ആത്മാഭിമാനത്തിന് ചിതയൊരുക്കാൻ ഒരു ഭാരത സംസ്‌കാരത്തിനും കഴിയില്ല: അതല്ല ഇന്ത്യൻ സംസ്‌കാരം.
പ്രൈഡ് അഥവാ അഭിമാനം, അതാണ് ഒരു കായിക താരത്തെ മുമ്പോട്ട് കൊണ്ടുപോകുന്നത്. സ്‌കൂൾ, യൂണിവേഴ്സിറ്റി തലങ്ങൾ, ജില്ലാ, സ്റ്റേറ്റ് തലങ്ങൾ എന്നിങ്ങനെ കരിയറിന്റെ ഓരോ ഘട്ടത്തിലും അവർ കേവലം ഒരു വ്യക്തിയെ മാത്രമല്ല പ്രതിനിധാനം ചെയ്യുന്നത്, ഒരു സ്‌കൂളിനെ, കോളേജിനെ, ജില്ലയെ, സംസ്ഥാനത്തെയൊക്കെയാണ്. അവരുടെ അഭിമാന നേട്ടങ്ങൾ അവരുടെ മാത്രമല്ല, അവർ പ്രതിനിധാനം ചെയ്യുന്ന വലിയൊരു കൂട്ടം മനുഷ്യരുടെ കൂടി നേട്ടമാവുന്നു. അത് അവർ സ്വന്തം ജീവിതത്തിൽ ഉണ്ടായ വലിയൊരു നേട്ടം എന്നോണം ആഘോഷിക്കുന്നു. സാക്ഷി മലിക് എന്ന ഹരിയാനക്കാരിയായ ഗുസ്തി താരം 2016 ൽ സാധ്യമാക്കിയത് അത്തരം ഒരു മഹാ ആഘോഷമായിരുന്നു.
2016 ഓഗസ്റ്റിൽ ബ്രസീലിലെ റിയോ ഡി ജെനീറോയിൽ ഒളിമ്പിക്‌സ്. ലോക രാഷ്ട്രങ്ങൾ മുഴുവൻ ഉറ്റുനോക്കുന്ന ഒളിമ്പിക്‌സ് എന്ന ലോക കായിക മേളയെ നമ്മൾ ഇന്ത്യക്കാരും കൗതുകത്തോടെ കാണുമായിരുന്നു. മെഡൽ നിലയിൽ എത്രാമത് എന്നറിയാൻ അല്ല, മെഡൽ പട്ടികയിൽ തങ്ങളുടെ രാജ്യത്തിന്റെ പേരും വന്നോ എന്നറിയാൻ. നൂറുകോടിയിൽ പരം ഇന്ത്യക്കാർ പല പ്രതീക്ഷകളുമായി കണ്ടുതുടങ്ങിയ ഒളിമ്പിക്‌സ്. ടെന്നീസിലും ഷുട്ടിങ്ങിലും ഉള്ള പ്രതീക്ഷകൾ മങ്ങിയപ്പോൾ കണ്ണ് ഗുസ്തിയിലേക്ക് ആയി. അതിലും മെഡൽ പ്രതീക്ഷകളായ താരങ്ങൾ ഒന്നൊന്നായി നിരാശപ്പെടുത്തിയപ്പോൾ കോർട്ടറിൽ തോറ്റ സാക്ഷിയിലേക്ക് ആയി പ്രതീക്ഷയുടെ ഭാരം മുഴുവൻ.
ചെറിയ മാർജിനിൽ തോറ്റവർക്ക് മെഡലിനായി മത്സരിക്കാൻ ഒരവസരം കൂടി നൽകുന്ന repechage റൗണ്ടിൽ ഒന്നൊന്നായി പൊരുതിക്കയറിയ സാക്ഷി റിയോ ഒളിമ്പിക്‌സിന്റെ പന്ത്രണ്ടാം ദിനം ആ സ്വപ്നം നമുക്കായി സാക്ഷാത്കരിച്ചു. ഒരു വെങ്കല മെഡൽ. ലോക ജനസംഖ്യയിൽ രണ്ടാം സ്ഥാനത്ത് വരുന്ന ഇന്ത്യാ മഹാരാജ്യം, അതിലെ ശത കോടിയിൽ അധികം വരുന്ന മനുഷ്യർ മുഴുവൻ ആഘോഷിച്ച ആ വെങ്കലത്തിന് പക്ഷെ റെസ്ലിങ് ഫെഡറേഷൻ ഓഫ് ഇന്ത്യ എന്ന ഡബ്‌ള്യു എഫ് ഐ യുടെ പ്രസിഡന്റിനെ സംബന്ധിച്ചിടത്തോളം വെറും പതിനഞ്ച് രൂപയുടെ വിലയേ ഉണ്ടായിരുന്നുള്ളു.
PHOTO: WIKI COMMONS
ആരാണയാൾ ? നിങ്ങൾക്ക് എല്ലാവർക്കും അറിയാം. എന്നാൽ നമുക്ക് ബ്രിജ് ഭൂഷൺ സരൺ സിങ്ങിനെ കുറച്ചുകൂടി അടുത്തറിയാൻ ശ്രമിക്കാം.
ബ്രിജ് ഭൂഷൺ സരൺ സിങ്ങ്
1957 ൽ ഒരു രജപുത്ര കുടുംബത്തിൽ ജനിച്ച ബ്രിജ് ഭൂഷൺ സരൺ സിങ്ങ് ആറുതവണ എംപി ആയിട്ടുള്ള ഒരു രാഷ്ട്രീയക്കാരനാണ്. അഞ്ച് തവണ ബിജെപി ടിക്കറ്റിലും ഒരുതവണ സമാജ് വാദി പാർട്ടിയെ പ്രതിനിധീകരിച്ചും. 91 ലും 99 ലും 2004 ലും അയാൾ ബിജെപിയെ പ്രതിനിധീകരിച്ച് ഉത്തർപ്രദേശിൽ നിന്ന് പാർലമെന്റ് ഇലക്ഷൻ ജയിച്ചു. 2008 ൽ വോട്ട് മറിക്കൽ ആരോപണത്തെ തുടർന്ന് ബിജെപി പുറത്താക്കിയ ബ്രിജ് ഭൂഷൺ സമാജ് വാദി പാർട്ടിയിൽ ചേർന്ന് 2009 ലെ തിരഞ്ഞെടുപ്പും ജയിച്ചു. ഈ കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിന് ഒരു കൊല്ലത്തിൽ താഴെമാത്രം സമയമുള്ളപ്പോൾ വീണ്ടും ബിജെപിയിലേക്ക് തിരിച്ചെത്തി. ഉത്തർപ്രദേശിൽ നിന്ന് പതിനേഴാം ലോക്‌സഭയിലേക്ക് ജയിച്ച് കയറി.
പോലീസ് രേഖകൾ പ്രകാരം 1974 മുതൽ 2007 വരെയുള്ള കാലഘട്ടത്തിൽ ഇയാൾക്കെതിരെ 38 ഓളം കേസുകൾ ഉണ്ടായിരുന്നു. മോഷണം, തട്ടിപ്പ്, കൊലപാതകം, കൊലപാതക ശ്രമം, തട്ടിക്കൊണ്ടുപോകൽ ഒക്കെയാണ് ചാർജുകൾ. 1974 ൽ ഇയാൾക്ക് പതിനേഴ് വയസ്സാണ് പ്രായം. മുപ്പത്തിനാലാം വയസ്സിൽ അയാൾ ബിജെപി ടിക്കറ്റിൽ എംപിയായി. എന്നിട്ടും ഉണ്ടായി കേസുകൾ. പക്ഷെ ഒന്നും തെളിഞ്ഞില്ല എന്ന് മാത്രം. 23 വയസ്സുള്ള ഇയാളുടെ മകൻ 2004 ൽ സ്വയം വെടിവെച്ച് മരിച്ചു. അച്ഛന്റെ സ്വാർത്ഥത കാരണം താൻ ആത്മഹത്യ ചെയ്യുന്നു എന്നൊരു കുറിപ്പൊക്കെ എഴുതിവെച്ചിട്ടാണ് അയാൾ പോയത് എന്ന് കേൾക്കുന്നു.
ഇദ്ദേഹത്തിന്റെ തൊപ്പിയിലെ മറ്റൊരു 'പൊൻ തൂവൽ' കുപ്രസിദ്ധവും, ഒരു സ്വതന്ത്ര മതേതര ജനാധിപത്യ രാജ്യമെന്ന നിലയിൽ ഇന്ത്യയുടെ ചരിത്രത്തിൽ വീണ മായ്ക്കാൻ ആവാത്ത കളങ്കവുമായ ബാബരി പള്ളി തകർക്കലിൽ പങ്കാളി ആയതാണ്. 39 പേരിൽ ഒരാളായി അറസ്റ്റ് ചെയ്യപ്പെട്ടിട്ടും അയാൾ കുറ്റം നിരസിച്ചില്ല. മറിച്ച് താനാണ് ആദ്യം 'അറസ്റ്റ് വരിച്ചത്' എന്ന നിലയിൽ പരസ്യമായി അതിൽ അഭിമാനിക്കുകയും ചെയ്യുന്നു. എങ്കിലും കുറ്റം കോടതിയിൽ തെളിയിക്കപ്പെട്ടില്ല. ബോംബെയിലെ ജെ ജെ ഹോസ്പിറ്റൽ വെടിവയ്പ്പ് കേസിൽ സൂത്രധാരനായ ദാവൂദ് ഇബ്രാഹിമിന്റെ കൂട്ടാളികളെ സംരക്ഷിച്ചതിന്റെ പേരിൽ ടാഡ പ്രകാരവും ഇയാൾക്കെതിതിരെ അറസ്റ്റ് ഉണ്ടായിരുന്നു. അതിലും പക്ഷെ പതിവുപോലെ കുറ്റവിമുക്തമാക്കപ്പെട്ടു.
ബ്രിജ് ഭൂഷൺ സരൺ സിങ്ങ് | PHOTO: PTI
ലേറ്റസ്റ്റ് സംഭവം
പത്ത് കൊല്ലത്തോളം ഇന്ത്യൻ റെസ്ലിങ്ങ് ഫെഡറേഷന്റെ പ്രസിഡന്റ് ആയും 'സേവനം' അനുഷ്ഠിച്ച ഇയാൾ അടുത്ത കാലത്ത് വാർത്തകളിൽ നിറഞ്ഞത് മുപ്പതോളം വനിതാ ഗുസ്തി താരങ്ങൾ ഇയാൾക്ക് എതിരെ ലൈംഗികാതിക്രമം ആരോപിച്ച് നടത്തിയ സമരത്തോടനുബന്ധിച്ചാണ്. എന്നാൽ അതിലൊന്നും അയാൾ കുലുങ്ങിയില്ല, ആ പദവി രാജി വയ്ക്കാൻ കൂട്ടാക്കിയും ഇല്ല. തനിക്ക് ഭൂരിപക്ഷത്തിന്റെ പിന്തുണ ഉണ്ട് എന്നതായിരുന്നു അയാൾ ആവർത്തിക്കുന്ന ന്യായം.
ഗുസ്തി താരങ്ങളുടെ പ്രക്ഷോഭത്തെ തുടർന്ന് ബ്രിജ് ഭൂഷൺ രാജിവയ്ക്കുകയോ, സർക്കാർ ഇടപെടുകയോ ചെയ്യാത്ത സാഹചര്യത്തിൽ നീണ്ടുപോയ തിരഞ്ഞെടുപ്പ് ഇപ്പോൾ നടന്നു. ആരോപണ വിധേയൻ എന്ന നിലയിൽ മാറി നിൽക്കാൻ നിർബന്ധിതനായ ബ്രിജ് ഭൂഷണ് പകരം പതിവ് പോലെ ഭാര്യ, മകൻ, മകൾ, മരുമകൻ ഒന്നും നടക്കാതെ വന്നപ്പോൾ അയാളുടെ വിശ്വസ്തനായ സഞ്ജയ് സിങ് ആയി മത്സരാർത്ഥി. പ്രവചനീയമായ മത്സരത്തിൽ അയാൾ തന്നെ ജയിക്കുകയും ചെയ്തു.
ഇതിനോട് പ്രതികരിച്ചുകൊണ്ടാണ് ആദ്യ വനിതാ ഒളിമ്പിക്‌സ് ഗുസ്തിമെഡൽ നമുക്ക് നേടിത്തന്ന സാക്ഷി മാലിക് തന്റെ കരിയർ അവസാനിപ്പിച്ചതായി പ്രഖ്യാപിക്കുന്നത്. നിറകണ്ണുകളുമായി തന്റെ ബൂട്ട് മേശപ്പുറത്ത് വച്ച് അവർ പത്രസമ്മേളനം നടത്തുന്നത്.
സഞ്ജയ് സിങ് | PHOTO: PTI
മാനം, അഭിമാനം
ഓരോ വ്യക്തിക്കും അയാളെക്കുറിച്ച് ഒരു ബഹുമാനം ഉണ്ടാവും. അതിന് ആത്മാഭിമാനം എന്ന് പറയും. അത് ആർക്കും പണയപ്പെടുത്താതെ ജീവിക്കാൻ ഉള്ള അവസരമാണ് ഒരു ആധുനിക ദേശ രാഷ്ട്രം എന്ന നിലയിൽ ഇന്ത്യയുടെ ഭരണഘടന നമുക്ക് ഓരോരുത്തർക്കും ഉറപ്പ് നൽകുന്നത്. അതിനുമേലുള്ള ഏത് കടന്നുകയറ്റവും ഗുരുതരമായ ക്രിമിനൽ കുറ്റമാണ്. സ്ത്രീകൾക്കും പ്രായപൂർത്തിയാവാത്തവർക്കും എതിരെയുള്ള അത്തരം പ്രവർത്തികൾക്ക് സ്വാഭാവികമായും ഗൗരവം ഏറും. അതുകൊണ്ടാണ് അത്തരം കേസുകളിൽ പരാതി ഉണ്ടായാൽ നിശ്ചിത സമയത്തിനുള്ളിൽ എഫ്‌ഐആർ ഉണ്ടാവണം എന്നത് നിയമമാവുന്നത്.
2012 മുതൽ 2022 വരെ നീണ്ടു കിടക്കുന്ന ദീർഘമായ ഒരു കാലഘട്ടത്തിൽ, പല സ്ഥലങ്ങളിലായി നടന്ന ലൈംഗികാതിക്രമങ്ങൾക്ക് എതിരേയുണ്ടായ ഒരു ആത്യന്തിക വിസ്‌ഫോടനമായിരുന്നു ഗുസ്തി താരങ്ങളുടെ പരസ്യ സമരം. ശ്വാസ നിരക്ക് പരിശോധിക്കാൻ എന്ന വ്യാജേനെ മാറിലും അടിവയറിലും സ്പർശിക്കുക എന്ന് തുടങ്ങി കരിയറിൽ നേട്ടങ്ങൾ വേണമെങ്കിൽ വേണ്ടിടത്ത് വേണ്ടപ്പെട്ടവർക്ക് വഴങ്ങിക്കൊടുക്കണം എന്ന അശ്ലീല ഉപദേശം, പിന്നെ പുറത്ത് പറഞ്ഞാൽ കുടുംബം വെട്ടംകാണില്ല എന്ന ഭീഷണി തുടങ്ങി വിശദാംശങ്ങളിലേക്ക് പോയാൽ പെൺമക്കളെ ആത്മാഭിമാനത്തോടെ അത്‌ലറ്റിക്‌സ്, സ്‌പോർട്‌സ് ഇനങ്ങൾക്കും എൻസിസിക്കും ഒക്കെ വിടുന്ന മലയാളികൾക്ക് സഹിക്കാൻ ആവുന്നതിലും അപ്പുറം ആവും എന്നതുകൊണ്ട് നിർത്തട്ടെ.
അത്ലറ്റിക്സിൽ, കളികളിൽ മത്സരിക്കുന്നവർക്ക് ആത്യന്തികമായി വേണ്ടത് ആത്മവിശ്വാസമാണ്. അതിന് ആദ്യം വേണ്ടത് ആത്മാഭിമാനമാണ്. ഓരോ മത്സര വേദിയിലേക്കും എത്തുവാൻ മത്സരാർത്ഥിയുടെ ആത്മവിശ്വാസം മാത്രം പോര, ആത്മാഭിമാനം പണയപ്പെടുത്തിയുള്ള 'കോംപ്രമൈസുകൾ' കൂടി വേണം എങ്കിൽ ആ അവസ്ഥ എത്ര ഭീകരമാണ്!
മാനവും അഭിമാനവും ആദ്യമേ കവർന്നെടുക്കപ്പെട്ട കളിക്കാർ എങ്ങനെ ഗോദയിൽ എതിരാളിയെ വീഴ്ത്തി മെഡൽ വാങ്ങണം എന്നാണ് ?
REPRESENTATIVE IMAGE: WIKI COMMONS
ദ ഗ്രേറ്റ് ഇന്ത്യൻ കൾച്ചർ
മഹത്തായ ഇന്ത്യൻ സംസ്‌കാരത്തിന്റെ ഭാഗമാണ് രജപുത്ര സംസ്‌കാരവും. യുദ്ധത്തിൽ തോൽക്കും എന്ന് മനസ്സിലായാൽ, വിജയിച്ച സൈന്യം അവകാശം എന്നോണം ചെയ്യുന്ന ബാക്കിയാവുന്ന സ്ത്രീകളുടെ മാനഭംഗത്തിന് കാത്തിരിക്കാൻ രജപുത്ര സ്ത്രീകൾ തയ്യാറാവില്ല. അവർ ജീവനിലും വലുതാണ് ആത്മാഭിമാനം എന്ന് കരുതി അഭിമാനത്തിനായി മരണം വരിക്കും. ആ ചരിത്രത്തിന്റെ ഭാഗമാണ് ബ്രിജ് ഭൂഷണും. അയാൾ ഇപ്പോൾ മഹത്തായ 'ഭാരതീയ' സംസ്‌കാരത്തെ ഉയർത്തിപ്പിടിക്കുന്ന ഒരു രാഷ്ട്രീയ സംഘടനയുടെ ഭാഗമായ പാർലമെന്റ് മെമ്പറും ആണ്. അദ്ദേഹം ഈ വനിതാ ഗുസ്തി താരങ്ങളിൽ നിന്ന് പ്രതീക്ഷിക്കുന്നത് എന്താണ്?
92 ൽ ജനിച്ച് ഈ മുപ്പത്തിയൊന്നാം വയസ്സിലും താൻ പ്രതിനിധാനം ചെയ്യുന്ന കായിക ഇനത്തിൽ, ഗുസ്തിയിൽ അന്താരാഷ്ട്ര തലത്തിൽ അറിയപ്പെടുന്ന ആളായി തുടരുന്ന സാക്ഷി മാലിക് തന്റെ കരിയർ അവസാനിപ്പിക്കുന്നു എന്ന് പ്രഖ്യാപിക്കുമ്പോൾ അത് ഒരു ആത്മഹത്യ തന്നെയാണ്. നീതി കിട്ടില്ലെന്ന് ഉറപ്പ് വരുമ്പോൾ രജപുത്ര സ്ത്രീകൾ പണ്ട് ചെയ്തിരുന്നതുപോലെ ആത്മാഭിമാനം മുമ്പിൽ വച്ചുകൊണ്ടുള്ള ഒരു ജീവത്യാഗം.
സാക്ഷി മാലിക് ബൂട്ട് എടുത്ത് മേശപ്പുറത്ത് വച്ചുകൊണ്ട് നടത്തിയ പത്രസമ്മേളനത്തിൽ അദൃശ്യമായ ഒരു ചിതയും ഉണ്ടായിരുന്നു. മഹത്തായ ഇന്ത്യൻ സംസ്‌കാരത്തിൽ സ്ത്രീകളുടെ ആത്മാഭിമാനത്തിന് വില ഉണ്ടാവണമെങ്കിൽ അവർ ആത്മഹത്യ ചെയ്യണം എന്ന പ്രമേയം ഉണ്ടായിരുന്നു.
REPRESENTATIVE IMAGE: WIKI COMMONS
ആദർശവൽക്കരണം
ഒരു ആധുനിക സമൂഹത്തിൽ നിന്ന് നോക്കുമ്പോൾ അത് ആദർശവൽക്കരിക്കേണ്ട ഒരു പെൺ തീരുമാനമല്ല. പോരാട്ടം തുടരുന്നതിലാണ് ഹീറോയിനിസം, അവസാനിപ്പിക്കുന്നതിൽ അല്ല. സാക്ഷി ആത്മഹത്യ ചെയ്തിട്ടില്ല. അവരുടെ പോരാട്ടത്തിന്റെ ഭാഗമായി ബ്രിജ് ഭൂഷന്റെ ബിനാമിയുടെ തിരഞ്ഞെടുപ്പ് വിജയവും തുലാസിൽ ആയിട്ടുണ്ട്. അതേത്തുടർന്ന് അവരുടെ വിരമിക്കൽ തീരുമാനവും പുനഃപരിശോധനാ വിധേയമാകും എന്ന് കേൾക്കുന്നു. അതാണ് വേണ്ടതും. എന്നാൽ പരാതി നൽകാൻ തയ്യാറായ മുപ്പതോളം പേരിൽ പക്ഷെ ഇപ്പോൾ തന്നെ ഏതാനും പേർ മാത്രമേ ബാക്കിയുള്ളു എന്നതും വസ്തുതയാണ്.
ആത്മാഭിമാനമുള്ള മനുഷ്യർ ആണ് ആത്മാഭിമാനമുള്ള ഒരു രാജ്യത്തെ ഉണ്ടാക്കുന്നത്. അതിൽ ലിംഗ പരവും, വംശീയവും, മതപരവും, ജാതീയവും, ലൈംഗിക താല്പര്യബന്ധിയും ആയ ഭിന്ന വിതരണം ഉള്ളിടത്തോളം അത് അനിവാര്യമായ ഒരു സംഘർഷത്തെ ഉള്ളിൽ വഹിച്ചുകൊണ്ടേയിരിക്കും. ഇവിടെ ന്യായത്തിന്റെ ഒപ്പം നിൽക്കണോ, ആദർശ വൽക്കരണത്തിന്റെ ഒപ്പം നിൽക്കണോ എന്നതാണ് ചോദ്യം?
മേരി കോമിനെ പോലൊരു ഐക്കൺ നയിക്കുന്ന കമ്മിറ്റി ബ്രിജ് ഭൂഷണെ ഏതാണ്ട് കുറ്റ വിമുക്തനാക്കി എന്നൊക്കെ (റിപ്പോർട്ട് പൊതു സ്ഥലത്തിൽ ലഭ്യമല്ല എങ്കിൽ കൂടി ) കേൾക്കുമ്പോൾ നമ്മൾ ഇതുവരെ പറഞ്ഞുവന്ന മാനം, അഭിമാനം, ആത്മാഭിമാനം തുടങ്ങിയ പ്രമേയങ്ങൾ ഒക്കെയും പിൽക്കാല മുതലാളിത്തത്തിൻ ആശയങ്ങൾ അല്ല, കമ്മിറ്റികൾ തീരുമാനിക്കുന്ന ആശയങ്ങൾ മാത്രമാണ് എന്ന തോന്നലും ബലപ്പെടുന്നു. ഇനി കേരളത്തിലേക്ക് മടങ്ങിപ്പോയാൽ ഇന്ത്യ എന്ന ആദർശത്തെ സമരം ചെയ്ത ഗുസ്തിക്കാർ തകർത്തു എന്നൊക്കെ പറഞ്ഞ പി ടി ഉഷ എന്ന നമ്മുടെ പണ്ടത്തെയും ഇപ്പോഴത്തെയും അഭിമാന താരവും ആദ്യം ആദർശവൽക്കരണത്തിനൊപ്പം ആണ് നിന്നത്. പക്ഷെ പിന്നീട് അവർ പോയത് ന്യായത്തിനൊപ്പം നിൽക്കാൻ ആയിരുന്നു എന്ന് വിശ്വസിക്കാം,ആഗ്രഹിക്കാം.
എന്തായാലും അനീതി ഉള്ളിടത്തോളം പോരാട്ടങ്ങൾ തുടരുകതന്നെ ചെയ്യും. അതിനൊരു ശാശ്വതമായ ചിത ഒരുക്കുക ഒരു 'ഭാരത' സംസ്‌കാരത്തിനും സാധ്യമാവില്ല. എന്നുവച്ചാൽ അതല്ല ഇന്ത്യൻ സംസ്‌കാരം.