TMJ
searchnav-menu
post-thumbnail

Outlook

കേരളീയ വിവാഹ കമ്പോളത്തിൽ സ്ത്രീക്ക് മേലുള്ള ബാധ്യതകൾ

19 Feb 2025   |   6 min Read
നിഹാരിക ബീജ പ്രദോഷ്, മുഹമ്മദ് ഹനീൻ

യിടെ മലപ്പുറത്ത് രണ്ട് യുവതികൾ ആത്മഹത്യ ചെയ്ത സംഭവങ്ങളുണ്ടായി. ഒരാൾ വിവാഹം കഴിഞ്ഞു രണ്ട് വർഷത്തിന് ശേഷവും മറ്റേ ആൾ വിവാഹം കഴിഞ്ഞ് ഏതാനം ദിവസങ്ങൾക്കുള്ളിലും. “സൗന്ദര്യം പോരാ, ഇംഗ്ലീഷ് സംസാരിക്കാൻ അറിയില്ല, ജോലിയില്ല, സ്ത്രീധനത്തുക കുറവാണ്…” എന്നിങ്ങനെ അവരെ മാനസികമായി പീഡിപ്പിക്കപ്പെടുകയും അത് ആത്മഹത്യാ പ്രേരകമാവുകയും ചെയ്തുവെന്നാണ് വാർത്തകൾ വ്യക്തമാക്കുന്നത്. കേരളത്തിൽ കഴിഞ്ഞ കുറെ വർഷങ്ങളായി നടന്നിട്ടുള്ള സ്ത്രീധന കൊലപാതകങ്ങളുടെയും ഗാർഹിക പീഡനങ്ങളുടെയും വാർത്തകൾ പരിശോധിക്കുമ്പോൾ സമാനമായ പ്രശ്നങ്ങൾ കാണാൻ കഴിയും. നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോ കണക്കുകൾ അനുസരിച്ച് കഴിഞ്ഞ 12 വർഷത്തിൽ കേരളത്തിൽ സ്ത്രീധന മരണങ്ങളിൽ 192 കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ആത്മഹത്യ ചെയ്യാതെ, ഗാർഹിക പീഡനം സഹിച്ചു ജീവിക്കുന്ന സ്ത്രീകളുടെ അനുഭവങ്ങൾ ഏറെയുണ്ട്.

സ്ത്രീധന പീഡനങ്ങൾ കേരളത്തെ സംബന്ധിച്ച് പുതിയ കാര്യമല്ലെങ്കിലും അതി​ന്റെ തലവും സ്വഭാവവും മാറ്റത്തിന് വിധേയമായിക്കൊണ്ടിരിക്കുകയാണ്. സ്ത്രീയുടെ കുടുംബത്തിൽ നിന്നും പുരുഷന്റെ കുടുംബം ഭൗതികമായ സ്വത്തുവകകൾ ആവശ്യപ്പെടുന്നതിനോടൊപ്പം ഭൗതികമല്ലെന്ന് തോന്നിക്കുന്ന എന്നാൽ സാമൂഹിക അന്തസ്സ് (Social Capital) ഉയർത്തുന്നതിന് ആവശ്യമായ “വസ്തുവഹകൾ” കൂടി ആവശ്യപ്പെടുന്ന അവസ്ഥയിലേക്ക് പരിവർത്തനം സംഭവിച്ചിരിക്കുന്നു. മുമ്പ് സ്വർണ്ണം, പണം, ഭൂമി എന്നിവയ്ക്ക് വേണ്ടിയായിരുന്നു സ്ത്രീകൾ ഭർതൃ വീടുകളിൽ പീഡനത്തിന് ഇരയാക്കപ്പെട്ടിരുന്നത് എങ്കിൽ ഇന്ന് അതോടൊപ്പം ഇംഗ്ലീഷ് ഭാഷ സംസാരിക്കാനുള്ള കഴിവ്, വിദ്യാഭ്യാസം, കലാപരമായ കഴിവുകൾ, പെരുമാറ്റത്തിലെ കുലീനത, മുഖ്യധാരാ സൗന്ദര്യ ബോധം തുടങ്ങിയവയുടെ അഭാവത്തിന്റെ പേരിലും സ്ത്രീകൾ പീഡനത്തിന് ഇരയാകുന്ന അവസ്ഥ ഉണ്ടാകുന്നു.

മലപ്പുറത്ത് ഭർതൃ വീട്ടിൽ  ജീവനൊടുക്കിയ വിഷ്ണുജയും ഭർത്താവ് പ്രബിനും | PHOTO : WIKI COMMONS
തുടക്കത്തിൽ സൂചിപ്പിക്കപ്പെട്ട രണ്ട് ആത്മഹത്യകളിൽ സ്ത്രീയുടെ വിദ്യാഭ്യാസം, സൗന്ദര്യം എന്നിവയുടെ ‘അഭാവ’ത്തിനുള്ള പങ്ക് വലുതാണ്. സ്ത്രീകളുടെ വിദ്യാഭ്യാസം കേരളത്തിലെ വിവാഹ കമ്പോളത്തിൽ വിലമതിക്കുന്നതാണ്. ജീവിതാവസാനം വരെ കുടുംബത്തിന്റെ അധ്വാനശേഷിയെ മെച്ചപ്പെടുത്തുന്ന ഉപാധി എന്ന നിലയിലാണ് സ്ത്രീകളെ പൊതുവിൽ കാണുന്നത്. സ്ത്രീകളുടെ വിദ്യാഭ്യാസത്തിന് അത്തരമൊരു പരിഗണന ലഭിക്കുന്ന സാഹചര്യം പ്രത്യേകിച്ചും കേരളം പോലുള്ള സംസ്ഥാനങ്ങളിൽ ഉടലെടുക്കുന്നുണ്ട്. കുട്ടികളുടെ പ്രാഥമിക വിദ്യാഭ്യാസ ചെലവ് ലാഭിക്കുക, മികച്ച വിദ്യാഭ്യാസമുള്ളവരാക്കി വളർത്തുക, കലാപരമായ കഴിവുകൾ പോഷിപ്പിച്ചെടുക്കുക തുടങ്ങി കുടുംബ ശാക്തീരണത്തിന് ആവശ്യമായ വിഭവങ്ങളും ഭർതൃകുടുംബം സ്ത്രീയിൽ നിന്നും ആവശ്യപ്പെടുന്നുണ്ട്. അതുകൊണ്ടുകൂടിയാണ് കേരളത്തിൽ സ്ത്രീകളുടെ വിദ്യാഭ്യാസം മെച്ചപ്പെടുമ്പോഴും തൊഴിൽ ചെയ്യുന്ന സ്ത്രീകളുടെ തോതിൽ അത് പ്രതിഫലിക്കാത്തത്.

സ്ത്രീയുടെ വിദ്യാഭ്യാസ യോഗ്യത വർദ്ധിക്കുന്നത് ഭർത്താവി​ന്റെ അധിക യോഗ്യതയായും കണക്കാക്കപ്പെടുന്നു. ഒന്ന്, ഇത്രയും പഠിപ്പുള്ള ഒരുവളെ ഭാര്യയാക്കാൻ ശേഷിയുള്ളവനായതിന്റെ സമൂഹത്തിന് മുന്നിൽ കാണിക്കാൻ സാധിക്കുന്ന അന്തസ്. രണ്ട്, താൻ നിയന്ത്രിച്ചു നിർത്തുന്നത് ഇത്ര പഠിപ്പുള്ളവളെ ആണെന്നുള്ള ആണത്വ പ്രഘോഷവും എത്ര അറിവുള്ളവരെയും കീഴ്പ്പെടുത്തി നിർത്താൻ കഴിയുന്നുവെന്ന ഹുങ്ക് എന്നിവയിലൂടെ ആൺക്കൂട്ട ആധിപത്യ സമൂഹത്തിന് മുന്നിൽ ‘കിടിലം’ ആകുക എന്ന ഉദ്ദേശവും ഇതിലടങ്ങിയിരിക്കുന്നു.

സ്ത്രീയുടെ സൗന്ദര്യം മുഖ്യധാര സങ്കൽപ്പത്തിനനുസരിച്ച് പ്രദർശനപരതയുള്ളതായിരിക്കണം എന്നതാണ് പുരുഷ​ന്റയും പുരുഷകേന്ദ്രീകൃത വ്യവസ്ഥയുടെയും മറ്റൊരു ആവശ്യം. നാലാളുടെ മുന്നിൽ ത​ന്റെ ഭാര്യ സുന്ദരി ആണെന്ന് പറയുക; ആ സൗന്ദര്യത്തിന് ഉടമ താൻ ആണെന്ന് അറിയിക്കുക തുടങ്ങിയവയാണ് ഇതിലൂടെ പുരുഷൻ ഉദ്ദേശിക്കുന്നത്. സ്ത്രീക്ക് സൗന്ദര്യമുണ്ടായിരിക്കുക എന്നതിന് അപ്പുറം തന്റെ ഉടമസ്ഥതയിൽ സൗന്ദര്യവതിയായ സ്ത്രീ ഉണ്ട് എന്നതാണ് പുരുഷനെ ത്രസിപ്പിക്കുന്ന കാര്യം. 

Record marriages in Guruvayur Ambalanadayil, 354 weddings solemnized -  KERALA - GENERAL | Kerala Kaumudi OnlineREPRESENTATIVE IMAGE | WIKI COMMONS
“കേരളത്തനിമ ഓതുന്ന” നായർ/മലയാളി മങ്ക സമാനമായ സൗന്ദര്യ അന്വേഷണങ്ങൾക്ക് പിറകിൽ മറ്റൊരു കാര്യവുമുണ്ട്. സുന്ദരികളായ സ്ത്രീകൾക്കാണ് സൗന്ദര്യമുള്ള കുഞ്ഞുങ്ങൾക്ക് ജന്മം നൽകാൻ കഴിയുക എന്ന അശാസ്ത്രീയമായ വിശ്വാസമാണ് ഇതിലെ ഒരു ഘടകം. പ്രസവവുമായി ബന്ധപ്പെട്ട് സ്ത്രീകൾ കടന്നുപോകുന്ന അതീവസ്നേഹപ്രകടനങ്ങൾ ഇതിന്റെ ദൃശ്യമായ തെളിവാണ്.

ഡിജിറ്റൽ മീഡിയയുടെ വരവ് മുഖ്യധാരാ സൗന്ദര്യ സങ്കൽപ്പങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകുകയും അതിനോടുള്ള അഭിനിവേശം വർധിപ്പിക്കുകയും ചെയ്തിട്ടുണ്ട്. മാട്രിമോണിയൽ വെബ്സൈറ്റുകൾ പുരുഷ​ന്റെ വിവാഹവുമായി ബന്ധപ്പെട്ട സൗന്ദര്യ സങ്കൽപ്പങ്ങൾ, സ്ത്രീധന സങ്കല്പങ്ങൾ എന്നിവയെ പ്രതിലോമകരമായി സ്വാധീനിച്ചെന്ന് ‘മാട്രിമോണിയൽ വെബ്സൈറ്റ് ആൻഡ് ദ മാർക്കറ്റ് ഇൻ മോഡേൺ ഇന്ത്യാ’ എന്ന പഠനം പറയുന്നുണ്ട്. സെ​ന്റർ ഫോർ ഡെവലപ്‌മെ​ന്റ് സ്റ്റഡീസ് (സിഡിഎസ്), 2019ൽ നടത്തിയ ഒരു പഠനത്തിൽ, കേരളത്തിലെ 65% മാട്രിമോണിയൽ പരസ്യങ്ങളിലും വെളുത്ത നിറമുള്ള വധുക്കൾക്ക് മുൻഗണന എന്ന് വ്യക്തമായി പരാമർശിക്കുന്നതായി കണ്ടെത്തിയിരുന്നു.

വിദ്യാഭ്യാസം, സൗന്ദര്യം എന്നിവ സ്ത്രീയുടെ ഉടമസ്ഥതാ കൈമാറ്റത്തിൽ സ്ത്രീധനമായി തന്നെ പരിഗണിക്കപ്പെടുന്നുണ്ട്. സവർണ്ണ സൗന്ദര്യവും ആധുനിക വിദ്യാഭ്യാസവുമാണ് കേരളീയ വിവാഹ കമ്പോളത്തിൽ ആവശ്യപ്പെടുന്നത്. കീഴാള ജനതയ്ക്കും ദരിദ്ര ജനതയ്ക്കും ഇവ രണ്ടും കൂട്ടിമുട്ടിക്കാൻ സാധിക്കുകയില്ല. അതിനാൽ ആത്മഹത്യ ചെയ്യുന്ന സ്ത്രീകളിൽ ഭൂരിഭാഗവും ഈ വിഭാഗങ്ങളിൽ നിന്നുള്ളവർ ആയിരിക്കും. 2021-ൽ കേരള സോഷ്യോളജിക്കൽ സൊസൈറ്റി നടത്തിയ ഒരു പഠനത്തിൽ, താഴ്ന്ന ജാതിക്കാരായ വധുക്കൾ, പ്രത്യേകിച്ച് ദലിത്, ഗോത്ര വിഭാഗങ്ങളിൽ നിന്നുള്ളവർ, നിറവും ജാതി പശ്ചാത്തലവും കാരണം വിവാഹ കമ്പോളത്തിൽ വിവേചനം നേരിടുന്നുണ്ടെന്ന് എടുത്തുകാണിക്കുന്നു.

കൊണ്ടോട്ടിയിൽ  ജീവനൊടുക്കിയ ഷഹാന | PHOTO : WIKI COMMONS
സ്ത്രീധന തുകയുടെ വലുപ്പ-ചെറുപ്പ അളവുകോൽ ഉപയോഗിച്ച് സ്ത്രീകൾ അനുഭവിക്കുന്ന ഗാർഹിക പീഡനപ്രശ്നങ്ങൾ ലഘൂകരിക്കപ്പെടുന്ന അവസ്ഥ സംഭവിക്കുന്നുണ്ട്. പക്ഷെ, പ്രശ്നം ഇല്ലാതാവുന്നില്ല. ജേണൽ ഓഫ് കേരള സ്റ്റഡീസ് (2020) പുറത്തിറക്കിയ "ഗ്രാമീണ കേരളത്തിലെ വിവാഹ കമ്പോളങ്ങളും സ്ത്രീധന സമ്പ്രദായങ്ങളും" എന്ന പഠനത്തിൽ പറയുന്നത് പാലക്കാടും ഇടുക്കിയും പോലുള്ള ഗ്രാമപ്രദേശങ്ങളിൽ, വരൻമാരുടെ കുടുംബങ്ങൾ പലപ്പോഴും “സുന്ദരമായ ചർമ്മം” പോലുള്ള പരമ്പരാഗത സൗന്ദര്യ മാനദണ്ഡങ്ങൾ പാലിക്കാത്ത സ്ത്രീകളുടെ കുടുംബത്തിൽ നിന്നും ഉയർന്ന സ്ത്രീധനം ആവശ്യപ്പെടുന്നു എന്നാണ്. ഇത് ഒറ്റപ്പെട്ട സംഭവങ്ങളല്ല. സൗന്ദര്യം പോരാ എന്ന പേരിൽ വിവാഹ സാധ്യത ഇല്ലാതായി പോകുന്ന സ്ത്രീകളും കേരളത്തിലുണ്ട്. 

സ്ത്രീകളിൽ കാണുന്ന “അഭാവങ്ങളെ” സ്ത്രീധനം കൂടുതൽ വാങ്ങിക്കൊണ്ട് ലഘൂകരിക്കുന്നത് സൗന്ദര്യത്തിന്റെ കാര്യത്തിൽ മാത്രമല്ല. 2020 മെയ് മാസത്തിൽ കൊല്ലത്ത് ഉത്ര കൊല ചെയ്യപ്പെടുന്നത് ഭർത്താവിനാൽ പാമ്പുകടി ഏൽപ്പിക്കപ്പെട്ടാണ്. ഉത്രയേ സ്ത്രീധനം ലക്ഷ്യമിട്ടാണ് വിവാഹം കഴിക്കുന്നത് എന്ന് കുറ്റപത്രത്തിൽ പറയുന്നുണ്ട്. മൂന്നര ഏക്കർ വസ്തുവും 100 പവൻ സ്വർണവും കാറും 10 ലക്ഷം രൂപയും സ്ത്രീധനമായി വാങ്ങി. പിന്നീട് 8,000 രൂപ പ്രതിമാസം വീട്ടു ചെലവിനായി വാങ്ങി. വീണ്ടും സ്വത്തുവകകൾക്കായി ഗാർഹിക പീഡനങ്ങൾ ക്രൂരമാക്കി, അതിന് ശേഷമാണ് സൂരജ് പാമ്പിനെ വാങ്ങിവന്ന് മനപ്പൂർവ്വം ഉത്രയെ കടിപ്പിച്ചു കൊല്ലുന്നത്.

സൂരജ് | PHOTO : WIKI COMMONS
ചരിത്രാതീത കാലം മുതലെ നിലനിന്നിരുന്ന പെൺ ഭ്രൂണഹത്യ, പെൺകുഞ്ഞുങ്ങളെ ജീവനോടെ കുഴിച്ച് മൂടൽ എന്നിവയ്ക്ക് സ്ത്രീധനവുമായി അഭേദ്യമായ ബന്ധമുണ്ട്. കാലങ്ങളായി തങ്ങൾ സമ്പാദിച്ച സ്വത്ത് വകകൾ സ്ത്രീയെ വിവാഹം കഴിപ്പിച്ചയക്കുന്നത്തിലൂടെ യാതൊരു അക്രമവും കൂടാതെ മറ്റൊരു കുടുംബത്തിനോ ഗോത്രത്തിനോ തട്ടിയെടുക്കാൻ സാധിക്കുമെന്ന അവസ്ഥയെ പുരുഷാധിപത്യ സമൂഹം ഇഷ്ടപ്പെടുന്നില്ല. ഇത് സ്ത്രീകളുടെ ജനനത്തെ നിയന്ത്രിക്കുന്ന മാർഗ്ഗങ്ങളുടെ അന്വേഷണത്തിലേക്കും അവയുടെ നടപ്പാക്കലിലേക്കും നയിക്കപ്പെട്ടു. 

ആധുനിക കുടുംബത്തിലെ സ്ത്രീയുടെ പദവിയും സമ്പത്തും തമ്മിലുള്ള ബന്ധം നേരനുപാതത്തിലാണ്. പുരുഷന്റെ കുടുംബത്തിലേക്ക് പരമാവധി മൂല്യം കൊണ്ടുവരേണ്ടത് സ്ത്രീയുടെയും അവളുടെ കുടുംബത്തിന്റെയും ബാധ്യതയാണ് എന്നതാണ് സ്ത്രീധനത്തിന്റെ അടിസ്ഥാനം. ഇത് നിറവേറ്റാൻ കഴിയാത്ത കുടുംബങ്ങളുടെ സാമൂഹിക സ്ഥാനം തന്നെ ഇടിഞ്ഞു പോകുന്നു എന്നുള്ളതാണ് "കല്യാണപ്രായം തികഞ്ഞ സ്ത്രീകൾ" കുടുംബത്തിന്റെ ബാധ്യതയാവുന്ന പ്രതിഭാസം ഉണ്ടാക്കുന്നത്. മധ്യ/ഇടത്തരം/താഴ്ന്ന കുടുംബങ്ങൾ മകളുടെ വിവാഹ ശേഷം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് പോകുന്നതായാണ് കണ്ടുവരുന്നത്. “നല്ല ബന്ധങ്ങൾക്ക്” വേണ്ടി ജീവിത കാലം മുഴുവൻ അധ്വാനിച്ച സമ്പത്ത് മകൾക്ക്  സ്ത്രീധനമായി കൊടുത്ത് പാപ്പരാകുന്ന ഇടത്തരം മധ്യവർഗ്ഗ കുടുംബങ്ങളും വട്ടിപ്പലിശക്കാർക്കും സർഫാസി നിയമത്തിനും ഇടയിൽ പെട്ട് വഴിയാധരമാകുന്ന അടിസ്ഥന വർഗ്ഗ ജനതയുമാണ് സ്ത്രീധന സമ്പ്രദായത്തിന്റെ ഇരകൾ. സാമ്പത്തികമായി ഉയർന്ന സ്ത്രീകളുടെ കുടുംബങ്ങൾ വിവാഹം, സ്ത്രീധനം എന്നിവ സ്റ്റാറ്റസ് പ്രദർശിപ്പിക്കാൻ ഉള്ള വേദിയാക്കി മാറ്റുമ്പോൾ ഇടത്തരം, താഴ്ന്ന സാമ്പത്തികനിലയുള്ള കുടുംബങ്ങളെ സ്ത്രീകളെ ബാധ്യതയായി കാണുന്ന സ്ഥിതിവിശേഷത്തിലേക്ക് നയിക്കുന്നു.

REPRESENTATIVE IMAGE | WIKI COMMONS
സ്ത്രീധനവുമായി ബന്ധപ്പെട്ട കൈമാറ്റങ്ങളിൽ സ്ത്രീയുടെ പങ്ക് തീരെ കുറവ് എന്നോ ഇല്ലെന്നോ കാണാൻ സാധിക്കും. ഇന്ത്യൻ വിവാഹങ്ങളിൽ ഏറിയ പങ്കും പുരുഷന്മാർ തമ്മിലുള്ള സാമ്പത്തിക ഉടമ്പടിയിലൂടെ സ്ത്രീയുടെ ഉടമസ്ഥാവകാശം കൈമാറ്റം ചെയ്യപ്പെടുക എന്ന പ്രക്രിയയാണ് നടക്കുന്നത്. പുരുഷ കേന്ദ്രീകൃതമായ സമ്പത്ത് വ്യവസ്ഥയുടെ സുദൃഡീകരണം സ്ത്രീധനത്തിലൂടെ സംഭവിക്കുന്നുണ്ട്. പുരുഷന്മാർ തമ്മിലുള്ള വ്യാപാര ബന്ധം, ബിസിനസ് കരാറുകൾ എന്നിവ പോലും വിവാഹത്തെ മുൻനിർത്തി ധാരണയിലാകാറുണ്ട്. പുരുഷാധിപത്യ സമൂഹത്തിൽ സാമ്പത്തിക കൈമാറ്റ ഉരുപ്പടി എന്ന നിലയിലാണ് സ്ത്രീയുടെ സ്ഥാനം. ഭൂമി, കന്നുകാലികൾ, വാഹനങ്ങൾ എന്നിവ പോലെ സമ്പത്ത് അധികരിപ്പിക്കാനുള്ള മാർഗ്ഗങ്ങളിൽ ഒന്നാണ് സ്ത്രീയും അതുമായി ബന്ധപ്പെട്ട സ്ത്രീധനവും. “ഫാമിലിയ” എന്ന ലാറ്റിൻ വാക്കിന് പോലും ‘പുരുഷനും അവന്റെ സ്വത്തുവകകളും അടിമകളും’ എന്ന അർത്ഥമാണുള്ളത്.

സ്ത്രീധനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് പരിഹാരവും പ്രതിവിധിയായും പുരോഗമന-ലിബറൽ ഇടങ്ങളിൽ നിന്നും എപ്പോഴും പറഞ്ഞുകേൾക്കുന്നത് സ്ത്രീകൾക്ക് മികച്ച വിദ്യാഭ്യാസം നൽകുക എന്നതാണ്. പക്ഷെ കണക്കുകളോ സാമൂഹികാവസ്ഥയോ ഈ വാദത്തെ അത്ര ശക്തമായി പിന്തുണയ്ക്കുന്നില്ല. 2023 ൽ മീര സിങ് നടത്തിയ The Role of Education in Reducing Dowry-Related Violence എന്ന പഠനത്തിൽ പറയുന്നത് ഉയർന്ന വിദ്യാഭ്യാസമുള്ള സ്ത്രീകൾക്ക് പ്രഥമിക വിദ്യഭ്യാസമുള്ള സ്ത്രീകളെക്കാൾ ഗാർഹിക പീഡനത്തിൽ 30-40 ശതമാനം കുറവ് മാത്രമേ ഉള്ളൂ എന്നാണ്. അതായത് ഉന്നത വിദ്യാഭ്യാസമുളള സ്ത്രീകളിൽ പകുതിയിലധികം പേരും ഗാർഹിക/സ്ത്രീധന പീഡനങ്ങളിൽ നിന്നും മുക്തരല്ല. ഉന്നത വിദ്യാഭ്യസം നേടിയ 25% സ്ത്രീകൾക്ക് മാത്രമാണ് ‘സ്ത്രീധനം നൽകി വിവാഹം കഴിക്കില്ലെ’ന്ന നിലപാട് എടുക്കാൻ സാധിച്ചിട്ടുള്ളു എന്നും 2,000 പേരിൽ നടത്തിയ ഈ പഠനം സാക്ഷ്യപ്പെടുത്തുന്നു. അതോടൊപ്പം, സമൂഹിക-സാംസ്കാരിക-ജാതി ത്രയങ്ങളാണ് സ്ത്രീധനത്തെയും ഗാർഹിക പീഡനങ്ങളെയും നിലനിർത്തുന്നത് എന്നും ഈ പഠനം പറയുന്നു. 

REPRESENTATIVE IMAGE | WIKI COMMONS
വിദ്യാഭ്യാസത്തോട് ഒപ്പം ഗാർഹിക/സ്ത്രീപീഡനത്തിൽ നിന്നും വിമോചിതമാകാനുള്ള മറ്റൊരു ഒറ്റമൂലിയായി പ്രചരിക്കുന്നതാണ് സ്ത്രീയുടെ സാമ്പത്തിക സ്വാതന്ത്ര്യം. 2023 ൽ വേൾഡ് ഡെവലപ്മെ​ന്റ് ജേണലിൽ പ്രസിദ്ധീകരിച്ച Financial Independence and Its Impact on Domestic Violence in India എന്ന പഠനം പറയുന്നത് സ്വന്തമായി വരുമാനമുള്ള സ്ത്രീകൾക്ക് അതില്ലാത്ത സ്ത്രീകളെ അപേക്ഷിച്ച് ഗാർഹിക പീഡന സാധ്യത 30 ശതമാനമേ കുറവുള്ളൂ എന്നാണ്. വിവാഹമോചനങ്ങളുടെ തോത് കാലക്രമേണ വർധിക്കുന്നുണ്ടെങ്കിലും അതിന് വിദ്യാഭ്യാസമായോ സാമ്പത്തിക ഭദ്രതയായോ എല്ലായ്പ്പോഴും ബന്ധമുണ്ടാകില്ല. ജോലിക്ക് പോകുന്ന മിക്കവാറും സ്ത്രീകൾ അവരുടെ ശമ്പളം ഭർത്താവിനെ ഏൽപ്പിക്കുന്ന അവസ്ഥയാണ് കേരളത്തിലടക്കം ഉള്ളത്.

2024 ഒക്ടോബറിൽ ആത്മഹത്യ ചെയ്ത ശ്രുതിയുടെ ഉദാഹരണം ഈ വിഷയത്തിൽ പരിശോധിക്കാവുന്നതാണ്. തമിഴ് നാട്ടിൽ അസിസ്റ്റ​ന്റ് പ്രൊഫസ്സർ ആയി ജോലി ചെയ്തിരുന്ന മലയാളിയായിരുന്നു അവർ. സാമ്പത്തികമായി സ്വാതന്ത്ര്യം അനുഭവിച്ചിരുന്ന ശ്രുതിക്ക് ഭർതൃ ഗൃഹത്തിൽ നിന്നും വലിയ മാനസിക പീഡനങ്ങളാണ് അനുഭവിക്കേണ്ടി വന്നിട്ടുള്ളത്. ഭർത്താവി​ന്റെ എച്ചിൽ പാത്രത്തിൽ നിന്ന് മാത്രം ഭക്ഷണം നൽകുക, ഭർത്താവിന് ഒപ്പം ഇരിക്കാൻ ഭർതൃ മാതാവ് അനുവദിക്കാതിരിക്കുക, ഭർത്താവിന് ഒപ്പം വീടിനു പുറത്ത് പോകാൻ സമ്മതിക്കാതിരിക്കുക തുടങ്ങിയ പീഡനങ്ങൾ അനുഭവിക്കേണ്ടി വന്ന “വിദ്യാസമ്പന്നയായ, സാമ്പത്തിക സ്വാതന്ത്ര്യമുള്ള” പ്രൊഫ. ശ്രുതിക്ക് എന്തുകൊണ്ടാണ് ആ വിവാഹത്തിൽ നിന്നും ഇറങ്ങിപ്പോരാൻ കഴിയാതെ ആത്മഹത്യ ചെയ്യേണ്ടി വന്നു എന്നത് പുരുഷാധിപത്യ വ്യവസ്ഥയുടെ ആഴ്ത്തിൽ വേരുകളുള്ള ഘടനാപരമായ പ്രശ്നത്തിലേക്ക് വെളിച്ചം തെളിക്കുന്നു. 2021 ജൂൺ മാസത്തിൽ ആത്മഹത്യ ചെയ്ത ആയുർവേദ വിദ്യാർത്ഥി ആയിരുന്ന കൊല്ലം സ്വദേശി വിസ്മയ നായർക്കും വിദ്യാഭ്യാസം ഇല്ലാഞ്ഞിട്ടായിരുന്നില്ല. വ്യക്തിഗതമായ പരിഹാരശ്രമങ്ങൾ ഘടനാപരമായ പ്രശ്നങ്ങളെ മാറ്റിതീർക്കാൻ കെൽപ്പുള്ളവയല്ല എന്നതാണ് ചരിത്രയാഥാർഥ്യം.

വിസ്മയ നായർ | PHOTO WIKI COMMONS
സ്ത്രീകളുടെ വിദ്യാഭ്യാസ യോഗ്യതയും സാമ്പത്തിക സ്വാതന്ത്ര്യവും അവരനുഭവിക്കുന്ന പുരുഷാധിപത്യ അടിച്ചമർത്തലും രണ്ടായി മാത്രമേ നമുക്ക് ഇവിടെ കാണാൻ കഴിയൂ. സ്ത്രീകൾ കുടുംബത്തോടും അതിലെ പ്രധാന കണ്ണിയായ ഭർത്താവിനോടും പുലർത്തുന്ന വിധേയത്വവും മാനസ്സിക അടിമത്വവുമാണ് ഇതിനുള്ള പ്രധാന കാരണം. സ്ത്രീകളെ കുടുംബവും സമൂഹവും ചേർന്ന് വാർത്തെടുക്കുന്നതും പുരുഷാധിപത്യ വ്യവസ്ഥയെ അനുസരിക്കുന്ന വിനീതവിധീയരായിട്ടാണ്. സ്ത്രീധന പ്രശ്നമോ ഗാർഹിക പീഡനങ്ങളോ പൊടികൈകൾ കൊണ്ട് പരിഹരിക്കാൻ സാധിക്കില്ലെന്നും പുരുഷാധിപത്യത്തെ തകർത്തെറിയുന്ന സമൂഹിക മാറ്റത്തിലൂടെ മാത്രമേ പൂർണ്ണമായി പരിഹരിക്കാൻ സാധിക്കുകയുള്ളൂവെന്നും ഈ വസ്തുതകൾ വ്യക്തമാക്കുന്നു.


#outlook
Leave a comment