TMJ
searchnav-menu
post-thumbnail

Outlook

ഏകീകൃത സിവില്‍ കോഡല്ല; മുസ്ലിം വ്യക്തി നിയമമാണ് ലക്ഷ്യം

15 Jul 2023   |   3 min Read
ഷെരീഫ് സാഗർ

ഹിന്ദു കോഡ്, ഹിന്ദു, ബുദ്ധ, ജൈന, സിഖ് വിഭാഗങ്ങളുടെ നാട്ടാചാര നിയമങ്ങള്‍, ഹിന്ദു ഗോത്ര നിയമങ്ങള്‍, ക്രിസ്ത്യന്‍ വ്യക്തി നിയമം, പാഴ്സി വ്യക്തി നിയമം, ജൂത വ്യക്തി നിയമം, മുസ്ലിം വ്യക്തി നിയമം എന്നിവയാണ് രാജ്യത്തെ വ്യക്തിനിയമങ്ങള്‍. ഓരോ പൗരനും ഈ വ്യക്തി നിയമങ്ങളില്‍ ഏതെങ്കിലും ഒന്നിന്റെ കീഴിലാണ്. ഹിന്ദു മരിച്ചാല്‍ അയാളുടെ അനന്തരാവകാശ സ്വത്ത് സംബന്ധിച്ച കാര്യങ്ങള്‍ തീര്‍പ്പാക്കുന്നത് ഹിന്ദു കോഡ് അനുസരിച്ചാണ്. മുസ്ലിമാണെങ്കില്‍ മുസ്ലിം വ്യക്തിനിയമ പ്രകാരം. ബൗദ്ധനും ജിനനും പാഴ്സിക്കും ആദിവാസിക്കും മുസ്ലിമിനും ക്രിസ്ത്യാനിക്കുമെല്ലാം അവരുടെ മത ഗ്രന്ഥങ്ങളുടെയും നാട്ടാചാരങ്ങളുടെയും മാനദണ്ഡം ഉപയോഗിച്ചാണ് വ്യക്തിനിയമങ്ങള്‍. കോടതി വ്യവഹാരങ്ങള്‍ക്കും ഈ വ്യക്തി നിയമങ്ങള്‍ ബാധകമാണ്. ഇതെല്ലാം ഒറ്റ നിയമമാക്കും എന്ന് പറയുന്നതിനെയാണ് ഏകീകൃത സിവില്‍ കോഡ് എന്ന് വിളിക്കുന്നത്. ഇങ്ങനെ ഒറ്റ നിയമമാക്കുമ്പോള്‍ ഈ നിയമങ്ങളില്‍ ഏത് നിയമം ഏകീകൃതമായി സ്വീകരിക്കും എന്നതാണ് ചോദ്യം. അതിന് ഉത്തരം കണ്ടെത്താന്‍ കഴിയാത്ത കാലത്തോളം ഏകീകൃത സിവില്‍ കോഡ് പ്രഹസനമാണ്. 

ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുമെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവന വന്ന ശേഷം ആദ്യം അതിനെതിരെ രംഗത്തുവന്നത് മുസ്ലിം സംഘടനകളല്ല. രാജ്യത്തെ ഗോത്ര വര്‍ഗ്ഗങ്ങളാണ്. ഇരുന്നൂറിലധികം ഗോത്ര വര്‍ഗ്ഗങ്ങള്‍ ഏക സിവില്‍കോഡിനെതിരെ രംഗത്തു വന്നിട്ടുണ്ട്. കേരളത്തിലെ ആദിവാസി ഗോത്രങ്ങളും ഇതില്‍ ഉള്‍പ്പെടും. വടക്ക്-കിഴക്കന്‍ സംസ്ഥാനങ്ങളില്‍ പ്രതിഷേധം ശക്തമാണ്. നാഗാലന്‍ഡ് മുഖ്യമന്ത്രി നെഫ്യൂറിയോയുടെ നേതൃത്വത്തില്‍ ഭരണകക്ഷിയംഗങ്ങള്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായെ കണ്ട് ആശങ്കയറിയിച്ചു. മിസോറാം ഗവണ്‍മെന്റ് ഏക സിവില്‍കോഡിനെതിരെ പ്രമേയം പാസ്സാക്കി. ഏക സിവില്‍ കോഡിനെ എതിര്‍ത്ത് നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടിയും രംഗത്തെത്തി. കേന്ദ്രത്തില്‍ എന്‍.ഡി.എയുടെ സഖ്യകക്ഷിയാണിത്. മണിപ്പൂരിലും സഖ്യകക്ഷിയാണ്. ഏക സിവില്‍ കോഡില്‍ ഭീഷണിയുമായി നാഗാലാന്‍ഡിലെ നിരവധി സംഘടനകള്‍ രംഗത്ത് വന്നു. സിവില്‍ കോഡ് നടപ്പാക്കിയാല്‍ എം.എല്‍.എമാരുടെ വീടുകള്‍ക്കും ഓഫീസുകള്‍ക്കും തീയിടുമെന്നാണ് നാഗാലാന്‍ഡ് പബ്ലിക് റൈറ്റ്‌സ് അഡ്വക്കസി ഗ്രൂപ്പ് ഭീഷണിപ്പെടുത്തിയത്. ഏകസിവില്‍ കോഡ് നടപ്പാക്കിയാല്‍ ശക്തമായി തിരിച്ചടിക്കുമെന്ന് നാഷണല്‍ കോണ്‍ഫറന്‍സ് അധ്യക്ഷനും ജമ്മുകശ്മീര്‍ മുന്‍ മുഖ്യമന്ത്രിയുമായ ഫാറൂക്ക് അബ്ദുള്ള മുന്നറിയിപ്പ് നല്‍കി. പ്രതിപക്ഷ നിരയില്‍ ഏകസിവില്‍ കോഡിനെ പിന്തുണച്ചത് ആം ആദ്മി പാര്‍ട്ടി മാത്രമാണ്. എന്നാല്‍ പഞ്ചാബില്‍ ആം ആദ്മിയുടെ ആ പരിപ്പ് വേവില്ല. കെജ്രിവാളും ബി.ജെ.പിയും ഒന്നാണെന്ന പ്രചാരണവുമായിട്ടാണ് ശിരോമണി അകാലിദള്‍ ആപ്പിനെ നേരിട്ടത്.

നരേന്ദ്ര മോദി | PHOTO: PTI

കേന്ദ്ര നീക്കം ഉപേക്ഷിക്കണമെന്ന് സിഖുകാരുടെ ആത്മീയ സംഘടനയായ ശിരോമണി ഗുരുദ്വാര പ്രബന്ധക് കമ്മിറ്റി ആവശ്യപ്പെട്ടു. ഏകസിവില്‍ കോഡ് ന്യൂനപക്ഷ വിരുദ്ധമാണ്. രാജ്യത്തിന്റെ ഐക്യവും വൈവിധ്യവും തകര്‍ക്കുമെന്നും ശിരോമണി ഗുരുദ്വാര പ്രബന്ധക് കമ്മിറ്റി പറയുന്നു. കേരളത്തില്‍ കെ.സി.ബി.സി ഉള്‍പ്പെടെ ക്രൈസ്തവ നേതൃത്വം ഏക സിവില്‍ കോഡിനെതിരെ രംഗത്തുവന്നിട്ടുണ്ട്. ക്രൈസ്തവ മതത്തെ തന്നെ തുടച്ചു നീക്കാനുള്ള നീക്കമാണിതെന്ന് അവര്‍ ആരോപിക്കുന്നു. ആദിവാസി ഗോത്ര സ്വത്വത്തെ ഏക സിവില്‍ കോഡ് തകര്‍ത്തു കളയുമെന്നാണ് സി.കെ ജാനു പറഞ്ഞത്. രാജ്യത്തെ പാഴ്‌സി, ജൈന, ബൗദ്ധ വിഭാഗങ്ങളും ഏക സിവില്‍ കോഡിനെതിരെ രംഗത്ത് വന്നിട്ടുണ്ട്. ഭരണഘടനയുടെ ആത്മാവിനെ തന്നെ ആക്രമിക്കുകയാണ് ഏക സിവില്‍ കോഡ് ചെയ്യുന്നതെന്ന് എല്ലാവരും വ്യക്തമാക്കുന്നു. 

വിവാദം കത്തിപ്പടര്‍ന്നതോടെ ഗോത്ര വര്‍ഗ്ഗങ്ങളെയും ക്രിസ്ത്യാനികളെയും ഒഴിവാക്കുമെന്നാണ് കേന്ദ്രം പറയുന്നത്. ലക്ഷ്യമിടുന്നത് മുസ്ലിം വ്യക്തി നിയമങ്ങളെ മാത്രമാണെന്ന് വ്യക്തം. മുസ്ലിംങ്ങള്‍ക്കെതിരെ നിലകൊള്ളുമ്പോള്‍ മാത്രം ഉണരുന്ന തീവ്ര വലതുപക്ഷ വോട്ടുകളിലാണ് ബി.ജെ.പിയുടെ കണ്ണ്. ബാബരി മസ്ജിദും ഗുജറാത്ത് സംഭവവും രാജ്യം മറന്നിട്ടില്ല. വൈകാരിക ഭൂരിപക്ഷത്തിന്റെ വോട്ട് ബാങ്ക് ലക്ഷ്യമിട്ടാണ് ഏകീകൃത സിവില്‍ കോഡുമായി കേന്ദ്ര സര്‍ക്കാര്‍ വരുന്നത്. അതല്ലാതെ മുസ്ലിം സ്ത്രീകളോടുള്ള മുഹബ്ബത്ത് കൊണ്ടല്ല. ബാബരി മസ്ജിദിന്റെ വികാരം തണുത്തു. ഗുജറാത്ത് വികാരവും തണുത്തു. ഇനി ചൂടാക്കാന്‍ കഴിയുന്ന ഒന്ന് ഏകീകൃത സിവില്‍ കോഡാണ്. അതുകൊണ്ട് മാത്രം അത് പൊടിതട്ടിയെടുക്കുന്നു. വിലക്കയറ്റം, അഴിമതി, തൊഴിലില്ലായ്മ തുടങ്ങി ജനകീയ പ്രശ്‌നങ്ങള്‍ ഏറെയുണ്ട്. അതില്‍നിന്നെല്ലാം ജനശ്രദ്ധ തിരിക്കാന്‍ ഏറ്റവും നല്ലത് വംശീയതയും മുസ്ലിം വിരുദ്ധതയുമാണെന്ന് ബി.ജെ.പിക്കറിയാം.

ഏകീകൃത സിവില്‍കോഡിന് നിര്‍ദേശം നല്‍കണമെന്ന ആവശ്യവുമായി 2008 ല്‍ സുപ്രിംകോടതിക്ക് മുന്നില്‍ വന്ന പൊതുതാല്‍പര്യ ഹര്‍ജി അന്നത്തെ ചീഫ് ജസ്റ്റിസ് കെ.ജി ബാലകൃഷ്ണന്‍ തള്ളിയിരുന്നു. ഇത് നടപ്പാക്കാന്‍ സാധിക്കില്ലെന്ന് മോദി സര്‍ക്കാര്‍ നിയോഗിച്ച ലോ കമ്മിഷന്‍ തന്നെ വ്യക്തമായി പറയുന്നുണ്ട്. സ്വന്തം നിലനില്‍പ്പിനു തന്നെ ഭീഷണി നേരിടുന്ന ഇന്ത്യന്‍ ന്യൂനപക്ഷത്തെ വരിഞ്ഞുമുറുക്കാന്‍ ഏകീകൃത സിവില്‍കോഡിലൂടെ സാധിക്കുമോ എന്നാണ് കേന്ദ്രം പരിശോധിക്കുന്നത്. 


കെ.ജി ബാലകൃഷ്ണന്‍ | PHOTO: WIKI COMMONS

ഇന്ത്യന്‍ മുസ്ലീംങ്ങളുടെ കാര്യത്തിലുള്ള ഈ വേവലാതി ആത്മാര്‍ത്ഥമാണെങ്കില്‍ കേന്ദ്രം ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പുകള്‍ റദ്ദാക്കിയത് എന്തിനാണ്? എസ്.സി, എസ്.ടി വിഭാഗങ്ങളേക്കാള്‍ പരിതാപകരമാണ് ഇന്ത്യന്‍ മുസ്ലിംങ്ങളുടെ അവസ്ഥയെന്ന് രേഖകള്‍ സഹിതം ചൂണ്ടിക്കാട്ടിയ സച്ചാര്‍ റിപ്പോര്‍ട്ടനുസരിച്ച് യു.പി.എ സര്‍ക്കാര്‍ കൊണ്ടുവന്ന പരിഹാര നടപടികളെയാണ് കേന്ദ്രം റദ്ദാക്കിയത്. പ്രീമെട്രിക് സ്‌കോളര്‍ഷിപ്പ്, മൗലാനാ ആസാദ് സ്‌കോളര്‍ഷിപ്പ് എന്നിവയെല്ലാം സര്‍ക്കാര്‍ നിര്‍ത്തലാക്കി. മുസ്ലിം, ക്രിസ്ത്യന്‍, ജൈന, ബുദ്ധ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കെല്ലാം ഇതിന്റെ ആനുകൂല്യം ലഭിച്ചിരുന്നു. അതെല്ലാം വേണ്ടെന്നു വെച്ചിട്ടാണ് ഏകീകൃത സിവില്‍കോഡിലൂടെ ന്യൂനപക്ഷങ്ങളെ നന്നാക്കാനിറങ്ങുന്നത്. ഭരണഘടനയുടെ നാലാം അധ്യായം 44-ാം അനുച്ഛേദമാണ് ഏകീകൃത സിവില്‍കോഡ് നിര്‍ദ്ദേശിക്കുന്നത്. ഇത് മൗലികാവകാശങ്ങളുടെ ലംഘനമാണ് എന്നത് കൊണ്ടുതന്നെ അത്ര എളുപ്പത്തില്‍ നടപ്പുള്ള കാര്യമല്ല. 44-ാം അനുച്ഛേദം ആരുടെ മേലിലും അടിച്ചേല്‍പിക്കാനുള്ളതല്ലെന്ന് ഭരണഘടനാ ശില്‍പി ഡോ. ബി.ആര്‍ അംബേദ്കര്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. പ്രത്യേക നിര്‍ദേശക തത്വങ്ങള്‍ക്ക് അടിസ്ഥാന തത്വങ്ങള്‍ എന്ന നിലയിലോ സുപ്രിംകോടതി വിധിയുടെ അടിസ്ഥാനത്തിലോ യാതൊരു പരിരക്ഷയും ഇല്ല. എന്നാല്‍ മൂന്നാം അധ്യായത്തിലെ അനുച്ഛേദം 25ഉം 29ഉം ഉള്‍പ്പെടെയുള്ള മൗലികാവകാശങ്ങള്‍ സംരക്ഷിക്കപ്പെട്ടതാണ്. മതം വിശ്വസിക്കാനും ആചരിക്കാനുമുള്ള അവകാശം മൗലികമാണ്. അതായത് ഭരണഘടന പ്രകാരം പരിഗണിക്കപ്പെടുന്നത് മൗലികാവകാശമാണ്. അല്ലാതെ നിര്‍ദേശക തത്വമല്ല. മൂന്നാം അധ്യായവും നാലാം അധ്യായവും തമ്മില്‍ തര്‍ക്കമുണ്ടായാല്‍ മൂന്നാം അധ്യായത്തിന് മാത്രമേ നിലനില്‍പുണ്ടാവുകയുള്ളൂ. വ്യക്തിനിയമങ്ങള്‍ ഭരണഘടനയുടെ മൂന്നാം അധ്യായത്തിലുള്ള 25-ാം അനുച്ഛേദ പ്രകാരം മൗലികാവകാശമാണ് എന്നത് കൊണ്ട് തന്നെ വ്യക്തിനിയമങ്ങള്‍ക്ക് മാറ്റം വരുത്തിക്കൊണ്ടുള്ള ഏകീകൃത സിവില്‍ കോഡ് ഭരണഘടനാ വിരുദ്ധമാണെന്ന് നിയമവിദഗ്ധരും അഭിപ്രായപ്പെടുന്നു. ആറ് പ്രബല മതങ്ങളും 6400 ജാതികളും 55 മുഖ്യ ഗോത്രങ്ങളും 18 പ്രധാന ഭാഷകളും 1600 ഉപഭാഷകളുമെല്ലാം ഇന്ത്യയുടെ വൈവിധ്യത്തിന്റെ അടയാളങ്ങളാണ്. ഹിന്ദുത്വ ഫാഷിസത്തിന്റെ ഭാവനയിലുള്ള വ്യക്തിനിയമം കൊണ്ട് ഈ വിഭാഗങ്ങളെയെല്ലാം വരിഞ്ഞുകെട്ടാമെന്ന് വിചാരിക്കുന്നത് വ്യാമോഹം മാത്രമാണ്.


#outlook
Leave a comment