TMJ
searchnav-menu
post-thumbnail

Outlook

ഓണ്‍ലൈന്‍ വായ്പയിലെ ചതിക്കുഴികള്‍

15 Sep 2023   |   3 min Read
ജേക്കബ് സന്തോഷ്

ക്കഴിഞ്ഞ ദിവസങ്ങളില്‍ മിക്കവാറും എല്ലാ പത്രങ്ങളിലും വന്ന രണ്ടു വാര്‍ത്തകളാണ് ഇതെഴുതാനുള്ള പ്രേരണ. ഒന്നാമത്തെ വാര്‍ത്ത ഓണ്‍ലൈന്‍ ലോണ്‍ ബാധ്യത ആത്മഹത്യയില്‍ എത്തിച്ച കുടുംബത്തിന്റെ ദുരവസ്ഥയായിരിന്നു. കയറ്റുമതിയുടെ അസാധാരണമായ ലാഭം നേടാമെന്നുള്ള മോഹനവാഗ്ദാനം നല്‍കിയുള്ള തട്ടിപ്പായിരുന്നു രണ്ടാമത്തെ വാര്‍ത്ത. ഇത്തരം വാര്‍ത്തകളുടെ തനി ആവര്‍ത്തനം എന്തുകൊണ്ട് സംഭവിക്കുന്നു.

അനിയന്ത്രിതമായ തരത്തിലുള്ള ധനകാര്യ ഇടപാടുകള്‍ ചെയ്യുന്ന ഏജന്‍സികളുടെ വ്യാപകമായ നെറ്റ്‌വര്‍ക്കുകൾ സാധാരണക്കാരുടെ ഇടയില്‍ വ്യാപകമായി പ്രവര്‍ത്തിക്കുന്നതിന്റെ തെളിവാണ് ഒന്നാമത്തെ വാര്‍ത്ത. ഇത്തരം ഇടപാടുകളെ നിയന്ത്രിക്കുന്നതിന് നിയമം ഇല്ലാത്തതല്ല മറിച്ച് അത് ഫലപ്രദമായി നടപ്പാക്കാന്‍ പൊതുസമൂഹത്തിന്റെ സഹകരണവും ജാഗ്രതയും കൂടി ആവശ്യമാണ് എന്നതും പ്രധാനമാണ്. ധന-സാമ്പത്തിക മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വ്യക്തിയെന്ന നിലയില്‍ എനിക്ക് നേരിട്ട് അറിയാനിടയായ രണ്ട് സംഭവങ്ങള്‍ വിവരിക്കാം.

നല്ല രീതിയില്‍ വര്‍ഷങ്ങളായി കാറുകളുടെ അപ്പ്‌ഹോള്‍സറി ചെയ്തുവന്നിരുന്ന ഒരു വ്യക്തിയില്‍ നിന്നും തുടങ്ങാം. 2018 ലെ പ്രളയത്തില്‍ ഏകദേശം 30-35 ലക്ഷം രൂപയുടെ സ്റ്റോക്ക് പൂര്‍ണമായും നഷ്ടപ്പെട്ടു. തുടര്‍ന്ന് ജീവിതം തിരിച്ചുപിടിക്കാന്‍ കിട്ടാവുന്ന ലോണുകള്‍ മുഴുവന്‍ എടുത്തു. നിര്‍ഭാഗ്യവശാല്‍ പ്രളയകാലത്തു നഷ്ടപ്പെട്ട ഓര്‍ഡറുകള്‍ തിരിച്ചുപിടിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല. ആകെ ഉണ്ടായിരുന്ന കിടപ്പാടം ഉള്‍പ്പെടെ നഷ്ടപ്പെട്ട അവസ്ഥയിലാണ് എന്റെ അടുക്കല്‍ വരുന്നത്. വരാനുള്ള കാരണം ആദ്യം സൂചിപ്പിച്ച വാര്‍ത്തയില്‍ എന്നപോലെ അദ്ദേഹത്തിന് ഓണ്‍ലൈന്‍ ലോണ്‍ സ്ഥാപനം നല്‍കിയ ലോണ്‍ വാഗ്ദാനമാണ്. ലോണ്‍ സ്ഥാപനം ഈടുകള്‍ ഒന്നും ആവശ്യപ്പെടുന്നില്ല. എടുക്കുന്ന വായ്പയുടെ പത്ത് ശതമാനം വരുന്ന തുകയ്ക്ക് തുല്യമായ മൂല്യം ഉള്ള ഒരു സ്റ്റാമ്പ് പേപ്പറില്‍ ഒരു പേര്‍സണല്‍ ലോണ്‍ കരാറും ആറ് ഇ.എം.ഐ തുകയുടെ പോസ്റ്റ് ഡേറ്റഡ് ചെക്കുകളും മാത്രം നല്‍കിയാല്‍ എത്ര തുക വേണമെങ്കിലും ലോണ്‍ നല്‍കും. ഇതായിരുന്നു ഓഫര്‍. ഈ ഓഫര്‍ സ്വീകരിക്കുന്നതിന് മുന്‍പ് എന്റെ അഭിപ്രായം അറിയാം എന്ന് കരുതിയാണ് ഒരു ബന്ധു കൂട്ടിക്കൊണ്ടു വന്നത്. കാര്യങ്ങള്‍ ചോദിച്ചപ്പോള്‍ സ്റ്റാമ്പ് പേപ്പര്‍ ലോണ്‍ എടുക്കുന്ന കക്ഷി വാങ്ങണം. അതും തമിഴ്‌നാട്ടില്‍ നിന്നുള്ള സ്റ്റാമ്പ് പേപ്പര്‍ വേണം. അതിനും അവര്‍ സഹായിക്കും. പൈസ അവര്‍ പറയുന്ന ബാങ്ക് അക്കൗണ്ടില്‍ ഇട്ട് കൊടുത്താല്‍ മതി. ഒരു NBFC Company യുടെ പേരില്‍ ഓഫര്‍ ലെറ്ററും ഉണ്ട്.


REPRESENTATIONAL IMAGE | WIKI COMMONS
MCA (Ministery of Corporate Affairs) ന്റെ പോര്‍ട്ടലില്‍ പരിശോധിച്ചപ്പോള്‍ ഇങ്ങനെ ഒരു കമ്പനി വര്‍ഷങ്ങള്‍ക്കു മുന്‍പേ പൂട്ടി പോയതാണ്. വന്നവരെ അത് കാണിച്ചു കൊണ്ട് ഞാന്‍ പറഞ്ഞു... ഒരു കാരണവശാലും ഇത്തരം സ്ഥാപനങ്ങളുടെ കെണിയില്‍ വീഴരുത്. മാത്രമല്ല ഇവരുമായി എന്തെങ്കിലും ആശയവിനിമയം നടത്തുമ്പോള്‍ ജാഗ്രത പുലര്‍ത്തണമെന്നും. എല്ലാം അംഗീകരിച്ച് അവര്‍ പോയി കുറച്ച് ദിവസം കഴിഞ്ഞ് അദ്ദേഹം വിളിച്ചു. അബദ്ധം പറ്റി സാര്‍. കടം കയറി ദിക്ക് മുട്ടി നിന്നിരുന്ന ഞാന്‍ സാറിന്റെ വാക്ക് കേള്‍ക്കാതെ ഭാര്യയുടെ രണ്ട് സ്വര്‍ണ വളകള്‍ വിറ്റ് 1.25 ലക്ഷം രൂപയുടെ സ്റ്റാമ്പ് പേപ്പര്‍ വാങ്ങാന്‍ സിറ്റി യൂണിയന്‍ ബാങ്കില്‍ അവരുടെ അക്കൗണ്ടില്‍ പണം ഇട്ട് കൊടുത്തുപോയി. ഇനി എന്ത് ചെയ്യാനാവും എന്നാണ് ചോദ്യം. പോയത് പോയി എന്ന് പറയാന്‍ അല്ലാതെ എനിക്ക് ഒന്നും പറയാന്‍ ഇല്ലായിരുന്നു. 

മറ്റൊരു അനുഭവം...

അതും 2018 ലെ പ്രളയവുമായി പരോക്ഷമായി ബന്ധപ്പെട്ടിരിക്കുന്നു. വെള്ളപ്പൊക്കം കഴിഞ്ഞ് ബിസിനസുകാര്‍ എല്ലാം വലിയ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കാലമായിരിന്നു. അപ്പോഴാണ് ഒരു പദ്ധതി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചത്. 'Prime Ministers Loan in 59 minutse'. ജിഎസ്ടി റിട്ടേണ്‍ ഫയല്‍ ചെയ്യാനുള്ള പോര്‍ട്ടല്‍ തുറക്കുമ്പോള്‍ തന്നെ ആദ്യം വരുന്നത് ഈ ലോണിലേക്കുള്ള ലിങ്ക് ആണ്. അത് അവഗണിച്ചു മാത്രമേ പോര്‍ട്ടലില്‍ കയറാന്‍ കഴിയുകയുള്ളൂ. അതിന്റെ നിജസ്ഥിതി അറിയാന്‍ നോഡല്‍ ഏജന്‍സിയായ SIDB ക്ക് ഒരു വിവരാവകാശ അപേക്ഷ നല്‍കി. അതിന് ലഭിച്ച മറുപടിയില്‍ പറഞ്ഞത് SIDBക്കോ സര്‍ക്കാരിനോ ഇതില്‍ പ്രത്യേകിച്ച് പങ്കൊന്നുമില്ല. ദേശസാല്‍കൃത ബാങ്കുകള്‍ മുതല്‍ ഊരുംപേരും ഇല്ലാത്ത അതുവരെ കേട്ടുകേള്‍വി ഇല്ലാത്ത പ്രൈവറ്റ് നോണ്‍ ബാങ്കിംഗ് സ്ഥാപനങ്ങള്‍ വരെ ഇതിന്റെ ഭാഗമാണെന്നും അറിയിച്ചു.

അങ്ങനെ ഇരിക്കെ ബിസിനസിന്റെ വോളിയം അനുസരിച്ച് എടുക്കാവുന്ന ലോണ്‍ മുഴുവന്‍ എടുത്തു നില്‍ക്കുന്ന ഒരാള്‍ അദ്ദേഹത്തിന് പ്രധാനമന്ത്രിയുടെ ലോണ്‍ എടുക്കണം എന്നുപറഞ്ഞു വന്നു. ആവുന്നത്ര പറഞ്ഞു നോക്കിയെങ്കിലും അദ്ദേഹം പിന്‍തിരിയാന്‍ തയ്യാറായില്ല. അങ്ങനെ അദ്ദേഹത്തിന്റെ ജിഎസ്ടി പോര്‍ട്ടലില്‍ നിന്ന് ഒറ്റ ക്ലിക്കില്‍ ആപ്ലിക്കേഷന്‍ സബ്മിറ്റ് ആയി. പത്തു മിനിറ്റിനുള്ളില്‍ അദ്ദേഹത്തിന് ഒരു കോള്‍ വന്നു. താങ്കളുടെ ലോണ്‍ തത്വത്തില്‍ അംഗീകരിച്ചു. തുടര്‍ന്ന് പ്രോസസ് ചെയ്യാന്‍ 1,200/- രൂപ അടയ്ക്കണം. അയാള്‍ ഉടന്‍ തുക അവര്‍ പറഞ്ഞ അക്കൗണ്ടില്‍
അയച്ചു കൊടുത്തു. കുറച്ച് കഴിഞ്ഞ് ഒരു എന്‍ബിഎഫ് സിയില്‍ നിന്നും അടുത്ത വിളി വന്നു. ആറ് മാസത്തെ ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്‌മെന്റ് പാന്‍കാര്‍ഡ് കോപ്പി തുടങ്ങിയ കാര്യങ്ങള്‍ സമര്‍പ്പിക്കണം.


REPRESENTATIONAL IMAGE | WIKI COMMONS
അവ ഉടനെ നല്‍കി. അതിനുശേഷം ലഭിച്ച മറുപടി ഇപ്പോഴത്തെ അവസ്ഥയില്‍ താങ്കള്‍ക്ക് ലോണ്‍ അനുവദിക്കാന്‍ നിര്‍വ്വാഹമില്ല. സാമ്പത്തിക സ്ഥിതിയെല്ലാം മെച്ചമായ സാഹചര്യത്തില്‍ പരിഗണിക്കാം! തുടര്‍ന്ന് അറിയാന്‍ കഴിഞ്ഞത് ഇങ്ങനെ പ്രോസസിങ് ഫീ മാത്രം ആയി ഗുജറാത്തിലെ ഒരു സ്ഥാപനം 1,200 കോടി രൂപ നേടിയെടുത്തു എന്നാണ്. ഇത്തരം ഓണ്‍ലൈന്‍ ലോണ്‍ പ്രലോഭനങ്ങളുടെ കെണിയില്‍ വീഴുന്നതിനും മുന്‍പ് തിരിച്ചറിയേണ്ട ചില അടിസ്ഥാന കാര്യങ്ങള്‍ സൂചിപ്പിക്കാം. 

1: റിസര്‍വ് ബാങ്കിന്റെ നിബന്ധനകള്‍ക്ക് വിധേയമായി പ്രോജക്ട് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലും അപേക്ഷകന്റെ സാമ്പത്തിക നിലയും പരിശോധിച്ചതിന് ശേഷമേ ഏതൊരു സാമ്പത്തിക സ്ഥാപനവും വായ്പ്പക്ക് യഥാര്‍ത്ഥത്തില്‍ യോഗ്യതയുള്ള അപേക്ഷകള്‍ പോലും പരിഗണിക്കുകയുള്ളൂ. 

2: നമ്മുടെ സാമ്പത്തിക സ്ഥിതി കൃത്യമായി വിലയിരുത്തി വേണം ലോണ്‍ ഉള്‍പ്പെടെയുള്ള ബാധ്യതകള്‍ ഏറ്റെടുക്കുവാന്‍. 

3: വലിയ പ്രതിസന്ധി നേരിടുന്ന അവസരത്തില്‍ തീരുമാനങ്ങള്‍ എടുക്കുന്നതിന് മുന്‍പ് (പ്രത്യേകിച്ച് സാമ്പത്തിക ബാധ്യതകള്‍) വിഷയത്തില്‍ അറിവുള്ള ഒരു എക്‌സ്പര്‍ട്ടിന്റെ നിര്‍ദേശം സ്വീകരിക്കുന്നത് അത്യാവശ്യമാണ്.

4: ഏതെങ്കിലും ഘട്ടത്തില്‍ കടബാധ്യതയില്‍ ഉള്‍പ്പെട്ടാല്‍ ആദ്യ പരിഗണന അത് എത്രയും വേഗത്തില്‍ ഒഴിവാക്കാന്‍ നടപടി സ്വീകരിക്കുക. അതിന് ഒരു സ്വയം പരിശോധന ഇടക്കിടെ നടത്തുക.

5: മറ്റുള്ളവരെ പോലെ ആകാന്‍ ശ്രമിക്കുന്നതിന് പകരം തന്റെ കഴിവുകളും പരിമിതികളും മനസ്സിലാക്കി അതിനനുസരിച്ച് പ്ലാന്‍ ചെയ്ത് മുന്നോട്ട് പോകാന്‍ ശ്രമിക്കുക.


#outlook
Leave a comment