
പഴിചാരുകയല്ല പുതുക്കിപ്പണിയലാണ് വേണ്ടത് : ഗാർഹിക പീഡന മരണങ്ങളും മാറേണ്ട വിവാഹ കച്ചവടവും
ആവർത്തിച്ച് കൊണ്ടിരിക്കുന്ന ഗാർഹികപീഡനമരണങ്ങൾക്ക് പിന്നാലെ ആരെ പഴിചാരണമെന്ന നെട്ടോട്ടത്തിലാണ് നാം. പൊന്നിന്റെയും പണത്തിന്റെയും പകിട്ടിന്റെയും കണക്ക് പറഞ്ഞ് മനുഷ്യരുടെ ജീവനെടുക്കുന്നവർ ഒരു കൂട്ടർ. കണക്ക് തികയ്ക്കാനും കരക്കാരെ ബോധിപ്പിക്കാനുമായി അലയുന്ന മറ്റൊരു കൂട്ടർ. പീഡനങ്ങൾ സഹിച്ചും അവസാനമടിയറവ് പറഞ്ഞും മറ്റൊരു കൂട്ടർ. ഇവക്കൊക്കെയും ദൃക്സാക്ഷികളാവുന്ന, ഈ പറഞ്ഞവരേക്കാൾ എണ്ണത്തിൽ അധികമായ മറ്റൊരു കൂട്ടമുണ്ട്. നിശബ്ദമായി മേൽപ്പറഞ്ഞ കൂട്ടങ്ങളിൽ ഏതെങ്കിലുമൊന്നിലേക്ക് എഴുതിച്ചേർക്കാവുന്ന, അതിന് സ്വയം പാകപ്പെടുത്തിയെടുക്കുന്ന മനുഷ്യർ. നിലവിൽ പുറംലോകമറിഞ്ഞ പേരുകളെക്കാൾ എത്രയോ എണ്ണം ഇനിയും ബാക്കിയുണ്ട്. ഇനിയുമാവർത്തിക്കാനുണ്ട്. സഹനുഭൂതി ഒട്ടും തന്നെയില്ലാതെ പറയേണ്ടിവരും, ഉത്തര മുതൽ റീമ വരെ നീളുന്ന പേരുകൾ അവസാനിക്കുകയില്ല. നിലവിലെ നമ്മുടെ സാമൂഹിക - കുടുംബാന്തരീക്ഷങ്ങളെ പരിഗണിച്ചാൽ ഇത്തരം കേസുകൾ ഇനിയും ആവർത്തിക്കുക തന്നെ ചെയ്യും. അവയെ ഇല്ലാതാക്കും വിധം മാറ്റങ്ങൾ സൃഷ്ടിക്കാൻ പാകമായൊരന്തരീക്ഷം ഇതുവരെയും നമ്മുടെ കേരളത്തിൽ സൃഷ്ടിക്കപ്പെട്ടിട്ടില്ല. ഇനിയും അത് പ്രയാസമേറിയ ഒരു കടമ്പയാണ്.
കാലാകാലങ്ങളായി നമ്മൾ പിന്തുടരുന്ന സാമൂഹികസമ്പ്രദായങ്ങൾക്കുള്ളിൽ നിന്നുകൊണ്ട് ഇത്തരം വേദനാജനകമായ സംഭവങ്ങളോട് അപലപിക്കുന്നതിലർത്ഥമില്ല. ഭൂരിഭാഗം ആളുകളും പ്രാവർത്തികമാക്കുന്ന അനുവർത്തിച്ചുവരുന്ന കുടുംബം, ദാമ്പത്യം എന്നീ നിർവചനങ്ങൾക്ക് ഇത്തരം സംഭവങ്ങളെ കൈകാര്യം ചെയ്യാനുള്ള വ്യാപ്തിയില്ല എന്നതാണ് സത്യം. ഒരു സംഘം മനുഷ്യരുടെ കൂട്ടായ താല്പര്യങ്ങളെ, നിയമങ്ങളെ, ആചാരങ്ങളെ, പരിപാലിക്കുന്നതിനപ്പുറം വ്യക്തികളുടെ വൈകാരിക -മാനസിക-ശാരീരിക-സാമൂഹിക സുസ്ഥിതിയെ നിലനിർത്താൻ തക്കവണ്ണം ഘടകങ്ങൾ ഒന്നും തന്നെ കുടുംബം, ദാമ്പത്യം എന്നതിന്റെ നിർവചനങ്ങൾക്കകത്തില്ല. അതാവട്ടെ കേവലം പറഞ്ഞുവെച്ച പലതിന്റെയും അനുകരണവും ആണ്.
REPRESENTATIVE IMAGE | PHOTO: WIKI COMMONS
ഗാർഹിക പീഡനത്തിന്റെ പേരിൽ മരണപ്പെട്ട ഏതൊരു വ്യക്തിയുടെ ജീവിതം എടുത്ത് നോക്കിയാലും അതേ അനുകരണം അവിടെയെല്ലാം കാണാം. വിവാഹം എന്ന പ്രക്രിയയ്ക്ക് അപ്പുറം അവിടെ വ്യക്തികൾ മൂല്യങ്ങൾ എന്നതിന് സ്ഥാനം നഷ്ടപ്പെടുന്നത് വ്യക്തമാണ്. വിവാഹത്തിനുള്ള മാനദണ്ഡങ്ങൾ സൃഷ്ടിക്കുന്നത് മുതൽ വിവാഹ ശേഷമുള്ള ജീവിതത്തിനായി നിയമാവലി തയ്യാറാക്കുന്നത് വരെയുള്ള ഘട്ടങ്ങളിലെല്ലാം മാനുഷിക മൂല്യങ്ങൾ പുറത്തുതന്നെയാണ്. പങ്കാളിത്തം, കുടുംബം എന്നിവ ഒരു വ്യക്തിക്ക് നൽകേണ്ട അടിസ്ഥാനപരമായ ഗുണങ്ങൾ അതിന് നൽകാനാവുന്നുണ്ടോ എന്നതും അപ്രസക്തമായ ചോദ്യം മാത്രമാണ് അവിടെ.
ലളിതമായി പറഞ്ഞാൽ പുറത്തിറഞ്ഞതും അറിയാത്തതുമായ അനേകം ഗാർഹിക പീഡനമരണങ്ങൾക്ക് പിന്നിലെ ഏറ്റവും വലിയ ഘടകം നമ്മൾ തന്നെ അണുവിട മാറ്റം വരുത്താതെ കൊണ്ടു നടക്കുന്ന സമ്പ്രദായങ്ങളാണ്. സ്വതന്ത്രമായി പങ്കാളിയെ തിരഞ്ഞെടുക്കാൻ അവസരം ഒരുക്കാത്ത കുടുംബ-സാമൂഹിക അന്തരീക്ഷം നിലനിൽക്കുന്ന ഒരു സമ്പ്രദായം അതിൽ കവിഞ്ഞ ആദർശങ്ങൾ ഉൾക്കൊള്ളാൻ പാകത്തിലുള്ളതല്ലെന്ന് പറയേണ്ടതില്ലല്ലോ. വിവാഹമെന്ന പ്രക്രിയയെ കേന്ദ്രീകരിച്ചു തന്നെ ചിന്തിച്ചു നോക്കുക, പങ്കാളികളെ കണ്ടെത്തുന്നതിൽ മാനദണ്ഡം കൽപ്പിക്കുമ്പോൾ ഇന്നും മുൻപന്തിയിൽ ഉണ്ടാവുക മതം, ജാതി, സമ്പത്ത് സാമൂഹികമായ പദവികൾ, പാരമ്പര്യം എന്നീ ഘടകങ്ങളാണ്. പങ്കാളികളാവാൻ പോകുന്നവരുടെ വ്യക്തിത്വം അവർക്കിടയിൽ ആരോഗ്യപരമായി ഒരു ബന്ധം മുന്നോട്ടുകൊണ്ടുപോകാനുള്ള ഘടകങ്ങൾ എന്നിവയ്ക്ക് ഏറ്റവും അവസാന സ്ഥാനമാണ് കൽപ്പിക്കുക. പലയിടങ്ങളിലും അവസാനസ്ഥാനം പോലും അതിന് കൽപ്പിക്കപ്പെടുന്നില്ല. ഒരു ഉടമ്പടി സൃഷ്ടിക്കുക, അത് നിലനിർത്തുക എന്നതിനപ്പുറം വിവാഹ സമ്പ്രദായങ്ങൾക്ക് ഒരുതരത്തിലുള്ള മാനവും നൽകാൻ നമ്മുടെ സമൂഹം പ്രാപ്തമല്ല. ഈ ഉടമ്പടിയിലാണ് ഒട്ടേറെ വ്യക്തികൾ, ഏറെയും സ്ത്രീകൾ, കുരുങ്ങിക്കിടക്കുന്നത്.
REPRESENTATIVE IMAGE | PHOTO: WIKI COMMONS
“വിവാഹത്തിന് മുമ്പ് തന്നെ വരനാകാൻ പോകുന്ന വ്യക്തിയുടെ സ്വഭാവത്തിലെ പ്രശ്നങ്ങൾ ഞങ്ങൾക്ക് അറിയാമെന്ന്" ഗാർഹിക പീഡനത്തിനിരയായി ആത്മഹത്യ ചെയ്ത അതുല്യയുടെ അച്ഛൻ പറയുമ്പോൾ തന്നെ വ്യക്തമാണ് ഒരു ബന്ധത്തിലേക്ക് കടക്കാനും അതിൽനിന്ന് ഇറങ്ങിവരാനും നമ്മുടെ സ്ത്രീകൾക്ക് കൽപ്പിച്ചു കിട്ടുന്ന സ്വാതന്ത്ര്യം എത്രത്തോളമാണെന്ന്. ഇവിടെ ഇത്തരം അവസ്ഥയിലേക്ക് നയിക്കുന്ന വീട്ടുകാരുടെയും, അതിൽ തുടരുന്ന സ്ത്രീകളുടെയും സാഹചര്യത്തെ നിസ്സഹായത മാത്രമായി തള്ളിക്കളയാനാവില്ല. ബോധപൂർവ്വമായ തെറ്റായ തിരഞ്ഞെടുപ്പുകൾക്ക് വിധേയപ്പെട്ടവരാണ് അവരൊക്കെയും. കുടുംബങ്ങളുടെ സാമ്പത്തിക അവസ്ഥ, ജാതി, സാമൂഹികമായ സ്ഥാനം ഇവയ്ക്കനുസരിച്ച് ആ വിധേയത്വത്തിന്റെ കടുപ്പം വർദ്ധിക്കുകയും ചെയ്യും. ജാതി, പണം മുതലായവ ഇതിൽ ചെലുത്തുന്ന സ്വാധീനം വലുതാണ്. കാലാകാലങ്ങളായി അനുഷ്ഠിക്കുന്ന, ഗുണദോഷങ്ങൾ പോലും വ്യക്തമല്ലാത്ത ഒരു സമ്പ്രദായത്തിന്റെ കാവൽക്കാരായി മാറി, സ്വയം ഇരകളായി മാറുന്നവരാണ് അവർ.
വിവാഹശേഷം ദാമ്പത്യം, കുടുംബം എന്നീ സങ്കല്പങ്ങൾക്കുള്ളിൽ പാലിക്കേണ്ട നിയമാവലി കൈമാറുന്നതിലും ഇതിൽ നിന്നും വ്യത്യാസങ്ങളില്ല. പറഞ്ഞുവെച്ച റോളുകളിൽ തേഞ്ഞുപഴകിയ അതേ ചുവടുകൾ ആവർത്തിക്കാൻ പാകപ്പെടുത്തുന്നത് അല്ലാതെ വിവാഹം എന്ന സമ്പ്രദായം മറ്റൊന്നും ചെയ്യുന്നില്ല. അതിൽ ആവശ്യമായ പുതുക്കി പണിയലുകൾ നടത്താനോ ആ നിയമാവലിയെ മറികടക്കാനോ ഒരു പഴുതുപോലും നൽകുന്നുമില്ല. വിവാഹജീവിതം പലർക്കും കുരുക്കായി തീരുന്നത് അങ്ങനെയാണ്.
മതിയായ രീതിയിൽ ശാരീരികവും മാനസികവുമായ പക്വതയെത്താതെ, സാമ്പത്തികവും തൊഴിൽപരവുമായ പിന്തുണ ഇല്ലാതെയുമാണ് ഭൂരിഭാഗം സ്ത്രീകളും വിവാഹത്തിലേക്ക് കടക്കുന്നത്. വിവാഹശേഷവും ഇതേ അവസ്ഥയിൽ തന്നെ പലരും തുടരുന്നു. ഇത്തരം സ്വാതന്ത്ര്യങ്ങൾ ഉണ്ടായാലും ഇല്ലെങ്കിലും വിവാഹ ജീവിതത്തിൽ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കാനും നേരിടാനും പ്രാപ്തരല്ലാത്തവരാണ് അധികവും. അതിന് തക്കമുള്ള മാനസികവും സാമൂഹികവും സാമ്പത്തികവുമായ പിന്തുണ അവർക്ക് തീർച്ചയായും ഇല്ലെന്ന് കാണാം. ഗാർഹിക പീഡനം സഹിക്കാൻ കഴിയാതെ മരിച്ചവരുടെ അനുഭവങ്ങൾ നിരീക്ഷിച്ചാൽ അവരൊക്കെയും ഇതിലേതെങ്കിലും ഒന്ന്, അല്ലെങ്കിൽ എല്ലാം തന്നെയോ ഇല്ലാതിരുന്നവർ തന്നെയാണ്. ഒരു വ്യക്തിക്ക് അനിവാര്യമായ മാനസിക സാമൂഹിക സാമ്പത്തിക പിന്തുണ നൽകാനുള്ള കുടുംബാന്തരീക്ഷം അവർക്കില്ലെന്ന് അവരുടെ മാതാപിതാക്കളുടെ വാക്കുകളിൽ നിന്നു തന്നെ കേട്ടറിഞ്ഞ് കേരളം പല കുറി ലജ്ജിച്ചതാണ്.
അതുല്യ | PHOTO: WIKI COMMONS
കുടുംബങ്ങൾക്ക് പുറത്ത് ആരോഗ്യപരമായ ബന്ധങ്ങളും സുഹൃത്ത് വലയങ്ങളും സൃഷ്ടിക്കാനുള്ള അവസരം പോലും ഇല്ലാതാക്കുന്ന ഒന്നാണ് നമ്മുടെ വിവാഹ സമ്പ്രദായം. വിവാഹിതരായ വ്യക്തികളെ, പ്രത്യേകിച്ച് സ്ത്രീകളെ സാമൂഹികമായി ഒറ്റപ്പെടുത്തുന്നതിൽ ഈ സമ്പ്രദായം ചെലുത്തുന്ന സ്വാധീനം ചെറുതല്ല. അതുകൊണ്ടുതന്നെ എല്ലാതരത്തിലും സഹായം അഭ്യർത്ഥിക്കാനാവാത്ത, ലഭിക്കാത്ത അവസ്ഥയിലേക്ക് ഏറെ പേരും എത്തിപ്പെടുകയാണ്. ഇങ്ങനെ പ്രതികരണശേഷി നഷ്ടപ്പെട്ടവരായി പലരും മാറുകയും നിശബ്ദമായി പലരും നിലനിൽക്കുകയും ചെയ്യുന്നിടത്താണ് ഇത്തരം വാർത്തകൾ വീണ്ടും വീണ്ടും കേൾക്കേണ്ടതായി വരുന്നത്.
അതോടൊപ്പം തന്നെ ഒരാൾ മറ്റൊരാൾക്ക് മുകളിൽ ആധിപത്യം നേടിയെടുക്കുന്ന, അധികാരം സ്ഥാപിക്കുന്ന പ്രവർത്തിയാണ് വിവാഹം എന്ന് കരുതുന്നവർ നിലനിൽക്കുമ്പോൾ, അതൊരു കുരുക്കായി തീരാതിരിക്കുന്നത് എങ്ങനെയാണ്? പുരുഷാധിപത്യത്തിന്റെ നേർ ഉൽപ്പന്നമായാണ് കുടുംബങ്ങൾ മുന്നോട്ടുപോകുന്നത് എന്നിരിക്കെ, "അവൾ എന്റേതാണ് എന്റെ മാത്രമാണ് അതിന്റെ പേരിലാണ് സംഭവിച്ചത് " എന്ന സഹാനുഭൂതി തൊട്ടുതീണ്ടാത്ത കുറ്റബോധം ഏൽക്കാത്ത വാക്കുകൾ നമ്മൾ ഇനിയും കേൾക്കേണ്ടതായി വരും. അത് പറയുന്ന ഭർത്താവുദ്യോഗസ്ഥർ ഇനിയും ആവർത്തിക്കും.
നമ്മുടെ കേരളത്തിൽ ഭൂരിഭാഗം വീടുകളും ഒരു സ്ഥാപനം മാത്രമാണ്. അവിടെ വ്യത്യസ്ത കർമ്മങ്ങൾ നിറവേറ്റുന്ന ഉദ്യോഗസ്ഥ വൃന്ദമായാണ് നമ്മൾ അടങ്ങുന്ന സമൂഹം എല്ലാവരെയും വളർത്തിയെടുക്കുന്നത്, വളരാൻ അനുവദിക്കുന്നത്. പറഞ്ഞുവെച്ച രീതികൾ, കടമകൾ എന്നിവ നിറവേറ്റുന്നതിന് അല്ലാതെ മാനുഷികമായ പരിഗണനയ്ക്ക് പോലും അവിടെ ഇടമില്ല. അല്ലായിരുന്നുവെങ്കിൽ ഒരു പങ്കാളിയെ കണ്ടെത്തിയത് കൊണ്ട് മാത്രം മരിക്കേണ്ടി വന്നവർ നമുക്കിടയിൽ ഉണ്ടാവുമായിരുന്നില്ല. പങ്കാളികളെ ക്രൂരമായി കൊന്നൊടുക്കുന്നവർ ഇവിടെ ഉണ്ടാവുമായിരുന്നില്ല. സ്വന്തം മക്കളുടെ മരണത്തിന് നിശബ്ദമായി കൂട്ടിരിക്കുന്നവരായി മാതാപിതാക്കൾ മാറേണ്ടി വരുമായിരുന്നില്ല.
REPRESENTATIVE IMAGE | PHOTO: WIKI COMMONS
പെട്ടെന്നൊരു സുപ്രഭാതത്തിൽ മാറാവുന്ന ഒരു വിപത്തല്ല ഗാർഹിക പീഡന മരണങ്ങൾ. അതിന് വലിയൊരു സാമൂഹികമായ പരിവർത്തനം ആവശ്യമാണ്. കാഴ്ചപ്പാടുകളിലെ വലിയ മാറ്റങ്ങൾ അത്യാവശ്യമാണ്. അടിമകളെപ്പോലെ നമ്മൾ അനുസരിച്ചുവരുന്ന വിവാഹ കമ്പോളത്തിലെ കച്ചവടങ്ങൾ, പതിയെ ഒരു വശത്തുനിന്നും അതിന് പൊളിച്ചെഴുതേണ്ടതായി വരും. ദാമ്പത്യം, കുടുംബം എന്നിവയ്ക്ക് ശരിയായ നിർവചനങ്ങൾ നൽകേണ്ടിവരും. വ്യക്തികളിലും മൂല്യങ്ങളിലും അധിഷ്ഠിതമായ സങ്കല്പങ്ങളായി അവയെ പരിഗണിക്കേണ്ടിവരും. അതിന് അവയ്ക്ക് പ്രാധാന്യം നൽകാത്ത സമ്പ്രദായങ്ങളെ ചോദ്യം ചെയ്യാൻ നമ്മൾ പ്രാപ്തരാകണം. കേരളത്തിലെ ഒരു വിഭാഗം ജനത അതിന് ശ്രമിക്കുന്നവർ തന്നെയാണ്. എന്നാൽ അതിന് മുതിരാത്ത, സാധിക്കാത്ത മനുഷ്യരാണ് ഇന്നുമധികം. അതുകൊണ്ടുതന്നെയാണ് ഇതൊരു ശ്രമകരമായ മാറ്റമാണെന്ന് പിന്നെയും പറയേണ്ടി വരുന്നത്.
ഓരോ സമ്പ്രദായങ്ങളെയും മനുഷ്യന്റെ ഉന്നമനത്തിനു വേണ്ടി, നന്മയ്ക്കുവേണ്ടി സമീപിക്കാനായാൽ തന്നെ മതി, ആ മാറ്റങ്ങൾക്ക് തുടക്കം കുറിക്കാൻ. കുടുംബങ്ങൾ മാനസികവും ശാരീരികവും സാമൂഹികവുമായ സുരക്ഷ ഉറപ്പ് നൽകുന്ന ഇടമായിരിക്കണം. അതിന് നിരന്തരശ്രമങ്ങൾ മാതാപിതാക്കളുടെ/രക്ഷിതാക്കളുടെ ഭാഗത്തുനിന്നും ഉണ്ടാകണം. കേവലം റോളുകൾ കൈകാര്യം ചെയ്യുന്നതിനപ്പുറം മാനുഷികമൂല്യങ്ങൾ കൈമാറാനുള്ള ബന്ധങ്ങളെ സമീപിക്കേണ്ടതിന്റെ ആദ്യപാഠങ്ങൾ പഠിക്കാനുള്ള അവസരം ഒരുക്കുന്നതാവണം കുടുംബങ്ങൾ. മാത്രമല്ല വിവാഹം എന്നതിലൊതുങ്ങുന്ന ഒന്നല്ല പാർട്ണർഷിപ്പ് എന്നും, അതിന് വിശാലമായ സാധ്യതകൾ ഉണ്ടെന്നും നമ്മൾ മനസ്സിലാക്കണം. വ്യക്തികൾക്ക് മാനസികമായും വൈകാരികമായും വ്യക്തിപരമായും സാമ്പത്തികമായും സാമൂഹികമായും വളർച്ച കൈവരിക്കാൻ പിന്തുണയാകുന്ന ഒരു ഘടകം മാത്രമായിരിക്കണം പാർട്ണർഷിപ്പ് എന്ന് നമ്മൾ തിരിച്ചറിയണം. അല്ലാത്തപക്ഷം അത്തരം ബന്ധങ്ങളിൽ നിന്നും ഇറങ്ങി വരാൻ സ്വാതന്ത്ര്യമുള്ള, തന്റേടമുള്ള വ്യക്തികളാവാൻ ഓരോരുത്തർക്കും പിന്തുണ നൽകുന്ന സാമൂഹികാന്തരീക്ഷവും നിയമസംവിധാനങ്ങളും ഇവിടെ ഇനിയും സൃഷ്ടിക്കപ്പെടണം. കൂടാതെ ഒന്നിച്ചു ചേർക്കുന്ന കരങ്ങൾ പരസ്പരം കുരുക്കുകളായി മാറാതിരിക്കാൻ തെറ്റായ സമ്പ്രദായങ്ങളെ ഇപ്പോഴും പോറ്റിവളർത്തുന്ന നമുക്കൊക്കെയും ഉത്തരവാദിത്വമുണ്ടെന്ന് തിരിച്ചറിയണം.


.jpg)