TMJ
searchnav-menu
post-thumbnail

Outlook

നിലമ്പൂര്‍ എല്‍ഡിഎഫിന്റെ വാട്ടര്‍ലൂ?

24 Jun 2025   |   5 min Read
ആദർശ് എച്ച് എസ്

കേരളം ഏറെ പ്രതീക്ഷയോടെ വീക്ഷിച്ച നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് അതിന്റെ പരിസമാപ്തിയിലേക്ക് എത്തിയിരിക്കുന്നു. 11,077 വോട്ടിന്റെ ഭൂരിപക്ഷത്തിന് യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്ത് വിജയിച്ചു. ഷൗക്കത്ത് 77,737 വോട്ട് നേടിയപ്പോള്‍ 66,660 വോട്ട് ഇടതുപക്ഷ സ്ഥാനാര്‍ത്ഥി എം സ്വരാജ് സ്വന്തമാക്കി. സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച പി വി അന്‍വര്‍ 19,760 വോട്ട് നേടി. ബിജെപി നാലാം സ്ഥാനത്തേക്ക് പോയെങ്കിലും മണ്ഡലത്തിലെ അവരുടെ അടിസ്ഥാന വോട്ടുകള്‍ നിലനിര്‍ത്തി. മോഹന്‍ ജോര്‍ജിന് 8,648 വോട്ടുകളാണ് സമാഹരിക്കാന്‍ കഴിഞ്ഞത്.

ഇടതുപക്ഷത്തിന്റെ 'വാട്ടര്‍ലൂ' ആകാന്‍ പോകുന്ന തെരഞ്ഞെടുപ്പെന്ന് വിശേഷിപ്പിച്ചുകൊണ്ടാണ് എഐസിസിയുടെ സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ യുഡിഎഫ് ക്യാമ്പില്‍ നിന്നും തെരഞ്ഞെടുപ്പ് പോരാട്ടത്തിന് തുടക്കം കുറിച്ചത്. ഒടുവില്‍ നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് ഫലം വന്നിരിക്കുന്ന ഈ വേളയില്‍ കെ സി വേണുഗോപാലിന്റെ പ്രസ്താവന എത്രത്തോളം ശരിയായിട്ടുണ്ട്? ആ പ്രസ്താവന ശരിയാകണമെങ്കില്‍ വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിലേക്കും നിയമസഭാ തെരഞ്ഞെടുപ്പിലേക്കും വലിയ വിജയം കരസ്ഥമാക്കാനുള്ള കരുത്ത് നിലമ്പൂര്‍ തെരഞ്ഞെടുപ്പില്‍ നിന്നും യുഡിഎഫ് സ്വന്തമാക്കേണ്ടതുണ്ട്. അങ്ങനെയൊന്ന് സംഭവിച്ചിട്ടുണ്ടോ?

രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലത്ത് 5 മണ്ഡലങ്ങളില്‍ ഉപതെരഞ്ഞെടുപ്പും ഒരു ലോക്‌സഭാ പൊതു തെരഞ്ഞെടുപ്പുമാണ് സംസ്ഥാനത്ത് നടന്നത്. അതില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് ജയിക്കാന്‍ കഴിഞ്ഞത് ഒരേയൊരു മണ്ഡലത്തില്‍ മാത്രമാണ്. ശബരിമല വിവാദം ഉള്‍പ്പടെ ചര്‍ച്ചാവിഷയമായിരുന്ന 2019ന് സമാനമായ ഒരു തോല്‍വിയിലേക്കാണ് ഇടതുപക്ഷം 2024ലും കൂപ്പുകുത്തിയത്. ഉപതിരഞ്ഞെടുപ്പുകളിലാകട്ടെ യുഡിഎഫ് സിറ്റിംഗ് സീറ്റുകളായ തൃക്കാക്കര, പുതുപ്പള്ളി, പാലക്കാട് തുടങ്ങിയ മണ്ഡലങ്ങളില്‍ ചരിത്ര ഭൂരിപക്ഷത്തിലാണ് കോണ്‍ഗ്രസ് വിജയിച്ചത്. എല്‍ഡിഎഫ് സിറ്റിങ്ങ് സീറ്റായ ചേലക്കരയില്‍ വിജയിക്കാന്‍ കഴിഞ്ഞില്ലെങ്കിലും വോട്ട് വര്‍ദ്ധിപ്പിക്കാന്‍ അവര്‍ക്ക് കഴിഞ്ഞു. ഒരുപക്ഷേ സര്‍ക്കാര്‍ വിരുദ്ധ വികാരത്തിന്റെ വോട്ടുകള്‍ ബിജെപിക്ക് കൂടി പങ്കിട്ട് പോയില്ലായിരുന്നെങ്കില്‍ ചേലക്കരയില്‍ പോലും വിധി മറ്റൊന്നാകാന്‍ സര്‍വ്വ സാധ്യതകളുമുണ്ടായിരുന്നു.

A Test for Ruling Parties as Bypolls in Five Crucial Constituencies Get  Underway - The WireREPRESENTATIVE IMAGE | WIKI COMMONS
നിലമ്പൂര്‍ ജനവികാരത്തിന്റെ യഥാര്‍ത്ഥ ട്രെന്‍ഡ് അറിയാന്‍ സഹായിക്കുന്ന മണ്ഡലങ്ങളില്‍ ഒന്നാണ്. മണ്ഡലപുനഃനിര്‍ണ്ണയത്തിന് ശേഷം 2011ല്‍ ആര്യാടന്‍ മുഹമ്മദിന് ഇവിടെ ജയിക്കാന്‍ കഴിഞ്ഞത് 5,598 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ മാത്രമാണ്. പിന്നീടുള്ള രണ്ട് തെരഞ്ഞെടുപ്പിലും വിജയിച്ചതാകട്ടെ ഇടത് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായ പി വി അന്‍വറായിരുന്നു. കേരളത്തിലെ എല്ലാ പ്രബല സമുദായങ്ങള്‍ക്കും മികച്ച പ്രാതിനിധ്യമുള്ള മണ്ഡലം എന്ന നിലയില്‍ നിലമ്പൂര്‍ ഒരു മിനി കേരളയെ പ്രതിനിധീകരിക്കുന്നുണ്ട്. അവിടെയാണ് 11,077 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ സ്വരാജിനെ പോലെ ഇടതുപക്ഷത്തിന് ലഭിക്കാവുന്ന ഏറ്റവും മികച്ച സ്ഥാനാര്‍ഥി പരാജയപ്പെടുന്നത്. അന്‍വര്‍ ഇരുപതിനായിരത്തോളം വോട്ട് നേടിയെന്നത് കൂടി പരിഗണിക്കുമ്പോള്‍ തോല്‍വിയുടെ ഭൂരിപക്ഷത്തേക്കാള്‍ വലുതാണ് സര്‍ക്കാര്‍ വിരുദ്ധ വികാരം എന്നത് വ്യക്തമാകും.

വന്യജീവി ആക്രമണങ്ങളും, ദേശീയപാത നിര്‍മ്മാണത്തിലെ തകര്‍ച്ചയില്‍ ഇടതുപക്ഷം സ്വീകരിച്ച മൗനവും, മലപ്പുറം ജില്ലയ്ക്കെതിരായ മുഖ്യമന്ത്രിയുടെ പരാമര്‍ശവും, ഇസ്ലാമോഫോബിയ പ്രചരിപ്പിക്കും വിധം വെള്ളാപ്പള്ളി നടേശന്‍ നടത്തിയ പരാമര്‍ശങ്ങള്‍ക്ക് ശേഷവും മുഖ്യമന്ത്രി നേരിട്ടെത്തി അദ്ദേഹത്തെ ആദരിക്കുന്ന ചടങ്ങില്‍ പങ്കെടുത്തതും, വിവിധ പെന്‍ഷനുകള്‍ വൈകിയതുമൊക്കെ നിലമ്പൂരില്‍ ഇടതുപക്ഷത്തിന് എതിരായി പ്രചരിപ്പിക്കപ്പെട്ടിരുന്നു. ഇവയ്ക്ക് പുറമേ മുന്‍പെങ്ങുമില്ലാത്ത വിധമുള്ള യുഡിഎഫിലെ ഐക്യം കൂടിയായപ്പോള്‍ ജയം അവര്‍ക്കൊപ്പം നിന്നു. ഇനിയൊരു തോല്‍വി കൂടി അംഗീകരിക്കാന്‍ കഴിയില്ലെന്ന സമീപനത്തിലേക്ക് യുഡിഎഫ് നേതൃത്വവും പ്രവര്‍ത്തകരും എത്തിയതിന്റെ പ്രതിഫലനം കൂടിയാണ് നിലമ്പൂരില്‍ കണ്ടത്. സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ സ്വരാജിന് അനുകൂലമായി വോട്ട് അഭ്യര്‍ത്ഥിച്ചു നടത്തിയ ക്യാമ്പയിന്‍ പോലും ഇടതുപക്ഷ സ്ഥാനാര്‍ത്ഥിക്ക് പ്രതികൂലമായി ബാധിക്കുകയാണ് ഉണ്ടായത്. സാംസ്‌കാരിക പ്രമുഖര്‍ എന്ന് അവകാശപ്പെടുന്നവരില്‍ പൊതുജനത്തിനുള്ള വിശ്വാസം നഷ്ടമായിരിക്കുന്നു എന്ന് കൂടി ഈ തെരഞ്ഞെടുപ്പ് ഫലം അടിവരയിടുന്നു.

പ്രതികരിക്കേണ്ട സമയങ്ങളില്‍ നിശബ്ദത പാലിച്ചും, സര്‍ക്കാരിനെ വിമര്‍ശിക്കേണ്ട ഘട്ടങ്ങളില്‍ ദാസ്യവേല ചെയ്തും ഇടതുപക്ഷ സാംസ്‌കാരിക പ്രമുഖര്‍ സ്വയം വരുത്തിവച്ച അധഃപതനമാണ് നിലമ്പൂരില്‍ കണ്ടത്. ഏതൊരു സ്ഥാനാര്‍ത്ഥിക്ക് വേണ്ടിയും വോട്ടഭ്യര്‍ത്ഥിക്കാന്‍ ഈ രാജ്യത്തെ ഏതൊരു പൗരനും അവകാശമുണ്ടെന്നിരിക്കെ ഇടത് സാംസ്‌കാരിക ബുദ്ധിജീവികള്‍ പരിഹസിക്കപ്പെട്ടത് ജനങ്ങളെ അലട്ടുന്ന വിഷയങ്ങളില്‍ കഴിഞ്ഞ 9 വര്‍ഷങ്ങളില്‍ അവര്‍ പാലിച്ച മൗനം കാരണമാണ്. തെരുവില്‍ സമരം ചെയ്യുന്ന ആശ പ്രവര്‍ത്തകര്‍ക്ക് വേണ്ടി സംസാരിക്കാതെ, വന്യജീവികളാല്‍ വേട്ടയാടപ്പെടുന്ന മനുഷ്യരോട് ഐക്യപ്പെടാതെ, വിലക്കയറ്റം കൊണ്ട് പൊറുതിമുട്ടുന്ന മനുഷ്യരെ കാണാതെ, തൊഴിലില്ലായ്മ മൂലം അലയുന്ന യുവതയോട് അനുകമ്പയില്ലാതെ പാര്‍ട്ടിയോട് മാത്രം വിധേയത്വം കൊണ്ട് നടന്നവര്‍ വോട്ട് ചോദിക്കാന്‍ വേണ്ടി മാത്രം പ്രത്യക്ഷപ്പെടുമ്പോള്‍ ജനം പരിഹസിക്കുക സ്വാഭാവികമാണ്.

നിലമ്പൂരിൽ ഇന്ന് കലാശക്കൊട്ട്; ജനഹൃദയങ്ങളിലേക്ക് എം സ്വരാജ് - Deshabhimaniഎം സ്വരാജ് പ്രചാരണ വേളയില്‍ | PHOTO: WIKI COMMONS
ഇതേ സാംസ്‌കാരിക ബുദ്ധിജീവികള്‍ നിലപാടിന്റെ രാജകുമാരന്‍ എന്ന് വിശേഷിപ്പിച്ച ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയും മേല്പറഞ്ഞ വിഷയങ്ങളിലൊക്കെ ഒന്നുകില്‍ മൗനം പാലിക്കുകയോ അല്ലെങ്കില്‍ കേന്ദ്രത്തെ മാത്രം പഴിചാരി രക്ഷപ്പെടുകയോ ആണ് ചെയ്തിട്ടുള്ളത്. സംസ്ഥാന സര്‍ക്കാരിന് മേല്പറഞ്ഞ വിഷയങ്ങളിലൊന്നും ഒരു പങ്കുമില്ലെന്ന് വിശ്വസിക്കുന്ന ഒരു സ്ഥാനാര്‍ത്ഥിക്ക് വോട്ട് രേഖപ്പെടുത്താന്‍ ജനം മടിച്ചത് കൂടിയാണ് നമ്മള്‍ നിലമ്പൂരില്‍ കണ്ടത്. രാജ്യം നിലവില്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം സംഘ്പരിവാര്‍ ഭീകരതയാണെന്ന ഏറ്റവും കുറഞ്ഞ തിരിച്ചറിവ് ഒരു കമ്മ്യൂണിസ്റ്റിന് ഉണ്ടാകേണ്ടതുണ്ട്. എന്നാല്‍ സംഘ്പരിവാറിനെതിരെ കഴിഞ്ഞ ദശാബ്ദത്തില്‍ രാജ്യത്ത് നടന്ന ഏറ്റവും ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഒന്നായ ഭാരത് ജോഡോ യാത്രയെ 'കണ്ടയ്‌നര്‍ ജാഥ' എന്ന് സംഘ്പരിവാറിനെ പോലും ലജ്ജിപ്പിക്കുന്ന ഭാഷയില്‍ ആദ്യം വിശേഷിപ്പിച്ച നേതാവാണ് ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയായ എം സ്വരാജ്. സ്വന്തം പ്രസ്ഥാനം ചെയ്യുന്ന ഏത് പ്രവര്‍ത്തിയെയും ന്യായീകരിക്കുകയും മറ്റുള്ളവര്‍ ചെയ്യുന്ന മികച്ച പ്രവര്‍ത്തനങ്ങള്‍ പോലും അവഹേളിക്കുകയും ചെയ്യുന്നൊരു രാഷ്ട്രീയക്കാരനെ ജനങ്ങള്‍ക്ക് ഏറ്റെടുക്കാനുള്ള പ്രയാസം കൂടിയാണ് നിലമ്പൂരില്‍ കണ്ടത്.

സംസ്ഥാനത്ത് ശക്തമായ സര്‍ക്കാര്‍ വിരുദ്ധ വികാരമുണ്ട് എന്നത് ജനങ്ങള്‍ പല തെരഞ്ഞെടുപ്പുകളിലായി തെളിയിച്ചു കഴിഞ്ഞു. പക്ഷേ 2026ലേക്ക് UDF വിജയിക്കാന്‍ അതുമാത്രം മതിയാകില്ല. ഈ ഉപതിരഞ്ഞെടുപ്പില്‍ പരാജയപ്പെടുമ്പോഴും 2026ലേക്കുള്ള പദ്ധതിക്ക് വിത്തുപാകിയിട്ടാണ് സിപിഐഎം പരാജയം സമ്മതിക്കുന്നത്. അത് കേരളത്തിന്റെ മതേതര ചട്ടക്കൂടിനെ അടിമുടി ഉലയ്ക്കാന്‍ പാകത്തിനുള്ള തന്ത്രമാണ്. ലീഗിനെയും സമസ്തയും പിളര്‍ത്തി തങ്ങള്‍ക്കൊപ്പം കൂട്ടുക എന്നതായിരുന്നു ഇടക്കാലത്ത് സിപിഐഎം നയം. അതിന് വേണ്ടി ന്യൂനപക്ഷങ്ങള്‍ക്ക് അനുകൂലമായ നിരവധി നിലപാടുകള്‍ അവര്‍ സ്വീകരിക്കുകയും ചെയ്തു. പക്ഷേ ആ തന്ത്രം പ്രതീക്ഷിച്ച പോലെ വിജയിച്ചില്ല എന്ന് മാത്രമല്ല കൈയ്യിലുണ്ടായിരുന്ന ഈഴവ വോട്ടുകള്‍ ബിജെപിയിലേക്ക് പല മണ്ഡലങ്ങളിലും പോകുന്ന സാഹചര്യമുണ്ടായി. ന്യൂനപക്ഷ പ്രീണനം കൊണ്ടാണ് പാര്‍ട്ടിക്ക് തിരിച്ചടി നേരിടുന്നതെന്ന ശബ്ദം പാര്‍ട്ടി സമ്മേളനങ്ങളില്‍ തന്നെ ഉയര്‍ന്നു. അങ്ങനെയാണ് സിപിഐഎം ചുവടുമാറ്റിയത്.

വിജയരാഘവനും പി മോഹനനും ഗോവിന്ദന്‍ മാഷുമൊക്കെ കോണ്‍ഗ്രസ് ന്യൂനപക്ഷ പ്രീണനം നടത്തിയാണ് വിജയിക്കുന്നതെന്ന പ്രചാരണങ്ങള്‍ നടത്തി. മലപ്പുറം ജില്ലയെ വെള്ളാപ്പള്ളി അധിക്ഷേപിച്ചതിന് ശേഷവും മുഖ്യമന്ത്രി അയാളെ ആദരിക്കുന്ന ചടങ്ങില്‍ നേരിട്ട് പങ്കെടുത്ത് പുകഴ്ത്തി സംസാരിച്ചു. നിലമ്പൂര്‍ തിരഞ്ഞെടുപ്പിനിടയില്‍ പോലും ഗോവിന്ദന്‍ മാഷ് പഴയ സിപിഐഎം- ആര്‍എസ്എസ് ബന്ധത്തെ വീണ്ടും ഓര്‍മ്മിപ്പിച്ചത് യാദൃശ്ചികമായി സംഭവിച്ചതാണെന്ന് കരുതാന്‍ കഴിയില്ല. 2026ല്‍ ഇരുകൂട്ടര്‍ക്കുമിടയില്‍ സഹകരിക്കേണ്ട മണ്ഡലങ്ങളില്‍ അതിനുള്ള കളമൊരുക്കുക എന്നത് പോലുമായിരിക്കാം ലക്ഷ്യം. തന്ത്രം ലളിതമാണ്, യുഡിഎഫിനെ ന്യൂനപക്ഷ വിഭാഗങ്ങളിലെ തീവ്രവാദികളെ ഉള്‍പ്പടെ ഉള്‍കൊള്ളുന്ന ഒരു മുന്നണിയായി ചിത്രീകരിക്കുക. അതുവഴി തീവ്ര ഹിന്ദുത്വവാദികളുടെ വോട്ടും ക്രൈസ്തവ വിഭാഗങ്ങളിലെ മുസ്ലിം വിരുദ്ധ വികാരം പേറുന്നവരുടെ വോട്ടും സ്വന്തമാക്കുക. തീക്കൊള്ളി കൊണ്ട് തല ചൊറിയുകയാണ് ഈ തന്ത്രത്തിലൂടെ സിപിഐഎം. പക്ഷേ ജമാഅത് ഇസ്ലാമിയയെ നിലമ്പൂരില്‍ കൂട്ടുപിടിച്ചുകൊണ്ട്, അവര്‍ മതരാഷ്ട്രവാദ സംഘടനയല്ല എന്ന് സര്‍ട്ടിഫിക്കറ്റ് നല്‍കി കൊണ്ട് ആ കെണിയിലേക്ക് യുഡിഎഫ് കൃത്യമായി നടന്നു കയറിയിട്ടുണ്ട്.

Analysis | Our way or the highway, Nilambur voters tell LDF | Election  Update | Kerala News | Onmanoramaആര്യാടന്‍ ഷൗക്കത്ത് പ്രചാരണ വേളയില്‍ | PHOTO: WIKI COMMONS
ജമാഅത് ഇസ്ലാമി മുന്‍പ് ഇടതുപക്ഷത്തിനൊപ്പം നിലകൊണ്ടതോ, പിഡിപിയെ പോലെയുള്ള പ്രസ്ഥാനങ്ങള്‍ ഇപ്പോഴും അവര്‍ക്ക് പിന്തുണ കൊടുക്കുന്നതോ പറഞ്ഞുകൊണ്ട് മാത്രം യുഡിഎഫിന് ഈ സാഹചര്യത്തെ അതിജീവിക്കാന്‍ കഴിയില്ല. ജമാഅത് ഇസ്ലാമിയാണ് യുഡിഎഫിനെ നിയന്ത്രിക്കുന്നതെന്ന പ്രതിച്ഛായ സൃഷ്ടിക്കലായിരുന്നു നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് തന്ത്രം. വരാനിരിക്കുന്ന ദിവസങ്ങളിലും ഇതേ പ്രചാരണം തന്നെയാകും സിപിഐഎമ്മിനെ നയിക്കുക. കേവലം തെരഞ്ഞെടുപ്പ് സഹകരണം എന്നതിലുപരി ജമാഅത് ഇസ്ലാമി മതരാഷ്ട്രവാദ സംഘടനയല്ലെന്ന ക്‌ളീന്‍ ചിറ്റ് നല്‍കിയ പ്രതിപക്ഷ നേതാവിന്റെ നിലപാട് തിരുത്തപ്പെടേണ്ടതാണ്. അന്‍വറിന്റെ കാര്യത്തില്‍ അദ്ദേഹം പുലര്‍ത്തിയ ജാഗ്രത ജമാഅത് ഇസ്ലാമിയുടെ കാര്യത്തിലുണ്ടായില്ലെന്നത് നിരാശാജനകമാണ്.

ഇനി ആരൊക്കെ ക്ളീന്‍ ചിറ്റ് നല്‍കിയാലും ജമാഅത് ഇസ്ലാമി വര്‍ഗ്ഗീയ സംഘടനയും അവരുടെ ലക്ഷ്യം മതരാഷ്ട്രവാദവുമാണെന്ന യാഥാര്‍ഥ്യം മാറാന്‍ പോകുന്നില്ല. 2026ന് മുന്‍പ് ഇവരെ തള്ളിപ്പറയാന്‍ യുഡിഎഫ് തയ്യാറാകാത്ത പക്ഷം ധാര്‍മ്മികമായും രാഷ്ട്രീയപരമായും വലിയ വീഴ്ചയിലേക്കാകും മുന്നണി പതിക്കുക. കേരളത്തില്‍ നിലവില്‍ വലിയ രാഷ്ട്രീയ ശക്തി പോലുമല്ലാത്ത ഒരു രാഷ്ട്രീയ പ്രസ്ഥാനത്തെ യുഡിഎഫ് അംഗീകരിക്കുന്നത് യുഡിഎഫിന്റെ വളര്‍ച്ചയേക്കാള്‍ ജമാഅത് ഇസ്ലാമിയുടെ വളര്‍ച്ചയ്ക്ക് മാത്രമാണ് ഉപകരിക്കുക. മുസ്ലിം ലീഗ് ഉള്‍പ്പടെ മുന്നണിയിലെ പ്രബല കക്ഷികളെ ദുര്‍ബലപ്പെടുത്തുന്നതിനും അവര്‍ക്കും കൂടി വര്‍ഗ്ഗീയ പ്രതിച്ഛായ ഉണ്ടാക്കി നല്കുന്നതിനും ഇത് കാരണമായേക്കും.

മതരാഷ്ട്രവാദം ഇല്ലാത്ത മൗദൂദികള്‍ എന്നത് ഹൈഡ്രജന്‍ ആറ്റങ്ങളില്ലാത്ത ജലത്തെ സങ്കല്‍പ്പിക്കുന്നത് പോലെയാണ്. ജമാഅത് ഇസ്ലാമി എന്നത് ഇന്ത്യയില്‍ മാത്രം പ്രവര്‍ത്തിക്കുന്ന സംഘടനയല്ലെന്നിരിക്കെ അവര്‍ക്ക് കരുത്തുള്ള മറ്റ് രാഷ്ട്രങ്ങളില്‍ അവരെങ്ങനെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് നോക്കിയാല്‍ ആ ആശയത്തിന്റെ ഭീകരത വ്യക്തമാകും. കേരളത്തില്‍ ആയുധമെടുക്കുന്നില്ലെന്നത് കൊണ്ട് മാത്രം അവര്‍ നീതികരിക്കപ്പെടുന്നില്ല. ആയുധമെടുക്കുന്നവര്‍ക്ക് ആവശ്യമായ സാമൂഹിക പിന്തുണ ഉറപ്പ് വരുത്തുന്നതിന് ആവശ്യമായ പണിയാണ് അവര്‍ എടുത്തുകൊണ്ടിരിക്കുന്നത്. അതുകൊണ്ടാണ് താലിബാന്‍ വിസ്മയമാണെന്ന് അവര്‍ ഒളിഞ്ഞും തെളിഞ്ഞും പറഞ്ഞുകൊണ്ടിരിക്കുന്നത്.

Anvar skips final march; focuses on door-to-door campaign | Kerala news |  OnmanoramaREPRESENTATIVE IMAGE | WIKI COMMONS
ജമാഅത് ഇസ്ലാമിയെ ഏറ്റവും കരുത്തുറ്റ ഭാഷയില്‍ വിമര്‍ശിച്ച ചരിത്രമുള്ള നേതാവാണ് ആര്യാടന്‍ ഷൗക്കത്ത്. അങ്ങനെയൊരാളുടെ സ്ഥാനാര്‍ത്ഥിത്വത്തിനിടയില്‍ തന്നെ പ്രതിപക്ഷ നേതാവ് അവര്‍ക്ക് ക്‌ളീന്‍ ചിറ്റ് നല്‍കിയത് ആ വിജയത്തിന്റെ കൂടി നിറം കെടുത്തുന്ന പ്രവര്‍ത്തനമാണ്. കേരളത്തിനാവശ്യം ഒരു മതേതര ജനാധിപത്യ ബദല്‍ സംവിധാനമാണ്. ജമാഅത് ഇസ്ലാമിയെ അകറ്റി നിര്‍ത്തിക്കൊണ്ട് മാത്രമേ അത്തരമൊരു ബദല്‍ സംവിധാനത്തെ പ്രതിനിധീകരിക്കാന്‍ യുഡിഎഫിന് കഴിയുകയുള്ളു. ജനങ്ങളെ ബാധിക്കുന്ന പെന്‍ഷന്‍, വന്യജീവി ആക്രമണം, തൊഴിലില്ലായ്മ, വിലക്കയറ്റം, ലഹരിയുടെ ഉപയോഗം, ക്രമസമാധാന പ്രശ്‌നങ്ങള്‍ തുടങ്ങിയ വിഷയങ്ങളെ കുറിച്ച് യുഡിഎഫ് സംസാരിക്കുന്നത് കേള്‍ക്കാനാണ് ജനം ആഗ്രഹിക്കുന്നത്. അവരുടെ ഇടയിലേക്ക് ജമാഅത് ഇസ്ലാമിയെ പോലെയുള്ള സംഘടനകള്‍ക്കൊപ്പം കടന്നു ചെല്ലുന്നത് കോണ്‍ഗ്രസിന്റെ സാധ്യതകളെ ഇല്ലാതാക്കാന്‍ മാത്രമേ സഹായിക്കുകയുള്ളൂ.

നിലമ്പൂരിനെ കെ സി വേണുഗോപാല്‍ അവകാശപ്പെട്ടത് പോലെ എല്‍ഡിഎഫ് സര്‍ക്കാരിന്റെ 'വാട്ടര്‍ ലൂ'വാക്കാനുള്ള സകല സാഹചര്യങ്ങളും ഇപ്പോഴും കോണ്‍ഗ്രസിനും യുഡിഎഫിനും മുന്നിലുണ്ട്. അതിനുപക്ഷേ ആദ്യം യുഡിഎഫ് സ്വയം ശുദ്ധീകരിക്കാന്‍ തയ്യാറാകണം. എങ്ങനെയാണോ ഐക്യമില്ലായ്മ എന്ന പ്രശ്‌നത്തെ ഒരു പരിധിയോളം പരിഹരിച്ചത്, എപ്രകാരമാണോ അന്‍വറിനെ പുറത്ത് നിര്‍ത്തിക്കൊണ്ട് നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിനെ നേരിടാന്‍ ധൈര്യം കാണിച്ചത് അതേ മാതൃകയില്‍ ജമാഅത് ഇസ്ലാമി ഉള്‍പ്പടെയുള്ള വര്‍ഗ്ഗീയ പ്രസ്ഥാനങ്ങളെ തള്ളിപറയാനും മതേതര ചേരിയില്‍ ഉറച്ചുനില്‍ക്കാനും കോണ്‍ഗ്രസ് തയ്യാറാകണം. ജനങ്ങള്‍ക്ക് ഒരു ബദല്‍ ആവശ്യമാണെന്ന് അവര്‍ ഉറപ്പിച്ചു പറയുന്നുണ്ട്. ആ സ്ഥാനം അലങ്കരിക്കാന്‍ യുഡിഎഫ് കൂടി സജ്ജമാകുകയാണ് ഇനി വേണ്ടത്.













#outlook
Leave a comment