഹമന്ത്രിയായി ഇ. അഹമ്മദ് ചുമതലയേറ്റതും സ്വതന്ത്ര ഇന്ത്യയിൽ മുസ്‌ലിംലീഗിന് ലഭിച്ച അംഗീകാരത്തിന്റെ സുവർണ മുദ്രകളാണ്.

അനേകമനേകം രാഷ്ട്രീയ പാർട്ടികളുള്ള ഇന്ത്യയിൽ മുസ്‌ലിംലീഗിന്റെ ശബ്ദവും സാന്നിധ്യവും ശ്രദ്ധേയമാകുന്നത് പേരിലും പെരുമാറ്റത്തിലും തന്നെയാണ്. എതിർപ്പിന്റെ കൊടുങ്കാറ്റുകളെ വകഞ്ഞുമാറ്റിയാണ് പേരും പരിപാടിയും പതാകയും മാറ്റാതെ പാർട്ടി 75 വർഷം പിന്നിടുന്നത്. കേരളത്തിന് പുറമെ പശ്ചിമ ബംഗാൾ, തമിഴ്നാട്, പോണ്ടിച്ചേരി, മഹാരാഷ്ട്ര, ഉത്തർപ്രദേശ്, അസം നിയമസഭകളിലും മുസ്ലിംലീഗിന് പ്രാതിനിധ്യമുണ്ടായിരുന്നു. വിദ്യാഭ്യാസ, ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ വിവിധ സംസ്ഥാനങ്ങളിൽ രാഷ്ട്രീയ ശാക്തീകരണത്തിനുള്ള ശ്രമം തുടരുകയാണ്.

ഒരു മുസ്‌ലിം എം.പി പോലുമില്ലാതെ ബി.ജെ.പി ഇന്ത്യ ഭരിക്കുമ്പോൾ പേരിന്റെ പേരിൽ ആക്ഷേപിക്കപ്പെടുന്ന മുസ്‌ലിംലീഗിൽ ഹിന്ദു, ക്രൈസ്തവ വിഭാഗങ്ങളിൽ ഉൾപ്പെട്ട നൂറിലധികം ജനപ്രതിനിധികളുണ്ട്. വിവിധ ജാതി, മത വിഭാഗങ്ങളിൽ ഉൾപ്പെട്ട ആയിരക്കണക്കിന് പേർ മുസ്ലിംലീഗിന്റെ ഭാഗമാണ്. മുസ്ലിംലീഗിന്റെ പ്രതിനിധികളായി നിയമസഭയിലേക്ക് മത്സരിക്കുന്നവരും തെരഞ്ഞെടുക്കപ്പെടുന്നവരും മുസ്‌ലിംകൾ മാത്രമല്ല. എം. ചടയൻ, കെ.പി രാമൻ, യു.സി രാമൻ എന്നിവരെല്ലാം നിയമസഭാംഗങ്ങളായത് മുസ്ലിംലീഗ് പ്രതിനിധികളായിട്ടാണ്. തദ്ദേശ സ്ഥാപനങ്ങളിൽ സംവരണമൊക്കെ വരുന്നതിന് മുമ്പ് കെ.പി രാമനെ പഞ്ചായത്ത് പ്രസിഡന്റാക്കിയ പാർട്ടിയാണ് മുസ്‌ലിംലീഗ്. മുഖ്യധാരാ പാർട്ടികൾ എസ്.സി സീറ്റിലേക്ക് മാത്രമായി ചില സ്ഥാനാർത്ഥികളെ ഉഴിഞ്ഞുവെക്കുന്ന കാലത്ത് യു.സി രാമനെ ജനറൽ സീറ്റിൽ മത്സരിപ്പിച്ചതും സംസ്ഥാന സെക്രട്ടറിയാക്കിയതും മുസ്‌ലിംലീഗാണ്. വർഗീയ വിഷം കലക്കി നേട്ടമുണ്ടാക്കാൻ ശ്രമിക്കുന്ന ചിലർ ഈയിടെ വല്ലാതെ തലപൊക്കിയപ്പോൾ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിൽ കേരളത്തിലെ 14 ജില്ലകളിലും ബാംഗ്ലൂർ, ചെന്നൈ, മുംബൈ, ഡൽഹി എന്നിവിടങ്ങളിലും നടത്തിയ സുഹൃദ് സംഗമങ്ങൾ സമുദായങ്ങൾ തമ്മിലുള്ള ഐക്യത്തിനും സൗഹൃദത്തിനും ഏറെ സഹായകമായ ഒന്നായിരുന്നു. ഇതൊന്നും മതേതരത്വം തെളിയിക്കാനുള്ള ബദ്ധപ്പാടുകളുടെ ഭാഗമല്ല. മുസ്‌ലിംലീഗിന്റെ അജണ്ടയിൽ എഴുതിച്ചേർത്ത കാര്യങ്ങളാണ്. അത് സുതാര്യമാണ്.  കാപട്യമില്ലാത്ത രാഷ്ട്രീയ നിലപാടുകൾക്ക് പുറമെ, ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് പ്രാധാന്യം നൽകുന്ന മുസ്‌ലിംലീഗിന്റെ സേവന രാഷ്ട്രീയവും ഏറെ പ്രകീർത്തിക്കപ്പെട്ടതാണ്.


സി എച്ച് മുഹമ്മദ് കോയ 

ചരിത്ര പണ്ഡിതൻ ഡോ. എം. ഗംഗാധരന്റെ നിരീക്ഷണം പ്രസ്താവ്യമാണ്. അദ്ദേഹം എഴുതുന്നു. ''എണ്ണത്തിലും സമ്പത്തിലും ന്യൂനമായ വിഭാഗങ്ങൾക്ക് അരക്ഷിതബോധമുണ്ടാവുന്ന സാഹചര്യങ്ങൾ സെക്കുലർ രാഷ്ട്രീയത്തിലുണ്ടാവാം. അങ്ങനെ വരുമ്പോൾ അവർ സ്വരക്ഷക്കും ന്യായമായ അവകാശങ്ങൾ നേടാനും വേണ്ടി രാഷ്ട്രീയമായി സംഘടിക്കുമ്പോഴാണ് ന്യൂനപക്ഷ രാഷ്ട്രീയം രൂപം കൊള്ളുന്നത്. ന്യൂനപക്ഷങ്ങൾക്ക് ആത്മവിശ്വാസവും രാഷ്ട്രനിർമ്മാണ പ്രവർത്തനങ്ങളിൽ ഫലപ്രദമായി പങ്കെടുക്കാനുള്ള ഉത്സാഹവും നൽകുന്നിടത്തോളം ഈ രാഷ്ട്രീയം നല്ലതാണ്''.

രാജ്യത്തിന്റെ മതേതരത്വവും പരമാധികാരവും അഖണ്ഡതയും നിലനിർത്താനും വിദ്യാഭ്യാസ, സാംസ്‌കാരിക മേഖലകളിൽ ന്യൂനപക്ഷ, ദലിത് പിന്നോക്ക വിഭാഗങ്ങളെ ഉയർത്തിക്കൊണ്ടുവരാനും വേണ്ടിയാണ് മുസ്ലിംലീഗ് പ്രവർത്തിക്കുന്നത്. മുസ്‌ലിംലീഗിന്റെ 75 വർഷക്കാലത്തെ പ്രവർത്തന പാരമ്പര്യം നശീകരണത്തിന്റേതല്ല. നിർമ്മാണത്തിന്റേതാണ്. നന്മയുടെ രാഷ്ട്രീയമല്ലാതെ മറ്റൊന്നും ആ ആശയം നിർമ്മിച്ചിട്ടില്ല എന്നതിനാൽ മുസ്‌ലിംലീഗ് ഇനിയും ശക്തമായി നിലനിൽക്കേണ്ടത് കാലത്തിന്റെ അനിവാര്യതയാണ്.


റഫറൻസ്:
1. ഖാഇദെ മില്ലത്തിന്റെ ദർശനങ്ങൾ - സി.കെ താനൂർ
2. ഭരണഘടനാ അസംബ്ലി ഡിബേറ്റുകൾ - വെബ്‌സൈറ്റ്
3. ദി ഹിന്ദു ദിനപത്രം, അരുൺ പി.എസ് എഴുതിയ ലേഖനം- 2021 ഡിസംബർ 21
4. മുസ്‌ലിംലീഗ് നിലപാടുകളുടെ നീതിശാസ്ത്രം- എം.സി വടകര
5. അതിജീവനത്തിന്റെ അടയാളങ്ങൾ - ഡോ. പി. റഷീദ് അഹ്മദ്
6. മാപ്പിള പഠനങ്ങൾ - ഡോ. എം. ഗംഗാധരൻ


#outlook
Leave a comment