
4 ട്രില്യൺ ഡോളർ എക്കണോമിയിൽ നിന്നും പുറന്തള്ളപ്പെട്ട 90 ശതമാനം ഇന്ത്യക്കാർ
ഇന്ത്യയുടെ മൊത്തം ആഭ്യന്തോരോൽപ്പാദനം (ജിഡിപി) നാലു ട്രില്യൺ ഡോളറായി (4 ലക്ഷം കോടി) വളർന്ന വാർത്ത കുറച്ചു ദിവസങ്ങളായി വലിയ ചർച്ചയാണ്. അതോടെ ജപ്പാനെ മറി കടന്ന് ഇന്ത്യ ലോകത്തിലെ നാലാമത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായി മാറിയെന്നും കേന്ദ്ര സർക്കാർ ഏജൻസിയായ നീതി ആയോഗിന്റെ സിഇഒയായ ബിവിആർ സുബ്രമണ്യൻ അവകാശപ്പെട്ടു. ജപ്പാനെ മറികടന്ന ഇന്ത്യയുടെ നേട്ടത്തെ പറ്റി പ്രധാനമന്ത്രി നരേന്ദ്ര മോഡിയും കഴിഞ്ഞ ദിവസങ്ങളിൽ വാചാലനായിരിന്നു. പഹൽഗാം ഭീകരാക്രമണത്തിനുള്ള തിരിച്ചടിയെ തുടർന്നു നടത്തിയ സൈനിക സംഘർഷത്തിൽ പാകിസ്താനെ മുട്ടു കുത്തിച്ചതിനെ കുറിച്ചുള്ള ആവേശകരമായ ഭാഷ്യങ്ങൾ നിറഞ്ഞുനിൽക്കുന്ന അന്തരീക്ഷത്തിലാണ് നാലു ട്രില്യൺ ഡോളർ എക്കണോമിയായി ഇന്ത്യ വളർന്ന കാര്യവും ഭാഷയാവുന്നത്. അമേരിക്ക, ചൈന, ജർമ്മനി എന്നീ രാജ്യങ്ങൾ കഴിഞ്ഞാൽ ഇന്ത്യയാണ് ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തി.
നാലു ട്രില്യൺ ഡോളർ ജിഡിപി-യും ലോകത്തിലെ നാലാമത്തെ സാമ്പത്തിക ശക്തിയുമായ രാജ്യത്തിലെ ജനങ്ങളുടെ ഭൗതികമായ അഭിവൃദ്ധി ഈ സന്ദർഭത്തിൽ സ്വാഭാവികമായും ശ്രദ്ധയിൽ വരും. അവിടെയാണ് ചില കല്ലുകടികളും കടന്നു വരുന്നത്. പലചരക്ക് കടയിലെ സാധനങ്ങളുടെ വിലയും നാണയപ്പെരുപ്പ നിരക്കിനെ കുറിച്ചുള്ള സർക്കാർ ഡാറ്റയും തമ്മിലുള്ള പൊരുത്തക്കേടുകളെക്കാൾ വലുതാണ് ജിഡിപി വളർച്ചയും സാമ്പത്തിക അഭിവൃദ്ധിയും തമ്മിലുള്ള പൊരുത്തക്കേടുകൾ എന്നാണ് ഈ മേഖലയിലെ വിവിധ വർണ്ണങ്ങളിലുള്ള വിദഗ്ദ്ധരുടെ അഭിപ്രായം. എഴുത്തുകാരിയായ കവിത കബീർ ചൂണ്ടിക്കാട്ടിയതു പോലെ നാലു ട്രില്യൺ എക്കണോമിയെ കുറിച്ചുള്ള ആഘോഷങ്ങൾ ലേശം നേരത്തെ ആയോ എന്നൊരു സന്ദേഹത്തിൽ നിന്നും തുടങ്ങാം. അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്) നടത്തിയ പ്രൊജക്ഷനെ അടിസ്ഥാനമാക്കിയാണ് നീതി ആയോഗ് സിഇഒയുടെ നാലു ട്രില്യൺ ഡോളർ അവകാശവാദം. അതായത് പ്രൊജക്ഷൻ പ്രകാരം ഇന്ത്യയും ജപ്പാനും യഥാക്രമം 2025 ഏപ്രിലിൽ 4187.02, 4186.43 ബില്യൺ ഡോളർ എക്കോണമികൾ. പക്ഷെ, ഐഎംഎഫ് 2025 എന്ന് പറയുമ്പോൾ 2025-26 സാമ്പത്തിക വർഷമാണ് അർഥമാക്കുന്നതെന്ന് ഗ്രഹിക്കുന്നവരെ സംബന്ധിച്ചിടത്തോളം ആഘോഷങ്ങളുടെ സമയമായിട്ടില്ല എന്നാണ്. അതിന്റെയർത്ഥം ഇന്ത്യ ജപ്പാനെ മറി കടക്കില്ല എന്നല്ല. വെറും 0.6 ശതമാനം മാത്രം ജിഡിപി വളർച്ചയുള്ള ജപ്പാനുമായി താരതമ്യം ചെയ്യുമ്പോൾ 6.2 ശതമാനം ജിഡിപി വളർച്ച കൈവരിക്കുന്ന ഇന്ത്യയുടെ സ്ഥിതി വളരെ വ്യത്യാസമാണ്. അപ്പോൾ ജപ്പാനെ നമ്മൾ മറികടക്കുമെന്ന കാര്യം വെറും ലളിതമായ ഗണിതശാസ്ത്രം മാത്രം.
REPRESENTATIVE IMAGE | WIKI COMMONS
ജപ്പാനെ മറി കടന്നുവെന്ന് ഊറ്റം കൊള്ളുന്നതോ ജിഡിപി നാലു ട്രില്യൺ ഡോളർ എത്തുന്നതോ അല്ല വിഷയം. ഒന്നോ രണ്ടോ കൊല്ലത്തിന് മുൻപ് ബ്രിട്ടനെ മറി കടന്നുവെന്ന സമാനമായ വമ്പു പറച്ചിൽ ഇപ്പോൾ ആരുടെയും ഓർമ്മയിൽ പോലുമില്ല. അസാധാരണമായ തോതിലുള്ള സാമ്പത്തിക അസമത്വം നിറഞ്ഞു നിൽക്കുന്ന ലോകത്തിൽ ജിഡിപി വളർച്ചയെ അടിസ്ഥാനമാക്കിയുള്ള കണക്കുകൾ യഥാർത്ഥ സാമ്പത്തിക സ്ഥിതി വെളിപ്പെടുത്താൻ പര്യാപ്തമല്ലെന്ന തത്വമാണ് മുഖ്യവിഷയം. ജിഡിപിയുടെ കണക്കുകളെ മറ്റു ചിലഅളവുകോലുകളുമായി താരതമ്യം ചെയ്യുന്ന വിശകലനങ്ങൾ സാമ്പത്തിക അഭിവൃദ്ധിയുമായി ബന്ധപ്പെട്ട കൂടുതൽ യാഥാർഥ്യമായ നിഗമനങ്ങളിൽ എത്താൻ സഹായിക്കും. ആളോഹരി വരുമാനം ഉദാഹരണം. ഇന്ത്യയും, ജപ്പാനും 4 ലക്ഷം കോടി ഡോളർ എക്കോണമികൾ ആണ്. പക്ഷെ ജപ്പാനിലെ ആളോഹരി വരുമാനം 33,900 ഡോളറും, ഇന്ത്യയുടേത് 2,880 ഡോളർ മാത്രമാണ്. ഇന്ത്യയുടെ ജനസംഖ്യ 146 കോടിയും ജപ്പാനിലെ ജനസംഖ്യ വെറും 12 കോടി 30 ലക്ഷം മാത്രമാണെന്ന കാര്യം പക്ഷെ മറക്കാൻ പാടില്ല. എന്നാൽ ജനസംഖ്യയുടെ കാര്യത്തിൽ സമാനതകളുള്ള ചൈനയുമായുള്ള താരതമ്യമാവും കൂടുതൽ അഭികാമ്യം. ചൈന നാലു ട്രില്യൺ എക്കണോമി ആയ 2008-ൽ അവിടുത്തെ ആളോഹരി വരുമാനം 3,500 ഡോളറായിരിന്നു. ഇപ്പോൾ ഏതാണ്ട് 19 ട്രില്യൺ ഡോളർ എക്കോണമിയായ ചൈനയുടെ ആളോഹരി വരുമാനം 12,614 ഡോളർ ആണ്. അതായത് കഴിഞ്ഞ 15 വർഷങ്ങൾക്കുള്ളിൽ ചൈന ആളോഹരി വരുമാനം മൂന്നു മടങ്ങായി ഉയർത്തി. എന്നാൽ ഇന്ത്യയുടെ ആളോഹരി വരുമാനത്തിൽ തീരെ വളർച്ച ഉണ്ടായിട്ടില്ലെന്ന് പറയാനാവില്ല. 2004ൽ ഇന്ത്യയുടെ ആളോഹരി വരുമാനം 620 ഡോളർ മാത്രമായിരുന്നു. എന്നാൽ കഴിഞ്ഞ 20 വർഷങ്ങൾക്കുള്ളിൽ അത് ഏതാണ്ട് നാലു മടങ്ങിലധികം വളർന്ന് ഇപ്പോഴത്തെ 2,800 ഡോളർ എന്ന നിരക്കിൽ എത്തി. അതായത് മോഡിജി അധികാരത്തിൽ എത്തിയതു കൊണ്ടല്ല 4 ട്രില്യൺ ഡോളർ എക്കണോമിയിലേക്കുള്ള പ്രയാണമെന്ന് ചുരുക്കം. കോൺഗ്രസ്സിന്റെ നേതൃത്വത്തിലുള്ള യുപിഎ ഭരണകാലമായ 2004-2014 ദശകത്തിലാണ് ആളോഹരി വളർച്ച ഏറ്റവും വേഗത്തിൽ നടന്നതെന്ന് കോൺഗ്രസ് നേതാവായ പി ചിദംബരം ഈയ്യിടെ അവകാശപ്പെട്ടത് വെറുതെയല്ല.
ഈ കണക്കുകളെ ഒന്നുകൂടി സൂക്ഷ്മമായി വിശകലനം ചെയ്യുമ്പോൾ വ്യക്തമാവുന്ന മറ്റു ചില വസ്തുതകൾ കൂടി മനസ്സിലാക്കുമ്പോഴാണ് ട്രില്യൺ ഡോളർ ജിഡിപിയുടെ യാഥാർഥ്യം കുറച്ചുകൂടി തെളിയുക. 2024-ലെ ലോക അസമത്വ റിപ്പോർട്ട് പ്രകാരം ഇന്ത്യയുടെ മൊത്തം സമ്പത്തിന്റെ 40 ശതമാനം നമ്മുടെ ജനസംഖ്യയുടെ ഒരു ശതമാനം മാത്രം വരുന്ന അതിസമ്പന്നരുടെ കൈകളിലാണ്. ജിഡിപിയും, ആളോഹരി വരുമാനവും ഇതും തമ്മിൽ എന്താണ് ബന്ധമെന്ന ചോദ്യം സ്വാഭാവികം.
REPRESENTATIVE IMAGE | WIKI COMMONS
മൊത്തം സമ്പത്തിന്റെ 40 ശതമാനവും ഇന്ത്യയിലെ ഒരു ശതമാനം വരുന്ന അതിസമ്പന്നരുടെ പക്കലാവുമ്പോൾ 4 ട്രില്യൺ ഡോളറിന്റെ 40 ശതമാനമായ 1.60 ട്രില്യൺ ഒരു ശതമാനത്തിന്റെ പക്കലും ബാക്കി വരുന്ന 99 ശതമാനം ജനങ്ങളുടെ പക്കൽ 2.40 ട്രില്യൺ ഡോളറുമാണ്. അതായത് ജനസംഖ്യയുടെ ഒരു ശതമാനം വരുന്നവരുടെ നിയന്ത്രണത്തിലുള്ള 40 ശതമാനം സമ്പത്ത് മാറ്റി നിർത്തിയുള്ള ജിഡിപിയുടെ അടിസ്ഥാനത്തിൽ ആളോഹരി വരുമാനം കണക്കാക്കിയാൽ അത് 2,800 ഡോളറിൽ നിന്നും 1,670 ഡോളർ ആയി കുറയും. അസമത്വത്തിന്റെ കണക്കുകളെ കുറച്ചുകൂടി വിശാലമായി വീണ്ടും സൂക്ഷ്മ പരിശോധനക്ക് വിധേയമാക്കിയാൽ തെളിയുന്ന ചിത്രം കൂടുതൽ ഭയാനകമാണ്. അതായത് ഇന്ത്യയുടെ മൊത്തം സമ്പത്തിന്റെ 62 ശതമാനം ജനസംഖ്യയുടെ വെറും 5 ശതമാനം വരുന്ന സമ്പന്നരുടെ പക്കലാണ്. അതിന്റെ അടിസ്ഥാനത്തിൽ ആളോഹരി വരുമാനം കണക്കിലെടുത്താൽ അത് വീണ്ടും കുറഞ്ഞു 1100 ഡോളർ ആവും. സാമ്പത്തിക ശ്രേണിയിലെ 10 ശതമാനം വരുന്ന ജനങ്ങളെ മാറ്റിനിർത്തി ബാക്കി 90 ശതമാനത്തിന്റെ ജിഡിപി പങ്കാളിത്തത്തിന്റെ അടിസ്ഥാനത്തിൽ ആളോഹരി വരുമാനം കണക്കാക്കിയാൽ അത് വീണ്ടും കുത്തനെ ഇടിയും. ലോകത്തിലെ നാലാമത്തെ സാമ്പത്തിക ശക്തിയായി വളർന്നതിനെ പറ്റി ഊറ്റം കൊള്ളുമ്പോഴും ഇന്ത്യയിലെ 80 കോടി ജനങ്ങൾക്കും സൗജന്യ റേഷൻ അനിവാര്യമാവുന്നത് എന്തുകൊണ്ടാണെന്ന് ഈ കണക്കുകൾ വ്യക്തമാക്കുന്നു. ജിഡിപി വളർച്ച ബഹുഭൂരിപക്ഷം ജനങ്ങളുടെ ഭൗതികമായ അഭിവൃദ്ധിക്ക് വേണ്ട നിലയിൽ ഉതകുന്നില്ലെന്ന വൈരുദ്ധ്യം അവഗണിക്കാൻ പറ്റാത്ത യാഥാർഥ്യമായി നമ്മെ തുറിച്ചു നോക്കുന്നു. ആരോഗ്യം, വിദ്യാഭ്യാസം, വിശ്രമം, ജീവിത ഗുണനിലവാരത്തെ സാക്ഷ്യപ്പെടുത്തുന്ന മറ്റുള്ള സൗകര്യങ്ങൾ എന്നിവ കൂടി പരിഗണിക്കുമ്പോൾ ജിഡിപി വളർച്ചയെ കുറിച്ചുള്ള അവകാശവാദങ്ങൾ കൂടുതൽ പൊള്ളയായി തോന്നും. എങ്ങനെയാണ് ഈ വിഷമവൃത്തത്തെ മനസിലാക്കുക.
ഇന്ത്യൻ സമ്പദ് വ്യവസ്ഥ നേരിടുന്ന ഘടനാപരമായ ഏങ്കോണിപ്പുകൾ മുതൽ ആഗോള മുതലാളിത്ത-സാമ്രാജ്യത്വ വ്യവസ്ഥ നേരിടുന്ന പ്രതിസന്ധികൾ വരെ ഇന്നത്തെ ദുരവസ്ഥക്ക് കാരണമാണ്. അവ സംബന്ധിച്ച ഭിന്ന വീക്ഷണങ്ങൾ പുലർത്തുന്ന, വിമർശനാത്മകമായ നിരവധി പഠനങ്ങളും, ഗവേഷണങ്ങളും ഇപ്പോൾ പല കോണുകളിൽ നിന്നും ഉയർന്നു വരുന്നു. ഇടതുപക്ഷ-വലതുപക്ഷ സമീപനങ്ങൾ പുലർത്തുന്നവയെന്നു അവയെ പൊതുവെ വിശേഷിപ്പിക്കാം. ഇന്ത്യയുടെ ജിഡിപി വളർച്ചയുടെ സഞ്ചാരപഥങ്ങളിൽ നിന്നും 90 ശതമാനം ജനങ്ങളും പുറന്തള്ളപ്പെടുന്നതിന്റെ ചരിത്രപരവും, ഘടനാപരവുമായ സാഹചര്യങ്ങളെ കുറിച്ചുള്ള ആകുലതകളാണ് ഇടതുപക്ഷ വിമർശനങ്ങളിൽ പൊതുവെ കാണാവുന്നതെങ്കിൽ വലതുപക്ഷമെന്നോ, വ്യവസ്ഥാപിത വീക്ഷണമെന്നോ വിളിക്കാവുന്ന സമീപനങ്ങൾ പുലർത്തുന്നവർ മുന്നോട്ടു വയ്ക്കുന്ന ഉത്ക്കണ്ഠകൾ മറ്റു ചിലവയാണ്. നാലു ട്രില്യൺ എക്കണോമിയെ പറ്റി അധികം വമ്പു പറയേണ്ടതില്ലെന്ന നിധിൻ കമ്മത്തിന്റെ (പ്രമുഖ ഓൺലൈൻ ബ്രോക്കിങ് സ്ഥാപനമായ സെരോധയുടെ സഹസ്ഥാപകൻ) പ്രതികരണം ഉദാഹരണമായി കണക്കാക്കാം. ഉൽപ്പാദനക്ഷമത, അധ്വാനശക്തിയുടെ പങ്കാളിത്തം, ഗവേഷണ-വികസന ചിലവ് എന്നിവയിൽ വളരെ ആഴത്തിലുള്ള വിടവുകൾ ഉണ്ടെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. അതിൽ ഗവേഷണ-വികസനത്തിനായി നീക്കി വയ്ക്കുന്ന തുകയുടെ അപര്യാപ്തത സ്ഥായിയായ സാമ്പത്തിക വികസനത്തിനുള്ള വലിയ തടസ്സമായി അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഇന്ത്യ ജിഡിപിയുടെ 0.7 ശതമാനം ആർ&ഡിക്കായി ചിലവഴിക്കുമ്പോൾ ചൈന 2.6 ശതമാനവും, ദക്ഷിണ കൊറിയ, ഇസ്രായേൽ എന്നിവർ യഥാക്രമം 4.8-ഉം, 6-ഉം വീതം ശതമാനം ചിലവഴിക്കുന്നു. ഹോട്മെയിൽ എന്ന കമ്പനിയുടെ സ്ഥാപകനായ സമീർ ഭാട്ടിയയുടെ ചോദ്യം ജനങ്ങളുടെ കീശയിൽ പണമുണ്ടോ എന്നാണ്. ജപ്പാനെ മറികടന്നുവെന്ന് പറഞ്ഞിട്ട് കാര്യമില്ല. ജനങ്ങളുടെ കീശയിൽ പണമില്ലാത്ത വളർച്ച പ്രച്ഛന്നവേഷത്തിലുള്ള നാണയപ്പെരുപ്പം മാത്രമാണ് എന്നാണ് അദ്ദേഹം പറയുന്നത്.
നിതിൻ കമ്മത് | PHOTO :WIKI COMMONS
ലോകത്തിലെ നാലാമത്തെ സാമ്പത്തിക ശക്തിയായി ഉയർന്നതിനെ പറ്റിയുള്ള ആഘോഷങ്ങൾ വ്യാപകമായ ദിനങ്ങളിൽ തന്നെ അത്ര ശ്രദ്ധ നേടാത്ത മറ്റൊരു വാർത്തയും പുറത്തു വന്നിരുന്നു. ഇന്ത്യയുടെ നേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ (എഫ് ഡി ഐ) വന്ന 96 ശതമാനം ഇടിവാണ് ആ വാർത്ത. ഇന്ത്യയിൽ വന്ന നിക്ഷേപവും, ഇന്ത്യയിൽ നേരത്തെ നിക്ഷേപിച്ചവർ പിൻവലിച്ച തുകയും ഇന്ത്യക്കാർ വിദേശത്തേക്ക് നിക്ഷേപിച്ച തുകയും കൂടി താരതമ്യം ചെയ്യുന്ന റിസർവ് ബാങ്കിന്റെ കണക്കുകളിലാണ് 96 ശതമാനം ഇടിവ് രേഖപ്പെടുത്തിയിട്ടുള്ളത്. 2024-25 സാമ്പത്തിക വർഷത്തിൽ ഇന്ത്യയിലേക്ക് വന്ന എഫ് ഡി ഐ നിക്ഷേപം 0.35 ബില്യൺ ഡോളർ മാത്രമായിരുന്നു. അതിന് മുൻപത്തെ വർഷം അത് 10.13 ബില്യൺ ആയിരുന്നു. കഴിഞ്ഞ 20 കൊല്ലത്തെ ഏറ്റവും കുറഞ്ഞ നിരക്കായി ഇതിനെ പ്രമുഖ മാധ്യമ പ്രവർത്തകനായ എകെ ഭട്ടാചാര്യ ചൂണ്ടിക്കാട്ടുന്നു. വിദേശ നിക്ഷേപകർ ഇന്ത്യയിലെ അവരുടെ നിക്ഷേപങ്ങൾ പിൻവലിച്ചതിൽ (repatriation) വന്ന 16 ശതമാനം വർധനയും ഇന്ത്യൻ മുതലാളിമാർ വിദേശങ്ങളിൽ നടത്തിയ നിക്ഷേപത്തിൽ വന്ന 75 ശതമാനം വർധനവുമാണ് നെറ്റ് എഫ് ഡി ഐ നിക്ഷേപത്തെ 20 വർഷത്തെ താഴ്ന്ന നിലയിൽ എത്തിച്ചത്. വിദേശ നിക്ഷേപകർ റീപാട്രിയേഷൻ നടത്തിയ 51.5 ബില്യൺ ഡോളറും, ഇന്ത്യൻ മുതലാളിമാർ വിദേശങ്ങളിൽ നടത്തിയ 29 ബില്യൺ ഡോളർ നിക്ഷേപവും ചേർന്നപ്പോൾ ഇന്ത്യയിൽ നിന്നും 2024-25 ൽ മൊത്തം പുറത്തുപോയത് 80.5 ബില്യൺ ഡോളർ. അകത്തേക്ക് വന്നത് 81 ബില്യൺ ഡോളറും. അതിൽ നിന്ന് 80.50 കിഴിച്ചാൽ ലഭിക്കുന്ന തുകയാണ് ഇന്ത്യയുടെ നെറ്റ് എഫ് ഡി ഐ.
വളരെ ഡൈനാമിക് ആയൊരു സാമ്പത്തിക പ്രക്രിയയിൽ ഇത്തരത്തിലുള്ള മൂലധനത്തിന്റെ പ്രയാണങ്ങൾ സ്വാഭാവികമാണെങ്കിലും ഇന്ത്യയുടെ കാര്യത്തിൽ അത് വ്യാകുലത ഉളവാക്കുന്നതാണെന്ന് ഭട്ടാചാര്യ ചൂണ്ടിക്കാണിക്കുന്നു. ലോകത്തിലെ നാലാമത്തെ സമ്പദ് ഘടനയായി വളരുന്ന രാജ്യത്തിൽ നിന്നും വിദേശ നിക്ഷേപകർ എന്തുകൊണ്ടാണ് തങ്ങളുടെ നിക്ഷേപം പിൻവലിക്കുന്നത് എന്നതാണ് ഒന്നാമത്തെ വ്യാകുലത. നേരത്തെ നടത്തിയ നിക്ഷേപങ്ങളിൽ നിന്നും ലാഭമെടുപ്പിന് ശേഷം ഇവിടെ പുനർനിക്ഷേപം നടത്തുന്നതിന് പകരം തങ്ങളുടെ പണം റീപാട്രിയേറ്റ് ചെയ്യുന്നുവെന്നതാണ് വ്യാകുലപ്പെടുത്തുന്നതെന്ന് അദ്ദേഹം പറയുന്നു. അതോടൊപ്പം അല്ലെങ്കിൽ അതിനേക്കാൾ കൂടുതൽ വൈഷമ്യമുളവാക്കുന്നതാണ് ഇന്ത്യൻ മുതലാളിമാർ വിദേശങ്ങളിൽ നിക്ഷേപം നടത്തുന്ന പ്രവണതയെന്നും ഭട്ടാചാര്യ പറയുന്നു. സ്വകാര്യ മേഖലയുടെ ഇന്ത്യയിലെ നിക്ഷേപം മുരടിക്കുന്നുവെന്ന വാർത്തകളുടെ പശ്ചാത്തലത്തിലാണ് അവർ വിദേശത്തേക്ക് നിക്ഷേപം നടത്തുന്നതിനെ മനസ്സിലാക്കേണ്ടത് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. സ്വദേശിയും, വിദേശിയുമായ മൂലധനം ലോകത്തിലെ നാലാമത്തെ സാമ്പത്തികശക്തിയായ രാജ്യത്തിന്റെ സമ്പദ്ഘടനയോട് വേണ്ടത്ര പ്രിയം പ്രകടിപ്പിക്കാതിരിക്കുന്നതിന്റെ പൊളിറ്റിക്കൽ എക്കണോമി എന്താവുമെന്ന ചോദ്യം വരും ദിവസങ്ങളിൽ കൂടുതൽ സജീവമാവുമെന്ന് കരുതപ്പെടുന്നു.
കവിത കബീറിന്റെ ദി വയർ എന്ന ഓൺലൈൻ ജേർണലിലും, എകെ ഭട്ടാചാര്യയുടെ ദി പ്രിന്റിൽ വന്ന ലേഖനങ്ങളോടും കടപ്പാട്.

