TMJ
searchnav-menu
post-thumbnail

Outlook

ഉണ്മയുടെ കനക്കുറവു താങ്ങാനാകാതെ....

13 Jul 2023   |   2 min Read
മനോജ് കുറൂർ

മിലന്‍ കുന്ദേര മരിച്ച വാര്‍ത്തയറിയുമ്പോള്‍ മുന്നിലെ വായനപ്പലകയില്‍ത്തന്നെ ചില പുസ്തകങ്ങള്‍ ഉണ്ടായിരുന്നു. ഒന്ന് നീച്ചേയുടെ കൃതികള്‍; മറ്റൊന്ന് The Unbearable Lightness of Being. നീച്ചേയുടെ Eternal Return എന്ന ആശയത്തെപ്പറ്റി വായിച്ചുകൊണ്ടിരുന്നപ്പോള്‍ അതേ സങ്കല്പനം സൂചിപ്പിച്ചുകൊണ്ടു തുടങ്ങുന്ന നോവലുണ്ടല്ലൊ എന്ന ഓര്‍മ്മയിലാണ് Unbearable Lightness വീണ്ടും വായിക്കാനെടുത്തത്. അത്ര യാദൃശ്ചികം എന്നു പറയാന്‍ തോന്നുന്നില്ല. കാരണം, വായനയിലേക്കു നിരന്തരം ആവര്‍ത്തിച്ചു കടന്നുവരുന്ന ഈ എഴുത്തുകാരന്‍ മരണസന്ദര്‍ഭത്തിലും അതു ചെയ്തു എന്നേയുള്ളൂ.

മുപ്പതിലേറെ വര്‍ഷം മുമ്പ് എം എ ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് എസ് ബി കോളേജ് ലൈബ്രറിയില്‍നിന്നെടുത്ത് Life is Elsewhere, Immortality എന്നീ നോവലുകള്‍ ഞാന്‍ വായിക്കുന്നത്. തുടര്‍ന്ന് Book of Laughter and Forgetting. പിന്നെ Art of the Novel. അതു വായിച്ചപ്പോള്‍ ബോധ്യമായി, നോവലിലും കുന്ദേര സംവാദത്തില്‍ ഏര്‍പ്പെടുന്നത് തത്ത്വചിന്താപാരമ്പര്യത്തോടാണ്. പാശ്ചാത്യതത്ത്വചിന്ത ശാസ്ത്രസാങ്കേതികപദ്ധതികളിലൂന്നിക്കൊണ്ട് ലോകത്തെ ഒരന്വേഷണവിഷയമായി ചുരുക്കുകയും സാമാന്യസങ്കല്പനങ്ങള്‍ വികസിപ്പിക്കുകയും ചെയ്യുന്നതിലൂടെ എങ്ങനെ മനുഷ്യജീവിതത്തെ മറന്നുവെന്നും സെര്‍വാന്തസ്, റിച്ചാര്‍ഡ്‌സണ്‍, ബല്‍സാക്ക്, ഫ്‌ലോബേര്‍, ടോള്‍സ്റ്റോയി തുടങ്ങിയ നോവലിസ്റ്റുകള്‍ എങ്ങനെ ആ ഇടത്തെ പല തരത്തില്‍ പൂരിപ്പിച്ചുവെന്നും കുന്ദേര അതില്‍ വിശദീകരിക്കുന്നുണ്ട്. 

ഇതേ തത്ത്വചിന്താപാരമ്പര്യത്തെ Nihilistic ആയിക്കാണുകയും ഒപ്പം സ്വയമൊരു Nihilist ആയി തുടരുകയും ചെയ്തുകൊണ്ട് നീച്ചേ മറ്റൊരു തരത്തില്‍ വിമര്‍ശനാത്മകമായി സംബോധന ചെയ്യുന്നുണ്ടല്ലൊ. നീച്ചേ എന്നപോലെ മനുഷ്യവികാരങ്ങളുടെ വൈവിധ്യത്തെ, അതിന്റെ ആന്തരികമായ ചോദനകളെ, അവ തമ്മിലുള്ള സംഘര്‍ഷത്തെ, അവയ്ക്കു പിന്നിലുള്ള ആധികളെ കുന്ദേരയും മാനിക്കുന്നു; ആഹ്ലാദത്തിന്റെയും വിസ്മൃതിയുടെയും ലഹരിയുടെയും രതിയുടെയും ഡയനീഷ്യന്‍ ഉന്മാദത്തെ കലയിലൂടെ വീണ്ടെടുക്കുന്നു.

മിലന്‍ കുന്ദേര | PHOTO: TWITTER
അമ്പരപ്പിക്കുന്ന ഒരു ചോദ്യം, പാശ്ചാത്യതത്ത്വചിന്തയുടെയും സംസ്‌കാരത്തിന്റെയും കനത്ത ഭാരമുള്ള മിലന്‍ കുന്ദേരമലയാളികള്‍ക്ക് എങ്ങനെ പ്രിയപ്പെട്ട എഴുത്തുകാരനായി എന്നതാണ്. അദ്ദേഹത്തിന്റെ ലാവണ്യവിചാരങ്ങള്‍ക്കുപോലും അടിസ്ഥാനമാകുന്നത് മേല്പറഞ്ഞ ഇടമാണ്. എങ്കിലും മാര്‍ക്കേസിനെ എന്നതുപോലെതന്നെ മലയാളി കുന്ദേരയെയും ഏറ്റെടുത്തിട്ടുണ്ട്. ഈ തത്ത്വചിന്താപാരമ്പര്യത്തെക്കുറിച്ച് ഒന്നും അറിയാതെയാണ് പണ്ടു ഞാനും അദ്ദേഹത്തിന്റെ നോവലുകള്‍ ഹരംകൊണ്ടുതന്നെ വായിച്ചത്. ഉത്തരമായി തോന്നുന്നത്, തത്ത്വചിന്ത അവഗണിച്ച മൂര്‍ത്തജീവിതത്തെ അതിന്റെ മുഴുവന്‍ വൈവിധ്യത്തോടെ നോവലുകളില്‍ അദ്ദേഹം വീണ്ടെടുത്തപ്പോള്‍ അത് അത്തരം ജീവിതമുള്ള ഓരോരുത്തര്‍ക്കും immediate ആയ, പ്രത്യക്ഷമായ ഒരു അനുഭവമായിത്തോന്നിയിരിക്കണം എന്നതുതന്നെയാണ്. കുന്ദേര നിരന്തരം quote ചെയ്യപ്പെടുന്നു. അനുഭവങ്ങള്‍ക്കൊപ്പം ചിന്തയുടെയും അനന്യത അവയെ സവിശേഷമാക്കുന്നു. അവയോരോന്നും തത്ത്വചിന്തയോടുള്ള സംവാദത്തിന്റെ ഭാഗമായിരുന്നു എന്നു തിരിച്ചറിഞ്ഞില്ലെങ്കിലും നാമോരോരുത്തരും ഏര്‍പ്പെടുന്ന ജീവിതസാഹചര്യങ്ങളെക്കുറിച്ചുള്ള മൗലികമായ വെളിപ്പെടുത്തലുകളില്‍ നാംതന്നെ പെട്ടുപോകുന്നു. 

മിലന്‍ കുന്ദേരയെപ്പറ്റി പെട്ടെന്നൊരു ലേഖനം പൂര്‍ത്തിയാക്കുക എളുപ്പമല്ല. കാരണം തത്ത്വചിന്തയുടെ പ്രബലപാരമ്പര്യത്തിനെതിരേ ലാവണ്യവും വികാരവും ചിന്തയും രാഷ്ട്രീയവും ചേര്‍ന്ന കലയുടെ ചതുരംഗസൈന്യത്തെ വിന്യസിക്കുകയാണ് അദ്ദേഹം ചെയ്തത്. ഒപ്പം അതു മറ്റൊരു തരത്തില്‍ തത്ത്വചിന്തയെ വീണ്ടെടുക്കുകയും ചെയ്യുന്നു. ആഖ്യാനത്തിലും പ്രമേയത്തിലും വൈവിധ്യം പുലര്‍ത്തുന്ന നോവലുകളെങ്കിലും മൗലികവും വന്യവും ആയ ഒരു ചിന്താപദ്ധതിയുടെ വിന്യാസഭേദങ്ങളാണവയെന്നു തിരിച്ചറിയാനാവുന്നുണ്ട്. സൂക്ഷ്മവായനയിലൂടെയല്ലാതെ അതു കണ്ടെത്താനാവില്ലെന്ന ബോധ്യവുമുണ്ട്.

എക്കാലത്തും മോഹിപ്പിച്ചിട്ടുള്ള ആ തലക്കെട്ട് ഓര്‍ത്തുകൊണ്ടു പറയട്ടെ, ഉണ്മയുടെ താങ്ങാനാവാത്ത കനക്കുറവ് അനുഭവിപ്പിക്കാന്‍ കുന്ദേര തെരഞ്ഞെടുക്കുന്നത് കനപ്പെട്ട ചിന്തയുടെയും കലയുടെയും വഴിയാണ്. അതുകൊണ്ടുതന്നെ കുന്ദേരയുടെ എഴുത്തിലേക്ക് നാം ഇനിയും നിരന്തരം മടങ്ങിപ്പോകാതിരിക്കില്ല. അഗാധഗര്‍ത്തത്തിന്റെ വക്കില്‍ നൃത്തം ചെയ്യുന്ന മനുഷ്യജീവിതം ആ മട്ടില്‍ തുടരുന്നിടത്തോളം അദ്ദേഹത്തിനു മരണവുമില്ല.


Leave a comment