ഓണം, ഓര്‍മ്മ, മറവി
ഓണത്തെക്കുറിച്ച് നിരവധി പുരാവൃത്തങ്ങള്‍ നിലവിലുണ്ട്. സ്‌കൂള്‍ പാഠപുസ്തകത്തില്‍ ഒറ്റക്കഥ മാത്രം. അത് അതിപ്രശസ്തമായി, മറ്റ് വഴക്കങ്ങളെ ചവിട്ടിത്താഴ്ത്താനുള്ള കാലായിത്തീര്‍ന്നു.
ഈ ആധികാരികത കല്പിക്കല്‍ ഭരണകൂടത്തിന്റെ സവര്‍ണ്ണ സ്വഭാവത്തിന്റെ തനിത്തെളിവാണ്. ഓണക്കവിതകളിലെ പ്രമേയങ്ങളും മറ്റ് ഓണവഴക്കങ്ങളും സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ വരണം.
മഹാബലിയെ വെള്ള- മഞ്ഞത്തൊലിയും കുടവയറും സില്‍ക്കുകച്ചയും കൊഴുത്ത കവിളും (ഇപ്പോള്‍ പൂണൂലും) ഉള്ള പിളുപിളുത്ത കോമാളിരൂപമായി എഴുന്നെള്ളിക്കുന്നതും ബലികഥയുടെ കീഴാളത്തത്തെ അപമാനിക്കുന്ന നീക്കമാണ്. കച്ചവടപ്പരസ്യങ്ങളില്‍ ഈ രൂപം കാണാം; ആഘോഷസ്ഥലങ്ങളിലും ടെലിവിഷനോണത്തിലും കാണുന്ന മാവേലി ഈ കൊഴുത്ത രൂപമാണ്. ഇത് സര്‍ക്കാര്‍ ഓണാഘോഷത്തിലും തുടരുന്നുണ്ടെങ്കില്‍ പ്രതിഷേധമുണരണം. കറുത്ത, അദ്ധ്വാനക്കരുത്തുള്ള മാവേലിയുടെ രൂപം ധാരാളം സ്ഥലങ്ങളിലും സന്ദര്‍ഭങ്ങളിലുമുണ്ടാവുക എന്നതുതന്നെയാണ് നല്ല പ്രതിഷേധം. ഇ.വി.അനിലിനെപ്പോലുള്ളവര്‍ ബദല്‍ മാവേലിയെ സങ്കല്പിച്ചെഴുതിയ ചിത്രങ്ങള്‍ മികച്ചവയാണ്. അവ ജനശ്രദ്ധയിലേക്ക് വന്ന് വ്യവസ്ഥാനുകൂലമായ പൈങ്കിളിത്തത്തോട് എതിര്‍നില്‍ക്കുന്നു.
നമ്മുടെ വലിയ കവികള്‍ ഓണത്തെക്കുറിച്ച് എഴുതി. വൈകാരികതയ്‌ക്കൊപ്പം വൈചാരികതയും ഉള്ളവ. പല അര്‍ത്ഥപാഠങ്ങളായി ഓണത്തെ കാണിക്കുന്നവ. ആ കവിതകള്‍ ഓണത്തിന്റെ മൗലിക ദര്‍ശനത്തെ ഒഴിവാക്കിക്കൊണ്ടിരിക്കുന്ന മലയാളി സമൂഹത്തിനുള്ള ഓര്‍മ്മപ്പെടുത്തലുകളായിട്ടാണ് ഇന്ന് പ്രവര്‍ത്തിക്കുന്നത്. ഓണത്തിന്റെ മൗലിക ചിന്ത ഒന്നുകില്‍ പൈങ്കിളിവത്കരിക്കപ്പെടുന്നു - അല്ലെങ്കില്‍ വിസ്മരിക്കപ്പെടുന്നു. ഓണം ബാഹ്യതകളിലേക്ക് 'വികസിക്കുകയാണ്'.
വിപുലമായ മാര്‍ക്കറ്റ് ഫെസ്റ്റിവലായി ഓണം മാറി. വ്യക്തിയുടെ സ്വന്തം ശരീരത്തില്‍ ഒതുങ്ങുന്ന, സ്വാര്‍ത്ഥതയുടെയും പൊങ്ങച്ചത്തിന്റെയും ശീലങ്ങളാണ് വിപണിപ്പിന്തുണയില്‍ വളരുന്നത്. ഉത്സവം സ്വകാര്യ ശരീരത്തില്‍ നിന്ന് സാംസ്‌കാരികമായി പുറത്തേക്ക് പോകാനുള്ള ആവേശമായി മനുഷ്യരെ ബാധിക്കണം. അങ്ങനെയാണ് അത് ഉത്സവമാകുന്നത്.
REPRESENTATIONAL IMAGE | PHOTO: WIKI COMMONS
ഓണം വിപണിയുടെ പിടിയിലായതോടെ അതിലെ ബദല്‍ ദര്‍ശനത്തിന് മങ്ങല്‍ തട്ടി. മഹാബലി അസുരനാണെന്നത് രാഷ്ട്രീയമായ ഒരു തിരിച്ചറിവായി ശ്രദ്ധിക്കുന്നവര്‍ കുറഞ്ഞുവന്നു. കുടവയറനായ വെളുത്ത മാവേലിയുടെ ശരീരം ആഘോഷത്തിന്റെ അടയാളമായി ഗ്രാമവഴികളില്‍പോലും പ്രത്യക്ഷപ്പെടുന്നത് കടുത്ത ചരിത്രനിഷേധമാണ്. കേരളത്തിലെ മധ്യവര്‍ഗ്ഗമഹാസമൂഹത്തിന്റെ ഉയിരായ പൊരുത്തപ്പെടല്‍ ദര്‍ശനത്തിന്റെ ഭാഗവും ഫലവുമാണ് ഇങ്ങനെയൊരു അഴകൊഴമ്പന്‍ മാവേലി. (ഇ.വി.അനില്‍ എന്ന ചിത്രകാരന്‍ വെളുത്തു ചീര്‍ക്കാത്ത മാവേലിയെ വരച്ചിട്ടുണ്ട്. ഉറച്ച ശരീരം.
വ്യവസ്ഥാനുകൂലമല്ലാത്ത കരുത്ത്. ആ നല്ല ചിത്രത്തിന് സ്വീകാര്യത കിട്ടിയിട്ടില്ല.)
ഓണം പലമയിലാണ് ജീവിക്കേണ്ടത്. വടക്കന്‍ കേരളത്തില്‍ മൗലികമായി വേറൊരു ഓണം ഉണ്ട് എന്നും അത് പൊലിയന്ത്രം എന്ന് നാട്ടുമൊഴിയില്‍ വിളക്കപ്പെട്ടുപോന്നു എന്നും ബലീന്ദ്രന്റെ സങ്കല്പമാണ് അതിനകത്തുള്ളത് എന്നും കഥാകാരനും സോഷ്യല്‍ ആക്റ്റിവിസ്റ്റുമായ അംബികാസുതന്‍ മാങ്ങാടാണ് കുറച്ചുകൊല്ലം മുന്‍പ് വിശദാംശങ്ങളോടെ വ്യക്തമാക്കിയത്. കാസറഗോഡന്‍ കേരളത്തിന്റെ ഒറ്റതിരിഞ്ഞ നിലനില്പിന് ഈ ബലിസ്മൃതിയാചരണത്തിന്റെ പാരമ്പര്യം കൂടി നിദാനമാണ്. ഇങ്ങനെ നാനാവഴികള്‍ ഓണത്തിനുണ്ട്. സര്‍ക്കാര്‍ പാഠത്തിന്റെയും വിപണി വഴക്കങ്ങളുടെയും അധിനിവേശത്താല്‍ ഈ നാനാത്വം ഏതാണ്ട് ചവിട്ടിത്താഴ്ത്തപ്പെട്ടിരിക്കുന്നു.
കര്‍ഷക ജീവിതമാണ് ഓണത്തിന്റെ അടിസ്ഥാന സൂചകം. വിഷുക്കാലത്ത് മണ്ണിനടിയിലേക്ക് താഴ്ത്തിയ നെല്‍വിത്ത് മഹാബലത്തോടെ മുളച്ച് ചെടിയായി കതിര്‍ക്കനത്തോടെ പൊന്തിവരുന്നതിന്റെ പ്രതീകപാഠമാണ് മഹാബലിയുടെ വാര്‍ഷികവരവ്. ഈ അറിവ് ഒരു കൗതുകമായിപ്പോലും സ്വീകരിക്കാനും പുതിയ സമ്മതകേരളം സന്നദ്ധമല്ല.
ഓണം പ്രകൃതിയോടുള്ള പ്രതികരണവുമാണ്. മഴ പെയ്ത് കേരളം പലതരം പച്ചകളുടെ ഭൂവസ്ത്രമണിയുന്നു. ആ വസ്ത്രലബ്ധിയെ സ്വന്തം ശരീരത്തിലേക്ക് അനുകരിക്കാനുള്ള (സാമൂഹികത നന്നേയുള്ള ) കമ്പമാണ് ഓണക്കോടിയുടെ പിന്നില്‍ കാണാനാവുക. പൂക്കളമാവട്ടെ മൗലികമായി വൃത്താകാരത്തിലാണ് - ഇത് കേരളീയമായ കാലചക്രസങ്കല്പവുമാണ്. ഒറ്റദിവസത്തെ മാത്രം സൗന്ദര്യായുസ്സുള്ള പൂക്കളെക്കൊണ്ട് അനാദിയായ കാലത്തെ ആവിഷ്‌കരിക്കുന്നതിലെ വൈരുദ്ധ്യാത്മക ദര്‍ശനം ദുരന്തസ്പര്‍ശമുള്ളതുമാണ്.
'മഹാബലേ ലെനിന്‍' എന്ന് വൈലോപ്പിള്ളി സങ്കല്പിച്ചിട്ടുണ്ട്. അതുകൂടി ഓര്‍ത്തുകൊണ്ട് പറയട്ടെ - കുടികിടപ്പുകാര്‍ക്ക് കൈവകാവകാശം കിട്ടുകയും കൃഷിഭൂമി കര്‍ഷകര്‍ക്ക് കിട്ടുകയും ചെയ്തതോടെയാണ് ഓണം ഒരു കീഴാള യാഥാര്‍ത്ഥ്യമോ അദ്ധ്വാനിക്കുന്നവരുടെ ഉത്സവമോ ആയി ശരിക്കും മാറിയത്. ഓണച്ചരിത്രത്തിലെ വഴിമാറ്റമാണത്. പണ്ട് നില അങ്ങനെയല്ല എന്നതിന് ദീനമായ ഒരു നാട്ടുമൊഴി തന്നെ സാക്ഷ്യം പറയും-- ' ഓണം പിറന്നാലും ഉണ്ണി പിറന്നാലും കോരന് കുമ്പിളില്‍ തന്നെ കഞ്ഞി'. കോരന്‍ കീഴാള ജീവിതത്തിന്റെ, കര്‍ഷകത്തൊഴിലാളി ജീവിതത്തിന്റെ ആള്‍രൂപമാണ്. ഘോരന്‍ ശിവനാണ്. ഘോരന്റെ തദ്ഭവമാണ് കോരന്‍. കേരളത്തിലെ അസംഖ്യം കോരന്മാര്‍ തങ്ങളുടെ ഘോരത്വം സ്വയം തിരിച്ചറിഞ്ഞ് സംഘടിച്ച് ശരിയായ ഓണത്തിന് വേണ്ടി നടത്തിയ ചെറുതും വലുതുമായ സമരങ്ങളുടെ സമഗ്രഫലമാണ് കൈവശാവകാശ നിയമങ്ങള്‍. ഇതോടെ ഓണത്തിന്റെ ശോഭ കൂടി. ഓരോ വയല്‍ത്തുണ്ടും ഇല്ലാതാവുന്നതോടെ ഈ സമരചരിത്രം ചെറുതാവുകയാണ്- ആനുപാതികമായി ഓണവഴക്കങ്ങളിലെ സമരസംസ്‌കാരവും.
ജനങ്ങളെ ശ്രദ്ധിക്കാത്ത
ഭരണകൂടത്തിന് നേര്‍ക്കുള്ള വിമര്‍ശനമാണ് കേരളീയരുടെ മാവേലികള്‍ട്ടില്‍ ഉള്ളത്. ചീത്തഭരണം വേണ്ട എന്ന് പറയുന്നതിന് പകരമാണ് ഓണാഘോഷം. ജനങ്ങളുടെ ചൂണ്ടിക്കാട്ടലാണ് ഓണം.
ഇങ്ങനെയെല്ലാം പറയാം.
ആര് കേള്‍ക്കാന്‍ ?
ഓര്‍മ്മയുടെ ഉത്സവമായ ഓണം മറവിയുടെ വേളയായി മാറിയിരിക്കുന്നു.