TMJ
searchnav-menu
post-thumbnail

Outlook

കഴുത്തും വാളും റഷീദ്‌ ഖാലിദിയുമായി താരിഖ്‌ അലി നടത്തിയ അഭിമുഖം

06 Oct 2024   |   14 min Read

ഗാസ യുദ്ധത്തിന്റെ ഒരു വർഷം

ലോകം ഗാസ യുദ്ധത്തിന് മുമ്പും പിമ്പും എന്നൊരു കാലഗണന ചരിത്രത്തിന്റെ ഭാഗമായി. കഴിഞ്ഞ ഒരു വർഷമായി ഗാസയിലും സെപ്റ്റംബർ മുതൽ ലെബനണിലും നടക്കുന്ന ആക്രമണങ്ങൾ ഒരു മൂന്നാം ലോക യുദ്ധത്തിന്റെ വക്കിൽ ലോകത്തെ എത്തിച്ചിരിക്കുന്നു. ഇസ്രായേൽ-പലസ്തീൻ സംഘർഷത്തിന്റെ ചരിത്രവും രാഷ്ട്രീയവും വിശദീകരിക്കുന്ന രണ്ട് അഭിമുഖ സംഭാഷണങ്ങൾ, സംഘർഷത്തെ സംബന്ധിച്ച മാധ്യമ ഉള്ളടക്കങ്ങളുടെ സ്വഭാവം, യുദ്ധം വിതക്കുന്ന പരിസ്ഥിതി വിനാശം എന്നിവ മലബാർ ജേർണൽ പ്രസിദ്ധീകരിക്കുന്നു. ബദൽ മാധ്യമങ്ങൾ എന്നറിയപ്പെടുന്ന പ്രസിദ്ധീകരണങ്ങളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ഉള്ളടക്കം ഇസ്രായേൽ-പലസ്തീൻ സംഘർഷത്തെ കുറിച്ചും ഇപ്പോഴത്തെ ഭൗമ രാഷ്ട്രീയ സാഹചര്യങ്ങളെ പറ്റിയും വേറിട്ട  വീക്ഷണം പങ്കു വയ്ക്കുന്നു.

നമുക്ക്‌ വര്‍ത്തമാനകാലത്തില്‍ നിന്നും ആരംഭിക്കാം. പലസ്‌തീന് മേല്‍ ഇപ്പോള്‍ അടിച്ചേല്‍പ്പിക്കപ്പെടുന്ന ഭീകരതകളുടെ രൂപത്തിലല്ല, മറിച്ച്‌ ഇപ്പോഴും സജീവമായിരിക്കുന്ന ഒരു ഭൂതകാല പലസ്‌തീന്റെ വര്‍ത്തമാനകാലം എന്ന നിലയില്‍. 1936-39 കാലത്തെ മഹത്തായ അറബ്‌ വിപ്ലവത്തെ ആംഗ്ലോ-സയണിസ്‌റ്റുകള്‍ അടിച്ചമര്‍ത്തിയതിനെ തുടര്‍ന്നുണ്ടായ 1948ലെ നഖ്‌ബയും1967ലെ ആറുദിവസത്തെ യുദ്ധവും ഏരിയല്‍ ഷാരോണിന്റെ നേതൃത്വത്തില്‍ 1982ല്‍ ബെയ്‌റൂട്ട്‌ വളഞ്ഞതും സബ്രയിലെയും ഷെട്ടീലയിലെയും കൂട്ടക്കൊലകളും രണ്ട്‌ ഇന്റിഫാദകളും അതിനുശേഷം ഇസ്രായേല്‍ തുടര്‍ച്ചയായി കോരിച്ചൊരിയുന്ന ഭീകരതയും. ഇതൊക്കെ യാഥാര്‍ത്ഥ്യങ്ങളായി നമ്മുടെ മുന്നില്‍ നിലനില്‍ക്കുമ്പോഴും ഒക്ടോബര്‍ ഏഴിലെ വംശഹത്യയ്‌ക്ക്‌ ശേഷമുള്ള അവസ്ഥ ഇപ്പറഞ്ഞിതിനേക്കാളൊക്കെ വലിയൊരു ആഗോള പ്രഭാവം സൃഷ്ടിച്ചതായി തോന്നുന്നു.


ശരിയാണ്‌, ആഗോളതലത്തില്‍ തന്നെ ചില വ്യതിയാനങ്ങള്‍ സംഭവിച്ചിട്ടുണ്ട്‌. ആഖ്യാനത്തെ പൂര്‍ണമായും മാറ്റിമറിക്കുന്ന തരത്തിലുള്ള ഒരു പ്രഭാവം, എന്തുകൊണ്ടാണ്‌ ആ ചരിത്ര സംഭവങ്ങള്‍ക്കുണ്ടാകാതെ പോയതെന്ന കാര്യത്തില്‍ എനിക്ക്‌ വലിയ നിശ്ചയമില്ല. പ്രത്യേകിച്ചും പൊതുജനങ്ങളുടെ ആഖ്യാനത്തില്‍. സാമൂഹ്യമാധ്യമങ്ങളെ പോലെ കാര്യങ്ങള്‍ ഊഹിച്ചെടുക്കാന്‍ എനിക്ക്‌ താല്‍പര്യമില്ല. പക്ഷെ, ഇതാദ്യമായാണ്‌ ഒരു വംശഹത്യ തത്സമയം തങ്ങളുടെ കൈയിലുള്ള ഉപകരണങ്ങളിലൂടെ ഒരു തലമുറ വീക്ഷിക്കുന്നത്‌. സുഡാനില്‍ നിന്നും മ്യാന്മാറില്‍ നിന്നും വ്യത്യസ്‌തമായി, സമീപകാലത്ത്‌ യുഎസും ബ്രിട്ടണും മറ്റു പാശ്ചാത്യ ശക്തികളും നേരിട്ട്‌ പങ്കാളികളായ ആദ്യ സംഭവമാണോ ഇത്‌? ഒരു തലമുറയിലധികമായി പാലസ്‌തീന്‍ അനുകൂല വക്താക്കള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍, ജനങ്ങളെ കൂടുതല്‍ സന്നദ്ധരാക്കിയതാണോ?

എനിക്കറിയില്ല. പക്ഷെ, ഗാസയ്‌ക്ക്‌ മേല്‍ കഴിഞ്ഞ എട്ടുമാസം തുടര്‍ച്ചയായി വര്‍ഷിക്കപ്പെടുകയും ഇപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുകയും ചെയ്യുന്ന ഭീകരതയുടെ ഫലമായി പുതിയ ചില കാര്യങ്ങള്‍ സംഭവിക്കുന്നു എന്ന നിങ്ങളുടെ നിരീക്ഷണം ശരിയാണ്‌. ഒരു ദശലക്ഷം ജനതയുടെ മൂന്നിലൊന്നിനെ കുടിയിറക്കിയ 1948ലെ സംഭവവികാസങ്ങള്‍ക്ക്‌ ഇത്രയും വലിയ പ്രഭാവം സൃഷ്ടിക്കാന്‍ സാധിച്ചില്ല.1936-39 കാലത്തെ അറബ്‌ വിപ്ലവം പൂര്‍ണ വിസ്‌മൃതിയിലായി. മുമ്പുണ്ടായ ഒരു ഭീകരതയ്‌ക്കും ഇത്തരത്തിലുള്ള ഒരു പ്രഭാവം സൃഷ്ടിക്കാൻ സാധിച്ചിട്ടില്ല.

കോളനിവിരുദ്ധ പോരാട്ടത്തിലെ ഒരു സുപ്രധാന സംഭവമായിരുന്നെങ്കിലും അതര്‍ഹിക്കുന്ന ശ്രദ്ധ ലഭിക്കാതെ പോയ അറബ്‌ വിപ്ലവം എന്നെ എല്ലാക്കാലത്തും ഭ്രമിപ്പിച്ചിട്ടുണ്ട്‌. അതൊരു സമരമായി തുടങ്ങുകയും ക്രമേണ സമരങ്ങളുടെ പരമ്പരയായി മാറുകയും ഒടുവില്‍ ബ്രിട്ടീഷ്‌ അധിനിവേശ ശക്തികളെ മൂന്നു വര്‍ഷത്തോളം കെട്ടിയിടുന്ന തരത്തിലുള്ള ഒരു ദേശീയ ഉയര്‍ത്തെഴുന്നേല്‍പ്പായി പരിണമിക്കുകയും ചെയ്‌തു. അതിന്റെ ഉത്‌പത്തിയെയും വികാസത്തെയും പ്രത്യാഘാതങ്ങളെയും കുറിച്ച്‌ ഒന്ന്‌ വിശദീകരിക്കാമോ?

അറബ്‌ വിപ്ലവം തീര്‍ച്ചയായും ഒരു ബഹുജന മുന്നേറ്റമായിരുന്നു. 1987ലെ ആദ്യത്തെ ഇന്റിഫാദ, അരാഫത്തിനെയും പിഎല്‍ഒ നേതൃത്വത്തെയും എങ്ങനെ ഞെട്ടിച്ചോ അതുപോലെ തന്നെ പരമ്പരാഗത പലസ്‌തീന്‍ നേതൃത്വത്തെ അത്‌ ഞെട്ടിത്തരിപ്പിച്ചു. നിസാര സംഭവങ്ങളാണ്‌ രണ്ട്‌ ഉയിർത്തെഴുന്നേൽപ്പുകളും തീപ്പൊരിയായത്‌: അറബ്‌ വിപ്ലവത്തിന്റെ കാര്യത്തില്‍, 1935ല്‍ ബ്രിട്ടീഷ്‌ സേനകളുമായുള്ള പോരാട്ടത്തില്‍ ഷെയ്‌ഖ്‌ ഇല്‍സ്‌ അല്‍-ദിന്‍ അല്‍-ക്വാസം കൊല്ലപ്പെട്ടതായിരുന്നു കാരണം.1882ല്‍ സിറിയന്‍ തീരത്തുള്ള ജബ്ലേയില്‍ ജനിച്ച അല്‍-ക്വാസം, അല്‍-അഷറില്‍ പരിശീലനം നേടിയ ഒരു സാമ്രാജ്യവിരുദ്ധ സായുധപോരാളിയായിരുന്നു.1911ല്‍ ലിബിയയില്‍ ഇറ്റലിക്കാര്‍ക്കെതിരെ തന്റെ പോരാട്ടമാരംഭിച്ച അദ്ദേഹം, പിന്നീട്‌ 1919-20ല്‍ ഫ്രഞ്ച്‌-അനുശാസന സേനകൾക്കെതിരെ തിരിഞ്ഞു. കര്‍ഷകര്‍ക്കും നഗര ദരിദ്രര്‍ക്കുമിടയില്‍ തന്റെ പ്രവര്‍ത്തനങ്ങള്‍ കേന്ദ്രീകരിച്ച അദ്ദേഹം പലസ്‌തീനിലെ ബ്രിട്ടീഷ്‌-അനുശാസന ഭരണം അവസാനിപ്പിക്കുന്നതിനായി പോരാടി. മഹായുദ്ധങ്ങള്‍ക്കിടയിലുള്ള കോളനി ചരിത്രത്തിലെ ഏറ്റവും വലിയ പൊതുപണിമുടക്കിലേക്ക്‌ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ തന്നെ മുന്നേറുന്ന തരത്തിലുള്ള ഭീമവിശാല പ്രത്യാഘാതത്തിലേക്ക്‌ അല്‍-ക്വാസമിന്റെ കൊലപാതകം പരിണമിച്ചു. 1972ല്‍ ഇസ്രായേലികള്‍ വധിച്ച മഹാനായ പലസ്‌തീന്‍ എഴുത്തുകാരന്‍ ഗസാന്‍ ഖനഫാനിയുടേതാണ്‌ ഇതിനെക്കുറിച്ചുള്ള ഏറ്റവും നല്ല വിവരണം; അദ്ദേഹത്തിന്റെ മരണത്തോടെ അപൂര്‍ണമാക്കപ്പെട്ട "പലസ്‌തീന്‍ പോരാട്ടത്തിന്റെ ചരിത്രത്തി"ലെ ആദ്യ അദ്ധ്യായം അതായി മാറുമായിരുന്നു.

ഖനഫാനിയുടെ വിശകലനം ഇന്നും പ്രസക്തമാണ്‌. ഹിറ്റ്‌ലര്‍ അധികാരത്തില്‍ വന്നതിനുശേഷം, 1930കളില്‍ വര്‍ദ്ധിച്ച ജൂത കുടിയേറ്റം, ബഹുജന വര്‍ഗങ്ങള്‍ക്കിടയില്‍ സൃഷ്ടിച്ച സാമ്പത്തിക പ്രഭാവത്തിന്‌ അദ്ദേഹം ഊന്നല്‍ നല്‍കുന്നു; ബെന്‍ ഗൂരിയോണിന്റെ "ജൂതര്‍ക്ക്‌ മാത്രം തൊഴില്‍," നയത്തിന്റെ അടിസ്ഥാനത്തില്‍, ഉല്‍പാദനശാലകളില്‍ നിന്നും നിര്‍മ്മാണ സ്ഥലങ്ങളില്‍ നിന്നും ആറ്‌ തൊഴിലാളികളെ കെട്ടുകെട്ടിച്ചു; അദൃശ്യ ഭൂവുടമകള്‍ സയണിസ്റ്റ്‌ കുടിയേറ്റക്കാര്‍ക്ക്‌ വിറ്റ കൃഷിയിടങ്ങളില്‍ നിന്നും തോട്ടങ്ങളില്‍ നിന്നും 20,000 കര്‍ഷക കുടുംബങ്ങളെ കുടിയിറക്കി; വര്‍ദ്ധിച്ചുകൊണ്ടിരുന്ന ദാരിദ്ര്യം. ഇനിയിങ്ങനെ ജീവിക്കാനാവില്ല എന്ന നിലയിലേക്ക്‌ ജനങ്ങളെത്തിയതോടെയാണ്‌ പൊതുജന പ്രക്ഷോഭങ്ങള്‍ ആരംഭിച്ചത്‌. ഇവിടെ ശക്തമായ ദേശീയ, മത വികാരങ്ങള്‍ സംയോജിച്ചു. ബ്രിട്ടീഷ്‌ സാമ്രാജ്യത്വത്തിന്റെ സര്‍വപ്രതാപത്തിനെതിരെ പലസ്‌തീനികള്‍ ഉയിര്‍ത്തെഴുന്നേറ്റു. 1921ല്‍ അയര്‍ലണ്ടിന്‌ സ്വാതന്ത്ര്യം നല്‍കിയത്‌ ഒഴിച്ചുനിറുത്തിയാല്‍, ഒരൊറ്റ കോളനി ആശ്രിതത്വത്തിനും സ്വാതന്ത്ര്യം നല്‍കാന്‍ ഒന്നര നൂറ്റാണ്ട്‌ തയ്യാറാവാതിരുന്ന ഒരു ശക്തിയോടായിരുന്നു ആ ഏറ്റുമുട്ടല്‍. ഇന്നും ലോകത്തിലെ ഏറ്റവും ശക്തായ സാമ്രാജ്യം എന്നു വിശേഷിപ്പിക്കാവുന്ന അവര്‍ അറബ്‌ പ്രക്ഷോഭം അടിച്ചമര്‍ത്തി. എന്നാല്‍, പലസ്‌തീനികള്‍ മുന്ന്‌ വര്‍ഷത്തിലേറെ പിടിച്ചുനിന്നു. ആ പോരാട്ടത്തില്‍ അതിന്റെ ആറിലൊന്ന്‌ പുരുഷ ജനസംഖ്യ കൊല്ലപ്പെടുകയും പരിക്കേല്‍ക്കുകയും നാടുകടത്തപ്പെടുകയും ചെയ്‌തെങ്കിലും. മഹായുദ്ധ ഇടവേളയുടെ ഏടുകളില്‍, കോളനി ഭരണം തകര്‍ത്തെറിയാനുള്ള അഭൂതപൂര്‍വമായ ഒരു ശ്രമം തന്നെയായിരുന്നു ഇത്‌. 10,000 സൈനീകരെയും ആര്‍എഎഫിനെയും വിന്യസിച്ചതിനുശേഷം മാത്രമാണ്‌ അതടിച്ചമര്‍ത്താന്‍ സാധിച്ചത്‌. ദൗര്‍ഭാഗ്യവശാല്‍ അതിന്ന്‌ പലസ്‌തീന്‍ ചരിത്രത്തിലെ വിസ്‌മരിക്കപ്പെട്ട അദ്ധ്യായമായി മറിയിരിക്കുന്നു.

1947ല്‍ നഖ്‌ബ ശരിയായ രീതിയില്‍ ആരംഭിച്ചപ്പോള്‍, 1936-39 കാലത്ത്‌ നേരിടേണ്ടി വന്ന ഭീകരതയില്‍ നിന്ന്‌ പലസ്‌തീന്‍ ജനതയ്‌ക്ക്‌ പൂര്‍ണമായും മുക്തരാവാന്‍ സാധിക്കാത്ത രീതിയില്‍, അവരുടെ മനോവീര്യം തകര്‍ക്കാന്‍ ആ പരാജയം കാരണമായില്ലേ?

പലസ്‌തീന്‍ ജനതക്കുമേല്‍ പതിറ്റാണ്ടുകളോളം നീണ്ടുനിന്ന ആഘാതം സൃഷ്ടിക്കുന്ന കടുത്ത പ്രഹരമായി അറബ്‌ വിപ്ലവത്തിന്റെ പരാജയം മാറി. ഖനഫാനി എഴുതിയത്  പോലെ, 1947 മധ്യം മുതല്‍ 1948 മധ്യം വരെ നീണ്ടുനിന്ന നഖ്‌ബ എന്ന "പലസ്‌തീന്‍ പരാജയത്തിന്റെ രണ്ടാമദ്ധ്യായം," അമ്പരപ്പിക്കും വിധം ഹ്രസ്വമായിരുന്നു, കാരണം 1936 ഏപ്രില്‍ മുതല്‍ 1939 സെപ്‌തംബര്‍ വരെ നീണ്ടുനിന്ന ദീര്‍ഘവും രക്തരൂക്ഷിതവുമായ അദ്ധ്യായത്തിന്റെ ഉപസംഹാരം മാത്രമായിരുന്നു അത്‌. ബെന്‍-ഗൂരിയോണ്‍ മുതലുള്ള സയണിസ്‌റ്റ്‌ നേതാക്കളെല്ലാം, ബ്രിട്ടീഷുകാര്‍ ചെയ്‌തത്‌ അണുവിടാതെ പകര്‍ത്തുകയായിരുന്നു. അക്കാരണം കൊണ്ടുമാത്രം, പലസ്‌തീന്‍ ജനതയ്‌ക്കുണ്ടായ നഷ്ടം ഓര്‍ത്തെടുക്കുന്നത്‌ നന്നായിരിക്കും. ഏറ്റവും കുറഞ്ഞത്‌ 2,000 വീടുകളെങ്കിലും അഗ്നിക്കിരയാക്കി. വിളകള്‍ നശിപ്പിക്കപ്പെട്ടു, വെടിക്കോപ്പുകള്‍ സൂക്ഷിച്ചതിന്‌ 100 വിമതരെയെങ്കിലും തൂക്കിക്കൊന്നു. ഇത്തരം നടപടികളെ, കര്‍ഫ്യൂകളും വിചാരണയില്ലാത്ത തടവുകളും ആഭ്യന്തര നാടുകടത്തലും പീഢനവും സ്വാതന്ത്ര്യ സമരസേനാനികളുടെ ആക്രമണത്തിനെതിരായ മറയെന്ന നിലയില്‍ ആവിയന്ത്രങ്ങള്‍ക്ക്‌ മുന്നില്‍ ഗ്രാമീണരെ കെട്ടിവെക്കുന്ന രീതികളും അനുഗമിച്ചു. ഒരു ദശലക്ഷോളം വരുന്ന അറബ്‌ ജനസംഖ്യയില്‍, 5,000 പേര്‍ കൊല്ലപ്പെടുകയും 10,000ത്തിലേറെ പേര്‍ക്ക്‌ പരിക്കേല്‍ക്കുകയും ചെയ്‌തു. അയ്യായിരത്തിലേറെ രാഷ്ട്രീയത്തടവുകാര്‍ ഇപ്പോഴും കോളനി ജയിലുകളില്‍ ജീര്‍ണിക്കുന്നു.

REPRESENTATIVE IMAGE | WIKICOMMONS
അറബ്‌ വിപ്ലവം അടിച്ചമര്‍ത്തുന്ന പ്രക്രിയയ്‌ക്കിടയില്‍, തങ്ങളോടൊപ്പം പങ്കെടുത്തിരുന്ന സയണിസ്റ്റ്‌ സേനകള്‍ക്ക്‌ പ്രക്ഷോഭമടിച്ചമര്‍ത്തുന്നതിനുള്ള അമൂല്യ പരിശീലനം ബ്രിട്ടീഷുകാര്‍ നല്‍കിയിരുന്നു.

തീര്‍ച്ചയായും. പീഡിപ്പിക്കുന്നതിനും കൊല്ലുന്നതിനുമുള്ള എല്ലാ കോളോനിയല്‍ കുടിലതന്ത്രങ്ങളും, പ്രക്ഷോഭമടിച്ചമര്‍ത്തുന്നതിനുള്ള സങ്കേതങ്ങളില്‍ വിദഗ്‌ധനായ ഒര്‍ഡെ വിന്‍ഗേറ്റും മറ്റ്‌ വിദഗ്‌ധരും സയണിസ്റ്റുകളെ പരിശീലിപ്പിച്ചു. ഇന്ത്യന്‍ ദേശീയവാദികള്‍ ആറുതവണ കൊല്ലാന്‍ ശ്രമിച്ച കുപ്രസിദ്ധനായ കല്‍ക്കട്ട പോലീസ്‌ മേധാവി ചാള്‍സ്‌ ടെഗാര്‍ട്ടിനെ പോലെ, ഇക്കാര്യത്തില്‍ തഴക്കമുള്ള ആളുകളെ ബ്രിട്ടീഷുകാര്‍ ഇന്ത്യയില്‍ നിന്നും കൊണ്ടുവന്നു. തെഗാര്‍ട്ട്‌ നിര്‍മ്മിച്ച അതേ കോട്ടകളും തവടറകളും ഇസ്രായേലില്‍ ഇന്നും ഉപയോഗിക്കുന്നു. അയര്‍ലന്റില്‍ നിന്നും സുഡാന്‍ പോലെ സാമ്രാജ്യത്തിലെ മറ്റിടങ്ങളില്‍ നിന്നും അവര്‍ ആളുകളെ ഇറക്കുമതി ചെയ്യാന്‍ തുടങ്ങി. അവിടെയാണ്‌ വിന്‍ഗേറ്റ്‌ ആരംഭിച്ചത്‌. അദ്ദേഹത്തിന്റെ അച്ഛന്റെ അര്‍ദ്ധസഹോദരന്‍ റെജിനാള്‍ഡ്‌ വിന്‍ഗേറ്റ്‌, അവിടുത്തെ രഹസ്യാന്വേഷണ ഉദ്യോഗസ്ഥനും പിന്നീട്‌ ഗവര്‍ണര്‍ ജനറലുമായി പ്രവര്‍ത്തിച്ചിരുന്നു.

ഒര്‍ഡെ വിന്‍ഗേറ്റ്‌, ഏറെക്കാലമായി മറന്നുകിടക്കുന്ന ഒരു പേര്‌. ഈ ഭ്രാന്തുപിടിച്ച മനുഷ്യനെകുറിച്ച്‌ മിക്ക വായനക്കാരും കേട്ടിട്ടുണ്ടാവുമോ എന്നുപോലും എനിക്ക്‌ സംശയമുണ്ട്‌. 1944ല്‍ ബര്‍മ്മയില്‍ അയാള്‍ കൊല്ലപ്പെട്ട അപകടത്തില്‍ പെട്ട വിമാനത്തില്‍ കേറാനുള്ള മനസുകാണിച്ചതാണ്‌ ഈ വിന്‍ഗേറ്റ്‌ തന്റെ ജീവിതത്തില്‍ ചെയ്‌ത ഏറ്റവും മഹത്തായ കാര്യമെന്ന്‌ മോണ്ട്‌ഗോമെറി പറഞ്ഞിട്ടുണ്ട്‌. അയാള്‍ ആരായിരുന്നു? സയണിസ്റ്റ്‌ ശക്തികളുമായി അയാള്‍ക്കെന്തെങ്കിലും പ്രത്യേക ബന്ധമുണ്ടോ? 1976ല്‍ അയാളെ മഹാനാക്കി ചിത്രീകരിച്ചുകൊണ്ടുള്ള ഒരു ബിബിസി ടിവി പരമ്പര കണ്ട ഒരു അവ്യക്ത ഓര്‍മ മാത്രമേ എനിക്കുള്ളൂ.

ഒരു മേജറായി സേവനം അവസാനിപ്പിച്ച കഠിനഹൃദയനായ ഒരു കോളനി കൊലപാതകിയായിരുന്നു അയാള്‍. മോണ്ടുഗോമറിയുടെ പരാമര്‍ശം സൂചിപ്പിക്കുന്നതുപോലെ, സ്വന്തം ഭാഗത്തുള്ളവരില്‍ പോലും അറപ്പുളവാക്കുന്ന ഒരാളായിരുന്നു വിന്‍ഗേറ്റ്‌: "മാനസിക അസ്ഥിരതയുള്ള" വ്യക്തി എന്നും മോണ്ട്‌ഗോമറി അയാളെ വിശേഷിപ്പിച്ചിട്ടുണ്ട്‌. പ്രജകളായ ജനങ്ങള്‍ക്ക്‌ പീഢനമേല്‍പ്പിക്കുന്നതില്‍ ഒരിക്കലും അലസത കാണിച്ചിട്ടില്ലാത്ത ചര്‍ച്ചില്‍ പോലും അയാളെ കുറിച്ച്‌, "ഒരു സേനയെ നയിക്കാന്‍ സാധിക്കാത്ത വിധത്തില്‍ ഭ്രാന്തന്‍," എന്നാണ്‌ വിശേഷിപ്പിച്ചത്‌. ദൈവഭക്തിയുള്ള ഒരു പ്ലിമൗത്ത്‌ ബ്രദറന്‍ കുടുംബത്തില്‍, ബ്രിട്ടീഷ്‌ ഇന്ത്യയിലാണ്‌ അയാള്‍ ജനിച്ചത്‌. ഒരു ക്രിസ്‌ത്യന്‍ മതമൗലീകവാദിയും ബൈബിള്‍ ആധികാരിമാണെന്ന്‌ വിശ്വസിക്കുകയും ചെയ്‌തിരുന്ന അയാള്‍, ജൂത പശ്ചാത്താപത്തിന്റെ പഴയ നിയമ വ്യാഖ്യാനത്തിന്റെ വക്താവായിരുന്നു. സൈനീക രഹസ്യാന്വേഷണ വിഭാഗം തലവന്‍ എന്ന നിലയില്‍, 1936ലെ ഉയിര്‍ത്തെഴുന്നേല്‍പിന്റെ തുടക്കത്തിലാണ്‌ ഇയാള്‍ പലസ്‌തീനിലെത്തുന്നത്‌. അറബി അറിയാമായിരുന്ന അയാള്‍ ഹീബ്രുവും പഠിച്ചു. ഇന്ന്‌ ഇസ്രായേലി സൈന്യവും കുടിയേറ്റക്കാരും ചെയ്യുന്നതു പോലെ പര്‍വതങ്ങളിലുള്ള പലസ്‌തീന്‍ ഗ്രാമീണരെ ലക്ഷ്യം വെക്കുന്ന "പ്രത്യേക നിശാസംഘങ്ങള്‍,"-മറ്റു വാക്കുകളില്‍ പറഞ്ഞാല്‍, കൊലപാതക സംഘങ്ങള്‍ ആയി ഹഗാന സേനകളെ പരിശീലിപ്പിക്കുന്നതില്‍ അയാള്‍ നിര്‍ണായക പങ്കുവഹിച്ചു. 1939ല്‍ യൂറോപ്യന്‍ യുദ്ധം പൊട്ടിപ്പുറപ്പെട്ടപ്പോള്‍, പ്രദേശത്ത്‌ നിന്നുതന്നെ അയാളെ പുറത്താക്കണം എന്ന്‌ അറബ്‌ പ്രമുഖര്‍ക്ക്‌ ആവശ്യപ്പെടേണ്ടി വരുന്ന രീതിയില്‍ കുപ്രസിദ്ധനായിരുന്നു വിന്‍ഗേറ്റ്‌. അയാളെ പുറത്താക്കി. മടങ്ങിവരവ്‌ വിലക്കിക്കൊണ്ട്‌ അയാളുടെ പാസ്‌പോര്‍ട്ടില്‍ മുദ്രയടിച്ചു. പക്ഷെ അതിനകംതന്നെ അയാളുടെ ദൗത്യം പൂര്‍ത്തീകരിച്ചിരുന്നു. പല്‍മഹിലും പിന്നീട്‌ ഇസ്രായേലി സൈന്യത്തിലും കമാന്‍ഡര്‍മാരായിരുന്ന മോഷെ ദയാനെയും യിഗാല്‍ അലോണിനെയും പോലുള്ള നിരവധി ആളുകള്‍ക്ക്‌ അയാള്‍ പരിശീലനം നല്‍കി. ഇസ്രായേലിലെ നിരവധി സ്ഥലങ്ങള്‍ അയാളുടെ പേരില്‍ അറിയപ്പെടുന്നു. ഇസ്രായേലി സൈനീക സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ്‌ എന്നാണ്‌ അയാള്‍ ശരിയായ രീതിയില്‍ വിലയിരുത്തപ്പെടുന്നത്‌.

അയാള്‍ അവരെ വൃത്തിയായി പഠിപ്പിച്ചു

അതെ. ഒരിക്കല്‍ ബ്രിട്ടീഷ്‌ കോളനി സവിശേഷതയായിരുന്നതൊക്കെ ഇസ്രായേല്‍ കോളനി സവിശേഷതയായി മാറി. നിയമങ്ങള്‍ ഉള്‍പ്പെടെ ഇസ്രായേലികള്‍ നടപ്പിലാക്കുന്നതെല്ലാം ബ്രിട്ടീഷുകാരില്‍ നിന്ന്‌ പഠിച്ചതാണ്‌. ഉദാഹരണത്തിന്‌ 1945ലെ പ്രതിരോധ അടിയന്തരാവസ്ഥ ചട്ടങ്ങള്‍. ഇര്‍ഗാണിനെതിരെ ബ്രിട്ടീഷുകാര്‍ ഉപയോഗിച്ചതാണത്‌. അതേ നിയമങ്ങള്‍ തന്നെ ഇന്നും പ്രയോഗത്തിലുണ്ട്‌. പ്രയോഗിക്കുന്നത്‌ പലസ്‌തീനികള്‍ക്കെതിരെയാണ്‌ എന്നു മാത്രം. ഇതെല്ലാം ബ്രിട്ടീഷ്‌ കോളനി തന്ത്രപുസ്‌തകങ്ങളില്‍ നിന്നും വരുന്നതാണ്‌.

ഒര്‍ഡെ വിന്‍ഗേറ്റ്‌ | PHOTO: FACEBOOK
അറബ്‌ വിപ്ലവത്തിന്റെ വിജയം, അല്ലെങ്കില്‍ ഒരു സമനിലപോലും, പലസ്‌തീന്‍ ദേശീയ സ്വത്വത്തിന്‌ അടിത്തറ പാകുകയും മുന്നോട്ടുള്ള പോരാട്ടങ്ങളില്‍ അവരുടെ സേനകള്‍ക്ക്‌ ശക്തിപകരുകയും ചെയ്യുമായിരുന്നു. പരമ്പരാഗത പലസ്‌തീന്‍ നേതൃത്വത്തിന്റെ ചാഞ്ചാട്ടങ്ങള്‍, അവരുടെ പരാജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ടെന്ന്‌ ഖനഫാനിയെ പോലെ നിങ്ങളും വാദിക്കുന്നു. ഉദാഹരണത്തിന്‌, സെന്റ്‌ ജയിംസ്‌ കോണ്‍ഫറന്‍സില്‍ വച്ച്‌ ബ്രിട്ടീഷുകാര്‍ കിരീടധാരണം നടത്തിയ സഹകാരികളായ അറബ്‌ രാജാക്കന്മാര്‍ക്ക്‌ മുന്നില്‍ അവര്‍ താണുവണങ്ങിയത്‌ പോലെ?

ഇന്നത്തെ പോലെ തന്നെ അന്നും പലസ്‌തീന്‍ നേതൃത്വം വിഘടിച്ചു നില്‍ക്കുകയായിരുന്നു. ഉചിതമായ ഒരു തന്ത്രത്തിന്റെ പേരില്‍ യോജിക്കുന്നതില്‍ നിന്നും അവരുടെ തന്നെ കഴിവില്ലായ്‌മ അവരെ തടഞ്ഞു. ഒരു ജനതയെ സംഘടിപ്പിക്കാനും വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി, പ്രതിനിധാന സ്വഭാവമുള്ള ഒരു ദേശീയ ഫോറം, ഒരു പൊതുജനസഭ സൃഷ്ടിക്കുന്നതിലും അവര്‍ പരാജയപ്പെട്ടു. ഇന്ത്യ, ഇറാഖ്‌, ആഫ്രിക്കയുടെ വിവിധ ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നു വ്യത്യസ്‌തമായി, പലസ്‌തീനികള്‍ക്ക്‌ കോളനി രാജ്യത്തുള്ള രാഷ്ട്രീയ പ്രാപ്യത ബ്രിട്ടീഷുകാര്‍ നിഷേധിച്ചു. അതുകൊണ്ടുതന്നെ, കോളനി നിയന്ത്രണത്തിന്റെ ഘടകങ്ങളില്‍ നിന്നും നിര്‍ണായകമായി വിഘടിച്ചു നില്‍ക്കുന്ന ജനകീയസഭയ്‌ക്കു വേണ്ടിയുള്ള വാദം അതിനിര്‍ണായകമായിരുന്നു.

യൂറോപ്പിലെ ഫാസിസത്തിന്റെ വളര്‍ച്ചയായിരുന്നു പ്രക്ഷോഭത്തിന്‌ പശ്ചാത്തലമൊരുക്കിയ മറ്റൊരു സാഹചര്യം

നാസികള്‍ അധികാരത്തില്‍ വന്നതോടെ, ലോകത്തോടും സയണിസത്തോടുമുള്ള ജൂതരുടെ ബന്ധത്തിന്റെ സാഹചര്യങ്ങളില്‍ വലിയ മാറ്റങ്ങള്‍ വന്നു. അത്‌ പൂര്‍ണമായും മനസിലാക്കാവുന്നതേയുള്ളു. ആ പ്രവണത പലസ്‌തീനിലും മാറ്റങ്ങള്‍ കൊണ്ടുവന്നു: 1932നും 1939നും ഇടയില്‍, ജനസംഖ്യയിലുള്ള ജൂത അനുപാതം 16 അല്ലെങ്കില്‍ 17 ശതമാനത്തില്‍ നിന്നും 31 ശതമാനമായി വര്‍ദ്ധിച്ചു. പലസ്‌തീന്‍ ഏറ്റെടുക്കുന്നതിന്‌ 1932ല്‍ അവര്‍ക്കില്ലാതിരുന്ന ഒരു അനുകൂല ജനസംഖ്യാനുപാത അടിത്തറ, സയണിസ്റ്റുകള്‍ക്ക്‌ മുന്നില്‍ പൊടുന്നനെ തുറന്നുകിട്ടി.

യൂറോപ്യന്‍ വംശഹത്യയുടെ പരോക്ഷ ഇരകളായി പലസ്‌തീനികള്‍ മാറി

തീര്‍ച്ചയായും. മധ്യകാലഘട്ടം മുതലുള്ള യൂറോപ്യന്‍ ജൂതവിദ്വേഷ ചരിത്രത്തിന്റെ മുഴുവന്‍ വിലയും നല്‍കേണ്ടി വരുന്നത്‌ പലസ്‌തീനികളാണ്‌. 1290ല്‍ എഡ്വേര്‍ഡ്‌ ഒന്നാമന്‍ ജൂതരെ ഇംഗ്ലണ്ടില്‍ നിന്നും ആട്ടിയോടിച്ചു. ഫ്രാന്‍സില്‍ നിന്നുള്ള പുറത്താക്കല്‍ തൊട്ടടുത്ത നൂറ്റാണ്ടില്‍ സംഭവിച്ചു. സ്പെയ്നിലെയും പോര്‍ച്യുഗീസിലെയും പുറത്താക്കല്‍ രാജശാസനങ്ങള്‍ പുറത്തുവരുന്നത്‌ 1490കളിലാണ്‌. 1880കള്‍ മുതല്‍ റഷ്യന്‍ വംശഹത്യയും ഏറ്റവുമൊടുവില്‍ നാസി വംശഹത്യയും. ചരിത്രപരമായി സാരഭൂതമായ ഒരു യൂറോപ്യന്‍ ക്രൈസ്‌തവ പ്രതിഭാസം.

യൂറോപ്പില്‍ ജൂതഹത്യ നടക്കാതിരിക്കുകയും ജര്‍മ്മന്‍ ഫാസിസ്റ്റുകള്‍, ജൂതരെ തുടച്ചുനീക്കുക എന്ന ഒഴിയാബാധ ബാധിക്കാത്ത സാധാരണ ഫാസിസ്റ്റുകളായിരിക്കുകയും ചെയ്‌തിരുന്നെങ്കില്‍ എന്തു സംഭവിക്കുമായിരുന്നു?

എത്ര നടക്കാത്ത സുന്ദര സ്വപ്‌നം. പക്ഷെ 1939ലെ സാഹചര്യം നോക്കൂ. ജൂതരുമായോ സയണിസവുമായോ യാതൊരു തരത്തിലുള്ള ബന്ധമില്ലാതിരുന്ന സയണിസ്‌റ്റ്‌ പദ്ധതി, ബ്രിട്ടീഷ്‌ സാമ്രാജ്യത്വ പിന്തുണയോടെ നടപ്പിലാക്കി തുടങ്ങിയിരുന്നു. തന്ത്രപരമായ താല്‍പര്യങ്ങള്‍ക്കായിരുന്നു അവിടെ മുന്‍ഗണന. ബ്രിട്ടീഷ്‌ പാര്‍ലമെന്റിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സെമിറ്റിക്‌ വിരുദ്ധ നിയമമായ 1905ലെ വൈദേശിക ചട്ടത്തിന്‌ മാര്‍ഗനിര്‍ദ്ദേശം നല്‍കിയ വ്യക്തി തന്നെയായിരുന്നു ബാല്‍ഫോര്‍ പ്രഖ്യാപനവും ഉണ്ടാക്കിയത്‌. ബ്രിട്ടീഷ്‌ അധികാരി വര്‍ഗത്തെ സംബന്ധിച്ചിടത്തോളം ജൂതര്‍ വലിയ പ്രശ്‌നമായിരുന്നില്ല. ഒരുപക്ഷെ ജൂതരുടെ ബൈബിള്‍ വായന അവരെ അലോസരപ്പെടുത്തിയിട്ടുണ്ടാവാം. പക്ഷെ 1917ന്‌ വളരെക്കാലം മുമ്പു മുതല്‍ തന്നെ, ഇന്ത്യയിലേക്കുള്ള കവാടം എന്ന നിലയിലുള്ള പലസ്‌തീന്റെയും മധ്യേഷ്യയുടെയും തന്ത്രപരമായ പ്രാധാന്യത്തിനാണ്‌ അവര്‍ കൂടുതല്‍ പരിഗണന കല്‍പിച്ചിരുന്നത്‌. തുടക്കം മുതല്‍ ഒടുക്കം വരെ അവരെ ആശങ്കപ്പെടുത്തിയത്‌ അതുമാത്രമാണ്‌. 1948ല്‍ വിട്ടുപോകാന്‍ അവര്‍ നിര്‍ബന്ധിതരാകുമ്പോള്‍, അതിനകം തന്നെ അതായത്‌ 1947ല്‍ അവര്‍ ഇന്ത്യ വിട്ടുപോയിരുന്നു. ആ രീതിയില്‍ അവര്‍ക്കിനി പലസ്‌തീന്റെ ആവശ്യമുണ്ടായിരുന്നില്ല. ഹിറ്റ്ലറെ അധികാരത്തിലേറുന്നതിനുമുമ്പ്‌ കൊന്നുകളഞ്ഞിരുന്നെങ്കില്‍ പോലും, ബ്രിട്ടീഷ്‌ സാമ്രാജ്യത്വത്തിന്റെ സഹായത്തോടെ ഒരു സയണിസ്‌റ്റ്‌ പദ്ധതിയുണ്ടാകുമായിരുന്നു. രാജ്യം പൂര്‍ണമായും പിടിച്ചടക്കുക എന്ന അവരുടെ എക്കാലത്തേയും ലക്ഷ്യം അവര്‍ നിറവേറ്റുമായിരുന്നു. വംശശുദ്ധീകരണത്തിലൂടെയും കുടിയേറ്റത്തിലൂടെയും ഒരു ജൂത ഭൂരിപക്ഷം അവര്‍ സൃഷ്ടിക്കുമായിരുന്നു. അതിനപ്പുറം അനുമാനിക്കാന്‍ എനിക്കു സാധിക്കുന്നില്ല.

പക്ഷെ, ജൂതസമൂഹങ്ങള്‍ക്കിടയിലും സയണിസ്റ്റ്‌ വിരുദ്ധ ചിന്താധാരകള്‍ ഉയര്‍ന്നുവന്നിട്ടില്ലേ?

തീര്‍ച്ചയായും. ജൂതര്‍ക്കിടയില്‍ കമ്മ്യൂണിസ്റ്റുകളും വൈവിദ്ധ്യത്തിനു വേണ്ടി വാദിക്കുന്നവരുമുണ്ടായിട്ടുണ്ട്‌. വെള്ളക്കാരുടെ അധിനിവേശ കോളനികളായ ദക്ഷിണാഫ്രിക്ക, ഓസ്‌ട്രേലിയ, കാനഡ, ന്യൂസിലന്റ്‌ എല്ലാറ്റിനുപരിയായ യുണൈറ്റഡ്‌ സ്റ്റേറ്റ്‌സ്‌ തുടങ്ങിയ ഇടങ്ങളിലേക്ക്‌ കുടിയേറാനാണ്‌ കിഴക്കന്‍ യൂറോപ്പില്‍ പീഢിപ്പിക്കപ്പെട്ട ജൂത സമൂഹങ്ങള്‍ ഇഷ്ടപ്പെട്ടത്‌; കുറച്ചു പേര്‍ അര്‍ജന്റീനയിലേക്കും മറ്റു ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളിലേക്കും പോയി. ഇവിടങ്ങളിലായിരുന്നു ഭൂരിപക്ഷവും. യൂറോപ്പില്‍ തങ്ങിയവരൊഴികെയുള്ള ലോകത്തിലെ ഭൂരിപക്ഷം ജൂത ജനങ്ങളും അത്തരം രാജ്യങ്ങളിലേക്കാണ്‌ പോയത്‌. ഹിറ്റ്‌ലറുടെ കാലം വരെ സയണിസ്റ്റ്‌ വിരുദ്ധത ഒരു ജൂത പദ്ധതിയായിരുന്നു. അതിനു മുമ്പ്‌ സയണിസ്റ്റുകള്‍ ന്യൂനപക്ഷമായിരുന്നു എന്നുമാത്രമല്ല, ജൂതസമൂഹങ്ങള്‍ക്കിടയില്‍ തന്നെ അതിനെതിരെ ആഴത്തിലുള്ള വെല്ലുവിളികള്‍ ഉയരുകയും ചെയ്‌തിരുന്നു. എന്നാല്‍ ഹോളോകോസ്‌റ്റോടെ, സയണിസത്തിന്‌ അനുകൂലമായി നമുക്ക്‌ മനസിലാക്കാന്‍ സാധിക്കുന്നതരത്തിലുള്ള ഒരു ഐക്യം രൂപപ്പെട്ടു.

ഒരു നിശ്ചിതകാലത്തേക്ക്‌ എല്ലാറ്റിനെയും നിശ്ചലമാക്കുന്ന ഒരു പ്രഭാവം സൃഷ്ടിക്കാന്‍ പരാജയങ്ങള്‍ക്ക്‌ സാധിക്കും; പിന്നീട്‌ വീണ്ടും പ്രതിരോധങ്ങള്‍ വിവിധ രൂപങ്ങളില്‍ ഉയര്‍ന്നുവരും. പക്ഷെ 1936-39ന്റെ കാര്യത്തില്‍, ആ പരാജയത്തിനു തൊട്ടുപിന്നാലെ രണ്ടാം ലോക മഹായുദ്ധം പൊട്ടിപ്പുറപ്പെട്ടു-പലരും യൂറോപ്യന്‍ യുദ്ധം എന്നതിനെ വിശേഷിപ്പിക്കാറുണ്ടെങ്കിലും അതിന്‌ ആരംഭം കുറിച്ചത്‌ ചൈനയിലാണ്‌. അക്കാലത്തുള്ള പലസ്‌തീന്‍ നേതൃത്വത്തിന്റെ സമീപനമെന്തായിരുന്നു? ഇന്തോനേഷ്യയിലും മലേഷ്യയിലും ഇന്ത്യയിലും മധ്യേഷ്യയുടെ ചില ഭാഗങ്ങളിലുമുള്ള ദേശീയ പ്രസ്ഥാനങ്ങള്‍ ഇങ്ങനെ പ്രസ്‌താവിച്ചിരുന്നു: താല്‍ക്കാലികമായാണെങ്കില്‍ പോലും, ശത്രുവിന്റെ ശത്രു മിത്രമാണ്‌. തന്റെ പുസ്‌തകത്തില്‍ അന്‍വര്‍ അബ്ദുല്‍ മാലിക്കി ഓര്‍ക്കുന്നതുപോലെ, റൊമ്മല്‍ ഈജിപ്‌ത്‌ പിടിച്ചടക്കുമെന്ന്‌ തോന്നിച്ച നിമിഷത്തില്‍, "മുന്നോട്ട്‌ റൊമ്മല്‍ മുന്നോട്ട്‌!" എന്ന മുദ്രാവാക്യമുയര്‍ത്തിക്കൊണ്ട്‌ അലക്‌സാണ്ട്രിയയില്‍ വലിയ പുരുഷാരം തടിച്ചുകൂടി. ബ്രിട്ടനൊഴികെ ആരെയും അവര്‍ക്ക്‌ സ്വീകാര്യമായിരുന്നു. പലസ്‌തീനിലെ സമീപനം എന്തായിരുന്നു?

പലസ്‌തീനിലെ സ്ഥിതി ആഴത്തില്‍ വിഭജിതമായിരുന്നു. ഗ്രാന്റ്‌ മുഫ്‌തിയെ പിന്തുടര്‍ന്നിരുന്ന, നേതൃത്വത്തിലുള്ള ഒരു ന്യൂനപക്ഷ വിഭാഗം ജര്‍മ്മന്‍കാരുമായി സ്വയം ഐക്യപ്പെട്ടു. അദ്ദേഹത്തിന്‌ ഒരു അസാധാരണ യുദ്ധകാല ജീവിതമാണുണ്ടായിരുന്നത്‌. ബെയ്‌റൂട്ടില്‍ നിന്നും ഫ്രഞ്ചുകാര്‍ അദ്ദേഹത്തെ ചവിട്ടിപ്പുറത്താക്കി. 1941ല്‍ ബ്രിട്ടീഷുകാര്‍ ഇറാഖ്‌ കീഴടക്കിയപ്പോള്‍ അവിടെനിന്ന്‌ അവര്‍ അദ്ദേഹത്തെ ആട്ടിപ്പായിച്ചു. പിന്നീട്‌ ഇറാനില്‍ നിന്നും. തുര്‍ക്കിയിലേക്ക്‌ പോകാന്‍ അദ്ദേഹം ശ്രമിച്ചെങ്കിലും അവിടെ തങ്ങാന്‍ തുര്‍ക്കികള്‍ അദ്ദേഹത്തെ അനുവദിച്ചില്ല. പിന്നീടദ്ദേഹം റോമിലേക്കും അവിടെ നിന്ന്‌ ബര്‍ലിനിലേക്കും പോയി. പക്ഷെ മിക്ക പലസ്‌തീനികളും ആ പാതയല്ല സ്വീകരിച്ചത്‌. അവര്‍ ബ്രിട്ടീഷ്‌ സേനയില്‍ ചേരുകയും സഖ്യസേനയ്‌ക്കൊപ്പം പോരാടുകയും ചെയ്‌തു. ഇതിനിടയില്‍, യുദ്ധഭൂമിയില്‍ വച്ച്‌ അല്ലെങ്കില്‍ മരണശിക്ഷയിലൂടെ നിരവധി നേതാക്കളെ ബ്രിട്ടീഷുകാര്‍ കൊന്നു. മറ്റുള്ളവരെ നാടുകടത്തി. തങ്ങളുടെ ദേശീയവാദി ശത്രുക്കളെ കൈവശാധികാരമുള്ള ദ്വീപുകളിലേക്ക്‌ നാടുകടത്താനാണ്‌ ബ്രിട്ടീഷുകാര്‍ താല്‍പര്യപ്പെട്ടത്‌. മാള്‍ട്ട, സീഷെല്‍സ്‌, ശ്രീലങ്ക, ആന്‍ഡമാന്‍ ദ്വീപുകള്‍ തുടങ്ങിയ ഇടങ്ങളിലേക്ക്‌. മറ്റു നേതാക്കള്‍ക്കൊപ്പം എന്റെ മാതുലനെയും ഏതാനും വര്‍ഷങ്ങള്‍ സീഷെല്‍സിലേക്ക്‌ നാടുകടത്തുകയും അതിനു ശേഷം അനേകം വര്‍ഷങ്ങള്‍ ബെയ്‌റൂട്ടില്‍ പാര്‍പ്പിക്കുകയും ചെയ്‌തു. അതുകൊണ്ടുതന്നെ, ബ്രിട്ടണ്‍ ഒരിക്കലും തങ്ങളുടെ ചങ്ങാതിയാവില്ലെന്ന്‌ മിക്ക നേതാക്കളും തിരിച്ചറിഞ്ഞിരുന്നു. എന്റെ മാതുലന്റെ ഓര്‍മ്മക്കുറിപ്പുകള്‍ വായിച്ചാല്‍ നിങ്ങള്‍ക്കിത്‌ വ്യക്തമാകും-അദ്ദേഹം കൊടിയ, വിഷലിപ്‌ത ബ്രിട്ടീഷ്‌ വിരുദ്ധനായിരുന്നു. അദ്ദേഹം ദേശീയവാദിയും ബ്രിട്ടീഷ്‌ വിരുദ്ധനുമായിരുന്നു. എന്നാല്‍ വിപ്ലവം പലസ്‌തീനികളുടെ കാഴ്‌ചപ്പാടിലുണ്ടാക്കിയ മാറ്റം അനന്യമായിരുന്നു. താല്‍ക്കാലിക കോളനി ഭരണസമിതികളിലെ വരേണ്യരുടെ നിലപാടുകള്‍ക്കനുസൃതമായി, ബ്രിട്ടീഷുകാരെ അനുനയിപ്പിക്കാനാണ്‌ എല്ലാക്കാലത്തും നേതൃത്വം ശ്രമിച്ചിരുന്നത്‌. വിപ്ലവം അടിച്ചമര്‍ത്തപ്പെട്ടതോടെ ഇതിന്‌ മാറ്റം വന്നു.
ആത്യന്തികമായി, വിപ്ലവത്തിന്റെ പരാജയവും രണ്ടാം ലോക മഹായുദ്ധവും പലസ്‌തീനികളെ നിരായുധരാക്കി. വന്‍ശക്തികളായ യുഎസും സോവിയറ്റ്‌ യൂണിയനും സയണിസത്തെ പിന്തുണച്ചപ്പോള്‍, യഥാര്‍ത്ഥ ഭൂമികയില്‍ പലസ്‌തീന്‍ രാജ്യം സ്ഥാപിക്കപ്പെടുന്നത്‌ തടയാനായി ബ്രിട്ടീഷുകാര്‍ സയണിസ്റ്റുകള്‍ക്കും ജോര്‍ദാനികള്‍ക്കുമൊപ്പം ചേര്‍ന്നു. ബ്രിട്ടീഷ്‌ അനുശാസനം അവസാനിച്ച 1948 മേയ്‌ 15ന്‌, യുഎന്‍ വിഭജനം പ്രാബല്യത്തിലാവുന്നതിനും അറബ്‌ സേനകള്‍ കലഹത്തില്‍ ഇടപെടുന്നതിനും ഏതാനും മാസങ്ങള്‍ക്ക്‌ മുമ്പ്‌, 1947 നവംബറില്‍ സയണിസ്റ്റ്‌ സൈന്യം ആരംഭിച്ച കടന്നാക്രമണത്തെ നേരിടാന്‍ തക്കവണ്ണം പലസ്‌തീനികള്‍ സംഘടിതമായിരുന്നില്ല. അപ്പോഴേക്കും, സയണിസ്‌റ്റ്‌ സേനകള്‍ ജാഫയും ഹൈഫയും സഫദും ഡസന്‍ കണക്കിന്‌ ഗ്രാമങ്ങളും കൈയടക്കുകയും ഏകദേശം 350,000 പലസ്‌തീനികളെ കുടിയൊഴിപ്പിക്കുകയും യുഎന്‍ വിഭജന പദ്ധതി പ്രകാരം അറബ്‌ രാജ്യമാകേണ്ടിയിരുന്ന ഒന്നിനെ താറുമാറാക്കുകയും ചെയ്‌തിരുന്നു. അതായത്‌, ഇസ്രായേല്‍ രാജ്യം വിളംബരം ചെയ്യപ്പെടുകയും അറബ്‌-ഇസ്രായേല്‍ യുദ്ധം എന്നു വിളിക്കപ്പെടുന്നത്‌ ആരംഭിക്കുകയും ചെയ്യുന്നതിനു മുമ്പുതന്നെ പലസ്‌തീനികള്‍ പരാജയപ്പെട്ടിരുന്നു.

അറബ്‌-ഇസ്രായേല്‍ യുദ്ധം | PHOTO: FACEBOOK
ഇതിലൊക്കെയുള്ള യുണൈറ്റഡ്‌ സ്റ്റേറ്റ്‌സിന്റെ പങ്കിലേക്ക്‌ പിന്നീട്‌ നമുക്കുവരാം. പക്ഷെ, യുദ്ധം തുടരുന്നതിന്‌ ചെക്കസ്ലോവാക്യയുടെ ആയുധങ്ങള്‍ വിതരണം ചെയ്‌തുകൊണ്ട്‌ സയണിസ്റ്റുകളെ സോവിയറ്റ്‌ യൂണിയന്‍ പിന്തുണച്ചതിനെ നിങ്ങളെങ്ങനെ വിശദീകരിക്കും?

നിങ്ങള്‍ക്കറിയാവുന്നതുപോലെ, സ്‌റ്റാലിന്‍ മലക്കംമറിഞ്ഞു. ഒരു ഉറച്ച ദേശവിരുദ്ധ, സയണിസ്‌റ്റ്‌ വിരുദ്ധ ശക്തിയെന്ന നിലപാടില്‍ നിന്നും സോവിയറ്റ്‌ യൂണിയന്‍ പെട്ടെന്നൊരു ദിവസം ജൂതരാജ്യത്തിന്റെ വക്താക്കളായി മാറി. അറബ്‌ ലോകത്തെ കമ്മ്യൂണിസ്‌റ്റ്‌ പാര്‍ട്ടികള്‍ക്ക്‌ ഇത്‌ വലിയ പ്രഹരമായിരുന്നു. ഇതിനുപിന്നില്‍ നിരവധി ഉദ്ദേശങ്ങളുണ്ടായിരുന്നു എന്നു ഞാന്‍ കരുതുന്നു. യുണൈറ്റഡ്‌ സ്റ്റേറ്റ്‌സിനെ കവച്ചുവയ്‌ക്കാനുള്ള ഒരു ശ്രമം തീര്‍ച്ചയായുമുണ്ടായിരുന്നു. കൂടാതെ, ഇതൊരു സോഷ്യലിസ്‌റ്റ്‌ രാജ്യമാകുമെന്നും സോവിയറ്റ്‌ യൂണിയനോടൊപ്പം അണിചേരുമെന്നുമുള്ള ഒരു ധാരണ നിലനിന്നിരുന്നു. മധ്യേഷ്യയില്‍ ബ്രിട്ടീഷുകാരെ ദുര്‍ബലപ്പെടുത്താനും സ്റ്റാലിന്‍ ആഗ്രഹിച്ചിരുന്നു. വെളുത്ത വര്‍ഗ്ഗക്കാരുടെ പ്രാഥമിക സഹായികള്‍ ബ്രിട്ടീഷുകാരായിരുന്ന റഷ്യന്‍ ആഭ്യന്തരയുദ്ധകാലത്ത്‌, പിന്നീട്‌ സോവിയറ്റ്‌ യൂണിയന്റെ ഭാഗമായി മാറിയ തെക്കന്‍ പ്രദേശങ്ങളില്‍ പോരാടിക്കൊണ്ടാണ്‌ സ്‌റ്റാലിന്റെ തന്റെ യൗവനം ചിലവിട്ടതെന്ന്‌ ഓര്‍ക്കുക. വെള്ളക്കാര്‍ക്ക്‌ ധനസഹായം നല്‍കിയതും സായുധവല്‍ക്കരിച്ചതും പരിശീലനം നല്‍കിയതും ബ്രിട്ടീഷുകാരായിരുന്നു. ബാള്‍ട്ടിക്‌ മുതല്‍ കാസ്‌പിയന്‍ മുതല്‍ കരിങ്കടല്‍ വരെയുള്ള പ്രദേശങ്ങളില്‍, കര, നാവിക സേനകളെ പ്രദാനം ചെയ്‌തുകൊണ്ടുള്ള പിന്തുണയാണ്‌ അവര്‍ നല്‍കിയത്‌. തുടക്കം മുതല്‍ തന്നെ ബ്രിട്ടീഷുകാരോട്‌ കടുത്ത വിരോധമുണ്ടായിരുന്ന സ്‌റ്റാലിനെ, യുഎസ്‌എസ്‌ആറിന്റെ തെക്കന്‍ പ്രദേശങ്ങളില്‍ ബ്രിട്ടീഷ്‌ ശക്തി ഒരു വെല്ലുവിളിയാകുമെന്ന ഭയം ഒഴിയാബാധ പോലെ പിന്തുടര്‍ന്നിരുന്നു. പ്രദേശത്തുള്ള ബ്രിട്ടീഷുകാരുടെ പാവ അറബ്‌ ഭരണകൂടങ്ങളെ ദുര്‍ബലപ്പെടുത്താന്‍ സോവിയറ്റ്‌ യൂണിയന്‌ ലഭിക്കുന്ന ഒരവസരമായി അദ്ദേഹമിതിനെ കണ്ടു.

അതൊരു വിനാശകരമായ രാഷ്ട്രീയ ഇടപെടലായിരുന്നു. പക്ഷെ അതധികം നീണ്ടുനിന്നില്ല.

ഏതാനും വര്‍ഷങ്ങള്‍ മാത്രം. പക്ഷെ, തീര്‍ച്ചയായും. യുഎന്‍ പൊതുസഭയില്‍ നടന്ന വോട്ടെടുപ്പ്‌ പരിശോധിച്ചാല്‍, സോവിയറ്റ്‌ യൂണിയന്റെയും അവരുടെ ബൈലാറഷ്യന്‍, യുക്രേനിയന്‍ കൂട്ടിച്ചേര്‍ക്കലുകളുടെയും അവര്‍ സ്വാധീനിച്ചിരുന്ന രാജ്യങ്ങളുടെയും പിന്തുണയില്ലായിരുന്നെങ്കില്‍ വിഭജന പ്രമേയവുമായി മുന്നോട്ടു പോകാന്‍ അമേരിക്കക്കാര്‍ ബുദ്ധിമുട്ടുമായിരുന്നു. അവരത്‌ സാധിച്ചെടുത്തേക്കുമായിരുന്നു, പക്ഷെ തികച്ചും വ്യത്യസ്‌തമായ പരിണിതഫലത്തിലേക്ക്‌ അത്‌ നയിക്കുമായിരുന്നു. യുദ്ധമുഖത്താകട്ടെ, അറബ്‌ സേനകള്‍ക്കെതിരെ ഇസ്രായേലിന്‌ വിജയങ്ങള്‍ നേടിക്കൊടുക്കുന്നതില്‍ ചെക്കസ്ലോവാക്യന്‍ ആയുധങ്ങള്‍ നിര്‍ണായക പങ്കുവഹിക്കുകയും ചെയ്‌തു.

ഒട്ടോമന്മാരുടെ തകര്‍ച്ചയ്‌ക്കുശേഷം, ബ്രിട്ടീഷുകാര്‍ സ്ഥാപിച്ച രാജാധികാരികളും ഷെയ്‌ഖുഭരണാധികാരികളും ഉള്‍പ്പെടെയുള്ള അറബ്‌ വരേണ്യരിലേക്ക്‌ അത്‌ നമ്മളെ എത്തിക്കുന്നു. ബ്രിട്ടീകാരുമായുള്ള അവരുടെ സഖ്യവും ബ്രിട്ടീഷ്‌ സാമ്രാജ്യം സൃഷ്ടിച്ച ഈ സത്തയെ പരാജയപ്പെടുത്താന്‍ സഹായിക്കുന്നതില്‍ അവര്‍ക്കുണ്ടായ വീഴ്‌ചയും.

ഇവിടെ ഈജിപ്‌തിലെയും ജോര്‍ദ്ദാനിലെയും ഇറാഖിലെയും രാജശാസനങ്ങളാണ്‌ സുപ്രധാന പങ്കുവഹിച്ചത്‌. മുകളില്‍ നിന്നും താഴെ നിന്നുമുള്ള കനത്ത സമ്മര്‍ദങ്ങള്‍ക്ക്‌ അവര്‍ വിധേയരായിരുന്നു. ഒരുവശത്ത്‌, ഒരു പലസ്‌തീന്‍ രാജ്യം സ്ഥാപിച്ചുകാണാന്‍ ബ്രിട്ടുകാര്‍ തീരെ ആഗ്രഹിച്ചിരുന്നില്ല. പലസ്‌തീന്‍കാരോട്‌ അവര്‍ക്കപ്പോഴും കടുത്ത വിദ്വേഷമുണ്ടായിരുന്നു. സമാനമായി തന്നെ, രണ്ടാം ലോക മഹായുദ്ധത്തിന്റെ അവസാനം ഹഗന്നായും സ്‌റ്റേണ്‍ സംഘവും ഇര്‍ഗുനും അവര്‍ക്കതിരെ നടത്തിയ രക്തരൂക്ഷിതമായ പോരാട്ടങ്ങള്‍ മൂലം സയണിസ്‌റ്റുകളോടും അവര്‍ തുല്യരീതിയിലുള്ള വിദ്വേഷം വച്ചുപുലര്‍ത്തിയിരുന്നു. യുഎന്‍ വിഭജന പ്രമേയത്തില്‍ നിന്നും ബ്രിട്ടണ്‍ വിട്ടുനിന്നു. ഏതായാലും ഒരു ജൂതരാജ്യം സ്ഥാപിക്കപ്പെടുമായിരുന്നു. അത്‌ തടയാന്‍ ആര്‍ക്കും സാധിക്കുമായിരുന്നില്ല. ബ്രിട്ടീഷ്‌ ഓഫീസര്‍മാര്‍ നയിച്ചിരുന്ന ട്രാന്‍സ്‌ജോര്‍ദാനിലെ എമിര്‍ അബ്ദുള്ളയുടെ സേനകള്‍ക്ക്‌ നന്ദി പറയുക, തങ്ങളുടെ ആശ്രിത ഭരണകൂടങ്ങളിലൂടെ പലസ്‌തീന്റെ ഒരു ഭാഗത്ത്‌ തങ്ങളുടെ അധികാരം സന്ദുലിതമാക്കാനും സ്വാധീനം നിലനിറുത്താനും സാധിക്കുമെന്ന്‌ അവര്‍ പ്രതീക്ഷിച്ചു.
മറുവശത്ത്‌, പൊതുജനാഭിപ്രായത്തിന്റെ സമ്മര്‍ദ്ദം നിലനില്‍ക്കുന്നുണ്ടായിരുന്നു. അറബ്‌ ലോകത്തിന്‌ സയണിസത്തെ കുറിച്ച്‌ ആശങ്കകളുണ്ടായിരുന്നു. ഞാനിതിനെക്കുറിച്ചു ഗവേഷണം നടത്തിയപ്പോള്‍, പലസ്‌തീനുമായി ബന്ധപ്പെട്ട നൂറുകണക്കിന്‌ പത്രലേഖനങ്ങള്‍ ഇസ്‌താംബൂള്‍, ഡമാസ്‌കസ്‌, കെയ്‌റോ, ബെയ്‌റൂട്ട്‌ എന്നിവടങ്ങളില്‍ നിന്നു കണ്ടെത്തി.അറബ്‌ വിപ്ലവത്തിന്റെ കാലത്ത്‌ സിറിയയില്‍ നിന്നും ഈജിപ്‌തില്‍ നിന്നുമുള്ള സന്നദ്ധഭടന്മാര്‍ പോരാട്ട രംഗത്തിറങ്ങിയിരുന്നു. സയണിസ്‌റ്റുകള്‍ ദ്രുതഗതിയില്‍ മേല്‍കൈ നേടുകയും അറബ്‌ തലസ്ഥാനങ്ങളിലേക്ക്‌ അനാഥരായ അഭയാര്‍ത്ഥികള്‍ ഒഴുകിയെത്താനും തുടങ്ങിയതോടെ, 1947-48 കാലത്ത്‌ പലസ്‌തീനില്‍ തിരശ്ശീലയുയര്‍ന്ന മഹാദുരന്തത്തില്‍ ഇടപെടാനുള്ള പൊതുജന സമ്മര്‍ദം അയല്‍രാജ്യങ്ങളിലെ ഭരണകൂടങ്ങള്‍ക്ക്‌ മേലുണ്ടായി. ജോര്‍ദാനികള്‍ കടന്നുകയറണമെന്നും വെസ്‌റ്റ് ബാങ്കും കിഴക്കന്‍ ജെറുസലേമും പിടിച്ചടക്കണമെന്നും ബ്രിട്ടീഷുകാര്‍ ആഗ്രഹിച്ചു. ഇടപെടാന്‍ ഇജിപ്‌തിലേയും മറ്റ്‌ അയല്‍രാജ്യങ്ങളിലേയും ഭരണാധികാരികള്‍ക്കു മേല്‍ അവരുടെ ജനതകള്‍ തന്നെ സമ്മര്‍ദ്ദം ചെലുത്തി. പക്ഷെ, ബ്രിട്ടന്‍ പിന്‍വാങ്ങിയതിനുശേഷം, അവര്‍ അര്‍ദ്ധമനസോടെയുള്ള ഇടപെടലുകളാണ്‌ നടത്തിയത്‌. ഈ നടപടികള്‍, അബ്ദുല്‍ നാസര്‍ ഉള്‍പ്പെടെ വിഷയത്തില്‍ ഇടപെട്ട യുവ അറബ്‌ ഉദ്യോഗസ്ഥരെ തീവ്രനിലപാടുകള്‍ സ്വീകരിക്കുന്നതിലേക്ക്‌ നയിച്ചു. തന്റെ ഓര്‍മ്മക്കുറിപ്പുകളില്‍ അദ്ദേഹം ഇങ്ങനെ എഴുതുന്നു: "പോരാടാനുള്ള ഉപകരണങ്ങള്‍ ഞങ്ങള്‍ക്ക്‌ ലഭ്യമായില്ല. ഇസ്രായേലികള്‍ക്കെതിരെ പോരാടുമ്പോള്‍, നാട്ടിലെ ബ്രിട്ടീഷ്‌ നിയന്ത്രണത്തിലുള്ള അഴിമതി നിറഞ്ഞ ഏകാധിപത്യ ഭരണത്തെ കുറിച്ചാണ്‌ ഞങ്ങള്‍ ചിന്തിച്ചിരുന്നത്‌." ദേശീയവാദികളായ ഫ്രീ ഓഫീസേഴ്‌സ്‌ സംഘത്തിലെ രണ്ട്‌ അടുത്ത സഹപ്രവര്‍ത്തകരായ അബ്ദുല്‍ ഹക്കീം അമര്‍, സഖരിയ മൊയേദിന്‍ എന്നിവരോടൊപ്പം ഗാസയിലും റഫയിലും നിയോഗിക്കപ്പെട്ട നാസറിന്‌, കെയ്‌റോയിലെ പരമാധികാരത്തിനെതിരായ സാധാരണ പട്ടാളക്കാരുടെ രോഷം നേരിട്ടു മനസിലാക്കാന്‍ അവസരം ലഭിച്ചു: "നാണക്കേട്‌, നാണക്കേട്‌ നമുക്ക്‌ നാണക്കേട്‌", എന്നതായിരുന്നു ഈജിപ്‌തിലെ നാട്ടിന്‍പുറങ്ങളില്‍ ഉയര്‍ന്ന ഗാനം (3). യുദ്ധം ഫ്രീ ഓഫീസര്‍മാരുടെ ജനകീയത വര്‍ദ്ധിപ്പിക്കുകയും അതൊടുവില്‍ 1952ല്‍ രാജാധികാരത്തെ അധികാരഭ്രഷ്ടരാക്കുന്നതിലേക്ക്‌ നയിക്കുകയും ചെയ്‌തു. ഇറാഖികളെയും സിറിയക്കാരെയും സംബന്ധിച്ചും ഇത്‌ സത്യമായിരുന്നു. യുദ്ധം അവസാനിച്ചയുടന്‍ സിറിയയില്‍ പട്ടാള അട്ടിമറികളുടെ ഒരു പരമ്പര തന്നെയുണ്ടാവുകയും തുടര്‍ന്ന്‌ ഈജിപ്‌തിലും അതിനുശേഷം ഇറാഖിലും വിപ്ലവം നടക്കുകയും ചെയ്‌തു. ഇതില്‍ പങ്കെടുത്ത സൈനീക ഉദ്യോഗസ്ഥരെല്ലാം തന്നെ പലസ്‌തീനില്‍ പോരാടിയവരായിരുന്നു.

REPRESENTATIVE IMAGE | WIKI COMMONS
അപ്പോള്‍ പലസ്‌തീന്‍ വിഭജിക്കപ്പെട്ടു, പക്ഷെ ഐക്യരാഷ്ട്രസഭ അംഗീകരിച്ച പദ്ധതിപ്രകാരമല്ലായിരുന്നു.

മൊത്തത്തില്‍ പിടിച്ചടക്കണമെന്ന്‌ ബെന്‍-ഗൂരിയോണും സയണിസ്‌റ്റ്‌ നേതൃത്വവും ആഗ്രഹിച്ചിരുന്നെങ്കിലും അന്നത്‌ നേടിയെടുക്കാനുള്ള വിഭവങ്ങള്‍ അവര്‍ക്കുണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ 78 ശതമാനം എന്ന ഒത്തുതീര്‍പ്പിന്‌ സമ്മതിക്കാന്‍ അവര്‍ നിര്‍ബന്ധിതരായി.

അതിനു ശേഷം അര്‍ദ്ധ തുടര്‍ യുദ്ധങ്ങളുടെ കാലമായിരുന്നു. 1948 ലെ നഖ്ബയ്ക്ക് ശേഷം, പലസ്‌തീനിലെ മറ്റു സ്ഥലങ്ങളില്‍ നിന്നുള്ള അഭയാര്‍ത്ഥികളുടെ ആദ്യ തരംഗം ഗാസയിലെത്തി. നമ്മുടെ നിരവധി സുഹൃത്തുക്കളും അക്കൂട്ടത്തിലുണ്ടായിരുന്നു. അവര്‍ അതിനുമുമ്പൊരിക്കലും ഗാസയില്‍ ജീവിച്ചിരുന്നില്ല.

1948ല്‍ എത്തിയ അഭയാര്‍ത്ഥികളുടെ പിന്‍മുറക്കാരാണ്‌ ഇപ്പോള്‍ ഗാസ മുനമ്പിലുള്ള ജനസംഖ്യയില്‍ എണ്‍പതു ശതമാനവും. പിന്നിടും നെഗേവില്‍ നിന്നും മറ്റു പ്രദേശങ്ങളില്‍ നിന്നും കുടിയറക്കപ്പെട്ട ജനങ്ങളും അക്കൂട്ടത്തിലുണ്ട്‌. ഏതായാലും ഗാസയിലെ എണ്‍പതു ശതമാനം ജനങ്ങളും മറ്റെവിടെ നിന്നെങ്കിലും പലായനം ചെയ്‌തവരാണ്‌.

എന്റെ തലമുറയില്‍പെട്ട മിക്കവരെയും പോലെ, 1967ലെ ആറു ദിവസത്തെ യുദ്ധത്തിനു ശേഷമാണ്‌, പലസ്‌തീന്‍ നഖ്‌ബ എന്ന മഹാദുരന്തത്തിന്റെ വ്യാപ്‌തി ഞാനാദ്യം മനസിലാക്കുന്നത്‌. ബര്‍ട്രന്റ്‌ റസല്‍ ഫൗണ്ടേഷന്റെ നിര്‍ദ്ദേശപ്രകാരം ഒരു അന്വേഷണാത്മക റിപ്പോര്‍ട്ട്‌ തയ്യാറാക്കുന്നതിനായി അഭയാര്‍ത്ഥികളെ സന്ദര്‍ശിച്ചതായിരുന്നു ഞാനും റസലും സാത്രെയും ചേര്‍ന്ന്‌ വിളിച്ചുചേര്‍ത്ത അന്താരാഷ്ട്ര യുദ്ധ കുറ്റകൃത്യ ട്രൈബ്യൂണല്‍ വിയറ്റ്‌നാമില്‍ ചെയ്‌തതുപോലെ തന്നെ. ആ സന്ദര്‍ശനത്തില്‍ നിങ്ങളുടെ അര്‍ത്ഥ സഹോദരന്‍ വാലിദ്‌ ഖലീദിയെ ബയ്‌റൂട്ടിലുള്ള അദ്ദേഹത്തിന്റെ വീട്ടില്‍ വച്ചു കണ്ടത്‌ ഞാനൊരിക്കലും മറക്കില്ല. "എന്താണ്‌ സംഭവിച്ചതെന്ന്‌ നിങ്ങള്‍ക്കറിയാണോ?" അദ്ദേഹമെന്നോട്‌ ചോദിച്ചു. 1948 ഏപ്രിലില്‍ ദിര്‍ യാസിനില്‍ നടന്ന കൂട്ടക്കൊലയെ കുറിച്ച്‌ അദ്ദേഹമെന്നോട്‌ പറഞ്ഞു. എന്റെ കണ്ണുകള്‍ തുറിച്ചുവന്നു. എനിക്കിതറിയാന്‍ സാധിച്ചില്ല എന്ന വസ്‌തുത വിശ്വസിക്കാന്‍ എനിക്കുതന്നെ സാധിച്ചില്ല.

ആധുനിക പലസ്‌തീന്‍ നേതൃത്വത്തിന്റെ സ്ഥിരമായ ദൗര്‍ബല്യത്തെ നിങ്ങളെങ്ങനെ വിശദീകരിക്കും? മികച്ച വ്യക്തികള്‍ കൊല്ലപ്പെട്ടുവെന്നാണ്‌ ഞാന്‍ കരുതുന്നത്‌.

അതാണ്‌ ആദ്യത്തെ സുപ്രധാന വസ്‌തുത. പലസ്‌തീന്‍ നേതാക്കളെ വധിക്കുന്നത്‌ ഇസ്രായേലിന്റെ ഒരു സവിശേഷതയായി മാറിയിരിക്കുന്നു. "ഉയര്‍ത്തെഴുന്നേല്‍ക്കുക, ആദ്യം കൊല്ലുക," (Rise and Kill First) എന്ന പേരില്‍ റോനെന്‍ ബര്‍ഗ്മാന്‍ ഇതേക്കുറിച്ച്‌ രക്തം മരവിപ്പിക്കുന്ന ഒരു പുസ്‌തകമെഴുതിയിട്ടുണ്ട്‌. പുസ്‌തകത്തിന്റെ ശീര്‍ഷകം തന്നെ എല്ലാം വ്യക്തമാക്കുന്നുണ്ട്‌. ഇല്ലാതാക്കാന്‍ ആഗ്രഹിക്കുന്നവരെ വളരെ ശ്രദ്ധാപൂര്‍വം അവര്‍ തിരിഞ്ഞെടുക്കും. ചില അറബ്‌ ഭരണകൂടങ്ങളുടെ സഹായത്തോടെയാണ്‌ ഇതെന്ന കാര്യം എടുത്തു പറയണം: ഇസ്രായേലികളുടെ ഇത്തരം നീക്കങ്ങളെ ലിബിയയും ഇറാഖും സിറിയയും സഹായിച്ചിട്ടുണ്ട്‌. തങ്ങളുടെ ലക്ഷ്യങ്ങള്‍ ഇസ്രായേലികള്‍ക്ക്‌ കൃത്യമായി അറിയാം. ട്യൂണിസില്‍ അബു ജിഹാദിനെ വധിക്കാന്‍ അവര്‍ പോയപ്പോള്‍, മുഹമ്മദ്‌ അബ്ബാസിന്റെ വീടിനടുത്തുകൂടിയാണ്‌ അവര്‍ പോയത്‌. അദ്ദേഹത്തെ ഒരു അപകടമായി അവര്‍ കണ്ടില്ല, മറിച്ച്‌, അദ്ദേഹത്തെ ജീവിക്കാന്‍ അനുവദിക്കുകയും അതിനുശേഷം അവരദ്ദേഹത്തെ ഒരു പാവയായി ഉപയോഗിക്കുകയും ചെയ്യുന്നു. ഇതും ഒരു ബ്രിട്ടീഷ്‌ സവിശേഷതയാണ്‌.

പക്ഷെ, പലസ്‌തീന്‍ നേതൃത്വത്തിനുള്ളിലെ പ്രശ്‌നങ്ങള്‍ കൂടുതല്‍ ആഴത്തിലുള്ളതാണ്‌. 1930കളില്‍, പലസ്‌തീന്‍ വര്‍ഗഘടനയുടെ ഒരുല്‍പന്നം തന്നെയായിരുന്നു അത്‌-സ്വദേശവുമായി ബന്ധമില്ലാതിരുന്ന ഭൂവുടമ വരേണ്യര്‍ക്ക്‌ ബ്രിട്ടീഷുകാരെ എങ്ങനെ കൈകാര്യം ചെയ്യണം എന്ന കാര്യത്തില്‍ അവ്യക്തം അല്ലെങ്കില്‍ നിഷ്‌കളങ്കമായ ഒരു കാഴ്‌ചപ്പാടാണ്‌ ഉണ്ടായിരുന്നത്‌. 1960കള്‍ മുതല്‍, പലസ്‌തീന്‍ നേതാക്കളുടെ അനന്തര തലമുറകളുടെ ഭാഗത്തു നിന്നുള്ള ആഗോള വീക്ഷണത്തിന്റെ അഭാവം ഒരു പ്രധാന പ്രശ്‌നം തന്നെയായിരുന്നു. കോളനി വിരുദ്ധ പ്രസ്ഥാനങ്ങള്‍ പരിശോധിക്കുകയാണെങ്കില്‍,-അള്‍ജീരിയക്കാര്‍, വിയറ്റ്‌നാമുകാര്‍ അല്ലെങ്കില്‍ ഇന്ത്യക്കാര്‍- ആഗോള അധികാര സന്ദുലനത്തെ കുറിച്ചും എങ്ങനെയാണ്‌ സാമ്രാജ്യത്വ ശക്തികള്‍ പ്രവര്‍ത്തിക്കുന്നത്‌ എന്നതിനെ കുറിച്ചും സ്വന്തം പ്രദേശങ്ങളിലെ പൊതുജനാഭിപ്രായം എങ്ങനെ രൂപീകരിക്കണം എന്നതിനെ കുറിച്ചും ആഗോളപരിജ്ഞാനത്തിന്റെ പിന്‍ബലമുള്ളവരായിരുന്നു അവയൊക്കെ നയിച്ചിരുന്നത്‌. നെഹ്രുവിനും മൈക്കിള്‍ കോളിന്‍സിനും ഡി വലേറയ്‌ക്കും ഇതിനെക്കുറിച്ച്‌ ധാരണയുണ്ടായിരുന്നു. അള്‍ജീരിയന്‍ നേതൃത്വത്തിന്‌ ഫ്രാന്‍സിനെ അറിയാമായിരുന്നു. അവരുടെ ഏഴാമത്തെ "വിലായ" അല്ലെങ്കില്‍ എഫ്‌എല്‍എന്‍ പ്രവിശ്യ എന്നു വിളിക്കുന്നത്‌ ഫ്രാന്‍സിനുള്ളിലായിരുന്നു. ബ്രിട്ടീഷ്‌, അമേരിക്കന്‍ രാഷ്ട്രീയവും അവിടെ നടക്കുന്ന വിശാലമായ രാഷ്ട്രീയ, രഹസ്യാന്വേഷണ പ്രവര്‍ത്തനങ്ങളും മനസിലാക്കിയതുകൊണ്ടാണ്‌ 1921ല്‍ അയര്‍ലന്റ്‌ വിജയം കൈവരിച്ചത്‌. അത്തരത്തിലുള്ള അറിവോ നൈപുണ്യമോ ഒരിക്കലും പലസ്‌തീന്‍ നേതൃത്വത്തിനുണ്ടായിരുന്നില്ല. ഇത്‌ ആത്മനിന്ദപരമാണ്‌ എന്ന്‌ തോന്നുമെന്നതിനാല്‍ തന്നെ ഞാനതിനെ വെറുക്കുന്നുണ്ടെങ്കിലും അത്‌ യാഥാര്‍ത്ഥ്യമാണ്‌.

റഷീദ്‌ ഇസ്‌മയില്‍ ഖാലിദി | PHOTO: FACEBOOK
ആദ്യ കാലഘട്ടത്തിലെ പലസ്‌തീന്‍ വരേണ്യരെ നിങ്ങള്‍ എങ്ങനെ വിശേഷിപ്പിക്കും? പലസ്‌തീനിലെ നൂറ്റാണ്ടു യുദ്ധത്തില്‍, രണ്ടു പലസ്‌തീന്‍ ഗോത്രങ്ങളായ ഖാലിദികളെയും ഹുസൈനികളെയും കുറിച്ചുള്ള വിസ്‌മയകരമായ ധാരണകള്‍ നിങ്ങള്‍ പങ്കുവച്ചിട്ടുണ്ട്‌. നിങ്ങളുടെ കാഴ്‌ചപ്പാടുകള്‍ ബൗദ്ധീകവും പണ്ഡിതോചിതവുമാണ്‌. പ്രത്യേകിച്ചും പ്രായോഗികവും നേതൃത്വപരവുമായ ചുമതലകള്‍ നേടിയെടുക്കാന്‍ ഹുസൈനികള്‍ ആഗ്രഹിച്ചിരുന്നു എന്ന നിലപാടില്‍. ഇത്തരത്തിലുള്ള വര്‍ഗഘടന പലസ്‌തീന്റെ സവിശേഷതയാണോ അതോ അറബ്‌ ലോകത്തിലെ മറ്റെവിടെയെങ്കിലും ഏതെങ്കിലും രൂപത്തില്‍ നിലനിന്നിരുന്നോ

വരേണ്യര്‍-വരേണ്യരുടെ രാഷ്ട്രീയം  എന്ന പ്രയോഗമായിരുന്നു എന്റെ അദ്ധ്യാപകന്‍ ആല്‍ബര്‍ട്ട്‌ ഹൗറാനി ഉപയോഗിച്ചിരുന്നത്‌. അദ്ദേഹം വംശങ്ങളെക്കാള്‍ കുടുംബങ്ങളെ കുറിച്ചായിരുന്നു സംസാരിച്ചിരുന്നത്‌; അതൊരു ആദിവാസി ജനവിഭാഗമായിരുന്നില്ല. ഒട്ടോമന്‍ സാമ്രാജ്യത്തിലെ അറബ്‌ പ്രവിശ്യകളിലെല്ലാം തന്നെ ഇത്തരത്തിലുള്ള സാമൂഹ്യഘടന നിലനിന്നിരുന്നു; മതത്തിലും നിയമത്തിലും സര്‍ക്കാരിലും വ്യവഹരിച്ചിരുന്ന നഗരവരേണ്യരായിരുന്നു അവര്‍; മിക്കപ്പോഴും, ഭൂവുടമകളും വ്യാപാരത്തില്‍ മുഴുകിയിരുന്നവരുമായിരുന്നു. ഈ സാമൂഹ്യശ്രേണിയിലുള്ളവര്‍ പൊതുവര്‍ഗങ്ങളില്‍ നിന്നും ശാരീരീകാദ്ധാനത്തില്‍ നിന്നും അകലം പാലിക്കുകയും മിക്കപ്പോഴും വാണീജ്യത്തില്‍ നിന്നു തന്നെ വിട്ടുനില്‍ക്കുകയും ചെയ്‌തു. ഇത്‌ നൂറ്റാണ്ടുകളോളം നീണ്ടുനിന്ന ഒട്ടോമന്‍ രാഷ്ട്രീയത്തിലേക്കും അതിനു മുമ്പ്‌ മാമലുക്‌ സാമ്ര്യാജ്യത്തിലേക്കും വ്യാപിച്ചു കിടക്കുന്നു. 14, 15 നൂറ്റാണ്ടുകളിലെ മാമലുക്‌ നിയമവ്യവസ്ഥയില്‍ എന്റെ കുടുംബത്തിലെ അംഗങ്ങള്‍ ഇടപെട്ടിരുന്നു. മുഗളന്മാരുടെ കീഴില്‍ നിങ്ങളുടെ നാട്ടിലുണ്ടായിരുന്ന ഭരണസംവിധാനത്തിനും സഫാവിഡുകള്‍ക്കും ഒട്ടോമന്മാര്‍ക്കും അനുയോജ്യരായിരുന്നു ഈ വരേണ്യര്‍. അവരില്‍ ചിലര്‍ ആധുനികയുഗവുമായി ഇഴുകിച്ചേര്‍ന്നു. മതാധിഷ്ടിത പരിശീലനത്തിനു പകരം അവര്‍ മാള്‍ട്ടയിലെ അല്ലെങ്കില്‍ ഇസ്‌താംബൂളിലെ അതുമല്ലെങ്കില്‍ അമേരിക്കയിലെ മിഷണറി സ്ഥാപനങ്ങളിലേക്ക്‌ പോയി. അവര്‍ ആധുനിക വിദ്യാഭ്യാസമാര്‍ജ്ജിച്ചു; തലപ്പാവ്‌ അല്ലെങ്കില്‍ ഫെസ്‌ ധരിക്കുന്നതിനു പകരം അവര്‍ മുന്തിയ തൊപ്പി ധരിച്ചു. പക്ഷെ ബ്രിട്ടീഷുകാരുമായി ഇടപെടുന്നതില്‍ അവര്‍ തീര്‍ത്തും അശക്തരായിരുന്നു.
1948ഓടെ സാമൂഹികഘടന പൂര്‍ണമായും നശിപ്പിക്കപ്പെട്ടു. നൂറ്റാണ്ടുകളായി പലസ്‌തീന്‍ സമൂഹത്തില്‍ മേധാവിത്വം പുലര്‍ത്തിയിരുന്ന വര്‍ഗത്തിന്റെ ഭൗതീകാടിത്തറ അപ്രത്യക്ഷമായി. ഭൂവുടമകള്‍ക്ക്‌ ഭൂമി നഷ്ടമായി, വ്യാപാരികള്‍ക്ക്‌ കച്ചവടമില്ലാതായി അങ്ങനെ, അങ്ങനെ. അപൂര്‍വ അപവാദങ്ങളൊഴിച്ചാല്‍, ഈ വരേണ്യരാരും 1948ന്‌ ശേഷം പുനരുജ്ജീവിച്ചില്ല. സാമൂഹിക വിപ്ലവത്തിലൂടെ മറ്റു മിക്ക അറബ്‌ സമൂഹങ്ങളും വിപ്ലവവല്‍ക്കരിക്കപ്പെട്ടതുപോലെ പലസ്‌തീന്‍ സമൂഹവും അനിവാര്യമായി വിപ്ലവവല്‍ക്കരിക്കപ്പെട്ടു. 1950കളില്‍, ഇറാഖിലും സിറിയയിലും ഈജിപ്‌തിലുമൊക്കെ പുരാതന വരേണ്യ, ഭൂവുടമ വര്‍ഗങ്ങള്‍ക്ക്‌ സ്ഥാനഭ്രംശം സംഭവിച്ചു. ഡമാസ്‌കസിലെ അസീമുകള്‍ പോലുള്ള രാജവംശങ്ങള്‍ രാഷ്ട്രീയത്തില്‍ നിന്നുതന്നെ അപ്രത്യക്ഷമായി. നഖ്ബയുടെ ഫലമായി പലസ്‌തീനിലും സമാന സംഭവമുണ്ടായി. ഒരര്‍ത്ഥത്തില്‍, വിദ്യാഭ്യാസം സിദ്ധിച്ച മധ്യവര്‍ഗങ്ങള്‍ക്ക്‌ അത്‌ വാതിലുകള്‍ തുറന്നിടുകയായിരുന്നു. എനിക്ക്‌ ഓര്‍ത്തെടുക്കാന്‍ കഴിയുന്ന ഒരേയൊരു അപവാദം ഫൈസല്‍ ഹുസൈനിയാണ്‌; 1948ന്‌ ശേഷം, പുരാതന വരേണ്യ വര്‍ഗത്തില്‍ നിന്നും പലസ്‌തീന്റെ പ്രമുഖ നേതൃത്വത്തിലേക്ക്‌ വന്ന ഒരേയൊരാള്‍ അദ്ദേഹമാണ്‌. 1948ലെ യുദ്ധത്തില്‍ കൊല്ലപ്പെട്ട ഒരു ശ്രേഷ്‌ഠ സൈനീകോദ്യോഗസ്ഥന്റെ പുത്രനായിരുന്നു അദ്ദേഹം.

വിഖ്യാത പലസ്ഥീന്‍ പണ്‌ഠിതനും എഴുത്തുകാരനുമായ റഷീദ്‌ ഇസ്‌മയില്‍ ഖാലിദിയുമായി മറ്റൊരു പ്രമുഖ എഴുത്തുകാരനും പത്രപ്രവര്‍ത്തകനുമായ താരിഖ്‌ അലി നടത്തിയ ദീര്‍ഘ സംഭാഷണത്തില്‍ നിന്നുള്ള ഭാഗം.

കടപ്പാട്‌. ന്യൂലെഫ്‌റ്റ്‌ റിവ്യൂ.







#outlook
Leave a comment