
രാഷ്ട്രം, ഭരണകൂടം, ജനത
ഭരണകൂടമാണ് രാഷ്ട്രത്തെ നിലനിര്‍ത്തുന്നത്. രാഷ്ട്രവും ഭരണകൂടവും നാണയത്തിന്റെ ഇരുവശങ്ങള്‍ പോലെയാണ്. എല്ലാ മനുഷ്യരും ചേരുന്നതാണ് ഭരണകൂടം. അഥവാ എല്ലാവര്‍ക്കുമായി പ്രാതിനിധ്യപരമായി ഒരു ഭരണകൂടം രൂപപ്പെടുന്നു എന്നു പറയാം. എല്ലാവര്‍ക്കും അധികാരവും ഭരണവും, ഭരണകൂടത്തിലും അതിന്റെ പ്രവര്‍ത്തനങ്ങളിലും പങ്കാളിത്തവും ഉണ്ട്. പക്ഷേ ആളുകള്‍ക്ക് അങ്ങനെ തോന്നാറില്ല. രാഷ്ട്രം, ഭരണകൂടം, ജനത എന്ന ബന്ധം ആളുകള്‍ക്ക് മനസിലാകുന്നില്ല. ജനത ഏറ്റവും അടിത്തട്ടിലാണെന്ന് അവര്‍ കരുതുന്നു. ഭരണകൂടം ജനതയില്‍ നിന്ന് കാഫ്കയുടെ ദുര്‍ഗ്ഗം എന്ന നോവലിലെ കോട്ട പോലെ അകന്നു നില്ക്കുന്നതുകൊണ്ടാണിത് സംഭവിക്കുന്നത്. ഭരിക്കുന്നവര്‍ ജനങ്ങളില്‍ നിന്ന് സുരക്ഷിതത്വവും തേടുന്നു. ഭരണകൂടവും ജനതയും ദ്വന്ദ്വമാകുന്നു. പക്ഷേ, തെരഞ്ഞെടുപ്പ് മുതല്‍ ഭരണകൂടത്തിന്റെ രൂപപ്പെടല്‍ വരെ ചിന്തിച്ചാല്‍ നമുക്ക് രാഷ്ട്രം, ഭരണകൂടം, ജനത എന്ന ബന്ധം ലളിതമായി മനസിലാകും.
രാഷ്ട്രം ഓട്ടോണമസ് ആണെങ്കില്‍ ഓരോ വ്യക്തിയും ഓട്ടോണമസ് ആണ്. എന്നാല്‍ രാഷ്ട്രം ബോധപൂര്‍വം ഏറ്റവും കൂടുതലായി അവഗണിക്കുന്നവരാണ് നാടോടികളും ഭിക്ഷക്കാരും. പക്ഷേ അവര്‍ക്കും പരോക്ഷമായ പങ്കാളിത്തം ഉണ്ട്. അവര്‍ രാഷ്ട്രത്തെ തങ്ങളുടേതായ രീതിയില്‍ പിന്തുണയ്ക്കുന്നു. അവര്‍ രാഷ്ട്രവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നില്ല. അവര്‍ ഏറ്റവും കുറഞ്ഞ അവസ്ഥകളില്‍, പരിമിതികളില്‍ ജീവിക്കുന്നു. അവര്‍ സമരം ചെയ്യുന്നില്ല. അസംതൃപ്തി പറയുന്നില്ല. രാഷ്ട്രത്തിന്റെ ഏറ്റവും ചെറിയ ആനുകൂല്യങ്ങള്‍ മാത്രം കൈപ്പറ്റുന്നു. അവര്‍ക്ക് രാഷ്ട്രം ഒരു ഭാരമല്ല.
രാഷ്ട്രവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരെ എല്ലാ രാഷ്ട്രങ്ങളും തടവിലാക്കുന്നു. അപശബ്ദങ്ങളെ നിശബ്ദമാക്കുന്നു. വിമര്‍ശന ശബ്ദങ്ങള്‍ ആണ് പ്രതിപക്ഷമാകുന്നത്. അതിലും ഉപരിയുള്ള തീവ്രവാദികള്‍, വിപ്ലവകാരികള്‍, ഭീകരവാദികള്‍ എന്നിവരെയാണ് വ്യാജ ഏറ്റുമുട്ടലുകളിലൂടെ ഇല്ലായ്മ ചെയ്യുന്നതും കഠിനമായ ജയില്‍ ശിക്ഷയ്ക്ക് വിധേയരാക്കുന്നതും.
രാഷ്ട്ര നിയമങ്ങള്‍, നിയമ വ്യവസ്ഥ, തെരഞ്ഞെടുക്കപ്പെട്ട ഭരണ പ്രാതിനിധ്യം, സംഘടിതമതങ്ങള്‍ എന്നിവയാണ് സമൂഹങ്ങളെ രൂപപ്പെടുത്തുന്നത്. ഇന്നത്തെക്കാലത്ത് ഭരണകൂടത്തില്‍ മനുഷ്യരോളം തന്നെ പ്രാധാന്യം യന്ത്രവല്‍ക്കരണത്തിനും ടെക്‌നോളജിക്കും ഇന്‍ഫ്രാ സ്രെക്ചറിനും ഉണ്ട്. മുമ്പും സ്ഥാപനങ്ങളുടെ ഒരു നിര ഭരണകൂടത്തിന് ആവശ്യമായിരുന്നു. ഇതിലൊന്നും വിട്ടുവീഴ്ചകള്‍ ഇല്ല. ഇവയാണ് ഭരണത്തിന്റെ ഘടനകള്‍ നിര്‍മ്മിക്കുന്നത്. യാന്ത്രികമാണ് ഭരണകൂടവും ഭരണവും മുതല്‍ ഒരു കത്തയയ്ക്കുന്നതുവരെയുള്ള കാര്യങ്ങള്‍. അതില്‍ എവിടെയാണ് നൈതികത അഥവാ ധാര്‍മ്മികത? അത് മനുഷ്യസഹജമായി ലഭിക്കുന്നതാണ്. അത് അബോധത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ലളിതമായ ഒരു ജീവിതമാണ് ധാര്‍മ്മിക മൂല്യത്തെ നിര്‍മ്മിക്കുന്നത്. ഇന്ന് മധ്യവര്‍ഗത്തിന് ലളിതമായ ജീവിതം ഇല്ല. കാര്‍ഷികവൃത്തിയിലധിഷ്ഠിതമായ ജീവിതം മാറിയിരിക്കുന്നു. കൃഷി വ്യവസായമമോ അലങ്കാരമോ, പരസ്യമോ ആയി മാറിക്കഴിഞ്ഞു. കൃഷി ഒരു ടി.വി പ്രോഗ്രാം ആയിരിക്കുന്നു. മതങ്ങളുടെ അപചയം, മതവ്യവസായം, മത-രാഷ്ട്രീയം, രാഷ്ട്രീയത്തിലെ അഴിമതി, അനിയന്ത്രിതമായ മാധ്യമങ്ങളിലെ വ്യാജമായ ആഖ്യാനങ്ങള്‍, സിനിമാ മേഖലയിലെ സ്ത്രീവിരുദ്ധത, ലഹരി മാഫിയ, അധോലോകങ്ങളും നിയമപാലകരും തമ്മിലുള്ള കൂട്ടുകെട്ടുകള്‍, ജീവിതത്തിന്റെ അര്‍ത്ഥശൂന്യതയെ ആര്‍ഭാടം കൊണ്ടുമറയ്ക്കുന്ന സമൂഹങ്ങള്‍. എല്ലാം കൂടി കുത്തഴിഞ്ഞ ഒരു സാമൂഹ്യ ജീവിതം നമുക്ക് നല്‍കിയിരിക്കുന്നു. അവിടെ ഏറ്റവും കൂടുതല്‍ ദുരിതം അനുഭവിക്കുന്നവരാണ് ഭിക്ഷക്കാരും നാടോടികളും. എന്നാല്‍ ഇന്ത്യന്‍ പശ്ചാത്തലത്തില്‍ പീഡനം ഏറ്റവും കൂടുതലായി അനുഭവിക്കുന്നത് എല്ലാ വിഭാഗത്തിലും പെട്ട സ്ത്രീകളാണ്. കൂടുതലും ദളിതരും ആദിവാസികളുമായ സ്ത്രീകളാണ് പീഡനത്തിന് വിധേയരാകുന്നത്.
REPRESENTATIVE IMAGE | WIKI COMMONS
ഭരണകൂടവും ജനതയും സംരക്ഷിക്കാനില്ലാതെ ജീവിക്കുന്ന മനുഷ്യരാണ് ഇന്ത്യയിലെ നാടോടികളും ഭിക്ഷക്കാരും അലയുന്ന മനോരോഗികളും മാറാവ്യാധികളുള്ളവരും. അവരെ നമുക്ക് പരിചയമുണ്ട്. ലോകമാസകലം അവരുടെ അവസ്ഥ ഒരു പോലെയാണ്. മുമ്പ് പറഞ്ഞ പോലെ ഏറ്റവും പരിമിതമായ സൗകര്യങ്ങളില്‍, ടെന്റുകളില്‍, കടത്തിണ്ണകളിൽ, തെരുവുകളില്‍, ചെളിയില്‍, പകര്‍ച്ചവ്യാധികളില്‍ ജീവിച്ചു പോകുന്ന മനുഷ്യര്‍. നിത്യസഞ്ചാരികള്‍. ആചാരാനുഷ്ഠാനങ്ങള്‍, വിദ്യാഭ്യാസം, ഉദ്യോഗം ഒന്നുമില്ലാത്തവര്‍. ആവശ്യത്തിനുമാത്രം വസ്ത്രങ്ങള്‍ ഉടുത്തവര്‍. അതും തീരെ മുഷിഞ്ഞ വസ്ത്രങ്ങള്‍. അവര്‍ അര്‍ധനഗ്‌നരല്ല. ആരെങ്കിലും ഉപയോഗിച്ച വസ്ത്രങ്ങളാവാം ധരിക്കുക. അവര്‍ക്ക് വീടില്ല. പരിഷ്‌കൃതരുടെ ജീവിതം അവര്‍ക്ക് അന്യമാണ്. വില കൂടിയ ഭക്ഷണം അവര്‍ കഴിക്കുന്നില്ല. വില കൂടിയ മദ്യം ഉപയോഗിക്കുന്നില്ല. സൗന്ദര്യവര്‍ധക വസ്തുക്കള്‍ അവര്‍ക്ക് ആവശ്യമില്ല. ഭക്ഷണം നമ്മളെപ്പോലെ അവര്‍ വേസ്റ്റാക്കുന്നില്ല. നഗരങ്ങളില്‍ കുമ്പാരം കൂടുന്ന വേസ്റ്റിന് അവര്‍ ഉത്തരവാദികള്‍ അല്ല. അവരുടെ കൂടെ മോഷണം നടത്തുന്നവര്‍ ഉണ്ട്. എങ്കിലും പൊതുവേ, കുറ്റകൃത്യങ്ങള്‍ തീരെ കുറവാണ് എന്നാണ് മനസിലാക്കുന്നത്. പക്ഷേ ജനം അവരെ പൊതുവേ മോഷ്ടാക്കളായി കാണുന്നു. അവര്‍ക്ക് അഴിമതിയില്ല. അവര്‍ മതത്തിന്റെ ഭാഗമല്ല. അവര്‍ക്ക് ഉള്ളില്‍ ദൈവ വിശ്വാസമുണ്ടോ എന്നറിയില്ല. അവര്‍ പുസ്തകങ്ങള്‍ വാങ്ങുകയോ വായിക്കുകയോ ചെയ്യുന്നില്ല. അവര്‍ രാഷ്ട്രത്തിന്റെ ഭാഗമാണ്. രാഷ്ട്രത്തെ പിന്തുണയ്ക്കുന്നവരാണ്. രാഷ്ട്രത്തിന്റെ വിഭവങ്ങള്‍ ഇത്തിരിമാത്രമേ അവര്‍ എടുക്കുന്നുള്ളു. നൂറ്റാണ്ടുകളായി രൂപപ്പെട്ട ജീവിതശൈലി അവര്‍ക്കുണ്ട്. അവരോട് ഏതാണ്ട് അടുത്ത ജീവിത ശൈലി മുമ്പ് താഴേത്തട്ടിലെ ജനവിഭാഗങ്ങള്‍ക്കും ഉണ്ടായിരുന്നു. അവര്‍ പക്ഷേ ഇപ്പോള്‍ വളരെ മാറിയിരിക്കുന്നു . നാടോടികള്‍ ആശ്രിത ജീവിതം നയിക്കുന്നുണ്ട്. ചില വസ്തുക്കളുടെ ഉല്ലാദനവും വിപണനവും അവര്‍ക്കുണ്ട്. (ചൂലുകള്‍, വിഗ്രഹങ്ങള്‍, കമ്പിളി-ചണപ്പുതപ്പുകള്‍, തുടങ്ങിയവ ) അവര്‍ തീവണ്ടി യാത്രകളില്‍ ടിക്കറ്റ് എടുക്കുന്നുണ്ടോ എന്ന് സംശയമുണ്ട്. ഇല്ലെന്നാണ് എന്റെ അനുഭവം. അവരുടെ ജീവിതം സ്വതന്ത്രമാണെന്ന് ചിലര്‍ പറയാറുണ്ട്. എങ്കില്‍ പിന്നെ പറയുന്നവര്‍ക്ക് അതുപോലെ ജീവിച്ചു കൂടെ എന്ന് ചോദിക്കാം. രാജ്യദ്രോഹപരമായ ഒരു പ്രവര്‍ത്തനവും അവര്‍ക്കില്ല. അവരുടെ ജീവിതം സ്ഥിരതയുള്ളതല്ല. അവര്‍ അലയുന്നു. ചിലര്‍ തെരുവുഗായകരും ഹാര്‍മ്മോണിയം വായിക്കുന്നവരുമാണ്. നാടോടി ജീവിത ശൈലിക്ക് സ്ഥിരതയുണ്ട്. അത്തരം ഒരു ജീവിതത്തിലേക്ക് പ്രത്യേകിച്ച് ഭിക്ഷക്കാരുടെ ജീവിതത്തിലേക്ക് ഉയര്‍ന്ന ജീവിതത്തില്‍ നിന്ന് ചിലര്‍ വീഴാറുണ്ട്. ഗൃഹങ്ങളില്‍ ഭ്രാന്തരാക്കപ്പെടുന്നവര്‍, പിച്ചക്കാരാക്കപ്പെടുന്നവര്‍ ഉണ്ട്. ജീവിത ലാളിത്യം അടിച്ചേല്‍പിക്കപ്പെട്ടവരാണ് നാടോടി ജനത. അവര്‍ക്ക് രാജ്യമുണ്ട്. രാജ്യത്തിന് അവരില്ല. അവര്‍ക്ക് റേഷന്‍ കാര്‍ഡോ, വോട്ടോ, ആരോഗ്യ ഇൻഷുറൻസോ ഇല്ല. ആത്മകഥകള്‍ ഇല്ല. അവരുടെ എണ്ണം നമുക്കറിയില്ല. പക്ഷേ അത് ചെറിയ ഒരു സംഖ്യയായിരിക്കില്ല. ലോകത്തിലെ നാടോടി ജീവിതത്തിന്റെ വേരുകള്‍ കിടക്കുന്നത് ഇന്ത്യയിലാണെന്ന് പറയാം. ഇന്ത്യയിലെ നാടോടികളെ ബഞ്ചാരേ എന്നുപറയുന്നു. നെഗ്രിയുടെയും ഹാര്‍ട്ടിന്റെയും മള്‍ട്ടിറ്റിയൂഡ് സങ്കല്പത്തില്‍ ഇവരും പെടുന്നുണ്ട്. സെഡന്ററി അല്ലാത്ത ജനവിഭാഗം ആയതുകൊണ്ടാണ് അവര്‍ക്ക് വോട്ടില്ലാത്തത്. ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്ക് ഇവരെ സംഘടിപ്പിക്കാവുന്നതാണ്. കാരണം എംപയര്‍ അനുസരിച്ച് വരും കാല രാഷ്ട്രീയത്തിന്റെ ദിശ മാറുകയാണ്.
സ്വന്തമായ ഒരു രാജ്യം ഇല്ലാത്തവരും രാജ്യമുപേക്ഷിച്ച് മറ്റൊരു രാജ്യത്ത് ദരിദ്രജീവിതം ജീവിക്കേണ്ടി വരുന്നവരും ഉണ്ട്. പൗരത്വം ഉണ്ടെങ്കിലും ദേശീയതയുടെ ഭാഗമായി അംഗീകരിക്കപ്പെടാത്തവരും ഉണ്ട്. കുര്‍ദുകള്‍ക്ക് രാജ്യമില്ല. മ്യാന്‍മറില്‍ നിന്ന് ഇന്ത്യയില്‍ വന്ന് താമസിക്കുന്ന രോഹിംഗ്യന്‍സ് എന്ന മതന്യൂനപക്ഷം സിറിയയില്‍ നിന്ന് അഭയാര്‍ത്ഥികളായി വന്ന് യൂറോപ്പില്‍ കഴിയുന്നവര്‍, ദേശീയതയുടെ പേരില്‍ വിഹ്വല ചിത്തരായ ഇന്ത്യന്‍ മുസ്ലീങ്ങള്‍, ക്രിസ്ത്യാനികള്‍.
രോഹിംഗ്യന്‍ പലായനം | PHOTO: WIKI COMMONS
രാഷ്ട്രം എന്നത് ഒരു സങ്കുചിതമായ ആശയമാകുന്നത് മേല്ലറത്ത അഭയാര്‍ത്ഥികള്‍ക്കും ട്രാവലേഴ്‌സിനും ( ടൂറിസ്റ്റുകള്‍ അല്ല. ട്രാവലേഴ്‌സ് എന്ന വിഭാഗങ്ങള്‍ ലോകത്തുണ്ട്. ) മതന്യൂനപക്ഷങ്ങള്‍ക്കും അഭയാര്‍ത്ഥികള്‍ക്കും മുമ്പിലാണ്. ഭൂമി എന്ന ഗ്രഹത്തിലാണ് രാഷ്ട്രങ്ങള്‍. ഭൂമിയുടെ ഉടമകളാണ് എല്ലാവരും. അതിനാല്‍ രാജ്യങ്ങളില്‍ നിന്ന് രാജ്യങ്ങളിലേക്ക് സഞ്ചരിക്കാനും മറ്റു രാജ്യങ്ങളില്‍ താമസിക്കാനും തൊഴിലെടുക്കാനും തത്വത്തില്‍ മനുഷ്യര്‍ക്ക് അവകാശം ഉണ്ട്. യുദ്ധം, ഭൂകമ്പം, പ്രളയം, കലാപം, പട്ടിണി, തൊഴിലില്ലായ്മ, ജന്മവാസന എന്നിവ മൂലമാണ് മനുഷ്യര്‍ അഭയാര്‍ത്ഥികള്‍, പ്രവാസികള്‍, സഞ്ചാരികള്‍ ഒക്കെ ആയി മാറുന്നത്. സഞ്ചാരികളും നൊമാഡുകളും ജന്മവാസന കൊണ്ട് രാജ്യാന്തര യാത്ര നടത്തുന്നവര്‍ ആണ് പൊതുവേ. അവരില്‍ ചിലര്‍ സെഡന്ററി ആയിട്ടുണ്ട്. ഈ മനുഷ്യര്‍ക്കെല്ലാം ഭക്ഷണം, വെള്ളം, പ്രാഥമിക സൗകര്യങ്ങള്‍ എന്നിവയ്‌ക്കൊക്കെ അര്‍ഹതയും അവകാശവും ഉണ്ട്. ഇന്ത്യയിലെ 30,000 വരുന്ന രോഹിംഗ്യന്‍സിന്റെ അവസ്ഥയെക്കുറിച്ച് അടുത്തിടെ ഹിന്ദുവില്‍ ഒരു ലേഖനം ഉണ്ടായിരുന്നു. അഭയാര്‍ത്ഥികള്‍ക്ക് യൂറോപ്പ് ഇടം കൊടുത്തിട്ടുണ്ട്. എല്ലാ രാജ്യങ്ങളും അങ്ങനെ ചെയ്യുന്നില്ല. രാഷ്ട്രം, ഭരണകൂടം, ജനത എന്ന പേരില്‍ തുടങ്ങിയ ഈ ലേഖനത്തിന്റെ തലക്കെട്ട് ഇവിടെ എത്തുമ്പോള്‍ ആടിയുലയുന്നതായി തോന്നാം. യുദ്ധം വരുമ്പോള്‍ ജനത രാഷ്ട്രം വിട്ട് ജീവനും കൊണ്ട് എങ്ങോട്ടെങ്കിലും ഓടുന്നു. മറ്റൊരു രാഷ്ട്രം അവരെ തടയുന്നു. മതഭൂരിപക്ഷത്തിന്റെ വെറുപ്പേറ്റ് ജീവിക്കേണ്ടി വരുന്ന മതന്യൂനപക്ഷങ്ങള്‍, ദേശീയ വികാരം ശക്തമാകുന്നിടത്ത് വംശീയ ന്യൂനപക്ഷങ്ങളും മതന്യൂനപക്ഷങ്ങളും അനുഭവിക്കുന്ന മാനസികവും ശാരീരികവുമായ പീഡനങ്ങള്‍. രാഷ്ട്രം, ഭരണകൂടം, ജനത എന്ന സങ്കല്പനയ്ക്ക് പരിമിതികള്‍ ഉണ്ടെന്ന് ഇപ്പോള്‍ നമുക്ക് മനസിലാകുന്നു. ജനത എന്നത് സ്ഥിരമായി ഒരിടത്ത് ഉറച്ചുനില്‍ക്കുന്ന ഒരു പ്രതിഭാസം അല്ല. രാഷ്ട്രവും ഭരണകൂടവും ജനതയെ നിയന്ത്രിച്ചു നിര്‍ത്തുന്നു. പക്ഷേ ജനതകള്‍ ഭൂമിയില്‍ ഒഴുകിക്കൊണ്ടിരിക്കുന്നു. തുറന്നുകിടക്കുന്ന കടല്‍ത്തീരങ്ങളും പർവ്വതങ്ങളും കാടുകളും മരുഭൂമികളും അടച്ചു കെട്ടിയ അതിര്‍ത്തികളെ മായ്ച്ചുകളയുന്നു.
ജനത എന്ന സങ്കല്പനയില്‍ ആണുങ്ങളും പെണ്ണുങ്ങളും ഉണ്ട്. എണ്ണത്തില്‍ അവര്‍ തമ്മില്‍ തുല്യത ഉണ്ടാവണമെന്നില്ല. എന്നാല്‍ വോട്ടില്‍ തുല്യതയുണ്ട്. ഇന്ത്യന്‍ ഭരണഘടന ഇരുകൂട്ടര്‍ക്കും തുല്യത നല്‍കുന്നു. പുരുഷന്‍ ചെയ്യുന്ന ബൗദ്ധികവും ശാരീരികവുമായ ഏത് തൊഴിലും സ്ത്രീക്ക് സാധ്യമാണ്. ( കുലസ്ത്രീകളെപ്പോലെ വളര്‍ത്തിയാല്‍ പുരുഷന്മാരും വാര്‍പ്പു മാതൃകയിലുള്ള കുലസ്ത്രീകള്‍ ആയി മാറും ! ) പക്ഷേ അതില്‍ പലതും നടപ്പിലാകുന്നില്ല എന്ന് തോന്നുന്നു. കിണര്‍ കുഴിക്കല്‍, തീവണ്ടി-ബസ് എന്നിവ ഓടിക്കല്‍, ബഹിരാകാശ യാത്ര, പര്‍വ്വതം കേറല്‍, രാജ്യം ഭരിക്കല്‍ ഒക്കെ ഇതിനോടകം സ്ത്രീകള്‍ക്ക് കഴിഞ്ഞിട്ടുണ്ട്.
ഇന്ത്യന്‍ സ്ത്രീയുടെ മാതൃക സീതയാണ്. കുടുംബ ചിത്രങ്ങളില്‍ നായിക സീതയാണ്. മറ്റ് പതിവ്രതാരത്‌നങ്ങള്‍ ആരൊക്കെയെന്ന് നമുക്കറിയാം. അതില്‍ കാര്യമുണ്ട്. സ്ത്രീയെ ദേവിയായി, അമ്മയായി ആരാധിക്കുന്നുണ്ട് ഇന്ത്യയില്‍. ഉര്‍വ്വരതാ സങ്കല്പവുമായി സ്ത്രീലിംഗത്തെ പൂജിക്കുന്നുണ്ട്. ശിവലിംഗാരാധനയില്‍ സ്ത്രീലിംഗം പശ്ചാത്തലമാണ്. വാക്കും അര്‍ത്ഥവും പോലെയാണ് പാര്‍വതിയും ശിവനും എന്നും സങ്കല്പങ്ങള്‍ ഉണ്ട്. മീരാഭായ്, അക്ക മഹാദേവി, ഔവയാര്‍, ആണ്ടാള്‍, സുല്‍ത്താന റസിയ, ഝാന്‍സി റാണി, നൂര്‍ജഹാന്‍, ഇന്ദിരാഗാന്ധി എന്നിവരെ ഓര്‍ക്കാവുന്നതാണ്. എങ്കിലും ഇന്ത്യയില്‍ സ്ത്രീകള്‍ നിഷ്‌കരുണം പീഡിപ്പിക്കപ്പെടുന്നു. ഡൽഹി, പശ്ചിമ ബംഗാള്‍, കേരളം, വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളിലെ പല സംഭവങ്ങളും ഭയപ്പെടുത്തുന്നതാണ്. പുരുഷന്റെ ലൈംഗികാസക്തിയുടെ ഒരു ഹിംസാത്മകമായ പ്രകടനം മാത്രമല്ല, അതിനീചമായ ഹിംസ തന്നെയാണ് അത്. ഇവിടെ പുരുഷ ലിംഗം ഒരു പ്രതീകവും ആയുധവുമായി മാറുകയാണ്.
REPRESENTATIVE IMAGE | FACEBOOK
എന്‍സിആര്‍ബിയുടെ ക്രൈം ഇന്‍ ഇന്ത്യ 2022 റിപ്പോര്‍ട്ടില്‍ നിന്ന് ഒരു കണക്ക് നോക്കാം: '2022 ല്‍ സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളുടെ 4,45,256 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു, ഇത് 2021 നെ അപേക്ഷിച്ച് 4% വര്‍ദ്ധനവ് രേഖപ്പെടുത്തുന്നു.' റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത കുറ്റകൃത്യങ്ങളും കാണും. യുദ്ധങ്ങളില്‍ ലോകത്ത് സ്ത്രീകളും കുഞ്ഞുങ്ങളുമാണ് മരിച്ചു വീഴുന്നത്. കയ്യില്‍ കിട്ടിയ വീട്ടുസാധനങ്ങളേയും കുഞ്ഞുങ്ങളേയുമായി അവര്‍ രാജ്യം വിടുന്നു. സ്ത്രീപീഡനങ്ങളുടെ പരമ്പരയോടൊപ്പം പ്രതികരിക്കുന്ന സ്ത്രീകളുടെ എണ്ണവും കൂടിയിട്ടുണ്ട്. ഡല്‍ഹിയിലേയും കൊല്‍ക്കത്തയിലേയും സംഭവങ്ങളുടെ ഒരു പ്രത്യേകത നഗരങ്ങളില്‍ ആണത് സംഭവിക്കുന്നത് എന്നാണ്. ഗ്രാമങ്ങളില്‍ 5 മണി രാവിലെയും വൈകിയ രാത്രികളിലും ഒറ്റയ്ക്ക് നടക്കുന്ന സ്ത്രീകളെ ഞാന്‍ കണ്ടിട്ടുണ്ട്. വൈകിയ രാത്രികളില്‍ നഗരങ്ങളില്‍ വണ്ടി കാത്തുനില്ക്കുന്ന സ്ത്രീകള്‍ തെറ്റിദ്ധരിക്കപ്പെടാറുണ്ട്. ഭര്‍ത്താവിനെ ഉപദ്രവിച്ചിട്ട് ഭാര്യയെ പീഡിപ്പിച്ച സംഭവം ചെറുപ്പത്തില്‍ ഞാന്‍ കേട്ടിട്ടുണ്ട്. ഗാര്‍ഹിക പീഡനം മുമ്പേ ഉണ്ടായിരുന്നു. ഗാര്‍ഹിക പീഡനം കാരണമാകാം ഇപ്പോള്‍ വിവാഹമോചനം ധാരാളമായി നടക്കുന്നത്. സംഗതി കൊലപാതകത്തിലേക്ക് എത്താതിരിക്കുകയാണ് നല്ലത്. സ്ത്രീധന പ്രശ്‌നങ്ങളും ഗാര്‍ഹിക പീഡനങ്ങളും കൊലപാതകങ്ങളില്‍ എത്തുന്നത് നാം കാണാറുണ്ട്. സ്ത്രീകളും ക്രിമിനല്‍ കേസുകളിലും പീഡനക്കേസുകളിലും പ്രതികള്‍ ആവുന്നുമുണ്ട്. ലഹരിമാഫിയ, സിനിമാ അധോലോകം എന്നീ മേഖലകളില്‍ സ്ത്രീകളും ഉണ്ട്. സ്ത്രീകള്‍ വിഷയികളും ജ്ഞാനികളും ശക്തരും ആകുന്ന കാലമാണിത്. അവിടെത്തന്നെയാണ് ഹിംസയും വര്‍ധിക്കുന്നത്.

