അടുക്കളയിലേക്ക് ആര്‍ക്കും പ്രവേശനമില്ല
2012 ലാണ് കേരളത്തില്‍ ആദ്യത്തെ ഷവര്‍മ മരണം സംഭവിക്കുന്നത്. ഇരുപത്തിയൊന്നുകാരനായ സച്ചിന്‍ മാത്യുവിന്റെ മരണം അന്ന് കേരളത്തെ ഞെട്ടിച്ചു. ഷവര്‍മയും അതിന്റെ വില്‍പ്പനയും ചര്‍ച്ചയായി. ബാംഗ്ലൂരിലേക്കുള്ള യാത്രയ്ക്ക് മുന്‍പ് വഴുതക്കാട്ടെ ഹോട്ടലില്‍ നിന്നും വാങ്ങിയ ഷവര്‍മ കഴിച്ചതാണ് ആലപ്പുഴ വീയപുരം സ്വദേശിയായ സച്ചിന്റെ മരണകാരണമെന്നാണ് കരുതപ്പെടുന്നത്. മകനെ നഷ്ടപ്പെട്ട വേദനയില്‍ നിന്ന് ഇപ്പോഴും പുറത്തുവന്നിട്ടില്ല സച്ചിന്റെ കുടുംബം. ഭക്ഷ്യവിഷബാധയെന്ന വിപത്തിനെ ചെറുക്കുന്നതില്‍ ബന്ധപ്പെട്ട സര്‍ക്കാരുകള്‍ പുലര്‍ത്തുന്ന അനാസ്ഥയെക്കുറിച്ച് സംസാരിക്കുകയാണ് സച്ചിന്‍ മാത്യുവിന്റെ പിതാവ് റോയ്.
"എന്റെ മകനെ നഷ്ടപ്പെട്ടിട്ട് 12 വര്‍ഷമാകുന്നു. അവന് നീതി ലഭിച്ചിട്ടില്ല. കേസന്വേഷണം എങ്ങുമെത്തിയില്ല. വര്‍ഷാവര്‍ഷം അവന്‍ മരണപ്പെട്ട ദിവസമെത്തുമ്പോള്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് നല്‍കും. എന്റെ കുടംബത്തിന്റെ പ്രതികരണം എടുക്കും. എന്നാല്‍ ആര്‍ക്കാണ് അതുകൊണ്ട് കാര്യം? എന്റെ മകന് സംഭവിച്ചത് തന്നെയാണ് ഇവിടെ ഇപ്പോഴും തുടരുന്നത്. മാറി മാറി വരുന്ന ഒരു സര്‍ക്കാരിലും എനിക്ക് വിശ്വാസമില്ല. ഈ സിസ്റ്റത്തോട് കടുത്ത അതൃപ്തിയാണ്. മാധ്യമ ഇടപെടല്‍ വഴി മാറ്റം ഉണ്ടാകുമെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. സര്‍ക്കാര്‍ കുറ്റം ചെയ്യുന്നവര്‍ക്കൊപ്പമാണ് നില്‍ക്കുന്നത്. എന്റെ മകന്റെ കാര്യത്തില്‍ അന്വേഷണത്തിന്റെ തുടക്കം മുതല്‍ പിഴവുകള്‍ സംഭവിച്ചിട്ടുണ്ട്. ഹോട്ടലുടമയെ സംരക്ഷിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ എടുത്തത്. പ്രമുഖരായ പലര്‍ക്കും ആ സമയത്ത് ഇതേ ഹോട്ടലില്‍ നിന്നും ഭക്ഷ്യവിഷബാധയേറ്റിരുന്നു. ഹോട്ടലില്‍ വൃത്തിഹീനമായ സാഹചര്യത്തിലാണ് ഭക്ഷണം ഉണ്ടാക്കുന്നതെന്ന് ജീവനക്കാര്‍ തന്നെ പറഞ്ഞു. ഫ്രോസന്‍ ചിക്കന്‍ തലേദിവസം നിലത്ത് നിരത്തി, രാവിലെയെടുത്ത് ഉപയോഗിക്കുകയാണ് ചെയ്യുന്നതെന്നായിരുന്നു ജീവനക്കാര്‍ നല്‍കിയ മൊഴി. എന്നാല്‍ ആ നിര്‍ണായക മൊഴികള്‍ ഒന്നും രേഖകളില്‍ ഉണ്ടായില്ല. ഇത്രയ്ക്കും മോശമായ സാഹചര്യമാണ് ഹോട്ടലില്‍ ഉണ്ടായിരുന്നതെന്ന് വ്യക്തമായിട്ടും തെളിവില്ലെന്ന കാരണത്താല്‍ പ്രതികളെയെല്ലാം വെറുതെവിട്ടു. ഇപ്പോള്‍ അടുത്തിടെ കൊച്ചിയില്‍ ഉണ്ടായ സംഭവത്തിലും തെളിവില്ലെന്ന് ചൂണ്ടിക്കാട്ടിയല്ലേ പ്രതിയെ വെറുതെ വിട്ടത്. ഞാനും എന്റെ കുടുംബവും പരമാവധി ഇപ്പോള്‍ പുറത്തുനിന്ന് ഭക്ഷണം കഴിക്കാതിരിക്കാന്‍ ശ്രദ്ധിക്കും. അഥവാ കഴിച്ചാല്‍ കൃത്യമായി ബില്ല് വാങ്ങും. എന്താണ് ഇതില്‍ കൂടുതല്‍ ചെയ്യേണ്ടത്. ഇവിടെ നടക്കുന്ന പരിശോധനകള്‍ പോലും എങ്ങനെയാണ് നടക്കുന്നത്. ഹോട്ടലുടമകള്‍ക്ക് നേരത്തെ തന്നെ വിവരം ലഭിക്കുകയാണ് പരിശോധനയ്ക്ക് ഉദ്യോഗസ്ഥര്‍ എത്തുമെന്ന്. അവര്‍ക്ക് ആ സമയം കൊണ്ട് എല്ലാ കാര്യങ്ങളും മാനദണ്ഡങ്ങള്‍ക്കനുസരിച്ച് ആക്കാവുന്നതേയുള്ളൂ. നിങ്ങള്‍ തന്നെ പറഞ്ഞു ഉദ്യോഗസ്ഥരുടെ എണ്ണം കുറവാണെന്ന്. നിലവിലെ പരിശോധനകള്‍ പോലും കൃത്യമായി നടക്കുന്നില്ലെന്ന്. കുറ്റക്കാരായവരെ സംരക്ഷിക്കുന്ന നിലപാട് സര്‍ക്കാര്‍ തന്നെ എടുത്താല്‍ ആര് എന്ത് ചെയ്തിട്ടും കാര്യമില്ല... ആര്‍ക്കും ഇവിടെ ഒന്നും ചെയ്യാന്‍ സാധിക്കില്ല".
ഭക്ഷ്യ സുരക്ഷാ സംവിധാനം അതിന്റെ പ്രായോഗിക തലത്തില്‍ എത്രത്തോളം പരാജയമാണെന്നും സര്‍ക്കാര്‍ അനാസ്ഥ എത്രത്തോളം ഉണ്ടെന്നും റോയിയുടെ വാക്കുകളില്‍ വ്യക്തമാണ്. റോയി സൂചിപ്പിച്ച പ്രധാനപ്പെട്ട കാര്യം ഹോട്ടലില്‍ മാംസം കൈകാര്യം ചെയ്തതിലെ ഗുരുതരമായ പിഴവാണ്. മത്സ്യവും മാംസവും പച്ചക്കറികളും പഴങ്ങളും ഉള്‍പ്പെടെയുള്ള എല്ലാ ഭക്ഷ്യ വസ്തുക്കളും എങ്ങനെ സംഭരിക്കണമെന്നും പാകം ചെയ്യണമെന്നുമുള്ള മാനദണ്ഡങ്ങള്‍ നിലനില്‍ക്കുമ്പോഴാണ് ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുന്നത്. ഇവിടെയാണ് നമ്മുടെ ഭക്ഷ്യ സുരക്ഷാ സംവിധാനത്തിന്റെ സുതാര്യതയില്ലായ്മ വ്യക്തമാകുന്നത്. ഒരു വ്യക്തിക്ക് അയാള്‍ കഴിക്കുന്ന ഭക്ഷണം എങ്ങനെ പാകം ചെയ്തുവെന്നോ അതില്‍ ഉപയോഗിച്ചിരിക്കുന്ന ചേരുവകള്‍ എന്താണെന്നോ അതിന്റെ ഗുണനിലവാരം എത്രത്തോളമുണ്ടെന്നോ അറിയാന്‍ യാതൊരു സംവിധാനവും നിലവില്‍ ഇല്ല. മാത്രമല്ല ഒരു ഹോട്ടലിലോ റസ്റ്റോറന്റിലോ ഏത് സാഹചര്യത്തിലാണ് ഭക്ഷണം പാകം ചെയ്യുന്നത്, പാകം ചെയ്യുന്ന അടുക്കള വൃത്തിയുള്ളതാണോ, പാകം ചെയ്യുന്ന ആളുകള്‍ക്ക് വ്യക്തി ശുചിത്വമുണ്ടോ, പാകം ചെയ്യാന്‍ ഉപയോഗിക്കുന്ന സാമഗ്രികള്‍ വൃത്തിയുള്ളതാണോ തുടങ്ങി നിരവധിയായ കാര്യങ്ങള്‍ അറിയാന്‍ എന്ത് മാര്‍ഗമാണുള്ളത്. പരിശോധനയ്‌ക്കെത്തുമ്പോള്‍ ഉദ്യോഗസ്ഥര്‍ക്ക് മാത്രം പ്രവേശനമുള്ള അടുക്കളകളാണ് കേരളത്തിലെ ഹോട്ടലുകളിലേത്.
REPRESENTATIONAL IMAGE | WIKI COMMONS
നോ അഡ്മിഷന്‍ ബോര്‍ഡുകളുള്ള അടുക്കളവാതിലുകള്‍ക്കപ്പുറം എന്ത് രഹസ്യമാണ് സൂക്ഷിക്കുന്നത്. ആളുകളുടെ സുരക്ഷ എന്ന തലം കൂടി ഈ വിഷയത്തിലുണ്ടെന്ന ന്യായീകരണമാണ് അധികാരികള്‍ നല്‍കുന്നത്. എന്നാല്‍ അതിലും അപകടകരമായ അവസ്ഥയാണ് പല ഹോട്ടലുകളുടെയും അടുക്കളകളില്‍ ഉള്ളതെന്ന കാര്യത്തെ വിസ്മരിച്ചുകൊണ്ടാണ് സുരക്ഷാ പ്രശ്‌നമെന്ന പൊള്ളയായ ന്യായീകരണം പറയുന്നത്. ഹോട്ടല്‍ അടുക്കളകള്‍ക്ക് മുന്നിലെ നോ അഡിമിഷന്‍ ബോര്‍ഡുകള്‍ ഒരു നിയമലംഘനമല്ലെന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ് തന്നെ പറയുന്നു. നമ്മുടെ സംവിധാനത്തില്‍ ഈ പ്രശ്‌നത്തെ അഭിസംബോധന ചെയ്യുന്ന നിയമമോ നിര്‍ദേശങ്ങളോ ഇല്ലെന്നാണ് ഇത് അര്‍ത്ഥമാക്കുന്നത്. ഭക്ഷ്യ സുരക്ഷാ സംവിധാനത്തിന്റെ സുതാര്യത ഉറപ്പാക്കുന്ന രീതിയില്‍ ഈ വിഷയത്തെ നിയമനിര്‍മ്മാണത്തിലൂടെ പരിഹരിക്കേണ്ടതുണ്ട്. ഹോട്ടലില്‍ ഭക്ഷണം പാകം ചെയ്യുന്ന രീതിയെങ്ങനെയാണ്, ശുചീകരണ സംവിധാനം എന്താണ്, എങ്ങനെയാണ് ഭക്ഷ്യ വസ്തുക്കള്‍ സംഭരിക്കുന്നത്, ഇതെല്ലാം പണം നല്‍കി ഭക്ഷണം കഴിക്കുന്ന ഉപഭോക്താവിന് കണ്ട് ഉറപ്പാക്കാനുള്ള സാഹചര്യം ഉണ്ടാകണം. തലയില്‍ ക്യാപും കൈകളില്‍ ഗ്ലൗസും ധരിച്ച് ജീവനക്കാര്‍ ഭക്ഷണം വിളമ്പുന്നത് പോലെ ഉപഭോക്താവിനും അത്തരം നിബന്ധനകള്‍ നല്‍കികൊണ്ട് അടുക്കളയിലേക്ക് പ്രവേശിക്കാന്‍ സാധിക്കണം. ഹോട്ടലിന്റെ പ്രവര്‍ത്തനത്തെയോ സുരക്ഷയെയോ ബാധിക്കില്ലെന്ന് ഉറപ്പാക്കുന്ന രീതിയില്‍ ഉല്‍പാദകര്‍ക്കും ഉപഭോക്താവിനും ഇടയില്‍ ട്രാന്‍സ്പരന്‍സി ഉണ്ടാകണം. അത്തരമൊരു സംവിധാനം ഉണ്ടായാല്‍ ഒരു പരിധി വരെ മാനദണ്ഡങ്ങള്‍ക്കനുസൃതമായി ഭക്ഷ്യ വ്യാപാര സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കാനാകും.
REPRESENTATIONAL IMAGE | WIKI COMMONS
മറ്റൊരു പ്രധാന പ്രശ്‌നം ഹോട്ടലുടമകള്‍ക്കോ ജീവനക്കാര്‍ക്കോ പൊതുജനങ്ങള്‍ക്കോ ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങളെക്കുറിച്ച് വേണ്ടത്ര അവബോധമില്ലെന്നതാണ്. നിയമങ്ങള്‍ ഉണ്ടാക്കി അത് നടപ്പിലാക്കാന്‍ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തുന്നതിലുപരിയായി പ്രാബല്യത്തിലുള്ള നിയമങ്ങളെക്കുറിച്ചുള്ള അവബോധം ജനങ്ങളിലുണ്ടാക്കേണ്ട ചുമതല സര്‍ക്കാരിനുണ്ട്. ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങളെക്കുറിച്ചും പുതിയ നിര്‍ദേശങ്ങളെക്കുറിച്ചുമെല്ലാം ഫുഡ് ബിസിനസ്സ് ഓപ്പറേറ്റര്‍മാരെയും പൊതുജനങ്ങളെയും അറിയിക്കാനുള്ള ചുമതല ഭക്ഷ്യ സുരക്ഷാ ഓഫീസറുടേതാണ്. അതിനായി ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കേണ്ടതും താഴേത്തട്ടില്‍ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കേണ്ടതും ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ ചുമതലയാണ്. ബോധവല്‍ക്കരണ പരിപാടികളിലും ഭക്ഷ്യ സുരക്ഷാ പ്രവര്‍ത്തനങ്ങളിലും കേരളം നമ്പര്‍ വണ്ണാണെന്ന് സര്‍ക്കാര്‍ അവകാശപ്പെടുമ്പോള്‍ തന്നെയാണ് ഭക്ഷ്യവിഷബാധാ മരണങ്ങളും കേരളത്തില്‍ ആവര്‍ത്തിക്കുന്നത്. വളരെ താഴേത്തട്ടില്‍ ഓരോ വ്യക്തിയിലേക്കും ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങളും നിര്‍ദേശങ്ങളും എത്തുന്നില്ല. ലൈസന്‍സ്, രജിസ്ട്രേഷന്‍ അപേക്ഷകള്‍ സമര്‍പ്പിക്കുന്ന സമയത്തോ പരിശോധനാ സമയത്തോ പോലും ഇത്തരം മാനദണ്ഡങ്ങള്‍ എന്താണെന്ന് ആളുകളെ അറിയിക്കാനുള്ള സംവിധാനം ഇല്ല. മാത്രമല്ല താഴേത്തട്ടില്‍ പ്രവര്‍ത്തിക്കുന്ന, പ്രാദേശിക തലത്തില്‍ ജനങ്ങളോട് സംവദിക്കാന്‍ സാധിക്കുന്ന സ്ഥാപനങ്ങള്‍ പോലും ഇക്കാര്യത്തില്‍ ജാഗ്രത പാലിക്കാത്ത അവസ്ഥയാണ്. ഫുഡ് സേഫ്റ്റി റെഗുലേഷന്‍ പ്രകാരം ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നും ലഭിക്കുന്ന ലൈസന്‍സ്, ആധാര്‍ കാര്‍ഡ്, വെള്ളം പരിശോധനാ റിപ്പോര്‍ട്ട്, ജീവനക്കാരുടെ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് എന്നിവയും ചേര്‍ത്തുള്ള അപേക്ഷ പരിശോധിച്ചാണ് ഭക്ഷ്യ സുരക്ഷാ വകുപ്പ് ലൈസന്‍സ് നല്‍കുന്നത്. അതിനാല്‍ത്തന്നെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പങ്ക് ഇവിടെ വ്യക്തമാണ്. കൊച്ചിയില്‍ മൂന്ന് കുട്ടികള്‍ക്ക് ഭക്ഷ്യ വിഷബാധയേറ്റ സംഭവത്തില്‍ ഹോട്ടലിനെക്കുറിച്ചുള്ള വിവരങ്ങള്‍ നഗരസഭയില്‍ ഇല്ലെന്ന് കുട്ടികളുടെ പിതാവും സാമൂഹിക പ്രവര്‍ത്തകനുമായ പി ബി എല്‍ദോ പ്രതികരിച്ചിരുന്നു. താഴെത്തട്ടില്‍ എളുപ്പത്തില്‍ പൊതുജനങ്ങളോട് സംവദിക്കാന്‍ കഴിയുന്ന ഇത്തരം സ്ഥാപനങ്ങള്‍ വഴിയും ഭക്ഷ്യ സുരക്ഷാ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കപ്പെട്ടാലേ വളരെ ആഴത്തിലുള്ളൊരു പ്രശ്നപരിഹാരം സാധ്യമാകൂ.
അറിയാതെയും അറിയിക്കാതെയും പോകുന്ന മാനദണ്ഡങ്ങള്‍
ഫുഡ് സേഫ്റ്റി സ്റ്റാന്‍ഡേഡ്സ് ഓഫ് ഇന്ത്യയുടെ 2011 ലെ റെഗുലേഷനാണ് ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങളുടെ അടിസ്ഥാനം. ഇതനുസരിച്ചാണ് ഓരോ ഭക്ഷ്യ വ്യാപാരസ്ഥാപനങ്ങളും പ്രവര്‍ത്തിക്കേണ്ടത്. മത്സ്യം, മാംസം, പച്ചക്കറികള്‍, പഴവര്‍ഗങ്ങള്‍ തുടങ്ങി ഓരോ ഭക്ഷ്യ വസ്തുവും ഉപയോഗിക്കുന്നതിനും വിപണനം ചെയ്യുന്നതിനും പ്രത്യേകം മാനദണ്ഡങ്ങളുണ്ട്. ഭക്ഷണപദാര്‍ത്ഥത്തിന്റെ കാര്യത്തില്‍ മാത്രമല്ല, ഹോട്ടലുകളുടെയും റസ്റ്റോറന്റുകളുടെയും നിര്‍മ്മാണ ഘടനയും ശുചിത്വവുമെല്ലാം ഇതില്‍ ഉള്‍പ്പെടുന്നുണ്ട്. അതില്‍ ചില മാനദണ്ഡങ്ങള്‍ പരിശോധിക്കുന്നു.
REPRESENTATIONAL IMAGE | WIKI COMMONS
അസംസ്‌കൃതമായ ഭക്ഷ്യപദാര്‍ത്ഥങ്ങള്‍, വിവിധ ചേരുവകള്‍, അഡിറ്റീവുകള്‍ എന്നിവയുടെ സംഭരണം എങ്ങനെയാണ് ചെയ്യുന്നതെന്ന് ഭക്ഷ്യ വ്യാപാരികള്‍ രേഖയായി സൂക്ഷിക്കേണ്ടതുണ്ട്. മാത്രമല്ല മാനദണ്ഡങ്ങള്‍ക്കനുസൃതമായി മാത്രമേ ഭക്ഷ്യ അഡിറ്റീവുകള്‍ ഉപയോഗിക്കാന്‍ പാടുള്ളൂ. പാക്ക് ചെയ്ത അസംസ്‌കൃത വസ്തുക്കളുടെ എക്‌സ്പയറി ഡേറ്റ്, അതിന്റെ പാക്കിംഗ്, സംഭരണം തുടങ്ങിയ കാര്യങ്ങള്‍ പരിശോധനയ്ക്ക് വിധേയമാക്കണം. ഭക്ഷ്യ സുരക്ഷാ മാനദണ്ഡമനുസരിച്ച് ഒരു ഭക്ഷ്യവസ്തു അതിന്റെ സംഭരണം, പാക്കേജിംഗ്, വിതരണം, തണുപ്പിക്കല്‍, പാചകം തുടങ്ങി ഓരോ ഘട്ടത്തിലും അതിന്റെ സ്വഭാവമനുസരിച്ച് കൃത്യമായ താപനിലയിലൂടെ കടന്നുപോകേണ്ടതുണ്ട്. ഭക്ഷ്യവസ്തു പാക്ക് ചെയ്യാന്‍ ഉപയോഗിക്കുന്ന മെറ്റീരിയല്‍സ് എഫ്എസ്എസ് ചട്ടങ്ങള്‍ക്കനുസരിച്ചാണ് ഉപയോഗിക്കേണ്ടത്. ഇങ്ങനെ ഓരോ ഘട്ടത്തിലും സ്വീകരിക്കേണ്ട മാനദണ്ഡങ്ങള്‍ 2011 ലെ റെഗുലേഷനില്‍ വ്യക്തമാക്കിയിട്ടുണ്ട്. കടകളില്‍ വില്‍പ്പനയ്ക്ക് വച്ചിരിക്കുന്ന പല പഴവര്‍ഗങ്ങളിലും സ്റ്റിക്കര്‍ പതിപ്പിച്ചിരിക്കുന്നത് സ്ഥിര കാഴ്ചയാണ്. പലപ്പോഴും സ്റ്റിക്കര്‍ പതിച്ചവ ഗുണനിലവാരം ഉള്ളതാണെന്ന ചിന്ത ഉപഭോക്താവിനുണ്ടാകും. എന്നാല്‍ ട്രേസബിലിറ്റി വിവരങ്ങളായ പ്രൈസ്, ബാര്‍കോഡ് എന്നിവ ഉള്‍പ്പെടാത്ത സ്റ്റിക്കര്‍ പതിപ്പിച്ചവ ഉപയോഗിക്കാന്‍ പാടില്ലെന്നാണ് നിയമം. സ്റ്റിക്കര്‍ കണ്ട് ഗുണനിലവാരം നിശ്ചയിക്കരുതെന്നും ആളുകള്‍ ഇക്കാര്യം ശ്രദ്ധിക്കണമെന്നും ഭക്ഷ്യ സുരക്ഷാ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നുണ്ട്. എന്നാല്‍ സാധാരണ ഉപഭോക്താവ് എങ്ങനെയാണ് ഒരു ഉല്‍പന്നത്തിന്റെ ഗുണനിലവാരം നിശ്ചയിക്കേണ്ടത്. ചെക്ക് പോസ്റ്റുകളും പ്രാദേശിക അതിര്‍ത്തികളും കേന്ദ്രീകരിച്ചുള്ള പരിശോധനകള്‍ കാര്യക്ഷമമായി നടക്കാത്തതുകൊണ്ടാണ് ഉചിതമല്ലാത്ത ഭക്ഷ്യോല്‍പന്നങ്ങള്‍ വിപണിയിലെത്തുന്നത്. മാത്രമല്ല 2011 ലെ റെഗുലേഷന്‍ പ്രകാരം പഴങ്ങള്‍ പാകമാകാന്‍ കാല്‍ത്സ്യം കാര്‍ബൈഡ് ഉപയോഗിക്കുന്നത് നിര്‍ത്തലാക്കിയിട്ടുണ്ട്. കൃത്രിമമായി പഴങ്ങള്‍ പാകമാക്കാന്‍ നിയമപ്രകാരമല്ലാത്ത ഇത്തരം കെമിക്കലുകള്‍ ഉപയോഗിക്കുന്നില്ലെന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പാണ് ഉറപ്പ് വരുത്തേണ്ടത്. കേരളത്തില്‍ വിതരണം ചെയ്യുന്ന പല പാലുല്‍പന്നങ്ങളിലും വ്യവസ്ഥകള്‍ക്ക് വിരുദ്ധമായി പാല്‍പ്പൊടി ചേര്‍ക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്. കേരളത്തില്‍ ശുദ്ധ ഉല്‍പന്നമെന്ന ടാഗോടുകൂടി പാലും പാലുല്‍പന്നങ്ങളും വിതരണം ചെയ്യുന്ന പല പ്രമുഖ കമ്പനികളും ഈ ആരോപണം നേരിടുന്നുണ്ട്. 2013 ലാണ് കേരളത്തില്‍ വ്യാപകമായി ഉപയോഗിക്കുന്ന ഒരു മില്‍ക് ബ്രാന്‍ഡിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജിയെത്തുന്നത്. കുത്തക കമ്പനികളില്‍ നടക്കുന്ന ഇത്തരം ക്രമക്കേടുകളുടെ പരിണിത ഫലങ്ങള്‍ അനുഭവിക്കുന്നത് പൊതുജനങ്ങളാണ്.
2011 ലെ മാനദണ്ഡങ്ങളില്‍ പറയുന്ന മറ്റൊരു പ്രധാനപ്പെട്ട കാര്യം ഭക്ഷ്യ വ്യാപാര സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്ന സ്ഥലത്തെക്കുറിച്ചാണ്. നിയമപ്രകാരം വായുവിലൂടെയോ വെള്ളത്തിലൂടെയോ എന്തെങ്കിലും തരത്തിലുള്ള അണുബാധ ഉണ്ടാകാന്‍ സാധ്യതയുള്ള ലൊക്കാലിറ്റികളില്‍ ഭക്ഷ്യ വ്യാപാര സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കാന്‍ പാടില്ല. റോഡരികിലായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ വാഹനങ്ങളില്‍ നിന്നുള്ള പുകയും പൊടിയും ഭക്ഷണത്തെ ബാധിക്കുന്നത് തടയാന്‍ കട്ടിയുള്ള പ്രതലങ്ങള്‍ ഉപയോഗിക്കണം. ഭക്ഷണ പദാര്‍ത്ഥങ്ങള്‍ സംഭരിക്കുന്നതിനും പാകം ചെയ്യുന്നതിനും, പാകം ചെയ്യുന്ന ഇടവും ഉപയോഗിക്കുന്ന ഉപകരണങ്ങളും വൃത്തിയാക്കുന്നതിനും മതിയായ സൗകര്യം ഹോട്ടലുകളില്‍ ഉണ്ടായിരിക്കണം. ടോയ്‌ലറ്റ്, വാഷിങ് സൗകര്യങ്ങളും കെമിക്കല്‍ സ്റ്റോറേജ് ഏരിയകളും ഭക്ഷണം തയ്യാറാക്കുന്ന മേഖലയില്‍ നിന്നും നിശ്ചിത അകലത്തിലായിരിക്കണമെന്നും നിര്‍ദേശമുണ്ട്. ഹോട്ടലുകളുടെ നിര്‍മ്മാണ രീതിയിലും പ്രത്യേക നിര്‍ദേശങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. നിലം വിടവുകളില്ലാതെ ടൈല്‍ ചെയ്തതും വൃത്തിയാക്കാന്‍ എളുപ്പമുള്ളതുമായിരിക്കണം, ചുമരുകള്‍ക്ക് അനുയോജ്യമായ ഉയരം, മിനുസമാര്‍ന്ന ഉപരിതലം, എന്നിവയുണ്ടാകണം, ഹോട്ടലിലെ അടുക്കളയുടെയും ഡൈനിംഗ് ഏരിയയുടെയും സീലിംഗ് ഇളനിറവും ഫയര്‍ പ്രൂഫും ആയിരിക്കണം, ഭക്ഷണം പാകം ചെയ്യാനായി ചായം പൂശിയതോ തടിക്കൊണ്ടുള്ളതോ ആയ പ്രതലങ്ങള്‍ പാടില്ല, തുടങ്ങി സ്‌ക്രാച്ച് വീണ് അണുവിമുക്തമാക്കാന്‍ ബുദ്ധിമുട്ടുള്ള കട്ടിംഗ് ബോര്‍ഡുകള്‍ ഉപയോഗിക്കരുതെന്ന് വരെയുള്ള നിരവധി നിര്‍ദേശങ്ങളാണ് ഹോട്ടലുകള്‍ പാലിക്കേണ്ടത്.
വെജിറ്റേറിയന്‍ കട്ടിംഗ് ബോര്‍ഡുകള്‍ 50 പിപിഎം ക്ലോറിന്‍ ഉപയോഗിച്ചും നോണ്‍ വെജിറ്റേറിയന്‍ കട്ടിംഗ് ബോര്‍ഡുകള്‍ 100 പിപിഎം ക്ലോറിന്‍ ഉപയോഗിച്ചും അണുവിമുക്തമാക്കണമെന്നാണ് മാനദണ്ഡങ്ങളില്‍ പറയുന്നത്. കുടിക്കാനും പാകം ചെയ്യാനും ഉപയോഗിക്കേണ്ട ശുദ്ധമായ വെള്ളം തന്നെ പച്ചക്കറികള്‍, പഴങ്ങള്‍, ധാന്യങ്ങള്‍ എന്നിവ കഴുകാന്‍ ഉപയോഗിക്കണം. മാംസം, മത്സ്യം പോലുള്ള ഉയര്‍ന്ന അപകട സാധ്യതയുള്ള ഭക്ഷണങ്ങള്‍ തണുത്ത അന്തരീക്ഷത്തില്‍ തന്നെ സൂക്ഷിക്കണം. അതുപോലെ തന്നെ ഭക്ഷണത്തില്‍ ഉപയോഗിക്കുന്ന ഏതെങ്കിലും തരത്തിലുള്ള പേസ്റ്റുകള്‍ തയ്യാറാക്കി എയര്‍ കണ്ടീഷന്‍ഡായി സൂക്ഷിക്കുന്നതിന് മുന്‍പ് അത് തയ്യാറാക്കിയ തീയതി ടാഗ് ചെയ്യണം.
REPRESENTATIONAL IMAGE | WIKI COMMONS
ഫ്രോസന്‍ ചെയ്യുന്ന ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ഉരുകി കഴിഞ്ഞാല്‍ 12 മണിക്കൂറിനുള്ളില്‍ ഉപയോഗിക്കണമെന്നാണ് നിര്‍ദേശം. തണുത്തുറഞ്ഞ പദാര്‍ത്ഥങ്ങള്‍ ഉരുക്കി ഉപയോഗിക്കുമ്പോള്‍ അതിന്റെ തീയതിയും സമയവും രേഖപ്പെടുത്തണമെന്നും നിയമം നിഷ്‌കര്‍ഷിക്കുന്നു. ഭക്ഷ്യ വിഷബാധ ഒഴിവാക്കാന്‍ സുരക്ഷിതമായ ആന്തരിക താപനിലയില്‍ ഭക്ഷണം പാകം ചെയ്യേണ്ടതുണ്ട്. മാനദണ്ഡപ്രകാരം വെജിറ്റേറിയന്‍ ഭക്ഷണം 60 ഡിഗ്രി സെല്‍ഷ്യസില്‍ 10 മിനിറ്റോ 65 ഡിഗ്രി സെല്‍ഷ്യസില്‍ 2 മിനിറ്റോ പാചകം ചെയ്യണം. നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണങ്ങള്‍ 65 ഡിഗ്രിയില്‍ 10 മിനിറ്റോ 70 ഡിഗ്രിയില്‍ 2 മിനിറ്റോ 75 ഡിഗ്രിയില്‍ 15 സെക്കന്‍ഡോ പാകം ചെയ്യണം. ഇങ്ങനെ എല്ലാ സൂക്ഷ്മതലങ്ങളെയും ഉള്‍പ്പെടുത്തിക്കൊണ്ട് മാനദണ്ഡങ്ങള്‍ നിരവധിയാണ്. എന്നാല്‍ എത്ര ഭക്ഷ്യ വ്യാപാര സ്ഥാപനങ്ങള്‍ ഈ മാനദണ്ഡങ്ങളെല്ലാം പാലിക്കുന്നുണ്ട് എന്നിടത്താണ് പ്രശ്‌നം. ലൈസന്‍സ് നല്‍കുന്നതിന് മുന്‍പും ശേഷവും നടത്തേണ്ട പരിശോധനകള്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് നടത്തിയാലേ ഇത്തരം മാനദണ്ഡങ്ങളെല്ലാം പാലിക്കുന്നുണ്ടോ എന്ന് ഉറപ്പാക്കാന്‍ സാധിക്കൂ. എന്നാല്‍ പ്രീ ലൈസന്‍സ് വിസിറ്റ് എന്ന പ്രധാനഘട്ടം പോലും പൂര്‍ത്തിയാക്കാതെയാണ് സംസ്ഥാനത്ത് ഭക്ഷ്യ വ്യാപാര സ്ഥാപനങ്ങള്‍ക്ക് ലൈസന്‍സ് നല്‍കുന്നത്.
"എനിക്ക് കൊച്ചിയിലെ തട്ടുകടയില്‍ നിന്നും ഭക്ഷണം കഴിച്ചപ്പോള്‍ ഒരിക്കല്‍ ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ടു. കുറച്ച് ദിവസം നന്നായി ബുദ്ധിമുട്ടിയിരുന്നു. നമ്മുടെ നാട്ടില്‍ തട്ടുകടകള്‍ ഒരുപാടാണ്. വളരെ പരിമിതമായ സൗകര്യത്തിലാണ് ഇവ പ്രവര്‍ത്തിക്കുന്നത്. തട്ടുകടകളില്‍ തത്സമയമാണ് ഭക്ഷണം പാകം ചെയ്യുന്നതെങ്കിലും ആദ്യമേ പാകം ചെയ്‌തെടുത്ത ഭക്ഷണം കടയിലേക്ക് കൊണ്ടുവന്ന് വില്‍ക്കുന്നവര്‍ ഒരുപാടുണ്ട്. ഈ ഭക്ഷണം എവിടെ നിന്ന് പാകം ചെയ്ത് കൊണ്ടുവരുന്നതാണെന്ന് നമ്മളാരും അന്വേഷിക്കാറില്ല. മാത്രമല്ല, രാത്രികാലങ്ങളില്‍ മാത്രം തുറക്കുന്ന തട്ടുകടകളിലെ ഭക്ഷണത്തിന്റെ ഗുണനിലവാരം ആരും അന്വേഷിക്കില്ല. വലിയ രീതിയില്‍ കച്ചവടം നടക്കുന്ന മേഖലയാണിത്. പലപ്പോഴും വളരെ ചെറിയ സ്‌പേസിലാണ് തട്ടുകടകള്‍ പ്രവര്‍ത്തിക്കുന്നത്. ഹോട്ടലുകളുടെ നിര്‍മ്മാണത്തില്‍ പല മാനദണ്ഡങ്ങളും ഉണ്ട്. വൃത്തി ഉറപ്പാക്കാനുള്ള ഈ മാനദണ്ഡങ്ങള്‍ ഇത്തരം തട്ടുകടകളുടെ കാര്യത്തില്‍ എങ്ങനെയാണ് നടപ്പിലാക്കുക". കൊല്ലം സ്വദേശിയായ ജെയ്സണ്‍ എന്ന വിദ്യാര്‍ത്ഥിയുടെ പ്രതികരണമാണിത്.
REPRESENTATIONAL IMAGE | WIKI COMMONS
എണ്ണിയാല്‍ തീരാത്ത തട്ടുകടകളാണ് കേരളത്തില്‍ പ്രവര്‍ത്തിക്കുന്നത്. മിക്കതും രാത്രികാലങ്ങളിലാണ് സജ്ജീവമാകുന്നത്. തട്ടുകടയുടെ ഘടനയില്‍ പ്രവര്‍ത്തിച്ച് ഹോട്ടല്‍ വ്യാപാരത്തേക്കാള്‍ സാമ്പത്തിക ലാഭമുണ്ടാക്കുന്ന മേഖലയായി ഇത് മാറിയിട്ടുണ്ട്. പരിശോധനകള്‍കൊണ്ട് തട്ടുകടകളിലെ സുരക്ഷിതത്വം ഭക്ഷ്യ സുരക്ഷാ വകുപ്പിന് ഉറപ്പാക്കാന്‍ സാധിച്ചാല്‍ തന്നെ അതിന്റെ മാനദണ്ഡങ്ങള്‍ എന്തായിരിക്കുമെന്നതാണ് ചോദ്യം. മേല്‍ സൂചിപ്പിച്ച സുരക്ഷാ മാനദണ്ഡങ്ങള്‍ ഒന്നും പാലിക്കാതെയാണ് മിക്ക തട്ടുകടകളും പ്രവര്‍ത്തിക്കുന്നത് തന്നെ. പിന്തുടരുന്ന പരിശോധനാ രീതികൊണ്ട് മാത്രം ഈ മേഖലയിലെ സുരക്ഷാ ലംഘനങ്ങളെ നിയന്ത്രിക്കാനാവില്ല.
നിലവില്‍ വകുപ്പ് തലത്തിലെ പരിമിതികളാണ് ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമാകുന്നതെന്നാണ് ഉദ്യോഗസ്ഥരുടെ പ്രതികരണം. അടിയന്തിരമായ സര്‍ക്കാര്‍ ഇടപെടല്‍ ഇക്കാര്യത്തില്‍ ഇനിയെങ്കിലും ഉണ്ടാകണം. എന്നാല്‍ പോലും നിലവിലെ സംവിധാനത്തെ പൊടിതട്ടിയെടുത്താല്‍ മാത്രം തീരുന്നതല്ല ഭക്ഷ്യ സുരക്ഷാ ആശങ്കകള്‍. പരിശോധനകള്‍ മാത്രം കേന്ദ്രീകരിച്ചുള്ള ഇന്ത്യയിലെ ഭക്ഷ്യ സുരക്ഷാ സംവിധാനം തന്നെ മാറേണ്ടതുണ്ട്. പ്രാഥമിക പ്രശ്നം സമഗ്രമായ സംവിധാനമല്ല നമുക്കുള്ളതെന്നതാണ്. കഴിക്കുന്ന ഭക്ഷണത്തിന്റെ ഗുണനിലവാരം ഉറപ്പാക്കാന്‍ ഉപഭോക്താവിന് സാധിക്കുന്ന രീതിയില്‍ നിലവിലെ സംവിധാനം സുതാര്യമാക്കേണ്ടതുണ്ട്. ഹോട്ടല്‍ ഉടമയിലോ അല്ലെങ്കില്‍ ഏതെങ്കിലുമൊരു വ്യക്തിയിലോ കുറ്റം ചുമത്തി ഭക്ഷ്യ സുരക്ഷാ ആശങ്കകള്‍ക്ക് പരിഹാരം അന്വേഷിക്കുന്ന പ്രവണത നിര്‍ത്തി പ്രശ്നത്തെ ആഴത്തില്‍ അഭിസംബോധന ചെയ്യണം. അതിനായി ആഗോളതലത്തില്‍ ഭക്ഷ്യ സുരക്ഷാ സംവിധാനത്തിന്റെ ഭാഗമായ ഫുഡ് ട്രേസബിലിറ്റി പോലുള്ള സമഗ്രമാര്‍ഗങ്ങള്‍ നമ്മുടെ സംവിധാനത്തിന്റെയും ഭാഗമാകണം. ഫുഡ് ട്രേസബിലിറ്റിയെ അടിസ്ഥാനമാക്കിക്കൊണ്ട് ഒരു ഭക്ഷ്യ സുരക്ഷാ സംവിധാനം വളര്‍ത്തിയെടുക്കാനുള്ള ആലോചനകള്‍ സര്‍ക്കാര്‍ തലത്തില്‍ നടക്കണം.
REPRESENTATIONAL IMAGE | WIKI COMMONS
ഈ റിപ്പോര്‍ട്ട് തയ്യാറാക്കുന്ന കാലയളവില്‍ തന്നെ കേരളത്തിന്റെ പല ഭാഗങ്ങളിലായി ഭക്ഷ്യ വിഷബാധാ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഹോട്ടലുകളിലെത്തി പരിശോധന നടത്തി നടപടിയെടുത്തതല്ലാതെ ഈ പ്രശ്നത്തിന് ശാശ്വത പരിഹാരം കാണാനുള്ള നീക്കങ്ങളൊന്നും അധികാരികളുടെ ഭാഗത്ത് നിന്നും ഇപ്പോഴും ഉണ്ടായിട്ടില്ല. വര്‍ഷങ്ങളായി തുടരുന്ന കീഴ്വഴക്കങ്ങള്‍ തന്നെ ആവര്‍ത്തിക്കുന്നതിലാണ് ഉദ്യോഗസ്ഥരുടെ ശ്രദ്ധ. റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിന്റെ ഭാഗമായി ഭക്ഷ്യ സുരക്ഷാ വകുപ്പില്‍ നിന്നും ലഭിക്കേണ്ട ഡാറ്റകള്‍ക്കായി വിവരാവകാശം സമര്‍പ്പിച്ചിരുന്നു. എന്നാല്‍ വകുപ്പ് തലത്തിലെ പ്രവര്‍ത്തനങ്ങളെക്കുറിച്ചോ, കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്ത കേസുകളെക്കുറിച്ചോ മതിയായ വിവരങ്ങള്‍ ഒന്നും തന്നെ നല്‍കാന്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് തയ്യാറായിട്ടില്ല. മറുപടി നല്‍കാന്‍ നിര്‍വ്വാഹമില്ല, ക്രോഡീകരിച്ച ഡാറ്റകള്‍ സൂക്ഷിച്ചിട്ടില്ല എന്നെല്ലാമാണ് മിക്ക ചോദ്യങ്ങള്‍ക്കുമുള്ള മറുപടി. ആളുകളുടെ അറിയാനുള്ള അവകാശം നിറവേറ്റുകയാണ് ആര്‍ടിഐ വഴി ചെയ്യുന്നത്. എന്നാല്‍ ആര്‍ടിഐ സമര്‍പ്പിച്ചാല്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ഉചിതമെന്ന് തോന്നുന്ന രീതിയില്‍ എങ്ങും തൊടാത്ത മറുപടി നല്‍കി പൊതുജനത്തെ ചുറ്റിക്കുകയാണ് ചെയ്യുന്നത്. പൊതുജനങ്ങളുടെ ആശങ്കകളെ ബലപ്പെടുത്തുന്നതും വിമര്‍ശനങ്ങളെ ശരിവയ്ക്കുന്നതുമാണ് ഇത്തരം പ്രതികരണങ്ങള്‍. ഭക്ഷ്യ സുരക്ഷാ വകുപ്പിലെ പല ഉദ്യോഗസ്ഥരും നേരിട്ടുള്ള ചോദ്യങ്ങളോട് പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല. പലരും വകുപ്പ് തലത്തിലെ പ്രശ്നങ്ങളെ ചൂണ്ടിക്കാട്ടിയെങ്കിലും സര്‍ക്കാര്‍ നടപടികളെ ഭയക്കുന്നവരാണ്.