TMJ
searchnav-menu
post-thumbnail

Outlook

ചലച്ചിത്ര ദേശീയ ഭാവനയും, നെഹ്റുവിന്റെ ഇന്ത്യയും

03 Jul 2023   |   6 min Read

'ജനാധിപത്യം എന്നാല്‍ സഹിഷ്ണുത എന്നാണ്. സഹിഷ്ണുത നമ്മോട് യോജിക്കുന്നവരോട് മാത്രമല്ല, നമ്മോട് യോജിക്കാത്തവരോടും.'
ജവഹര്‍ലാല്‍ നെഹ്‌റു.

ര്‍ത്തമാനകാലഘട്ടത്തിലെ ഏറ്റവും പ്രശ്നകാരിയായ വിഷയ മേഖലയായി ചരിത്രം മാറിയിരിക്കുന്നു. ഇന്ത്യാ മഹാരാജ്യത്തിന്റെ ചരിത്രത്തെ ഭാഗംവച്ച്, പൗരാണിക ഇന്ത്യയെ ഹിന്ദു ഇന്ത്യയെന്നും, മധ്യകാലഘട്ടത്തെ മുസ്ലീം ഇന്ത്യയെന്നും വിളിച്ച് രാജ്യത്തെ മതാടിസ്ഥാനത്തില്‍ ഭിന്നിച്ചു ഭരിച്ച തന്ത്രത്തിലെ പ്രധാന ആയുധമായിരുന്നു ചരിത്രം. ചരിത്ര പാഠപുസ്തകങ്ങളെ വക്രീകരിച്ചും, ചില ഭാഗങ്ങളെ ഇല്ലാതാക്കിയും മുന്നോട്ടുപോകുന്ന ഇന്ത്യാ മഹാരാജ്യത്ത് മതത്തെ അടിസ്ഥാനപ്പെടുത്തിയുള്ള ചലച്ചിത്രാവിഷ്‌ക്കാരത്തിലൂടെ ചരിത്രത്തെ ആ പഴയ കൊളോണിയല്‍ രീതിയിലുള്ള ആയുധമാക്കുവാനുള്ള ശ്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നു. പുതിയ ചലച്ചിത്രങ്ങള്‍ സൃഷ്ടിക്കുന്ന 'ജനപ്രിയ' ചരിത്രാവിഷ്‌ക്കാരത്തിന്റെ ക്യാമറ നെഹ്റൂവിയന്‍ ഇന്ത്യയിലേക്കു തിരിക്കേണ്ടതിന്റെ അനിവാര്യതയാണ് ലേഖനത്തിന്റെ പ്രമേയം. ഈ തിരിക്കല്‍ നെഹ്റുവിലേക്കുള്ള തിരിച്ചുപോക്കായി കരുതേണ്ടതില്ല. മറിച്ച്, ജനാധിപത്യ ഇന്ത്യയുടെ പ്രാരംഭ ദിശയിലെ ചുവടുമാറ്റത്തിന് അനുകൂലമായ ഘടകമായി ചലച്ചിത്രങ്ങളെ മാറ്റിയ ഭരണനേതൃത്വത്തിന്റെ മികവിനെയും, തുറവിയെയും, സഹിഷ്ണുതയെയും അതു സൃഷ്ടിച്ച ഇന്ത്യാ സംസ്‌കാരത്തെയും സൂചിപ്പിക്കുകയാണ് ലക്ഷ്യം. ആര്‍ക്കൈവുകളില്‍ സംരക്ഷിച്ചുപോരുന്ന ചലച്ചിത്രങ്ങള്‍ ചരിത്ര ആധാരങ്ങളായി റീലുകളില്‍ വിശ്രമിക്കുമ്പോള്‍, അവ ഒരുകാലത്ത് ചലിപ്പിച്ചിരുന്നത് ഇന്ത്യയുടെ ജനാധിപത്യ, മതേതര, ബഹുസ്വര മൂല്യങ്ങളെ ആയിരുന്നു എന്ന് ചരിത്രം തന്നെ സാക്ഷ്യപ്പെടുത്തുന്നുണ്ട്. നെഹ്റുവിന്റെ മായ്ക്കാന്‍ പറ്റാത്ത കൈയ്യൊപ്പും ഈ ചലച്ചിത്ര ചരിത്ര ആധാരങ്ങളില്‍ പതിഞ്ഞിട്ടുണ്ട്. 

നീണ്ട കൊളോണിയല്‍ അധീശത്വ ഭരണത്തിന്‍ കീഴില്‍ സ്വാതന്ത്ര്യമെന്തെന്നറിയാതെ കഴിഞ്ഞ, ഇന്ത്യാ മഹാരാജ്യത്തിന്റെ ദേശീയ ഭാവനകള്‍ ഇതള്‍ വിരിച്ച കാലഘട്ടമായിരുന്നു 1947 മുതല്‍ 1964 വരെ. നെഹ്റൂവിയന്‍ ഇന്ത്യയെന്നും, കാലഘട്ടവുമെന്നൊക്കെ വിളിക്കുന്ന ഈ 17 വര്‍ഷങ്ങള്‍ ബ്രിട്ടീഷ് ഇന്ത്യയില്‍ നിന്നും സ്വതന്ത്ര ഇന്ത്യയിലേക്കുള്ള പറിച്ചുനടീലിന്റെ ചരിത്ര കാലഘട്ടമായിരുന്നു. അനുഭവിക്കാത്ത സ്വതന്ത്ര ചിന്തകള്‍ നെഹ്റൂവിയന്‍ ആലയില്‍ നിന്നും തീച്ചൂളയില്‍ വികസിച്ച സ്വപ്നങ്ങളുടെ തേരില്‍ മുന്നോട്ടു കുതിച്ചപ്പോള്‍, യഥാര്‍ത്ഥ ലോകത്തിനൊപ്പം സഞ്ചരിച്ച് പുതിയ ദേശത്തിന്റെ സാമൂഹിക ഭാവനയെ കഥയിലൂടെയും, സംഭാഷണങ്ങളിലൂടെയും, ഗാനങ്ങളിലൂടെയും, കഥാപാത്രങ്ങളിലൂടെയും ഷോട്ടുകള്‍ തോറും കൊരുത്തെടുത്ത ചലച്ചിത്ര ലോകവും കൂടെയുണ്ടായിരുന്നു. ദേശ ഭാവനയുടെ ലോകം ചലച്ചിത്ര ലോകത്തു നിന്നും സാമൂഹിക ലോകത്തിലേക്ക് വിന്യസിക്കേണ്ടത് ദേശ രാഷ്ട്രത്തിന്റെ കുതിപ്പിനാവശ്യമായ ഘടകം തന്നെയായിരുന്നുവെന്ന് നെഹ്റുവിന് ഉത്തമ ബോധ്യമുണ്ടായിരുന്നു. ഇന്ത്യയിലുടനീളം കൊട്ടകകള്‍ വഴിയുള്ള ഈ ദേശീയതയുടെ പ്രസരണം സാധ്യമാക്കിയതിലും തനതായ ഇടപെടലുകള്‍ നടത്തിയ രാഷ്ട്ര നേതാവായിരുന്നു ജവഹര്‍ലാല്‍ നെഹ്റു. സ്വതന്ത്ര ഇന്ത്യയിലെ ഒരു സിനിമാറ്റിക് ടേണ്‍ നടക്കേണ്ടതിന്റെ അനിവാര്യത ഗ്രഹിക്കുകയും ജനാധിപത്യത്തിനാവശ്യമായ പൊതുമണ്ഡലത്തെ സൃഷ്ടിക്കുന്നതില്‍ നേതൃത്വം വഹിച്ച നെഹ്റു കലാകാരന്മാരുടെയും, സ്വതന്ത്ര ചിന്തകരുടെയും സ്വാതന്ത്ര്യത്തിനു വിഘ്നം വരുന്ന ഒരു ഭരണകൂട നിലപാടും സ്വീകരിച്ചില്ല. തന്റെ ഭരണത്തെപ്പോലും ചലച്ചിത്രങ്ങള്‍ വിമര്‍ശനത്തിനു വിധേയപ്പെടുത്തിയപ്പോള്‍, അതു കലാലോകത്തിന്റെ സ്വാതന്ത്രത്തിന്റെ ഭാഗമായി കാണുകയും സ്വയം വിമര്‍ശനത്തിനു വിധേയനാകുകയുമാണ് ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ചെയ്തത്. 

REPRESENTATIONAL IMAGE
ചലച്ചിത്ര ദേശീയ ഭാവനയെന്താണ്?

കൊടിയ സാമ്പത്തിക ചൂഷണത്തില്‍ നിന്നും 1947 ല്‍ ഇന്ത്യ നേടിയ സ്വാതന്ത്ര്യം പല വെല്ലുവിളികളേയും നേരിടേണ്ടിയിരുന്നു. പുതിയ സ്വതന്ത്ര രാജ്യത്തിലെ പൗരന്മാരുടെ ദൈനംദിന ജീവിതത്തിലൂടെ സഞ്ചരിക്കുന്ന ചലച്ചിത്രത്തിന്, സാമൂഹിക മാറ്റത്തിന്റെയും, ആധുനികവല്‍ക്കരണത്തിന്റെയും, മതേതരത്വ സമഭാവനയുടെയും ജീവിത കഥകള്‍ പറയുവാന്‍ സാധിച്ചാല്‍ വിഭജനത്തിന്റെയും, വിദ്വേഷത്തിന്റെയും മുറിവുകളെ ഒരുപരിധിവരെ സൗഖ്യമാക്കുവാന്‍ സാധിക്കുമെന്ന് നെഹ്റു മനസ്സിലാക്കിയിരുന്നു. ഇതു തന്നെയാണ് ഇന്ത്യ കണ്ട ദേശീയതയുടെ ചലച്ചിത്ര ഭാവനകള്‍. ശാസ്ത്രജ്ഞന്മാരുടെയും, സാങ്കേതിക വിദഗ്ധരുടെയും, വ്യവസായ പ്രമുഖരുടെയും കൂട്ടായ്മയെ ഉണ്ടാക്കിയെടുത്തതുപോലെ കലാകാരന്മാരുടെയും, സാഹിത്യകാരന്മാരുടെയും, അഭിനേതാക്കളുടെയും പുതിയ സാംസ്‌കാരിക ലോകത്തെ സൃഷ്ടിക്കുവാനും നെഹ്റുവിനു സാധിച്ചു. ഇന്ത്യയ്ക്കകത്തും, വിദേശത്തുമുള്ള നെഹ്റുവിന്റെ സുഹൃദ്ബന്ധങ്ങള്‍ ജനാധിപത്യമൂല്യങ്ങളില്‍ അടിയുറച്ച സംവാദാത്മക ലോകത്തെ രൂപപ്പെടുത്തുന്നതിനെ ത്വരിതപ്പെടുത്തുന്നതിനു കാരണമായി. കലാകാരന്മാരുടെ സ്വാതന്ത്ര്യം ജനാധിപത്യ ഇന്ത്യയിലെ സവിശേഷ സാമൂഹിക ഭാവനയ്ക്കാധാരമായി. ഇതിന്റെ അലയടികള്‍ ശക്തമായി കണ്ടത് സിനിമാ മേഖലയിലായിരുന്നു. വളരെ തിരക്കുപിടിച്ച ഔദ്യോഗിക ജീവിതത്തിലും അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധനേടിയ ബാറ്റില്‍ഷിപ്പ് പൊട്ടംകിനും, ചാപ്ളിന്‍ സിനിമകളും, സത്യജിത്ത് റായിയുടെ പഥേര്‍ പാഞ്ചാലിയും കാണുവാന്‍ നെഹ്റുവിനു സാധിച്ചു. നെഹ്റുവിന്റെ സോഷ്യലിസ്റ്റ് മനസ്സിന്റെ കൂടി പ്രതിഫലനവും അഭ്രപാളികളില്‍ ദൃശ്യമായത് സാമൂഹിക നീതിയുടെ ചലച്ചിത്ര ഭാവനാ ലോകത്തിലൂടെയാണ്. ഇതിലൂടെയെല്ലാം രൂപപ്പെട്ടുവന്ന ദേശീയബോധവും, പൊതുമണ്ഡലവും ഒരു നവ ജനാധിപത്യ രാജ്യത്തിന്റെ നിലനില്പിന് അവിഭാജ്യഘടകം തന്നെയായിരുന്നു.

ചലച്ചിത്ര വ്യവസായ / ആസ്വാദന സ്ഥാപകവല്‍ക്കരണം

ചലച്ചിത്രമെന്നത് കലാരൂപമാണെങ്കിലും അതിന്റെ വികസനത്തിനാവശ്യമായ സ്ഥാപനങ്ങളെ സൃഷ്ടിക്കുന്നതില്‍ നെഹ്റു അതീവ ശ്രദ്ധ ചെലുത്തിയിരുന്നു. ഇന്ത്യയിലെ ഐ.ഐ.റ്റികളും, ശാസ്ത്രീയ ഗവേഷണത്തിന് ലബോറട്ടറികളും സ്ഥാപിച്ച അതേ വീര്യത്തോടു കൂടിയാണ് ചലച്ചിത്രങ്ങളുടെ നിര്‍മാണത്തിനും, ആശയ വിതരണത്തിനും അത്യന്താപേക്ഷിതമായ സ്ഥാപനങ്ങള്‍ക്ക് നെഹ്റു തുടക്കം കുറിച്ചത്. നെഹ്റുവിന്റെ ശാസ്ത്രബോധം ഉരുത്തിരിഞ്ഞുവന്നത് അദ്ദേഹത്തിന്റെ ചരിത്ര - സാമൂഹിക ബോധത്തില്‍ നിന്നുമായതുകൊണ്ട് പുതിയ ദേശ രാഷ്ട്രത്തിന്റെ നിര്‍മാണത്തില്‍ സാംസ്‌കാരിക പരീക്ഷണശാലകള്‍ കൂടി വേണമെന്ന സാമൂഹിക ബോധവും തിരിച്ചറിവും അദ്ദേഹത്തിനുണ്ടായിരുന്നു. 1952-ല്‍, ഇന്ത്യയിലെ ആദ്യ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തെ അഭിസംബോധന ചെയ്തുകൊണ്ട് നാഷണല്‍ ഫിസിക്കല്‍ ലബോറട്ടറിയില്‍ നെഹ്‌റു ഇങ്ങനെ പറഞ്ഞു: ''സിനിമ ജനങ്ങളുടെ ജീവിതത്തില്‍ ശക്തമായ സ്വാധീനം ചെലുത്തുന്നു. അതിന് അവരെ ശരിയായും തെറ്റായും പഠിപ്പിക്കാന്‍ കഴിയും... അവര്‍ ജീവിതത്തില്‍ കലാപരവും സൗന്ദര്യപരവുമായ മൂല്യങ്ങള്‍ അവതരിപ്പിക്കുകയും സൗന്ദര്യത്തെ അതിന്റെ എല്ലാ വശങ്ങളിലും വിലമതിക്കാന്‍ പ്രോത്സാഹിപ്പിക്കുകയും വേണം എന്നാണ് ഞാന്‍ അര്‍ത്ഥമാക്കുന്നത്. കേവലം സെന്‍സേഷണല്‍ അല്ലെങ്കില്‍ മെലോഡ്രാമാറ്റിക് അല്ലെങ്കില്‍ കുറ്റകൃത്യങ്ങളില്‍ നിന്ന് മൂലധനം ഉണ്ടാക്കുന്ന സിനിമകള്‍ പ്രോത്സാഹിപ്പിക്കപ്പെടില്ലെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.  നമ്മുടെ സിനിമാ വ്യവസായം ഈ ആദര്‍ശം അതിനുമുമ്പില്‍ നിലനിര്‍ത്തിയാല്‍, അത് നല്ല അഭിരുചിയെ പ്രോത്സാഹിപ്പിക്കുകയും പുതിയ ഇന്ത്യയെ നിര്‍മിക്കുന്നതിലേക്കുള്ള വഴി വെട്ടിതെളിക്കുകയും ചെയ്യും.'

നെഹ്റു ആദ്യ ഇന്ത്യൻ ഇൻറർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ (1952) ഉദ്ഘാടനത്തിനു ശേഷം ദേശീയ അന്തർദ്ദേശീയ ചലിച്ചിത്ര പ്രതിഭകൾക്കൊപ്പം | PHOTO: NATlONAL FILM ARCHIVES
ഇന്ത്യയുടെ സോഷ്യലിസ്റ്റ് ആശയങ്ങളുടെ വേരുറപ്പിക്കല്‍ നടന്ന കാലഘട്ടം കൂടിയായിരുന്നു നെഹ്റുവിന്റെ ഭരണകാലം. യൂറോപ്പില്‍ മാത്രമാണ് ആ കാലഘട്ടത്തില്‍ അന്താരാഷ്ട്ര ഫിലിം മേളകള്‍ നടന്നിരുന്നത്. മൂന്നാം ലോകരാജ്യങ്ങളുടെ അന്തസും നിലപാടും കാട്ടികൊടുക്കുന്ന നെഹ്റൂവിയന്‍ രാഷ്ട്രീയത്തിന്റെ പ്രതിഫലനം കൂടിയായിരുന്നു 1952 ലെ ചലച്ചിത്ര മേള. നെഹ്റുവിന്റെ സോഷ്യലിസ്റ്റ് പ്രണയത്തെ സംശയിച്ച അമേരിക്ക ഇന്ത്യയുടെ ആദ്യ ചലച്ചിത്ര മേളയെ ഒരു കമ്മ്യൂണിസ്റ്റ് ആശയ പ്രചരണ ഗൂഢാലോചനയായി ('communist shenanigan') കണക്കാക്കിയിരുന്നു. നെഹ്റുവിന്റെ രാഷ്ട്രീയം ചേരിചേരാ നയത്തിലധിഷ്ഠിതമായിരുന്നു എന്നത് 1951 ലെ ഐക്യരാഷ്ട്രസഭയുടെ ചര്‍ച്ചകളില്‍ നിന്നു തന്നെ വെളിവാക്കിയിരുന്നു എന്നത് ചരിത്ര സത്യമാണ്. അമേരിക്കയുടെ സമീപന രീതികള്‍ എന്തു തന്നെയായാലും ആദ്യത്തെ ഇന്ത്യന്‍ അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ യൂറോപ്യന്‍ / അമേരിക്കന്‍ / റഷ്യന്‍ ചലച്ചിത്രങ്ങള്‍ പ്രദര്‍ശിക്കപ്പെടുകയും വലിയ തുടര്‍ചര്‍ച്ചകള്‍ സാധ്യമാകുകയും ചെയ്തു. അന്നു പ്രദര്‍ശിപ്പിച്ച ഇറ്റാലിയന്‍ സിനിമ 'ബൈസിക്കിള്‍ തീവ്സ്' ഇന്ത്യയിലെ നവസിനിമാ സംരംഭകര്‍ക്ക് ഏറെ പ്രചോദനമായി. മൊത്തത്തില്‍ ഇന്ത്യയിലെ ചലച്ചിത്ര പ്രവര്‍ത്തകര്‍ക്ക് വലിയ ആവേശമായ അനുഭവമായിരുന്നു മേള. ഇന്ത്യയിലെ ചലച്ചിത്ര സംരംഭങ്ങളെ വിജയിപ്പിക്കുവാനുതകുന്ന സെമിനാറുകളും ഈ കാലഘട്ടത്തില്‍ സംഘടിപ്പിച്ചിരുന്നു. സംവാദത്തിലും സംഭാഷണങ്ങളിലും ഉരുത്തിരിഞ്ഞുവന്ന ചലച്ചിത്ര ആശയങ്ങള്‍ ഇന്ത്യന്‍ ദേശ രാഷ്ട്ര നിര്‍മിതിയിലും, വിമര്‍ശനത്തിലും വലിയ പങ്കുവഹിച്ചു എന്നുള്ളത് ചരിത്ര സത്യമായി മാറി. 

ചൂഷണത്തെ എതിര്‍ത്ത ദേശീയ സിനിമ

1949 ല്‍ ഒരു ഫിലിം എന്‍ക്വയറി കമ്മിറ്റി (FEC) യെ നിയമിച്ചായിരുന്നു സ്വതന്ത്ര ഇന്ത്യയിലെ ചലച്ചിത്ര വികസനത്തിനുവേണ്ട നയങ്ങള്‍ നെഹ്റു രൂപപ്പെടുത്തുവാന്‍ തുടങ്ങിയത്. ഇതേത്തുടര്‍ന്ന് ദേശീയ ചലച്ചിത്ര സെമിനാര്‍ 1955 ല്‍ സംഘടിപ്പിച്ചു. സാധാരണക്കാരായ മിടുക്കരായ ചലച്ചിത്ര മോഹികളെ സാമ്പത്തികമായി സഹായിക്കേണ്ടതിനും, വാണിജ്യ സിനിമകള്‍ക്കൊപ്പം സമാന്തര, കലാമൂല്യമുള്ള ആര്‍ട് ഫിലിമുകള്‍ നിര്‍മിക്കുവാനും 1960 ല്‍ ഫിലിം ഫിനാന്‍സ് കോര്‍പ്പറേഷനെ സ്ഥാപിച്ചു. സമാന്തര സിനിമയുടെ അദ്ഭുതകരമായ വളര്‍ച്ച കണ്ട രാജ്യം, ലോകപ്രശസ്തരായ സംവിധായകന്മാരെ വാര്‍ത്തെടുക്കുന്നതിലും ഈ ധനസഹായം കാരണമായി മാറി. സത്യജിത് റായിയും, അടൂര്‍ ഗോപാലകൃഷ്ണനുമടക്കമുള്ള ചലച്ചിത്ര സംവിധായകര്‍ക്ക് വളരാന്‍ പറ്റിയ സാഹചര്യമാണ് അന്ന് ദേശത്തു സംജാതമായത്. തുടര്‍ന്നു 1960 ല്‍ സ്ഥാപിതമായ ഫിലിം ആന്റ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (FTII), ഇന്ത്യയിലെ ചലച്ചിത്ര രംഗത്ത് വിദഗ്ധരെ വാര്‍ത്തെടുക്കുന്ന ദൗത്യമാണ് നിര്‍വഹിച്ചത്. കലാപരമായും, സാങ്കേതികപരമായും ചലച്ചിത്ര രംഗത്തിന്റെ വികസനത്തിന് അനിവാര്യമായ പ്രതിഭാശാലികളെയും, വിദഗ്ധരെയും പരിശീലിപ്പിക്കുന്ന ചലച്ചിത്ര കളരിയായി FTII (Pune) മാറി. ഒരു ചലച്ചിത്ര സംസ്‌കാരം നിര്‍മിക്കുന്നതിനായുള്ള സംരംഭം മാത്രമായിരുന്നില്ല നെഹ്റുവിന്റെ ആശയം. കൊളോണിയല്‍/ ഫ്യൂഡല്‍ സംസ്‌കാരത്തില്‍ നിന്നുള്ള വിമോചനത്തിനും, ആധുനികതയുടെ ലോക സംസ്‌കാരത്തിലേക്കുള്ള സമീപന മാറ്റത്തിനും (paradigm shift) ചലച്ചിത്രങ്ങള്‍ക്ക് സ്തുത്യര്‍ഹമായ പങ്കുവഹിക്കാനുണ്ടെന്നുള്ള ബോധ്യം ഇന്ത്യയുടെ അന്താരാഷ്ട്ര വിദഗ്ധന്‍ കൂടിയായ നെഹ്റുവിനുണ്ടായിരുന്നു. ജാതി വെറിയും, മേല്‍ കീഴ് ചൂഷണ വ്യവസ്ഥയും കൊടികുത്തി വാണിരുന്ന ദേശ രാഷ്ട്രത്തിന്റെ വിമോചനത്തിന് ആവശ്യമായ സാംസ്‌കാരിക ശക്തി നിര്‍മിക്കേണ്ടത് സാധാരണ ജനങ്ങളുടെ ഇടയിലായതുകൊണ്ട്, അത്തരത്തിലുള്ള വ്യവസ്ഥകള്‍ക്കെതിരേയുള്ള പ്രമേയങ്ങളായിരുന്നു അക്കാലത്തെ മിക്ക ഹിന്ദി ചലച്ചിത്രങ്ങളും ദൃശ്യാവിഷ്‌ക്കാരം നടത്തിയത്.


ചലച്ചിത്ര ലോകത്തിന്റെ ജനകീയവല്‍ക്കരണം

ആധുനിക ഇന്ത്യയിലേക്കുള്ള കുടമാറ്റം കലാരംഗത്തിലൂടെ, പ്രത്യേകിച്ച് ചലച്ചിത്രങ്ങളിലൂടെ സാധ്യമാകേണ്ടതിന്, ആധുനിക സംസ്‌കാരത്തിന്റെ മൂലക്കല്ലായ വ്യക്തിസ്വാതന്ത്ര്യത്തിന് വളരെ മൂല്യം കല്‍പ്പിച്ച രാഷ്ട്ര നേതാവായിരുന്നു നെഹ്റു. ഇതിനായുള്ള പ്രവര്‍ത്തനങ്ങളുടെ വേഗതയ്ക്ക് നെഹ്റൂവിയന്‍ ഇന്ത്യയില്‍ നിലവില്‍ വന്ന ഫിലിം ക്ലബുകള്‍, ഗ്രാമങ്ങളിലും നഗരങ്ങളിലും വലിയ ചലനങ്ങളാണ് സൃഷ്ടിച്ചത്. നെഹ്റുവിന്റെ കാലത്ത് ഇന്ത്യയിലേക്ക് ക്ഷണിച്ചുവരുത്തിയ മേരീ സെറ്റണ്‍ എന്ന പ്രശസ്തയായ ബ്രിട്ടീഷ് ചലച്ചിത്ര പ്രവര്‍ത്തകയും നിരൂപകയും കുറേക്കാലം താമസിച്ചത് നെഹ്റുവിന്റെ ഔദ്യോഗിക വസതിയായ തീന്‍ മൂര്‍ത്തിയിലായിരുന്നു. ഇന്ത്യയിലെ ഫിലിം സൊസൈറ്റി മുന്നേറ്റത്തിന് വലിയ പ്രേരക ഘടകമായത് സെറ്റണായിരുന്നു എന്നത് നെഹ്റുവിന്റെ അന്താരാഷ്ട്ര ബന്ധങ്ങളെ ഊട്ടിയുറപ്പിക്കുന്ന വസ്തുതയാണ്. ശാസ്ത്ര, സാമ്പത്തിക മേഖലകളിലും ഇങ്ങനെ ധാരാളം വിദഗ്ധരുടെ ആശയ പ്രവര്‍ത്തന മേഖല ഇന്ത്യയായിരുന്നു എന്നത് വിരല്‍ചൂണ്ടുന്നത് നെഹ്റുവിന്റെ വ്യക്തിപ്രഭയിലേക്കും, ജനാധിപത്യ സംരംഭക സംസ്‌കാരത്തിലേക്കുമാണ്. ഇന്ത്യയില്‍ ചുറ്റിക്കറങ്ങിയ സിനിമാ പ്രദര്‍ശന മേളകളും ( itinerant film exhibitions) തുടര്‍ ചര്‍ച്ചകളും ചലച്ചിത്രങ്ങളിലെ സാമൂഹിക വിമോചനമൂല്യങ്ങള്‍ക്ക് വിവിധ തലങ്ങളില്‍പ്പെട്ട പൗരന്മാര്‍ക്ക് പുതിയ അനുഭവപാഠങ്ങളാണ് തീര്‍ത്തത്.

നെഹ്റുവും പഥേര്‍ പാഞ്ചാലിയും

നെഹ്റുവിന്റെ കാലത്ത് ഉയര്‍ന്നുവന്ന പ്രഗത്ഭനായ ചലച്ചിത്ര പ്രതിഭയായിരുന്നു സത്യജിത് റായ്. 1955 ല്‍ ബംഗാള്‍ ഗവണ്‍മെന്റിന്റെ സാമ്പത്തിക സഹായത്താല്‍ നിര്‍മാണം പൂര്‍ത്തിയായ പഥേര്‍ പാഞ്ചാലി എന്ന ചലച്ചിത്രം നെഹ്റു കണ്ടത് അതിന്റെ സംവിധായകനായ റായിക്കൊപ്പമിരുന്നാണ്. ഓരോ സീനിന്റെയും സംഭാഷണവിവര്‍ത്തനം നടത്തിയ റായിയെ വളരെ ശ്രദ്ധാപൂര്‍വമാണ് നെഹ്റു കേട്ടിരുന്നത്. ആധുനിക ഇന്ത്യയുടെ ആദ്യ ആധുനിക സിനിമയാണ് താന്‍ കാണുന്നതെന്ന് നെഹ്റുവിനു ബോധ്യപ്പെട്ടിരുന്നു. പാരലല്‍ സിനിമയ്ക്കുവേണ്ട സഹായങ്ങള്‍ നെഹ്റുവിന്റെ ഇന്ത്യയില്‍ ലഭ്യമായത് ചലച്ചിത്രത്തെ ദേശീയ മൂല്യങ്ങളും പ്രശ്നങ്ങളും പഠിക്കുവാനുള്ള പരീക്ഷണശാലകളായ സാഹചര്യത്തിലായിരുന്നു. ഇന്ത്യയിലെ ദാരിദ്ര്യത്തെ വിറ്റുകാശാക്കുന്ന ചലച്ചിത്രമെന്ന് പഥേര്‍ പാഞ്ചാലിയെക്കുറിച്ച് നടി നര്‍ഗീസിന്റെ പരാമര്‍ശത്തിന്, നെഹ്റു പ്രതികരിച്ചത്, ഇന്ത്യയിലെ ദാരിദ്ര്യത്തിന്റെ സഹാനുഭൂതിയോടെയുള്ള ആവിഷ്‌ക്കാരമാണ് താന്‍ പഥേര്‍ പാഞ്ചാലിയില്‍ കാണുന്നത് എന്നാണ്. കലാകാരന്റെ സ്വാതന്ത്ര്യത്തെ മാനിക്കുക മാത്രമല്ല ഇന്ത്യയുടെ പ്രധാനമന്ത്രി ചെയ്തത്, ഇന്ത്യയിലെ ഏറ്റവും രൂക്ഷമായ ദാരിദ്ര്യത്തെ അംഗീകരിക്കുക കൂടിയാണ്. കൂടാതെ കാന്‍ മേളയിലേക്ക് ഈ ചലച്ചിത്രം എത്തണമെന്നും കൂട്ടിച്ചേര്‍ത്തു അദ്ദേഹം. കാന്‍ മേളയില്‍ ആദ്യം ജൂറികള്‍ ഈ ചലച്ചിത്രം കാണാതെ പോകുകയും, പിന്നീട് കണ്ടതിനുശേഷം പ്രശംസകള്‍ ചൊരിഞ്ഞത് മൂന്നാംലോക ചലച്ചിത്രത്തിനു കിട്ടിയ അംഗീകാരം കൂടിയായിരുന്നു; നെഹ്റുവിന്റെ ഇന്ത്യയ്ക്കും!

നെഹ്റു സത്യജിത് റായിക്കൊപ്പം | PHOTO: NATlONAL FILM ARCHIVES
നെഹ്റുവിനെ ചോദ്യംചെയ്ത ചലച്ചിത്ര ഭാവന

സ്വതന്ത്ര ഇന്ത്യയുടെ കുതിപ്പും കിതപ്പും വിജയങ്ങളും തോല്‍വിയുമൊക്കെ തിരക്കഥയിലൂടെയും, ഗാനങ്ങളിലൂടെയും, താര ശരീരങ്ങളിലൂടെയും ദൃശ്യവല്‍ക്കരിച്ചു മുന്നേറിയ ഇന്ത്യന്‍ ചലച്ചിത്ര ലോകം നെഹ്റുവിനെ പ്രശംസിക്കാനും വിമര്‍ശിക്കാനും മടി കാണിച്ചില്ല, ഭയപ്പെട്ടിരുന്നില്ല എന്നു കൂട്ടിച്ചേര്‍ത്തു പറയാം. മദര്‍ ഇന്ത്യയും (1957) ബൂട്ട് പോളീഷ് (1954) ദോ ബിഗാ സമീന്‍ (1953) മുന്നാ (1954) പഥേര്‍ പാഞ്ചാലി (1955) ബാസി (1951) മിസ്റ്റര്‍ ആന്റ് മിസ്സിസ് 55 (1955) പ്യാസാ (1957) നയാ ദൗര്‍ (1957) എന്നീ ചലച്ചിത്രങ്ങളില്‍ കാണുവാന്‍ സാധിക്കുന്നത് ഇന്ത്യയുടെ രൂപാന്തരീകരണത്തിന്റെ ചലച്ചിത്ര ആ വിഷ്‌ക്കാരം കൂടിയാണ്. ഇന്ത്യയുടെ ബഹുസ്വരതയും, വൈവിധ്യങ്ങളും, ആണ്‍ പെണ്‍ ലോകങ്ങളും, പട്ടിണിയും ആഡംബരവും, മതേതരത്വ മൂല്യങ്ങളും അതിനെല്ലാം ഉപരിയായി ഇന്ത്യയെന്ന ആശയവുമാണ് അഭ്രപാളികളില്‍ ആളിക്കത്തിയത്. നെഹ്റുവിന്റെ സാമ്പത്തിക നയങ്ങളുടെ പരാജയപ്പെട്ട ചില സാഹചര്യങ്ങളെയും ചലച്ചിത്രങ്ങള്‍ ചോദ്യം ചെയ്തിരുന്നു. പഞ്ചവത്സര പദ്ധതികളുടെ പരിമിതികളെയും ചോദ്യം ചെയ്ത ചലച്ചിത്രം (പ്യാസാ) ഉയര്‍ത്തിയ ചോദ്യം ഞങ്ങളുടെ ഇന്ത്യയുടെ അഭിമാനമായ താങ്കള്‍ ഇപ്പോള്‍ എവിടെയാണ് എന്നാണ് ? 



വെട്ടിമാറ്റാന്‍ പറ്റാത്ത നെഹ്റു

സര്‍വാധികാരത്തിലും തിളങ്ങി നിന്നപ്പോഴും രാജ്യത്തിന്റെ സര്‍വ രക്ഷാസന്നാഹങ്ങളും തന്റെ നിയന്ത്രണത്തിലായിരുന്നപ്പോഴും, ഈ സിനിമാറ്റിക് ഭാവനകളെ സഹിഷ്ണുതയോടെയാണ് നെഹ്റു കണ്ടത്. ചലച്ചിത്രങ്ങള്‍ ഇന്ത്യയില്‍ കണ്ട പ്രശ്നങ്ങള്‍, അതിനും എത്രയോ മുമ്പ് നെഹ്റുവിലെ ചരിത്രകാരനും, സാമൂഹ്യ ശാസ്ത്രജ്ഞനും കണ്ടുപിടിച്ചതാണ് എന്ന ബലത്തിലാണ് സിനിമയിലെ ഇന്ത്യയെ നെഹ്റു കണ്ടത്. അതുകൊണ്ടുതന്നെ രാഷ്ട്ര നേതാവിന്റെ സിനിമാനോട്ടം, യാഥാര്‍ത്ഥ്യത്തെ ചലച്ചിത്രവത്ക്കരിച്ചതിന്റെ സാധ്യതയെ അംഗീകരിച്ചായിരുന്നു. അധികാരിയുടെ ആധികാരിക നോട്ടത്തിലൂടെ വെട്ടിച്ചുരുക്കുമായിരുന്ന ഭരണ സംവിധാനത്തിന്റെ കത്രിക കൈയിലുണ്ടായിരുന്ന പ്രധാനമന്ത്രിയായിരുന്നു അന്ന് നെഹ്റു എന്ന ഭരണാധികാരിയെന്നത് ഇന്നത്തെ ഇന്ത്യ വിസ്മരിക്കരുത്. നെഹ്റുവിന്റെ നാമത്തെ കത്രികകൊണ്ട് വെട്ടിമാറ്റുമ്പോള്‍ വീണ്ടും വീണ്ടും തെളിഞ്ഞു വരുന്ന ചരിത്ര പുരുഷനാണ് നെഹ്റു. ഇന്ത്യയുടെ ആധുനികതയുടെ ആരാധനാലയങ്ങളായി ഡാമുകളെ കണ്ട നെഹ്റുവിന്റെ, വീക്ഷണകോണിലൂടെ നോക്കിയാല്‍ തെളിഞ്ഞുവരുന്ന സാംസ്‌കാരിക ആരാധനാലയങ്ങളായിരുന്നു ചലച്ചിത്രങ്ങളും, അത് പ്രദര്‍ശിപ്പിച്ച സിനിമാശാലകളും. അത്തരത്തിലുള്ള സിനിമകളുടെയും, സാംസ്‌കാരിക ഇടങ്ങളുടെയും വീണ്ടെടുക്കല്‍ കൂടി സാധ്യമാക്കേണ്ട കാലഘട്ടത്തിലൂടെയാണ് ദേശ രാഷ്ട്രം കടന്നുപൊയ്ക്കൊണ്ടിരിക്കുന്നത്. ഈ ലേഖനത്തിന്റെ തുടക്കത്തില്‍ കൊടുത്തിരിക്കുന്ന നെഹ്റുവിന്റെ വാക്കുകള്‍ ചലച്ചിത്ര ലോകത്തോട് അദ്ദേഹം കാണിച്ച ആദരവും സഹിഷ്ണുതയും കൂടിയായിരുന്നു എന്ന ഓര്‍മപ്പെടുത്തല്‍ മാത്രമായി ചുരുക്കാതെ, ഇന്ത്യന്‍ ജനാധിപത്യത്തിന്റെ വ്യത്യസ്ത മുഖങ്ങളിലേക്ക് എല്ലാക്കാലത്തും വെളിച്ചം വീശുന്ന ചൂണ്ടുപലകയായിട്ടാണ് കാണേണ്ടത്; വര്‍ത്തമാനകാലത്തിനുവേണ്ട ആര്‍ക്കൈവുകളെ നിരന്തരം സൃഷ്ടിക്കുന്ന ചൂണ്ടുപലക.


Leave a comment