
പുതിയ കാശ്മീര്‍ ആര്‍ക്കൊപ്പം?
ഒരു ദശാബ്ദത്തിന് ശേഷം കാശ്മീരില്‍ വീണ്ടും ഒരു നിയമസഭാ തിരഞ്ഞെടുപ്പിന് കളമൊരുങ്ങുകയാണ്. കാശ്മീരിന്റെ പ്രത്യേക പദവി റദ്ദ് ചെയ്ത ശേഷം ഉണ്ടായ 2019 ലെ ജമ്മു & കാശ്മീര്‍ പുനര്‍ സംഘടനാ നിയമവും തുടര്‍ന്ന് നിയമിക്കപ്പെട്ട ഡീലിമിറ്റേഷന്‍ കമ്മീഷനും പിന്നീടുണ്ടായ ഭേദഗതി നിയമങ്ങളുമൊക്കെ കാശ്മീരിന്റെ രാഷ്ട്രീയ ഭൂപടം തന്നെ മാറ്റിയിട്ടുണ്ട്. 2014 ല്‍ അവസാന നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന സമയത്ത് കാശ്മീര്‍ പ്രത്യേക പദവിയുള്ള സംസ്ഥാനമായിരുന്നു. എന്നാല്‍ 2019 ലെ ജമ്മു & കാശ്മീര്‍ പുനര്‍സംഘടനാ നിയമപ്രകാരം ജമ്മു & കാശ്മീര്‍, ലഡാക്ക് എന്നിങ്ങനെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി സംസ്ഥാനത്തെ വിഭജിക്കുകയും അതില്‍ ജമ്മു & കാശ്മീര്‍ മാത്രം അസംബ്ലിയുള്ള കേന്ദ്രഭരണ പ്രദേശമായി നിലവില്‍ വരുകയും ചെയ്തു. എന്നിട്ടും നാളിതുവരെ കാശ്മീര്‍ അസംബ്ലിയിലേക്ക് തിരഞ്ഞെടുപ്പ് നടന്നിരുന്നില്ല. മണ്ഡല പുനര്‍നിര്‍ണ്ണയം നടക്കേണ്ടതുണ്ട് എന്ന കാരണത്താല്‍ തിരഞ്ഞെടുപ്പ് കണക്കില്ലാതെ നീണ്ടുപോവുകയായിരുന്നു. ഇതിനിടെ പ്രത്യേക പദവി തിരിച്ചു പിടിക്കുക എന്ന ലക്ഷ്യത്തോടെ ഫാറുഖ് അബുദുള്ളയുടെ ജമ്മു കാശ്മീര്‍ നാഷ്ണല്‍ കോണ്‍ഫറന്‍സ്, മെഹബൂബ മുഫ്തിയുടെ പിഡിപി, ജമ്മു & കാശ്മീര്‍ അവാമി നാഷ്ണല്‍ കോണ്‍ഫറന്‍സ്, സി പി ഐ എം എന്നീ പാര്‍ട്ടികള്‍ ഒരുമിച്ച് ഗുപ്കാര്‍ അലയന്‍സ് എന്ന പേരില്‍ ഒരു സഖ്യം രൂപീകരിക്കുകയും കേന്ദ്ര സര്‍ക്കാര്‍ നടപടികളെയും ഡീലിമിറ്റേഷന്‍ കമ്മീഷന്റെ അശാസ്ത്രീയമായ റിപ്പോര്‍ട്ടിനെയും എതിര്‍ക്കുകയും ചെയ്തിരുന്നു. സഖ്യത്തിന്റെ ഭാഗമായി പ്രതിഷേധസ്വരം ഉയര്‍ത്തിയ കാശ്മീരിലെ നേതാക്കള്‍ പലരും ഇതോടെ പല തവണകളിലായി ഭരണകൂടത്തിന്റെ കരുതല്‍ തടങ്കലില്‍ അടക്കപ്പെട്ടു. ഇതോടുകൂടി സംസ്ഥാന രാഷ്ട്രീയം ഏറെക്കുറെ നിശബ്ദമായിരുന്നു. കാശ്മീരിന് പ്രത്യേക പദവി കല്‍പിച്ചു നല്‍കിയ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ സര്‍ക്കാര്‍ നടപടി 2023 ഡിസംബറില്‍ സുപ്രീം കോടതിയുടെ അഞ്ചംഗ ബെഞ്ച് ഐക്യഖണ്ഡേന ശരിവെക്കുകയും 2024 സെപ്റ്റംബര്‍ മുപ്പതിനകം അസംബ്ലിതിരഞ്ഞെടുപ്പ് നടത്താന്‍ ശുപാര്‍ശ ചെയ്യുകയും ചെയ്തതോടെയാണ് ഇപ്പോള്‍ തിരഞ്ഞെടുപ്പ് നടത്താന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ തയ്യാറായത്.
ഇതിനിടെ സംസ്ഥാനത്ത് രണ്ട് തവണ മാത്രമാണ് ജനങ്ങള്‍ പോളിംഗ് ബൂത്തിലെത്തിയത്. 2020 ലെ ഡിസ്ട്രിക്ട് ഡെവലപ്‌മെന്റ് കൗണ്‍സില്‍ തിരഞ്ഞെടുപ്പിനും 2024 ലെ ലോകസഭാ തിരഞ്ഞെടുപ്പിനുമായിരുന്നു അത്, ഇതില്‍ 18 ജില്ലകളിലായി 280 സീറ്റുകളിലേക്ക് നടന്ന ഡി.ഡി.സി തിരഞ്ഞെടുപ്പില്‍ നീണ്ട കാലത്തെ ശത്രുത ഉപേക്ഷിച്ച് ഒന്നിച്ച് മത്സരിച്ച നാഷണല്‍ കോണ്‍ഫറന്‍സും പിഡിപിയും ഉള്‍പ്പെടുന്ന ഗുപ്കാര്‍ സഖ്യം 100 സീറ്റില്‍ കൂടുതല്‍ വിജയിക്കുകയുണ്ടായി. എന്നാല്‍ 75 സീറ്റുമായി അന്ന് ഏറ്റവും കൂടുതല്‍ സീറ്റ് നേടിയ പാര്‍ട്ടിയായി ബിജെപിയായിരുന്നു മുന്നിട്ട് നിന്നത്. ജില്ലകളിലെ അദ്ധ്യക്ഷ സ്ഥാനത്തും 6 ജില്ലകള്‍ നേടിയ ഗുപ്കാര്‍ സഖ്യത്തിനൊപ്പം ബിജെപിയും ഒപ്പത്തിനൊപ്പം നിന്നു. എന്നാല്‍ ഡിഡിസി തിരഞ്ഞെടുപ്പോടെ ഗുപ്കാര്‍ സഖ്യത്തില്‍ നിന്നും പിന്‍വാങ്ങിയ മെഹബൂബ മുഫ്തിയുടെ പിഡിപി ലോകസഭാ തിരഞ്ഞെടുപ്പില്‍ ഒറ്റക്ക് മത്സരിക്കുകയായിരുന്നു. ഇതോടെ ഇന്ത്യാ സഖ്യത്തിന് കീഴില്‍ കോണ്‍ഗ്രസും നാഷണല്‍ കോണ്‍ഫറന്‍സും ഒരുമിച്ചാണ് തിരഞ്ഞെടുപ്പിനെ നേരിട്ടത്. ഗുപ്കാര്‍ സഖ്യത്തിന്റെ തകര്‍ച്ച തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലും പ്രതിഫലിച്ചു. നാഷണല്‍ കോണ്‍ഫറന്‍സിന് അവരുടെ നേതാവായ ഉമര്‍ അബ്ദുള്ളക്ക് ബാരമുള്ളയില്‍ പരാജയം രുചിക്കേണ്ടി വന്നപ്പോള്‍ രജൗരിയില്‍ നിന്ന് ജനവിധി തേടിയ പിഡിപിയുടെ മെഹബൂബ മുഫ്തിയും പാര്‍ലമെന്റിലെത്തിയില്ല. എന്നാല്‍ 5 സീറ്റില്‍ രണ്ടെണ്ണം വിജയിച്ച നാഷണല്‍ കോണ്‍ഫറന്‍സ് വോട്ട് വിഹിതത്തിലും ബിജെപിക്ക് ഒപ്പത്തിനൊപ്പമെത്തി. അതേസമയം പിഡിപി വോട്ട് വിഹിതത്തിലും പിന്നില്‍ പോയി. ആകെ 8.48 ശതമാനം വോട്ട് മാത്രമാണ് പിഡിപിയുടെ പെട്ടിയില്‍ വീണത്. അതുകൊണ്ട് തന്നെ വരാനിരിക്കുന്ന അസംബ്ലി തിരഞ്ഞെടുപ്പ് കാശ്മീരിന്റെ രാഷ്ട്രീയ ഭൂപടത്തിന് ചേര്‍ന്ന നിറം ആരുടേതാവും എന്ന് കണ്ടെത്താനുള്ള തിരഞ്ഞെടുപ്പ് കൂടിയാവും.മെഹബൂബ മുഫ്തി| PHOTO : WIKI COMMONS
ഡീലിമിറ്റേഷനും പ്രശ്‌നങ്ങളും
ജമ്മു കാശ്മീരിലെ അസംബ്ലി മണ്ഡല പുനര്‍നിര്‍ണയവുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിയമിച്ച ഡീലിമിറ്റേഷന്‍ കമ്മീഷന്‍ വലിയ കോലാഹലങ്ങളാണ് സംസ്ഥാനത്ത് ഉണ്ടാക്കിയത്. ജനസംഖ്യാനുപാതികമായ വിഭജനം നടന്നില്ല എന്ന് മാത്രമല്ല അശാസ്ത്രീയവും യുക്തി വിരുദ്ധവുമായ നിര്‍ദ്ദേശങ്ങളാണ് കമ്മീഷന്‍ മൂന്നോട്ടുവച്ചത്. 2020 മാര്‍ച്ചില്‍ നിലവില്‍ വന്ന കമ്മീഷന്‍ 2022 മെയിലാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. സുപ്രീം കോടതി ജസ്റ്റിസ് (റിട്ട.) രഞ്ജന പ്രകാശ് ദേശായി അധ്യക്ഷനായ കമ്മീഷനില്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ സുശീല്‍ ചന്ദ്രയും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ കെ കെ ശര്‍മയും എക്‌സ് ഒഫീഷ്യോ അംഗങ്ങളായിരുന്നു. ഇവരെ കൂടാതെ കമ്മീഷനില്‍ ജമ്മു & കാശ്മീരിലെ അഞ്ച് എം പിമാരും അസ്സോസിയേറ്റ് അംഗങ്ങളായിരുന്നു. അതില്‍ മൂന്ന് അംഗങ്ങള്‍ നാഷണല്‍ കോണ്‍ഫറന്‍സില്‍ നിന്നും രണ്ട് അംഗങ്ങള്‍ ബി ജെ പിയില്‍ നിന്നുമായിരുന്നു. എന്നാല്‍ ഇവര്‍ക്ക് കമ്മീഷനില്‍ വോട്ടവകാശവും ഉണ്ടായിരുന്നില്ല. ഇത് കമ്മീഷന്റെ ജനാധിപത്യ സ്വഭാവത്തെ ആദ്യമേ ഇല്ലാതാക്കിയിട്ടുണ്ട്.
ജമ്മു & കാശ്മീരില്‍ ജമ്മു, കാശ്മീര്‍ എന്നിങ്ങനെ രണ്ട് പ്രവിശ്യകളുണ്ട്. അതില്‍ ജമ്മു ഹിന്ദു ഭൂരിപക്ഷ പ്രദേശവും കാശ്മീര്‍ താഴ്‌വര മുസ്ലിം ഭൂരിപക്ഷ പ്രദേശവുമാണ്. 2011 ലെ സെന്‍സസ് പ്രകാരം കാശ്മീരില്‍ 68.8 ലക്ഷവും ജമ്മുവില്‍ 53.5 ലക്ഷവും ജനസംഖ്യയാണുള്ളത്. എന്നാല്‍ കമ്മീഷന്റെ നിര്‍ദേശത്തില്‍ ജനസംഖ്യ കുറവുള്ള ഹിന്ദു ഭൂരിപക്ഷ പ്രദേശമായ ജമ്മുവിന് ആറ് സീറ്റുകള്‍ അധികം നല്‍കിയപ്പോള്‍ ജനസംഖ്യ കൂടുതലുള്ള കാശ്മീരിന് ഒരു സീറ്റ് മാത്രമാണ് അധികം നല്‍കിയത്. ഇതാണ് കമ്മീഷനെതിരെ കാശ്മീരില്‍ വലിയ പ്രതിഷേധം ഉയര്‍ന്നുവരാന്‍ കാരണമായത്. സാധാരണ ഡീലിമിറ്റേഷനില്‍ പ്രധാന പാരമീറ്ററായി പരിഗണിക്കപ്പെടാറുള്ളത് ജനസംഖ്യയാണ. എന്നാല്‍ ഇവിടെ ജനസംഖ്യാ കണക്ക് അവഗണിക്കുകയും പകരം ഭൂമിശാസ്ത്രവും സാംസ്‌കാരികവുമായ അളവുകോലുകളിലാണ് മണ്ഡല പുനര്‍നിര്‍ണ്ണയം നടന്നത്. 2011 ലെ സെന്‍സസ് പ്രകാരം കാശ്മീരിലെ ജനസംഖ്യ ജമ്മുവിനേക്കാള്‍ 15 ലക്ഷം കൂടുതലാണ്. മൊത്തം ജനസംഖ്യയുടെ 56.2 ശതമാനമുള്ള കാശ്മീരിന് പുതിയ നിയമസഭയില്‍ 52.2 ശതമാനം സീറ്റുകളും ജനസംഖ്യയുടെ 43.8 ശതമാനമുള്ള ജമ്മുവിന് 47.8 ശതമാനം സീറ്റുകളും ഉണ്ടായിരിക്കണം. ഫലത്തില്‍ ഇത് കമ്മീഷന്‍ നിര്‍ദേശം അനുസരിച്ചുള്ള 47 സീറ്റില്‍ നിന്ന് കാശ്മീരിന് 51 ആയും ജമ്മുവിന് 43 ല്‍ നിന്ന് 39 ആയാണ് മാറേണ്ടിയിരുന്നത്. അതുകൊണ്ട് തന്നെ ഡീലിമിറ്റേഷന്‍ കമ്മീഷന്‍ കാശ്മീരില്‍ അധികാരം പിടിക്കാനുള്ള ഒരു സംഘപരിവാര്‍ പ്രൊജക്ടായിട്ടാണ് പ്രവര്‍ത്തിച്ചത് എന്ന് പറയേണ്ടി വരും. REPRESENTATIVE IMAGE | PHOTO : WIKI COMMONS
റിസര്‍വേഷന്‍ ചട്ടങ്ങളിലെ മാറ്റങ്ങളും ബിജെപിയുടെ സ്വപ്നവും
2014 ന് ശേഷം സംസ്ഥാനത്ത് നടന്ന എല്ലാ തിരഞ്ഞെടുപ്പുകളിലും ആധിപത്യം പുലര്‍ത്താന്‍ ബിജെപിക്ക് കഴിഞ്ഞിട്ടുണ്ട്. മുസ്ലീം ഭൂരിപക്ഷ സംസ്ഥാനമായ കാശ്മീരില്‍ ഒരു സംഘപരിവാര്‍ മുഖ്യമന്ത്രിയെ പ്രതിഷ്ഠിക്കുക എന്ന സ്വപ്ന പദ്ധതിയുടെ ഹിഡന്‍ അജണ്ടയുടെ ഭാഗമായിരുന്നു ഡീലിമിറ്റേഷന്‍ എന്ന് വേണം കരുതാന്‍. ആ പ്രതീക്ഷകള്‍ ഇത്തവണ യാഥാര്‍ത്ഥ്യമാവാനുള്ള സാധ്യത ഏറെയാണ്. കാരണം ബിജെപിയുടെ ആധിപത്യം നിലനിര്‍ത്തുന്നത് ഡീലിമിറ്റേഷനില്‍ മാത്രമാണെന്ന് പറയാനാവില്ല. 2014 അസംബ്ലി തിരഞ്ഞെടുപ്പില്‍ തൊട്ടുമുന്‍പ് നടന്ന അസംബ്ലി തിരഞ്ഞെടുപ്പിനേക്കാള്‍ 10 ശതമാനം വോട്ടാണ് അധികം നേടിയത്. അന്ന് സീറ്റ് എണ്ണത്തില്‍ രണ്ടാമതായെങ്കിലും ഏറ്റവും കൂടുതല്‍ വോട്ട് പെട്ടിയിലാക്കിയ പാര്‍ട്ടിയും ബിജെപിയായിരുന്നു. 2019 ലെ ലോകസഭാ തിരഞ്ഞെടുപ്പിലും ബിജെപി വലിയ അധിപത്യം തുടര്‍ന്നു. ആറില്‍ മൂന്ന് സീറ്റ് നേടിയ ബിജെപി 46.99 ശതമാനം വോട്ടും നേടി വോട്ടു വിഹിതത്തില്‍ രണ്ടാമതായ കോണ്‍ഗ്രസിനേക്കാള്‍ ഇരട്ടിയിലധികം വോട്ടാണ് പെട്ടിയിലാക്കിയത്. എന്നാല്‍ 2024 ല്‍ ഇന്ത്യാ സഖ്യത്തില്‍ കോണ്‍ഗ്രസും നാഷണല്‍ കോണ്‍ഫറന്‍സും മെച്ചപ്പെട്ട പ്രകടനം നടത്തിയപ്പോള്‍ ബിജെപിയുടെ വോട്ട് വിഹിതം കുറഞ്ഞെങ്കിലും സംസ്ഥാനത്ത് ആകെയുള്ള നാല് സീറ്റില്‍ രണ്ടെണ്ണം ജയിക്കുകയും വോട്ടുവിഹിതത്തില്‍ ഒന്നാം സ്ഥാനം തന്നെ നിലനിര്‍ത്തുകയുമുണ്ടായി. മണ്ഡല പുനര്‍നിര്‍ണ്ണയത്തിന്റെ അധിക ആനുകൂല്യം കൂടി ലഭിച്ചാല്‍ ഇത്തവണ ബിജെപിക്ക് അധികാരം പിടിക്കാനുള്ള സാധ്യതകള്‍ മുന്നിലുണ്ട്. കേന്ദ്രഭരണ പ്രദേശം എന്ന നിലയില്‍ വലിയ വികസന പദ്ധതികള്‍ കൊണ്ടുവരുമെന്ന അവകാശവാദവും തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ ബിജെപി ഉയര്‍ത്തുന്നുണ്ട്. എന്നാല്‍ ബിജെപിക്ക് വലിയ നേട്ടമായി മാറാന്‍ സാധ്യതയുള്ളത് റിസര്‍വേഷന്‍ ചട്ടങ്ങളില്‍ കൊണ്ടുവന്ന മാറ്റമാണ. കാശ്മീര്‍ ജനസംഖ്യയുടെ 20 ശതമാനത്തോളം വരുന്ന പീര്‍പഞ്ചല്‍ മേഖലയിലെ പഹാരി ഗോത്രവര്‍ഗത്തെ പട്ടികവര്‍ഗമായി വിജ്ഞാപനം കൊണ്ടുവന്ന നടപടി നേരത്തെയുണ്ടായിരുന്ന സമവാക്യങ്ങള്‍ അപ്പാടെ കീഴ്‌മേല്‍ മറിയുന്ന അവസ്ഥയുണ്ടാക്കിയിട്ടുണ്ട്. ഇത് ബിജെപിയുടെ വോട്ട് ബാങ്കിലേക്ക് കാര്യമായ സംഭാവന നല്‍കും. മാത്രവുമല്ല 2020 ലെ ഡി.ഡി.സി തിരഞ്ഞെടുപ്പില്‍ മുസ്ലീങ്ങള്‍ക്ക് നേരിയ ഭൂരിപക്ഷമുള്ള ദോഡ, റിയാസി ജില്ലകളില്‍ ബിജെപി പുലര്‍ത്തിയ ആധിപത്യവും ബിജെപിക്ക് വലിയ പ്രതീക്ഷ നല്‍കുന്നുണ്ട്. എന്നാല്‍ ഇതുവരെ പകുതിയോളം സീറ്റിലേക്ക് സ്ഥാനാര്‍ത്ഥികളെ കണ്ടെത്താനാവാത്തത് ബിജെപിക്ക് മുന്നില്‍ വെല്ലുവിളിയായി നില്‍ക്കുന്നുമുണ്ട്.
ഇന്ത്യ സഖ്യത്തിന്റെ പ്രതീക്ഷകള്‍
സംസ്ഥാനത്ത് ഗുപ്കാര്‍ സഖ്യത്തിലും പ്രാദേശിക പാര്‍ട്ടികളിലും വിശ്വാസ്യത നഷ്ടപ്പെട്ട് തുടങ്ങിയ സമയത്താണ് രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര കാശ്മീരിലെത്തുന്നത്. ശ്രീനഗറില്‍ അവസാനിച്ച യാത്രയുടെ സമാപന സമ്മേളനത്തില്‍ കാശ്മീരികളുടെ അടിസ്ഥാന പ്രശ്‌നത്തെ അഭിസംബോധന ചെയ്ത് പ്രസംഗിച്ച രാഹുലിന് കാശ്മീരില്‍ നിന്ന് വലിയ സ്വീകാര്യത ലഭിച്ചിരുന്നു. മാത്രവുമല്ല അര നൂറ്റാണ്ടോളം കാലം കാശ്മീരിലെ പാര്‍ട്ടിയുടെ പ്രധാന മുഖമായിരുന്ന ഗുലാംനബി ആസാദ് പാര്‍ട്ടി വിട്ട് സ്വന്തം പാര്‍ട്ടി രൂപീകരിച്ചതും വലിയ തിരിച്ചടിയായേക്കാമെന്ന് കരുതിയിടത്ത് നിന്നാണ് രാഹുല്‍ കാശ്മീരില്‍ ചെന്ന് വലിയ ഓളമുണ്ടാക്കിയത. കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പില്‍ ഇന്ത്യ സഖ്യത്തില്‍ മത്സരിച്ച നാഷണല്‍ കോണ്‍ഫറന്‍സ് നേടിയ 2 സീറ്റിലും വലിയ പങ്ക് കോണ്‍ഗ്രസിനുണ്ട്. അതേസമയം സഖ്യത്തില്‍ 32 സീറ്റില്‍ മത്സരിക്കുന്ന കോണ്‍ഗ്രസ് ഇതുവരെ 9 സ്ഥാനാര്‍ത്ഥികളുടെ ലിസ്റ്റ് മാത്രമാണ് പ്രഖ്യാപിച്ചിട്ടുണ്ട്. 51 സീറ്റില്‍ മത്സരിക്കുന്ന നാഷണല്‍ കോണ്‍ഫറന്‍സ് മുഴുവന്‍ സ്ഥാനാര്‍ത്ഥികളും പ്രചരണം തുടങ്ങുകയും മറ്റു പാര്‍ട്ടികളേക്കാള്‍ ബഹുദൂരം മുന്നിലുമാണ്. കഴിഞ്ഞ ലോകസഭയില്‍ ബാരമുള്ളയില്‍ തോറ്റ പാര്‍ട്ടിയുടെ വൈസ് പ്രസിഡന്റ് ഉമര്‍ അബ്ദുള്ള ഗന്ദര്‍ബാല്‍ മണ്ഡലത്തിലാണ് മത്സരിക്കുന്നത. സഖ്യത്തിലുള്ള സിപിഎം 1996 മുതല്‍ കുല്‍ഗാമില്‍ നിന്നും തുടര്‍ച്ചയായി ജയിച്ചു വരുന്ന യൂസഫ് തരിഗാമിയെ മാത്രമാണ് ഇത്തവണയും മത്സരിപ്പിക്കുന്നത്. പിഡിപി ഒറ്റക്ക് മത്സരിക്കുകയാണ് എന്ന് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും കഴിഞ്ഞ ദിവസം പുറത്തുവന്ന മെഹബൂബ മുഫ്തിയുടെ പ്രസ്താവന തിരഞ്ഞെടുപ്പിന് ശേഷം തങ്ങളുടെ ഡിമാന്റ് അംഗീകരിച്ചാല്‍ കോണ്‍ഗ്രസിനൊപ്പം ചേരുമെന്നതാണ്. ചെറിയ വ്യത്യാസത്തില്‍ അധികാരം നഷ്ടപ്പെടുന്ന അവസ്ഥ വന്നാല്‍ മുഫ്തി സഹായത്തിനെത്തുമെന്ന പ്രതീക്ഷയും സഖ്യത്തിനുണ്ട്. രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര | PHOTO : WIKI COMMONS
പിഡിപിയുടെ മുന്നിലുള്ള വെല്ലുവിളി
സംസ്ഥാനത്ത് ആദ്യമായി അധികാരത്തിലേക്ക് വഴിവെട്ടിയത് പിഡിപിയുടെ അധികാര താല്‍പര്യങ്ങളായിരുന്നു എന്ന വിമര്‍ശനം കോണ്‍ഗ്രസ്, നാഷണല്‍ കോണ്‍ഫറന്‍സ് അടക്കമുള്ള പാര്‍ട്ടികള്‍ സ്ഥിരമായി ഉന്നയിക്കുന്ന ആരോപണമാണ്. അത് തിരഞ്ഞെടുപ്പ് രംഗത്ത് കുറേ കൂടി ശക്തമാണ്. 2014 ലെ അവസാനത്തെ കാശ്മീര്‍ നിയമസഭാ തിരഞ്ഞെടുപ്പിലാണ് ബിജെപി ആദ്യമായി കാശ്മീരില്‍ സര്‍ക്കാരിന്റെ ഭാഗമായത്. അന്ന് 28 സീറ്റുമായി ഏറ്റവും വലിയ ഒറ്റക്കക്ഷിയായ പിഡിപി 25 സീറ്റുമായി ഏറ്റവും വലിയ രണ്ടാമത്തെ കക്ഷിയായ ബിജെപി പിന്തുണയോടെ സര്‍ക്കാര്‍ രൂപീകരിക്കുകയായിരുന്നു. ബിജെപി പിന്തുണയില്‍ മെഹബൂബ മുഫ്തി അധികാരത്തിലിരിക്കെയാണ് 2018 ല്‍ പൊടുന്നനെ ബിജെപി പിന്തുണ പിന്‍വലിക്കുന്നതും ശേഷം സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം എര്‍പ്പെടുത്തുന്നതും. കാശ്മീരിനെ വിഭജിക്കാനുള്ള സംഘപരിവാര്‍ പദ്ധതിയുടെ ഭാഗമായിരുന്നു ബിജെപിയുടെ നീക്കങ്ങള്‍. അതുകൊണ്ട് തന്നെ ബിജെപിക്ക് സംസ്ഥാനത്ത് കാലുറപ്പിക്കാന്‍ ഇടം നല്‍കിയതിന്റെ പേരിലും കാശ്മീരികള്‍ അഭിമാനത്തോടെ പറയാറുള്ള കാശ്മീരിയത്തിന് കത്തി വെച്ചതിന്റെ പേരിലും എല്ലാ കാലവും പിഡിപി ക്രൂശിക്കപ്പെടും. മാത്രവുമല്ല കാശ്മീരിന് വേണ്ടി സ്ഥാപിക്കപ്പെട്ട ഗുപ്കാര്‍ സഖ്യത്തില്‍ നിന്നുണ്ടായ പിന്‍മാറ്റവും പിഡിപിക്ക് തിരഞ്ഞെടുപ്പില്‍ വലിയ തിരിച്ചടിയാവാന്‍ സാധ്യതയുണ്ട്. തിരിച്ചടിയുടെ തുടക്കമാണ് കഴിഞ്ഞ ലോകസഭയില്‍ കണ്ടത്. അത് തുടര്‍ന്നേക്കാമെന്ന ഭയമായിരിക്കണം മെഹബൂബ മുഫ്തിയെ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് സ്വയം തടയുന്നത്. മൂന്ന് ഘട്ടങ്ങളിലായി നടക്കുന്ന അസംബ്ലി തിരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ടം സെപ്റ്റംബര്‍ 18 ന് ആണെന്നിരിക്കെ ഒറ്റക്ക് മത്സരിക്കുന്ന പിഡിപി നിലവില്‍ 17 സീറ്റുകളില്‍ മാത്രമാണ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിട്ടുള്ളത്. പ്രകടന പത്രികയില്‍ പോലും കാര്യമായി ഒന്നുമില്ലാത്ത പിഡിപി മെഹബൂബ മുഫ്തിയുടെ മകള്‍ ഇല്‍തിജ ബിജ്‌ബെഹറയെ മത്സരിപ്പിക്കുന്നു എന്നതാണ് പുതുമയുള്ള കാര്യം. ഇത് കുടുംബ വാഴ്ച മൂന്നാം തലമുറയിലേക്കും പടര്‍ത്തുന്നു എന്ന ആരോപണത്തിന് വഴി തുറന്നിട്ടിരിക്കുകയാണ്. ഇതിനെയെല്ലാം മറികടക്കാനാവുന്ന ഒരു രാഷ്ട്രീയ സംഘടനാ ബലം ഇപ്പോള്‍ പിഡിപിക്ക് ഇല്ലതാനും.
വിശ്വാസ്യതയുള്ള അഭിപ്രായ സര്‍വേകള്‍ ഒന്നും പുറത്ത് വന്നില്ലെങ്കിലും നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ ബിജെപി സംസ്ഥാനത്ത് ഏറ്റവും വലിയ ഒറ്റകക്ഷിയായി വരാനുള്ള സാധ്യതകള്‍ ഏറെയാണ്. ചെറിയ സീറ്റ് വ്യത്യാസത്തില്‍ അധികാരം നഷ്ടപ്പെടുന്ന സ്ഥിതി വന്നാല്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥികളുടെ പിന്തുണയോടെ സംസ്ഥാനത്ത് ആദ്യ ബിജെപി മുഖ്യമന്ത്രി സത്യപ്രതിജ്ഞ ചെയ്യും. അതേസമയം കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പില്‍ ഇന്ത്യാ സഖ്യം ഉണ്ടാക്കിയ ഓളം നിലനിര്‍ത്താന്‍ കഴിഞ്ഞാല്‍ ബിജെപി അധികാരത്തിലെത്തുന്നത് തടയാന്‍ കഴിഞ്ഞേക്കും. തിരഞ്ഞെടുപ്പിന് ശേഷം സഖ്യമായേക്കാമെന്ന സാധ്യത തുറന്നിട്ട മെഹബൂബ മുഫ്തിയുടെ പ്രസ്താവനയും കാശ്മീരിന്റെ ട്രെന്റ് തീരുമാനിക്കുന്നതാണ്. നാഷണല്‍ കോണ്‍ഫറന്‍സ്, പിഡിപി തുടങ്ങിയ പാര്‍ട്ടികളില്‍ നിന്ന് ജനം മാറി ചിന്തിച്ചാല്‍ പതിവില്‍ കൂടുതല്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥികള്‍ ജയിച്ചു വരാനുള്ള സാഹചര്യവുമുണ്ടാകും. അങ്ങനെ സംഭവിച്ചാല്‍ തൂക്കുസഭക്കാണ് കൂടുതല്‍ സാധ്യത.