TMJ
searchnav-menu
post-thumbnail

Outlook

പുതിയ അന്തര്‍ സംസ്ഥാന കുടിയേറ്റ തൊഴില്‍ നിയമം എങ്ങനെയാവണം?

09 Aug 2023   |   8 min Read
The Malabar Journal

കേരളത്തിലെ കുടിയേറ്റ തൊഴിലാളികളുടെ ജീവിതവും അവര്‍ നേരിടുന്ന പ്രശ്‌നങ്ങളും ഒരു വശത്ത് ചര്‍ച്ച ചെയ്യുമ്പോള്‍, കുടിയേറ്റ തൊഴിലാളികളാല്‍ അരക്ഷിതമാവുന്ന ഒരു അന്തരീക്ഷം കേരളത്തില്‍ രൂപപ്പെടുന്നു എന്നുള്ള യാഥാര്‍ത്ഥ്യത്തെ കൂട്ടിച്ചേര്‍ത്തുകൊണ്ടാണ് പുതിയ കുടിയേറ്റ തൊഴില്‍ നിയമം കേരളത്തില്‍ രൂപപ്പെട്ട് വരേണ്ടത്. കുടിയേറ്റ തൊഴിലാളികള്‍ കുടുംബമായി താമസിക്കുന്ന അന്തരീക്ഷത്തെ കൂടുതല്‍ പ്രോത്സാഹിപ്പിക്കേണ്ടതും അവര്‍ക്കിടയില്‍ കൂടുതല്‍ ഇടപെടലുകള്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തേണ്ടതുമാണ്.എറണാകുളം ജില്ലയിലെ ആലുവയില്‍ ഉണ്ടായ അതിദാരുണമായിട്ടുള്ള സംഭവത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തില്‍ പുതിയ കുടിയേറ്റ തൊഴില്‍ നിയമം രൂപീകരിക്കുമെന്ന കേരളത്തിലെ തൊഴില്‍ വകുപ്പ് മന്ത്രിയുടെ പ്രസ്താവനയെ ആധാരപ്പെടുത്തിയാണ് ഈ ലേഖനം മുന്നോട്ട് പോകുന്നത്. തൊഴില്‍ വകുപ്പ് മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇപ്രകാരമാണ്.  

'അതിഥി തൊഴിലാളികളുടെ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കുന്ന നിയമം കേരളത്തില്‍ കൊണ്ടുവരുന്ന കാര്യം പരിഗണനയില്‍. നിലവില്‍ അന്തര്‍ സംസ്ഥാന കുടിയേറ്റ തൊഴിലാളി നിയമം-1979 നെ ആണ് ഇക്കാര്യത്തില്‍ ആശ്രയിക്കുന്നത്. സംസ്ഥാനത്ത് എത്തുന്ന ഏതൊരു അതിഥി തൊഴിലാളിയും രജിസ്റ്റര്‍ ചെയ്യപ്പെടണം. അതിനാവശ്യമായ സംവിധാനം തൊഴില്‍ വകുപ്പ് ഒരുക്കും. ആവാസ് ഇന്‍ഷൂറന്‍സ് കാര്‍ഡ് അതിഥി തൊഴിലാളികള്‍ക്കായി ഏര്‍പ്പെടുത്തിയിട്ടുണ്ട്. നിലവില്‍ 5 ലക്ഷത്തില്‍ പരം അതിഥി തൊഴിലാളികള്‍ ഇതില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതില്‍ രജിസ്റ്റര്‍ ചെയ്യാത്ത തൊഴിലാളികളെ  കണ്ടെത്തി രജിസ്റ്റര്‍ ചെയ്യിക്കാനുള്ള നടപടികള്‍ തൊഴില്‍ വകുപ്പ് കൈക്കൊള്ളും. നിലവിലെ നിയമപ്രകാരം കോണ്‍ട്രാക്ടര്‍ മുഖേന അഞ്ചോ അതിലധികമോ അതിഥി തൊഴിലാളികളെ ജോലി ചെയ്യിക്കാന്‍ മാത്രമേ ലേബര്‍ ഓഫീസില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതുള്ളൂ. ഇക്കാര്യത്തില്‍ മാറ്റം വരുത്തി  ഓരോ തൊഴിലാളിയും രജിസ്റ്റര്‍ ചെയ്യേണ്ട സാഹചര്യമുണ്ടാക്കണം. സംസ്ഥാനത്ത് എത്തുന്ന അതിഥി തൊഴിലാളികള്‍ക്ക് അതത് സംസ്ഥാനങ്ങളിലെ പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കാനാകുമോ എന്ന കാര്യം പരിശോധിക്കും. അതിഥി തൊഴിലാളികളെ കുറിച്ചുള്ള സമഗ്ര വിവരങ്ങള്‍ അടങ്ങിയ, തൊഴിലാളികള്‍ക്ക് രജിസ്റ്റര്‍ ചെയ്യാനുള്ള അതിഥി ആപ്പ് അടുത്ത മാസം പുറത്തിറക്കും. ഇതുമായി ബന്ധപ്പെട്ട് വ്യാപകമായ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടത്തും. തൊഴില്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ ലേബര്‍ ക്യാമ്പുകളിലും തൊഴില്‍ പരിസരങ്ങളിലും നേരിട്ട് എത്തി അതിഥി ആപ്പില്‍ ഓരോ തൊഴിലാളിയെ കൊണ്ടും രജിസ്റ്റര്‍ ചെയ്യിപ്പിക്കും.'

1979 ലെ നിയമം പുതിയ കാലഘട്ടത്തിനു അനുയോജ്യമോ?

ഈ നിയമം 1979 ജൂണ്‍ 11-ന് ഇന്ത്യന്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുകയും 1987 ജൂണ്‍ മുതല്‍ ഇന്ത്യയില്‍ പ്രാബല്യത്തില്‍ വരികയും ചെയ്തു. അഞ്ചോ അതിലധികമോ അന്തര്‍സംസ്ഥാന തൊഴിലാളികളുള്ള എല്ലാ സ്ഥാപനങ്ങള്‍ക്കും അഞ്ചോ അതിലധികമോ അന്തര്‍സംസ്ഥാന തൊഴിലാളികള്‍ ജോലി ചെയ്യുന്ന എല്ലാ കരാറുകാര്‍ക്കും ഈ നിയമം ബാധകമാണ്. ഈ നിയമത്തിന്റെ ആദ്യ അധ്യായത്തില്‍ നിയമവുമായി ബന്ധപ്പെട്ട നിര്‍വചനങ്ങള്‍ പരാമര്‍ശിക്കുന്നുണ്ട്. അതില്‍ പ്രധാനപ്പെട്ട ഒന്ന് കോണ്‍ട്രാക്ടര്‍ എന്ന പദമാണ്. ഒരു സ്ഥാപനവുമായി ബന്ധപ്പെട്ട് 'കോണ്‍ട്രാക്ടര്‍' എന്നാല്‍ തൊഴില്‍ ഏറ്റെടുക്കുന്ന വ്യക്തി എന്നാണ് ഈ നിയമം പറയുന്നത്. അപ്പോള്‍ കുടിയേറ്റ തൊഴിലാളിയെ ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ ഉടമ പോലും കരാറുകാരന്‍ എന്ന നിര്‍വചനത്തില്‍ വരും. കുടിയേറ്റത്തൊഴിലാളികളില്‍ നിന്ന് തൊഴിലാളികളെ  വ്യാവസായിക നിര്‍മാണ മേഖലയില്‍ വിതരണം ചെയ്യുന്നവ്യക്തികള്‍ 'കരാറുകാരന്‍' എന്ന പദത്തിന് കീഴിലോ രജിസ്‌ട്രേഷനിലോ വരുന്നില്ല എന്നത് ഗൗരവപരമായ വസ്തുതയാണ്.

നിയമമനുസരിച്ച്, 'ഇന്റര്‍-സ്റ്റേറ്റ് മൈഗ്രന്റ് വര്‍ക്ക്മാന്‍' എന്നാല്‍ 'റിക്രൂട്ട് ചെയ്യപ്പെട്ട' ഏതൊരു വ്യക്തിയെയും അര്‍ത്ഥമാക്കുന്നു. ഒരു കരാര്‍ അല്ലെങ്കില്‍ മറ്റ് തൊഴില്‍ ക്രമീകരണത്തിന് കീഴിലുള്ള ഒരു സംസ്ഥാനത്തെ ഒരു കരാറുകാരനോ സ്ഥാപനവുമായി ബന്ധപ്പെട്ട പ്രധാന തൊഴിലുടമയുടെ അറിവോടെയോ കേരള സംസ്ഥാനത്തെ ഒരു സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന വ്യക്തിയെ അന്തര്‍സംസ്ഥാന കുടിയേറ്റ തൊഴിലാളികള്‍ എന്ന് വിളിക്കുന്നു. ഈ നിയമത്തിന്റെ നിര്‍വ്വചനം അനുസരിച്ച് സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം കുടിയേറ്റ തൊഴിലാളികളുടെ എണ്ണം ശരിയാണെന്ന് ഒരാള്‍ക്ക് വാദിക്കാം. കാരണം, കേരളത്തില്‍ നടപ്പാക്കുന്ന ആവാസ് ഇന്‍ഷുറന്‍സ് (2019 മുതല്‍ നിശ്ചലം), മൈഗ്രന്റ് വെല്‍ഫെയര്‍ സ്‌കീം (നിര്‍മ്മാണ മേഖലയുമായി ബന്ധപെട്ടത്), അപ്നാ ഘര്‍ (വ്യവസായ മേഖലയില്‍ തിരഞ്ഞെടുക്ക പെടുന്നവര്‍ മാത്രം ഉള്‍ക്കൊള്ളുന്നത്) എന്നി മൂന്ന്  സാമൂഹിക സുരക്ഷാ ക്ഷേമ പദ്ധതികളില്‍ അംഗങ്ങളായ കുടിയേറ്റ തൊഴിലാളികളുടെ ആകെ എണ്ണം 6 ലക്ഷത്തില്‍ താഴെയാണ് (വിവരാവകാശ നിയമം വഴി ലേഖകര്‍ക്കു ലഭിച്ചത്). അതേസമയം, കേരളത്തിലെ കുടിയേറ്റ തൊഴിലാളികളുടെ യഥാര്‍ത്ഥ എണ്ണം പരിശോധിച്ചാല്‍, ആധുനിക സമൂഹത്തിന്റെ സമകാലിക സാമൂഹിക സാഹചര്യത്തില്‍ ഈ നിയമത്തിന്റെ നിര്‍വചനം അനുയോജ്യമല്ലെന്ന് നമുക്ക് പറയാം. 2021-ല്‍ കേരള ആസൂത്രണ ബോര്‍ഡ് നടത്തിയ പഠനത്തില്‍ കേരളത്തിലെ മൊത്തം കുടിയേറ്റ തൊഴിലാളികളുടെ എണ്ണം 28 ലക്ഷം മുതല്‍ 34 ലക്ഷം വരെയാണ്. കണക്കുകളിലെ ഈ പ്രശ്‌നത്തിനുള്ള ഒരു കാരണം അടിസ്ഥാന നിര്‍വ്വചനം കൂടിയാണ്.

REPRESENTATIONAL IMAGE
നിയമത്തിലെ അധ്യായം നാലില്‍ കരാറുകാരുടെ കടമയെ കുറിച്ച് പ്രതിപാദിക്കുന്നുണ്ട്.. കുടിയേറ്റ തൊഴിലാളികള്‍ അവരുടെ ജോലിയില്‍ പ്രവേശിച്ചു  15 ദിവസത്തിനുള്ളില്‍ അവരുടെ രേഖകള്‍ തയ്യാറാക്കേണ്ട രീതിയെക്കുറിച്ച് പ്രതിപാദിക്കുന്നു. നിയമം ഉണ്ടാക്കിയതിന് ശേഷം സമൂഹം നാലു  പതിറ്റാണ്ട് പിന്നിട്ടിരിക്കുന്നു. കുടിയേറ്റത്തിന്റെ സ്വഭാവം മാറി. സീസണല്‍ മൈഗ്രേഷന്‍, സൈക്ലിക് മൈഗ്രേഷന്‍, റെസിഡന്‍ഷ്യല്‍ മൈഗ്രേഷന്‍ തുടങ്ങിയ വ്യത്യസ്ത മൈഗ്രേഷന്‍ പാറ്റേണുകള്‍ സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. ഞങ്ങളുടെ ഫീല്‍ഡ് വര്‍ക്കില്‍, പ്രത്യേക ലക്ഷ്യങ്ങളില്ലാത്ത കുടിയേറ്റ തൊഴിലാളികളെയും ഞങ്ങള്‍ കണ്ടിട്ടുണ്ട്. നിയമം അനുശാസിക്കുന്ന രീതിയിലുള്ള കുടിയേറ്റം ഇന്ന് നിര്‍മ്മാണ, വ്യവസായ മേഖലകളില്‍ മാത്രമേ പ്രാബല്യത്തില്‍ വരൂ. അതും പരിമിതമായ അന്തരീക്ഷത്തില്‍.

കൂലി ചൂഷണവും, കൂലി മോഷണവും കുടിയേറ്റ തൊഴിലാളികള്‍ക്കിടയില്‍ തുടരുകയാണ്. 1948-ലെ വേതന നിയമത്തിന്റെ അഞ്ചാം അധ്യായത്തില്‍ കുടിയേറ്റ തൊഴിലാളികള്‍ക്ക് വേതനം നല്‍കണമെന്ന് പറയുന്നു. എന്നാല്‍ കുടിയേറ്റ തൊഴിലാളികള്‍ക്ക് നിയമപ്രകാരം ശമ്പളം ലഭിക്കുന്നില്ല. ശമ്പളത്തില്‍ വിവേചനം വ്യക്തമാണ്. നിയമം വേതന ചൂഷണത്തെ പ്രത്യേകം അഭിസംബോധന ചെയ്യുന്നു. വേജ് ആക്ടിലെ എല്ലാം ഈ നിയമത്തില്‍ ബാധകമാകുന്നത് ഒരു രേഖാമൂലമുള്ള ബഫര്‍ സോണ്‍ സൃഷ്ടിക്കപ്പെടുന്നതിന് മാത്രമാണ്. ഒരു വര്‍ഷം കഴിഞ്ഞിട്ടും കരാറുകാരനില്‍ നിന്ന് ശമ്പളം ലഭിക്കാത്ത കുടിയേറ്റ  തൊഴിലാളികള്‍ കരാറുകാരന്റെ വീട് ഉപരോധിക്കുന്നത് ഈ ദുര്‍ബലമായ നിയമത്തിന്റെ ദൗര്‍ബല്യമായി കണക്കാക്കാം. മറ്റ് സൗകര്യ വിഭാഗത്തില്‍, കുടിയേറ്റ തൊഴിലാളികള്‍ക്ക് ജോലിസ്ഥലത്ത് ആരോഗ്യവും സുരക്ഷയും നല്‍കണമെന്ന് പറയുന്നു. വാസ്തവത്തില്‍, ഈ നിയമം ആരോഗ്യത്തെയും സുരക്ഷയെയും കുറിച്ച് കൂടുതല്‍ പറയുന്നില്ല... 2019 മുതല്‍, പകര്‍ച്ചവ്യാധികളുടെ സാമൂഹിക സാഹചര്യത്തില്‍ കുടിയേറ്റ തൊഴിലാളികളുടെ കഷ്ടപ്പാടുകള്‍ നമ്മള്‍ നേരിട്ട് കണ്ടിട്ടുള്ളതാണ്... ഒരു പകര്‍ച്ചവ്യാധിയുടെ സാഹചര്യത്തില്‍, അത്തരം അവസ്ഥയെ ഉള്‍ക്കൊള്ളാന്‍ നിയമം  പരിഷ്‌കരിക്കപ്പെടുന്നില്ല.

സമഗ്ര കുടിയേറ്റ തൊഴിലാളി നിയമം നല്‍കുന്ന പ്രതീക്ഷ.

കേരളത്തില്‍ ഇതുവരെയും എണ്ണാന്‍ പറ്റാത്ത അത്രയും കുടിയേറ്റ തൊഴിലാളികള്‍ ജീവിക്കുന്നു എന്നതിന്റെ വ്യക്തമായ തെളിവാണ് കേരള ലേബര്‍ ഡിപ്പാര്‍ട്ട്‌മെന്റ്, സയന്‍സ് ആന്‍ഡ് എഞ്ചിനീയറിങ് റിസര്‍ച്ച് ബോര്‍ഡ് പ്രോജക്ടിന് നല്‍കിയ വിവരാവകാശത്തിന്റെ മറുപടി പ്രകാരം കേരളത്തില്‍ 516000 കുടിയേറ്റ തൊഴിലാളികള്‍ ജീവിക്കുന്നു എന്നു പറയുന്നത്. കേരളത്തിന്റെ സ്റ്റേറ്റ് പ്ലാനിങ് ബോര്‍ഡ് നടത്തിയ അന്വേഷണത്തില്‍ കേരളത്തില്‍ 34 ലക്ഷം കുടിയേറ്റ തൊഴിലാളികള്‍ ഉണ്ട് എന്ന് പറയുന്നു. ഇത്തരത്തില്‍ കണക്കുകള്‍ ഒരു വശത്ത് പല രീതിയില്‍ കുടിയേറ്റ തൊഴിലാളികളുടെ എണ്ണം സംബന്ധിച്ച് പറയുമ്പോഴും കേരളത്തില്‍ ഒട്ടേറെ പ്രദേശങ്ങളില്‍ തിങ്ങിപ്പാര്‍ക്കുന്ന കുടിയേറ്റ തൊഴിലാളികളില്‍ കേന്ദ്ര കേരള ഗവണ്‍മെന്റുകളുടെ സഹായങ്ങളും പരിരക്ഷയോ ലഭിക്കാതെ അനേകായിരം ജനങ്ങള്‍ ഒരു രാജ്യത്ത് രാജ്യം ഇല്ലാത്തവരായും പൗരത്വം നിഷേധിക്കപ്പെട്ടവരായും മാറുന്നു എന്നുള്ള വസ്തുത ഫീല്‍ഡ് വര്‍ക്കിലൂടെ ലേഖകര്‍ കണ്ടുപിടിച്ചിട്ടുള്ളതാണ്. ഈയൊരു അവസരത്തിലാണ് കേരളത്തിലെ കുടിയേറ്റ തൊഴിലാളികള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ നിര്‍മ്മിക്കുന്ന കുടിയേറ്റ നിയമം എങ്ങനെയുള്ളതാവണം എന്നുള്ള ചര്‍ച്ച രൂപപ്പെടുന്നതിന്റെ ആവശ്യകത.

REPRESENTATIONAL IMAGE
എവിടെയാണ് സര്‍ക്കാരിന്റെ പോരായ്മ ?

കുടിയേറ്റ തൊഴിലാളികളുമായി ബന്ധപ്പെട്ടതും തൊഴില്‍ നിയമങ്ങളുമായി ബന്ധപ്പെട്ടതുമായ സര്‍വ്വ അധികാരങ്ങളും കേരളത്തിലെ ലേബര്‍ ഡിപ്പാര്‍ട്ട്‌മെന്റിലാണ്. അധികാരവികേന്ദ്രീകരണം സാധ്യമായി നടക്കുന്നുണ്ടെങ്കിലും കുടിയേറ്റ തൊഴിലാളികളെ കുറിച്ചുള്ള പഠനമോ കുടിയേറ്റ തൊഴിലാളികള്‍ക്ക് വേണ്ടിയുള്ള നയരൂപീകരണങ്ങളോ കുടിയേറ്റ തൊഴിലാളികള്‍ക്കായുള്ള ചര്‍ച്ചകളോ ഈ അധികാര വികേന്ദ്രീകരണ പരിധിയില്‍ ഇതുവരെയും വന്നിട്ടില്ല എന്നുള്ളത് ഖേദകരമായ വസ്തുതയാണ്. ഗവണ്‍മെന്റ് നേരിടുന്ന പ്രധാന പ്രശ്‌നം അധികാരവികേന്ദ്രീകരണം ലേബര്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ കുടിയേറ്റ തൊഴിലാളികളുടെ വിഷയത്തില്‍ നടത്തിയിട്ടില്ല എന്നുള്ളതാണ്. സാമ്പത്തികമായും സാമൂഹികമായും ആരോഗ്യപരമായും കുടിയേറ്റ തൊഴിലാളികള്‍ ബന്ധപ്പെടുന്നത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ മാത്രമാണ്. കുടിയേറ്റ തൊഴിലാളികളെ കൊണ്ടുവരുന്ന ലേബര്‍ കോണ്‍ട്രാക്ടര്‍മാരുടെ രജിസ്‌ട്രേഷന്‍ അവര്‍ നടത്തുന്ന കുടിയേറ്റ തൊഴിലാളികളുടെ  രജിസ്‌ട്രേഷന്‍ എന്നിവ ലേബര്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ നിക്ഷിപ്തമായിരിക്കുന്ന ഈ അവസരത്തില്‍ കേരളത്തിലെ ഉള്‍പ്രദേശങ്ങളില്‍ താമസിക്കുന്ന കുടിയേറ്റ തൊഴിലാളികളുടെ വിവരങ്ങള്‍ ലേബര്‍ ഡിപ്പാര്‍ട്ട്‌മെന്റിന് ലഭിക്കാതിരിക്കുകയും എന്നാല്‍ അത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കുകയും ചെയ്യുന്ന ഒരു സാമൂഹിക അന്തരീക്ഷത്തിലൂടെയാണ് നാം കടന്നു പോയിക്കൊണ്ടിരിക്കുന്നത്. ഈ അവസരത്തില്‍ കുടിയേറ്റ തൊഴിലാളികളുടെ സമഗ്രമായ കുടിയേറ്റ തൊഴില്‍ നിയമത്തെ സംബന്ധിച്ച് സര്‍ക്കാര്‍ ആലോചിക്കുന്നത് ഗൗരവപരമാണ് എങ്കില്‍ ആദ്യം ഉള്‍പ്പെടുത്തേണ്ടത് ലേബര്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്നുള്ള അധികാരവികേന്ദ്രീകരണം താഴെത്തട്ടിലേക്ക് എത്തിക്കുക എന്നുള്ളതാണ്.

ഉത്തരവാദിത്തങ്ങളുടെ മാനദണ്ഡം !

കുടിയേറിയിട്ടുള്ള ആളുകളുടെ സാമ്പത്തികമായിട്ടുള്ള ചിലവുകളില്‍ കേരള കേന്ദ്ര ഗവണ്‍മെന്റുകള്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍ ഇപ്പോഴും തുടരുകയാണ്. അധികാരവികേന്ദ്രീകരണം ലേബര്‍ ഡിപ്പാര്‍ട്ട്‌മെന്റ് നടത്തണമെന്ന് പറയുമ്പോള്‍ കേവലം രജിസ്‌ട്രേഷന്‍ ഉള്‍പ്പെടെയുള്ള അടിസ്ഥാനപരമായിട്ടുള്ള ഒരു അടിത്തറ മാത്രമേ അതില്‍ സൃഷ്ടിക്കപ്പെടുന്നുള്ളു. എന്നാല്‍ ഇവര്‍ക്കുവേണ്ടി നിലവില്‍ തയ്യാറാക്കിയിരിക്കുന്ന സ്‌കീമുകള്‍, ഇവരുടെ ആരോഗ്യ പരീക്ഷയ്ക്ക് വേണ്ടി കേന്ദ്രസര്‍ക്കാര്‍ വിനിയോഗിക്കുന്ന ഫണ്ട് വിഹിതം, കേരളത്തിലെ മൂന്നേകാല്‍ കോടി ജനങ്ങള്‍ കഴിഞ്ഞിട്ടു വരുന്ന ജനസംഖ്യയില്‍ ഉള്‍പ്പെടുന്ന കുടിയേറ്റ തൊഴിലാളികള്‍ക്ക് വേണ്ടി കേരളം വിനിയോഗിക്കുന്ന വിഹിതം, ഇവയൊന്നും സോഷ്യല്‍ ഓഡിറ്റിങ്ങിന് ഇതുവരെയും വിധേയമായിട്ടില്ല. ഗവണ്‍മെന്റ് തലങ്ങളില്‍ സെക്രട്ടറിമാര്‍ അങ്ങോട്ടുമിങ്ങോട്ടും കത്തിടപാടുകള്‍ നടത്തുന്നതല്ലാതെ കേരളത്തിലെ കുടിയേറ്റ തൊഴിലാളികള്‍ക്ക് വേണ്ടി കേന്ദ്രസര്‍ക്കാര്‍ എത്ര വിഹിതം നല്‍കുന്നു എന്ന കേരള സര്‍ക്കാര്‍ എത്ര വിഹിതം ചെലവഴിക്കുന്നു എന്നുള്ള ചര്‍ച്ച കേരളത്തിലെ ജനങ്ങളോ പൊതു മാധ്യമങ്ങളോ ഇതുവരെ ചര്‍ച്ച ചെയ്തിട്ടില്ല.

കുടിയേറ്റ തൊഴിലാളികളുടെ തൊഴില്‍ ശക്തി കേരളത്തില്‍ അനുദിനം വികസനത്തിന്റെ മാതൃകയായി മാറുമ്പോള്‍ അവര്‍ ജീവിക്കുന്ന അന്തരീക്ഷത്തെക്കുറിച്ചും അവരുടെ സാമൂഹിക ചുറ്റുപാടിനെ കുറിച്ചും അവര്‍ക്കുവേണ്ട അവശ്യവസ്തുക്കളെ കുറിച്ചോ കേരളം വേണ്ടത്ര രീതിയില്‍ ചര്‍ച്ച ചെയ്യുന്നില്ല.

REPRESENTATIONAL IMAGE
ആള്‍ക്കൂട്ട ആക്രമണങ്ങളും വിദ്വേഷതയും !

കേരളത്തില്‍ ആള്‍ക്കൂട്ട ആക്രമങ്ങളെ ആഘോഷമാക്കുന്ന ഒരു അവസ്ഥ ഓരോ അനുചിതമായ സംഭവങ്ങള്‍ക്കിടയിലും ഉണ്ടാകുന്നു എന്നുള്ളത് ആശങ്കാജനകമാണ്. ആലുവയിലെ ദാരുണമായ സംഭവത്തിലും, പെരുമ്പാവൂരിലെ കൊലപാതകത്തിലും, കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന കുടിയേറ്റ തൊഴിലാളികളാല്‍ കൊല്ലപ്പെടുകയും ചെയ്യുന്ന അവസ്ഥ രൂപപ്പെട്ടുകൊണ്ടിരിക്കുമ്പോള്‍ ആള്‍ക്കൂട്ടം ആക്രമണങ്ങളിലൂടെ വിചാരണ ചെയ്യപ്പെടേണ്ട ഒരു അവസ്ഥയിലേക്ക് കേരള പൊതുസമൂഹം മാറുന്നുണ്ട് എന്നുള്ളത് കോഴിക്കോട് നടന്ന രാജേഷ് മാഞ്ചിയുടെ കൊലപാതകം മാത്രം ഉദാഹരണമായി എടുത്താല്‍ ബോധ്യപ്പെടാവുന്നതാണ്. ഇതിന്റെ പ്രതികരണം 2000 മുതല്‍ 2023 വരെ വ്യത്യസ്ത സാഹചര്യങ്ങളില്‍ കേരളത്തിലെ കുടിയേറ്റ തൊഴിലാളികള്‍ അനുഭവിച്ചിട്ടുണ്ട്. കേരളത്തില്‍ കുടിയേറ്റ തൊഴിലാളികള്‍ മാത്രമല്ല മദ്യത്തിനും മയക്കുമരുന്നിനും കൊലപാതകങ്ങള്‍ക്കും കാരണക്കാരായിട്ടുള്ളത്. അവര്‍ കാരണക്കാര്‍ ആകുന്നു എന്നുള്ളതുകൊണ്ട് ആ സമൂഹം മുഴുവന്‍ അതിനുത്തരവാദികളാണ് എന്ന് ചിന്തിക്കുന്ന അവസ്ഥയിലേക്ക് കേരളത്തിലെ ഒരു ചെറിയ പക്ഷം സമൂഹമെങ്കിലും മാറിയിട്ടുണ്ട് എന്നുള്ളതാണ് പഠനങ്ങളിലൂടെ ഞങ്ങള്‍ക്ക് മനസ്സിലായിട്ടുള്ളത്.
ഇത്തരം വിദ്വേഷത പടരുന്ന സാമൂഹിക അന്തരീക്ഷത്തെ തടഞ്ഞു നിര്‍ത്തേണ്ടതും കേരളത്തിലെ ജനങ്ങളും കുടിയേറ്റ തൊഴിലാളികളും തമ്മിലുള്ള സൗഹൃദ അന്തരീക്ഷം മുന്നോട്ടു കൊണ്ടുപോകേണ്ടതും ഭരണകൂടത്തിന്റെ ഉത്തരവാദിത്തമാണ്. അവിടെ ഭരണകൂടം എന്നു പറയുന്നത് സാധാരണ ജനങ്ങള്‍ക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണ്. നിലവില്‍ കേരളത്തിലെ ഒരു തദ്ദേശസ്വയംഭരണ സ്ഥാപനത്തിന് പോലും കുടിയേറ്റ തൊഴിലാളികളുടെ മേല്‍ രേഖാമൂലം ഉത്തരവാദിത്വമില്ല എന്നത് വസ്തുതയായി നിലനില്‍ക്കുന്ന ഒന്നാണ്.

കുടിയേറ്റ തൊഴിലാളികള്‍ താമസിക്കുന്ന ഇടങ്ങളില്‍ സന്ദര്‍ശനം നടത്തുകയും അവരുടെ സാഹചര്യം മനസ്സിലാക്കുകയും അവരുടെ ജോലി കേന്ദ്രങ്ങളില്‍ വിവരാന്വേഷണം നടത്തുകയും അവിടുത്തെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കുകയും അവരുടെ ആരോഗ്യവിചാരങ്ങളെ മുന്‍നിര്‍ത്തിക്കൊണ്ടുള്ള പ്രത്യേകതരം ഇടപെടലുകള്‍ നടത്തേണ്ടതും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളാണ്. അതിന് ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റിന്റെയും ലേബര്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെയും സംയോജിച്ചുള്ള പ്രവര്‍ത്തനം അത്യാവശ്യവുമാണ്. ഈ അവസരത്തില്‍ കേരളത്തില്‍ നിലവില്‍ നടപ്പിലാക്കാന്‍ പോകുന്ന കേരള ആരോഗ്യ ബില്‍ കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടേണ്ടതും അത്യാവശ്യമാണ്.

നിയമ നിര്‍മ്മാണത്തിന്റെ സാഹചര്യത്തില്‍ അക്കാദമിക് സിവില്‍ സമൂഹ ചര്‍ച്ചകളുടെ പ്രാധാന്യം.

കുടിയേറ്റ തൊഴിലാളികളുടെ സമഗ്രമായ ആരോഗ്യ സുരക്ഷ ക്ഷേമം സംബന്ധിച്ച ഒരു നിയമം കേരളത്തില്‍ രൂപപ്പെടേണ്ടത് ആവശ്യകതയാണ്. അത്തരം ഒരു നിയമം വരുന്നതിനു മുന്നോടിയായി കുടിയേറ്റ തൊഴിലാളികളുമായി സംബന്ധിക്കുന്ന എന്തെല്ലാം പ്രശ്‌നങ്ങളാണ് നിലവില്‍ കേരള സമൂഹത്തില്‍ ഉള്ളത് എന്നുള്ളത് പഠിക്കേണ്ടത് കേരള ഗവണ്‍മെന്റിന്റെ ഉത്തരവാദിത്വവുമാണ്. വിവരാവകാശത്തിലൂടെ മനസ്സിലായത് കേരള തൊഴില്‍ വകുപ്പിന്റെ കിഴില്‍ അത്തരത്തില്‍ ഒരു പഠനവും നടന്നട്ടില്ല എന്നാണ്. ഈ അവസരത്തിലാണ് മഹാത്മാഗാന്ധി സര്‍വകലാശാലയും, സയന്‍സ് ആന്‍ഡ് എന്‍ജിനീയറിങ് റിസര്‍ച്ച് ബോര്‍ഡ് പ്രോജക്ട്, ന്യൂഡല്‍ഹിയിലുള്ള ദിശ ഫൗണ്ടേഷന്‍ മൈഗ്രേഷന്‍ ആന്‍ഡ് എക്‌സലന്‍സ് സെന്ററും, സെന്‍ട്രല്‍ ഫോര്‍ മൈഗ്രേഷന്‍ പോളിസി ഇന്‍ക്ലൂസീവ് ആന്‍ഡ് ഗവേണന്‍സും സംയുക്തമായി ജൂലൈ  മാസം പതിനാലാം തീയതി കോട്ടയം ജില്ല ഭരണകൂടത്തിന്റെ സഹായത്തോടെ സ്‌കൂള്‍ ഓഫ് ഇന്റര്‍നാഷണല്‍ റിലേഷന്‍സ് ആന്‍ഡ് പൊളിറ്റിക്‌സ് ഡിപ്പാര്‍ട്‌മെന്റില്‍ നടത്തിയ ''കോട്ടയം ജില്ലയിലെ കുടിയേറ്റ തൊഴിലാളികളുടെ ആരോഗ്യ സാമൂഹിക സംരക്ഷണം മെച്ചപ്പെടുത്തുന്നതിനുള്ള  നയ രൂപീകരണ ശില്പശാല''യൂടെ പ്രാധാന്യം.

കേരളത്തിലെ വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ ഏകോപകനവും അക്കാദമിക സമൂഹങ്ങളുടെ അഭിപ്രായവും സ്വരൂപിക്കുന്നതില്‍ ഗവണ്മെന്റ്  പൂര്‍ണമായി വിജയിച്ചിട്ടില്ല. അപൂര്‍ണ്ണതകള്‍ നിറഞ്ഞ കണക്കുകളും, നിറം പിടിപ്പിച്ച കഥകളുടെയും ഇടയിലാണ് കുടിയേറ്റ തൊഴിലാളികളുടെ നയരൂപീകരണം നടക്കുന്നത്. സര്‍ക്കാര്‍ തലത്തിലെ വിവിധ ഏജന്‍സികള്‍ കുടിയേറ്റ തൊഴിലാളികളുടെ സാമൂഹിക, സാംസ്‌കാരിക, ആരോഗ്യ പ്രശ്‌നങ്ങളില്‍ പരസ്പരം പഴിചാരുന്ന പൊതു സാമൂഹിക അവസ്ഥയിലാണ് കോട്ടയം ജില്ലയില്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകളെ ഏകോപിച്ചു നയരൂപീകരണ ചര്‍ച്ച വിജയകരമായി നടന്നത്. കോട്ടയം  ജില്ലാകളക്റ്റര്‍ വി.വിഘ്നേശ്വരിയുടെ പ്രത്യേക താത്പര്യവും ഈ നയരൂപീകരണ ചര്‍ച്ച വിജയിക്കാന്‍ ഒരു പ്രധാന ഘടകമായിരുന്നു.
കോട്ടയം ജില്ലയിലെ ലേബര്‍ ഡിപ്പാര്‍ട്ട്‌മെന്റ്, ആരോഗ്യ ഡിപ്പാര്‍ട്ട്‌മെന്റ്, പ്ലാനിങ് ഡിപ്പാര്‍ട്ട്‌മെന്റ്, ചൈല്‍ഡ് ആന്‍ഡ് വെല്‍ഫെയര്‍ ഡിപ്പാര്‍ട്ട്‌മെന്റ്, ആറു തദ്ദേശ സ്വയം ഭരണ സ്ഥാപന പ്രതിനിധികള്‍ കോട്ടയം മെഡിക്കല്‍ കോളേജ് പ്രതിനിധികള്‍, കേരളത്തിലെ പ്രമുഖ നാല് ട്രേഡ് യൂണിയന്‍ പ്രതിനിധികള്‍, കുടിയേറ്റ തൊഴിലാളികളുടെ പ്രതിനിധികള്‍, കുടിയേറ്റ തൊഴിലാളികളുടെ മക്കള്‍ ആയിട്ടുള്ള വിദ്യാര്‍ത്ഥികള്‍, കുടിയേറ്റ തൊഴിലാളികളെ സംബന്ധിച്ച് പഠനം നടത്തുന്ന ഗവേഷകര്‍, അധ്യാപകര്‍, കുടിയേറ്റ തൊഴിലാളികള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന നോണ്‍ ഗവണ്‍മെന്റ് ഓര്‍ഗനൈസേഷന്‍സ് പ്രതിനിധികള്‍ ഉള്‍പ്പെടെ 53 പേര്‍ പങ്കെടുത്ത ഏകദിന വര്‍ക്‌ഷോപ്പില്‍ കോട്ടയം ജില്ലയില്‍ കുടിയേറ്റ തൊഴിലാളികള്‍ക്കുള്ള നയരൂപീകരണത്തിന്റെ ചര്‍ച്ച നടക്കുകയുണ്ടായി. ഈ ചര്‍ച്ചയുടെ റിപ്പോര്‍ട്ട് ഉടന്‍ പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കാം. എല്ലാ ഗവണ്‍മെന്റ് സംവിധാനങ്ങളുടെയും സംയോജനത്തിന്റെ ഭാഗമായിട്ടുള്ള ഒരു റിപ്പോര്‍ട്ട് എന്ന നിലയ്ക്ക് ഈ റിപ്പോര്‍ട്ട് കേരളം പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നത്. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സമര്‍പ്പിക്കപ്പെടുന്ന പഠന നിര്‍ദ്ദേശങ്ങളെ കേരള ഗവണ്‍മെന്റ് സ്വാഗതം ചെയ്യേണ്ടതും അത്തരത്തിലുള്ള നിര്‍ദ്ദേശങ്ങളുടെ അനുഭവത്തില്‍ കോട്ടയം ജില്ലയില്‍ അത്തരത്തില്‍ മാറ്റങ്ങള്‍ വരുന്നുണ്ടെങ്കില്‍ ആ മാറ്റങ്ങളുടെ അടിസ്ഥാനത്തില്‍ സംസ്ഥാനതൊട്ടാകെയുള്ള കുടിയേറ്റ തൊഴിലാളികള്‍ക്ക് വേണ്ടിയുള്ള സമഗ്രമായിട്ടുള്ള കുടിയേറ്റ തൊഴില്‍ നിയമത്തെ തൊഴില്‍ വകുപ്പ് സ്വീകരിക്കേണ്ടതുമാണ്.

REPRESENTATIONAL IMAGE
ഉപസംഹാരം 

ഏകമാനതയുടെ ആധിക്യം വഴി നഷ്ടമാകുന്ന ഉള്‍ച്ചേര്‍ക്കലുകളെ ഗവണ്മെന്റ് സംവിധാനം തിരിച്ചറിയേണ്ടതുണ്ട്. കുടിയേറ്റ തൊഴിലാളികളിലെ വൈവിധ്യങ്ങളെ കൃത്യമായി അടയാളപ്പെടുത്തുന്ന വിഷയമേഖലകള്‍ തിരിച്ചുള്ള വിവര ശേഖരണമാണ് നമ്പറുകളുടെ എണ്ണപ്പെടത്തലിനുമപ്പുറമായി ഗവണ്മെന്റ് നടത്തേണ്ടത്. അതാതു സംസ്ഥാനത്തെ പോലീസ് ക്ലിയറന്‍സിലൂടെ കുടിയേറ്റ തൊഴിലാളികളെ  കേരളത്തില്‍ ജോലികളില്‍ പ്രവേശിപ്പിക്കണമെങ്കില്‍ അന്തര്‍ സംസ്ഥാന ഭരണതല ഇടപെടലുകള്‍ ആവശ്യമാണ്. അത്തരം ഇടപെടലുകളെ പ്രോത്സാഹിപ്പിക്കുന്ന ഒന്നും തന്നെ നാലു പതിറ്റാണ്ടു മുമ്പുള്ള അന്തര്‍ സംസ്ഥാന കുടിയേറ്റ തൊഴില്‍ നിയമത്തില്‍ പറയുന്നില്ല. അത്തരം പോരായ്മ നിലനില്‍ക്കുന്ന നിയമത്തെ മാത്രം മാതൃകയാക്കി കേരളത്തില്‍ പുതിയ നയം രൂപീകരിക്കുന്നത് സംബന്ധിച്ചു ഗവണ്മെന്റ് പുനര്‍ചിന്തനം നടത്തേണ്ടതാണ്.

സുരക്ഷിതത്വത്തെ മുന്‍ നിര്‍ത്തി കേരളത്തിലേക്കുള്ള കുടിയേറ്റ തൊഴിലാളികളുടെ പ്രവേശനവും അതിനുള്ള അനുമതി നല്‍കലും തൊഴില്‍ സംബന്ധമായ കാര്യങ്ങളിലെ പൗരന്റെ അന്തര്‍ലീനമായ പൗരാവകാശങ്ങളില്‍ ബുദ്ധിമുട്ട് ഉണ്ടാക്കുന്നു. ഇത്തരം ബുദ്ധിമുട്ടുകള്‍ ഉണ്ടാകാതിരിക്കാന്‍ തൊഴില്‍ സമൂഹങ്ങളും സര്‍ക്കാര്‍ സംവിധാനവും തമ്മില്‍ സിവില്‍ രംഗത്തിന്റെ സഹായത്തോടെ നടത്തേണ്ട തുടര്‍ പദ്ധതികളെ കുറിച്ച് ചര്‍ച്ചകള്‍ നടത്തി അഭിപ്രായ രൂപീകരണം നത്തേണ്ടതാണ്.

കുടിയേറ്റ തൊഴിലാളികളുടെ കേന്ദ്ര-സംസ്ഥാന ഭരണ തലത്തിലെ സാമ്പത്തിക നയപരമായ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്ന അവ്യകതകതകളെ ഒഴിവാക്കുവാന്‍ കേരള  സര്‍ക്കാര്‍ ശ്രമിക്കാത്തപക്ഷം മൂന്നേകാല്‍ കോടി ജനങ്ങള്‍ക്ക് ശേഷമുള്ള ഇവിടുത്തെ കുടിയേറ്റ ജനത നീതി നിഷേധത്തിനു വിധേയരാകും. സേവന-വേതന വ്യവസ്ഥകളിലും തൊഴില്‍ രംഗത്തെയും, വാസ സ്ഥലങ്ങളിലെയും സുരക്ഷിതത്വം സംബന്ധിച്ചു തയ്യാറാക്കപ്പെട്ട ഗവേഷണ വസ്തുതകള്‍ മുന്‍ നിര്‍ത്തി വകുപ്പുതല ഏകോപനത്തിലൂടെ മാത്രമേ നയങ്ങള്‍ നടപ്പിലാക്കാന്‍ സാധിക്കു. കേരളത്തിലെത്തുന്ന ഓരോ കുടിയേറ്റ തൊഴിലാളിക്കും ആരോഗ്യ-സാമൂഹ്യ സുരക്ഷാ സംവിധാനത്തിലൂന്നിയ രജിസ്ട്രേഷനും, അവയുടെ നടത്തിപ്പ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴി നടപ്പാക്കിയാല്‍ മാത്രമേ പുതിയ കുടിയേറ്റ നിയമത്തിനു സമൂഹത്തിനു ഗുണപ്രദമാകും വിധം ചലന ശക്തി ലഭിക്കു.

ലേഖകർ:

ഡോ.ബിജുലാല്‍ എം.വി
അസിറ്റന്റ് പ്രൊഫസര്‍, സ്‌കൂള്‍ ഓഫ് ഇന്റര്‍നാഷണല്‍ റിലേഷന്‍സ് ആന്‍ഡ് പൊളിറ്റിക്‌സ്, മഹാത്മാ ഗാന്ധി സര്‍വ്വകലാശാല.

നവാസ് എം. ഖാദര്‍
കോര്‍ഡിനേറ്റര്‍, സെന്റര്‍ ഫോര്‍ മൈഗ്രേഷന്‍ പോളിസി ആന്‍ഡ് ഇന്‍ക്ലുസീവ് ഗവേര്‍ണന്‍സ്,  സ്‌കൂള്‍ ഓഫ് ഇന്റര്‍നാഷണല്‍ റിലേഷന്‍സ് ആന്‍ഡ് പൊളിറ്റിക്‌സ്, മഹാത്മാ ഗാന്ധി സര്‍വ്വകലാശാല.


#outlook
Leave a comment