ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്; സാധാരണക്കാരന്റെ കണ്ണിലൂടെ
ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ് എന്ന പോളിസിയെപ്പറ്റി നമ്മള്‍ കുറച്ചുകാലമായി കേള്‍ക്കുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പും നിയമസഭാ തിരഞ്ഞെടുപ്പുമെല്ലാം ഒന്നിച്ചു നടക്കുന്ന ചുരുക്കം സംസ്ഥാനങ്ങള്‍ ഇപ്പോഴുമുണ്ടെങ്കിലും മിക്കയിടത്തും ഈ രണ്ടു തിരഞ്ഞെടുപ്പുകളും വ്യത്യസ്ത വര്‍ഷങ്ങളിലാണ് നടക്കുന്നത്. ഇന്ത്യ സ്വതന്ത്രമായതിനു ശേഷം 1967 വരെ ഈ രണ്ടു തിരഞ്ഞെടുപ്പുകളും ഒന്നിച്ചാണ് നടന്നിരുന്നതെങ്കിലും അതിനുശേഷം കാലാവധി പൂര്‍ത്തിയാക്കാതെ പല നിയമസഭകളും നിലംപൊത്തിയതിനെ തുടര്‍ന്നാണ് ആ സ്ഥിതിയില്‍ മാറ്റം വന്നത്. അതോടെ രണ്ടു തിരഞ്ഞെടുപ്പുകളും, തമ്മില്‍ തമ്മില്‍ ആശ്രയിക്കാതെ അഞ്ചു വര്‍ഷ കാലാവധി പൂര്‍ത്തിയാകുമ്പോഴോ അതല്ലെങ്കില്‍ സര്‍ക്കാരിനുമേല്‍ അവിശ്വാസം വന്നുപതിക്കുമ്പോഴോ തിരഞ്ഞെടുപ്പുകള്‍ നടന്നുപോന്നു. എന്നാല്‍ 67 നു മുന്‍പുള്ള ആ കാലത്തേക്കുള്ള തിരിച്ചു പോക്കാണ് നമുക്ക് മുന്നില്‍ ഇപ്പോഴുള്ളത്.
ആ പോളിസി മുന്നോട്ട് വെക്കുന്നവര്‍ അതിന്റെ കുറേയധികം ഗുണങ്ങളും മുന്നോട്ട് വെക്കുന്നുണ്ട്. ഒരു ജനാധിപത്യ രാജ്യത്ത് ഏറ്റവും ചിലവ് വേണ്ടിവരുന്നൊരു കാര്യം തിരഞ്ഞെടുപ്പാണെന്നിരിക്കെ അത് പരിമിതപ്പെടുത്താന്‍ ഈ രീതികൊണ്ട് കഴിയുമെന്നതാണ് അവരുടെ ആദ്യത്തെ ന്യായം. ഒപ്പം തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ പിന്നീട് അഞ്ചു വര്‍ഷത്തേക്ക് തിരഞ്ഞെടുപ്പിനെ പറ്റി വ്യാകുലപ്പെടാതെ സ്ഥിരതയുള്ള ഒരു സര്‍ക്കാരായി, അവരുടെ പോളിസികള്‍ നടപ്പാക്കാന്‍ കഴിയുമെന്നതാണ് അവര്‍ കാണുന്ന അടുത്ത ഗുണം. ഇനി ഈ അഞ്ചു കൊല്ലത്തിനിടയില്‍ ഒരു സര്‍ക്കാരിനെതിരെ അവിശ്വാസം കൊണ്ടുവന്നാല്‍, ആ കൊണ്ടുവരുന്നവര്‍ക്ക് ഭൂരിപക്ഷമുണ്ടെന്ന് തെളിയിക്കുന്ന രീതിയില്‍, വിശ്വാസം സഭയില്‍ തന്നെ തെളിയിച്ച് മറ്റൊരു സര്‍ക്കാര്‍, തിരഞ്ഞെടുപ്പിലൂടെയല്ലാതെ രൂപപ്പെടുത്തിയെടുക്കണമെന്ന ആശയമാണ് ലോ കമ്മീഷന്‍ ഈ വിഷയവുമായി ബന്ധപ്പെട്ട് മുന്നോട്ടുവെച്ചത്.
REPRESENTATIVE IMAGE: WIKI COMMONS
എന്നാല്‍ ഇതിനെതിരെ പ്രതികരിക്കുന്നവര്‍ ചൂണ്ടിക്കാണിക്കുന്നത് മറ്റു ചില കാര്യങ്ങളാണ്. ഈ ആശയം നടപ്പിലാക്കാന്‍ ഭരണഘടനയും ജനപ്രാതിനിധ്യ നിയമവും ഉള്‍പ്പെടെ മാറ്റിയെഴുതേണ്ടി വരും. മാത്രമല്ല തൂക്കു മന്ത്രിസഭയ്ക്കും കാലാവധി തികയ്ക്കും മുന്‍പ് വീണുപോകുന്ന സര്‍ക്കാരിനും എന്താണ് പ്രതിവിധി എന്ന് മുന്നോട്ടു വെക്കാന്‍ അവര്‍ക്ക് കഴിഞ്ഞിട്ടില്ല. ഒപ്പം, രാഷ്ട്രപതി ഭരണം പ്രഖ്യാപിക്കാനുള്ള അധികാരം കേന്ദ്രത്തില്‍ നിലനിര്‍ത്തികൊണ്ട് ഈ പോളിസി നടപ്പാക്കുന്നതുതന്നെ വിരോധാഭാസമാണ് എന്നും അവര്‍ പറഞ്ഞുവെക്കുന്നു. കാലാവധി തീരും മുന്‍പേ അസ്ഥിരമായ സര്‍ക്കാരുകള്‍ നിലംപൊത്തി രാഷ്ട്രപതി ഭരണം വന്നുകഴിഞ്ഞാല്‍ അവിടെ കേന്ദ്രത്തിന്റെ പിടി മുറുകുകയും അത് രാജ്യത്തെ ഫെഡറല്‍ സംവിധാനത്തിന് തന്നെ വെല്ലുവിളിയാകുകയും ചെയ്യും. ഒപ്പം, തിരഞ്ഞെടുപ്പുകളില്‍ ദേശീയ കക്ഷികള്‍ക്ക് തദ്ദേശീയ കക്ഷികള്‍ക്ക് മേല്‍ അധീശത്വം സ്ഥാപിക്കാന്‍ കഴിയുമെന്ന വാദവും പ്രസക്തമാണ്. കാരണം, നിയമസഭാ തിരഞ്ഞെടുപ്പിലും ലോക്‌സഭ തിരഞ്ഞെടുപ്പിലും രണ്ടു രീതിയിലുള്ള സാഹചര്യങ്ങളിലും ലക്ഷ്യത്തിലുമാണ് ജനങ്ങള്‍ വോട്ട് ചെയ്യുക എന്നതുകൊണ്ട് തന്നെ രണ്ടും ഒന്നിച്ചു നടന്നാല്‍ സ്വാഭാവികമായും നിയമസഭാ തിരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്ന വിഷയങ്ങള്‍ക്ക് പ്രസക്തി കുറയുകയും ദേശീയ പ്രശ്‌നങ്ങള്‍ക്ക് കൂടുതല്‍ സ്വാധീനം കൈവരികയും അതുവഴി തദ്ദേശീയ രാഷ്ട്രീയ കക്ഷികളുടെ പ്രസക്തി ഗണ്യമായി കുറയുകയും ചെയ്യും.
പിന്നെ ഉയരുന്നത് രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട ഒരു ഗൗരവകരമായ കാര്യമാണ്. രാജ്യം മുഴുവന്‍ ഒരൊറ്റ തിരഞ്ഞെടുപ്പാകുമ്പോള്‍ ആ തിരഞ്ഞെടുപ്പ് നടക്കുന്ന കുറേ ദിവസങ്ങള്‍ കേന്ദ്രത്തിലായാലും സംസ്ഥാനങ്ങളിലായാലും കാര്യക്ഷമമായ ഭരണമില്ലാത്തൊരു അവസ്ഥയുണ്ടാകും. ഒപ്പം പോലീസും മറ്റു സേനകളും ബ്യൂറോക്രാറ്റ്‌സുമെല്ലാം തിരഞ്ഞെടുപ്പിന്റെ തിരക്കുകളിലായിരിക്കും. ആ സമയത്ത് രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങളും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളുമെല്ലാം നടത്താന്‍ എളുപ്പമായിരിക്കുമെന്ന വലിയ സുരക്ഷാപ്രശ്‌നവും രാജ്യത്തിന് നേരിടേണ്ടതായി വരും.
REPRESENTATIVE IMAGE: WIKI COMMONS
ഇത്രയും നേരം ഇവിടെ സംസാരിച്ചത് ഈ ഒരു പോളിസിയുടെ സാങ്കേതിക വശങ്ങളെ പറ്റിയും അതുമൂലം കക്ഷി രാഷ്ട്രീയം കയ്യാളുന്നവര്‍ക്ക് ഉണ്ടാകാന്‍ പോകുന്ന ഗുണദോഷങ്ങളെയും പറ്റിയാണ്. എന്നാല്‍ ഈ പോളിസി പൊതുജനത്തിന് നല്ലതാണോ ചീത്തയാണോ എന്ന് ചോദിച്ചാല്‍ അത് നന്മയെക്കാള്‍ കൂടുതല്‍ തിന്മയാണ് പ്രദാനം ചെയ്യുക എന്നതാണ് എന്റെ പക്ഷം. നേരത്തെ, ഈ പോളിസിയുടെ ഗുണങ്ങളുടെ കൂട്ടത്തില്‍ സര്‍ക്കാരിന് അഞ്ചുകൊല്ലം സ്ഥിരത ലഭിക്കുമെന്ന് പറഞ്ഞിരുന്നു. എന്നാല്‍, അത്യുത്തമ മാതൃക പുലര്‍ത്തുന്ന ഒരു സര്‍ക്കാരിനു മാത്രമാണ് ആ സ്ഥിരത നല്‍കിയിട്ട് കാര്യമുള്ളൂ. പ്രായോഗികമായി പറഞ്ഞാല്‍, ഇവിടെ ഒരു സര്‍ക്കാരിനും അത്തരമൊരു മാതൃക മുന്നോട്ടു വെക്കാനില്ല. അങ്ങനെ വരുമ്പോള്‍ യഥാര്‍ത്ഥത്തില്‍ എന്താണ് ഇവിടെ സംഭവിക്കുക? വിലക്കയറ്റവും ക്ഷേമ പദ്ധതികള്‍ മുടങ്ങുന്നതും മറ്റു ജനദ്രോഹ നടപടികളുമെല്ലാം ഒരു പരിധിവരെയെങ്കിലും ഈ നാട്ടില്‍ നിയന്ത്രിക്കപ്പെടുന്നത് ഇവിടെ തിരഞ്ഞെടുപ്പ് വരുമ്പോഴാണ്. അതിപ്പോള്‍, കേരളത്തില്‍ തിരഞ്ഞെടുപ്പില്ല എങ്കില്‍ പോലും മറ്റേതെങ്കിലും സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പുകള്‍ അടുക്കുമ്പോള്‍ നമ്മളും അതിന്റെ ഗുണഭോക്താക്കള്‍ ആകാറുണ്ട്. ഇപ്പോഴത്തെ അവസ്ഥയില്‍,
അതെല്ലാവര്‍ഷവും സംഭവിക്കുന്നുണ്ട്. കാരണം, ഏതെങ്കിലും സംസ്ഥാനങ്ങളില്‍ എല്ലാ വര്‍ഷവും തിരഞ്ഞെടുപ്പുകള്‍ ഊഴപ്രകാരം സംഭവിക്കുന്നുണ്ട്. പ്രത്യേകിച്ചും, വലിയ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പാണെങ്കില്‍ രാജ്യത്തുള്ള എല്ലാവര്‍ക്കും തന്നെ അവശ്യ സാധനങ്ങളുടെ വിലനിയന്ത്രണത്തിലൂടെയെല്ലാം ഗുണങ്ങള്‍ ലഭിച്ചു പോരുന്നുണ്ട്. മാത്രമല്ല, നമ്മുടെ കേരളത്തിന്റെ രീതിവച്ചു പറഞ്ഞാല്‍ അടുത്തടുത്ത വര്‍ഷങ്ങളില്‍ ലോക്‌സഭ, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍, നിയമസഭ എന്നിവിടങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പുകള്‍ സംഭവിക്കുമ്പോള്‍ അത് ആ മൂന്നു വര്‍ഷവും ജനങ്ങള്‍ക്ക് കുറെയധികം ക്ഷേമം ലഭിക്കുന്നു എന്നതാണ് വസ്തുത. കുറച്ചു കൂടി വിശദമായി പറഞ്ഞാല്‍, ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ആനുകൂല്യം ലഭിച്ച രാഷ്ട്രീയ കക്ഷികള്‍ അടുത്ത തിരഞ്ഞെടുപ്പില്‍ അത് നിലനിര്‍ത്താന്‍ ശ്രമിക്കുകയും തിരിച്ചടി കിട്ടിയവര്‍ അതില്‍ നിന്ന് കരകയറാന്‍ ശ്രമിക്കുകയും ചെയ്യുമെന്നുള്ളത് കൊണ്ടുതന്നെ അതിന്റെ അന്തിമ ഫലം ഗുണമായി തന്നെ ജനങ്ങള്‍ക്ക് ലഭിക്കും. അപ്പോള്‍ നിലനില്‍ക്കുന്ന സര്‍ക്കാരിന്റെ വിലയിരുത്തലായി പിന്നീടുള്ള തിരഞ്ഞെടുപ്പുകള്‍ പരിണമിക്കും. റെഫറണ്ടം പോലെയോ ജനപ്രതിനിധിയേ തിരിച്ചു വിളിക്കാനുള്ള അവകാശമോ പോലെയുള്ള സൗകര്യങ്ങള്‍ ഇന്ത്യന്‍ ജനാധിപത്യത്തിന്റെ വലിപ്പ കൂടുതലും വൈവിധ്യവും മൂലം സാധ്യമാകില്ലെന്നിരിക്കെ നിലവിലുള്ള സര്‍ക്കാരിന്റെ നയങ്ങള്‍ക്ക് വേണ്ടിയോ എതിരായോ ജനങ്ങള്‍ക്ക് ശബ്ദമുയര്‍ത്താന്‍ ഉള്ള ഏക വഴി തൊട്ടടുത്ത വര്‍ഷങ്ങളില്‍ സംഭവിക്കാനിരിക്കുന്ന തിരഞ്ഞെടുപ്പ് മാത്രമാണ്. ഭരണവിരുദ്ധ വികാരമുണ്ടെന്ന് ഒരു തിരഞ്ഞെടുപ്പിലൂടെ മനസ്സിലായാല്‍ അത് ആളിക്കത്തിക്കാന്‍ പ്രതിപക്ഷത്തിനും ആ തീ കെടുത്താന്‍ ഭരണപക്ഷത്തിനും തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ അവസരമുണ്ടെന്ന് സാരം.
2019 ല്‍ ശബരിമല വിഷയവും രാഹുല്‍ ഗാന്ധി പ്രഭാവവും മൂലം ഭരണകക്ഷി ഒരു സീറ്റിലേക്ക് ഒതുങ്ങിയ കാലമൊന്ന് ഓര്‍ത്തു നോക്കുക. അതില്‍ നിന്നും കരകയറി നിയമസഭയില്‍ ഭരണത്തുടര്‍ച്ച നേടാന്‍ പോലും ഇവിടുത്തെ സര്‍ക്കാരിന് സാധിച്ചു. എന്നാല്‍, 2019 ല്‍ ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ് എന്ന രീതി അവലംബിച്ചിരുന്നെങ്കിലുള്ള അവസ്ഥയൊന്ന് ആലോചിച്ചു നോക്കിയാല്‍ മനസ്സിലാകും, അന്ന് ആ കാരണങ്ങള്‍ കൊണ്ട് വോട്ട് കുത്തിയവര്‍ക്ക് പിന്നീട് തിരുത്തണമെന്ന് തോന്നിയാല്‍ പോലും അതിനൊരവസരം വരണമെങ്കില്‍ 2024 വരെ കാത്തിരിക്കേണ്ടി വരുമായിരുന്ന അവസ്ഥ. ലളിതമായി പറഞ്ഞാല്‍, ഭരണത്തിന്റെ നാല് വര്‍ഷവും എന്തുതന്നെ ചെയ്താലും അവസാന വര്‍ഷം വികസനവും ക്ഷേമപദ്ധതികളും വാഗ്ദാനങ്ങളും വാരിക്കോരി കൊടുത്താല്‍, ദേശീയതയും മതവും പോലെയുള്ള തൊട്ടാല്‍ പൊള്ളുന്ന വിഷയങ്ങള്‍ ആളി കത്തിച്ചാല്‍ വീണ്ടും ഭരണത്തിലേറാന്‍ അനുവാദം ലഭിക്കുന്ന സര്‍ക്കാരുകള്‍ ഇവിടെ രൂപപ്പെടും. അത്, നമ്മുടെ സമൂഹത്തിന്റെ കൂടെ പ്രശ്‌നമാണ്. കാരണം, ഭരണകക്ഷിയെ, അവരുടെ ചെയ്തികളെ വിലയിരുത്താന്‍, അവര്‍ ഭരണത്തിലിരിക്കുന്നതിന്റെ അവസാന വര്‍ഷം മാത്രം പരിശോധിക്കുന്ന ഒരു തെറ്റായ പ്രവണത ഇവിടെ വലിയൊരു വിഭാഗം ജനതയ്ക്കുണ്ട്. ഭരണ വിരുദ്ധ വികാരം വന്നു തുടങ്ങിയ, കഴിഞ്ഞ കേന്ദ്ര സര്‍ക്കാരിന്, പക്ഷെ പുല്‍വാമ സംഭവത്തിന് ശേഷം ദേശീയതയിലൂടെ ജനങ്ങളുടെ വിശ്വാസം തിരിച്ചു പിടിക്കാന്‍ കഴിഞ്ഞതും, തുടര്‍ ഭരണം ലഭിക്കുമെന്ന വിശ്വാസത്തില്‍ നാല് വര്‍ഷം കഴിഞ്ഞപ്പോള്‍ സര്‍ക്കാര്‍ പിരിച്ചു വിട്ട നായനാര്‍ മന്ത്രിസഭയ്ക്ക് പക്ഷെ രാജീവ് ഗാന്ധിയുടെ മരണത്തെ തുടര്‍ന്നുണ്ടായ സഹതാപ തരംഗത്തില്‍ തുടര്‍ഭരണ സ്വപ്നം പൊലിഞ്ഞു പോയതും അതിന്റെ തെളിവുകളാണ്. അങ്ങനെയുള്ളപ്പോള്‍, നാല് വര്‍ഷം ജനങ്ങളെ പരമാവധി ദ്രോഹിച്ച്, പിന്നീട് ഒരു വര്‍ഷം സ്‌നേഹിച്ച് കാലാകാലം ഭരണത്തില്‍ തുടരുന്ന പ്രവണത ഇവിടെയുണ്ടാകും. അതൊരിക്കലും തന്നെ ജനങ്ങള്‍ക്ക് ആശാസ്യമാകില്ല. ഇന്ത്യന്‍ ജനാധിപത്യ വ്യവസ്ഥിതിയില്‍ തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ മാത്രമാണ് പ്രജകള്‍ക്ക് രാജാവിന്റെ അധികാരം ലഭിക്കുന്നത്, അല്ലാത്തപ്പോള്‍ അവര്‍ കേവലം നിസ്സഹായരായ നോക്കുകുത്തികള്‍ മാത്രമാണ്. ഇനി തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് രാജ്യത്ത് എന്തെങ്കിലും സംഭവം നടന്നു എന്ന് കരുതുക, അത് മുഴുവന്‍ സംസ്ഥാനങ്ങളിലെയും ലോക്‌സഭാ നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ഒന്നിച്ച് പ്രതിഫലിക്കും.
നായനാര്‍ മന്ത്രിസഭ । PHOTO: FACEBOOK
വളരെ വിവേകത്തോടെ ജനപ്രതിനിധികളെ തിരഞ്ഞെടുക്കുന്ന ഒരു സമൂഹത്തിന്, അവരെ ഒരു മുഴുവന്‍ കാലയളവും സുതാര്യമായി, സ്ഥിരതയോടെ നയിക്കാന്‍ കഴിയുന്ന ഒരു സര്‍ക്കാരിന് അഭികാമ്യമാണ് ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്ന രീതി. എന്നാല്‍ ഇവ രണ്ടുമല്ലാത്ത ഇന്ത്യന്‍ ജനതയ്ക്കും ഇവിടുത്തെ ഭരണകര്‍ത്താക്കള്‍ക്കും ഒട്ടും സ്വീകാര്യമാകരുതാത്ത രീതിയാണ് ഇത്. നമ്മള്‍ നേരെയാകുന്ന, നേരുള്ളവരെ മാത്രം തിരഞ്ഞെടുക്കുന്ന ഒരു ഉട്ടോപ്പ്യന്‍ കാലത്ത് മാത്രം സാധ്യമായ ഒന്നാണ് ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്. കാരണം, ആ പോളിസിക്ക് നിലവില്‍ ബാഹ്യമായ ഭംഗിക്കപ്പുറത്ത്, നമ്മെ ദ്രോഹിക്കാന്‍ പോന്ന ദംഷ്ട്രകള്‍ ഒളിഞ്ഞിരിപ്പുണ്ട്.