
ജീവിതവും സ്നേഹവും എഡിറ്റ് ചെയ്യാത്തൊരാൾ
മലയാളം സിനിമാ ലോകത്തിന് സംഭാവന ചെയ്ത അതുല്യപ്രതിഭകളിലൊരാളായ ഫിലിം എഡിറ്റർ പി രാമൻ നായർ എന്ന പി ആർ നായരുടെ ഓർമ്മ ദിനമാണ് ഇന്ന്. 1987 തൊട്ട് ഞാൻ കിഴക്കേക്കോട്ടയിലെ പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ നടയിലുള്ള ഫിലിം എഡിറ്റർ പി ആർ രാമൻ എന്ന രാമേട്ടന്റെ മുറിയിലെ സന്ദർശകനായിരുന്നു.
ഒന്നാം നിലയിലെ ആ കുടുസ്സ് മുറിയുടെ കിഴക്കേ ചുമരിനോട് ചേർന്ന് പത്മനാഭനെപ്പോലത്തന്നെ കിടന്ന രീതിയിൽ സ്ഥിരമായി പ്രതിഷ്ഠിക്കപ്പെട്ട രാമേട്ടന്റെ ആത്മമിത്രമായ പ്രഭാകരൻ നായർ, രാമേട്ടൻ അനിയനെപ്പോലെ എന്നും കരുതൽ കാണിച്ചിരുന്ന സീനിയർ എഡിറ്റർ സുരേഷ് ബാബു, എം സുകുമാരന്റെ വിഖ്യാത കഥയായ ''ശേഷക്രിയ' വെള്ളിത്തിരയിലെത്തിച്ച രവി ആലുമ്മൂട്. വത്സല ശിഷ്യനും പ്രതിഭാശാലിയായ ചിത്ര സംയോജകൻ വേണു, ജോഷി സാറിന്റെ സ്ഥിരം സഹസംവിധായകനും നർമ്മ സംഭാഷണത്തിൽ അഗ്രഗണ്യനുമായിരുന്ന രാജൻ ശങ്കരാടി; നിരവധി പുരസ്‌കാരങ്ങൾ നേടുകയും ദേശീയ ശ്രദ്ധയിലേക്കുയരുകയും ചെയ്ത 'ഏകാകിനി, പാണ്ഡവപുരം ' തുടങ്ങിയ സിനിമകളിലൂടെ സമാന്തരസിനിമയുടെ ശക്തനായ വക്താവായിത്തീർന്ന സംവിധായകൻ ജി.എൻ പണിക്കർ, രാമേട്ടന്റെ ആദ്യ സിനിമ 'സ്വർണ്ണപ്പക്ഷികൾ ' നിർമ്മാതാവും ആ ചിത്രത്തിലെ നായകനും ഇന്നത്തെ പ്രമുഖ നടനുമായ ശ്രീയേട്ടൻ എന്ന പി ശ്രീകുമാർ, പിന്നെ സിനിമയിലും സാഹിത്യത്തിലും സംഗീതത്തിലും കഥകളിയിലും മറ്റും കമ്പമുണ്ടായിരുന്ന പേരോർത്തെടുക്കാനാകാത്ത മറ്റ് പലരും...സ്വർണ്ണപ്പക്ഷികൾ | PHOTO :WIKI COMMONS
സിനിമകൾക്കിടയിലുണ്ടാകുന്ന ഇടവേളകളിൽ ഞാനവിടുത്തെ നിത്യ സന്ദർശകനുമായിരുന്നു. ഏതെങ്കിലും വർക്കിന് തിരുവന്തപുരം നഗരം വിട്ട് വെളിയിലേക്ക് പോകുന്നതിന് മുമ്പും; അതുപോലെ പണി കഴിഞ്ഞു തിരിച്ചുവന്ന ഉടനെയും രാമേട്ടനെ സന്ദർശിക്കുക അക്കാലത്ത് ഏതാണ്ട് ഒരു അനുഷ്ഠാനം പോലെയായിരുന്നു. .
പി. ആർ. നായർ എന്ന രാമേട്ടൻ സർഗധനനായൊരു ഫിലിം എഡിറ്റർ, സംവിധായകൻ, തിരക്കഥാകൃത്ത് എന്നീ നിലകളിൽ മാത്രമല്ല എന്റെ തലമുറയിൽപ്പെട്ടവരുടെ സ്മരണയിൽ നിറഞ്ഞുനിൽക്കുക. സിനിമാമേഖലയിലേക്ക് പ്രതിഭാധനരായ ഒരുപാട് പേരെ കൊണ്ടുവരികയും ഫീൽഡിൽ നിന്നെന്നല്ല ജീവിതത്തിന്റെ തിരശ്ശീലയിൽ നിന്നുതന്നെ വിടപറഞ്ഞ് പോകുമായിരുന്ന പല മനുഷ്യരേയും മൂന്നാമതൊരാളുപോലുമറിയാതെ കൈത്താങ്ങ് കൊടുത്ത് സംരക്ഷിക്കുകയും അവർക്ക് ആത്മവിശ്വാസം പകരുകയും ചെയ്ത വലിയ മനുഷ്യൻ എന്ന നിലയിൽക്കൂടിയായിരിക്കും
അക്കാലം സിനിമയിലെ എന്റെ ആദ്യത്തെ വന്ദ്യ ഗുരുനാഥനായ കെ.ആർ മോഹനൻ എന്ന മോഹനേട്ടൻ കെ എസ് എഫ് ഡി സിക്ക് വേണ്ടി ചെയ്ത പല 35 mm ഡോക്യുമെന്ററികളിലും സംവിധാനസഹായി എന്ന നിലയിൽ രാമേട്ടനോടൊപ്പം ജോലി ചെയ്യുവാൻ എനിക്ക് കഴിഞ്ഞിട്ടുണ്ടെങ്കിലും ഒരേയൊരു മുഴുനീള ചലച്ചിത്രത്തിൽ മാത്രമേ കൂടെ വർക്കു ചെയ്യാൻ കഴിഞ്ഞിട്ടുള്ളൂ. കെ.പി.ശശിയുടെ 'ഇലയും മുള്ളും' എന്ന ശ്രദ്ധേയമായ സിനിമയിൽ ആണത് .ഇലയും മുള്ളും | PHOTO : WIKI COMMONS
രാമേട്ടനെക്കുറിച്ച് മറക്കാനൊക്കാത്ത ഒരുപാട് ഓർമ്മകളുണ്ട്; എനിക്ക് മാത്രമല്ല എന്നെപ്പോലെ പലർക്കും. രാമേട്ടന്റെ ഫിലോമോഗ്രഫിയൊന്നും ഞാനിവിടെ വിവരിക്കുന്നില്ല. മുഖ്യധാരാ സിനിമയുടെ മുൻനിരയിലെത്തിയ ബാലചന്ദ്രമേനോന്റെ ആദ്യ സിനിമയായ 'ഉത്രാടരാത്രി ' യടക്കം സമാനതകളില്ലാത്ത സിനിമാക്കാരൻ ചിന്ത രവിയേട്ടന്റെ അവസാന ചിത്രമായ 'ഒരേ തൂവൽപ്പക്ഷി ' വരെ അത് നീളും .
രാമേട്ടൻ പൂന ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലായിരുന്നപ്പോൾ മൂത്ത സഹോദരൻ പി. കെ നായർ ആ വലിയ സ്ഥാപനത്തിന്റെ ആർക്കെവ്സിലെ ഉദ്യോഗസ്ഥനായിരുന്നു. മലയാളത്തിലെ രണ്ടാമത്തേയും അവസാനത്തേതുമായ നിശ്ശബ്ദ ചിത്രം 'മാർത്താണ്ഡവർമ്മ ' ഉൾപ്പടെ മലയാളത്തിലും ഹിന്ദിയിലും മറ്റ് പല ഇന്ത്യൻ ഭാഷകളിലുമുണ്ടായതും പിൽക്കാല സിനിമാ ചരിത്രത്തിന്റെ നാഴികക്കല്ലുകളാണെന്ന് തിരിച്ചറിഞ്ഞതുമായ, നിരവധി സിനിമകളുടെ പ്രിന്റുകൾ രാജ്യത്തിന്റെ തെക്കും വടക്കും അലഞ്ഞു തിരിഞ്ഞ് തേടിപ്പിടിക്കുകയും പകർപ്പവകാശമടക്കം പല നൂലാമാലകളും മറികടന്ന് നെഗറ്റീവ് ശ്രദ്ധാപൂർവ്വം ക്ലീൻ ചെയ്ത് പ്രിന്റെടുത്ത് പൂനൈ ആർക്കേവ്സിലെത്തിച്ച് വരും തലമുറക്കു ഭദ്രമായി കൈമാറുകയും ചെയ്തത് പി കെ നായരാണ്.
നമ്മുടെ സിനിമാ മേഖലയ്ക്കും ചരിത്രത്തിനും അത്തരത്തിലൊരു ചിരസ്മരണീയമായ സംഭാവന നൽകിയ പി കെ നായർ എന്ന ആ സൗമ് സാന്നിദ്ധ്യത്തെ മലയാള മാധ്യമങ്ങളൊന്നും അർഹിക്കുന്ന ഗൗരവത്തോടെ കണ്ടിരുന്നില്ലെന്ന് തോന്നുന്നു. എന്നാൽ ഇക്കാര്യം നല്ലപോലെ ബോധ്യമുണ്ടായിരുന്നത് കൊണ്ടായിരിക്കണം, അമിതാബച്ചനെപ്പോലെ ബോളിവുഡിലെ അക്കാലത്തെ പറക്കുന്ന താരങ്ങൾ തൊട്ട് ക്ഷുഭിത യൗവ്വനത്തിന്റെ കൊടിയടയാളമായിരുന്ന സെയ്ദ് മിർസാവരെയുള്ളവർ പി കെ നായർ എന്ന നായർ സാറിനോടുള്ള സനേഹവും ആദരവും അവസാനകാലം വരെ തിരികെടാതെ സൂക്ഷിച്ചത്.
തൊണ്ണൂറുകളുടെ ആദ്യ പകുതിയിലെപ്പൊഴോ ആണെന്നാണ് എന്റെ ഓർമ്മ. കന്നട സിനിമ അന്തർദേശീയ തലത്തിൽത്തന്നെ ശ്രദ്ധിക്കപ്പെടാൻ കാരണക്കാരായ ഗിരീഷ് കാസറവള്ളി, ഗിരീഷ് കർണ്ണാട് തുടങ്ങിയ സംവിധായക പ്രതിഭകളുടെ പ്രിയപ്പെട്ട ഛായാഗ്രാഹകനും ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും പുറത്തിറങ്ങിയ അനുഗ്രഹീത പ്രതിഭയും ശ്രദ്ധേയനുമായിരുന്ന റാംചന്ദ്രയോടൊപ്പം സഹസംവിധായകനായി പണിയെടുക്കാനുള്ള അവസരമെനിക്കുണ്ടായി . സമൂഹ മനസ്സാക്ഷിയുടെ അതിസൂക്ഷങ്ങളായ മിടിപ്പുകളോടൊപ്പം അവസാനം വരെ സഞ്ചരിച്ച വിപ്ലവകാരിയായ ബഹുമുഖ പ്രതിഭ കെ.പി. ശശി രചനയും സംവിധാനവും നിർവ്വഹിച്ച ഏതാണ്ട് ഒരു മണിക്കൂർ ദൈർഘ്യം വരുന്ന 'ഏക് ചിങ്കാരീക്കി ഖോജ് ' എന്ന് പേരിട്ട ഹിന്ദി ഷോട്ട് ഫിലിം. ബെംഗളുരുവിലായിരുന്നു ചിത്രീകരണം. റാം ചന്ദ്ര അന്ന് വ്യാപകമായ പ്രേക്ഷക ശ്രദ്ധയാകർഷിച്ച "മാൽഗുഡി ഡെയ്സ്'' എന്ന വിഖ്യാത പരമ്പരയുടെ ഛായാഗ്രാഹകനെന്ന നിലയിൽ ഫീൽഡിൽ കത്തി നിൽക്കുകയായിരുന്നു. അതുകൊണ്ടുതന്നെ കാഴ്ചയിൽ പെട്ടെന്ന് മൃണാൾദായെ അനുസ്മരിപ്പിക്കുന്ന അദ്ദേഹത്തെ തെല്ല് ഭയത്തോടെയായിരുന്നു ഞാൻ സമീപിച്ചിരുന്നത്. ഷൂട്ടിങ്ങ് പുരോഗമിക്കവെ ഞങ്ങളുടെ പരിചയം പതുക്കെ തിടംവച്ച് തുടങ്ങിയപ്പോൾ അദ്ദേഹമെന്നോട് ആദ്യമന്വേഷിച്ചത് ഇൻസ്റ്റിറ്റ്യൂട്ടിലെ തന്റെ സതീർത്ഥ്യനായിരുന്ന രാമൻ നായരെക്കുറിച്ചായിരുന്നു. എനിക്ക് സന്തോഷമായി. അക്കാലത്ത് ഞാനേതാണ്ട് അദ്ദേഹത്തിന്റെ നിത്യസന്ദർശ്ശകനാണെന്നറിഞ്ഞപ്പോൾ റാം ദായുമായുള്ള അകലം വളരെ വേഗം കുറഞ്ഞു. ആ ചിത്രത്തിന്റെ ഷൂട്ടിങ് ദിവസത്തിനിടയിലൊരിക്കൽ പഴയ സിനിമാപ്പാട്ടുകൾ ഓർത്തു പാടുന്നതിനിടയിലെപ്പോഴോ ആണ് രാമേട്ടനെക്കുറിച്ച് അവിശ്വസനീയമെന്ന് തോന്നിയ ആശ്ചര്യകരമായൊരു കാര്യം അദ്ദേഹം പങ്കുവച്ചത്.മാൽഗുഡി ഡെയ്സ് | PHOTO : WIKI COMMONS
ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പഠനം പൂർത്തിയാക്കി പുറത്തേക്കിറങ്ങുന്നതുവരെ റാം ദായ്ക്കോ അദ്ദേഹത്തിന്റെയും രാമേട്ടന്റെയും മറ്റ് സഹപാഠികൾക്കോ അവിടുത്തെ അദ്ധ്യാപകർക്ക് പോലുമോ അറിയില്ലായിരുന്നുവത്രെ , ആ കലാലയത്തിൽ സർവ്വരാലും സമാദരിക്കപ്പെടുന്ന ' നായർസാർ'' രാമൻ നായരുടെ നേരെ സഹോദരനാണെന്ന്!
ആ നിലയിൽ തനിക്ക് എന്തെങ്കിലും ആനുകൂല്യമോ പരിഗണനയോ ലഭിച്ചേക്കുമോയെന്ന് രാമേട്ടനെപ്പോലൊരാൾ ന്യായമായും ഭയന്നിരിക്കണം!
തൊണ്ണൂറുകളുടെ തുടക്കം. ഞാൻ തൈക്കാട് പൊലീസ് ട്രെയിനിങ്ങ് കോളേജിനടുത്തുള്ള മുറിയിൽ മാസവാടകക്ക് താമസിക്കുന്ന കാലം. കെ.ആർ.മോഹനേട്ടന്റെയോ കെ.മോഹൻകുമാറിന്റെയോ വല്ലപ്പോഴും കിട്ടുന്ന ഡോക്യുമെന്ററികളിലെ അസിസ്റ്റന്റ് പണിയും കമന്ററി എഴുത്തും മാത്രം. സാമാന്യം പട്ടിണിയാണെന്നർത്ഥം. ഒരു ദിവസം "നിരാഹാരം" രക്ഷയില്ലാതെ മുറി മുഴുവൻ അരിച്ചുപെറുക്കി ഞാൻ രണ്ടു രൂപ കണ്ടെടുത്തു. അക്കാലം ചായക്ക് ഒരു രൂപ. കിഴക്കേക്കോട്ടയിലെ പട്ടര് ഹോട്ടലിൽ അന്ന് ഊണിന് അഞ്ചു രൂപ മതി. ബാക്കി മൂന്ന് രൂപയ്ക്ക് തൊട്ടടുത്ത് രാമേട്ടനുണ്ടല്ലോ എന്ന സമാധാനത്തോടെ തിരക്കിട്ട് അങ്ങോട്ട് വച്ചുപിടിച്ചു . മുറിയിൽ ബനിയനും പാന്റുമണിഞ്ഞ് രാമേട്ടൻ ആ വീതി കുറഞ്ഞ കട്ടിലിൽ നീണ്ടു നിവർന്ന് കിടക്കുന്നുണ്ട്. സ്ഥിരപ്രതിഷ്ഠയായ പ്രഭാകരൻ നായർ പോലുമവിടെയില്ല. ചെന്നപാടെ ഞാൻ രാമേട്ടനോട് ആവശ്യം പറഞ്ഞു. രാമേട്ടൻ സ്വതസിദ്ധമായ അച്ചടി ഭാഷയിൽ ചോദിച്ചു : "സതീഷിന്റെ കയ്യിൽ രണ്ട് രൂപ ഉണ്ടെന്നല്ലെ പറഞ്ഞത് ?" അതെ എന്ന് പറഞ്ഞപ്പോൾ രാമേട്ടൻ പെട്ടെന്ന് എഴുന്നേറ്റ് ഷർട്ടിട്ട് കുടയുമെടുത്ത് [വെയിലായാലും മഴയായാലും രണ്ടുമല്ലെങ്കിലും രാമേട്ടൻ കുടയെടുത്തിരിക്കും ] മുറി പൂട്ടി ഇറങ്ങി . തൊട്ടുതാഴത്തെ ഹോട്ടലിൽ കയറി അൽപം അക്ഷമയോടെ ഇരിപ്പുപിടിച്ചു. വെയിറ്റർ വന്നു. രാമേട്ടൻ പറഞ്ഞു. "രണ്ട് ചായ " ഞാൻ അന്തംവിട്ടു പോയി.പക്ഷെ അത്ഭുതപ്പെട്ടില്ല. രാമേട്ടനും അന്ന് അതുവരെ ഒന്നും കഴിച്ചിട്ടില്ലായിരുന്നു. അതും എന്നെപ്പോലെ മുറിയിൽ കിടന്നു കൊണ്ടല്ല. അന്ന് പകൽ മുഴുവൻ സതേൺ ഇൻസ്റ്റിറ്റ്യൂട്ടിലെ ഏതോ ഒരാൾക്ക് വേണ്ടി എഡിറ്റ് ചെയ്യുകയായിരുന്നു. കാലത്ത് സ്റ്റുഡിയോയിൽ ചെന്ന രാമേട്ടന് ഭക്ഷണത്തിനു കാശ് കൊടുക്കാൻ പോലും അയാൾ വന്നില്ല. അന്ന് സെൽഫോണൊന്നുമില്ലല്ലോ. കണക്കിലേറെ അഭിമാനിയായ രാമേട്ടൻ സ്റ്റുഡിയോയിൽ ആരോടും ഒന്നും പറഞ്ഞതുമില്ല. ചായ കുടി ബലഹീനതയായിരുന്ന ; പ്രായം ചെന്ന ആ മനുഷ്യൻ വൈകുംവരെ ചായ പോലും കുടിക്കാതെ പണിയെടുത്തിട്ടും നിർമ്മാതാവും സംവിധായകനുമായ യുവാവിനെ കണ്ടില്ല. അയാളെ പ്രതീക്ഷിച്ച് സ്റ്റുഡിയോ ബസ്സിന്റെ സിറ്റിയിലേക്കുള്ള പതിവ് ട്രിപ്പും ഒഴിവാക്കി. പിന്നെ സ്റ്റുഡിയോയിൽ നിന്നിറങ്ങി അഞ്ചാറ് കിലോമീറ്റർ നടന്നു വന്ന് തളർന്നു കിടക്കുകയായിരുന്നു ആ വലിയ മനുഷ്യൻ!ഉത്രാടരാത്രി | PHOTO : WIKI COMMONS
മങ്കമ്മയുടെ സെറ്റ് വർക്കിനു വേണ്ടി കഞ്ചിക്കോട്ടേക്ക് പോകുന്ന പോക്കിൽ പതിവുതെറ്റിക്കാതെ ഞാൻ രാമേട്ടനെ കാണാൻ ചെന്നു . കോട്ടയ്ക്കകത്തെ ഒരു ആശുപത്രിയിൽ. അപ്പോഴേക്കും അദ്ദേഹം രോഗത്തോട് ഏതാണ്ട് അടിയറവ് പറഞ്ഞു കഴിഞ്ഞിരുന്നു. അന്ന് എനിക്ക് ഒരിക്കലും മറക്കാനാകാത്ത മറ്റൊരു കാര്യവും സംഭവിച്ചു. യാത്ര പറഞ്ഞ് വാതിലിനടുത്തേക്കെത്തി ഒന്ന് തിരിഞ്ഞു നോക്കിയ എന്നെ രാമേട്ടൻ അടുത്തേക്ക് കൈകാട്ടിവിളിച്ചു. ഞാൻ അടുത്തേക്കു ചെന്നു. തളർന്ന് വിറയാർന്ന ശബ്ദത്തിൽ രാമേട്ടൻ പറഞ്ഞു . " എന്തെങ്കിലും വർക്ക് വന്നാ നമ്മടെ സുരേഷിനെ വിളിക്കാന്നോർക്കണം" തനിക്ക് ഇനി അധികമില്ലെന്ന് വ്യാകുലപ്പെടേണ്ട സമയത്തും മറ്റുള്ളവനെക്കുറിച്ച് ഓർക്കുന്ന രാമേട്ടന്റെ മനസ്സിനു മുന്നിൽ ഞാൻ പ്രണമിച്ചു. പിൽക്കാലത്ത് ഇത് പറയുമ്പോൾ സ്വതവേ ഒരുതരത്തിലുള്ള വികാര പ്രകടനങ്ങൾക്കും വഴങ്ങാത്ത സുരേഷ് പലവട്ടം കരഞ്ഞുപോയിട്ടുണ്ട്.
ഒരിക്കൽ ഒരു സംവിധായകൻ ഷൂട്ട് കഴിഞ്ഞ് എഡിറ്റിങ്ങിനായി റഷസും കൊണ്ടുവന്ന് ചിത്രജ്ഞലിയിലെ ലാമ്പിനോട് ചേർന്ന തിയേറ്ററിൽ എഡിറ്ററായ രാമേട്ടന് വേണ്ടി പ്രൊജക്റ്റ് ചെയ്യുന്നു. ഒരു ഷോട്ടിനുപോലും വാലും തലയുമില്ലാത്ത വല്ലാത്തൊരുസംഭവം! സംസ്ഥാന സർക്കാരിന്റെ സബ്സിഡി കൂട്ടിയ കാലം. ഉടനടി സബ്സിഡിക്കു വേണ്ടി മാത്രം തട്ടിക്കൂട്ടുന്ന പടങ്ങൾ അനവധിയുണ്ടായി. ക്യാമറയുടെ ലെഫ്റ്റും റൈറ്റുമറിയാതെ ചെയ്തു വച്ച ഭീമാബദ്ധങ്ങളും പമ്പരവിഡ്ഡിത്തങ്ങളുമത്രയും "ദാർശ്ശനിക സാന്ദ്രവും അതിനാൽത്തന്നെ സാധാരണ പ്രേക്ഷകന് ദുർഗ്രഹവും " ആയ ആർട്ട് സിനിമയുടെ അക്കൗണ്ടിൽ കയറ്റാം എന്ന സൗകര്യവും അന്നുണ്ടായിരുന്നു! അതിനോടൊപ്പം ചെറിയൊരു താടിയും തട്ടിക്കൂട്ടി പുകചുറ്റിയ കണ്ണുകളിൽ സർവ്വ പുച്ഛത്തിന്റെ മേമ്പൊടിയും ചേർത്ത് എളുപ്പത്തിൽ ഏത് കടും പൊട്ടനും കനത്ത ബുദ്ധിജീവിയാവുകയും ചെയ്യാം എന്നൊരു ബോണസ്സുകൂടി ഇവിടെയുണ്ട്! അത്രയുമൊപ്പിച്ചാൽപ്പിന്നെ വലിയ പ്രയാസമില്ലാതെ യശഃപ്രാർത്ഥികളോ കാശ് മണത്തവരോ ആയ സിൽബന്തികൾ തൈരിൽ വെണ്ണയെന്ന പോലെ ഉറന്ന് വന്ന് ചുറ്റിലും അടിഞ്ഞ് കൂടും. പിന്നീടങ്ങോട്ട് കുറേക്കാലത്തേക്കുള്ള ചക്കാത്ത് കള്ളുകുടിയെക്കുറിച്ചുള്ള ആശങ്കയേ വേണ്ട ! എന്നതാണ് ഇതിന്റെ ഏറ്റവും ആകർഷകമായ ദീർഘകാല നേട്ടം!
ഞാൻ പ്രകൃതത്തിലേക്ക് തിരിച്ചു വരാം . ഇവിടെ, റഷസ് കാണാൻനിർമ്മാതാവും ക്യാമറാമാനും പ്രൊഡക്ഷൻ കൺട്രോളറും മറ്റ് സിൽബന്തികളുമായി പത്തോളം പേരുണ്ട്. പ്രൊജക്ഷൻ കഴിഞ്ഞ് ലൈറ്റ് തെളിഞ്ഞപ്പോൾ എല്ലാവരും സ്വാഭാവികമായും അഭിപ്രായമറിയാൻ എഡിറ്ററുടെ നേരെ ആകാംക്ഷയോടെ നോക്കി . രാമേട്ടൻ അക്കാലം കലശലായ ബീഡി വലിയിൽ നിന്നും രക്ഷ നേടാൻ വെറ്റില മുറുക്ക് ശീലിക്കാൻ തുടങ്ങിയതേയുള്ളൂ. രാമേട്ടൻ കസേര വിട്ട് എഴുന്നേറ്റ്, "ഇത് ..... " എന്ന് പറഞ് ഒന്ന് നിർത്തി തുടർന്ന് "ഘർർർ ... " എന്ന് ശബ്ദമുണ്ടാക്കിക്കൊണ്ട് തുപ്പാനായി പുറത്തേക്കിറങ്ങി. സംഘം അക്ഷമരായി ഇരുന്നു. രാമേട്ടൻ പുറത്തിറങ്ങി തുപ്പി. മുറ്റത്തപ്പോൾ സ്റ്റുഡിയോ ബസ്സ് സ്റ്റാർട്ട് ചെയ്ത് ടൗണിലേക്ക് പോകാൻ റെഡിയായി നിൽക്കുന്നുണ്ടായിരുന്നു. രാമേട്ടൻ നേരെ ചെന്ന് അതിൽ കയറി ഇരുന്നു. കിഴക്കേ ക്കോട്ടയിലിറങ്ങി മുറിയിലേക്ക് പോയി സ്വസ്ഥമായി വിശ്രമിച്ചു! പലപ്പോഴും തൊട്ടടുത്ത നേരത്തെ ഭക്ഷണത്തിന് പാങ്ങില്ലെങ്കിലും രാമേട്ടൻ അങ്ങനെയൊക്കെയേ ചെയ്യൂ. അതാണ് പി.രാമൻ നായർ എന്ന അന്തസ്സുള്ള കലാകാരൻ.