
ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്. ഫെഡറല്‍ സംവിധാനത്തിന്റെ അന്ത്യം കുറിക്കുമോ?
പ്രകൃതി ദുരന്തനിവാരണ നടപടികളിലെ വീഴ്ച, അഴിമതി, കെടുകാര്യസ്ഥത തുടങ്ങി തീര്‍ത്തും പ്രാദേശിക വിഷയങ്ങളാണ് പലപ്പോഴും നിയമസഭ-തദ്ദേശ സ്ഥാപങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പുകളെ സ്വാധീനിച്ചിരുന്ന പ്രധാന ഘടകങ്ങള്‍. അത് മാറ്റി മറിക്കുന്നതാണ് ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്ന ആശയം. മുഖ്യമന്ത്രിക്കോ മന്ത്രിസഭക്കോ എതിരെയുള്ള കുംഭകോണ ആരോപണങ്ങള്‍ പോലും ഒരു പക്ഷെ ഒരു സംസ്ഥാനത്തെ നിയമസഭ തിരഞ്ഞെടുപ്പുകളെ സ്വാധീനിച്ചേക്കില്ല. ആ സാഹചര്യത്തിലേക്കാണ് പുതിയ ആശയം നമ്മെ കൊണ്ട് ചെന്ന് എത്തിക്കുക.
ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്ന് മാത്രം പറഞ്ഞ് നിര്‍ത്തുകയാണ് ഈ ആശയത്തിന്റെ പ്രയോക്താക്കള്‍. പക്ഷെ അതിനപ്പുറം അവര്‍ പറയാതെ മറയ്ക്കുന്ന ഒരു കാര്യം കൂടിയുണ്ട്. ഒറ്റ തിരഞ്ഞെടുപ്പിലൂടെ കേന്ദ്രത്തിലേക്കും സംസ്ഥാനത്തേക്കും തദ്ദേശ സ്ഥാപനങ്ങളിലേക്കും തിരഞ്ഞെടുപ്പ് നടത്തുമ്പോള്‍ ആ തിരഞ്ഞെടുപ്പ് വിജയിക്കാന്‍ ഒരു വിഷയം മതി എന്നതാണ് അവര്‍ മറച്ചു പിടിക്കുന്നത്. ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്നത് കൊണ്ട് ഇവര്‍ ഉദ്ദേശിക്കുന്നതും അതു തന്നെയാണ്.
നടത്തിപ്പിലെ പ്രതിസന്ധി
ഒറ്റ തിരഞ്ഞെടുപ്പ് എന്ന തത്വം രാജ്യത്ത് നിലനില്‍ക്കുന്ന ഫെഡറല്‍ സംവിധാനങ്ങളെ പല രീതിയിലും ദുര്‍ബലമാക്കും. ഇതിനൊപ്പം തിരഞ്ഞെടുപ്പ് കമ്മീഷന്‍ പോലുള്ള ഭരണഘടനാ സ്ഥാപനങ്ങളുടെ സ്വതന്ത്ര നിലനില്‍പ്പ് ഇല്ലാതാക്കുകയും ചെയ്യും. രാഷ്ട്രപതി, ഉപരാഷ്ട്രപതി, പാര്‍ലമെന്റ്, നിയമസഭ തിരഞ്ഞെടുപ്പുകളുടെ ഉത്തരവാദിത്വവും ചുമതലയും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനാണ്. തദ്ദേശ തിരഞ്ഞെടുപ്പുകള്‍ നടത്തുന്നത് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനും. ഇതില്‍ തദ്ദേശ തിരഞ്ഞെടുപ്പ് നടത്തുന്നത് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ തയ്യാറാക്കുന്ന വോട്ടര്‍ പട്ടിക പ്രകാരമാണ്. ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്ന രീതിയിലേക്ക് മാറുമ്പോള്‍ ഒരു വോട്ടര്‍ പട്ടികയും ഒരു നടത്തിപ്പുകാരനും മതിയാകും. ബാക്കിയെല്ലാം സഹായികള്‍. നിലവിലെ നിര്‍ദ്ദേശ പ്രകാരം തദ്ദേശ തിരഞ്ഞെടുപ്പ് പ്രത്യേകമാണ് നടത്തുന്നത്. ലോക്‌സഭ-നിയമസഭ തിരഞ്ഞെടുപ്പുകള്‍ ഒന്നിച്ചും അത് കഴിഞ്ഞ് 100 ദിവസം കഴിഞ്ഞ് തദ്ദേശ തിരഞ്ഞെടുപ്പും. ലോക്‌സഭ- നിയമസഭ തിരഞ്ഞെടുപ്പുകള്‍ക്കും തദ്ദേശ തിരഞ്ഞെടുപ്പിനും രണ്ട് വോട്ടര്‍ പട്ടികയാണ് എന്ന സാങ്കേതികത മറികടന്നാലും നിയമപരായ കടമ്പകളുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പുകള്‍ സംസ്ഥാന നിയമപ്രകാരമാണ് നടക്കുന്നത്. സംസ്ഥാനങ്ങളുടെ അനുമതിയുണ്ടെങ്കില്‍ മാത്രമേ കേന്ദ്രത്തിന് അത് ഏറ്റെടുക്കാനാകൂ. അല്ലാത്തപക്ഷം അതിനും ഭരണഘടന ഭേദഗതി കൊണ്ട് വരേണ്ടി വരും. അത്തരം ഭരണഘടന ഭേദഗതിക്ക് സംസ്ഥാനങ്ങളുടെ കൂടി അനുമതിയും വേണ്ടി വരും. വോട്ടിംഗ് യന്ത്രത്തിലെ തിരിമറി, വോട്ടിംഗ് ശതമാനത്തിലെ തിരുത്തലുകള്‍ തുടങ്ങി ഇപ്പോള്‍ തന്നെ ഭരിക്കുന്നവരുടെ ആജ്ഞാനുവര്‍ത്തിയെന്ന ആരോപണം കേന്ദ്രതിരഞ്ഞെടുപ്പ് കമ്മീഷന്‍ നേരിടുന്നുണ്ട്. ഇതിനൊപ്പമാകും രാജ്യത്തിന്റെ എല്ലാ തിരഞ്ഞെടുപ്പ് ചുമതലകളും ഇവരില്‍ കേന്ദ്രീകൃതമാകുക.
വോട്ടര്‍ പട്ടിക | PHOTO: WIKI COMMONS
ഒറ്റ തിരഞ്ഞെടുപ്പെങ്കില്‍ വിഷയവും ഒന്ന് മതി
വിവിധ സംസ്ഥാനങ്ങളില്‍ വിവിധ സമയത്തും അതിന് പിന്നാലെ കേന്ദ്രത്തിലും തിരഞ്ഞെടുപ്പ് നടക്കുന്നത് പല കാരണങ്ങള്‍ കൊണ്ടും ഭരിക്കുന്നവര്‍ക്ക് പ്രതിസന്ധിയുണ്ടാക്കുന്നതാണ്. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാല്‍ പെരുമാറ്റ ചട്ടം നിലവില്‍ വരും. ഫല പ്രഖ്യാപനം കഴിഞ്ഞ് മാത്രമേ പിന്നീട് നയ പ്രഖ്യാപനങ്ങള്‍ നടത്താന്‍ കഴിയൂ. സംസ്ഥാന തിരഞ്ഞെടുപ്പാണെങ്കിലും പൊതുനയം പ്രഖ്യാപിക്കുമ്പോള്‍ പെരുമാറ്റ ചട്ടം പ്രതിസന്ധിയുണ്ടാക്കും. തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലനില്‍ക്കുന്നത് കാരണം നയ പ്രഖ്യാപനം നീളുന്നതിനെക്കാള്‍ വലിയ പ്രതിസന്ധി സംസ്ഥാന തിരഞ്ഞെടുപ്പുകള്‍ ഒന്നിന് പുറകെ ഒന്നായി വരുമ്പോള്‍ ജനരോഷം ഭയന്ന് വിലവര്‍ധന അടക്കമുള്ള പ്രഖ്യാപനങ്ങള്‍ മാറ്റി വയ്‌ക്കേണ്ടി വരുന്നുവെന്നതാണ്. പെട്രോളിന്റെയും ഡീസലിന്റെയും പാചക വാതകത്തിന്റെയുമെല്ലാം വില വര്‍ധന മാസങ്ങളോളം പിടിച്ചു നിര്‍ത്തേണ്ട ഗതികേട് പലപ്പോഴും കേന്ദ്ര സര്‍ക്കാരിനുണ്ടാകുന്നു.
വില വര്‍ധിപ്പിക്കുന്നതിലെ പ്രതിസന്ധി മാത്രമല്ല ഒറ്റ തിരഞ്ഞെടുപ്പ് വാദത്തിലേക്ക് ഭരിക്കുന്നവരെ കൊണ്ടെത്തിച്ചത്. അതിനെക്കാളൊക്കെ വലിയ പ്രതിസന്ധി വേറെയുണ്ട്. അത് തിരഞ്ഞെടുപ്പ് പ്രചാരണത്തിനുള്ള വിഷയം തന്നെയാണ്. ബിജെപിക്ക് വലിയ സ്വാധീനമില്ലാത്ത സംസ്ഥാനങ്ങളില്‍ പോലും പൊതുതിരഞ്ഞെടുപ്പില്‍ മോഡി തരംഗവും ദേശീയ- ഹിന്ദുത്വ വികാരം ഉയര്‍ത്തിയും നേട്ടമുണ്ടാക്കാന്‍ സാധിക്കുമ്പോള്‍ ഇതേ സംസ്ഥാനങ്ങളില്‍ നിയമസഭ- തദ്ദേശ തിരഞ്ഞെടുപ്പുകളില്‍ ഇതിന് സാധിക്കുന്നില്ല. വിജയിക്കാനാകുന്നില്ലെന്ന് മാത്രമല്ല പലയിടത്തും വോട്ട് ശതമാനം ഇടിഞ്ഞ് താഴുന്നുമുണ്ട്. ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്ന ആശയം ഇതിന് പരിഹാരമുണ്ടാക്കുമെന്നാണ് ബിജെപിയുടെ രാഷ്ട്രീയ തന്ത്രജ്ഞര്‍ വിലയിരുത്തുന്നത്. തിരഞ്ഞെടുപ്പ് ഒന്നിച്ച് നടക്കുമ്പോള്‍ വിഷയവും ഒന്ന് മതി. ശ്രീരാമന്റെ പേരില്‍ ലോക്‌സഭയില്‍ സീറ്റുകളുടെ എണ്ണം രണ്ടില്‍ നിന്ന് 85 ലേക്കും പിന്നീട് മൂന്നക്കത്തിലേക്കും എത്തിക്കാന്‍ കഴിഞ്ഞു. പക്ഷെ ആ വികാരം പല സംസ്ഥാന തിരഞ്ഞെടുപ്പിലും കൂടെ നിന്നില്ല. 2019തിലെ 303 സീറ്റ് എന്നത് മാന്ത്രിക സംഖ്യയായി നിന്ന് പോകാനുള്ള സാധ്യത തള്ളികളയാനാകില്ലെന്നാണ് 2024ലെ തിരഞ്ഞെടുപ്പ് ഫലം വ്യക്താമാക്കുന്നത്. രാമക്ഷേത്രമെന്ന വലിയ വാഗ്ദാനം നടപ്പിലാക്കിയിട്ടും 2019ല്‍ ലഭിച്ചതില്‍ നിന്ന് 60ലധികം സീറ്റുകള്‍ കുറഞ്ഞു. രാമന്റെ പേരില്‍ ഇനി വോട്ട് ചോദിക്കാനാകില്ല. അയോധ്യ തന്നെ അത് തെളിയിക്കുകയും ചെയ്തു.
ലഭിച്ചത് നിലനിര്‍ത്താനും പുതിയ സംസ്ഥാനങ്ങളിലേക്ക് സ്വാധീനം വര്‍ധിപ്പിക്കാനും സാധിക്കണമെങ്കില്‍ അതിന് പുതിയ അജണ്ടയും വിഷയവും വേണ്ടി വരും. അത് ലക്ഷ്യമിട്ടുള്ള നീക്കമാണ് ഒറ്റ തിരഞ്ഞെടുപ്പ്. ദേശീയതയും ഹിന്ദുത്വ വികാരവും ഒന്നിക്കുന്നു ഒരു വിഷയമുണ്ടെങ്കില്‍ രാജ്യത്താകെ തരംഗം സൃഷ്ടിക്കാന്‍ അതിന് കഴിയും. ആ തരംഗത്തില്‍ കേന്ദ്രത്തിനൊപ്പം സംസ്ഥാനങ്ങളും വരും. ഇതാണ് ഒറ്റ തിരഞ്ഞെടുപ്പിന് പിന്നിലെ കണക്ക്.
REPRESENTATIVE IMAGE | WIKI COMMONS
നടപ്പിലാക്കുക എളുപ്പമല്ല
മൂന്ന് തരത്തിലാണ് ഭരണഘടന ഭേദഗതി ചെയ്യാന്‍ സാധിക്കുന്നത്. ആദ്യത്തെ ഭേദഗതിക്ക് പാര്‍ലമെന്റിന്റെ ഇരുസഭകളുടേയും ഭൂരിപക്ഷം മാത്രം മതി. പൗരത്വ നിയമം, സംസ്ഥാനങ്ങളുടെ പേര് മാറ്റല്‍ തുടങ്ങിയ ഭേദഗതികള്‍ ഇതില്‍പെടും. രണ്ടാമത്തെ ഭേദഗതിക്ക് വോട്ടെടുപ്പ് സമയത്ത് പാര്‍ലമെന്റിന്റെ ഇരുസഭകളിലും ഹാജരായിരിക്കുന്ന അംഗങ്ങളുടെ മൂന്നില്‍ രണ്ട് ഭൂരിപക്ഷം വേണം. 368ാം അനുച്ഛേദം അനുസരിച്ചാണ് ഈ ഭേദഗതി. മൂന്നാമത്തേതിന് പാര്‍ലമെന്റിന്റെ ഇരുസഭകളുടേയും മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തിന് പുറമെ പകുതിയിലധികം സംസ്ഥാന നിയമസഭകളുടെ അംഗീകാരം കൂടി ആവശ്യമുണ്ട്.
ഇതില്‍ 368-ാം അനുച്ഛേദം അനുസരിച്ചുള്ള ഭരണഘടന ഭേദഗതിയിലൂടെ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് നടപ്പിലാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ തയ്യാറെടുക്കുന്നത്. അതായത് ലോക്‌സഭയുടേയും രാജ്യസഭയുടേയും മൂന്നില്‍ രണ്ട് ഭൂരിപക്ഷം നേടി ഭരണഘടന ഭേദഗതി ചെയ്ത് ഈ നിയമം നടപ്പിലാക്കുക.543 അംഗങ്ങളുള്ള ലോക്‌സഭയില്‍ ഇപ്പോള്‍ എന്‍ഡിഎയ്ക്ക് 293 അംഗങ്ങളാണുള്ളത്. എല്ലാ അംഗങ്ങളും വോട്ടിംഗിന് ഹാജരായാല്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം നേടാന്‍ 362 അനുകൂല വോട്ട് വേണം. ഈ സാഹചര്യത്തില്‍ എന്‍ഡിഎക്കുള്ള കുറവ് നികത്താന്‍ പ്രതിപക്ഷ അംഗങ്ങള്‍ വിട്ടു നില്‍ക്കുകയോ മാറി വോട്ട് ചെയ്യുകയോ വേണം. രാജ്യസഭയിലും മൂന്നില്‍ രണ്ട് ഭൂരിപക്ഷം നേടണമെങ്കിലും ഇതേ നാടകം ആവര്‍ത്തിക്കണം. എന്‍ഡിഎക്ക് 121 അംഗങ്ങളാണ്
രാജ്യസഭയിലുള്ളത്. ആകെയുള്ള 250 അംഗങ്ങളും വോട്ടെടുപ്പിന് ഹാജരായാല്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തിന് 164 അംഗങ്ങളുടെ പിന്തുണ വേണം. രാജ്യസഭയിലും സര്‍ക്കാരിനുള്ള അംഗബലക്കുറവ് മറികടക്കാന്‍ പ്രതിപക്ഷ എംപിമാര്‍ സഭയില്‍ എത്താതിരിക്കുകയോ എത്തി എന്‍ഡിഎക്ക് അനുകൂലമായി ചെയ്യുകയോ വേണം.
എന്‍ഡിഎയിലെ ഘടകകക്ഷികളായ തെലുങ്ക് ദേശവും ജെഡിയുവും ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് വിഷയത്തില്‍ മനസ് തുറന്നിട്ടില്ല. ലോക്‌സഭയുടെ കാലാവധി കണക്കാക്കിയാണ് പുതിയ നയം നടപ്പിലാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നത്. കഴിഞ്ഞ പൊതുതിരഞ്ഞെടുപ്പിനൊപ്പം നടന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ അധികാരത്തിലെത്തിയ ചന്ദ്രബാബു നായിഡു സര്‍ക്കാരിന് കാലാവധി പൂര്‍ത്തിയാക്കാനാകും. അടുത്ത വര്‍ഷം നവംബറിലാണ് ബിഹാറില്‍ നിയമസഭ തിരഞ്ഞെടുപ്പ് നടക്കേണ്ടത്. ജെഡിയു അധികാരം നിലനിറുത്തിയാല്‍ നിര്‍ദ്ദിഷ്ട നയപ്രകാരം നാല് വര്‍ഷം കഴിയുമ്പോള്‍ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എത്തും. ഭരണഘടന ഭേദഗതി നടത്തി 2029 മുതല്‍ ഒറ്റ തിരഞ്ഞെടുപ്പ് നടപ്പിലായാല്‍ കേരളവും തമിഴ്‌നാടും പശ്ചിമ ബംഗാളുമടക്കം 2026ല്‍ നിയമസഭ തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലെ സര്‍ക്കാരുകള്‍ക്ക് മൂന്ന് വര്‍ഷത്തെ കാലാവധി മാത്രമാകും ലഭിക്കുക. നിലവിലെ കണക്ക് അനുസരിച്ച് 2027ല്‍ നിയമസഭ തിരഞ്ഞെടുപ്പ് നടക്കേണ്ട ഉത്തര്‍പ്രദേശ്, ഗുജറാത്ത് അടക്കമുള്ള സംസ്ഥാനങ്ങള്‍ക്ക് രണ്ട് വര്‍ഷവും 2028ല്‍ നിയമസഭ തിരഞ്ഞെടുപ്പ് നടക്കേണ്ട കര്‍ണാടകയും തെലങ്കാനയും മധ്യപ്രദേശും രാജസ്ഥാനുമടക്കം 10 സംസ്ഥാനങ്ങള്‍ക്ക് ഒരു വര്‍ഷവുമാകും കാലാവധി ലഭിക്കുക.
ചന്ദ്രബാബു നായിഡു | PHOTO: FACEBOOK
പ്രാദേശിക പ്രതിസന്ധി
കാലാവധി തികയ്ക്കുന്നതോ തികയ്ക്കാനാകാത്തതോ ആകില്ല പ്രാദേശിക പാര്‍ട്ടികളുടെ പ്രധാന വെല്ലുവിളി. എന്‍ഡിഎ- ഇന്ത്യ മുന്നണിയിലെ പ്രാദേശിക കക്ഷികള്‍ ഈ വെല്ലുവിളി നേരിടുന്നുണ്ട്. കേന്ദ്ര തിരഞ്ഞെടുപ്പിനൊപ്പം സംസ്ഥാന തിരഞ്ഞെടുപ്പും നടന്നാല്‍ സംസ്ഥാന വിഷയങ്ങളേക്കാൾ തിരഞ്ഞെടുപ്പിന് പ്രാധാന്യം ലഭിക്കുക ദേശീയ വിഷയങ്ങള്‍ക്കാകും. അതിനുള്ള തന്ത്രങ്ങള്‍ ബിജെപി മെനയുകയും ചെയ്യും. ദേശീയതയും ഹിന്ദുത്വ വികാരവുമുയര്‍ത്തി ബിജെപി തേരോട്ടം നടത്തുമ്പോള്‍ പിടിച്ചു നില്‍ക്കാന്‍ എന്‍ഡിഎ ഘടകകക്ഷികള്‍ പോലും പാടുപെടും. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം മുതല്‍ ബിജെപി അവരുടെ അജണ്ഡ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുകയും ചെയ്യും. സംസ്ഥാന വിഷയങ്ങള്‍ മുങ്ങിപ്പോകുമെന്നത് മാത്രമല്ല ഇന്ത്യ മുന്നണിയിലെ കക്ഷികളുടെ പ്രതിസന്ധി. മുന്നണിയുടെ നിലനിൽപ്പ് തന്നെ അപായപ്പെടുത്തുന്നതാണ് ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് പരിപാടി. നിലവില്‍ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഒന്നിച്ചും പ്രദേശിക തലത്തിലേക്ക് വരുമ്പോള്‍ ഭിന്നിച്ചുമാണ് പല സംസ്ഥാനങ്ങളിലും ഇന്ത്യ മുന്നണി നിലനില്‍ക്കുന്നത്. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ദേശീയ വിഷയമുയര്‍ത്തി ബിജെപിക്കെതിരെ കൈകോര്‍ക്കും. നിയമസഭ തിരഞ്ഞെടുപ്പില്‍ നിലനില്‍പ്പിനായി പരസ്പരം ഏറ്റുമുട്ടും. ഇതാണ് രീതി. ഒറ്റ തിരഞ്ഞെടുപ്പായാല്‍ ഈ കൊടുക്കല്‍ വാങ്ങല്‍ നടക്കില്ല. മുന്നണിയിലെ ദേശീയ പാര്‍ട്ടികള്‍ കടുത്ത വിലപേശല്‍ നടത്തും. അത് അംഗീകരിച്ചാല്‍ ഒരുമിച്ച് നടക്കുന്ന തിരഞ്ഞെടുപ്പില്‍ പല മണ്ഡലങ്ങളിലും ലോക്‌സഭയിലേക്ക് ദേശീയ പാര്‍ട്ടിക്കും നിയമസഭയിലേക്ക് പ്രാദേശിക പാര്‍ട്ടിക്കും വോട്ട് ചെയ്യാന്‍ അഭ്യര്‍ത്ഥിക്കേണ്ടി വരും. അല്ലാത്തപക്ഷം അതിര്‍ത്തിക്കപ്പുറത്ത് മഴവില്‍ സഖ്യത്തില്‍ കൈകോര്‍ക്കുയും സ്വന്തം നാട്ടില്‍ പരസ്പരം മത്സരിക്കുകയും ചെയ്യുന്ന കേരളത്തിലെ അവസ്ഥ പല സംസ്ഥാനങ്ങളിലുമുണ്ടാകും. ഇതിനിടയില്‍ ബിജെപിയെ നേര്‍ക്ക് നേരിടാനുള്ള ആത്മബലവും ആള്‍ബലവും കോണ്‍ഗ്രസ് പാര്‍ട്ടി നേടിയില്ലെങ്കില്‍ പുതിയ സാഹചര്യത്തില്‍ ഇന്ത്യ സഖ്യം തന്നെ ശിസ്ഥിലമാകും. ഒറ്റ തിരഞ്ഞെടുപ്പിലൂടെ ബിജെപി ലക്ഷ്യമിടുന്നതും ഇത് തന്നെയാണ്.


