TMJ
searchnav-menu
post-thumbnail

Outlook

2026ന്റെ ചൂണ്ടു പലകയായി നിലമ്പൂര്‍

17 Jun 2025   |   3 min Read
ശ്രീകുമാർ മനയിൽ

ജൂണ്‍ 19 നു നടക്കുന്ന നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് ഇരുമുന്നണികള്‍ക്കും നിര്‍ണ്ണായകമാവുകയാണ്. അചിരേണ വന്നുഭവിച്ചതാണെങ്കിലും 2026ലെ പൊതു തെരഞ്ഞെടുപ്പിലേക്കുള്ള ഒരു ചൂണ്ടുപലക തന്നെയായിരിക്കും ഈ തെരഞ്ഞെടുപ്പ്.  മുഖ്യമന്ത്രി പിണറായി വിജയനെ പിതൃതുല്യനായി കണ്ടിരുന്ന നിലമ്പൂരിലെ ഇടതു സ്വതന്ത്ര എംഎല്‍എയും വ്യവസായിയും സര്‍വ്വോപരി മുന്‍ കോണ്‍ഗ്രസുകാരനുമായ പിവി അന്‍വറിന് ഉണ്ടിരുന്നപ്പോള്‍ തോന്നിയ വിളിയാണ് നിലമ്പൂരിലെ ഉപതെരഞ്ഞെടുപ്പിന് നിദാനം. നിലമ്പൂരിലെ രാഷ്ട്രീയ സാഹചര്യം പൊതുവെ യുഡിഎഫിന് അനുകൂലമാണ്. ഇത് അവരെക്കാള്‍ മനസിലാക്കിയത് സിപിഎമ്മാണ്. അതുകൊണ്ടാണ് ആദ്യഘട്ടത്തില്‍ സ്വതന്ത്രനെ തപ്പി നടന്ന പാര്‍ട്ടി, യുഡിഎഫില്‍ ആശയക്കുഴപ്പമാണെന്ന് കണ്ടമാത്രയില്‍ എം സ്വരാജിനെപ്പൊലൊരു സ്ഥാനാര്‍ത്ഥിയെ അവതരിപ്പിച്ചത്. പിവി അന്‍വറിനെ സ്വീകരിക്കുന്ന കാര്യത്തില്‍ യുഡിഎഫിലെ പാരമ്പര്യവാദികളും വിപ്ലവകാരികളും തമ്മിലുണ്ടായ ഏറ്റുമുട്ടല്‍ സിപിഎമ്മിന്റെയും പിണറായി വിജയന്റെ മനസില്‍ ചില മോഹനസ്വപ്നങ്ങള്‍ അങ്കുരിപ്പിച്ചെങ്കിലും എം സ്വരാജാണ് സ്ഥാനാര്‍ത്ഥിയെന്നറിഞ്ഞതോടെ വിയോജിപ്പുകളെല്ലാം തല്‍ക്കാലത്തേക്കെങ്കിലും യുഡിഎഫ് നേതൃത്വം കുഴിവെട്ടി മൂടി.

നിലമ്പൂരില്‍ മാത്രമല്ല മലപ്പുറം ജില്ലയില്‍ തന്നെ ഒന്നാമത്തെ കക്ഷി മുസ്ലീം ലീഗാണ്. മലപ്പുറത്ത് കോണ്‍ഗ്രസ് ജയിച്ചാലും സിപിഎം ജയിച്ചാലും അതു ലീഗിന്റെ വോട്ടുകൊണ്ടായിരിക്കുമെന്നത് ഒരു പ്രാപഞ്ചിക സത്യമാണ്. നിലമ്പൂരിലും സ്ഥിതിമറിച്ചല്ല. അതുകൊണ്ട് മുസ്ലിം ലീഗിന്റെ അതൃപ്തി ആദ്യം മുതലെ കോണ്‍ഗ്രസിനെ ഭയപ്പെടുത്തിയെന്നത് നേരാണ്. പി വി അന്‍വര്‍ വേണ്ടാ എന്ന കടുത്ത നിലപാടുമായി വി ഡി സതീശന്‍ മുമ്പോട്ടുപോകുമ്പോഴും കോണ്‍ഗ്രസിലെ മറ്റു നേതാക്കള്‍ക്ക് പ്രത്യേകിച്ച് കെ സി വേണുഗോപാലിനെപ്പോലുള്ളവര്‍ക്ക് അത്ര ആത്മവിശ്വാസം ആദ്യഘട്ടത്തിലുണ്ടായിരുന്നില്ല. പി വി അന്‍വര്‍ നിര്‍ദ്ദേശിച്ച വി എസ് ജോയിയുടെ പേരാണ് മുസ്ലീം ലീഗിന്റെ മനസിലുണ്ടായിരുന്നത്. പി കെ കുഞ്ഞാലിക്കുട്ടിയോട് കൂടി ആലോചിച്ചാണ് പി വി അന്‍വര്‍ വി എസ് ജോയിയെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് നിര്‍ദ്ദേശം മുന്നോട്ടുവച്ചതും. എന്നാല്‍ ജോയിയെ സ്ഥാനാര്‍ത്ഥിയാക്കിയാല്‍ ചിലപ്പോള്‍ എം സ്വരാജിന്റെ സ്ഥാനത്ത് ആര്യാടന്‍ ഷൗക്കത്ത് വന്നേക്കുമെന്ന ഭീതി യുഡിഎഫിനെ അലട്ടി. അന്‍വറിനും ലീഗിനും പൊതുശത്രുവാണെങ്കിലും ആര്യാടന്‍ മുഹമ്മദിന്റെ മകനെ അങ്ങനെ ആട്ടിപ്പായിക്കാന്‍ കോണ്‍ഗ്രസിന് കഴിയില്ലായിരുന്നു. ഇക്കാര്യത്തില്‍ പാര്‍ട്ടി നേതാക്കളെല്ലാം ഒറ്റക്കെട്ടുമായിരുന്നു.  ലീഗിന്റെ സമ്മര്‍ദ്ദത്തെ മറികടന്നാണ് ആര്യാടന്‍ ഷൗക്കത്തിനെ സ്ഥാനാര്‍ത്ഥിയാക്കിയത്. പി വി അന്‍വറിനെ ഉള്‍ക്കൊണ്ടുമുന്നോട്ടുപോകണമെന്ന മുസ്ലീം ലീഗിന്റെയും, കോണ്‍ഗ്രസിലെ സീനിയര്‍ നേതാക്കളുടെയും ആവശ്യം വി ഡി സതീശന്‍ തള്ളുമെന്ന് അവരാരും സ്വപ്നത്തില്‍ പോലും കരുതിയില്ല. പി കെ കുഞ്ഞാലിക്കുട്ടിയും കെ സി വേണുഗോപാലും തിരുമാനിച്ചാല്‍ കാര്യങ്ങളെല്ലാം മുറപോലെ നടക്കുമെന്ന ചിന്തിച്ചിരുന്ന പി വി അന്‍വറിനെ അമ്പരപ്പിച്ചുകൊണ്ടാണ് വി ഡി സതീശന്‍ കടുംവെട്ടുവെട്ടിയത്. 

ആര്യാടന്‍ ഷൗക്കത്ത് | PHOTO: WIKI COMMONS
ജോയിയായാലും ഷൗക്കത്തായാലും നിലമ്പൂരില്‍ ജയിക്കുമെന്ന് വി ഡി സതീശന് ആദ്യമേ തന്നെ അറിയാമായിരുന്നു. അപ്പോള്‍ പി വി അന്‍വറിന്റെ ശാഠ്യങ്ങള്‍ക്ക് വഴങ്ങേണ്ട ആവശ്യമില്ലെന്നും, അത് ഭാവിയില്‍ തനിക്ക് തന്നെ പാരയാകുമെന്നും സതീശന്‍ മനസിലാക്കി. പ്രതിപക്ഷനേതാവിനെതിരെ നിയമസഭയില്‍ പി വി അന്‍വര്‍ ഉയര്‍ത്തിയ കോടികള്‍ കടത്തിയെന്ന ആരോപണം അദ്ദേഹത്തിന്റെ മനസില്‍ മായാതെ കിടപ്പുണ്ടായിരുന്നു. അന്‍വര്‍ കാണിച്ച അബദ്ധം തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേരാന്‍ പോയതാണെന്ന് ചിലര്‍ പറയുന്നുണ്ട്. അത് സതീശന് കാര്യങ്ങള്‍ എളുപ്പമാക്കി. തൃണമൂല്‍ കോണ്‍ഗ്രസുമായി ഒരു തരത്തിലുള്ള അടുപ്പത്തിനും ഇപ്പോള്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് താല്‍പ്പര്യപ്പെടുന്നില്ല. ഇത് സതീശന് പിടിവള്ളിയായി. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് താല്‍പ്പര്യമില്ലാത്ത പാര്‍ട്ടിയുടെ നേതാവിനെ എങ്ങനെ കേരളത്തില്‍ സ്വീകരിക്കുമെന്ന ചോദ്യമാണ് പ്രതിപക്ഷ നേതാവ് ഉയര്‍ത്തിയത്. ഇതോടെ ലീഗും സതീശന്‍ വിരുദ്ധ കോണ്‍ഗ്രസുകാരും ഒരുപോലെ വെട്ടിലായി. പി വി അന്‍വറുമായി ചര്‍ച്ച നടത്തുമെന്ന് പ്രഖ്യാപിച്ച കെ സി വേണുഗോപാലിന് താന്‍ പറഞ്ഞത് വിഴുങ്ങേണ്ടി വരികയും ചെയ്തു.

കോണ്‍ഗ്രസിലെ ശാക്തികച്ചേരിയില്‍ നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് വലിയ പ്രത്യാഘാതമാണുണ്ടാക്കിയത്. മുസ്ലീം ലീഗിലെയും കോണ്‍ഗ്രസിലെയും സമുന്നത നേതാക്കളെ ഒരേ സമയം വെല്ലുവിളിച്ചുകൊണ്ടാണ് വി ഡി സതീശന്‍ മുന്നോട്ടുനീങ്ങിയത്. ഇത് കേരളത്തിലെ കോണ്‍ഗ്രസിന്റെ ഇതപര്യന്തമുള്ള ചരിത്രത്തില്‍ ആദ്യമായിരുന്നു. കരുണാകരന്റെ പ്രതാപകാലത്തുപോലും  മുസ്ലീം ലീഗിന്റെ നിര്‍ദ്ദേശങ്ങള്‍ക്കും അഭിപ്രായങ്ങള്‍ക്കും പ്രാധാന്യം കൊടുത്തിരുന്നു, എന്നാല്‍ വി ഡി സതീശനാകട്ടെ മുസ്ലീം ലീഗിന്റെ ഒരു സമ്മര്‍ദ്ധത്തിനും വഴങ്ങിയില്ലെന്ന് മാത്രമല്ല അനുരജ്ഞനത്തിന്റ എല്ലാ വാതിലുകളും അന്‍വറിന്  മുമ്പില്‍ കൊട്ടിയടക്കുകയും ചെയ്തു. അവസാനം തങ്ങള്‍ക്ക് അശേഷം താല്‍പ്പര്യമില്ലാത്തെ ആര്യാടന്‍ ഷൗക്കത്തിനെ ജയിപ്പിക്കുക എന്ന ഉത്തരവാദിത്വം കൂടി ലീഗിന് ഏറ്റെടുക്കേണ്ടി വന്നു. ഷൗക്കത്ത് തോല്‍ക്കുന്ന സ്ഥിതി വിശേഷമുണ്ടായാല്‍ അതിന്റെ പഴിയും ലീഗ് കേള്‍ക്കേണ്ടി വരും. അത് വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ലീഗിന്റെ വിലപേശല്‍ ശക്തി കുറക്കുകയും ചെയ്യും. ഇതുമനസിലാക്കിയാണ് സതീശനോടും ഷൗക്കത്തിനോടുമുള്ള കടുത്ത എതിര്‍പ്പുകള്‍ മാറ്റിവച്ചുകൊണ്ട് നിലമ്പൂരില്‍ അരയും തലയും മുറുക്കി ലീഗുകാര്‍ രംഗത്തിറങ്ങിയത്.

REPRESENTATIVE IMAGE | WIKI COMMONS
ഏറെക്കുറെ എല്ലാ പ്രീപോള്‍ സര്‍വ്വേകളും ആര്യാടന്‍ ഷൗക്കത്തിന്റെ വിജയം പ്രവചിക്കുന്നു. ചിലര്‍ വലിയ ഭൂരിപക്ഷമാണ് പ്രവചിക്കുന്നത്. പി വി അന്‍വര്‍ തരക്കേടില്ലാത്ത വോട്ടുനേടുമെന്നും അതില്‍ സിപിഎം വോട്ടുകളായിരിക്കും കൂടുതലെന്നുമാണ് സര്‍വ്വേകള്‍ പ്രവചിക്കുന്നത്. എം സ്വരാജിന്റെ സ്ഥാനാര്‍ത്ഥിത്വത്തിലൂടെ സിപിഎമ്മിന്റെ അടിസ്ഥാനവോട്ടുകള്‍ പാര്‍ട്ടിക്ക് നിലനിര്‍ത്താന്‍ കഴിയും. സ്വരാജ് മികച്ച സ്ഥാനാര്‍ത്ഥി തന്നെയാണന്ന്  പാര്‍ട്ടി ഇപ്പോഴും വിലയിരുത്തുന്നു. എന്നാല്‍ ജയിക്കാനുള്ള വോട്ടുകള്‍ നേടാനുള്ള കഴിവ് സിപിഎമ്മിന് ഇപ്പോഴും നിലമ്പൂരിലില്ല. അതാണ് അവര്‍ നേരിടുന്ന പ്രശ്നം. 2004 ലെ  പാര്‍ട്ടി സമ്മേളനത്തില്‍ നിലമ്പൂര്‍ ഏരിയാ കമ്മിറ്റിയിലേക്ക് മല്‍സരിച്ച്  പരാജയപ്പെട്ടയാളാണ് എം സ്വരാജ്. ജനിച്ചത് നിലമ്പൂരിലാണെങ്കിലും അവിടെ കാര്യമായ വേരുകള്‍ അദ്ദേഹത്തിനില്ല. സ്വതന്ത്രനെ ഇറക്കി തടികഴിച്ചിലാക്കി എന്ന ആരോപണം നിലമ്പൂരില്‍ കേള്‍ക്കാന്‍ പാര്‍ട്ടി നേതൃത്വം ഒരുക്കമായിരുന്നില്ല. പാര്‍ട്ടി സംസ്ഥാന നേതൃത്വം ആവഴിക്കാണ് ചിന്തിച്ചതെങ്കിലും ഏരിയാ- ജില്ലാ നേതൃത്വങ്ങള്‍ സ്വതന്ത്രന്‍ എന്ന ആശയത്തെ ശക്തിയായി എതിര്‍ത്തു. അങ്ങിനെയാണ് തോല്‍ക്കുന്നെങ്കില്‍ ഒരു രാഷ്ട്രീയ പോരാട്ടം നടത്തി തോല്‍ക്കട്ടെ എന്ന നിലപാട് എടുത്തുകൊണ്ട് എം സ്വരാജിനെ നിലമ്പൂരില്‍ സ്ഥാനാര്‍ത്ഥിയാക്കാന്‍ പാര്‍ട്ടി തിരുമാനിച്ചത്. ബിജെപി സ്ഥാനാര്‍ത്ഥിയാകട്ടെ തലേ ദിവസം പാര്‍ട്ടിയില്‍ അംഗത്വമെടുത്ത് പിറ്റേ ദിവസം സ്ഥാനാര്‍ത്ഥിയായ ആളാണ്. ബിജെപിയും അവരുടെ സ്ഥാനാര്‍ത്ഥിയും ഈ തെരഞ്ഞെടുപ്പിനെ ഗൗരവത്തിലെടുത്തിട്ടില്ല. കഴിഞ്ഞ തവണ ലഭിച്ച ബിജെപി വോട്ടുകള്‍ ഇത്തവണയും പാര്‍ട്ടി സ്ഥാനാര്‍ത്ഥിക്ക് തന്നെ ലഭിക്കും. അത് അവര്‍ ഏറെക്കുറെ ഉറിപ്പിച്ചിട്ടുണ്ട്.

എം സ്വരാജ് | PHOTO: WIKI COMMONS
നിലമ്പൂരില്‍ ആര്യാടന്‍ ഷൗക്കത്ത് വിജയിക്കുകയാണെങ്കില്‍ 2026 ലെ യുഡിഎഫ് പ്രതീക്ഷകള്‍ വാനോളം ഉയരും. എന്നുമാത്രമല്ല പിന്നെ വി ഡി സതീശനെ കവച്ചുവയ്കാന്‍ ആര്‍ക്കും അത്ര എളുപ്പത്തില്‍ കഴിയില്ല. പക്ഷെ പ്രതീക്ഷകളും പ്രവചനങ്ങളും തകിടം മറിച്ചുകൊണ്ട് എം സ്വരാജ് ജയിച്ചുകയറിയാലോ, പിന്നെ പിണറായി വിജയന്റെ മറ്റൊരു മുഖം കേരളജനത കാണേണ്ടിവരും. അതോടൊപ്പം സമാനതകളില്ലാത്ത പ്രതിസന്ധിയിലൂടെ യുഡിഎഫ് കടന്നുപോവുകയും കോണ്‍ഗ്രസില്‍ നിന്നും അസംതൃപ്തരമായ പലരും ചുവടുമാറുകയും ചെയ്യും. പണ്ടേ ദുര്‍ബല ഇപ്പോള്‍ ഗര്‍ഭിണി എന്ന പഴംചൊല്ല് അന്വര്‍ത്ഥമാക്കും വിധം നീങ്ങുന്ന കോണ്‍ഗ്രസിന് ആ പ്രതിസന്ധിയെ അതിജീവിക്കാന്‍ കഴിഞ്ഞെന്ന് വരില്ല. മുസ്ലീം ലീഗ് അവരുടെ വഴിനോക്കുകയും ചെയ്യും. ജൂണ്‍ 23 കേരള രാഷ്ട്രീയത്തെ സംബന്ധിച്ചിടത്തോളം നിര്‍ണ്ണായകമാകുന്നതും അതുകൊണ്ടാണ്.




#outlook
Leave a comment