
മുസ്ലിം ലീഗിന്റേത് മതരാഷ്ട്രവാദികളെ ഒരേ വേദിയിൽ അണിനിരത്താനുള്ള ശ്രമം
വരാൻ പോകുന്ന രണ്ട് തിരഞ്ഞെടുപ്പുകൾക്ക് മുൻപായാണ് സിപിഎം പാർട്ടി കോൺഗ്രസിന്റെ ഭാഗമായ സംസ്ഥാന സമ്മേളനം നടന്നത്. കേന്ദ്ര സംസ്ഥാന ബന്ധങ്ങളിലെ സംഘർഷാത്മകമായ സ്ഥിതിവിശേഷവും സംസ്ഥാനം നേരിടുന്ന നിരവധി പുതുകാല പ്രശ്നങ്ങളും ഉൾപ്പടെ ഒട്ടേറെ സങ്കീർണ്ണമായ വിഷയങ്ങളിലൂടെ കേരളം കടന്നുപോകുമ്പോഴാണ് സമ്മേളനം നടക്കുന്നതെന്ന പ്രത്യേകതയുമുണ്ടായിരുന്നു. ഈ വിഷയങ്ങളൊക്കെ തന്നെ സമ്മേളനത്തിൽ ചർച്ച ചെയ്യപ്പെടുകയും ചെയ്തു.
ഈ വർഷാവസാനം നടക്കുന്ന തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിനെയും അടുത്ത വർഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനെയും നേരിടുന്നതിന് പാർട്ടി നേതൃത്വത്തെയും അണികളെയും സജ്ജമാക്കുന്നതിന് സിപിഎം സംസ്ഥാന സമ്മേളനത്തിന് കഴിഞ്ഞുവെന്ന് പറയാം. സംസ്ഥാനത്തെ പാർട്ടിയിൽ വിഭാഗീയതക്ക് അന്ത്യമിടാനായതിൻ്റെ ഓജസ്സും ഊർജവും ഐക്യവും ഒരു പോലെ പ്രതിഫലിപ്പിക്കപ്പെട്ട സമ്മേളനം കൂടിയാണ് കൊല്ലത്ത് നടന്നത്. സമ്മേളനത്തിൽ മന്ത്രിമാരുടെ പ്രവർത്തനത്തിനെതിരെ കാര്യമായ വിമർശനമൊന്നും ഉയരാത്തതും അവരുടെ പ്രവർത്തനങ്ങളിൽ പാർട്ടിക്കുള്ള തൃപ്തിയാണ് കാണിക്കുന്നത്.
മറ്റൊരു ബൂർഷ്വാ ജനാധിപത്യ പാർട്ടിക്കും സാധിക്കാത്ത തീർത്തും ജനാധിപത്യപരമായ പ്രക്രിയയാണ് സിപിഎം സമ്മേളനങ്ങൾ. സിപിഎം ഭരണഘടനയിലെ 14-ാം വകുപ്പ് അനുസരിച്ച് സാധാരണഗതിയിൽ മൂന്ന് കൊല്ലത്തിലൊരിക്കൽ കേന്ദ്ര കമ്മിറ്റി പാർട്ടി കോൺഗ്രസ് വിളിച്ചു ചേർക്കണം. അതിൻ്റെ ഭാഗമായാണ് ബ്രാഞ്ച് തലം മുതൽ പാർട്ടി കോൺഗ്രസ് വരെയുള്ള സമ്മേളനങ്ങൾ നടക്കുന്നത്. കേരളത്തിൽ 38,246 ബ്രാഞ്ച് സമ്മേളനങ്ങളും 2,444 ലോക്കൽ സമ്മേളനങ്ങളും 210 ഏരിയാ സമ്മേളനങ്ങളും 14 ജില്ലാ സമ്മേളനങ്ങളും പൂർത്തിയായതിന് ശേഷമാണ് സംസ്ഥാന സമ്മേളനം ചേർന്നത്. സെപ്തംബർ ഒന്നിനാണ് കേരളത്തിൽ ബ്രാഞ്ച് സമ്മേളനങ്ങൾ ആരംഭിച്ചത്. ആറ് മാസം നീണ്ട സമ്മേളന പ്രകിയക്ക് സംസ്ഥാനത്ത് പരിസമാപ്തി കുറിക്കുന്നത് സംസ്ഥാന സമ്മേളനത്തോടെയാണ്. 5, 64, 895 അംഗങ്ങളും അനുഭാവികളും ബഹുജനങ്ങളും അണിചേർന്ന വിപുലമായ ജനകീയ വിദ്യാഭ്യാസ പരിപാടി കൂടിയാണ് സമ്മേളന കാലം. ഏപ്രിൽ രണ്ടു മുതൽ തമിഴ്‌നാട്ടിലെ മധുരയിൽ ചേരുന്ന പാർട്ടി കോൺഗ്രസോടെ ഈ സമ്മേളന പ്രക്രിയ പൂർത്തിയാകും. പാർട്ടി കോൺഗ്രസിലേക്ക് കേരളത്തിൽ നിന്നും 175 പ്രതിനിധികളാണ് പങ്കെടുക്കുക. രാജ്യത്തെ ഏറ്റവും വലുതും ശക്തവുമായ പാർട്ടിഘടകം കേരളമായതിനാലാണ് ഇത്രയും പേർ പാർട്ടി കോൺഗ്രസിൽ പങ്കെടുക്കുന്നത്.REPRESENTATIVE IMAGE | WIKI COMMONS
കരട് രാഷ്ട്രീയ പ്രമേയത്തിൽ നവഫാസിസം എന്ന പദ പ്രയോഗം ആദ്യമായി നടത്തിയത് ഫാസിസത്തോടുള്ള സിപിഎം സമീപനം മയപ്പെടുത്തിയെന്ന പ്രതിപക്ഷനേതാവ് വി ഡി സതീശൻ്റെ പരാമർശത്തെ രൂക്ഷമായി വിമർശിക്കുന്നതായിരുന്നു സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ട് പിബി അംഗവും കോ ഓർഡിനേറ്ററുമായ പ്രകാശ് കാരാട്ട് നടത്തിയ പ്രസംഗം. സിപിഎമ്മിൻ്റെ രാഷ്ട്രീയ പ്രമേയങ്ങൾ ഒന്നു പോലും വായിക്കാതെ വില കുറഞ്ഞ രാഷ്ട്രീയ മുതലെടുപ്പാണ് വി ഡി സതീശൻ നടത്തിയതെന്ന് പറയാനും കാരാട്ട് തയ്യാറായി. 2018 ലെ ഹൈദരാബാദ് കോൺഗ്രസിൽ "ഫാസിസത്തിൻ്റെ പ്രവണതകൾ ദൃശ്യമാണ് "എന്നാണ് പറഞ്ഞതെങ്കിൽ ഇപ്പോൾ "ഫാസിസ്റ്റ് പ്രവണതകൾ പ്രകടിപ്പിക്കാൻ തുടങ്ങിയിരിക്കുന്നു" എന്നർഥത്തിലാണ് നവഫാസിസം എന്ന പ്രയോഗം നടത്തിയതെന്ന് കാരാട്ട് വിശദീകരിച്ചു. സീതാറാം യെച്ചൂരി ജനറൽ സെക്രട്ടറിയായിരിക്കേയാണ് ഹൈദരാബാദ് കോൺഗ്രസെന്നും അദ്ദേഹത്തിന് ശേഷമുള്ളവർ ഫാസിസത്തിനോട് അയവേറിയ സമീപനം സ്വീകരിച്ചുവെന്നതിന് മറുപടിയായി കാരാട്ട് പറഞ്ഞു. ഫാസിസത്തിനും ഹിന്ദുത്വ രാഷ്ട്രീയത്തിനുമെതിരെ പൊരുതാൻ ബിജെ പിയുടെ സർട്ടിഫിക്കറ്റ് ആവശ്യമില്ലെന്നും കാരാട്ട് പറയുകയുണ്ടായി.
സംസ്ഥാനത്തെ രാഷ്ട്രീയാന്തരീക്ഷം സമഗ്രമായി വിലയിരുത്താനും സമ്മേളനം തയ്യാറായി. സംസ്ഥാന സെക്രട്ടറി അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടിൻ്റെ ഭാഗമായാണ് സംസ്ഥാന രാഷ്ട്രീയം ചർച്ച ചെയ്യപ്പെട്ടത്. അതിൻ്റെ രത്ന ചുരുക്കം വാർത്താ സമ്മേളനത്തിൽ എം വി ഗോവിന്ദൻ വിശദീകരിക്കുകയും ചെയ്തു. അടുത്ത വർഷം നടക്കുന്ന തിരഞ്ഞെടുപ്പിലും പ്രതിപക്ഷത്ത് ഇരിക്കേണ്ടി വരുമോ എന്ന സംശയം കേരളത്തിലെ സകലമാന വലതുപക്ഷ ശക്തികളെയും വേട്ടയാടാൻ തുടങ്ങിയിട്ടുണ്ടെന്നും അധികാരമില്ലാതെ രാഷ്ട്രീയത്തിൽ തുടരാൻ കഴിയാത്ത അവസ്ഥയാണ് ബൂർഷ്വാ രാഷ്ട്രീയ പാർട്ടികൾക്കുള്ളതെന്നും സമ്മേളനം വിലയിരുത്തി. കോൺഗ്രസും ബിജെപിയും ജമാഅത്തെ ഇസ്ലാമിയും എസ്ഡിപിഐയും മുസ്ലീം ലീഗും ഭൂരിപക്ഷം മാധ്യമങ്ങളും ഈ അവിശുദ്ധ കൂട്ടുകെട്ടിൻ്റെ ഭാഗമാണ്, കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയുടെ തുടക്കത്തിൽ എന്നതുപോലെ കേരളത്തെ കമ്യൂണിസ്റ്റ് ഭരണത്തിൽ നിന്നും രക്ഷിക്കാൻ ഒരു "പാവനസഖ്യത്തി "ലാണ് ബൂർഷ്വാ വർഗീയ ശക്തികളും ഭൂരിപക്ഷം മാധ്യമങ്ങളും അണിചേർന്നിട്ടുള്ളത്. മതരാഷ്ട്രവാദികളെ ഒരേ വേദിയിൽ അണിനിരത്താനുള്ള മുസ്ലീംലീഗിൻ്റെ ശ്രമം അപകടകരമാണ്. മതരാഷ്ട്രവാദികളുമായുള്ള കൂട്ട് ലീഗ് അണികളിലെ മതനിരപേക്ഷ വാദികളിൽ മാത്രമല്ല യുഡിഎഫിലും പ്രശ്നം സൃഷ്ടിക്കും. ക്രിസ്ത്യൻ മതന്യൂനപക്ഷത്ത ഹിന്ദുത്വ വർഗീയ ശക്തികളുമായി കൂട്ടികെട്ടാനുള്ള കാസ പോലുള്ള സംഘടനകളുടെ ശ്രമത്തിനെതിരെയും മതനിരപേക്ഷ മനസ്സുകൾ അണി ചേരും. മറുവശത്ത് ന്യൂനപക്ഷങ്ങളെ പരസ്പരം അടിപ്പിക്കാൻ ആർ എസ് എസ് ശ്രമങ്ങൾ നടത്തുന്നുണ്ട്. ജാതിബോധവും സ്വത്വബോധവും വളർത്തി വർഗീയമായി ഒന്നിപ്പിക്കുക എന്ന തന്ത്രവും അവർ പയറ്റുന്നുണ്ട്. കടുത്ത ബിജെപി വിരുദ്ധ നിലപാട് സ്വീകരിക്കുന്ന സിപിഎമ്മിനൊപ്പം അണിനിരക്കുന്ന ന്യൂനപക്ഷങ്ങളെ തിരിച്ചു പിടിക്കാനാണ് ഇത്തരം ശ്രമങ്ങൾ നടക്കുന്നത്. അതിനാൽ സിപിഎമ്മിൻ്റെ ഭാഗത്തു നിന്നുണ്ടാകുന്ന ചെറിയ വീഴ്ച പോലും പെരുപ്പിച്ച് കാട്ടി രാഷ്ട്രീയാന്തരീക്ഷം അവർക്ക് അനുകൂലമാക്കാനുള്ള ശ്രമമുണ്ടാകും. ഇടതുപക്ഷത്തിന് മൂന്നാം വട്ടം ഭരണം കിട്ടാതിരിക്കാൻ ഏതറ്റം വരെയും അവർ പോകും. അതിന് മറുമരുന്ന് പാർട്ടിയുടെ കരുത്തും ആരോഗ്യവും വർധിപ്പിക്കുക മാത്രമാണ് എന്ന നിലപാടും മുന്നോട്ടുവെച്ചു. പാർട്ടിയുടെ ആരോഗ്യവും കരുത്തും മെച്ചപ്പെടണമെങ്കിൽ സംഘടനയെ അടിമുടി രാഷ്ട്രീയവൽകരിക്കണം. 5.64 ലക്ഷം വരുന്ന അംഗങ്ങളിൽ 88.89 ശതമാനവും സോവിയറ്റ് യൂണിയൻ്റെ പതനത്തിന് ശേഷം അംഗങ്ങളായവരാണ്. 54.89 ശതമാനവും 2015നു ശേഷം പാർട്ടിയിലേക്ക് കടന്നുവന്നവരാണ്. അതു കൊണ്ടു തന്നെ പുതുതായി കടന്നു വരുന്നവരെ രാഷ്ട്രീയവൽക്കരിക്കുക എന്നത് കൊല്ലം സമ്മേളനം പ്രധാന കടമയായി ഏറ്റെടുക്കുകയുണ്ടായി. അതിനായി പാർട്ടി വിദ്യാഭ്യാസം ശക്തമാക്കുന്നതിനൊപ്പം ദിനാചരണങ്ങൾ പോലുള്ള പൊതുപരിപാടികൾ ബഹുജന വിദ്യാഭ്യാസ പരിപാടികളായി മാറ്റും. പാർട്ടി സംഘടനയെ രാഷ്ട്രീയവൽകരിക്കുന്നതിനോടൊപ്പം കേരളം മതരാഷ്ട്ര വാദികളുടെ പിടിയിലേക്ക് പോകാതിരിക്കാനുള്ള ബൃഹത്തായ ജനകീയ ബോധവൽകരണ പരിപാടികൾക്ക് സിപിഎം തുടക്കം കുറിക്കും.REPRESENTATIVE IMAGE | WIKI COMMONS
പ്രവർത്തന റിപ്പോർട്ടിന് ശേഷം പൊളിറ്റ് ബ്യൂറോ അംഗവും മുഖ്യമന്ത്രിയുമായ പിണറായി വിജയൻ "നവകേരളത്തെ നയിക്കാനുള്ള പുതുവഴികൾ" എന്ന രേഖ അവതരപ്പിക്കുകയുണ്ടായി. സമ്മേളനത്തിലെ പ്രധാന അജൻഡകളിൽ ഒന്നും ഇതു തന്നെയായിരുന്നു. 2022 ൽ എറണാകുളം സമ്മേളനത്തിൽ "നവകേരളത്തിനായുള്ള പാർട്ടി കാഴ്ചപ്പാട് " എന്ന പിണറായി തന്നെ അവതരിപ്പിച്ച രേഖയിൽ പറഞ്ഞ കാര്യങ്ങൾ എത്ര മാത്രം നടപ്പിലാക്കി എന്ന പരിശോധനയും ഇനി നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന കാര്യങ്ങളും വിശദീകരിക്കുന്നതാണ് പുതിയ രേഖ. ആറ് ഭാഗങ്ങളുള്ള ഈ രേഖയിൽ "സംസ്ഥാന സർക്കാരിൻ്റെ ഭാവി പദ്ധതികൾ " എന്ന് പറയുന്നിടത്താണ് ഭാവി കടമകളെക്കുറിച്ച് വിശദീകരിക്കുന്നത്. ഇന്നലെകളിലെ അവകാശ-വികസന നേട്ടങ്ങൾ നിലനിർത്തികൊണ്ടും സംസ്ഥാനത്തു തന്നെ നല്ലവരുമാനമുള്ള തൊഴിലുകളും സേവനങ്ങളും ലഭ്യമാക്കുക എന്നതാണ് പുതുവഴികൾ കൊണ്ട് ലക്ഷ്യമാക്കുന്നത്. ചെറുകിട കൃഷിയിടങ്ങളിൽ ഉൽപാദിപ്പിക്കുന്ന ഉൽപ്പന്നങ്ങളുടെ ശേഖരണം, പാൽ ഉൽപാദനത്തിൽ സ്വയം പര്യാപ്തത, അന്താരാഷ്ട്ര സ്റ്റാർട്ടപ്പ് ആവാസ വ്യവസ്ഥ സൃഷ്ടിക്കൽ, ഐ ടി മേഖലയുടെ വികസനം, മൾട്ടി മോഡൽ പൊതുഗതാഗത സംവിധാനം, വൈവിധ്യമാർന്ന ടൂറിസം പദ്ധതികൾ, വൻ തോതിലുള്ള ഉന്നതവിദ്യാഭാസ ഗവേഷണ സ്ഥാപനങ്ങളുടെ സ്ഥാപനം, ഓർഗൻ ട്രാൻസ്പ്ലാൻ്റേഷൻ ഇൻസ്റ്റിറ്റ്യൂട്ട്, താലൂക്ക് ആശുപത്രികളിൽ ഡയാലിസിസ് യൂണിറ്റുകൾ, സർവിക്കൽ ക്യാൻസർ പ്രതിരോധത്തിന് വാക്സിനേഷൻ, പ്രവാസികൾക്ക് സമഗ്ര ആരോഗ്യ ഇൻഷൂറൻസ്, ക്ഷേമ പെൻഷനുകളുടെ വർധന തുടങ്ങി നിരവധി തുടർ വികസന-ക്ഷേമ ലക്ഷ്യങ്ങളാണ് ഈ രേഖ മുന്നോട്ടുവെക്കുന്നത്.
ഇതെല്ലാം പ്രാവർത്തികമാക്കണമെങ്കിൽ പണം ആവശ്യമാണ്. കേന്ദ്രമാകട്ടെ കേരളത്തെ ക്രൂരമായി അവഗണിക്കുകയാണ്. ബജറ്റ് വിഹിതത്തിൽ പോലും 39,500 കോടി രൂപയുടെ വെട്ടിക്കുറവാണ് കേന്ദ്രം വരുത്തിയിട്ടുള്ളത്. രാജ്യത്ത് 2.6 ശതമാനം ജനസംഖ്യയുള്ള കേരളത്തിന് ധനകമ്മീഷൻ്റെ വിഹിതം 1.9 ശതമാനം മാത്രമാണ് ലഭിക്കുന്നത്. കേന്ദ്രാവിഷ്കൃത പദ്ധതികളുടെ 1.6 ശതമാനവും വായ്പയുടെ 1.1 ശതമാനവും മാത്രമാണ് ലഭിക്കുന്നത്. 300ൽ അധികം പേർ മരിച്ച വയനാട് ദുരന്തത്തിന് പോലും നയാപൈസ സഹായം നൽകാൻ കേന്ദ്രം തയ്യാറായിട്ടില്ല.
തുടർച്ചയായി വികസന വഴികളിലൂടെ മുന്നോട്ടുകൊണ്ടുപോകാതെ ജനങ്ങളുടെ വിശ്വാസം നേടിയെടുക്കാൻ കഴിയില്ലെന്ന് സോവിയറ്റ് അനുഭവങ്ങളെ വിശദീകരിച്ചു കൊണ്ട് ചെന്നൈയിൽ ചേർന്ന 14-ാം പാർട്ടി കോൺഗ്രസ് അവതരിപ്പിച്ച "ചില പ്രത്യയ ശാസ്ത്ര പ്രശ്‌നങ്ങൾ " എന്ന രേഖ വ്യക്തമാക്കുകയുണ്ടായി. നിലവിലുള്ള പരിമിതികൾക്ക് അകത്തു നിന്നുകൊണ്ട് ബദൽ നയങ്ങൾ നടപ്പിലാക്കാൻ 2000ൽ പുതുക്കിയ പാർട്ടി പരിപാടി തന്നെ ആഹ്വാനം ചെയ്യുകയും ചെയ്തു. സംസ്ഥാനത്ത് ഭൂപരിഷ്ക്കരണം സമഗ്രമായി നടപ്പിലാക്കിയതോടെ ഫ്യൂഡലിസത്തിൻ്റെ സാമ്പത്തിക അടിത്തറ തകരുകയും ജന്മിയെന്ന വർഗം കേരളത്തിൽ ഉന്മൂലനം ചെയ്യപ്പെടുകയും ചെയ്തു. സ്വാഭാവികമായും ആധുനിക മുതലാളിത്തത്തിൻ്റെ വഴികളിലേക്ക് സംസ്ഥാനം നീങ്ങി. ഈ ഘട്ടത്തിൽ പണമില്ലെന്ന് പറഞ്ഞ് വികസന ക്ഷേമ പ്രവർത്തനങ്ങൾ ഉപേക്ഷിക്കാൻ എൽഡിഎഫ് സർക്കാരിന് കഴിയില്ല. അതിനാൽ അർഹമായ വിഹിതം ലഭിക്കാൻ കേന്ദ്രത്തോട് പൊരുതുന്നതോടൊപ്പം സാമ്പത്തിക ഉപരോധത്തെ മറികടക്കുന്നതിന് നമ്മുടെ വിഭവസമാഹരണ സാധ്യതകളെ കഴിയുന്നത് ഉപയോഗപ്പെടുത്തുകയും വേണം. ഈ ദിശയിലേക്കുള്ള ചില നിർദ്ദേശങ്ങളും രേഖ മുന്നോട്ടു വെച്ചു.മുഖ്യമന്ത്രി പിണറായി വിജയന്‍ | PHOTO: WIKI COMMONS
തദ്ദേശ സ്വയംഭണ സ്ഥാപനങ്ങളും രണ്ടരലക്ഷം കോടി നിക്ഷേപമുള്ള സഹകരണ സ്ഥാപനങ്ങളും ചേർന്നുനിന്ന് കാർഷിക മേഖലയെ സഹായിക്കും വിധമുള്ള വിഭവസമാഹരണം, പ്രവാസികളുടെ നിക്ഷേപം ആകർഷിക്കാനുള്ള സംവിധാനങ്ങൾ, നാടിൻ്റെ താൽപര്യത്തിന് എതിരായി നിൽക്കാത്ത മൂലധന നിക്ഷേപങ്ങൾ, ഏറെകാലമായി വർധനവുകളൊന്നും വരുത്താത്ത മേഖലകളിൽ നിന്നും അധിക വിഭവസമാഹരണം, സെസുകൾ ചുമത്തുന്നതിനുള്ള സാധ്യതകളുടെ പരിശോധന തുടങ്ങിയവയാണ് ഈ നിർദ്ദേശങ്ങൾ. എല്ലാ സൗജന്യങ്ങളും സമ്പന്ന വിഭാഗങ്ങൾക്കും നൽകേണ്ടതുണ്ടോ എന്നുള്ള ചോദ്യവും ഉയർത്തപ്പെട്ടു. ഈ സന്ദർഭത്തിലാണ് വരുമാനത്തിനനുസരിച്ച് പ്രത്യേക വിഭാഗങ്ങൾക്ക് പ്രത്യേക ഫീസ് എന്ന ആശയം മുന്നോട്ടു വെച്ചത്. അതിനുള്ള സാധ്യതകൾ ആലോചിക്കണം എന്നു മാത്രമാണ് രേഖ പറയുന്നത്. അത് ഒരു തരത്തിലും സാധാരണ ജനങ്ങളെ ദോഷകരമായി ബാധിക്കുന്ന വിധമായിരിക്കില്ലെന്നും ജനങ്ങളിൽ അധികഭാരം അടിച്ചേൽപിക്കുന്ന നടപടികൾ ഉണ്ടാകില്ലെന്നും സംസ്ഥാന സെക്രട്ടറി വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കുകയും ചെയ്തു. നിലവിൽ തന്നെ ആരോഗ്യമേഖലയിലും മറ്റും വരുമാനത്തിനനുസരിച്ച് സേവനങ്ങളുടെ ഫീസ് എന്ന സമ്പ്രദായം ഉണ്ട്. ഉള്ളവനിൽ നിന്ന് എടുത്ത് ഇല്ലാത്തവർക്ക് നൽകുന്ന അതല്ലെങ്കിൽ ജനങ്ങളിൽ നിന്ന് പണം എടുത്ത് അതവർക്ക് തന്നെ വിദ്യാഭ്യാസ, ആരോഗ്യ സേവനങ്ങളായി നൽകുന്ന രീതിയാണ് മുന്നോട്ടുവെക്കപ്പെട്ടത്. കേരളത്തെ വികസന വഴികളിലേക്ക് നയിക്കുന്നതിൽ വിട്ടുവീഴ്ചയില്ലെന്ന വ്യക്തമായ സന്ദേശമാണ് സമ്മേളനം നൽകിയത്. എന്നാൽ സാമൂഹികനീതിയിൽ അധിഷ്ഠിതമായിരിക്കും ഇതെന്നും ക്ഷേമ നടപടികൾ മുന്നോട്ടു കൊണ്ടുപോകുമെന്നും വ്യക്തമാക്കപ്പെട്ടു. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും കൂടെ നിർത്തി മുന്നേറുക എന്ന സിപിഎമ്മിൻ്റെ ഈ നീക്കത്തിന് വരും ദിവസങ്ങളിൽ സ്വീകാര്യത വർധിക്കുമെന്നു വേണം കരുതാൻ. അത് ജനകീയാടിത്തറയുടെ വിപുലീകരണത്തിനും തിരഞ്ഞെടുപ്പ് വിജയങ്ങൾക്കും വഴി തുറക്കും.
(ദേശാഭിമാനി മുൻ പത്രാധിപ സമിതിയംഗമാണ് ലേഖകൻ).