
സമാധാനം മാത്രമല്ല, നീതിയും വേണം യുദ്ധകാലത്ത്
എല്ലാ യുദ്ധങ്ങളും മനുഷ്യജീവിതത്തിന്റെ ദൈന്യതയെ വെളിപ്പെടുത്തുന്നു. ജൂഡിത്ത് ബട്‌ളര്‍ പറയുമ്പോലെ, യുദ്ധകാലത്തെ മാധ്യമശ്രദ്ധകള്‍ ഫ്രെയിമിനുള്ളിലാക്കുന്നതു മിസൈലിന്റെ ഇരമ്പലോ പൊളിഞ്ഞു കിടക്കുന്ന പടുകൂറ്റന്‍ കെട്ടിടങ്ങളോ ഒക്കെയാണെങ്കില്‍ ഫ്രെയിം-ഔട്ട് ചെയ്യുന്നത് മുറിവേറ്റ മനുഷ്യന്റെ നൊമ്പരങ്ങളായിരിക്കും. അത് കാഴ്ചയുടെ ഫ്രെയിമുകള്‍ക്കു പലപ്പോഴും വഴങ്ങുന്നവയല്ല. യുദ്ധം മനുഷ്യന്റെ ചിതറിക്കപ്പെടുന്ന അവസ്ഥയുടെ നേര്‍ചിത്രമാണെങ്കില്‍ യുദ്ധക്കളത്തിലെ ദൈന്യതയ്ക്ക് മതമോ വംശമോ ദേശീയതയോ ഇല്ല. യുദ്ധം മരണത്തിന്റെ പ്രത്യയശാസ്ത്രമാണ്. അതുകൊണ്ട്, ഈ കാലത്തും, നമുക്ക് യുദ്ധക്കളത്തിലെ ഇരകളോടൊപ്പം നില്‍ക്കാം. സമാധാനത്തിനായി പ്രാര്‍ത്ഥിക്കാം.
യുദ്ധകാലത്തു സമാധാനം മാത്രമല്ല ആവശ്യം, നീതിയും ആവശ്യമാണ്. തുടര്‍ന്നുകൊണ്ടിരിക്കുന്ന ഇസ്രായേല്‍-പലസ്തീന്‍ യുദ്ധത്തിന്റെ കാര്യത്തില്‍ അത് വളരെ പ്രധാനവുമാണ്. ഇസ്രായേല്‍ എന്ന രാഷ്ട്രത്തിന്റെ രൂപീകരണകാലം മുതല്‍ തന്നെ സങ്കീര്‍ണമായി തുടരുന്ന ഒരു പ്രതിസന്ധിയാണത്. 1948 ല്‍ ഇസ്രായേല്‍ രൂപീകരിക്കപ്പെടുന്നതില്‍ ആധുനിക യൂറോപ്യന്‍ ദേശീയവാദ പ്രസ്ഥാനവും ബ്രിട്ടീഷ് എംപീരിയലിസവും വഹിച്ച പങ്ക് സുവ്യക്തമാണല്ലോ. 1947 ലെ യുഎന്‍ ജനറല്‍ അസംബ്ലിയുടെ ഡിക്ലറേഷന്‍ രൂപപ്പെടുത്തുന്നതിലും അത്തരം ശക്തികള്‍ ചരടുവലിച്ചിരുന്നു എന്നും നമുക്കറിയാം. സയണിസ്റ്റ് തീവ്രവാദ ചിന്തയുടെ ഉല്പന്നമായി തന്നെയാണ് ഇസ്രായേല്‍ എന്ന ആധുനിക ദേശരാഷ്ട്രം സൃഷ്ടിക്കപ്പെടുന്നത്. അതുകൊണ്ടുതന്നെ ക്രിസ്ത്യാനികളുടെ ബൈബിള്‍ ചിന്തകളിലെ ഇസ്രായേലുമായി ഈ രാഷ്ട്രത്തിനു യാതൊരു ബന്ധവുമില്ല. ഇസ്രായേല്‍ - പലസ്തീന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ മത-വംശീയ സംഘര്‍ഷങ്ങള്‍ക്കു വഴിമരുന്നന്വേഷിക്കുന്നുവെന്നത് ഏറ്റവും ദുഃഖകരവും ഹീനവുമാണ്.
1947 ലെ യുഎന്‍ ജനറല്‍ അസംബ്ലി | PHOTO: WIKI COMMONS
ആധുനിക ദേശരാഷ്ട്ര സങ്കല്‍പം രൂപപ്പെടുന്നത് ദേശീയവാദത്തിന്റെയും സ്വത്ത്വവാദത്തിന്റെയും ആശയ മൂശയിലാണ്. പ്രാദേശികത, ഭാഷ, വംശം, മതം, ജീവിതക്രമങ്ങള്‍ ഇവയൊക്കെത്തന്നെ അതിനു അടിസ്ഥാനമായിട്ടുണ്ട്. എങ്കിലും ആധുനിക ജനാധിപത്യ ക്രമത്തില്‍ അത്തരമൊരു മാറ്റം അനിവാര്യമായിരുന്നു. മതം പ്രത്യേകിച്ചും ക്രിസ്തുമതം ദേശീയാധിപത്യം കയ്യാളിയിരുന്ന മത-രാഷ്ട്ര സങ്കല്പത്തില്‍നിന്നും ഒരു മതേതര ജനാധിപത്യ ക്രമത്തിലെ ദേശ-രാഷ്ട്രമായി പരിണമിച്ചത് ആധുനികമായൊരു വിഭാവന തന്നെ ആയിരുന്നു. എന്നാല്‍ മത-വംശീയ -ദേശീയ ധാരകള്‍ അതിനുള്ളില്‍ ഒളിച്ചു കടത്തപ്പെടുമ്പോഴാണ് ദേശ-രാഷ്ട്ര ഭാവനയിലെ പുരോഗമന സ്വഭാവം അട്ടിമറിക്കപ്പെടുന്നതും അത് ഫാസിസമായും നാസിസമായും സയണിസമായും താലിബാനിസമായും ഹിന്ദുത്ത്വമായും പരിണമിക്കുന്നത്. ദേശ-രാഷ്ട്രങ്ങളെ ആഗോള മാനവ സംസ്‌കൃതിയുടെ ജൈവ വലകളില്‍ പുനഃരാവിഷ്‌കരിക്കണമെന്നു ഇന്ന് നമ്മെ പഠിപ്പിക്കുന്നത് പാന്‍ഡെമിക്കുകളും എപിഡെമിക്കുകളുമാണ് എന്നത് ആശ്ചര്യകരമായ കാര്യമാണ്. നിയോലിബറല്‍ ക്യാപിറ്റലിസത്തിന്റെ കാലത്തെ ദേശരാഷ്ട്രം എങ്ങനെയാണ് സാഹോദര്യത്തിന്റെയും അതിജീവനത്തിന്റെയും ഭാവുകത്ത്വമായി മാറുന്നതെന്ന് നമ്മളെ പഠിപ്പിച്ചത് സ്ലാവോജ് സീസിക് ആണ് (Pandemic! COVID-19 Shakes the World, 2020).
ഇസ്രായേല്‍ ഒരു സയണിസ്റ്റ് രാഷ്ട്രം തന്നെയാണ്. അവിഭക്ത പലസ്തീനില്‍ അഭയം നല്‍കപ്പെട്ട ജൂദന്മാര്‍ ഒരു രാഷ്ട്രഭാവനയിലേക്ക് കടക്കുന്നത് സയണിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെ പിന്‍ബലത്തില്‍ തന്നെയാണ്. അതിനു മതഗ്രന്ഥങ്ങളിലെ മിത്തുകളും സങ്കല്പങ്ങളും ദുരുപയോഗം ചെയ്തിട്ടുണ്ട്. മുസ്ലിം വിരുദ്ധത അപ്രകാരം രൂപപ്പെടുത്തിയ ഒന്നാണ്. പലസ്തീനികള്‍ ആകട്ടെ കേവലം അറബികള്‍ മാത്രമല്ല ക്രിസ്ത്യാനികളും ജൂതന്മാരും അടങ്ങുന്നതാണ്. ദേശം കൈയ്യേറി കൈയ്യേറി യഥാര്‍ത്ഥ പലസ്തീനികളെ ഗാസ മുനമ്പിലെ അഭയാര്‍ത്ഥികളാക്കി മാറ്റി. ജെറുസലെം ഉള്‍പ്പെടുന്ന വെസ്റ്റ്ബാങ്ക് ആകട്ടെ ബാഹ്യ അധികാരത്തിന് കീഴിലുമാക്കി. സ്വന്തം മണ്ണില്‍ അഭയാര്‍ത്ഥികളാവാന്‍ വിധിക്കപ്പെട്ട നിര്‍ഭാഗ്യ ജനതയായി പലസ്തീനികള്‍ മാറുകയായിരുന്നു. ഗായത്രി ചക്രവര്‍ത്തി സ്പിവാക് പറയുന്നതുപോലെ ബന്ധുത്ത്വം അവകാശപ്പെടാനാവുന്നില്ലെങ്കില്‍ സ്റ്റേറ്റ് ഒരു തുറന്ന ജയില്‍ മാത്രമാണ്. ദൈനംദിന ജീവിതത്തില്‍ അതിജീവന ഇടങ്ങളില്‍ മാത്രമല്ല സ്വന്തം ശരീരത്തിന്മേലും സ്വപ്നങ്ങളില്‍ പോലും ആധിപത്യം സ്ഥാപിക്കുന്ന കടന്നുകയറ്റത്തിന്റെ പട്ടാളക്രമമായി ഇസ്രായേല്‍ മാറുകയായിരുന്നു. ഗാസയിലെ കുട്ടികളുടെ കരച്ചിലുകള്‍ ലോക മനഃസാക്ഷിയെ എല്ലാക്കാലവും വേദനിപ്പിക്കുന്ന ഒന്നാണ്. ഫതാഹ് ആയാലും പിഎല്‍ഓ ആയാലും പലസ്തീനികളുടെ പ്രതിരോധത്തിന് ആഖ്യാനങ്ങള്‍ കണ്ടെത്തുകയായിരുന്നു. ഹമാസ് അതെങ്ങനെയാണ് ജനാധിപത്യപരമായി കൈകാര്യം ചെയ്യുകയെന്നത് ആശങ്കയോടെയാണ് വീക്ഷിക്കുന്നത്. ഒരു ജനതയുടെ സ്വാതന്ത്ര്യ മോഹങ്ങള്‍ അന്താരാഷ്ട്ര സമൂഹം അര്‍ഹിക്കുന്ന പ്രാധാന്യത്തോടെ ശ്രദ്ധിച്ചിട്ടുണ്ടോ എന്നതാണ് വിഷയം. അതിനുപകരം കൊളോണിയല്‍ ചിന്തകളുടെ ആഖ്യാതാക്കളായി നാം മാറുകയായിരുന്നു എന്നതാണ് വാസ്തവം.
PHOTO: TWITTER
പലസ്തീനികളെ സംബന്ധിച്ചിടത്തോളം സമാധാനവും സ്വാതന്ത്ര്യവും മാത്രമല്ല നീതിയും ഇനിയും അവര്‍ക്കു അന്യമാകാന്‍ പാടില്ല. ഇത് ഒരുപക്ഷേ, അത്തരത്തിലുള്ള ശ്രമങ്ങള്‍ക്കുള്ള ഏറ്റവും ഒടുവിലത്തെ അവസരമായിരിക്കും. സ്വന്തം നാട്ടില്‍ അഭയാര്‍ത്ഥികളാവാന്‍ വിധിക്കപ്പെട്ട ഒരു ജനതയ്ക്ക് നീതിലഭിക്കാനായി അന്താരാഷ്ട്ര സമൂഹം ഉണരേണ്ടതുണ്ട്. പലസ്തീനിലെ യുദ്ധഭൂമിയില്‍ നിന്നും എന്റെ സ്‌നേഹിതനായ ക്രൈസ്തവ പുരോഹിതന്‍ മിത്രി രഹേബ് എഴുതുന്നു: 'ഇസ്രയേലിന്റെ കടന്നുകയറ്റം പ്രതിരോധത്തെ ത്വരിതപ്പെടുത്തിക്കൊണ്ടിരിക്കും. എന്നാല്‍ ജനതയുടെ സ്വാതന്ത്ര ദാഹത്തെ ആര്‍ക്കും തന്നെ തള്ളിക്കളയാനാവില്ല. നീതിയില്ലാതെ സമാധാനമുണ്ടാവുകയില്ല. ഞങ്ങള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുക. നീതിക്കു വേണ്ടി ശബ്ദിച്ചു കൊണ്ടേയിരിക്കുക. പലസ്തീന്‍ ജനതയെ ആധിപത്യ ശക്തികളില്‍ നിന്നും വിടുവിക്കേണ്ടത് ഏറ്റവും അനിവാര്യമാണ്. അതിനുവേണ്ടി നാം അധ്വാനിക്കേണ്ട സമയമാണിത്. ദൈവം ആഗ്രഹിക്കുന്ന തരത്തില്‍ ഒരു വിമോചിത ജനതയായി പലസ്തീന്‍ തീരേണ്ടതു ദൈവം ആഗ്രഹിക്കുന്ന കാര്യമാണ്.'
മനുഷ്യന്റെ സ്വതന്ത്ര ജീവിതത്തെ ആഗ്രഹിക്കുന്ന എല്ലാവരും പലസ്തീനികള്‍ക്കൊപ്പം അണിനിരക്കേണ്ട സമയമാണിത്. സമാധാനത്തിനും അനുരഞ്ജനത്തിനുമുള്ള എല്ലാ ശ്രമങ്ങളും വിജയിക്കട്ടെ എന്ന് നമുക്കാശിക്കാം. ഇസ്രായേലിനു നിരുപാധിക പിന്തുണ നല്‍കിയ ഇന്ത്യന്‍ ഭരണകൂടം അധിനിവേശ ശക്തികളോട് പൊരുതിനിന്നു നാടിനു സ്വാതന്ത്ര്യം നേടിത്തന്ന ധീര രക്തസാക്ഷികളുടെ ഓര്‍മകള്‍ക്ക് മങ്ങലേല്‍പ്പിച്ചു എന്നുമാത്രം രേഖപ്പെടുത്തിക്കൊണ്ടു നിര്‍ത്തുന്നു.


