മുഖ്യധാരാ മാധ്യമങ്ങളല്ല, സമാന്തര മാധ്യമങ്ങളായിരുന്നു ജനാധിപത്യത്തെ ഓർമ്മപ്പെടുത്തിക്കൊണ്ടിരുന്നത്
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബിജെപിക്ക് 2024 ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ വേണ്ടത്ര ഭൂരിപക്ഷം കിട്ടില്ലായെന്ന് പറഞ്ഞവരില്‍ ഒരാളാണ് താങ്കള്‍. 2024 ജനുവരിയില്‍ മലബാര്‍ ജേര്‍ണലുമായി നടത്തിയ അഭിമുഖത്തിലാണ് താങ്കള്‍ ഇത് പറഞ്ഞത്. 2023 ഡിസംബറില്‍ രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ബിജെപി ഗംഭീരവിജയം കൈവരിച്ചതിന്റെ ഉത്സാഹം നിറഞ്ഞുനില്‍ക്കുന്ന അന്തരീക്ഷത്തിലാണ് താങ്കളുടെ നിരീക്ഷണം. എന്തായിരിന്നു അതിന്റെ അടിസ്ഥാനം?
രാജ്യമാകെ സഞ്ചരിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു എന്റെ അഭിപ്രായം. കാശ്മീരിലും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുമൊഴിച്ച് രാജ്യത്തിന്റെ എല്ലാ ഭാഗത്തും ഞാന്‍ യാത്ര ചെയ്തിരുന്നു. ഈ യാത്രകളില്‍ സമൂഹത്തിന്റെ നാനാതുറയിലുള്ള വ്യക്തികളുമായി ഞാന്‍ സംവദിച്ചിരുന്നു. വിദ്യാര്‍ഥികള്‍, ഗവേഷകര്‍, അക്കാദമിക വിദഗ്ധര്‍, പ്രൊഫഷണലുകള്‍, കര്‍ഷകര്‍, ചെറുകിട വ്യവസായികള്‍ ഇങ്ങനെ എല്ലാത്തരം ആള്‍ക്കാരുമായി സംസാരിക്കുമായിരുന്നു. ചില സംസ്ഥാനങ്ങളില്‍ ഒന്നിലധികം തവണ പോയിട്ടുണ്ട്. പോയിടങ്ങളിലെല്ലാം അവിടുത്തെ ആള്‍ക്കാരുമായി സംവദിച്ചു, പ്രത്യേകിച്ച് യുവജനങ്ങളുമായി. അത് മാത്രമല്ല എല്ലാ വിഭാഗത്തിലുള്ള ജനങ്ങളുമായി സംവദിക്കുന്നതിന് ഞാന്‍ ശ്രമിച്ചു, ഈ സംഭാഷണങ്ങളില്‍ നിന്നും ഒരു കാര്യം വ്യക്തമായി. കാറ്റു മാറി വീശുന്നു എന്ന കാര്യം. ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിക്ക് അനുകൂലമായോ, പ്രതികൂലമായോ അല്ല ഞാന്‍ സംഭാഷണത്തിലേര്‍പ്പെട്ടത്. നരേന്ദ്ര മോദിയും ബിജെപിയും വ്യക്തമായ ഭൂരിപക്ഷത്തോടെ തിരിച്ചുവരില്ലെന്ന് എനിക്ക് ഉറപ്പായത് അങ്ങനെയാണ്.
നരേന്ദ്ര മോദി | PHOTO: WIKI COMMONS
ഒഡീഷയും, ബീഹാറും ഒഴിച്ച് താങ്കള്‍ പറഞ്ഞത് കൃത്യമായിരുന്നു?
ഡല്‍ഹിയുടെ കാര്യത്തിലും എന്റെ നിഗമനങ്ങള്‍ പിഴച്ചു. ഈ മൂന്നിടങ്ങളില്‍ എന്റെ കണക്കുകൂട്ടലുകള്‍ ശരിയാകാതെ വന്നു. എന്നാല്‍ മഹാരാഷ്ട്രയിലും ഉത്തര്‍പ്രദേശിലും ഞാന്‍ പ്രതീക്ഷിച്ചതില്‍ കൂടുതല്‍ സീറ്റുകള്‍ ബിജെപിക്ക് നഷ്ടമായി.
ബിജെപിക്ക് വ്യക്തമായ ഭൂരിപക്ഷമില്ലെങ്കിലും എന്‍ഡിഎ സഖ്യം മന്ത്രിസഭ രൂപീകരിക്കുകയാണ്. ബിജെപി ഒറ്റയ്ക്ക് നേടിയ അത്ര സീറ്റകള്‍ ഇന്ത്യാ സഖ്യം നേടിയില്ല എന്നുള്ള വിശകലനങ്ങള്‍ ഇപ്പോള്‍ സുലഭമാണ്. ഇതിനെക്കുറിച്ച് എന്താണ് താങ്കള്‍ക്ക് പറയാനുള്ളത്. പുതിയ ഗവണ്‍മെന്റിന്റെ സുസ്ഥിരതയെ കുറിച്ച് എന്ത് തോന്നുന്നു?
ഇന്ത്യാ സഖ്യത്തിന്റെ എല്ലാവിധ പരിശ്രമങ്ങള്‍ക്കും അപ്പുറം എന്‍ഡിഎ അധികാരത്തില്‍ തിരിച്ചുവന്നു. നരേന്ദ്ര മോദിക്ക് ഒരുവിധത്തിലുള്ള കോട്ടവും വന്നിട്ടില്ല എന്ന ഒരു നരേറ്റീവ് ഇതിന്റെ ഭാഗമായി ഉണ്ടാവുകയും ചെയ്തു. ഇതിന്റെ പൊള്ളത്തരം തിരിച്ചറിയാന്‍ നമുക്ക് 10 വര്‍ഷം പുറകോട്ടു പോണം. 2014 ല്‍ എന്‍ഡിഎ അധികാരത്തില്‍ വന്നു. എന്നാല്‍ അധികം താമസിയാതെ, അത് ബിജെപി സര്‍ക്കാര്‍ മാത്രമായി. 2019 ല്‍ വീണ്ടും ബിജെപി അധികാരത്തില്‍ വന്നു. അപ്പോഴേക്കും അത് മോദി സര്‍ക്കാര്‍ മാത്രമായി. 2024 ലെ പ്രചരണം എന്‍ഡിഎ സര്‍ക്കാര്‍ എന്നോ, ബിജെപി സര്‍ക്കാരെന്നോ ആയിരുന്നില്ല.
മറിച്ച് മോദി ഗവണ്‍മെന്റ് എന്നായിരുന്നു. മോദി ഗ്യാരന്റി എന്നായിരുന്നു മുദ്രാവാക്യം. എന്‍ഡിഎ മാനിഫെസ്റ്റോയോ, ബിജെപി മാനിഫെസ്റ്റോ പോലും ആയിരുന്നില്ല പകരം മോദിയുടെ ഗ്യാരന്റിയായിരുന്നു അതില്‍ നിറയെ. ഏതാണ്ട് 75 പേജുള്ള മാനിഫെസ്റ്റോ ഡോക്കുമെന്റില്‍ 50 ഓളം പേജുകളിലും മോദിയുടെ ചിത്രങ്ങള്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. മോദി, മോദി എന്ന ശബ്ദമാണ് തിരഞ്ഞെടുപ്പില്‍ ഉടനീളം ഉയര്‍ന്ന് കേട്ടത്.
ബിജെപി ഏറ്റവും സമ്പന്നമായ പാര്‍ട്ടിയാണ്. മറ്റുള്ള പ്രതിപക്ഷ പാര്‍ട്ടികളെ എല്ലാം സാമ്പത്തികമായി ഞെരുക്കത്തിലുമാക്കി അവര്‍. രണ്ട് മുഖ്യമന്ത്രിമാരെ ജയിലിലടച്ചു. പ്രധാന പ്രതിപക്ഷ പാര്‍ട്ടിയുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു. ഇലക്ഷന്‍ കമ്മീഷനെ ഒരു സ്വതന്ത്രസംവിധാനമെന്നതിനേക്കാള്‍ ഒരു ഗവണ്‍മെന്റ് ബോഡിയായി കണക്കാക്കി. ഇലക്ഷന്‍ കമ്മീഷന്‍ അംഗങ്ങളെ നിയോഗിക്കാനുള്ള സമിതിയില്‍ നിന്ന് ചീഫ് ജസ്റ്റിസിനെ ഒഴിവാക്കി. അതൊരു ഗവണ്‍മെന്റ് സെക്രട്ടറിയെ അപ്പോയിന്റ് ചെയ്യുന്നതുപോലെയുള്ള നടപടി ക്രമമാക്കി. അതുമാത്രമല്ല മുഖ്യധാരാ മാധ്യമങ്ങളൊക്കെ ഗവണ്‍മെന്റിന്റെ വക്താക്കളായി തീര്‍ന്നു. ഇതെല്ലാം ഉണ്ടായിട്ടും ബിജെപിക്ക് കേവലഭൂരിപക്ഷത്തില്‍ എത്താന്‍ കഴിഞ്ഞില്ല. ഇപ്പോഴത്തെ എന്‍ഡിഎ താരതമ്യേന വിശാലമായ സഖ്യമാണ്. അതിലെ പ്രധാന പാര്‍ട്ടികളായ ടിഡിപി യുടെയും ജെഡിപി യുടെയും സീറ്റുകൊണ്ട് മാത്രമല്ല മറ്റ് ചെറിയ പാര്‍ട്ടികളുടെ സീറ്റുകള്‍ കൊണ്ടുമാണ് ഭരിക്കാനുള്ള ഭൂരിപക്ഷം ലഭ്യമായത്.
വാരണാസിയില്‍ പ്രധാനമന്ത്രി മോദിയുടെ ഭൂരിപക്ഷം കുത്തനെ ഇടിഞ്ഞു. മിക്ക ബിജെപി എംപിമാരുടെയും ഭൂരിപക്ഷശതമാനം വളരെ കുറഞ്ഞിരുന്നു ഈ തിരഞ്ഞെടുപ്പില്‍. മോദി തലനാരിഴയ്ക്ക് രക്ഷപ്പെട്ടു എന്നു പറയാം. മോദിയുടെയും ബിജെപിയുടെയും മുഖത്തടിക്കുന്നത് പോലെ സമ്മതിദായകര്‍ വോട്ട് ചെയ്തതോടെ ഈ തിരഞ്ഞെടുപ്പ് ഒരു വലിയ പാഠമാണ് സര്‍ക്കാരിന് സമ്മാനിച്ചത്.
REPRESENTATIVE IMAGE | PHOTO: FACEBOOK
ഗുജറാത്ത് മുഖ്യമന്ത്രി, ഇന്ത്യന്‍ പ്രധാനമന്ത്രി എന്നീ പദവികള്‍ വഹിക്കുമ്പോള്‍ ബഹുഭൂരിപക്ഷമുള്ള പാര്‍ട്ടിയുടെ നേതാവായിരുന്നു നരേന്ദ്രമോദി. എതിര്‍ ശബ്ദങ്ങളെ നിശ്ശബ്ദമാക്കി പാര്‍ട്ടിക്കുള്ളിലും ഗവണ്‍മെന്റിലും ഒറ്റയാളായി നിന്ന വ്യക്തി എങ്ങനെയാണ് ഒരു സഖ്യകക്ഷി ഗവണ്‍മെന്റിനെ നയിക്കുക. അതും ചന്ദ്രബാബു നായിഡുവും നിതീഷ് കുമാറുമുള്‍പ്പെടെയുള്ള ശക്തരായ പ്രാദേശിക നേതാക്കളുമൊത്ത്?
ടിഡിപി യും ജെഡിപി യും ബിജെപിയുമായി ആശയപരമായ സഖ്യമുള്ളവരല്ല. അവര്‍ സാഹചര്യത്തിനൊത്ത് അവരുടെ രാഷ്ട്രീയനേട്ടം ലക്ഷ്യമാക്കുന്ന കക്ഷികളാണ്. ബിജെപി യുടെയോ നരേന്ദ്ര മോദിയുടെയോ പ്രത്യയശാസ്ത്രത്തില്‍ ആകൃഷ്ടരായി എന്‍ഡിഎ സഖ്യത്തില്‍ ചേര്‍ന്നവരല്ല അവര്‍. തത്വത്തില്‍ ഈ രണ്ട് പാര്‍ട്ടികളുമുള്‍പ്പെടെയുള്ള മറ്റ് ചെറിയ പാര്‍ട്ടികള്‍ ബിജെപി യെ പിന്തുണയ്ക്കുക എന്നത് ഒരു അനിവാര്യതയല്ല. ചര്‍ച്ചകളിലൂടെയും സംഭാഷണങ്ങളിലൂടെയും ധാരണകളിലേക്കും പരിഹാരങ്ങളിലേക്കും എത്തുന്ന രീതി മോദിക്ക് അധികമില്ല. മറ്റുള്ളവര്‍ പറയുന്നത് കേള്‍ക്കുന്നതിനും, അവരുടെ വിശ്വാസം ആര്‍ജിക്കുന്നതിനും അദ്ദേഹം പറയുന്നത് മറ്റുള്ളവരെക്കൊണ്ട് വിശ്വസിപ്പിക്കുന്നതിനോ മറ്റുള്ളവരുടെ അഭിപ്രായത്തെ അംഗീകരിക്കുന്നതിനോ, ഇരുകൂട്ടര്‍ക്കും സ്വീകാര്യമായ ധാരണയില്‍ എത്തുന്നതിനോ, സംവാദത്തില്‍ ഏര്‍പ്പെടാന്‍ പറ്റുന്ന ആളല്ല നരേന്ദ്ര മോദി. അദ്ദേഹത്തോടൊപ്പം നില്‍ക്കുന്നവരും അതിന് പറ്റിയവരല്ല.
ഇതുവരെയുള്ള അനുഭവങ്ങള്‍ വച്ചുനോക്കിയാല്‍ ഈ വര്‍ഷങ്ങളിലൊക്കെയും ഒരു തരത്തിലുമുള്ള പരസ്പര ധാരണയില്‍ മോദി സര്‍ക്കാര്‍ എത്തിയത് നമുക്ക് കാണാന്‍ സാധിക്കില്ല. അദ്ദേഹത്തിന് സ്വന്തം വഴികള്‍ മാത്രം. ഗുജറാത്ത് മുതല്‍ ഡല്‍ഹി വരെ ബിജെപി ഗവണ്‍മെന്റോ എന്‍ഡിഎ ഗവണ്‍മെന്റോ അല്ല, മോദി ഗവണ്‍മെന്റായിരുന്നു. ഒരാളോടും അദ്ദേഹത്തിന് വിശദീകരണം നല്‍കേണ്ടതില്ല, ആര്‍എസ്എസിനോട് പോലും. സ്വന്തം ഇഷ്ടപ്രകാരം അദ്ദേഹം കാര്യങ്ങള്‍ ചെയ്തു. മുതിര്‍ന്ന സഹപ്രവര്‍ത്തകരായ രാജ്‌നാഥ് സിങ്, നിതിന്‍ ഗഡ്ഗരി, അരുണ്‍ ജെയ്റ്റ്‌ലി തുടങ്ങിയവരുടെ അഭിപ്രായങ്ങള്‍ മുന്‍കാലങ്ങളില്‍ തേടുകയോ, അംഗീകരിക്കുയോ ചെയ്തിട്ടില്ല. എല്ലാവരെയും വിശ്വാസത്തിലെടുക്കാനും തയ്യാറായിട്ടില്ല. അത്തരം പ്രവര്‍ത്തനശൈലിയാണ് മോദിക്ക് പരിചയമുള്ളത്. ഗുജറാത്തിലും ഡല്‍ഹിയിലും അത്തരത്തിലാണ് അദ്ദേഹം ഭരിച്ചത്.
ഇപ്പോള്‍ നിതീഷ് കുമാറിന്റെയും ചന്ദ്രബാബു നായിഡുവിന്റെയും അഭിപ്രായങ്ങള്‍ തേടി അവരുടെ ഇംഗിതങ്ങളെയും ആവശ്യങ്ങളെയും ഉള്‍ക്കൊള്ളാന്‍ തക്കവിധമുള്ള ഒരു വ്യക്തിയല്ല മോദി എന്നാണ് എനിക്ക് തോന്നുന്നത്. ഒരു കൂട്ടുകക്ഷി ഗവണ്‍മെന്റ് അദ്ദേഹം നടത്തിക്കൊണ്ട് പോകുമായിരിക്കും. എന്നാല്‍ ഇക്കഴിഞ്ഞ കാലമത്രയും നോക്കിയാല്‍ സംഭാഷണങ്ങളുടെയും സംവാദങ്ങളുടെയും ഉഭയസമ്മതങ്ങളുടെയും തെളിവുകള്‍ യാതൊന്നുമില്ല മോദിയുടെ ഭരണത്തില്‍. പെട്ടെന്ന് മോദി ഇതെല്ലാം ഉള്ള ഒരാളായി മാറുമെന്ന് എനിക്ക് തോന്നുന്നില്ല. അതുകൊണ്ട് മോദിക്ക് ഒരു സഖ്യകക്ഷി ഗവണ്‍മെന്റിനെ നയിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമായിരിക്കുമെന്ന് ഞാന്‍ കരുതുന്നില്ല. എല്ലാ പാര്‍ട്ടികളെയും തൃപ്തിപ്പെടുത്തിക്കൊണ്ട് അദ്ദേഹത്തിന് എത്രമാത്രം മുന്നോട്ടുപോകാന്‍ കഴിയുമെന്നതില്‍ സംശയമുണ്ട്.
ചന്ദ്രബാബു നായിഡു, നിതീഷ് കുമാര്‍ | PHOTO: FACEBOOK
നരേന്ദ്ര മോദിയുടെ മൂന്നാം ഗവണ്‍മെന്റ് വിജയകരമായിരിക്കില്ലായെന്നാണോ താങ്കള്‍ പറയുന്നത് ?
ബിജെപി പ്രധാന കക്ഷിയായി നിലനില്‍ക്കുന്നു. അതിന് തടസ്സം വരുന്ന തരത്തിലുള്ള നടപടികളോ സമീപനങ്ങളോ മോദിയില്‍ നിന്നും ഉണ്ടായാല്‍ ബിജെപി എന്ന പാര്‍ട്ടിക്ക് അതിനെ ഉള്‍ക്കൊള്ളാന്‍ പ്രയാസമായിരിക്കും. അത്തരമൊരു സാഹചര്യമുണ്ടായാല്‍ മോദിക്ക് പകരം മറ്റൊരാളെ തിരഞ്ഞെടുക്കാനുള്ള സാധ്യതയും നിലനില്‍ക്കുന്നുണ്ട്.
എല്ലാ പാര്‍ട്ടികളിലും വിവിധ അധികാര കേന്ദ്രങ്ങള്‍ ഉണ്ടായിരിക്കും. ബിജെപിയില്‍ മോദി വിരുദ്ധ അധികാര കേന്ദ്രങ്ങള്‍ അവരുടെ സ്വാധീനമുറപ്പിക്കാന്‍ ശ്രമിക്കുമെന്നാണോ താങ്കള്‍ പറയുന്നത്?
ഗുജറാത്തിലെയും കേന്ദ്രത്തിലെയും മോദിയുടെ കഴിഞ്ഞ 20 വര്‍ഷക്കാലത്തെ ഭരണകാലയളവില്‍ തന്റെ ഒരു പരിമിതവൃത്തത്തിനപ്പുറം ഒരു സപ്പോര്‍ട്ട് ബേസ് ഉണ്ടാക്കിയെടുക്കാന്‍ മോദി ശ്രമിച്ചിട്ടില്ല. അങ്ങനെയൊരു അവകാശവാദം ആര്‍ക്കും ഉന്നയിക്കാനും സാധിക്കില്ല.
ഈ തിരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദിയുടെ പ്രചാരണത്തില്‍ ശക്തമായി ഹിന്ദുത്വയും തീവ്രദേശീയതയും ഒക്കെ ഉപയോഗിച്ചു. ഈ രണ്ട് കാര്യങ്ങളില്‍ കഴിഞ്ഞ തിരഞ്ഞെടുപ്പുകളില്‍ നേട്ടമുണ്ടാക്കിയതുപോലെ ഇത്തവണയും അനുകൂലമായതായി തോന്നുന്നുണ്ടോ?
2014 ല്‍ ഹിന്ദുത്വ ആയിരുന്നില്ല മോദിയുടെ പ്രചാരണത്തിന്റെ പ്രധാന ഫോക്കസ്. അഴിമതിരഹിതവും സല്‍ഭരണവും രണ്ട് കോടി തൊഴില്‍ അവസരങ്ങളുമെല്ലാമായിരുന്നു അന്നത്തെ പ്രധാന വിഷയങ്ങള്‍. വിദേശങ്ങളില്‍ നിന്നും ബ്ലാക് മണി തിരികെ കൊണ്ടുവരിക തുടങ്ങിയവും പ്രധാന തിരഞ്ഞെടുപ്പ് വിഷയമായി പ്രചരിക്കപ്പെട്ടിരുന്നു. ഹിന്ദുക്കളും മുസ്ലീങ്ങളും തമ്മിലുള്ള വിഭാഗീയത പോരാട്ടവിഷയമല്ലായിരുന്നു. തൊഴിലില്ലായ്മയും അഴിമതിക്കെതിരായ നിലപാടും ബിജെപി യെ വലിയ ഭൂരിപക്ഷത്തിലേക്ക് നയിച്ചു. 2019 ല്‍ ബാലക്കോട്ട്, പാകിസ്ഥാന്‍ തുടങ്ങിയ തീവ്രദേശീയതയായിരുന്നു ഉയര്‍ത്തിക്കാണിച്ച വിഷയം. അത് ബിജെപിയെ വീണ്ടും അധികാരത്തിലെത്തിച്ചു.
എന്നാല്‍ ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ ഉയര്‍ന്നുകേട്ടത് ഹിന്ദു-മുസ്ലിം, രാമക്ഷേത്രം, ഹിന്ദുത്വ, സിവില്‍ കോഡ്, സിഎഎ എന്നിങ്ങനെയുള്ള വിഷയങ്ങളായിരുന്നു. മുസ്ലീങ്ങള്‍ക്കെതിരെ വിഭാഗീയത സൃഷ്ടിക്കുന്ന പ്രസംഗങ്ങള്‍ പ്രധാനമന്ത്രി നേരിട്ടുതന്നെ നടത്തി. പ്രതിപക്ഷം അധികാരത്തില്‍ വന്നാല്‍ രാമക്ഷേത്രം ഇല്ലാതാക്കി സ്വത്തുക്കള്‍ മുസ്ലീങ്ങള്‍ക്ക് നല്‍കും എന്നിങ്ങനെയുള്ള തുറന്ന വര്‍ഗീയ ശബ്ദമായിരുന്നു മോദി ഉയര്‍ത്തിയത്. ഇക്കാരണത്താലാണ് യുപിയില്‍ ഫൈസാബാദും അയോധ്യയുമുള്‍പ്പെടെ ഉള്ള സീറ്റുകള്‍ ബിജെപിക്ക് നഷ്ടമായത്. അവിടെ ഹിന്ദുത്വ മുദ്രാവാക്യങ്ങള്‍ വിലപ്പോയില്ല.
ഇന്ത്യയിലെ ജനങ്ങള്‍ ശക്തമായ സന്ദേശം മോദി സര്‍ക്കാരിന് നല്‍കി എന്നതാണ് ഈ തിരഞ്ഞെടുപ്പ് നല്‍കുന്ന പ്രധാന പാഠം. എന്തെന്നാല്‍ വിഭാഗീയത സൃഷ്ടിക്കുന്ന നേതാക്കളെയും രാഷ്ട്രീയ പാര്‍ട്ടികളെയും തങ്ങള്‍ക്ക് ആവശ്യമില്ലെന്ന തുറന്നുപറച്ചിലായിരുന്നു ഇത്തവണത്തെ ജനവിധി. ഇതൊരു തിരുത്തല്‍ പ്രക്രിയ കൂടി ആയിരുന്നു. നിങ്ങള്‍ തിരിച്ചുവരൂ, ഞങ്ങളുടെ ദൈന്യംദിന ജീവിതവുമായി ബന്ധപ്പെട്ട വിഷയങ്ങളെക്കുറിച്ച് സംസാരിക്കൂ, തൊഴിലവസരങ്ങള്‍, വിലക്കയറ്റം, കാര്‍ഷിക പ്രശ്‌നങ്ങള്‍ തുടങ്ങിയ കാര്യങ്ങളാണ് ഈ തിരഞ്ഞെടുപ്പിന് ശേഷം രാജ്യം മോദി ഗവണ്‍മെന്റിന് നല്‍കിയ സന്ദേശം.
REPRESENTATIVE IMAGE | WIKI COMMONS
രാഷ്ട്രീയം രാജ്യത്തെ ജനങ്ങളുടെ യഥാര്‍ത്ഥ പ്രശ്‌നങ്ങളിലേക്ക് തിരിച്ചുവരുന്നു എന്നാണോ താങ്കള്‍ പറയുന്നത് ?
അങ്ങനെ തന്നെയാണ് എനിക്ക് തോന്നുന്നത്. ഇന്ത്യയിലെ ജനങ്ങള്‍ തീവ്ര വലതുപക്ഷത്തെയോ തീവ്ര ഇടതുപക്ഷത്തെയോ പിന്തുണയ്ക്കാതെ മധ്യവര്‍ത്തികളായി നില്‍ക്കാനാണ് ആഗ്രഹിക്കുന്നത്. വാജ്‌പേയ് ഗവണ്‍മെന്റ് ഏതാണ്ട് അത്തരം നിലപാടുള്ളതായിരുന്നു. 2014 ല്‍ നരേന്ദ്ര മോദി തൊഴിലവസരങ്ങളെ കുറിച്ചും വിലനിലവാരത്തെക്കുറിച്ചും ജീവിതപ്രതിസന്ധികളെ കുറിച്ചുമൊക്കെ പറഞ്ഞപ്പോള്‍ ജനങ്ങള്‍ അത് ശ്രദ്ധിച്ചു. വോട്ടിടാന്‍ പോവുന്നതിന് മുന്‍പ് പാചകവാതക സിലിണ്ടറിന് നമസ്‌കാരം പറഞ്ഞ് പോകൂ എന്നാണ് അദ്ദേഹം പറഞ്ഞിരുന്നത്. വിലക്കയറ്റം, അഴിമതി, തൊഴിലവസരങ്ങള്‍, ഉപജീവനമാര്‍ഗം എന്നീ വിഷയങ്ങളായിരുന്നു അന്ന് അദ്ദേഹം അഭിസംബോധന ചെയ്തത്. അതില്‍ നിന്നെല്ലാം അദ്ദേഹം പെട്ടെന്ന് വ്യതിചലിച്ച് മുന്‍വര്‍ഷങ്ങളിലെ വിജയങ്ങളൊക്കെ വര്‍ഗീയ നിലപാടുകളുടെ ഫലമാണ് എന്ന തെറ്റായ ധാരണയുമായി മുന്നോട്ടുപോയി. എന്നാല്‍ ഇപ്രാവശ്യം ഇതിനെല്ലാമായി തിരിച്ചടി കിട്ടി.
ഇന്ത്യ സഖ്യത്തിന്റെ രൂപീകരണത്തെ സ്വാഭാവികമായ ജനരോഷത്തിന്റെ പ്രതിഫലനമെന്നാണ് പറയുന്നത്. ഇതിനെക്കുറിച്ച് എങ്ങനെയാണ് വിശദീകരിക്കുന്നത് ?
പ്രതിപക്ഷം നടത്തിയ പ്രതിരോധം ശക്തമായിരുന്നില്ല. അവരുടെ സ്ഥിതി വളരെ പരിമിതമായിരുന്നു. ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചും അവരുടെ രണ്ട് മുഖ്യമന്ത്രിമാരെ ജയിലിലടച്ചും ഇഡി, സിബിഐ തുടങ്ങിയ കേന്ദ്ര ഏജന്‍സികളുടെ ഇടപെടലും പ്രതിപക്ഷത്തെ തീര്‍ത്തും ബലഹീനമാക്കിയിരുന്നു.
പ്രതിപക്ഷം നടത്തിയ പോരാട്ടം അതിന്റെ പൂര്‍ണതയില്‍ എത്തിയില്ലെങ്കിലും ഇന്ത്യന്‍ ജനതയാണ് യഥാര്‍ത്ഥത്തില്‍ പ്രതിരോധം തീര്‍ത്തത്. പ്രതിപക്ഷ പാര്‍ട്ടികളുടെ പോരാട്ടം ശക്തമായിരുന്നുവെങ്കില്‍ ചിത്രം മാറിമറിഞ്ഞേനെ. ബിജെപിയുടെ സീറ്റുകള്‍ 200 ല്‍ താഴെയും എന്‍ഡിഎ ഭരണത്തില്‍ വരാതെയും ഇരിക്കുമായിരുന്നു. പ്രതിപക്ഷ സഖ്യം കേവലഭൂരിപക്ഷം നേടുകയും ചെയ്തേനേ എന്നാണ് ഞാന്‍ കരുതുന്നത്. പ്രതിപക്ഷം ഒരു സംവിധാനമെന്ന നിലയില്‍ നല്ല ഒരു നിലയിലല്ലായിരുന്നു. അതുപോലെ നമ്മുടെ മാധ്യമങ്ങളും. ബിജെപി ഗവണ്‍മെന്റിന്റെ സര്‍വാധികാരങ്ങളും ഉപയോഗിച്ച് എല്ലാ കാര്യങ്ങളും അവരുടെ ആധിപത്യത്തിന് കീഴിലാക്കിയ സാഹചര്യമാണ് രാജ്യത്ത് നിലനിന്നിരുന്നത്.
എന്നാല്‍ ഇന്നത്തെ ഭരണപക്ഷവും ശക്തമായ പ്രതിപക്ഷവും പൊതുജനത്തിന്റെ ഇടപെടലിന്റെ ഫലമാണ്. സര്‍ക്കാരിന്റെ വീഴ്ചകളും നേട്ടങ്ങളുമൊക്കെ കൂടുതലായി വിശകലനം ചെയ്യപ്പെട്ടത് സാമൂഹിക മാധ്യമങ്ങളില്‍ പൊതുജനങ്ങളിലൂടെയായിരുന്നു. അത് മുഖ്യധാരാ മാധ്യമങ്ങളിലൂടെ അല്ലായിരുന്നു. ബിജെപി യുടെ നരേറ്റീവിന് എതിരായ കൗണ്ടര്‍ നരേറ്റീവ് ഉണ്ടാക്കിയതും പ്രചരിപ്പിക്കപ്പെട്ടതും സാമൂഹിക മാധ്യമങ്ങളിലൂടെയായിരുന്നു.
ഇന്ത്യ സഖ്യം | PHOTO: WIKI COMMONS
ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ പൊതുജനത്തിന്റെ പങ്ക് എത്രമാത്രം നിര്‍ണായകമായിരുന്നു. മുഖ്യധാരാ മാധ്യമങ്ങളെ അപേക്ഷിച്ച് ഇടത്തരം മാധ്യമങ്ങളും ഈ തിരഞ്ഞെടുപ്പില്‍ നിര്‍ണായക പങ്കുവഹിച്ചതിനെ കുറിച്ച് എന്താണ് അഭിപ്രായം ?
രണ്ട് വിഭാഗം മാധ്യമങ്ങളെയും ഒരു ഘടകത്തിന്റെ രണ്ട് വശങ്ങളായി നമുക്ക് എടുക്കാം. പൊതുസമൂഹമാണ് ഓള്‍ട്ടര്‍നേറ്റീവ് മീഡിയയെ ഉപയോഗിച്ചതും സ്വീകരിച്ചതും. സമാന്തര മാധ്യമങ്ങള്‍ പൊതു സമൂഹത്തില്‍ സംഭവിച്ച യാഥാര്‍ത്ഥ്യങ്ങള്‍ക്ക് പ്രതികരണങ്ങള്‍ നല്‍കി. മണിപ്പൂര്‍ വിഷയം, കര്‍ഷക സമരം എന്നിവയെക്കുറിച്ചൊന്നും മുഖ്യധാരാ മാധ്യമങ്ങള്‍ വേണ്ടവിധത്തില്‍ സംസാരിച്ചില്ല. പൊതുജനങ്ങളുടെ കാതലായ വിഷയങ്ങളെക്കുറിച്ച് അവര്‍ വേണ്ടത്ര ശ്രദ്ധ കാണിച്ചില്ല. ഇവയെക്കുറിച്ച് സമാന്തര സാമൂഹിക മാധ്യമങ്ങളാണ് സംസാരിച്ചതും പ്രതികരിച്ചതും. ഈ പൊതുസമൂഹമാണ് പ്രതിപക്ഷത്തെ പിന്തുണച്ചതും. ഇതോടെ മുഖ്യധാരാ മാധ്യമങ്ങളുടെ വിശ്വാസ്യത പൂര്‍ണമായും തകര്‍ന്നു.
അതുകൊണ്ട് ഗവണ്‍മെന്റിന്റെ വാഗ്ദാനങ്ങളും ആഖ്യാനങ്ങളും പൊതുജനങ്ങളുടെ ഇടയിലേക്ക് കാര്യമായി എത്തിപ്പെട്ടില്ല. പൊതുജനവും സമാന്തര മാധ്യമങ്ങളുമാണ് ജനങ്ങളുടെ ചിന്തയെയും മനസ്സിനെയും രൂപീകരിക്കുന്നതിന് പ്രധാന പങ്കുവഹിച്ചത്. ജനങ്ങളുടെ ജീവിതവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ മുന്നോട്ടുകൊണ്ടുവന്നത് ഈ സ്വതന്ത്രമാധ്യമങ്ങളാണ്. മുഖ്യധാരാ മാധ്യമങ്ങള്‍ അംബാനിയുടെ മകളുടെ വിവാഹകാര്യത്തിലും സെലിബ്രിറ്റികളുടെ വിനോദസഞ്ചാരത്തിലുമൊക്കെയാണ് ശ്രദ്ധിച്ചുകൊണ്ടിരുന്നത്.
താങ്കള്‍ നേരത്തെ പറഞ്ഞതുപോലെ തിരഞ്ഞെടുപ്പിലെ തിരിച്ചടി മാത്രം കൊണ്ട് വര്‍ഗീയ ശക്തികളെ പ്രതിരോധിക്കാന്‍ കഴിയില്ല. അങ്ങനെയെങ്കില്‍ ഏത് തരത്തിലുള്ള ഒരു രാഷ്ട്രീയനീക്കമാണ് മുന്നോട്ട് കാണുന്നത് ?
വര്‍ഗീയ വിഷം നമ്മുടെ സമൂഹത്തില്‍ ആഴത്തില്‍ പരന്നിട്ടുണ്ട്. വളരെയധികം ആളുകള്‍ ബോധപൂര്‍വമല്ലാതെ വര്‍ഗീയവാദികളായിട്ടുണ്ട്. വര്‍ഗീയവിഷം ജനമനസ്സില്‍ നിന്നും പൂര്‍ണ്ണമായും
നീക്കം ചെയ്യാന്‍ രണ്ട് ദശകങ്ങള്‍ എങ്കിലും വേണ്ടിവരും. അതിന് രാഷ്ട്രീയ പാര്‍ട്ടികള്‍ വേണ്ടത്ര സജ്ജരല്ല. വോട്ട് നേടുന്നതിനായി അവര്‍ വര്‍ഗീയതയെ ഉപയോഗിക്കുകയും ചെയ്യുന്നു. തിരഞ്ഞെടുപ്പ് ജയിക്കുന്നതിനായി എല്ലാ വിധത്തിലുള്ള വിട്ടുവീഴ്ചകളും കൂട്ടുപിടിക്കലും ഒക്കെ നടത്തുന്നു. അതുകൊണ്ട് സിവില്‍ സൊസൈറ്റിയാണ് വര്‍ഗീയ വൈറസിനെതിരെ അണിനിരക്കേണ്ടത്. അത് സമയമെടുക്കുന്ന കാര്യമാണ്.
എന്നാല്‍ ബിജെപി ഗവണ്‍മെന്റിന്റെ ശക്തി കുറഞ്ഞു. പഴയതുപോലെ അവര്‍ക്ക് മുന്നോട്ടുപോകാന്‍ കഴിയില്ല എന്ന ചിന്തയോടെ ജനങ്ങള്‍ ഒരു സുരക്ഷിത ചിന്തയിലേക്ക് വരാന്‍ പാടില്ല. പൊതുജനം വളരെ ശ്രദ്ധയോടെ ഇരിക്കണം. തിരഞ്ഞടുപ്പില്‍ തിരിച്ചടി നേടിയതിനാല്‍ വര്‍ഗീയ വൈറസ് ഇല്ലാതാകുന്നില്ല. അത് ചാരംമൂടിയ കനലുപോലെ കിടക്കും. എത്രനാളുകള്‍ വേണമെങ്കിലും അത് കാത്തുകിടക്കും. സാമൂഹിക പ്രതിരോധം എപ്പോള്‍ ഇല്ലാതാകുന്നുവോ അപ്പോള്‍ അവ വീണ്ടും പ്രത്യക്ഷപ്പെടും. അത് വളരെ വികൃതരൂപത്തിലായിരിക്കുകയും ചെയ്യും. ഈ അഞ്ച് വര്‍ഷക്കാലം വര്‍ഗീയ വിഷത്തെ നിര്‍വീര്യമാക്കുന്നതിന് പൊതുജനം കരുതലോടെ പ്രവര്‍ത്തിക്കണം. അല്ലെങ്കില്‍ 2029 ല്‍ പൊതുതിരഞ്ഞെടുപ്പ് വരുമ്പോള്‍ ഈ വര്‍ഗീയവിഷം വീണ്ടും എല്ലാ ശക്തിയോടെയും തിരിച്ചുവരാന്‍ സാധ്യതയുണ്ട്.
REPRESENTATIVE IMAGE | WIKI COMMONS
നിങ്ങള്‍ പറയുന്നത് നമ്മള്‍ ഇരട്ടി ജാഗ്രതയുള്ളവരായിരിക്കണമെന്നാണ് അല്ലേ?
എല്ലാ കാര്യങ്ങളും ശാസ്ത്രീയവും വിദ്യാഭ്യാസപരവുമായ മേഖലകളില്‍ ശ്രദ്ധ ഉണ്ടാവേണ്ടിയിരിക്കുന്നു. പ്രധാനമന്ത്രി മോദി തന്നെ പറഞ്ഞത് ആറ്റന്‍ ബറോയുടെ ഗാന്ധി ചിത്രത്തിന് ശേഷമാണ് ലോകം ഗാന്ധിജിയെ അറിഞ്ഞതെന്നാണ്. രാഷ്ട്രീയത്തിലെ സാമൂഹിക ബോധവും വിദ്യാഭ്യാസ നിലവാരവും അത്രയേയുള്ളൂ. ചരിത്രബോധവും ലോകത്തില്‍ സംഭവിക്കുന്നതിനെക്കുറിച്ചുമൊക്കെയുള്ള അറിവ് വളരെ പരിതാപകരമാണ്. എന്റെ ഒരു സുഹൃത്ത് പറഞ്ഞത്, അദ്ദേഹം പറയുന്നത് നമുക്ക് വിശ്വസിക്കാനേ തരമുള്ളൂ കാരണം അദ്ദേഹത്തിന് കള്ളംപറയാന്‍ ഒരു കാരണവുമില്ലായെന്നാണ്. നല്ലൊരു ശതമാനം ആളുകള്‍ക്കും കഴിഞ്ഞകാല ചരിത്രത്തെക്കുറിച്ചോ ലോകകാര്യങ്ങളെ കുറിച്ചോ എന്തെല്ലാം സംവിധാനങ്ങളാണ് ലോകത്തെ നയിക്കുന്നതെന്നോ ഒന്നും യാതൊരു ധാരണയുമില്ല. സാങ്കേതിക വിദ്യയും എഐ യും പോലുള്ള കാര്യങ്ങള്‍ വന്നതുകൊണ്ട് മറ്റുള്ളതൊക്കെ പ്രാധാന്യമുള്ളതല്ലായെന്ന് കരുതുകയും ചെയ്യുന്നു. പൊതുവെ ജനമനസ്സുകള്‍ വാട്സ് ആപ് യൂണിവേഴ്സിറ്റ് ബ്രെയിന്‍ വാഷിന് വളരെ എളുപ്പത്തില്‍ വിധേയപ്പെടുകയും ചെയ്യുന്നു. ഇങ്ങനെയുള്ളവര്‍ക്ക് രാഷ്ട്രീയ പ്രതിരോധം തീര്‍ക്കാനാവില്ല. അതുകൊണ്ട് ശാസ്ത്രീയ ചരിത്രബോധം സൃഷ്ടിക്കപ്പെടണം. യുക്തിബോധം ശക്തിപ്പെടണം. നമ്മുടെ സ്വാതന്ത്ര്യസമരത്തെ കുറിച്ചുള്ള ചരിത്രം അറിയണം. ഭരണഘടനയും അവയുടെ മൂല്യങ്ങളും അറിയണം. നമ്മുടെ രാജ്യത്തിന്റെ വ്യത്യസ്തതകളെ കുറിച്ച് അറിയണം. എല്ലാ മതങ്ങളും എല്ലാവരുടേതുമാണ് എന്ന ബോധം ഉണ്ടാക്കപ്പെടണം. വര്‍ഗീയ ചിന്തയൊന്നുമില്ലാത്ത സാധാരണക്കാരായ ചിലര്‍ എന്നോട് ചോദിച്ചിട്ടുണ്ട്. ക്രിസ്ത്യാനികള്‍ക്ക് അവരുടെ രാജ്യങ്ങളുണ്ട്. മുസ്ലീങ്ങള്‍ക്ക് അവരുടെ രാജ്യങ്ങളും ഉണ്ട്. എന്തുകൊണ്ട് ഒരു ഹിന്ദുരാഷ്ട്രം ആയിക്കൂടാ എന്ന്. ഇന്ത്യ ഹിന്ദുക്കള്‍ക്ക് മാത്രമുള്ള രാജ്യമല്ല, എല്ലാവര്‍ക്കുമുള്ളതാണ് എന്ന ബോധം അവരുടെ മനസ്സിലേക്ക് കടക്കുന്നില്ല. ഈ അവബോധം സൃഷ്ടിക്കുകയും തിരിച്ചുകൊണ്ടുവരികയും ചെയ്യണം.
പ്രധാന പ്രാദേശിക നേതാക്കളായ ചന്ദ്രബാബു നായിഡുവും നിതീഷ് കുമാറുമൊക്കെ പല അവകാശങ്ങളും ആവശ്യങ്ങളും ഉന്നയിക്കാന്‍ ഇടയുണ്ട്. ആന്ധ്രയ്ക്കും ബിഹാറിനും പ്രത്യേക പദവി എന്നിവ ദീര്‍ഘകാലമായുള്ള ആവശ്യങ്ങളാണ്. 2018 ല്‍ നായിഡു എന്‍ഡിഎ വിട്ടപ്പോള്‍ അതിന് പ്രധാനകാരണം ആന്ധ്രയ്ക്ക് പ്രത്യേക പദവി നല്‍കാന്‍ വിസമ്മതിച്ചത് കൊണ്ടാണ്. ഏതാണ്ട് സമാനമായ ആവശ്യമാണ് ബിഹാറിനും. ആന്ധ്രയ്ക്ക് പുതിയ തലസ്ഥാനം ഉണ്ടാക്കണമെന്ന് ആവശ്യമുണ്ട്. കടപ്പയില്‍ സ്റ്റീല്‍ പ്ലാന്റ് തുടങ്ങിയ മറ്റ് ആവശ്യങ്ങളും. ഈ രണ്ട് സംസ്ഥാനങ്ങളില്‍ നിന്നും ഇത്തരത്തില്‍ ആവശ്യങ്ങള്‍ വരാന്‍ സാധ്യതയുണ്ട്. അപ്പോള്‍ മറ്റ് സംസ്ഥാനങ്ങള്‍ അവരുടെ ആവശ്യങ്ങളുമായി വരാനുള്ള സാധ്യതയും നിലനില്‍ക്കുന്നുണ്ട്. ഇതോടൊപ്പം ടിഡിപിയും ജെഡിയുവും കാബിനറ്റില്‍ പ്രധാന വകുപ്പുകളും ആവശ്യപ്പെടും. ബിജെപി എത്രമാത്രം ഈ ആവശ്യങ്ങള്‍ പരിഗണിക്കും ?
ആവശ്യങ്ങള്‍ വന്നുകൊണ്ടേയിരിക്കും. അവരുടെ ആവശ്യങ്ങള്‍ക്ക് വിധേയപ്പെടുന്നില്ലെങ്കില്‍ ചിലപ്പോള്‍ ടിഡിപിയും ജെഡിയുവും പിന്തുണ പിന്‍വലിക്കാനും സാധ്യതയുണ്ട്.