TMJ
searchnav-menu
post-thumbnail

ചൈനീസ് വ്യാളി മുന്നോട്ട് വെക്കുന്ന പുത്തൻ സാധ്യതകൾ

30 Sep 2025   |   4 min Read
മിറാഷ് ചെറിയാൻ കുര്യൻ

കോട്ടയത്ത് എത്ര മത്തായിമാരുണ്ട് എന്ന ചോദ്യം പോലെ അമേരിക്കയിൽ എത്ര അമേരിക്കക്കാരുണ്ട് എന്നൊരു ചോദ്യം വന്നാൽ അതിന്റെ ഉത്തരം കണ്ടെത്തുക എന്നത് ഏറെ ശ്രമകരമായ കാര്യമാണ്. യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്ക എന്ന രാജ്യം തന്നെ പല ദേശങ്ങളിൽ ജനിച്ച മനുഷ്യർ അവസരങ്ങൾ തേടി കുടിയേറി ഉണ്ടായതാണ്. സൈന്യം, ശാസ്ത്രം, സാമ്പത്തികം, കച്ചവടം, ആരോഗ്യ മേഖല എന്നിങ്ങനെ ഒരു രാജ്യത്തെ സ്വാധീനിക്കുന്ന ഏത് മേഖലയിലും അമേരിക്കയ്ക്ക് വേണ്ട  മുഖ്യമായ സംഭാവന ചെയ്യുന്നത് അവിടത്തെ  കുടിയേറ്റ ജനതയാണ്. ചുരുക്കിപ്പറഞ്ഞാൽ അമേരിക്ക ഇന്ന് ഈ കാണുന്ന നിലയിൽ എത്തിയതിൽ H-1B വിസയ്ക്ക് വളരെ പ്രധാനപ്പെട്ട പങ്കാണുള്ളത്. ഇതേ H1-B വിസ അനുവദിക്കുന്നതിൽ വലിയ  സങ്കീർണതകളും തടസ്സങ്ങളും സൃഷ്‌ടിക്കുന്ന സമീപനമാണ് നിലവിൽ അമേരിക്ക ഭരിക്കുന്ന ട്രമ്പ് ഭരണകൂടത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടാവുന്നത്. അപ്പോഴാണ് പീപ്പിൾസ് റിപ്പബ്ലിക്ക് ഓഫ് ചൈന അവതരിപ്പിക്കുന്ന പുതിയ വിസാ സംവിധാനമായ കെ-വിസ ചർച്ചയാകുന്നത്.

ചൈനീസ് പ്രധാനമന്ത്രി ലി ക്വിയാങ് കഴിഞ്ഞ ഓഗസ്റ്റിൽ ചേർന്ന സ്റ്റേറ്റ് കൗൺസിൽ യോഗത്തിലാണ് കെ-വിസയ്ക്ക് അനുമതി നൽകിയത്. കോവിഡ് ലോക്ക് ഡൗണിന് ശേഷം ചൈനയിലേക്കുള്ള വിസ പ്രക്രീയ വേഗമേറിയതും സുതാര്യവുമാക്കാനുള്ള ശ്രമത്തിലാണ് ചൈന. അതിന്റെ നിലവിലെ അവസാനത്തെ നടപടിയാണ് കെ- വിസ. വിദ്യാഭ്യാസം, തൊഴിൽ, ചികിത്സ, ട്രാൻസിറ്റ്, ബിസിനസ്സ്, മാധ്യമ പ്രവർത്തനം എന്നിങ്ങനെ 12 ആവശ്യങ്ങൾക്കാണ് ചൈന വിദേശികൾക്ക് വിസ അനുവദിക്കുന്നത്. ഇതിന് പുറമെയാണ് കെ-വിസ വരുന്നത്.

കെ വിസയിൽ ചൈനയിൽ പ്രവേശിക്കുന്ന ആളുകൾക്ക് ശാസ്ത്ര സാങ്കേതിക വിദ്യ, വിദ്യാഭ്യാസം, വാണിജ്യം എന്നിങ്ങനെ വിവിധ മേഖലകളിൽ പ്രവർത്തിക്കുവാനാകും. ജിഡിപി വളർച്ചയിലും ദാരിദ്ര്യനിർമാർജനത്തിലും അടിസ്ഥാന സൗകര്യ വികസനത്തിലും ലോകത്തിനാകെ മാതൃകയായ രാജ്യമാണ് ചൈന. എങ്കിലും ചൈനയുടെ വികസന തുടർച്ചയ്ക്ക് ലോകത്തിന്റെ പല ഭാഗത്ത് നിന്നുള്ള പ്രതിഭകളുടെ സേവനം ആവശ്യമാണ്. അതുപോലെ തന്നെ ചൈനയുടെ  വളർച്ച ലോകമെമ്പാടുമുള്ള തൊഴിലാളികൾക്കും യുവജനങ്ങൾക്കും പുതിയ പ്രതീക്ഷകൾ നൽകുന്നു എന്ന വസ്തുതയും ഓർക്കേണ്ടതുണ്ട്.

REPRESENTATIVE IMAGE| PHOTO: WIKI COMMONS
കെടുന്ന അമേരിക്കൻ സ്വപ്‌നങ്ങൾ

1930കളിൽ ഉണ്ടായ സാമ്പത്തിക മാധ്യത്തിനെയും രണ്ടാം ലോക യുദ്ധം അഴിച്ചുവിട്ട അനിശ്‌ചിതാവസ്ഥയെയും മറികടന്ന് അമേരിക്ക കുതിച്ച കാലം. യൂറോപ്പിൽ ആരംഭിച്ച വ്യവസായ വിപ്ലവത്തിന്റെ അലയൊലി അമേരിക്കയിലെ ഫാക്ടറികളിലും ശാസ്ത്ര രംഗത്തും പിന്നീട് ഐ ടി മേഖലയിലും എല്ലാം വലിയ മുന്നേറ്റം നടത്തി തുടങ്ങുന്ന കാലഘട്ടം. ലോകത്തിന്റെ ഏത് ഭാഗത്ത് ജനിച്ച മനുഷ്യനാണെങ്കിലും അദ്ധ്വാനിക്കാൻ തയ്യാറാണെങ്കിൽ അമേരിക്കയിലേക്ക് എത്തിയാൽ സൗഭാഗ്യം നിങ്ങളെ കാത്തിരിക്കുന്നു എന്നതായിരുന്നു അമേരിക്കൻ ഡ്രീമിന്റെ ഏറ്റവും വലിയ പരസ്യ വാചകം. 

തങ്ങൾ ജനിച്ചു വളർന്ന രാജ്യങ്ങളിൽ ചെയ്യുന്ന പണിക്ക് അനുസരിച്ചുള്ള കൂലി പല കാരണങ്ങളാൽ കിട്ടാതെ വലഞ്ഞിരുന്ന ലക്ഷകണക്കിന് മനുഷ്യരെ പുതിയ അവസരങ്ങൾ അന്വേഷിച്ചു അമേരിക്കിയിലേക്ക് എത്തിക്കുവാൻ ഈ അമേരിക്കൻ ഡ്രീം പ്രേരിപ്പിച്ചിട്ടുണ്ട്. ഇങ്ങനെ എത്തപ്പെട്ട തൊഴിലാളി വർഗ്ഗത്തിന്റെ കൂടി ബലത്തിലാണ് അമേരിക്കൻ ഭരണകൂടം ഇരുപതാം നൂറ്റാണ്ടിനെ അമേരിക്കൻ നൂറ്റാണ്ടാക്കി മാറ്റിയത്. എന്നാൽ ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളിൽ സ്ഥിതിഗതികൾ മാറിമറിയുവാൻ തുടങ്ങി. സോവിയറ്റ് യൂണിയന്റെ പതനത്തിന്  അമേരിക്ക നേതൃത്വം നൽകിയ ഒരു ഏക ദ്രുവ ലോകമായിരുന്നു ലോകത്തിനെ നിയന്ത്രിച്ചിരുന്നത്. എന്നാൽ ചൈന, ഇന്ത്യ പോലെയുള്ള ഏഷ്യൻ രാജ്യങ്ങളുടെ വളർച്ചയും ആഗോള തലത്തിൽ 2008 ൽ ഉണ്ടായ കടുത്ത സാമ്പത്തിക മാന്ദ്യം ഉൾപ്പടെയുള്ള കാരണങ്ങൾ കൊണ്ടും അമേരിക്കൻ നൂറ്റാണ്ട് ഏഷ്യൻ നൂറ്റാണ്ടിന് വഴിതെളിയിച്ചു.

REPRESENTATIVE IMAGE| PHOTO: WIKI COMMONS
ചൈനീസ് വ്യാളിയുടെ കുതിപ്പിന് കെ- വിസ എങ്ങനെ ഇന്ധനം പകരും  

പല രാജ്യങ്ങളും പര്യവേഷങ്ങളും വിപുലീകരണങ്ങളും നടത്തിയപ്പോൾ ഒരു വൻ മതിൽ കെട്ടി ആ മതിൽ നൽകുന്ന സുരക്ഷിതത്തിൽ അഭിരമിച്ചു ജീവിച്ചിരുന്ന ഒരു ചരിത്രമുണ്ട് ചൈനീസ് പൂർവികർക്ക്. എന്നാൽ ആ ഭൂതകാലത്തിനോട് വിടപറഞ്ഞുകൊണ്ടാണ് ചൈന ഏതാനം നാളുകളായി മുന്നേറുന്നത്. ദി ഹിന്ദു ദിനപത്രത്തിന്റെ ചൈന ബ്യൂറോ ചീഫ് ആയിരുന്ന പല്ലവി അയ്യർ രണ്ടായിരങ്ങളുടെ തുടക്കത്തിൽ തന്നെ ചൈനയിൽ സംഭവിക്കുന്ന വലിയ മാറ്റങ്ങളെക്കുറിച്ച വളരെ മതിപ്പോടെ 'ചൈന മറ നീങ്ങുമ്പോൾ' എന്ന തൻ്റെ പുസ്തകത്തിൽ  പറയുന്നുണ്ട്. അത്തരത്തിൽ ചൈനയിൽ നിന്നും ഉണ്ടായ വലിയ മാറ്റങ്ങളുടെ തുടർച്ചയാണ് ഈ വർഷം ഒക്ടോബർ 1 മുതൽ പ്രാബല്യത്തിൽ വരാൻ പോകുന്ന കെ- വിസ എന്ന പദ്ധതി . ഈ വിസയുടെ ഏറ്റവും വലിയ സവിശേഷത എന്നത് ഇത് പ്രധാനമായും ലക്‌ഷ്യം വെക്കുന്നത് മുൻപരിചയം ഇല്ലാത്ത എന്നാൽ ശാസ്ത്ര സാങ്കേതിക രംഗത്ത് ഉൾപ്പടെ തൽപ്പരരായ യുവ പ്രൊഫഷനലുകളെയാണ്. അതായത് ലോകത്തിലെ  ഏതെങ്കിലും സർവ്വകലാശാലയിൽ നിന്നും ബിരുദം പാസ്സായ ഒരു യുവ ഗവേഷകന് വളരെ സുഖമമായും ഇമ്മിഗ്രെഷന്റെ നൂലാമാലകൾ പരമാവധി ലഘൂകരിച്ചു ചൈനയിൽ എത്തുവാനും അയാൾക്ക് ചൈനയിൽ തന്റെ യോഗ്യതയ്ക്ക് അനുസരിച്ചുള്ള തൊഴിലിൽ പ്രവേശിക്കാനും സാധിക്കും എന്നതാണ് കെ വിസ യുവജനതയ്ക്ക് മുന്നിൽ വെക്കുന്ന അവസരം. ഇങ്ങനെ ചൈനയിൽ എത്തിയ ആളുകൾ അവരുടെ തൊഴിൽ മേഖലയിൽ മുന്നേറുന്നതിനൊപ്പം തന്നെ നേരിട്ടോ അല്ലാതെയോ ചൈന എന്ന അവരുടെ തൊഴിൽ ദാതാവായ രാജ്യത്തിന് വലിയ വിലയേറിയ സംഭാവനയാണ് നൽകുവാൻ പോകുന്നത്.  എല്ലാ രാജ്യങ്ങളും പരിചയ സമ്പന്നരായ ഉദ്യോഗാർത്ഥികളെ മാത്രം വിസ നൽകി അവരുടെ രാജ്യത്ത് എത്തിക്കുമ്പോൾ ചൈന സ്വീകരിക്കുന്നത് ഭാവിയെ മുന്നിൽ കണ്ടുകൊണ്ടുള്ള കളിയാണ്. ഗവേഷകർ, ബിരുദം നേടിയവർ, നവ ആശയങ്ങൾ കയ്യിലുള്ളവർ എന്നിവരെ അവരുടെ കരിയറിന്റെ തുടക്ക കാലത്ത് തന്നെ ചൈനയിൽ എത്തിക്കുന്നത് വഴി ഭാവിയിൽ ഇവർ നേടുന്ന നേട്ടങ്ങൾ ചൈനയുടേത് കൂടിയാക്കി മാറ്റുവാൻ ചൈനയ്ക്ക് സാധിക്കും. എനിക്ക് ശേഷം പ്രളയം എന്ന ചിന്താഗതി ഇപ്പോഴും കൊണ്ടുനടക്കുന്ന രാഷ്ട്രീയ നേതൃത്വം നാട് ഭരിക്കുന്ന നിരവധി ഇടങ്ങൾ പരിശോധിച്ചാൽ  നമ്മുക്ക് കാണുവാൻ സാധിക്കും. അവിടെയാണ് ഏകാധിപത്യമെന്നും വികസന വിരോധികളെന്നും ലോകം മുദ്ര കുത്തിയ കമ്മ്യൂണിസ്റ്റുകൾ ഭരിക്കുന്ന ചൈന മാറി നിൽക്കുന്നത്.

REPRESENTATIVE IMAGE| PHOTO: WIKI COMMONS
സ്വദേശിവത്കരണത്തിന് എതിരെ നീങ്ങുന്ന ചൈനീസ് മാതൃക

അമേരിക്കയിലും യൂറോപ്പിലും ചില ഗൾഫ് രാജ്യങ്ങളിൽ ഉൾപ്പടെ സ്വദേശിവൽക്കരണം അതിവേഗത്തിൽ നടത്തുവാൻ മുറവിളികൾ ഉയരുമ്പോൾ ചൈന മനുഷ്യരെ തങ്ങളുടെ രാജ്യത്തേക്ക് തൊഴിലെടുക്കുവാൻ ക്ഷണിച്ചു വരുത്തുന്ന കാഴ്ചയാണ് നാം കാണുന്നത്. ഉദാഹരണത്തിന് അമേരിക്കയിൽ തൊഴിലെടുക്കാനുള്ള ആവശ്യത്തിനുള്ള H1B വിസ ലഭിക്കാനുള്ള വിസ ചാർജ് ഒരു ലക്ഷം ഡോളറായി ഉയർത്തിയ വാർത്തകൾ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുകയാണ്. അതായത് അമേരിക്കയിലെ ഒരു സ്ഥാപനം ഒരു വിദേശിയെ ഔട്സോഴ്സ്  ചെയ്യണമെങ്കിൽ അയാളെ ജോലിക്കെടുക്കുന്ന കമ്പനി അമേരിക്കൻ സർക്കാരിന് ഇന്ത്യൻ രൂപയിൽ കണക്കാക്കിയാൽ 88 ലക്ഷം രൂപ അടുത്ത് വരുന്ന പണം നൽകേണ്ടി വരും ട്രംപിന്റെ പുതിയ നയം അനുസരിച്ച്. യുകെയിലും ഫ്രാൻസിലും ഹങ്കറിയിലുമെല്ലാം വലത് പാർട്ടികൾ കുടിയേറ്റക്കാർക്ക് എതിരായി വൻ ക്യാംപയിനുകൾ  നടത്തുന്ന ഈ ഘട്ടത്തിൽ ചൈന സ്വീകരിച്ചിരിക്കുന്ന നയം ഏറെ മനുഷ്യത്തപരമാണ്. 

ഉപസംഹാരം

ചൈന മുന്നോട്ട് വെക്കുന്ന ഈ പുതിയ സംരംഭത്തിന് ബാലാരിഷ്ടതകൾ തുടക്കത്തിൽ ഉണ്ടാവാം. എങ്കിലും അന്താരാഷ്ട്ര രാഷ്ട്രീയത്തിൽ ഈ പുതിയ നയത്തിന് ഏറെ സ്വീകാര്യത ലഭിക്കാനുള്ള സാധ്യതകൾ ഉണ്ട്. ഒരിടത് ഒരു ജനൽ കൊട്ടിയടക്കപ്പെട്ടാൽ അതിലും വിശാലമായ ഒരു വാതിൽ മറ്റെവിടെയെങ്കിലും തുറക്കും എന്നത് ആഗോള തൊഴിലാളി സമൂഹത്തിന് ഒരുപാട് പ്രതീക്ഷകൾ നൽകുന്നു. ഡൊണാൾഡ് ട്രംപ്  എന്ന ബിസിനസ്സുകാരൻ അമേരിക്ക പോലെയൊരു രാജ്യത്തിന്റെ പ്രസിഡന്റ് പദവി അലങ്കരിക്കുമ്പോൾ ഇനിയും ഇതിന് സമാനമായ  പല തീരുമാനങ്ങളും ഉണ്ടായേക്കാം. എന്നാൽ അതിനെ ചെറുത്തു തോൽപ്പിക്കേണ്ടത് വിശാലമായ ഈ ലോകം നിലനിന്ന് പോകുവാൻ അനിവാര്യമാണ്. യു.എസ്- മെക്സിക്കോ അതിർത്തിയിൽ ഇനിയും പണിതീരാത്ത ആ ഇരുമ്പ് മതിലിനെയും മനുഷ്യ മനസ്സുകളിൽ ദിനംപ്രതി കട്ടകൾ നിരത്തപ്പെടുന്ന അദൃശ്യ മതിലിനെയും വക വെയ്ക്കാതെ മനുഷ്യത്തം മുന്നേറട്ടെ. ഒരു നേരത്തെ അന്നത്തിനായും അന്തസ്സുള്ള ജീവിതത്തിനായും നിരന്തരം അലയുന്ന കോടിക്കണക്കിന് മനുഷ്യർക്ക് ചൈന ഉൾപ്പടെയുള്ള രാജ്യങ്ങൾ  മുന്നോട്ട് വെക്കുന്ന ബദൽ സംവിധാനങ്ങൾ നൽകുന്ന പ്രതീക്ഷ ചെറുതൊന്നും അല്ല.

#outlook
Leave a comment