TMJ
searchnav-menu
post-thumbnail

Outlook

നാഗ്പൂർ കലാപം: കബറിന് മീതെയുള്ള പ്രതികാരം

27 Mar 2025   |   4 min Read
സിദ്ധാർത്ഥ് കെ

ന്ത്യയുടെ ഓരോ മുക്കിലും മൂലയിലും ചരിത്രം കണ്ടെത്താനാവുമെന്ന് ഇന്ത്യ ചരിത്ര പഠനത്തിൽ ഒരു വഴിത്തിരിവുണ്ടാക്കിയ പണ്ഡിതനായ ഡി ഡി കൊസാംബി നിരീക്ഷിച്ചിട്ടുണ്ട്. ചരിത്രം വംശീയവും, വിഭാഗീയവുമായ പ്രതികരണങ്ങൾക്കുള്ള ഉപകരണമായി മാറ്റുന്ന ഒരു രാഷ്ട്രീയത്തിന്റെ കാലഘട്ടത്തിൽ കൊസാംബിയുടെ നിരീക്ഷണത്തിന്റെ നേർവിപരീതമാണ് സംഭവിക്കുക. രാജ്യത്തിന്റെ ഓരോ മുക്കും മൂലയും വെറുപ്പിന്റെയും, വിദ്വേഷത്തിന്റെയും ഇടങ്ങളായി മാറും. അതിന്റെ മറ്റൊരു ഉദാഹരണമാണ് കുറച്ചു ദിവസങ്ങൾക്ക് മുൻപ്  മഹാരാഷ്ട്രയിലെ നാഗ്പൂരിലുണ്ടായ അക്രമങ്ങൾ.  മുഗൾ ചാക്രവർത്തിയായിരുന്ന ഔറംഗസീബിന്റെ ശവകുടീരം സർക്കാർ തകർക്കണമെന്നുള്ള വിഎച്ച്പി- ബജരംഗ്ദൾ നേതാക്കളുടെ ആവശ്യമാണ് നാഗ്പൂർ നഗരത്തിൽ കലാപസമാനമായ സാഹചര്യങ്ങൾക്ക് അരങ്ങൊരുക്കിയത്. മഹാരാഷ്ട്രയിലെ ഔറങ്കാബാദിലാണ് ഇപ്പോൾ വിവാദമായ കബറിടം. മഹാരാഷ്ട്രയിലെ ഹിന്ദുത്വ രാഷ്ട്രീയ സംഘടനകൾ അത്തരമൊരു ആവശ്യം നേരത്തെ തന്നെ മുന്നോട്ടുവച്ചിട്ടുണ്ട്. ഔറംഗസീബിനെ വെള്ളപൂശാനുള്ള പദ്ധതി അനുവദിക്കില്ലെന്നും കാലങ്ങളായി അവർ പറയുന്നു. അതിനിടയിലേക്കാണ് 'ഛാവ' എന്ന സിനിമയുടെ രംഗപ്രവേശം. ഛത്രപതി സംഭാജിയുടെ കീഴിലുള്ള മറാഠികളും ഔറംഗസേബിന്റെ കീഴിലുള്ള മുഗളരും തമ്മിലുള്ള സംഘർഷത്തെ ചിത്രീകരിക്കുന്ന ഛാവ ചരിത്രവസ്തുതകളെ നിക്ഷിപ്തമായ രാഷ്ട്രീയ ലക്ഷ്യങ്ങൾക്കുവേണ്ടി പാകപ്പെടുത്തി അവതരിപ്പിക്കുകയാണുണ്ടായത്.

നിരന്തരം ശിവജിയെ കാവിയുടുപ്പിച്ചും ഔറംഗസീബിനെ പച്ചയിടീപ്പിച്ചും നടക്കുന്ന രാഷ്ട്രീയനീക്കങ്ങളും, നിയമസഭയിലും തെരുവിലും ഉയരുന്ന വാക്കുതർക്കങ്ങളും ഒരു ഘട്ടത്തിൽ ഔറംഗസീബിൻ്റേതെന്ന പേരിൽ ഒരു ചിത്രം കത്തിക്കലായി വളരുകയായിരുന്നു. ഛാവ അതിനൊരു ഹേതുവായെന്ന് മഹാരാഷ്ട്ര സംസ്ഥാന ഭരണ നേതൃത്വം പറയുന്നുണ്ട്. കോലത്തിനൊപ്പം ഖുറാൻ വചനങ്ങൾ ആലേഖനം ചെയ്ത ഛാദർ കൂടി കത്തിച്ചുവെന്ന ആരോപണം ഉയർന്നതോടെ സംഘട്ടനത്തിന്റെ സാഹചര്യം കടുത്തു.

മൂന്ന് ദിവസം നീണ്ട സംഘർഷത്തിൽ നിരവധി വീടുകളും വാഹനങ്ങളും ആക്രമിക്കപ്പെട്ടു. ആക്രമിക്കപ്പെട്ടതും പരിക്കേറ്റതുമായ മനുഷ്യർക്കിടയിൽ സ്ത്രീകളോ കുട്ടികളോ എന്ന വ്യത്യാസം കാണാൻ കഴിയില്ല. കലാപത്തിന്റെ ഭാഗമായി അറസ്റ്റ് ചെയ്യപ്പെട്ട മനുഷ്യരിലെ ജാമ്യം നേടിയവരും റിമാൻഡ് ചെയ്യപ്പെട്ടവരും തമ്മിൽ വലിയ അന്തരങ്ങളുണ്ട്. കലാപകാരിയായി അറസ്റ്റ് ചെയ്യപ്പെട്ട ഫഹീംഖാന്റെ വീട് ബുൾഡോസ് ചെയ്ത വാർത്തയാണ് ഒടുവിൽ നാഗ്പൂരിൽ നിന്ന് കേട്ടത്.

മുഗൾ ചക്രവർത്തി ഔറംഗസീബിന്റെ ശവകുടീരം | PHOTO: WIKI COMMONS
പൊളിക്കാൻ സത്യത്തിൽ ഔറംഗസീബിന് ശവകുടീരമുണ്ടോ?

"സമ്പന്നർ അവരുടെ ശവക്കുഴികൾക്ക് മീതെ സ്വർണ്ണത്തിന്റെയും വെള്ളിയുടെയും താഴികക്കുടങ്ങൾ നിർമ്മിക്കുമായിരിക്കും. എന്നെപ്പോലൊരാൾക്ക് ആകാശം മതിയാകും".

ജീവിതാവസാനത്തിൽ സ്വയം തൊപ്പിതുന്നിയും ഖുറാൻ പകർത്തിയെഴുതിയും നേടിയ 14 രൂപ 12 അണ കൊണ്ട് തയ്യാറാക്കിയ മണ്ണിലാണ് ഔറംഗസീബിനെ ഖബറടക്കിയത്. ഷെയ്ഖ് സൈനുദ്ദീൻ എന്ന സൂഫി സന്യാസിവര്യന്റെ ദർഗയ്ക്കടുത്തായാണ് ഈ ഭരണാധികാരി അന്ത്യവിശ്രമം കൊള്ളുന്നത്. പിന്നീട് ബ്രിട്ടീഷ് ഭരണാധികാരിയായി വന്ന കഴ്സൺ പ്രഭു മാർബിൾ കൊണ്ട് മൂടിയും കവാടം നിർമ്മിച്ചും മിനുക്കിയിട്ടുണ്ടെന്ന് മാത്രം. കർസേവയ്ക്കായി കാവിയുടുത്ത് പടപ്പുറപ്പാട് നടത്തുന്നവർക്ക് പൊളിക്കാനായി ഉണ്ടാവുക ഈ മാർബിൾ മൂടി മാത്രമാവും. ആളെണ്ണം കൂടുതലാണെങ്കിൽ എല്ലാവർക്കും ഒരുമിച്ച് കമ്പിപ്പാര കയറ്റാൻ കഴിയാത്ത നിർമിതി.

സംഘർഷ സാഹചര്യത്തിന് കാരണമായി വ്യാഖ്യാനിക്കപ്പെടുന്ന ഔറംഗസീബിന്റെ കബർ ഖുൽദാബാദ് നഗരത്തിലാണുള്ളത്. ജില്ലാ ആസ്ഥാനത്ത് നിന്ന് 24 കിലോമീറ്റർ അകലെ. മറാത്ത് വാഡ പ്രദേശത്തെ ഛത്രപതി സംഭാജി നഗർ ജില്ല 1960ൽ രൂപീകൃതമായതാണെങ്കിലും അത്തരം ഒരു പേര് ലഭിച്ചിട്ട് രണ്ടുവർഷമേ ആയിട്ടുള്ളൂ. ഔറംഗബാദ് എന്ന പഴയ പേരിലാണ് ജനം അനൗദ്യോഗിക ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നത്.  കലാപനീക്കം മറനീക്കി പുറത്തുവരുന്നതോ 490 കിലോമീറ്റർ അകലെയുള്ള നാഗ്പൂരിൽ.

ഔറംഗസീബ് മുഗൾചക്രവർത്തിക്കസേരയിൽ ഇരിപ്പുറപ്പിച്ചത് മൂത്ത സഹോദരൻ ദാരാ ഷുക്കോവ് അടക്കം മൂന്നു സഹോദരന്മാരെ കൊലപ്പെടുത്തിയിട്ടാണ്. പിതാവായ ഷാജഹാനെ താജ്മഹലിന്റെ മറുകരയിലിരുത്തി മരണം വരെ തടവിലാക്കുകയും ചെയ്തു. ഔറംഗസീബിന്റെ തെറ്റായ ചെയ്തികളെ അന്നത്തെ മുസ്ലിം മതപുരോഹിതർ കുറ്റപ്പെടുത്തിയപ്പോൾ അവരും വേട്ടയാടപ്പെട്ടിട്ടുണ്ട്. പക്ഷെ പതിനെട്ടാം നൂറ്റാണ്ടിലെ മറ്റുള്ള ഭരണാധികാരികൾ അനുവർത്തിച്ച ക്രൂരതകളിൽ കൂടുതലായി ഔറംഗസീബ് ഒന്നും ചെയ്തിട്ടില്ലെന്ന് കൊള്ളാവുന്ന ചരിത്രമെഴുത്തുകാർ രേഖപ്പെടുത്തുന്നു. അച്ഛനെയോ സഹോദരങ്ങളെയോ കൊലപ്പെടുത്തി അധികാരത്തിലെത്തിയ രാജാക്കന്മാർ ഇതിഹാസത്തിലും ചരിത്രത്തിലുമായി പടർന്നുകിടപ്പുണ്ട്. സഹോദരനെ കൊന്ന് അച്ഛനെ തുറങ്കിലടച്ച് മയൂരസിംഹാസനം പിടിച്ചതിന് ഔറംഗസീബിന് പാപഭാരം ഉണ്ടെങ്കിൽ അതുപോലുള്ള പാപഭാരം അജാതശത്രുവിനും മഹാപത്മ നന്ദനും അശോകനും മറ്റു നിരവധി രാജാക്കന്മാർക്കും അവകാശപ്പെടാനാകും.

REPRESENTATIVE IMAGE | WIKI COMMONS
ഇന്ത്യ ചരിത്രത്തെ പരിശോധിച്ചാൽ, ജനപദങ്ങളിലും വനങ്ങളിലുമായി നിലനിന്ന തദ്ദേശ ആരാധനാ സ്വരൂപങ്ങൾ മുതൽ ബുദ്ധമതവിഹാരങ്ങളും മറ്റ് ആരാധനാ സമുച്ചയങ്ങളും തകർക്കപ്പെട്ടതിന്റെ മധ്യത്തിലേക്കാണ് ഔറംഗസീബിനെ കുറ്റപ്പെടുത്തുന്ന ക്ഷേത്രധ്വംസനം ഓർമ്മയായി വീണ്ടും വീണ്ടും ആവർത്തിക്കപ്പെടുന്നത്. തകർക്കപ്പെട്ടതും നിർമ്മിക്കപ്പെട്ടതുമായ ആരാധനാലയങ്ങളുടെ ചരിത്രത്തെ ഇന്ത്യൻ ഭരണകൂടം അഡ്മിറ്റ് ചെയ്യുന്ന ഘട്ടമായിരുന്നു 1991 സെപ്റ്റംബറിൽ പാർലമെന്റ് പാസ്സാക്കിയ ആരാധനാലയ സംരക്ഷണ നിയമം. 1947 ഓഗസ്റ്റ് 15ന് ഒരു ആരാധനാലയത്തിന്റെ മതസ്വഭാവം എന്താണോ അത് നിലനിൽക്കണമെന്ന് കാംക്ഷിക്കുന്ന നിയമം ഇനിയൊരു പരിക്കും ഇന്ത്യൻ ജനതയ്ക്ക് നേരിടാൻ കഴിയില്ലെന്ന പ്രഖ്യാപനമായിരുന്നു.

ഔറംഗസീബ് അല്ലെങ്കിൽ ശിവജിയോ ഒന്നും ആധുനികകാലത്തിന്റെ ആദർശങ്ങളായി അവതരിപ്പിക്കാൻ കഴിയില്ല. അവർ ജീവിച്ച രാജഭരണകാലത്തിന്റെ സാധ്യതയും പരിമിതിയും അവർ ജീവിച്ച കാലത്തിന്റെ മാത്രമാണ്. രാജാക്കന്മാർ നൽകിയ സാധ്യതകളെ അക്കാലത്തിന്റെ സാധ്യതകളായി പരിഗണിച്ചുകൊണ്ട്, പരിമിതികളെ വർത്തമാനകാലത്തിലേക്ക് വലിച്ചടുപ്പിക്കാതെ പ്രതിരോധിച്ചു നിർത്തുകയുമാണ് ഒരേയൊരു സാധ്യത.

നിരവധി ക്ഷേത്രങ്ങൾ തകർത്ത ഔറംഗസീബ് നിരവധി ക്ഷേത്രങ്ങൾ നിർമ്മിക്കാനും നേതൃത്വം നൽകിയെന്ന വസ്തുത ചരിത്രത്തെ ലളിതമായ ആഖ്യാനങ്ങളായി ചുരുക്കന്നവർക്കുള്ള മറുപടിയാണ്. ഔറംഗസീബ് മതഭ്രാന്തനാണോ അല്ലയോ എന്ന ഒബ്ജക്ടീവ് ടൈപ്പ് ചോദ്യത്തിൽ ചരിത്രത്തെ ഒതുക്കാനാവില്ല. ഇല്ലാത്ത പൊതുശത്രുവിനെ നിർമ്മിതിക്കുന്നതിനുള്ള അടവ് മാത്രമാണ് അത്തരം ചോദ്യങ്ങൾ.

ഔറംഗസീബ് | PHOTO: WIKI COMMONS
കലാപം സ്വാഭാവികമോ സെറ്റിട്ട് നടത്തുന്നതോ?

ഫാസിസത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഉപകരണം ഭീതിയാണ്. നാസി ജർമ്മനിയിൽ ജൂതന്മാരെ ഒറ്റപ്പെടുത്താനും ആര്യൻ രക്തത്തിൽ അഭിമാനിക്കാനും ഇതേ തന്ത്രമാണ് പയറ്റിയത്. ഭീതി വിതയ്ക്കുന്ന സംഘപരിവാർ സംവിധാനത്തിൻ്റെ ഡിപ്പാർട്മെൻ്റ് തിരിച്ചുള്ള വിശകലനം ധ്രുവ് റാഠി അദ്ദേഹത്തിൻ്റെ വീഡിയോകളിൽ നടത്തിയിട്ടുണ്ട്. ചില ഡിപ്പാർട്ട്മെന്റുകൾ ശത്രുക്കളെ കണ്ടെത്തി പേടിപ്പിക്കുമ്പോൾ ചിലത് അണികളെ കണ്ടെത്തി ഭീതിയും വൈകാരികതയും വിതരണം ചെയ്യും. അണികളാക്കാൻ ശ്രമിക്കുന്നവരിൽ ചിലർ ഈ ഉപകരണങ്ങൾക്ക് കീഴ്പ്പെട്ടില്ലെങ്കിൽ അവരെ ഭീരുക്കളായി മുദ്ര കുത്താനും ഡിപ്പാർട്മെൻ്റുകളുണ്ട്.

കേരളത്തിൽ 'ഒറിജിനൽ ആര്യാസ് ഹോട്ടൽ' തപ്പി നടക്കുന്നവരുടെ ഭീതി ഇതിന് ശരിയായ ഉദാഹരണമാണ്. ഒറിജിനൽ ആര്യാസിൽ ഭക്ഷണം കഴിച്ചില്ലെങ്കിൽ അപകടമാണെന്ന് കരുതുന്നവർ, ഏതെങ്കിലും ആര്യാസിനെ ആശ്രയിക്കുന്നവരെ പരിഹസിക്കാനും ഭീരുവാക്കി മുദ്രകുത്താനും മടിക്കില്ല.

ഇതേ ഭീതിയെ നിലനിർത്തിക്കൊണ്ടാണ് തൊഴിലില്ലായ്മയുടെ കണക്കുകളും സമ്പദ്‌വ്യവസ്ഥയുടെ തകർച്ചയും ഒളിപ്പിച്ചുവെക്കാൻ കഴിയുക എന്ന ബോധ്യം അവർക്ക് നന്നായിട്ടുണ്ട്. പണ്ടുമുതലേ തന്നെ, സങ്കീർണമായ ജാതിവ്യവസ്ഥയെയും അതിന്റെ ഉപോൽപ്പന്നമായ ഭീതിയെയും നിലനിർത്തിക്കൊണ്ടാണ് അവർ വിജയിച്ചുപോരുന്നത്.

Devendra Fadnavis triumphs in Maharashtra dangal, takes oath as CM with  Shinde, Pawar as his Deputy CMs - The Economic Timesമഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് | PHOTO: WIKI COMMONS
ആ അർത്ഥത്തിൽ നോക്കിയാൽ ഛാവ എന്ന സിനിമ ഒരു പ്രധാന ഘട്ടമാണ്. ഒരു തരത്തിലും ഭീതിക്ക് കീഴ്പ്പെടില്ലെന്ന് ഉറപ്പിക്കുന്ന ജനങ്ങളുടെ മുൻപിലേക്ക് സിനിമയിൽ പോലും പ്രതീക്ഷ വേണ്ടെന്ന ഭീഷണിയാണ് ഇത്തരം സിനിമകൾ ഉയർത്തുന്നത്.  ഭിന്നിപ്പിക്കാൻ നോക്കിയാൽ ഭിന്നിച്ചുപോകുന്ന ജനങ്ങൾ ഇല്ലെന്നല്ല. മറാത്തരിൽ നിന്ന് മുഗളന്മാർ കടത്തി എന്ന് പറയപ്പെടുന്ന കൊള്ളമുതൽ മെറ്റൽ ഡിറ്റക്ടർ സംഘടിപ്പിച്ച് തപ്പാൻ ഇറങ്ങിയവർ ഉദാഹരണം.

സംഘപരിവാർ നേതാക്കളെല്ലാം തെരഞ്ഞെടുപ്പിൽ വെറുപ്പോടെ എടുത്ത് ഉപയോഗിക്കുന്ന പേരാണ് ഔറംഗസീബ്. എന്നാൽ കലാപ പരിസരം ഒരുങ്ങിത്തുടങ്ങിയപ്പോൾ, മാർച്ച് 19ന്, 'ഔറംഗസീബിൻ്റെ കബർ തകർക്കപ്പെടേണ്ടതുണ്ടോ' എന്ന ചോദ്യത്തെ ഔറംഗസീബ് ഇന്ന് പ്രസക്തമല്ലെന്ന് പറഞ്ഞ് തള്ളുകയാണ് ആർഎസ്എസിന്റെ പ്രചാരണ ചുമതലയുള്ള സുനിൽ അംബേദ്കർ ചെയ്തത്. മാർച്ച് 22ന് ഇന്ത്യൻ എക്സ്പ്രസിലെ ലേഖനത്തിൽ ആർഎസ്എസ് നേതാവ് റാം മാധവ് 'പോരാടാൻ യോഗ്യമായത് ആ തകർന്ന ശവക്കുഴിയല്ല, അധഃപതിച്ച പൈതൃകമാണ്' എന്ന് എഴുതിവയ്ക്കുന്നു. 'ഔറംഗസീബിൻ്റെ ശവകുടീരം പൊളിച്ചുകളയാൻ ആഗ്രഹമുണ്ടെങ്കിലും അത് പുരാവസ്തു വകുപ്പിൻ്റെ കീഴിലായിപ്പോയില്ലേ' എന്നതാണ് മഹാരാഷ്ട്ര മുഖ്യമന്ത്രി ഫഡ്നാവിസിൻ്റെ പരിദേവനം. രാഷ്ട്രീയധികാരം  ഉറപ്പിക്കുന്നതിനായി ജനങ്ങളെ തമ്മിലടിപ്പിക്കുന്നവർ സൃഷ്ട്ടിക്കുന്ന ഭീതിക്ക് കീഴ്പ്പെടാതെ സംഘടിതമായ മറുപടി നൽകിക്കൊണ്ടേയിരിക്കുക മാത്രമാണ് മതേതര ഇന്ത്യയ്ക്ക് മുമ്പിലുള്ള പോംവഴി. നാഗ് പൂരിൽ നടന്ന കലാപം അതിന് അടിവരയിടുന്നു.




#outlook
Leave a comment